ഇനി വാപ് സൈറ്റുകളുടെ കാലം
ബ്ലോഗുകളുടെ കാലത്ത് നീട്ടിവലിച്ച് ഒരു സമ്പൂര്‍ണ്ണ ബ്ലോഗ് പോസ്റ്റ് തയ്യാറാക്കാന്‍ സമയം കണ്ടെത്താത്തവര്‍ 140 അക്ഷരങ്ങള്‍കൊണ്ട് കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. അങ്ങനെ മൈക്രോബ്ലോഗിംഗിന്റെ കാലം വന്നു. പുതിയ ആശയവിനിമയ രീതികളെ ആധുനിക മനുഷ്യന്‍ വളരെ പെട്ടെന്ന് സ്വാഗതം ചെയ്യുന്നുവെന്നതാണ് ട്വിറ്ററിന്റെയും സമാനമായ നെറ്റ് സംവിധാനങ്ങളുടെയും വിജയം നല്‍കുന്ന സൂചന. മൊബിലൈസ് ചെയ്ത ഈ യുഗത്തില്‍ അതിനനുയോജ്യമായ ആശയവിനിമയ രീതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വെബ്സൈറ്റുകള്‍ക്ക് പ്രിയമേറി വരികയാണ്. അതായത് പുതിയ രീതിയിലെ വാപ് സൈറ്റുകള്‍ക്ക് പ്രാമുഖ്യം കൂടിവരുന്നു. ഗൂഗിളും എതിരാളികളുമൊക്കെ ഈ രംഗത്തേക്ക് സര്‍വസന്നാഹങ്ങളോടെ കടന്നുവരികയാണ്. നെറ്റ് മാത്രമല്ല ലക്ഷ്യം, ഇത്തരം സേവനങ്ങള്‍ സാധ്യമാക്കുന്ന ഉപകരണങ്ങളായ സ്മാര്‍ട്ട് ഫോണുകള്‍ കൂടി ഇറക്കി പുതിയ ചുവടുകളുമായിട്ടാണ് മുന്നേറുന്നത്.
വാപ് സൈറ്റ് എന്നാല്‍ വെബ്സൈറ്റുകളുടെ മൊബൈല്‍ രൂപമാണ്. അതായത് മൊബൈല്‍ ഫോണിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും കൊച്ചുസ്ക്രീനില്‍ പ്രത്യക്ഷമാക്കാവുന്നു വെബ്സൈറ്റുകള്‍. സാധാരണ വെബ്സൈറ്റുകള്‍ മൊബൈല്‍ ഫോണ്‍ സ്ക്രീനില്‍ പ്രത്യക്ഷമാക്കുന്നതിന് ഒട്ടേറെ പരിമിതികളുണ്ട്. ഇവിടെയാണ് വാപ് സൈറ്റിന്റെ പ്രസക്തി. മൊബൈല്‍ ഉപകരണത്തിലൂടെ എവിടെയും ഏതുസമയത്തും ഈ സൈറ്റുകള്‍ നമുക്ക് ലഭ്യമാക്കാമെന്നത് ഇതിന്റെ സവിശേഷതയാണ്. വെബ്സൈറ്റുകളിലെ 'ഡോട്ട്കോം' (.com) പോലെ വാപ്സൈറ്റുകളിലെ 'ഡോട്ട്മോബി' 9.mobi) ഈ രംഗത്ത് മുന്നേറ്റം നടത്തുന്ന കാലമാണ് വരാനിരിക്കുന്നത്.
കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തെ അപേക്ഷിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ് മേഖല സ്മാര്‍ട്ട് ഫോണുകള്‍ കൈയ്യടക്കുമെന്ന് ഗൂഗിള്‍ അധികൃതരും സൂചിപ്പിക്കുന്നു. സ്മാര്‍ട്ട്ഫോണുകളും അതിലുള്‍പ്പെടുത്താവുന്ന ഇന്റര്‍നെറ്റ് സേവനങ്ങളുമാണ് ജപ്പാനിലും ചൈനയിലുമൊക്കെ നടക്കുന്ന ഏറ്റവും പുതിയ ഗവേഷണങ്ങളുടെ മുഖ്യവിഷയം. വാപ്സൈറ്റുകള്‍ ഇതിലെ പ്രമുഖ കണ്ണിയാണ്. സാധാരണ വെബ് ബ്രൌസര്‍ പ്രോഗ്രാമിന്റെ ചുവടൊപ്പിച്ച് മൊബൈല്‍ ഫോണിലും സ്മാര്‍ട്ട് ഫോണിലും പ്രവര്‍ത്തിപ്പിക്കാനുള്ള ബ്രൌസര്‍ പ്രോഗ്രാമുകളും രംഗത്തുണ്ട്. മൊബൈല്‍ ബ്രൌസര്‍ രംഗത്തെ അതികായന്‍മാരായ 'ഓപറെ'യുടെ കണക്ക് പ്രകാരം 2008^ല്‍ 16.4 കോടി ഉപയോക്താക്കളുണ്ടായിരുന്നത് 2009^ല്‍ 41.7 കോടിയായി വര്‍ദ്ധിച്ചിരിക്കയാണത്രെ. ഇതില്‍ റഷ്യയും ഇന്തോനേഷ്യയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം ഇന്ത്യക്കാണെന്നും പറയുന്നു.
