Thursday, April 15, 2010

ഇന്‍ഫോമാധ്യമം (437) - 29/02/2010


നെറ്റില്‍ ബലി കഴിക്കപ്പെടുന്ന കൌമാരങ്ങള്‍-1

ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമൊരുക്കുന്ന കെണിയിലകപ്പെട്ട് ജീവനൊടുക്കുന്ന കൌമാരങ്ങളുടെ കഥകള്‍ നാം തുടര്‍ച്ചയായി വായിക്കുകയാണ്. വിദ്യാലയങ്ങളില്‍ മൊബൈല്‍ ജാമര്‍ അടക്കമുള്ള കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന
അധികാരികളുടെ പതിവു പ്രഖ്യാപനങ്ങളോടെ അവസാന സംഭവത്തിന് തിരശãീല വീഴുമ്പോള്‍, അടുത്ത സംഭവം അരങ്ങേറാന്‍ പോകുന്നത് തന്റെ കുടുംത്തിലായേക്കുമോ എന്ന് ഓരോ രക്ഷിതാവും ഭയപ്പെടേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.

സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും പലപ്പോഴും ഒരു തമാശയായി തുടങ്ങിവെക്കുന്ന പ്രണയം ക്രമേണ വളര്‍ന്ന് ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും എസ്.എം.എസായും ചാറ്റിംഗായും ഇ^മെയിലായും പൂത്തുലഞ്ഞ് ഒടുവില്‍ അശ്ലീലതകളുടെ ആഭാസത്തരങ്ങളിലൂടെ ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടിവരുന്ന കൌമാരക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി മനസ്സിലാക്കാന്‍ അടുത്ത കാലത്തായി പുറത്ത് വന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. കൂടാതെ ഫേസ് ബുക്ക്, ഓര്‍കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നിന്ന് വെറും ഒരു ഹായ്-ബായ് ഫ്രണ്ട്ഷിപ്പിലൂടെ നേരംപോക്കിന് തുടങ്ങുന്ന കൂട്ടുകെട്ട് ക്രമേണ വളര്‍ന്ന് പരസ്പരം ഇ^മെയില്‍ ഐ.ഡി കൈമാറി പിന്നീട് മെസ്സഞ്ചര്‍ വഴി പതിവായി ചാറ്റിംഗിലൂടെ സല്ലപിക്കുന്ന കൌമാരക്കാര്‍ അറിയുന്നില്ല തങ്ങളാണ് അടുത്ത വാര്‍ത്ത സൃഷ്ടിക്കാന്‍ പോകുന്നതെന്ന്. ഇന്റര്‍നെറ്റിലൂടെയുള്ള ഫ്രണ്ട്ഷിപ്പ് ഒരു 'സേഫ് മെത്തേഡാ'യിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. കാരണം പണ്ടത്തെപോലെ കമിതാക്കള്‍ക്ക് സംസാരിക്കാന്‍ ഇപ്പോള്‍ ബീച്ചിലോ പാര്‍ക്കിലോ അല്ലങ്കില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിലോ അലയേണ്ടതില്ല. ആരെങ്കിലും കണ്ടാലുള്ള പൊല്ലാപ്പിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടതുമില്ല. വീട്ടില്‍ പഠിക്കാനിരിക്കുന്ന നേരത്ത് നോട്ട്ബുക്കിന്റെ നടുവിലെ പേജില്‍ ആരും കാണാതെ ലൌ ലെറ്റര്‍ എഴുതി അത് പുസ്തകം പൊതിഞ്ഞിരിക്കുന്ന കവറിനുള്ളില്‍ ഭദ്രമായൊളിപ്പിച്ച് സ്കൂളിലും കോളേജിലും വെച്ച് ആരും കാണാതെ കൈമാറാന്‍ ഇപ്പോള്‍ ലൈബ്രറിയില്‍ ആള്‍ തിരക്ക് കുറഞ്ഞ സമയം വരെ കാത്തിരിക്കേണ്ടതില്ല. എല്ലാറ്റിനും പകരമായി ഇ-മെയിലും ചാറ്റിംഗും മൊബൈല്‍ ഫോണും കടന്നു വന്നിരിക്കയാണ്.

