Saturday, August 08, 2009

ഇന്‍ഫോമാധ്യമം (378) - 06/10/2008



വരുന്നൂ വിന്‍ഡോസ് - 7

ഖലീല്‍ വെള്ളില
musthafa.chembayil@gmail.com

'വിന്‍ഡോസ് വിയന്നക്ക് വിട. വിന്‍ഡോസ് 7-ന് സ്വാഗതം'. വിന്‍ഡോസിന്റെ അടുത്ത പതിപ്പിന്റെ പരസ്യത്തിന് മൈക്രോസോഫ്റ്റ് നല്‍കുന്ന തലക്കെട്ട് മിക്കപ്പോഴും ഇങ്ങനെയാണ്. വിസ്റ്റക്ക് ശേഷമുള്ള പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിനായി അണിയറയില്‍ ഒരുക്കമാരംഭിച്ചുവെന്ന് ഇതില്‍ നിന്ന് കമ്പ്യൂട്ടര്‍ ലോകം മനസ്സിലാക്കുന്നു. ഓരോ മൂന്ന് വര്‍ഷത്തിലും വിന്‍ഡോസിന്റെ പുതിയ പതിപ്പ് പുറത്തിറക്കുക എന്നത് സോഫ്റ്റ്വെയര്‍ ഭീമമന്‍മാരായ മൈക്രോസോഫ്റ്റിന്റെ നയമായതിനാല്‍ ഇതില്‍ പൊതുവെ പുതുമയൊന്നും അവകാശപ്പെടാനില്ല.

പുതിയ വിന്‍ഡോസിനെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും മൈക്രോസോഫ്റ്റ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 2009-ലോ 2010-ലോ ആയിരിക്കും ഇത് പുറത്തിറങ്ങുക എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. പതിവുപോലെ ഒട്ടേറെ പുതുമകളവകശപ്പെട്ടു തന്നെയായിരിക്കും ഇതിന്റെയും പുറപ്പാടെങ്കിലും ഉപയോക്താക്കള്‍ ഇതിനെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയുക തന്നെ വേണ്ടി വരും. പ്രത്യേകിച്ചും വിസ്റ്റക്ക് നേരിടേണ്ടി വന്ന ദുരന്തം മൈക്രോസോഫ്റ്റിന്റെ മുമ്പിലുണ്ട്. വിസ്റ്റയെപ്പോലെ 64 ബിറ്റ് സോഫ്റ്റ്വെയറായിത്തന്നെ അറിയപ്പെടുമെങ്കിലും 32 ബിറ്റ് കമ്പ്യൂട്ടിംഗിനെക്കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഇത് പുറത്തിറങ്ങുക. നിലവിലെ കമ്പ്യൂട്ടറുകളില്‍ ഭൂരിഭാഗവും 32 ബിറ്റ് പതിപ്പ് മാത്രമേ ഉള്‍ക്കൊള്ളൂവെന്നതാണ് ഇതിന് കാരണം. വിന്‍ഡോസ് വിസ്റ്റ പ്രശ്നക്കാരനായതും ഇവിടെയാണ്. പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഉപയോക്താവിന്റെ ആവശ്യമനുസരിച്ച് 32 ബിറ്റ്, 64 ബിറ്റ് എന്നിവ തിരഞ്ഞടുക്കാന്‍ സൌകര്യമുണ്ടായിരിക്കും എന്നാണറിയുന്നത്.

പുതിയ പതപ്പിന്റെ യൂസര്‍ ഇന്റര്‍ഫെയ്സിന് നല്‍കിയിരിക്കുന്ന കോഡ് നാമം Black comp എന്നാണ്്. ഇതു വരുന്നതോടെ നിലവിലെ ഇന്റര്‍ഫെയ്സ് പുര്‍ണ്ണമായും മാറാന്‍ സാധ്യതയുണ്ടത്രെ. അഥവാ പൂര്‍ണ്ണമായി മാറിയില്ലെങ്കില്‍ തന്നെ പുതിയൊരു ഇന്റര്‍ഫെയ്സ് ശൈലിക്ക് ഇത് തുടക്കമിടുമെന്ന് പറയാം. വിസ്റ്റയില്‍ പ്രവര്‍ത്തനക്ഷമതക്ക് ആക്കം കൂട്ടാനായി 'ഹൈപ്പര്‍ വിസ്സര്‍' സംവിധാനമുള്‍പ്പെടുത്തിയിരിക്കുന്നു. 'Viridian' എന്ന കോഡ് നാമത്തിലാണ് ഇതറിയപ്പെടുന്നത്. ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ അടിത്തട്ട് മുതല്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. പുതിയ പതിപ്പില്‍ ഈ സംവിധാനം കൂടുതല്‍ ശക്തമായിരിക്കും. വിന്‍ഡോസില്‍ ഇതുവരെ പരിചയിച്ചുവന്ന ഏതാനും ആപ്ലിക്കേഷനുകള്‍ക്ക് മാറ്റം വരാന്‍ സാധ്യതയുണ്ട്. ഇന്റര്‍നെറ്റ് എക്സ്പ്ലോളറിന്റെ ഏറ്റവും പുതിയ പതിപ്പായ IE 9 ഇതിന്റെ കൂടെ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വീഡിയാ പ്ലേയറിനും മീഡിയാ സെന്ററിനും പുതിയ പതിപ്പില്‍ കൂടുതല്‍ സവിശേഷതകളുണ്ടായിരിക്കും.

നേരത്തെ ലിനക്സും പിന്നീട് മാക് ഓപറേറ്റിംഗ് സിസ്റ്റവും രംഗത്തവതരിപ്പിച്ച വെര്‍ച്ച്വല്‍ ഡെസ്ക്ടോപ് വിന്‍ഡോസിന്റെ പുതിയ പതിപ്പിലുള്‍ക്കൊള്ളിക്കുമെന്നും അറിയുന്നു. അതോടൊപ്പം സിസ്റ്റം റീ സ്റ്റോര്‍ സംവിധാനവും ശക്തമാക്കും. പരമ്പരാഗതമായി വിന്‍ഡോസില്‍ സ്ഥാനം പിടിച്ച പെയിന്റ് സോഫ്റ്റ്വെയറും പുതിയ രൂപത്തിലാണത്രെ ഇതില്‍ പ്രത്യക്ഷപ്പെടുക. വിന്‍ഡോസ് ലൈവ്, ലൈവ് ഡ്രൈവ് തുടങ്ങിയ സേവനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷയുണ്ട്.
*****

ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

വാര്‍ത്താ ദൃശ്യങ്ങള്‍ ബ്ലോഗില്‍

വീഡിയോ ക്ലിപ്പിംഗുകള്‍ ബ്ലോഗിലെത്തുന്നത് വ്ളോഗിംഗ് (Vlog - Video Bloging) എന്ന പേരിലറിയപ്പെടുന്നു. ഗള്‍ഫ്നാടുകളില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലി നോക്കുന്ന കുഴൂര്‍ വില്‍സനാണ് ഈ ഇനത്തിലുള്ള 'വാര്‍ത്തകള്‍ വായിക്കുന്നത്' എന്ന ബ്ലോഗിന്റെ ശില്പിയും അവതാരകനും. ഗൂഗിളിന്റെ തന്നെ വീഡിയോ ഷെഷയറിംഗ് സംവിധാനമായ യൂട്യൂബില്‍ ഇട്ട ദൃശ്യങ്ങളാണ് ബ്ലോഗിലെത്തിച്ചിരിക്കുന്നത്. മണലാരണ്യങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ബ്ലോഗിലുള്ളത്. വീഡിയോ പരിപാടികള്‍ ബ്ലോഗിലെത്തുന്നതിന്റെ പ്രധാന നേട്ടം അത് കാഴ്ചക്കാര്‍ക്ക് ഇഷ്ടമുള്ള ഏത് സമയത്തും കാണാമെന്നതാണ്. ഒരു മുഴുവന്‍ സമയ വാര്‍ത്താ ചാനലിലാണ് ഈ ദൃശ്യങ്ങള്‍ കാണിക്കുന്നതെങ്കില്‍, ചാനല്‍ സംപ്രേഷണം ചെയ്യുന്ന സമയത്ത് തന്നെ കാണണം. അതേസമയം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ഏത് സമയത്തും കാണാമെന്നത് ഇതിന്റെ ഭാവി സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. മൊബൈല്‍ ഫോണും ഡിജിറ്റല്‍ കാമറകളും കൂടുതല്‍ ജനകീയമാകുന്ന ഈ കാലത്ത് വീഡിയോ ബ്ലോഗുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഈ വഴിയിലൂടെ ആദ്യം നടന്നവരിലൊരാള്‍ എന്ന വിശേഷണം കുഴൂര്‍ വില്‍സന്‍ അര്‍ഹിക്കുന്നു.

ബ്ലോഗിനെക്കുറിച്ചുള്ള വീഡിയോകളും ഇതില്‍ കാണാം. 'കുറുമാന്റെ കഥകള്‍' എന്ന ബ്ലോഗിനെപ്പറ്റിയുള്ള 'ബ്ലോഗ് വിളവെടുപ്പ് തുടങ്ങി' എന്ന വീഡിയോയും, ഇന്‍ഫോമാധ്യമത്തിന്റെ ഈ പംക്തിയില്‍ നേരത്തെ പരിചയപ്പെടുത്തിയ സജീവിന്റെ 'കേരള ഹഹഹ' എന്ന ബ്ലോഗിനെക്കുറിച്ചുള്ള 'ചിരി ഒരു നേരിയ വളവാണ്' എന്ന പോസ്റ്റും കാണാം. സംഗീത സംവിധായകന്‍ ദക്ഷിണ മൂര്‍ത്തിയുമായുള്ള അഭിമുഖം, വിവിധ പള്ളികളുടെ ചിത്രീകരണം എന്നിവയെല്ലാം 'വാര്‍ത്താ ദൃശ്യങ്ങള്‍' എന്ന വീഡിയേ ബ്ലോഗിനെ ദൃശ്യ സമ്പന്നമാക്കുന്നു.
ബ്ലോഗ് അഡ്രസ്സ്. http://boologapathram.blogspot.com/.
*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

കൂട്ടുകാര്‍ക്കൊരു വെബ്സൈറ്റ്

കൊച്ചു കൂട്ടുകാര്‍ക്കു വേണ്ടി മാത്രമായൂള്ള ഒരു 'അടിപൊളി' വെബ്സൈറ്റാണ് www.prongo.com. ഇതില്‍ ഒരുക്കിവെച്ചിട്ടുള്ള വിഭവങ്ങള്‍ എന്തെല്ലാമാണ്െ അറിയേണ്ടേ?

1. തമാശകള്‍ - ചിരിച്ചു മണ്ണുകപ്പിക്കുന്ന ഫലിതങ്ങള്‍.! നിങ്ങള്‍ക്കറിയാവുന്ന നേരമ്പോക്കുകള്‍ ലോകമെമ്പാടുമുള്ള കൂട്ടുകാരുമായി പങ്കുവെക്കുവാനുള്ള സംവിധാനവുമുണ്ട് കെട്ടോ.

2. കളികള്‍ - പഠനവും കളിയും ഒരുമിച്ചു നടത്താം. വായന അഭ്യസിച്ചു തുടങ്ങുന്നവര്‍ക്കും കമ്പ്യൂട്ടര്‍ മൌസ് പിടിച്ചു തുടങ്ങുന്നവര്‍ക്കും കണക്കില്‍ പിച്ചവെക്കുന്നവര്‍ക്കും പ്രത്യേകം കളികള്‍. കൂട്ടത്തില്‍ വിവിധതരം പദപ്രശ്നങ്ങളും പസിലുകളും അതുപോലുള്ള മറ്റു ഊരാക്കുടുക്കുകളും.

3. പ്രശ്നോത്തരികള്‍ - ഇവിടെ അറിവു പരിശോധിക്കാം. മനുഷ്യ ശരീരത്തെക്കുറിച്ചും ശൂന്യാകാശത്തെക്കുറിച്ചുമെല്ലാമുള്ള നിരവധി ചോദ്യങ്ങള്‍.

പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മുതല്‍ ആറ് വരെ, ആറ് മുതല്‍ ഒമ്പത് വരെ, ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ എന്നിങ്ങനെ മൂന്ന് വിഭാഗമായി മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന വിജ്ഞാന വിരുന്നും നേരമ്പോക്കുകളുമാണ് ഈ സൈറ്റില്‍ കൂട്ടുകാരെ കാത്തിരിക്കുന്നത്. ഇ^കാര്‍ഡുകള്‍, വാള്‍ പേപ്പറുകള്‍, സ്ക്രീന്‍ സേവറുകള്‍ തുടങ്ങിയ വേറെയും
വിഭവങ്ങള്‍.
*****