ഓര്‍ക്കൂട്ട്, ഫെയ്സ്ബുക്ക്, മൈസ്പെയ്സ് തുടങ്ങിയ പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് ഇപ്പോള്‍ ധാരാളം മൊബൈല്‍ ഉപയോക്താക്കളുണ്ട്. തങ്ങളുടെ സേവനങ്ങള്‍ മൊബൈല്‍ രംഗത്തേക്ക് കൂടി വ്യാപിപ്പിച്ചതാണ് കാരണം. ആഗോളതലത്തില്‍ ദിനപത്രങ്ങളും വാര്‍ത്താ ഏജന്‍സികളും വാപ് സേവനങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവന്നിരിക്കയാണ്. പുതിയ വാര്‍ത്തകള്‍ അപ്പപ്പോള്‍ മൊബൈല്‍ ഉപകരണത്തില്‍ ഉപയോക്താക്കളെത്തേടി എത്തുന്നുവെന്നതാണ് ഇതിന്റെ നേട്ടം. ബാങ്കുകളും ഈ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കയാണ്. മിക്ക ബാങ്കുകള്‍ക്കും ഇന്ന് മൊബൈല്‍ സേവനങ്ങളുണ്ട്. സമീപ ഭാവിയില്‍ ഇത് കൂടുതല്‍ വ്യപകമാകുമെന്നാണ് പ്രതീക്ഷ.
നബീല്‍ ബൈദയില്‍
nabeelvk@gmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
സ്റിങ്ക്്സ്
http://mimmynk.blogspot.com/
ബ്ലോഗിന്റെ പേര് സ്റിങ്ക്സ്. എന്താണ് സ്റിങ്ക്സ്. ബ്ലോഗിണി തന്നെ പറയട്ടെ. 'എന്നുവെച്ചാല്‍ വോയ്സ് ബോക്സ്. ഇതെന്റെ ശബ്ദം'.. വല്ലികളും മൊട്ടുകളുമൊക്കെയായി ഒരു തേന്‍മാവില്‍ പരിലസിക്കുന്ന 'മുല്ല' എന്ന ഞാനാണ് ബ്ലോഗിണി. 2008 മെയ് മാസത്തിലാണ് പുതിയ ബ്ലോഗുമായി മുല്ല ബൂലോകത്തെത്തിയത്. തന്റെ പഴയ ബ്ലോഗ് അഗ്രിഗേറ്റര്‍ വിഴുങ്ങിയെന്നാണ് ബോഗിണിയുടെ പരാതി. പുതിയ ബ്ലോഗ് തുടങ്ങിയ മാസത്തില്‍ 19 പോസ്റ്റുകള്‍ ഈ മുല്ലയില്‍ നിന്ന് നമുക്ക് ലഭിച്ചു. പിന്നെപ്പിന്നെ മുല്ലയുടെ ആവേശം കുറഞ്ഞുവരുന്നതാണ് കണ്ടത്. 2009 വര്‍ഷത്തില്‍ വെറും 15 പോസ്റ്റകള്‍ മാത്രം. 2010^ല്‍ ഇതുവരെയായി 11 പോസ്റ്റുകള്‍. മുല്ലയില്‍ നിന്ന് മലയാളം ബൂലോകര്‍ ഇനിയും ഒട്ടേറെ പൂക്കള്‍ പ്രതീക്ഷിക്കുന്നു. ആശംകള്‍.
മലയാളം
http://www.malayaalam.com/
മലയാള കഥകള്‍ക്കും കവിതകള്‍ക്കുമായി ഒരു വെബ്സൈറ്റ്. മലയാളം ബ്ലോഗുകളും പുതിയ ബ്ലോഗ് പോസ്റ്റുകളും വലിയ പ്രാധാന്യത്തോടെ പരിചയപ്പെടുത്തുന്നുവെന്നതാണ് സൈറ്റിന്റെ പ്രത്യേകത. മാസിക, വാര്‍ത്തകള്‍, പുതിയ ബ്ലോഗ്, ഗാനശേഖരം, ഫോട്ടോഗാലറി തുടങ്ങിയ വിഭാഗങ്ങള്‍ സൈറ്റില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ യൂണികോഡിലെ 'വരമൊഴി' എന്ന എഡിറ്റര്‍ പ്രോഗ്രാം ഉപയോഗിച്ച് എഴുതി അയച്ചുകൊടുത്താല്‍ അവ പ്രസിദ്ധീകരിക്കാനുള്ള സംവിധാനവുമുണ്ട്. വരമൊഴി പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൌകര്യവും സൈറ്റിലൊരുക്കിയിരിക്കുന്നു. കൊച്ചി തേവര സ്വദേശി കെ.കെ. ജയരാജാണ് വെബ്മാസ്റ്റര്‍.
