
താരസുന്ദരിമാരെ തിരയൂ; വൈറസ് സൌജന്യമായി നേടൂ...
യുവാക്കളുടെ ഹരമായി പടര്‍ന്നുകയറുന്ന ജെസീക്ക ബെയ്ലിനെ ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ സൂക്ഷിക്കുക! തെരച്ചിലോടെ ഒരുപക്ഷേ നിങ്ങളുടെ കമ്പ്യൂട്ടറും കേടായേക്കാം. താരസുന്ദരിമാരുടെ സൌന്ദര്യം നുകര്‍ന്ന് നെറ്റില്‍ തത്തിക്കളിക്കുമ്പോള്‍ നിങ്ങള്‍ അറിയിന്നുണ്ടാവില്ല; കമ്പ്യൂട്ടറില്‍ പലതും അനധികൃതമായി കടുകൂടുന്നുണ്ടെന്ന്. അത് വൈറസാകാം, സ്പൈവെയറാകാം. അല്ലെങ്കില്‍ ഒരു മാല്‍വെയറാകാം. അതുമല്ലെങ്കില്‍ ഒരു സ്പാംവെയര്‍. ഫിഷിംഗിനുള്ള സാധ്യതയും കുറവല്ല. നമ്മുടെ മനസ്സിലെ സൌന്ദര്യധാമങ്ങളുടെ വാള്‍പേപ്പറുകളും സ്ക്രീന്‍സേവറുകളും ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ ഒരിക്കലും ഇത്തരമൊരു 'അപകട'ത്തെ പറ്റി ഓര്‍ത്തെന്നു വരില്ല.
നെറ്റില്‍ ഇഷ്ടതാരങ്ങളുടെ ചിത്രങ്ങള്‍ കണ്ടാല്‍ കമ്പ്യൂട്ടറിലേക്ക് അത് ഡൌണ്‍ലോഡ് ചെയ്തെങ്കിലേ ചിലര്‍ക്ക് സമാധാനമാവൂ. തങ്ങളുടെ പ്രിയപ്പെട്ടവരെ പറ്റി എവിടെ കണ്ടാലും വായിക്കാനും ചിത്രങ്ങള്‍ നോക്കാനുമുള്ള ത്വര ആര്‍ക്കുമുണ്ട്. പുതിയ കാലഘട്ടത്തില്‍ ഈയൊരു ജിജ്ഞാസയാണ് വൈറസ് നിര്‍മ്മാതാക്കള്‍ മുതലെടുക്കുന്നത്. ഫോട്ടോയും മറ്റും ഡൌണ്‍ലോഡ് ചെയ്യുന്ന വേളയില്‍ വേഷപ്രച്ഛരായി എത്തുന്ന വിധത്തില്‍ മാല്‍വെയറുകളെ വളരെ വിദഗ്ദ്ധമായി കൂട്ടിയോജിപ്പിക്കുകയാണ് നെറ്റിലെ കുബുദ്ധികള്‍. അങ്ങനെ ഒരു കമ്പ്യൂട്ടര്‍ കൂടി വൈറസ്ബാധ കയറി പണിമുടക്കും. ഹാര്‍ഡ് ഡിസ്ക്കിലെ വിവരങ്ങള്‍ ഒട്ടാകെ നശിപ്പിക്കാന്‍ തക്ക ശേഷിയുള്ള വൈറസുകള്‍ തൊട്ട് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ മുതലായവ വരെ അടിച്ചുമാറ്റി തങ്ങളുടെ യജമാനന്‍മാര്‍ക്ക് ചോര്‍ത്തി കൊടുക്കുന്ന വൈറസുകള്‍ വരെ ഇത്തരം ചിത്രങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടാവും.