കമ്പ്യൂട്ടറിന് മുമ്പില്‍ പഠിക്കാനെന്ന വ്യാജേന മണിക്കൂറുകള്‍ ചെലവഴിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ മനസ്സിലാക്കണം പ്ലസ് ടൂ വരെയുള്ള കുട്ടിക്ക് മാസത്തില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടറിലോ ഇന്റര്‍നെറ്റിലോ ഒുന്നം ചെയ്യാനില്ലെന്ന്. വസ്തുത ഇതാണെന്നിരിക്കെ ദിവസവും നാലും അഞ്ചും മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഈ കുട്ടികള്‍ എന്ത് ചെയ്യുന്നു എന്നറിയാന്‍ രക്ഷിതാക്കള്‍ തയ്യാറാവേണ്ടതുണ്ട്. ഇഷ്ടപ്പെടുന്ന കൂട്ടുകാരോടോ അല്ലെങ്കില്‍ കൂട്ടുകാരിയോടോ മെസ്സെഞ്ചര്‍ പ്രോഗ്രാമുകള്‍ വഴിയും വെബ്ചാറ്റിംഗ് വഴിയും സല്ലപിച്ചിരിക്കുമ്പോള്‍ ആരും കാണുന്നില്ല, അറിയുന്നില്ല എന്ന തെറ്റിദ്ധാരണയാണ് കുട്ടികളെ ഇവ്വിധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ലൌ ലെറ്ററുകള്‍ കൈമാറുമ്പോള്‍ ആരെങ്കിലും കാണുമെന്നോ പിടിക്കുമെന്നോ പേടിക്കാനുള്ളത് പോലെ, അല്ലെങ്കില്‍ പുറത്ത് കൂട്ടുകാരനൊത്തോ കൂട്ടുകാരിയൊത്തോ കറങ്ങി നടക്കുമ്പോള്‍ ആരെങ്കിലും കാണുമെന്ന് പേടിക്കാനുള്ളത് പോലെ നെറ്റിലാവുമ്പോള്‍ തങ്ങള്‍ക്ക് യാതൊന്നും പേടിക്കാനില്ലെന്ന് ഇവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം കുറ
ഞ്ഞവര്‍ പോലും ഈ രംഗത്ത് വളരെ മുന്നേറിക്കഴിഞ്ഞു. അതിനായി മംഗ്ലീഷ് എന്നൊരു പ്രത്യേക ഭാഷതന്നെ രൂപപ്പെട്ടിരിക്കയാണ്. വ്യാജ ഐ.ഡി ഉപയോഗിച്ചായിരിക്കും നെറ്റില്‍ മിക്കവാറും ആളുകള്‍ ചാറ്റിംഗിന് തയ്യാറാകുക. വളരെ ലളിതമായ നടപടി ക്രമത്തിലൂടെ പണച്ചിലവില്ലാതെ കൊച്ചു കുട്ടികള്‍ക്ക് പോലും വേണങ്കില്‍ ഇഷ്ടം പോലെ ഇ^മെയില്‍ ഐ.ഡികള്‍ ഉണ്ടാക്കിയെടുക്കാനാവുമെന്നതിനാല്‍ വ്യത്യസ്ത ഐ.ഡികളുപുയാഗിച്ചാണ് മിക്കവരും ചാറ്റിംഗിനെത്തുന്നത്.

സൈന്‍ ഔട്ട് ചെയ്തു കഴിഞ്ഞാല്‍ പിന്നെ തങ്ങളുടെ മെയില്‍ ബോക്സോ അല്ലങ്കില്‍ മെസ്സഞ്ചറോ ആര്‍ക്കും തുറക്കാനാവില്ലെന്ന ധാരണ അടിസ്ഥാനരഹിതമാണ്. ഇ^മെയില്‍ ഐ.ഡി ക്രിയേറ്റ് ചെയ്യുക എതിനേക്കാള്‍ എളുപ്പത്തില്‍ പാസ്വേര്‍ഡ് ബ്രേക്ക് ചെയ്യാനാവും എന്നത് എപ്പോഴും ഓര്‍ത്ത് വെക്കുന്നത് നല്ലതാണ്. മാത്രവുമല്ല ഒരു മെയില്‍ ഐ.ഡി അറിയുമെങ്കില്‍ അതുപയോഗിച്ച് നടത്തിയിട്ടുള്ള മുഴുവന്‍ മെയിലുകള്‍, വോയിസ് ചാറ്റിംഗ്, ടെക്സ്റ്റ് ചാറ്റിംഗ് തുടങ്ങിയ എല്ലാ വിവരങ്ങളും ഐ.ഡി ഉടമ അറിയാതെ തന്നെ വളരെ എളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാനാവുമെന്ന യാഥാര്‍ഥ്യവും അധികമാര്‍ക്കും അറിയില്ല. ഈ വിദ്യ അറിയുന്നവര്‍ ഇന്ന് ധാരാളമുണ്ടെന്ന് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഗള്‍ഫ് നാടുകളിലെ മലയാളി കുടുബംങ്ങളിലെ കുട്ടികള്‍ക്കിടയില്‍ ഇത്തരം അശ്ലീല ചാറ്റിംഗ് വ്യാപകമായി വരുകയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സൌദി അറേബ്യയിലെ മലയാളി കുടുംബങ്ങള്‍ക്കിടയില്‍ മാത്രം നടത്തിയ ഒരു അന്വേഷണ റിപ്പോര്‍ട്ട് വളരെ ഞെട്ടിപ്പിക്കുതും അതിലേറെ വേദനാജനകവുമാണ്. കേരളത്തെ അപേക്ഷിച്ച് ഗള്‍ഫ് നാടുകളില്‍ കുട്ടികളെ ഇത്തരം ആഭാസത്തരങ്ങളിലേക്ക് നയിക്കുന്ന ഒരു പാട് അനുകൂല ഘടകങ്ങള്‍ കാണാം.