ഇന്‍ഫോ ക്വിസ്

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com

1. നിലവിലെ ഹാര്‍ഡ് ഡിസ്ക്കിന് പകരക്കാരനായേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐ.ബി.എം കോര്‍പറേഷന്റെ റെയ്സ്ട്രാക്ക് മെമ്മറി കണ്ടെത്തിയതാര്?
2. ഉബുണ്ടു ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് (2008)?
3. OOXML പൂര്‍ണ്ണ രൂപം?
4. HSPA എന്താണ്?
5. ഓണ്‍ലൈന്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ ചെക്ക് പോസ്റ്റ്?
6. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വെബ്പോര്‍ട്ടല്‍?
7. ബ്ലോഗിന്റെ പൂര്‍ണ്ണ രൂപമായ വെബ് ലോഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
8. 3D ഒബ്ജക്റ്റുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന മുഖ്യ സോഫ്റ്റ്വെയര്‍?
9. ഈ വര്‍ഷാവസാനം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഗൂഗിള്‍ഫോണിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ഏത് കമ്പനിയാണ്?
10. മലയാളം കമ്പ്യൂട്ടിംഗിനെ പ്രോല്‍സാഹിപ്പിക്കാനായി കേരളാ സര്‍ക്കാര്‍ സ്ഥാപിച്ച വെബ്സൈറ്റ്?
ഉത്തരം

1. ഐ.ബി.എമ്മിന്റെ സാന്‍ജോസിലുള്ള ആന്‍മന്‍ഡാര്‍ റിസര്‍ച്ച് സെന്ററിലെ ഡോ. സ്റ്റുവെര്‍ട്ട് പാര്‍ക്കിന്‍
2. ഹാര്‍ഡിഹെറോണ്‍
3. ഓഫീസ് ഓപണ്‍ എക്സ്റ്റന്‍സിബിള്‍ മാര്‍ക്ക്അപ് ലാംഗ്വേജ്
4. വയര്‍ലെസ് രംഗത്തെ മൂന്നാം തലമുറ സാങ്കേതികവിദ്യയായ വൈഡ്ബാന്‍ഡ് കോഡ് ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ ആക്സസിന്റെ (WCDMA) പരിഷ്ക്കരിച്ച പതിപ്പ്.
5. വാളയാര്‍
6. www.cyberkeralam/in
7. ജോണ്‍ സാര്‍ജര്‍
8. ബ്ലെന്‍ഡര്‍
9. തായ്വാനിലെ മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ എച്ച്.ടി.സി.
10. http://malayalam.kerala.gov.in
*****

വാപ് സൈറ്റുകള്‍

അബ്ദുല്‍ മുനീര്‍ എസ്.
amscalicut@gmail.com

മൊബൈല്‍ ഫോണുപയോഗിച്ച് ആക്സസ് ചെയ്യാനും സന്ദര്‍ശിക്കാനും സാധിക്കുന്ന വെബ്സൈറ്റുകളാണ് 'വാപ് സൈറ്റു'കള്‍. വിവിധ ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്വെയറുകള്‍ക്ക് പുറമെ വാള്‍പേപ്പറും ഗെയിമുകളും മറ്റും ഈ സൈറ്റുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എച്ച്.ടി.എം.എല്‍ അധിഷ്ഠിതമായ വെബ്സൈറ്റുകളും ഇക്കൂട്ടത്തിലുണ്ട്. ഇവ സന്ദര്‍ശിക്കാനായി Opera Mini, Microsoft deepfish തുടങ്ങിയ വെബ് ബ്രൌസറുകള്‍ മൊബൈല്‍ ഫോണില്‍ ഡൌണ്‍ ലോഡ് ചെയ്യേണ്ടതുണ്ട്. ഗൂഗിളും യാഹുവുമെല്ലാം ഇപ്പോള്‍ മൊബൈല്‍ ഫോണിലെത്തിയിരിക്കുന്നു. ദിനപത്രങ്ങളും മാഗസിനുകളും മൊബൈല്‍ ഫോണിലേക്ക് കടക്കുകയാണ്. wap.google.com, wap.yahoo.com wap.rediff.com തുടങ്ങിയവ പ്രമുഖ വാപ് ഡയറക്ടറികളായി അറിയപ്പെടുന്നു. netjar.com, tagtag.com തുടങ്ങിയ സൈറ്റുകള്‍ ഫ്രീ ഡൌണ്‍ലോഡിംഗ് സൌകര്യമൊരുക്കുന്നു. കമ്പ്യൂട്ടറുപയോഗിച്ച് ഈ സൈറ്റുകള്‍ സന്ദര്‍ശിച്ച് മൊബൈല്‍ ഫോണിനാവശ്യമായ സോഫ്റ്റ്വെയറുകള്‍ ലഭ്യമാക്കാനും സൌകര്യമുണ്ട്. mailmate.co.za, mobiplanet.in, surfwap.com, smsgupshup.com, wapain.net തുടങ്ങിയവ വ്യത്യസ്ത രീതികളിലെ സേവനങ്ങള്‍ കാഴ്ചവെക്കുന്ന വാപ് സൈറ്റുകളാണ്.
===========================

Tuesday, August 04, 2009

ഇന്‍ഫോമാധ്യമം (007) - 24/9/2000

നാളെയുടെ ആവശ്യങ്ങള്‍ കണ്ടെത്തി മുന്നേറുക

കോര്‍ക്കറസ്
korkaras@gmail.com

ഇന്റര്‍നെറ്റ് യുഗത്തിലെ ബിസിനസ്സ് സംരംഭങ്ങളില്‍ മുഖ്യമായും പരിഗണിക്കേണ്ടത് നാളെയുടെ ആവശ്യങ്ങളാണ്. ടെക്നോളജിയുടെ വികസനത്തിനനുസരിച്ച് ആധുനിക മനുഷ്യന്റെ താല്‍പര്യങ്ങളില്‍ അതിവേഗം മാറ്റങ്ങള്‍ ദൃശ്യമാവുന്നു. പരമ്പരാഗത സാമ്പത്തിക ഘടനയില്‍ ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് തങ്ങളുടെ ആഭ്യന്തര വിപണിയില്‍ വിദേശ നിര്‍മ്മിത ഉല്‍പന്നങ്ങളുടെ വരവിന് തടയിടാനും പ്രാദേശിക ഉല്‍പന്നങ്ങള്‍ അതെത്ര ഗുണം കുറഞ്ഞതായിരുന്നാലും വിറ്റഴിക്കാനും ഏറെക്കുറെ സാധ്യമായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് യുഗത്തിലെ സാമ്പത്തിക ഘടന അതനുവദിക്കുകയില്ല. ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ പുതുയുഗത്തിലെ വ്യാപാര ബന്ധങ്ങള്‍ക്ക് അതിരുകളും പരിധികളും ഇല്ലാതാവുകയാണല്ലോ. എല്ലാവര്‍ക്കും എല്ലാ വിപണിയിലും മല്‍സരിക്കാനവസരമുണ്ട്. അര്‍ഹതയുള്ളത് മാത്രം അതിജയിക്കുന്നു. അല്ലാത്തവ പരാജയപ്പെടുന്നു.