ഹോളിവുഡ് നായികയെ നെറ്റില്‍ തിരയുമ്പോള്‍ അഞ്ചിലൊരു പ്രാവശ്യം കമ്പ്യൂട്ടര്‍ മാല്‍വെയറുകളുടെ പിടിയിലകപ്പെടുന്നുവൊണ് പുതിയ റിപ്പോര്‍ട്ട്. ജസീക്ക ബെയ്ല്‍ എന്ന അമേരിക്കന്‍ സുന്ദരിയെ തിരഞ്ഞു നടക്കുവര്‍ക്കു നേരെയാണ് ഇത്തരം ആക്രമണം കൂടുതലും. ബിയോസ്, ജെന്നിഫര്‍ അനിസ്റ്റ, ജെസീക്ക സിംപ്സ, ബ്രാഡ് പിറ്റ്, ബ്രിറ്റ്നി സ്പിയേഴ്സ്, ലിന്‍ഡ്സേ ലോഹന്‍ തുടങ്ങി പല പ്രമുഖതാരങ്ങളുടെ ചിത്രങ്ങള്‍ക്കു പിന്നിലും മാല്‍വെയറുകളുടെ ഒരു പട തന്നെയുണ്ടൊണ് കണ്ടെത്തല്‍. വൈറസ് പതുങ്ങിയിരിക്കുന്ന പ്രമുഖരുടെ പട്ടികയില്‍ സിനിമാതാരങ്ങള്‍ മാത്രമല്ല ഉള്ളത്. ബിസിനസ്സ് നെറ്റ്വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡ് ഇന്നില്‍ സെലിബ്രിറ്റികളുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് അതുവഴി എത്തുന്ന ആരാധകരുടെ കമ്പ്യൂട്ടറിലേക്ക് മാല്‍വെയറുകള്‍ കടത്തിവിട്ട് വിവരങ്ങള്‍ മോഷ്ടിച്ച സംഭവം ആരും മറന്നിട്ടുണ്ടാവില്ല. കൂടുതല്‍ പ്രശസ്തിയോ ശ്രദ്ധയോ കിട്ടുന്നതിനൊക്കെയും തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയായിരിക്കും മാല്‍വെയര്‍/വൈറസ് നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തനങ്ങള്‍ കൊഴുപ്പിക്കുന്നത്. നേരത്തെ പന്നിപ്പനിയും കത്രീന കൊടുങ്കാറ്റുമൊക്കെയായിരുന്നു ഇവരുടെ ഇഷ്ടവിഷയം. അതിന്റെ പ്രധാനം കുറഞ്ഞതോടെ ഈ വിഷയത്തില്‍ വൈറസ് പടച്ചുവിടുന്നവര്‍ വിട്ടുനിന്നു. പ്രശസ്തരുടെ മരണം പോലും വൈറസ് സൃഷ്ടാക്കള്‍ക്ക് ആഘോഷമാണ്. പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെയും പ്രശസ്ത പോപ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ മരണവാര്‍ത്തകള്‍ പോലും വൈറസുകള്‍ പടര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്.
ആന്റി വൈറസ് നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇത്തരം കുടില പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള നല്ലൊരു അവസരമാണ് ഇത്തരത്തിലുള്ള വഴിവിട്ട കളികളിലൂടെ ഈ കമ്പനികള്‍ സൃഷ്ടിക്കുന്നെതാണ് ആരോപണം.
