Thursday, December 24, 2009

ഇന്‍ഫോമാധ്യമം (427) - 30/11/2009
ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു

സി.പി.എം സംസ്ഥാന സെക്രട്ടരി പിണറായി വിജയന്റെ വീടെന്ന പേരില്‍ വ്യാജ ചിത്രവുമായി ഇന്റര്‍നെറ്റിലെ മെയിലിംഗ് ഗ്രൂപ്പുകളിലും മറ്റുമായി പ്രചരിച്ച ഇ^മെയില്‍ സന്ദേശങ്ങള്‍ ഇയ്യിടെ കേരളത്തിലെ സൈബര്‍ മേഖലയില്‍ വലിയ കോലാഹമുണ്ടാക്കി. മാസങ്ങള്‍ക്ക് മുമ്പ് അന്തര്‍ദേശീയ ഇന്റര്‍നെറ്റ് തട്ടിപ്പ് റാക്കറ്റിലെ പ്രധാന കണ്ണികളിലൊരാളായ നൈജീരിയക്കാരനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അതിന് മുമ്പ് കണ്ണൂര്‍ മാങ്കടവ് സ്വദേശിയെ വഞ്ചിച്ച് നാല്‍പത് ലക്ഷം രൂപ തട്ടിയ കേസില്‍ മറ്റൊരു നൈജീരിയക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അതുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും അതിന് ഇരയാവുന്നവരുടെ എണ്ണവും നമ്മുടെ നാട്ടിലും വര്‍ദ്ധിക്കുകയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വിജ്ഞാന സമ്പാദനത്തിനും ആശയവിനിമയത്തിനുമുള്ള മുഖ്യ സ്രോതസ്സായി മാറിയ ഇന്റര്‍നെറ്റ് കുറ്റവാളികളുടെ സങ്കേതം കൂടിയായി മാറിയിരിക്കയാണ്. ഇന്റര്‍നെറ്റിന്റെ ദുരുപയോഗവും അതുപയോഗിച്ചുള്ള ചെറുതും വലുതുമായ കുറ്റ കൃത്യങ്ങളും ആഗോളതലത്തില്‍ തന്നെ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ നടത്തിയ ഒരു പഠനമനുസരിച്ച് കഴിഞ്ഞ വര്‍ഷം അവിടെ ഈ ഇനത്തില്‍ മുപ്പത്താറ് ലക്ഷം കുറ്റകൃത്യങ്ങള്‍ നടന്നുവെന്നാണ് കണക്ക്. അതായത് ഓരോ പത്ത് സെക്കന്റിലും ഒന്നിലധികം കുറ്റകൃത്യങ്ങള്‍. ആഗോളതലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യം ഇന്റര്‍നെറ്റ് സെക്യൂരിറ്റി രംഗത്ത് ഒരല്‍പം അയവ് വരുത്താന്‍ വന്‍കിട സ്ഥാപനങ്ങളെ പ്രേരിപ്പിച്ചത് ചൂഷണം ചെയ്യുകയായിരുന്നു സൈബര്‍ കുറ്റവാളികള്‍. നെറ്റ് ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ മുഖേന അഞ്ച് കോടി ഇരുപത്തഞ്ച് ലക്ഷം പൌണ്ടാണ് ബ്രീട്ടീഷ് സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം നഷ്ടമായതത്രെ. ബാങ്ക് അക്കൌണ്ടുകളില്‍ വെട്ടിപ്പ് നടത്തി പണമപഹരിക്കുന്ന 44,000 വെബ്സൈറ്റുകള്‍ കഴിഞ്ഞ വര്‍ഷം നിരീക്ഷിക്കപ്പെടുകയുണ്ടായി.