വികസിത രാജ്യങ്ങളിലെ കുത്തക ത്സാപനങ്ങളോട് മല്‍സരിച്ച് നിലനില്‍പിനുള്ള അര്‍ഹത നേടുന്നതെങ്ങനെയാണെന്നതാണ് പ്രശ്നം. ടെക്നോളജിയെ ടെക്നോളജി കൊണ്ട് നേരിടലാണ് അര്‍ഹതക്കുള്ള ഏക മാര്‍ഗ്ഗം. വിദേശ കുത്തകകളുടെ കുത്തൊഴുക്കിന് തടയിടാനും സാമ്പത്തിക മേഖലയിലെ ആഗോളവല്‍ക്കരണത്തില്‍ ലോകത്തെ ഇതര ജനവിഭാഗത്തോടൊപ്പം മല്‍സരിക്കാനും ഈ ഒരൊറ്റ പോംവഴി മാത്രമേ നമ്മുടെ മുമ്പിലവശേഷിക്കുന്നുള്ളൂ.

നാളെയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പുതിയ ബിസിനസ്സ് സംരംഭങ്ങളില്‍ ബുദ്ധിയും വ്യയവും മുതലിറക്കാന്‍ നമുക്കും സാധ്യമാവണം. അവസരങ്ങളുടെ കവാടം എല്ലാവര്‍ക്ക് മുമ്പിലും തുറന്നിട്ടിരിക്കയാണ്. അത് പ്രയോജനപ്പെടുത്താന്‍ നാം മുന്നോട്ട് വരണമെന്നേയുള്ളൂ.

കമ്പ്യൂട്ടര്‍ പരിജാനത്തോടൊപ്പം ഒരല്‍പം സാഹസികതയും കൂടി കൈമുതലായുണ്ടെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് കൊച്ചു കുട്ടികള്‍ക്ക് പോലും പുതിയ സംരംഭങ്ങളുമായി മുന്നേറാനാവും. ആദ്യമായി ഈ രംഗം ഇത് വരെ തരണം ചെയ്ത ഘട്ടങ്ങളെസ്സംബന്ധിച്ച് വ്യക്തമായൊരു ധാരണയുണ്ടാക്കുക. നിലവില്‍ ഈ രംഗത്ത് നടക്കുന്ന പുരോഗതിയെക്കുറിച്ച് കിട്ടാവുന്നേടത്തോളം വസ്തുതകള്‍ ശേഖരിക്കുക. ലഭ്യമായ വസ്തുതകള്‍ വിശകലനത്തിന് വിധേയമാക്കി നാളെത്തെ ലോകത്തെസ്സംബന്ധിച്ച് നല്ലൊരു കാഴ്ചപ്പാടുണ്ടാക്കുക. സാമൂഹികം, സാമ്പത്തികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ രംഗങ്ങളില്‍ പുതുയുഗത്തിന്റെ ആവശ്യങ്ങളെന്തെല്ലാമായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടെത്തുക. ഇവ നിര്‍വഹിക്കാനാവശ്യമായ ടെക്നോളജി, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ ഏതെല്ലാമായിരിക്കുമെന്നും നിര്‍ണയിക്കുക. അവയുടെ പ്രാധാന്യവും പ്രാമുഖ്യവും കണക്കിലെടുത്ത് മുന്‍ഗണനാ ക്രമമനുസരിച്ച് ഒരു പട്ടിക തയ്യാറാക്കുക. തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ തനിക്ക് നിര്‍വഹിക്കാന്‍ സാധ്യമാവുന്ന ഏറ്റവും ലാഭകരമായ പദ്ധതി തെരഞ്ഞെടുത്ത് മുന്നേറുക. വിജയം സുനിശ്ചിതം.
*****

അതിര് വിടുന്ന ഇ-മെയില്‍ ദുരുപയോഗം

കെ.യു. ഇഖ്ബാല്‍
iqbal.ku@al-sawani.com

മനുഷ്യ പുരോഗതിയുടെ പ്രയാണത്തിന് പുറകില്‍ നന്മ നിറഞ്ഞ ഉദ്ദേശങ്ങളോടെ നടത്തിയ ഒരുപാട് പരീക്ഷണങ്ങളുണ്ട്. ശാസ്ത്രീയ നേട്ടങ്ങളുടെ പരമ്പര തന്നെയുണ്ട്. വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമങ്ങള്‍ക്ക് പുറകിലെ ലക്ഷ്യവും പുരോഗതിക്ക് വേഗം കൂട്ടല്‍ തന്നെയാണ്. വെടി മരുന്നിന്റെ കണ്ട് പിടുത്തത്തിന് വിപരീത ഫലമുണ്ടായത് പോലെ അപകടകരമായ രീതീയിലേക്ക് വിവര സാങ്കേതിക വിദ്യ നീങ്ങുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഇന്റര്‍നെറ്റിന്റെ അത്ഭുത ലോകത്ത് പതുങ്ങിയിരിക്കുന്ന തിന്മകളിലേക്കാണ് നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ പേരും നീങ്ങുന്നത്. വിജാനത്തിന്റെ വിശാല ലോകം തുറന്ന് തരുന്ന ഇന്റര്‍നെറ്റിനെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നവരെക്കാള്‍ അതിനെ ദുരുപയോഗപ്പെടുത്തുന്നവരാണ് എങ്ങും. അപഥ സഞ്ചാരത്തിന്റെ അപകടങ്ങളിലേക്ക് സൈബര്‍ പാതകളിലൂടെ യാത്ര ചെയ്യാനാണ് യുവ തലമുറക്ക് താല്‍പര്യം.

വാര്‍ത്താ വിതരണ രംഗത്ത് പുരോഗതിയുടെ വിസ്ഫോടനം സൃഷ്ടിച്ച ഇ-മെയിലിനുമുണ്ട് രണ്ട് മുഖങ്ങള്‍. ഇ^മെയില്‍ സംവിധാനം ഇന്ന് വന്‍ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. സ്വന്തം ഭാര്യാ സഹോദരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇ-മെയില്‍ സംവിധാനം ഉപയോഗിച്ച വിരുതനെ ദല്‍ഹി പോലീസ് കുടുക്കിയ വാര്‍ത്ത നാം മറന്നിട്ടില്ലല്ലോ.