ഹാര്‍ട്ട്ബീറ്റ്സ്
http://jishad-cronic.blogspot.com/
തൃശãൂര്‍ ജില്ലക്കാരനായ ജിഷാദിന്റെ ബ്ലോഗ്. അടുത്തറിയുന്നവര്‍ ക്രോണിക് എന്നും വിളിക്കുന്നു. ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളാണ് ബ്ലോഗിലെ വിഷയം. അത് കൊച്ചു കവിതകളും കഥകളും ഓര്‍മ്മക്കുറിപ്പുകളുമായി അടുക്കിവെച്ചിരിക്കുന്നു. പ്രവാസ ജീവതം കാഴ്ചവെച്ച ഏകാന്തതയുടെ വിരസതയകറ്റാന്‍ എപ്പോഴൊക്കെയോ എഴുതിയ കുറിപ്പുകള്‍. ഇപ്പോള്‍ ബ്ലോഗര്‍ തനിച്ചല്ല. ജീവന്റെ ജീവനായി ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി കടന്നുവന്നിരിക്കുന്നു. അതിനാല്‍ തന്നെ കൂടുതല്‍ പ്രസരിപ്പും ഉള്‍ക്കനവുമുള്ള പോസ്റ്റുകള്‍ ഇനി പ്രതീക്ഷിക്കാം. ബ്ലോഗിന് ആശംസകള്‍ നേരുന്നു.
ടിന്റുമോന്‍
http://www.tintumon555.blogspot.com/
മാള സെന്റ് തെരേസാസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ് ബ്ലോഗര്‍. കഥയും കവിതയും യാത്രാവിവരണവും ചിത്രങ്ങളും വരകളുമൊക്കെയായി ബ്ലോഗ് വിഭവസമൃദ്ധമായിരിക്കുന്നു. പോസ്റ്റുകള്‍ മുഴുക്കെ പിക്ചര്‍ രൂപത്തിലാണെന്നത് ബ്ലോഗിന്റെ പോരായ്മ തന്നെയാണ്. ബ്ലോഗില്‍ മലയാളം യൂണികോഡ് തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കണം. അതല്ലെങ്കില്‍ മലയാളം ബൂലോകത്ത് പിടിച്ചുനില്‍ക്കാനാവില്ല. ബ്ലോഗിന് സന്ദര്‍ശകരെ ലഭിക്കാനും പ്രയാസമായിരിക്കും. കേളേജ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലൂടെ പുറത്തിറക്കിയ ഓഡിയോ മാഗസിനെസ്സംബന്ധിച്ച പരസ്യമാണ് ഏറ്റവും പുതിയ പോസ്റ്റ്.
വയലിന്‍
http://www.nazarpv.blogspot.com/
കവിതയുടെ അഗ്നിയും വര്‍ഷവും കാത്തുസൂക്ഷിക്കുന്നവനെന്ന് അഭിമാനിക്കുന്ന കണ്ണൂര്‍ ജില്ലക്കാരനായ നാസര്‍ കൂടാളിയുടെ ബ്ലോഗ്. ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്നു. 1995 മുതല്‍ കവിതകളെഴുതിത്തുടങ്ങിയ നാസറിന്റെ 'ഐന്‍സ്റ്റിന്‍ വയലിന്‍ വായിക്കുമ്പോള്‍' എന്ന കവിതാ സമാഹാരം ഇതിനകം പുസ്തരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ച്യുയിംഗം', 'യുവജനോല്‍സവ മല്‍സരത്തില്‍ ഇന്ന്' എന്നിവയാണ് ഈ വര്‍ഷത്തെ പോസ്റ്റുകള്‍. 2007 ഡിസംബര്‍ മുതല്‍ മലയാളം ബൂലോകത്തെത്തിയ നാസറിന്റെ ബ്ലോഗ് പോസ്റ്റുകള്‍ നല്ല നിലവാരം പുലര്‍ത്തുന്നവയാണ്.