അമേരിക്ക കഴിഞ്ഞാല്‍ നെറ്റ് മുഖേനയുള്ള കുറ്റവാളികളുടെ രണ്ടാമത്തെ കേന്ദ്രം ബ്രിട്ടനാണെന്നാണ് ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. മൂന്നാം സ്ഥാനമാണ് നൈജീരിയക്കുള്ളത്. നെറ്റ് വഴിയുള്ള തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് ഇടപാടുകാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും കുറ്റവാളികള്‍ പുതിയ രീതികള്‍ പരീക്ഷിച്ചുവരികയാണ്. വന്‍കിട ബാങ്കുകളുടെ വെബ്സൈറ്റിന് സമാനമായ വ്യാജ സൈറ്റുകളുണ്ടാക്കി ഇടപാടുകാരുടെ അക്കൌണ്ട് നമ്പറും പാസ്വേര്‍ഡും മോഷ്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ നമ്മുടെ നാട്ടിലും സജീവമായിരിക്കയാണ്. യഥാര്‍ഥ ബാങ്കില്‍ നിന്നാണെന്ന വ്യാജേന അക്കൌണ്ട് നമ്പറും പാസ്വേര്‍ഡും അറിയിക്കണമെന്ന് കാണിച്ചുള്ള ഇ^മെയിലുകള്‍ ഇടപാടുകാരുടെ മെയില്‍ ബോക്സിലെത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. തട്ടിപ്പിന്റെ സ്വഭാവത്തിനനുസരിച്ച് ഫിഷിംഗ്, ഇ^മെയില്‍ സ്പൂഫിംഗ്, ഫാര്‍മിംഗ് എന്നിങ്ങനെ വിവിധ പേരുകളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ അറിയപ്പെടുന്നു. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കെണിയിലകപ്പെടുമെന്നത് തീര്‍ച്ചയാണ്.

സാമ്പത്തിക മേഖലയില്‍ നെറ്റ് ഉപയോഗിച്ചുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനിയും വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. കുറ്റവാളികള്‍ തങ്ങളുടെ മേഖലയില്‍ കൂടുതല്‍ വൈദഗ്ധ്യം നേടിവരികയാണെന്നും ഇന്റര്‍നെറ്റ് സെക്യൂരിറ്റി വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനനുസരിച്ച് അത് മറികടക്കാനുള്ള ശ്രമങ്ങളും ശക്തമാവുകയാണ്. ഇവിടെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനുള്ള മുഖ്യ ഉപാധി നെറ്റ് ഉപയോക്താക്കള്‍ സ്വയം ബോധവാന്‍രാവുക എന്നതാണ്. ഉപയോക്താക്കളുടെ ദൌര്‍ബല്യവും പണത്തോടുള്ള ആര്‍ത്തിയുമൊക്കെ കുറ്റവാളികള്‍ നന്നായി ചൂഷണം ചെയ്യുന്നുവെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. നെറ്റിലെ നൈജീരിയന്‍ ശൈലിയിലെ തട്ടിപ്പുകള്‍ക്ക് വിധേയരാവുന്നവരില്‍ ഭൂരിഭാഗവും ഇത്തരക്കാരാണ്.

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണവുമായി രംഗത്തെത്തിയ ആദ്യത്തെ രാഷ്ട്രം സ്വീഡനാണ്. 1973^ല്‍ തന്നെ അവിടെ കമ്പ്യൂട്ടര്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ നിര്‍വചിക്കുകയും അവ തടയുന്നതിനാവശ്യമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരം നിയമങ്ങള്‍ പ്രബല്യത്തില്‍ വരികയുണ്ടായി. 1997 ജനുവരിയില്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളി ഇലക്ട്രോണിക് വാണിജ്യത്തിനായുള്ള പ്രത്യേക നിയമം അംഗീകരിച്ചു. ഇതിന്റെ മാതൃകയില്‍ അംഗ രാജ്യങ്ങള്‍ നിയമങ്ങളാവിഷ്ക്കരിക്കണമെന്നും അതുവഴി അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥക്കും വ്യവഹാരങ്ങള്‍ക്കും ഒരു ഏകീകൃത രൂപം കൈവരുത്തണമെന്നും ശിപാര്‍ശ ചെയ്യുകയുണ്ടായി. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യ അംഗീകരിച്ച് നടപ്പില്‍ വരുത്തിയ സൈബര്‍ നിയമങ്ങള്‍ 'ഐ.ടി. ആക്റ്റ് 2000' എന്ന പേരില്‍ അറിയപ്പെടുന്നു. 2000 മെയ് 17^ന് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിന് ജൂണില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. ഈ നിയമം പാസ്സാകുമ്പോള്‍ ഇന്ത്യ ഇത്തരത്തില്‍ ലോകത്തിലെ 16 രാജ്യങ്ങളിലൊന്നായി മറുകയായിരുന്നു. സൈബര്‍ കുറ്റവാളികള്‍ ഇതിനകം കൂടുതല്‍ ശക്തരായിരിക്കയാണ്. ചെറുകിട തട്ടിപ്പുകാര്‍ മുതല്‍ ഭീകരപ്രവര്‍ത്തകര്‍ വരെ നെറ്റില്‍ വിലസുകയാണ്. ഇത് തടയിടാന്‍ ഏറെക്കുറെ നമ്മുടെ സൈബര്‍ നിയമങ്ങള്‍ പ്രാപ്തമാണെങ്കിലും നെറ്റ് ഉപയോക്താക്കള്‍ ഈ രംഗത്ത് അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
*****