(തുടരും)

ഗഫൂര്‍ കൊണ്ടോട്ടി
gafoorkondotty@gmail.com
******

നിങ്ങള്‍ക്കൊരു സ്വന്തം ടി.വി ചാനല്‍

ഓരോരുത്തര്‍ക്കും സ്വയം പ്രസാധകനാകാനും പത്രാധിപരാകാനും അവസരം നല്‍കിയ ബ്ലോഗുകള്‍ക്ക് ശേഷം ഇതാ സ്വയം ചാനല്‍ ഉടമയായി മാറാന്‍ സഹായിക്കുന്ന വെബ്സൈറ്റ്. www/qik.com. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ലൈവ് ടെലികാസ്റ്റിംഗ് സൌകര്യം തന്നെ. വിവാഹാഘോഷം മുതല്‍ നാട്ടിലെ കലാ സാംസ്കാരിക പരിപാടികള്‍ വരെ ഒരു ചാനലിന്റെയും സഹായം കൂടാതെ നിങ്ങള്‍ക്ക് ലൈവായി സംപ്രേക്ഷണം ചെയ്യാം. ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ സാധ്യമാകാതെ വിദേശത്ത് കഴിയുന്നവര്‍ക്ക് ഇത് വലിയ തോതില്‍ സഹായകമാകും. ആവശ്യമായ സോഫ്റ്റ്വെയറും ജി.പി.ആര്‍.എസ് സൌകര്യമുണ്ടെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ടെലികാസ്റ്റിംഗ് നടത്താവുന്നതാണ്. സ്വകാര്യത സംരക്ഷിക്കാനുള്ള സംവിധാനവും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ ബ്ലോഗിലും വെബ് സൈറ്റുകളിലും ഇതുള്‍ക്കൊള്ളിക്കാനുള്ള സൌകര്യവും സൈറ്റ് നല്‍കുന്നു.