പെണ്‍കുട്ടികളുടെ ഇ-മെയില്‍ വിലാസങ്ങളാണ് കൂടുതലായും ദുരുപയോഗം പെയ്യപ്പെടുന്നത്. ഹോം പേജുകളില്‍ നിന്ന് കിട്ടുന്ന വിലാസങ്ങളിലേക്ക് ലൈംഗിക സാഹിത്യത്തിന്റെ മഹാ പ്രവാഹങ്ങള്‍ ഒഴുക്കി വിടുന്ന വിരുതന്‍മാര്‍ ധാരാളം. ഇയ്യിടെ ഞങ്ങള്‍ സുഹൃത്തുക്കള്‍ സ്ത്രീ നാമത്തില്‍ ഒരു ഇ^മെയില്‍ വിലാസമുണ്ടാക്കി. സൌഹൃദം അഭ്യര്‍ത്ഥിച്ച് കൊണ്ട് നൂറുക്കണക്കിന് ഇ^മെയില്‍ സന്ദേശങ്ങളാണ് ആ വിലാസത്തില്‍ എത്തിയത്. അതില്‍ ഒരു സന്ദേശത്തില്‍ നേരിട്ട് ലൈംഗിക ബന്ധത്തിനുള്ള ക്ഷണമായിരുന്നു. വിവാഹിതയായ സ്ത്രീയാണെങ്കിലേ ഇഷ്ടന് ബന്ധപ്പെടാന്‍ താല്‍പര്യമുള്ളൂവെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. വെര്‍ജിനായ പെണ്‍ കിടാങ്ങളെ കാമകേളി പഠിപ്പിച്ച് സമയം കളയാന്‍ അദ്ദേഹത്തിന് തീരെ താല്‍പര്യമില്ലത്രെ. അതാണ് വിവാഹിതകളെ ക്ഷണിച്ചത്.

നല്ല നിലയില്‍ തുടങ്ങുന്ന ചാറ്റിംഗ് പലപ്പോഴും എത്തിച്ചേരുന്നത് അരുതായ്മകളിലായിരിക്കും. വിജ്ഞാനം പങ്കുവെക്കുന്ന 'ചാറ്റിംഗും' ധാരാളമുണ്ട്. സിനിമാ താരങ്ങളുടെ വെബ് സൈറ്റുകളില്‍ അശ്ലീലത്തിന്റെ ആറാട്ട് തന്നെ കാണാം. എറണാകുളത്തെ പ്രശസ്തമായ ഒരു വനിതാ കലാലയത്തിലെ ആറേഴ് പെണ്‍ കിടാങ്ങളുടെ 'സെമി ന്യൂസ്' ഫോട്ടോകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയത് ഇ^മെയില്‍ വഴിയാണല്ലോ. മോര്‍ഫിംഗിലൂടെ ഏതെങ്കിലും ഒരു സ്ത്രീ നഗ്ന ശരീരത്തിന്റെ ഉടലില്‍ വിരോധമുള്ള ഒരു പെണ്ണിന്റെ തല ചേര്‍ത്ത് വെച്ച് പക പോക്കുന്നവര്‍ കമ്പ്യൂട്ടര്‍ വൈറസിന്റെ സ്രഷ്ടാക്കളെക്കാള്‍ അപകടകാരികളാണ്.
*****


ഇന്റര്‍നെറ്റും യുവ തലമുറയും

സ്വതന്ത്രമായ ആശയ വിനിമയത്തിന് കളമൊരുക്കുന്നുവെന്നത് ഇന്റര്‍നെറ്റിന്റെ മേന്മയാണെങ്കിലും പലപ്പോഴും അത് ദോഷ ഫലങ്ങളും ഉണ്ടാക്കിയേക്കാം. ഇന്റര്‍നെറ്റിന്റെ വ്യാപനത്തിനനുസരിച്ച് ഈ രംഗത്തെ കുറ്റ കൃത്യങ്ങളും വര്‍ദ്ധിക്കുകയാണ്. സൈബര്‍ ക്രൈം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി മാറിയിരിക്കയാണല്ലോ.

കൌമാര പ്രായക്കാരെയാണ് ഇത് ഏറെ സ്വാധീനിക്കുന്നത്. ഇവരെ വഴി തെറ്റിക്കാനാവശ്യമായ എല്ലായിനം വിഭവങ്ങളും ഇന്റര്‍നെറ്റില്‍ സുലഭമാണ്. കുത്തഴിഞ്ഞ ലൈംഗികത പ്രചരിപ്പിക്കന്ന സൈറ്റുകള്‍ അനുദിനം വര്‍ദ്ധിച്ച് വരുന്നു. മോഷണം, പിടിച്ച്പറി, അക്രമം തുടങ്ങിയ കുറ്റ കൃത്യങ്ങള്‍ പഠിപ്പിക്കാനും ഇന്റര്‍നെറ്റില്‍ പ്രത്യേകം സൈറ്റുകളുണ്ട്. ഇതിന് തടയിടാന്‍ അധികൃതര്‍ക്കാവുന്നില്ല. ചാറ്റ് റൂമുകളിലൂടെ അപരിചിതരുമായി സല്ലപിക്കുമ്പോള്‍ അവരില്‍ കുറ്റവാളികളും ദുഷ്ഠന്‍മാരുമുണ്ടായിരിക്കുമെന്നും ഓര്‍ക്കണം.

വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ഷനെടുക്കുന്ന രക്ഷിതാക്കളുടെ ഉത്തരവാദിത്തം വര്‍ദ്ധിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ പ്രയോജനപ്രദമായ ഉപയോഗം സംബന്ധിച്ച് തങ്ങളുടെ കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. അതേസമയം ഏറെ നേരത്തെ സ്വതന്ത്രമായ ഇന്റര്‍നെറ്റ് സെര്‍ഫിംഗിന് അവരെ ഒരക്കലും അനുവദിക്കരുത്. കഴിയുന്നേടത്തോളം കുട്ടികളുടെ കൂടെയിരുന്ന് അവര്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കുകയാണ് വേണ്ടത്. അതോടൊപ്പം അതിന്റെ ദുരുപയോഗം സംബന്ധിച്ച് സദാ ജാഗ്രത പുലര്‍ത്തുകയും വേണം
*****