ജെസീക്ക ബെയ്ല്‍ 'ഭീഷണിക്കാരി'ല്‍ നമ്പര്‍ വണ്‍
നടിമാരുടെയും മോഡലുകളുടെയും ബിക്കിനി പോസുകളും മറ്റും സെര്‍ച്ച് എന്‍ജിന്‍ വഴി തിരയുന്നവരെ 'തെരഞ്ഞുപിടിച്ചാണ്' വൈറസുകള്‍ കടന്നു കയറുന്നത്. സുന്ദരിമാരെ പോലെ സുന്ദരന്മാരുടെ പിന്നാലെയുമുണ്ട് ഇത്തരം വൈറസുകള്‍. പേരുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുമ്പോഴും ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോഴുമാണ് വൈറസുകളും മാല്‍വെയറുകളുമടക്കമുള്ളവ നമ്മുടെ കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞുകയറുന്നത്. നെറ്റില്‍ കറങ്ങി നടക്കുന്നവര്‍ക്കുള്ള ഒരു താക്കീതായി വേണം ഇതിനെ കരുതാന്‍. നല്ല ജാഗ്രതയോടെയായിരിക്കണം ബ്രൌസിംഗ് നടത്തുന്നത്. നെറ്റ് സര്‍ഫിംഗ് ലോകത്ത് കരുതിയിരിക്കേണ്ട സെലിബ്രിറ്റി താരങ്ങളുടെ പട്ടിക മൂന്നാം വര്‍ഷവും മക്അഫെ കമ്പനി പുറത്തുവിട്ടു. ഒന്നാം സ്ഥാനത്ത് ജെസീക്ക ബെയ്ല്‍ എന്ന അമേരിക്കന്‍ സുന്ദരിയാണ്. 2008ല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രാഡ് പിറ്റിനെ പിന്തള്ളിയാണ് ജെസീക്ക ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ബ്രാഡ് പിറ്റിന് ഈ വര്‍ഷം പത്താം സ്ഥാനം കൊണ്ട് 'തൃപ്തി'പ്പെടേണ്ടിവന്നു. 2007ല്‍ പാരിസ് ഹില്‍ട്ടണ്‍ ആയിരുന്നു മുന്‍നിര 'ഭീഷണിക്കാരി'. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, പ്രഥമ വനിത മിഷേല്‍ ഒബാമ, ഫുട്ബാള്‍ താരം ടോം ബ്രാഡി എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ബ്രാഡിക്ക് നാലാം സ്ഥാനമാണ് പട്ടികയില്‍. ഒബാമയ്ക്ക് 34, ഭാര്യ മിഷേലിന് 39ഉം സ്ഥാനം. ഇവര്‍ മാത്രമല്ല, ഇന്ത്യന്‍ താരങ്ങളും വൈറസ് സൃഷ്ടാക്കളുടെ ഇഷ്ട കഥാപാത്രങ്ങളാണ്. ഇതില്‍ ഐശ്വര്യാ റായ്, കത്രീന കെയ്ഫ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനക്കാര്‍. കഴിഞ്ഞവര്‍ഷങ്ങളില്‍ കത്രീന കൈഫായിരുന്നു നെറ്റില്‍ ഭീഷണിയുയര്‍ത്തി മുന്നിലുണ്ടായിരുന്നത്.
ടി.വി. സിജു
tvsiju@gmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
കുറുമാന്റെ കഥകള്‍
http://rageshkurman.blogspot.com/
കുറുമാന്റെ കഥകള്‍ക്ക് ധാരാളം സന്ദര്‍ശകരുണ്ട്. 2006 ഏപ്രീല്‍ മുതല്‍ മലയാളം ബ്ലോഗെഴുത്ത് തുടങ്ങിയ കുറുമാന്റെ 'എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍' എന്ന ബ്ലോഗ് പോസ്റ്റുകള്‍ ഇതിനകം പുസ്തകരൂപത്തില്‍ പ്രസിദ്ധികരിച്ചിരിക്കുന്നു. ജനിച്ചപ്പോള്‍ തുറന്ന വായ ഇതുവരെയായി അടച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മരിക്കാതെ ഇനിയൊട്ട് അടക്കുകയുമില്ലെന്ന വാശിയിലാണ് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയും ഇപ്പോള്‍ കുടുംബസമേതം ദുബായില്‍ താമസിക്കുകയും ചെയ്യുന്ന കുറുമാന്‍ എന്ന ബ്ലോഗര്‍. 'ഒരിക്കല്‍ ഞാന്‍ എന്തെങ്കിലും എഴുതിത്തുടങ്ങിയാല്‍ അത് വായിക്കുന്നവര്‍ എന്നെ കുത്തിക്കീറുന്നതു വരെ ഞാന്‍ എഴുതുകയും ചെയ്യും' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കുറുമാന്‍ ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്നത്.