നബീല്‍ കണ്ണൂര്‍
nabeelvk@gmail.com
*****

വെബ് കൌതുകങ്ങള്‍

ടി.വി പരിപാടികള്‍ കാണാന്‍

ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും നിരവധി ടി.വി ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ലൈവ് ആയി കണ്ട് ആസ്വദിക്കാന്‍ സൌകര്യമൊരുക്കുന്ന ഗ്ലോബല്‍ ടെലിവിഷന്‍ പോര്‍ട്ടലാണ് http://viewmy.tv/. News, Music, Sport, Science, Films, Kids, Education എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികളിലായോ രാജ്യങ്ങളുടെയോ വന്‍കരകളുടെയോ അടിസ്ഥാനത്തില്‍ ഇനം തിരിച്ചോ വളരെ വ്യക്തതയേറിയ പരിപാടികള്‍ ചെറിയ വിന്‍ഡോയിലോ ഫുള്‍ സ്ക്രീനിലോ ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും ആസ്വദിക്കാം. പരസ്യങ്ങളുടെ അകമ്പടിയോടുകൂടിയാണ് പരിപാടികള്‍ ലഭ്യമാക്കുന്നതെതിനാല്‍ അവ തീര്‍ത്തും സൌജന്യമാണെന്നു മാത്രമല്ല സാധാരണ ഇത്തരം പോര്‍ട്ടലുകള്‍ ആവശ്യപ്പെടാറുള്ളതു പോലെ വെബ് റെജിസ്ട്രേഷനോ അക്കൌണ്ട് ക്രിയേഷനോ പോലും ആവശ്യമില്ല. കൂടാതെ പരിപാടികള്‍ നിങ്ങളുടെ വെബ് സൈറ്റുകളിലേക്കോ ബ്ലോഗുകളിലേക്കോ എംബെഡ് ചെയ്യുകയോ മൊബൈല്‍ ഫോണ്‍ വഴി വീക്ഷിക്കുകയോ ചെയ്യാനുള്ള സംവിധാനവും ലഭ്യമാണ്. ഏറ്റവും കൂടുതല്‍ റേറ്റിങ്ങ് ഉള്ള ചാനലുകള്‍, ഏറ്റവും കൂടുതല്‍ സേവ് ചെയ്യപ്പെടുന്ന പരിപാടികള്‍, അടുത്ത കാലത്ത് നിങ്ങള്‍ കണ്ട ചാനലുകള്‍ തുടങ്ങിയവ തിരഞ്ഞു പിടിക്കാനുതകുന്നതുള്‍പ്പെടെ വിപുലമായ സെര്‍ച്ച് സംവിധാനം ഇതിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്. പുറമെ നിങ്ങളുടെ ഇഷ്ട ചാനലുകളിലേക്ക് എളുപ്പത്തിലെത്തിച്ചേരാന്‍ സഹായിക്കുന്ന 'add to My Tv' എന്നൊരു സംവിധാനവും ഇതിലുണ്ട്.

റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

എരകപ്പുല്ല്
http://www.sasiayyappan.blogspot.com

അബൂദാബിയില്‍ പരസ്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന തൃശãൂര്‍ ചാമക്കാല സ്വദേശി ടി.എ. ശശിയുടെ ബ്ലോഗ്. കവിതകളോടാണ് ബ്ലോഗര്‍ക്ക് താല്‍പര്യം. ഒന്നിനെത്തന്നെ, നിന്നെപ്പോലെ, ഉപേക്ഷിക്കല്‍, ശിഷ്ടം, ജാക്സണ്‍ കടല്‍, ഇഴച്ചില്‍, പക്ഷിക്കോണി തുടങ്ങിയ കവിതകൊളൊക്കെ മനോഹരമായിരിക്കുന്നു. പല കവിതകളും ഭാഷാപോഷിണി, കലാകൌമുദി തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വെളിച്ചം കണ്ടവയുമാണ്. 'വെട്ടിപ്പിടിക്കലല്ല, കൊടുത്തു മുടിയലാണ് മനുഷ്യത്വ'മെന്ന് വിശ്വസിക്കുന്ന ശശിയുടെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാ വായനക്കാരെയും ക്ഷണിക്കുന്നു.

സന്ദേശം
http://sandeshammag.blogspot.com

ഇതൊരു പുനപ്രസിദ്ധീകരണ ശാലയാണ്. അഴുക്ക് പുരളാത്ത എഴുത്തുകള്‍ പെറുക്കിയെടുത്ത് വായനക്കാരന് നല്‍കാനുള്ള ശ്രമമെന്നാണ് ബ്ലോഗിന്റെ പ്രഖ്യാപിത ലക്ഷ്യം. ശാന്തതയുടെ മരച്ചുവട്ടില്‍ ഇത്തിരി നേരം ഇരിക്കാമെന്ന് കൊതിച്ചു കാത്തിരിക്കുന്ന സഹയാത്രികനെന്ന് വിശേഷിപ്പിക്കുന്ന കോട്ടക്കല്‍, ചൂനൂര്‍ സ്വദേശി അമീന്‍ വി.സിയാണ് ബ്ലോഗര്‍. പൊതു ജീവിതത്തിലെ സ്ത്രീ പങ്കാളിത്തം, സ്ത്രീയുടെ പദവി ഇസ്ലാമില്‍, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ പോരേ തുടങ്ങിയ പോസ്റ്റുകളുമായി ഇക്കഴിഞ്ഞ ജനുവരിയിലാരംഭിച്ച ബ്ലോഗ് വ്യത്യസ്ത വിഷയങ്ങളുമായി മുന്നേറുകയാണ്. 'വരൂ, ഈ ബ്ലോഗ് സന്ദര്‍ശിക്കൂ, നന്മയുടെ തണലില്‍, തണുപ്പില്‍ ഒരല്‍പനേരം ഇരിക്കാം'.