വെബ് കൌതുകങ്ങള്‍

നല്ല ഒരു ഡിജിറ്റല്‍ കാമറയുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും - ഫോട്ടോഗ്രാഫിയെക്കുറിച്ച് കാര്യമായ വിവരമില്ലാത്തവര്‍ക്കു പോലും - ഒരു മാതിരി ഭേദപ്പെട്ട ചിത്രങ്ങളെടുക്കാനാകുമെന്ന് നമുക്കറിയാം. എന്നാല്‍ സാധാരണ ചിത്രങ്ങളില്‍നിന്നും വ്യത്യസ്തതയുള്ള പുതുമയേറിയ ചിത്രങ്ങളെടുക്കാന്‍ തികഞ്ഞ കലാബോധവും ക്രിയേറ്റിവിറ്റിയും (Creativity) ഉള്ളവര്‍ക്കു മാത്രമേ സാധ്യമാകൂ. ഫോട്ടോഗ്രഫിയുടെയും ഫ്ളാഷ് സാങ്കേതിക വിദ്യയുടെയും സാധ്യതകള്‍ വിദഗ്ധമായി സമന്വയിപ്പിച്ച അത്തരമൊരു മികവേറിയ കലാസൃഷ്ടി കാണാന്‍ http://61226.com/share/hk.swf എന്ന ലിങ്കില്‍ കയറുക. Night falls on Hong Kong... എന്നു പേരിട്ടിരിക്കു ഈ വെബ്പേജ് സൂര്യാസ്തമയത്തിനു തൊട്ടു മുമ്പേയുള്ള സമയം മുതല്‍ അന്ധകാരം പൂര്‍ണമായും ഹോങ്കോങ്ങ് നഗരത്തെ ആവരണം ചയ്യുന്നതുവരെയുമുള്ള ഒരോ മിനിറ്റിലേയും ദൃശ്യങ്ങള്‍ ഘട്ടം ഘട്ടമായി ഒറ്റച്ചിത്രത്തിലൂടെ നമുക്ക കാണിച്ചു തരുന്നു!!. URL എന്റര്‍ ചെയ്ത് അല്‍പസമയം കാത്തിരുന്ന ശേഷം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ മുകള്‍ഭാഗത്ത് കര്‍സര്‍ വയ്ക്കുമ്പോള്‍ 6:10 PM എന്ന് സമയം തെളിഞ്ഞുവരുന്നതുകാണാം. തുടര്‍ന്ന് മൌസ് ക്ലിക്ക് ചെയ്യാതെ കര്‍സര്‍ ചിത്രത്തിന്റെ താഴെ ഭാഗത്തേക്ക് ഡ്രാഗ് ചെയ്തു നോക്കൂ. അപ്പോള്‍ കാണുന്ന കാഴ്ച നിങ്ങളെ അദ്ഭുതപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യും. ശേഷം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിങ്ങള്‍ തന്നെ കാണുക.

റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

കൈപ്പിഴ
http://kaippizha.blogspot.com/

അറിയിക്കാതെ വരുന്നതും അറിയാതെ പോകുന്നതുമാണ് കൈപ്പിഴ എന്ന ബ്ലോഗിലെ വിഷയം. പുത്തന്‍ പ്രശ്നങ്ങള്‍ പുത്തന്‍ ആശയങ്ങള്‍, പാവം പാവം റോഡ് കുമാരന്‍, പരിതപിക്കും ആ ആത്മാവ്, ഒരു എലിക്കഥ... ഇങ്ങനെ കഥകളും വാര്‍ത്തകളും വാര്‍ത്താവലോകനങ്ങളുമായി ബ്ലോഗിലെ പോസ്റ്റകള്‍ തുടരുകയാണ്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ സൂരജ് മലയത്തില്‍ എന്ന വിദ്യാര്‍ഥിയാണ് ബ്ലോഗര്‍. മലയാളിയുടെ ആകാംക്ഷകള്‍ മുതലെടുക്കാനാഗ്രഹിക്കുന്ന ബ്ലോഗിലെ ഈ നവാഗതന് ഭാവുകങ്ങള്‍ നേരുന്നു.