വി.കെ. അബ്ദു
vkabdu@gmail.com
*****
വെബ് കൌതുകങ്ങള്‍
ബലൂണ്‍ പ്രേമികള്‍ക്കൊരു വെബ്സൈറ്റ്
കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള വിശേഷപ്പെട്ട വെബ്സൈറ്റാണ് The Guide to Balloons and Ballooning. ബലൂണുകളുടെ ഒരത്ഭുത ലോകമാണിത്. ബലൂണുകളെക്കുറിച്ചുള്ള പ്രാഥമിക അറിവുകള്‍, ബലൂണുകള്‍ എങ്ങനെ ^ എന്തുകൊണ്ട്, ബലൂണുകളുടെ പരിണാമം, ബലൂണ്‍ അലങ്കാരങ്ങള്‍, വ്യാവസായിക സാധ്യതകള്‍, ബലൂണുകള്‍കൊണ്ടുള്ള കലാരൂപങ്ങളും കലാപ്രകടനങ്ങളും എന്നിങ്ങനെ സൈറ്റിനെ മുഖ്യമായും എട്ടു വിഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. വെബ്പേജിന്റെ മുകള്‍ഭാഗത്ത് ഇടതുവശത്തോട് ചേര്‍ന്നുകാണുന്ന ലിങ്കുകളില്‍ Photos ലിങ്കായിരിക്കും കു'ികള്‍ക്ക് ഏറെ രസകരമായി അനുഭവപ്പെടുക. ബലൂണ്‍ നിര്‍മ്മാണ രീതികള്‍, വായുവില്‍ ഉയര്‍ന്നു പറക്കാന്‍ അവയില്‍ ഹീലിയം വാതകം നിറക്കേണ്ട വിധം, ബലൂണ്‍ ഉപയോഗപ്പെടുത്തിയുള്ള പലതരം കളികള്‍, ബലൂണ്‍ ശില്‍പങ്ങള്‍, വെറും കളിക്കോപ്പെന്നതിന് പുറമെ ബലൂണിന്റെ ഇതര ഉപയോഗങ്ങള്‍ മുതലായ വിവരങ്ങള്‍ അതിവിശദമായി ചര്‍ച്ച ചെയ്യുന്ന ഈ വെബ്സൈറ്റില്‍ ബലൂണുകള്‍ വിവിധരീതിയില്‍ ഒടിച്ചും പിരിച്ചും ഭംഗിയേറിയ രൂപങ്ങള്‍ നിര്‍മ്മിക്കുതെങ്ങനെയെന്നു വിശദീകരിക്കുന്ന നിരവധി ലിങ്കുകളുമുണ്ട്. ലളിതമായ ഭാഷയിലുള്ള അത്തരം വിശദീകരണങ്ങള്‍ വായിച്ചു മനസ്സിലാക്കി ആര്‍ക്കും സ്വയം പരീക്ഷിച്ചു നോക്കാവുന്നതാണ്. അതീവ ഹൃദ്യമാണ് ഈ സൈറ്റിലെ വിഭവങ്ങള്‍. അഡ്രസ്സ്. http://www.balloonhq.com/faq/
റയിസ്ല മര്‍യം
raizlamaryam@hotmail.com
*****
വിദ്യര്‍ഥികള്‍ക്ക് ഫ്രീ ഡിക്ഷണറി ഓണ്‍ലൈന്‍
ലോകത്ത് ഏറ്റവുമധികം വിജ്ഞാന തല്‍പരര്‍ റഫര്‍ ചെയ്യുന്ന സൌജന്യ ഓണ്‍ലൈന്‍ ഇംഗ്ലീഷ് ഡിക്ഷണറികളിലൊന്നാണ് http://www.thefreedictionary.com. വാക്കര്‍ഥത്തിന് പുറമെ പദങ്ങളുടെ അമേരിക്കന്‍, ബ്രിട്ടീഷ് ഉച്ചാരണങ്ങള്‍ കേള്‍ക്കാനും സംവിധാനമുണ്ടെന്നതാണ് ഇതിന്റെ സവിശേഷത. അങ്ങേയറ്റം ഉപയോഗപ്രദമായ പര്യായ നിഘണ്ടു, മെഡിക്കല്‍ ഡിക്ഷണറി, ലീഗല്‍ ഡിക്ഷണറി, ഫൈനാന്‍ഷ്യല്‍ ഡിക്ഷണറി എന്നിവയും ഇതിന്റെ ഭാഗമാണ്. കൂടുതല്‍ റഫറന്‍സ് ആവശ്യമാണെങ്കില്‍ വിക്കിപീഡിയ പോലുള്ള ലോകോത്തര ഓണ്‍ലൈന്‍ വിജ്ഞാന കോശങ്ങളിലേക്ക് കടക്കാനുള്ള ലിങ്കുകള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. കാര്യക്ഷമമായ സെര്‍ച്ച് സംവിധാനവും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
==========
No comments:
Post a Comment