കൂട്
http://www.thabshi.blogspot.com/

മലയാളം ബ്ലോഗുകളില്‍ പ്രവാസികളാണ് മുന്‍നിരയില്‍. അബൂദാബിയില്‍ ജോലി ചെയ്യുന്ന തബ്ശീര്‍ പാലേരിയുടെ ബ്ലോഗാണ് 'കൂട്'. കൊച്ചുകവിതകള്‍ തന്നെയാണ് ഈ ബ്ലോഗിലെയും പോസ്റ്റുകള്‍. 2008 ഫെബ്രുവരിയില്‍ ആരംഭിച്ച ബ്ലോഗില്‍ പോസ്റ്റുകള്‍ നന്നെക്കുറവാണ്. കുറ്റ്യാടി പാലത്തിന് മീതെ നിന്ന് ഫ്ലാഷ് ബട്ടനമര്‍ത്തിയപ്പോള്‍ ഫോട്ടോയില്‍ കുടുങ്ങിയത് ചത്ത പട്ടിയും പൂച്ചയും ചീഞ്ഞളിഞ്ഞ പച്ചക്കറികളും കോഴിക്കടയില്‍ നിന്നുള്ള ചാക്കുകെട്ടുമൊക്കെയാണ്. മാറിമാറി എടുത്തിട്ടും പുഴ ഫോട്ടോയില്‍ കുടുങ്ങിയല്ലെന്ന് ബ്ലോഗര്‍ കവിതയിലൂടെ ആവിഷ്കരിക്കുന്നു. നല്ല ഭാവന. ഇനിയും എഴുയി ബ്ലോഗ് വിഭവസമൃദ്ധമാക്കുക.

വാള്‍ട്ടാമ്പാറ.com
http://www.valtampara.blogspot.com/

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ബ്ലാഗ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥയും കവിതയും എഴുതാറുള്ള ബ്ലോഗര്‍ ഇപ്പോള്‍ ജിദ്ദയില്‍ ജോലി ചെയ്യുന്നു. പോസ്റ്റുകള്‍ ഇമേജ് രൂപത്തില്‍ നല്‍കിയതിനാല്‍ ബ്ലോഗ് തുറക്കാന്‍ സമയമെടുക്കുന്നു. അവ വായിക്കാനും പ്രയാസം. ബ്ലോഗില്‍ നിന്ന് സന്ദര്‍ശകരെ അകറ്റാനേ ഇതുപകരിക്കൂ. അതേസമയം കവിതകളും മിനിക്കഥകളുമൊക്കെ നന്നായിരിക്കുന്നു. ബ്ലോഗിന് അധികം പഴക്കമില്ലാത്തതിനാല്‍ പോസ്റ്റുകള്‍ കുറവാണ്. ഇത് പരിഹരിക്കാന്‍ ശ്രമിക്കുക.
തണല്‍
http://www.shaisma.co.cc/

ഖത്തറില്‍ ജോലി ചെയ്യുന്ന ഇസ്മയില്‍ കുറുമ്പടിയുടെ ബ്ലോഗ്. കഥയും നര്‍മ്മഭാവനകളുമായി ബ്ലോഗ് സമ്പന്നമാണ്. സൃഷ്ടികള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. കൊസ്രാക്കൊള്ളി, വിലാപം, കനല്‍, പരീക്ഷണം, കെടാവര്‍, അവസ്ഥാന്തരം, തലയണ എന്നിവയൊക്കെയാണ് പുതിയ പോസ്റ്റുകള്‍. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച തന്റെ സൃഷ്ടികള്‍ക്ക് ബ്ലോഗില്‍ പ്രത്യേകം വിഭാഗം തന്നെയുണ്ട്. ഇസ്മയില്‍ നല്ലൊരു എഴുത്തുകാരനാണെന്ന് ബ്ലോഗിലെ പോസ്റ്റുകള്‍ വിളിച്ചറിയിക്കുന്നു. ബ്ലോഗിന് ധാരാളം സന്ദര്‍ശകരുണ്ട്. ധാരാളം കമന്റുകള്‍ ലഭിക്കുന്നുണ്ട്. ഭാവുകങ്ങള്‍ നേരുന്നു.
വി.കെ. അബ്ദു
vkabdu@gmail.com
==============


1 comment:

സന്ദര്‍ശകര്‍ ഇതുവരെ...