അല്‍ വര്‍റാഖ്

അറബി ഭാഷയിലെ ക്ലാസിക് ഗ്രന്ധങ്ങള്‍ ലഭ്യമാക്കാന്‍ അല്‍ വര്‍റാഖ് (www.alwaraq.com) എന്ന സൈറ്റ് സന്ദര്‍ശിക്കുക. സാഹിത്യം, ചരിത്രം, ജീവ ചരിത്രം, യാത്രാ വിവരണം, ഖുര്‍ആന്‍ വിജാനം, ഹദീസ്്, ഇസ്ലാമിക കര്‍മ്മ ശാസ്ത്രം തുടങ്ങിയ നിരവധി വിഷയങ്ങളിലായി മുന്നൂറോളം ഗ്രന്ധങ്ങള്‍ ഇപ്പോള്‍ തന്നെ സൈറ്റിലൂടെ ലഭ്യമാക്കാം. പത്ത് ലക്ഷം പേജുകളുള്‍ക്കൊള്ളുന്ന ഗ്രന്ധ ശേഖരമെന്നാണ് സൈറ്റ് നിര്‍മ്മാതാക്കളവകാശപ്പെടുന്നത്. ആവശ്യമുള്ള പേജുകള്‍ സൌജന്യമായി ഡൌണ്‍ ലോഡ് ചെയ്യാനും സംവിധാനമുണ്ട്. രിയാദുസ്സാലിഹീന്‍, ഇഹ്യാ ഉലൂമുദ്ദീന്‍, തഫ്സീര്‍ ഖുര്‍ത്തുബി തുടങ്ങി കേരളത്തിലെ പള്ളി ദര്‍സുകളില്‍ പഠിപ്പിക്കുന്ന ദശക്കണക്കിന് ഗ്രന്ധങ്ങളും ഇതിലുള്‍പ്പെടുന്നു. കേരളീയര്‍ക്ക് പരിചിതമായ ഇബ്നു ബതൂത്തയുടെ യാത്രാ വിവരണവും സൈറ്റില്‍ ലഭ്യമാണ്. അബൂദാബിയിലെ കള്‍ച്ചറല്‍ കോംപ്ലക്സ് (www.cultural.org.ae) എന്ന സ്ഥാപനമാണ് ഏറെ പ്രയോജനപ്രദമായ ഈ സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സൈറ്റിലെ ഗ്രന്ധ ശേഖരങ്ങള്‍ ഇപ്പോഴും വിപുലീകരിച്ച് വരികയാണ്.
============

ഇന്‍ഫോമാധ്യമം (413) - 27/07/2009


ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തിളക്കവുമായി ഗൂഗിള്‍

ടി.വി.സിജു
tvsiju@gmail.com

എന്തിനും ഏതിനും ഉത്തരം ഞൊടിയിടയില്‍ ലഭിക്കുമെന്നതാണ് ഇന്റര്‍നെറ്റിന്റെ പ്രധാന മേന്മ. അതുകൊണ്ടുതന്നെ ഇന്ന് പലര്‍ക്കും ഇതിനെ പിരിഞ്ഞിരിക്കാന്‍ വയ്യെന്നായിട്ടുണ്ട്. ഇതിന്റെ അഡിക്റ്റുകളാകുന്നവരും നിരവധി. ഇന്റര്‍നെറ്റില്ലാതെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥയും നിലവിലുണ്ടെന്ന് ബ്രിട്ടണില്‍ നടത്തിയ സര്‍വ്വെ ഫലത്തിലൂടെ പുറത്തുവന്നു കഴിഞ്ഞു. ഇന്റര്‍നെറ്റ് എന്നാല്‍ അത് ഗൂഗിള്‍ എന്നാണ് ഇന്ന് പലരും കരുതുന്നത്. ഈയൊരു സാഹചര്യത്തിനിടയിലാണ് ഗൂഗിള്‍ പുതിയ ഓപ്പണ്‍ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി രംഗത്തെത്തുന്നത്. ഗൂഗിള്‍ ക്രോം ^ അതാണ് പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പേര്. തികച്ചും വെബ് അധിഷ്ഠിതമായിരിക്കും ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം. കൂടുതല്‍ നേരം വെബില്‍ ചെലവഴിക്കുന്നവരെ നോട്ടമിട്ടാണ് ഇത് തയ്യാറാവുന്നത്. സാധാരണ ഉപയോക്താവിന് വേണ്ടതും അതിലപ്പുറവും ചെയ്യാന്‍ ഇന്ന് വെബ് അധിഷ്ഠിത സംവിധാനത്തിന് കെല്പുണ്ട്. ഇതുതന്നെയാണ് ഗൂഗിള്‍ ചൂഷണം ചെയ്യാനൊരുങ്ങുന്നത്.

ക്രോമിന്റെ തിളക്കം

സെക്കന്റുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമാകുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം, അതാണ് ഗൂഗിളിന്റെ ലക്ഷ്യം. വേഗതയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ ഉപയോക്താക്കളെ കൈയിലെടുക്കാനാണ് ശ്രമം. ലാളിത്യവും സുരക്ഷതത്വവും ഇതിന്റെ മുഖമുദ്രയായിരിക്കും. സിസ്റ്റം ഓണ്‍ ചെയ്യുന്നതോടെ ക്രോം മിഴിതുറക്കുന്നതു വെബിലായിരിക്കും. കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനുള്ള അപ്ളിക്കേഷന്‍ സോഫ്റ്റ്വെയറൊന്നും ഇനി വന്‍ വിലകൊടുത്ത് വാങ്ങേണ്ടതില്ല. വെബിലൂടെ അതെല്ലാം ലഭ്യമാക്കാനാണ് നീക്കം. പുതിയ ഹാര്‍ഡ്വെയര്‍ സംവിധാനങ്ങള്‍ ചേര്‍ക്കണോ? തലപുണ്ണാക്കേണ്ട. ഇക്കാര്യത്തിനൊന്നും ഉപയോക്താക്കള്‍ കൂടുതല്‍ സമയം കമ്പ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്ന് മുഷിയേണ്ടതുമില്ല. വൈറസ് അപ്ഡേറ്റോ സോഫ്റ്റ്വെയര്‍ അപ്ഡേറ്റോ നടത്തിയില്ലെന്ന ഭയവും ഇനി വേണ്ട. ഇതെല്ലാം തങ്ങള്‍ക്ക് വിട്ടേക്കൂ എന്നാണ് ഗൂഗിള്‍ പറയുന്നത്. തങ്ങളുടെ ഔദ്യോഗിക ബ്ളോഗ് വഴി ഗൂഗിള്‍ നല്‍കുന്ന വിവരങ്ങളാണിത്.