തെന്നല്‍
http://thannal.blogspot.com/
കവിത, കഥ, ഖത്തര്‍ വാര്‍ത്തകള്‍, ലേഖനങ്ങള്‍, ഖത്തര്‍ ഫോട്ടോകള്‍, എന്റെ ചിത്രങ്ങള്‍, ഞാന്‍ എടുത്ത ഫോട്ടോകള്‍, ഖുറാന്‍ പരിഭാഷ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി പോസ്റ്റുകള്‍ വേര്‍തിരിച്ചിരിക്കുന്നു ഈ ബ്ലോഗില്‍. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്തുള്ള മണത്തല സ്വദേശി മുഹമ്മദ് സഗീര്‍ പണ്ടാരത്തിലാണ് ബ്ലോഗര്‍. കവിതയാണ് ഇഷ്ടവിഷയം. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ഇപ്പോള്‍ മുഖ്യമായും ബ്ലോഗിലാണ് ശ്രദ്ധ. പാഥേയം (www.paadheyam.com) എന്ന ഓണ്‍ലൈന്‍ മാഗസിന്റെ എഡിറ്ററുമാണ് ബ്ലോഗര്‍.
കാണാമറയത്ത്
http://kaanaamarayathu.blogspot.com/
തന്നെ ആകര്‍ഷിച്ച ഒരു സിനിമ, ഇഷ്ടമായ പുസ്തകം, ഇഷ്ടപ്പെട്ട വ്യക്തികള്‍, ഓര്‍മ്മകള്‍, ചിന്തകള്‍, കഥകള്‍, യാത്രകള്‍, രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകള്‍... അങ്ങനെ മനസ്സില്‍ പൊട്ടിവിടരുന്ന അടുക്കും ചിട്ടയുമില്ലാത്ത കാര്യങ്ങള്‍ ഒന്ന് ഒതുക്കിവെക്കുക എന്നതാണ് ചെന്നൈയില്‍ താമസിക്കുന്ന സുനില്‍ കൃഷ്ണന്‍ എന്ന ബ്ലോഗര്‍ തന്റെ കാണാമറയത്ത് എന്ന ബ്ലോഗിലൂടെ ലക്ഷ്യമാക്കുന്നത്. ആര്‍ക്കും വായിക്കാവുന്ന സ്വന്തം ഡയറിക്കുറിപ്പുകളെന്നും തന്റെ ബ്ലോഗിനെ അദ്ദേഹം വിശേഷിപ്പിക്കുന്നു. കണ്ണില്‍പെടാതെ പോകുന്ന ഒട്ടേറെ സംഭവങ്ങള്‍ പെറുക്കി വെച്ച ഈ ഡയറിക്കുറിപ്പുകള്‍ നമുക്കും ഒന്ന് സന്ദര്‍ശിക്കാവുന്നതാണ്.
സഞ്ചാര സാഹിത്യം
http://sanchaarasaahithyam.blogspot.com/
സഞ്ചാര സാഹിത്യത്തിനൊരു ബ്ലോഗ്. ലോസ് ആഞ്ചല്‍സിലെ സീവേള്‍ഡ്, യൂണിവേഴ്സല്‍ സ്റ്റൂഡിയോ, താര സംഗമം തുടങ്ങിയ അമേരിക്കന്‍ ചിത്രങ്ങള്‍. നിളാ തീരത്തേക്ക്, കണ്യാര്‍കളി, പുരാണങ്ങളിലൂടെ, നാട്ടുവഴികളിലൂടെ, പൂണൂല്‍, സ്മൃതികളുടെ നിറവില്‍, ആരാധനാ രത്നങ്ങള്‍ തുടങ്ങിയ കേരളീയ ചിത്രങ്ങള്‍.. പ്രിയ ഉണ്ണികൃഷ്ണന്റെ ഈ ബ്ലോഗ് സഞ്ചാര സാഹിത്യ പ്രേമികള്‍ക്ക് നല്ല വിരുന്നൊരുക്കുന്നു. യാത്രാ വിവരണത്തോടൊപ്പം ധാരാളം ഫോട്ടോകളും നല്‍കിയതിനാല്‍ പോസ്റ്റുകള്‍ ആകര്‍ഷകമാണ്.