അപ്ളിക്കേഷന്‍ ഡവലപ്പര്‍മാരുടെ പ്ളാറ്റ്ഫോമായ വെബിലാണ് ഗൂഗിളിന്റെയും കണ്ണ്. എല്ലാ വെബ് അപ്ളിക്കേഷനുകളും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിപ്പിക്കാന്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ സാധ്യമാകുമെന്നാണ് നിരീക്ഷണം. ഇതിലുപയോഗിക്കുന്ന വെബ് അധിഷ്ഠിത പ്രോഗ്രാമുകള്‍ വിന്‍ഡോസ്, ലിനക്സ് അടക്കമുള്ള മറ്റേത് സ്റ്റാന്‍ഡേര്‍ഡ് പ്ലാറ്റ്ഫോമിലും പ്രവര്‍ത്തിക്കുകയും ചെയ്യും. നെറ്റ്ബുക്കിനെയാണ് ക്രോം ആദ്യം ലക്ഷ്യമിടുന്നതെങ്കിലും നോട്ടം ഡെസ്ക്ക്ടോപ്പ് മേഖലയിലേക്ക് തന്നെയാണ്. സ്മാര്‍ട്ട് ഫോണുകള്‍ അടക്കമുള്ള പുതുതലമുറ ഫോണുകള്‍ ഉപയോഗിക്കുന്ന ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് വ്യത്യസ്തമായ പ്രോജക്ടാണിത്.
ഗൂഗിളും മൈക്രോസോഫ്റ്റും

മൈക്രോസോഫ്റ്റിനു നേരെ ഗൂഗിള്‍ തുറന്ന യുദ്ധം ആരംഭിച്ചിട്ട് കുറച്ച് മാസമേ ആവുന്നുള്ളൂ. അതിന്റെ മുന്നോടിയായിരുന്നു ഒമ്പതു മാസം മുമ്പ് ഗൂഗിള്‍ ക്രോം എന്ന പേരില്‍ ഇന്റര്‍നെറ്റ് ബ്രൌസര്‍ പുറത്തിറക്കിയത്. ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ മൂന്ന് കോടിയിലധികമാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരുന്നതും. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുള്ള ആദ്യത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ച ആപ്പിളിനെ മറികടന്ന് മൈക്രോസോഫ്റ്റ് വിന്‍ഡോസിലൂടെ വിപണി പിടിച്ചെടുത്തത് ചരിത്രമാണ്. വിശ്വാസ്യതയും ഡാറ്റാ സുരക്ഷയും സ്ഥിരതയും കൈമുതലാക്കിയ ഗ്നൂ ലിനക്സ് സങ്കേതങ്ങള്‍ സെര്‍വര്‍ വിപണിയില്‍ മൈക്രോസോഫ്റ്റിനെ പിന്നിലാക്കിയതും ആരും മറന്നുപോയിട്ടില്ല. ഇതിനൊക്കെ ഇടയിലേക്കാണ് ലോഹത്തിന്റെ തിളക്കവുമായി ഗൂഗിള്‍ ക്രോം വരുന്നത്. ഇതില്‍ ആരൊക്കെ തിളങ്ങും. ആരൊക്കെ 'ജാലിക' പൂട്ടും? കണ്ടറിയേണ്ടതു തന്നെ.

യാഹുവിനെ കൂട്ടുപിടിച്ച് ഗൂഗിളിനെ വെല്ലുവിളിക്കാന്‍ മൈക്രോസോഫ്റ്റ് നേരത്തെ ശ്രമിച്ചതാണ്. പക്ഷെ, ആ ശ്രമം വിജയിച്ചില്ല. ഏറെ വിജയ സാധ്യത മുന്നില്‍ കണ്ട് പുറത്തിറക്കിയ 'വിന്‍ഡോസ് വിസ്റ്റ' ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും വിപണിയില്‍ ശോഭിക്കാനായില്ല. അതിന്റെ ക്ഷീണം മാറ്റാനാണ് പോരായ്മകള്‍ പരിഹരിച്ച് 'വിന്‍ഡോസ് 7' എന്ന പുതിയൊരു ഓപ്പറേറ്റിംഗ് സിസ്റ്റം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ധ്രുതഗതിയില്‍ കാര്യങ്ങള്‍ നടന്നുവരുമ്പോഴാണ് മൈക്രോസോഫ്റ്റിനു മേല്‍ ഗൂഗിള്‍ അണുബോംബിട്ടു എന്ന രീതിയില്‍ സാങ്കേതിക ലോകത്ത് പ്രചാരം ലഭിച്ച പുതിയ തീരുമാനം സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ പ്രഖ്യാപിക്കുന്നത്. ബോംബ് പൊട്ടിയാലും ഇല്ലെങ്കിലും മൈക്രോസോഫ്റ്റ് ഗൂഗിള്‍ മത്സരം ഉപയോക്താക്കള്‍ക്ക് നല്‍കുന്നത് ഏറെ പ്രതീക്ഷകളാണ്.

പരിമിതികള്‍ കാണുമെങ്കിലും രണ്ടു ദശാബ്ദത്തിലേറെ പ്രവൃത്തി പരിചയമുള്ള മൈക്രോസോഫ്റ്റിനെ വെല്ലാന്‍ ഗൂഗിള്‍ ക്രോമിന് ചുരുങ്ങിയ വര്‍ഷങ്ങള്‍ മതിയാകുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. മൈക്രോസോഫ്റ്റും വിട്ടുകൊടുക്കുമെന്ന് തോന്നുന്നില്ല. ക്ളൌഡ് കമ്പ്യൂട്ടിംഗില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ആവുന്നതൊക്കെ പയറ്റാന്‍ അവരും തയ്യാര്‍. ഗൂഗിള്‍ ഡോക്സിന്റെ മാതൃകയില്‍ തങ്ങളുടെ ഓഫീസ് സോഫ്റ്റ്വെയറുകള്‍ തന്നെ ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനത്തിനും മൈക്രോസോഫ്റ്റ് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.
*****