വക്കുവിന്റെ വിശേഷങ്ങള്‍
http://vakkuvakku.blogspot.com/
വടുതല സ്വദേശി ടി.എ. റഷീദ് എന്ന വക്കുവിന്റെ ബ്ലോഗ്. വക്കു ബൂലോകത്ത് പിച്ച വെക്കുകയാണ്. ഇന്നും എന്നും ഒരു കഥയില്ലാത്ത പച്ച വടുതലക്കാരന്‍ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. അതേതായലും അല്‍പം സാവകാശമെടുത്ത് നല്ല പോസ്റ്റുകള്‍ തയ്യാറാക്കൂ. ബ്ലോഗ് പോസ്റ്റുകള്‍ എഡിറ്റ് ചെയ്യേണ്ടത് അവനവന്‍ തന്നെയാണ്. പോസ്റ്റുകള്‍ നന്നായാല്‍ അതിനനസരിച്ച് സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കും. കമന്റുകളും ലഭിക്കും. ആശംസകള്‍.
വി.കെ. അബ്ദു
vkabdu@gmail.com
*****
പെരിന്താറ്റിരി ഡോട്ട് കോമിലേക്ക് സ്വാഗതം
മലപ്പുറം ജില്ലയിലെ പെരിന്താറ്റിരി ഗ്രാമ പ്രദേശത്തിനൊരു വെബ്സൈറ്റ്. പെരിന്താറ്റിരി ഇ^മെയില്‍, ഫോട്ടോ ഗാലറി, വീഡിയോ ഗാലറി, പെരിന്താറ്റിരി വിശേഷങ്ങള്‍, ടെക്നോലോകം, വിദ്യാഭ്യാസം, ഇസ്ലാമികം, മലപ്പുറം ന്യൂസ്, പ്രവാസി ലോകം, ലേഖനങ്ങള്‍, ഫലിതം എന്നിങ്ങനെ ഒട്ടേറെ വിഭാഗങ്ങളിലായി സൈറ്റിലെ വിവരങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു. നാട്ടുകാര്‍ക്ക് പരസ്പരം ചാറ്റ് ചെയ്യാനുള്ള സംവിധാനവും സൈറ്റിലുണ്ട്. രജിസ്റ്റര്‍ ചെയ്ത പെരിന്താറ്റിരി സ്വദേശികള്‍ക്ക് തങ്ങളുടെ ലേഖനങ്ങള്‍, വീഡിയോ, ഫോട്ടോ തുടങ്ങിയവ എവിടെ നിന്നും സൈറ്റിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങളും ലിങ്കുകളും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു. ഗ്രാമത്തിന്റെ ഓരോ ദിവസത്തെയും തുടിപ്പുകളും കുതിപ്പുകളും സൈറ്റില്‍ അപ്പപ്പോള്‍ ലഭിക്കുന്നതിനാല്‍ കേരളത്തിലും മറുനാട്ടിലുമുള്ള പെരിന്താറ്റിരി സ്വദേശികള്‍ക്ക് വെബ്സൈറ്റ് വലിയ തോതില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. സൌദി പെരിന്താറ്റിരി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹാരിസ് പടിഞ്ഞാതില്‍ ആണ് വെബ്സൈറ്റ് രൂപകല്‍പന ചെയ്തത്.
===================