'ഗൂഗോളവല്‍ക്കരണം' - നേട്ടം കമ്പ്യൂട്ടര്‍ ലോകത്തിന്

വി.കെ. ആദര്‍ശ്
adarshpillai@gmail.com

ഒമ്പത് മാസം മുമ്പ് ക്രോം വെബ് ബ്രൌസര്‍ ഗൂഗിള്‍ കുടുംബത്തില്‍ നിന്ന് ഇറക്കിയ കാലം മുതലോ അല്ലെങ്കില്‍ അതിന് മുമ്പ് തന്നെയോ ഗൂഗിള്‍ എന്ന 'വിസ്മയ' സ്ഥാപനത്തില്‍ നിന്ന് ലക്ഷണമൊത്ത ഒരു ഓപറേറ്റിംഗ് സിസ്റ്റം എത്തുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയായിരുന്നു. ഇതിന്റെ സാക്ഷാത്ക്കാരമെന്നോണം ഗൂഗിള്‍ തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ വരവ് പ്രഖ്യാപിച്ചുകഴിഞ്ഞു. മള്‍ട്ടി പ്രോസസ് വെബ് ബ്രൌസറായ ക്രോമിനെ രൂപപരിവര്‍ത്തനം നടത്തിയാണ് ഓപറേറ്റിംഗ് സിസ്റ്റമാക്കുന്നതെന്നാണ് വിപണി വര്‍ത്തമാനം. ഓപണ്‍ സോഴ്സ് അടിസ്ഥാനമാക്കിയാണ് ഇതിന്റെ കടന്നുവരവ്. അടുത്തവര്‍ഷം അവസാനത്തോടെ നെറ്റ്ബുക്കുകള്‍ക്ക് വേണ്ടിയായിരിക്കും പുതിയ താരം അവതരിക്കുക. കമ്പ്യൂട്ടറിന് പകരം വെബിലാവും അടിസ്ഥാന ഫയലുകള്‍ സൂക്ഷിക്കുക. അതായത് പരിമിതമായ ഓപറേറ്റിംഗ് സിസ്റ്റം ഫയലുകള്‍ മാത്രം നമ്മുടെ കമ്പ്യൂട്ടറിലും ബാക്കിയുള്ള ആപ്ലിക്കേഷന്‍ പാക്കേജുകള്‍ വെബിലും. ഗൂഗിള്‍ ഡോക്സ് എന്ന പേരില്‍ എം.എസ്. ഓഫീസിന് സമാനമായ സേവനങ്ങള്‍ ഇപ്പോള്‍ തന്നെ നെറ്റില്‍ ലഭ്യമാണല്ലോ. അതായത് യഥാര്‍ഥ വെല്ലുവിളി മൈക്രോസോഫ്റ്റിന് തന്നെ എന്നര്‍ഥം.

അതേസമയം പുതിയ ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ലിനക്സ് കേര്‍ണലില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ പ്രിന്റര്‍ പോലുള്ള അനുബന്ധ ഉപകരണങ്ങളുടെ നിര്‍മ്മാതാക്കള്‍ ഇനിമുതല്‍ ഡ്രൈവര്‍ ഫയലുകള്‍ വിന്‍ഡോസിന് പുറമെ ലിനക്സ് പ്ലാറ്റ്ഫോമിന് വേണ്ടിയും നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതരാകും. ഇത് പരോക്ഷമായി ഇതര ലിനക്സ് അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കും പൊതുവെ കമ്പ്യൂട്ടര്‍ ലോകത്തിനും ഗുണം ചെയ്യും. പൂര്‍ണ്ണമായും വെബ് അധിഷ്ഠിതമായി കമ്പ്യൂട്ടിംഗ് മാറുന്നതോടെ പുതിയ പതിപ്പുകള്‍ അപ്ഡേറ്റ് ചെയ്യാനും ആന്റിവൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോക്താക്കള്‍ ഓടേണ്ടതില്ല. ഇതെല്ലാം കേന്ദ്രീകൃതമായി ഗൂഗിള്‍ നോക്കിക്കൊള്ളും. സാധാരണ ഇ-മെയില്‍ ആശയത്തെ ജിമെയില്‍ എങ്ങനെയാണ് അടിമുടി മാറ്റിമറിച്ചുവെന്നതിന് സമീപകാല ചരിത്രം സാക്ഷി. ഗൂഗിള്‍ പ്രേമികളിപ്പോള്‍ ഇ-മെയില്‍ വിലാസം എന്നതിപകരം ജിമെയില്‍ വിലാസം എന്നാണെഴുതുന്നത്. ലോകം 'ഇ'^മയത്തിനു പകരം 'ജി'-മയമായിത്തീരുകയാണ്. കമ്പ്യൂട്ടര്‍ ലോകത്തെ പുതിയ വര്‍ത്തമാനങ്ങള്‍ 'ഗൂഗോളവല്‍ക്കരണ'ത്തെ ശരി വെക്കുന്ന തരത്തിലാണ് നീങ്ങുന്നത്.
*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

ഇമേജ് സെര്‍ച്ച്

ഗൂഗിള്‍, എം.എസ്.എന്‍, യാഹൂ തുടങ്ങിയ വമ്പന്മാരുടെ ഇമേജ് സെര്‍ച്ച് എഞ്ചിനുകള്‍ മുതല്‍ താരതമ്യേന അപ്രശസ്തങ്ങളെങ്കിലും ചില പ്രത്യേക രീതിയിലെ ആവശ്യക്കാരെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായ സ്പെഷ്യലൈസ്ഡ് സെര്‍ച്ച് എഞ്ചിനുകള്‍ വരെ വൈവിധ്യമേറിയ നിരവധി സെര്‍ച്ച് എഞ്ചിനുകളെക്കുറിച്ച് മുന്‍ കാലങ്ങളില്‍ ഈ പംക്തിയില്‍ പരാമര്‍ശിച്ചിരുന്നത് വായനക്കാര്‍ മറന്നുകാണില്ലല്ലോ. അവക്കൊന്നുമില്ലാത്ത, എന്നാല്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെ ആഗ്രഹിക്കാനിടയുള്ള ചില സവിശേഷതകളോടു കൂടിയ ഒരു ഇമേജ് സെര്‍ച്ച് എഞ്ചിനാണ് ഈ ആഴ്ച പരിചയപ്പെടുത്തുന്നത് - 'മള്‍ട്ടി കളര്‍ സെര്‍ച്ച് ലാബ്' എന്ന പേരില്‍ അറിയപ്പെടുന്ന http://labs.ideeinc.com/multicolr/#colors=271f90,000000;.

നമുക്കിഷ്ടമുള്ള കളര്‍ കോമ്പിനേഷനുകളോട് കൂടിയ ചിത്രങ്ങള്‍ ഫ്ളിക്റി (Flickr)ന്റെ പത്തുകോടിയിലധികമുള്ള ഇമേജ് ശേഖരത്തില്‍ നിന്ന് വളരെ എളുപ്പത്തില്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്നു എന്നതാണ് ഈ സെര്‍ച്ച് എഞ്ചിന്റെ പ്രത്യേകത. മുഖപ്പെജിന്റെ വലതുഭാഗത്തു കാണുന്ന ചായപ്പലക (Colour Palette) യില്‍ ഏതു നിറത്തില്‍ ക്ലിക് ചെയ്താലും അതേ നിറത്തിലുള്ള കൂറേ ചിത്രങ്ങളുടെ തമ്പ്നെയില്‍ മാതൃകകള്‍ സ്ക്രീനില്‍ വരിവരിയായി അണിനിരക്കും. ആവശ്യമുള്ള തമ്പ്നെയിലില്‍ ക്ലിക് ചെയ്ത് പ്രിവ്യൂ കണ്ടശേഷം തൃപ്തികരമായവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ചായപ്പലകയില്‍ ലഭ്യമായ നൂറ്റിഇരുപത് നിറങ്ങളില്‍ ഒരേസമയം പത്തെണ്ണം വരെ തെരഞ്ഞെടുക്കന്‍ സാധിക്കുന്നു.
*****

സന്ദര്‍ശകര്‍ ഇതുവരെ...