പി.ഡി.എഫ് സാഹിത്യം
http://pdfsahithyam.wordpress.com

മണ്ണാര്‍ക്കാട് സ്വദേശി പി.ടി. അനിലിന്റെ കഥകള്‍ ഈ ബ്ലോഗിലൂടെ നിങ്ങള്‍ക്ക് വായിക്കാം. കഥകളൊക്കെ നന്നായിരിക്കുന്നു. ബ്ലോഗിന് ധാരാളം സന്ദര്‍ശകരും ഉണ്ട്. ഇതര ബ്ലോഗില്‍ നിന്ന് വ്യത്യസ്തമായി 'പി.ഡി.എഫ്' ഫോര്‍മാറ്റിലാണ് കഥകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഇത് അല്‍പമൊക്കെ പ്രയാസമുണ്ടാക്കും. ബ്ലോഗില്‍ മലയാളം യൂണികോഡ് ഉപയോഗിക്കുകയാണെങ്കില്‍ ഗൂഗിളിന്റെയും മറ്റും സെര്‍ച്ചില്‍ അനിലിന്റെ കഥകളിലേക്കുള്ള ലിങ്കുകള്‍ ലഭ്യമാകുമായിരുന്നു. സാധാരണ മലയാളി ബ്ലോഗര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ബ്ലോഗ് നിര്‍മ്മാണത്തിന് വേര്‍ഡ്പ്രസ്സാണ് ഉപയോഗിച്ചിരിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.

വന്നതും വരുന്നതും
http://malayalamchannels.blogspot.com/

ഒരു ടെലിവിഷന്‍ പ്രേക്ഷകനാണ് ഈ ബ്ലോഗര്‍. പലരും വിശേഷിപ്പിക്കുന്നതു പോലെ അതൊരു വിഡ്ഢിപ്പെട്ടിയാണെന്ന് കരുതാത്തൊരാള്‍. മലയാളം ചാനലുകള്‍ സ്ഥിരമായി കാണുന്ന ഒരു മലയാളി. എന്നാല്‍ കാണുന്നതെല്ലാം കൊള്ളാമെന്നല്ല... ഇതൊരു വീക്ഷണം മാത്രം. ഈ വീക്ഷണത്തിലൂടെ ടെലിവിഷന്‍ ചാനലുകള്‍ നോക്കിക്കാണാന്‍ ശ്രമം നടത്തുകയാണ് ബ്ലോഗര്‍. നവാഗതനല്ലെങ്കിലും ബ്ലോഗില്‍ പുതിയ പോസ്റ്റുകളും വിഭവങ്ങളും കുറവാണെന്ന് പറയേണ്ടിയിരിക്കുന്നു.

ഷാഹിറിന്റെ ലോകം
http://shahircmr.blogspot.com/

അകത്തളങ്ങളില്‍ എഴുത്തിനോടുള്ള ഇഷ്ടവും സുക്ഷിച്ചു വെച്ച് സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ യാന്ത്രികത നിറഞ്ഞ ജീവിതം നയിക്കുകയാണ് ബ്ലോഗര്‍. അപ്പോഴും നന്മ നിറഞ്ഞ തന്റെ നാടിനെ ഇഷ്ടപ്പെടുന്നു. കാരണം അതൊരു നദി പോലെ നിങ്ങളെ പ്രലോഭിപ്പിക്കും. നെറികേടിനോട് അത് പക്ഷെ രൌദ്രമായി പ്രതികരിക്കുകയും ചെയ്യും. അതാണ് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയായ 'ഷാഹിറിന്റെ ലോകം'. ശശി തരൂരിന് മഗ്സാസെ അവാര്‍ഡ്, ഗാന്ധിജിക്ക് കിട്ടാത്തത് ഒബാമക്ക് കിട്ടി, നയാഗ്രയിലെ ദിവസങ്ങള്‍, വീണ്ടും ഗാന്ധി എന്നിവയൊക്കെയാണ് പുതിയ പോസ്റ്റുകള്‍.

നമ്മുടെ ബൂലോകം
http://www.nammudeboolokam.com/

മലയാളം ബ്ലോഗിന്റെ ശൈശവാവസ്ഥക്ക് കാരണം നര്‍മ്മം എഴുതുന്നവരോ?. അരുണ്‍ കായംകുളം ഉണര്‍ത്തുന്ന ചിന്തകളാണിവിടെ വിഷയം. വായിക്കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനും 'നമ്മുടെ ബൂലോകം' എന്ന ബ്ലോഗ് സന്ദര്‍ശിക്കുക. മലയാളം ബ്ലോഗ് ലോകത്തെ വാര്‍ത്തകള്‍ക്കാണ് ഇതില്‍ പ്രാമുഖ്യം നല്‍കുന്നത്. ഒപ്പം ഇതര ബ്ലോഗുകളിലെ ശ്രദ്ധേയമായ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും കാണാം. നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും നമ്മുടെ ബൂലോകത്തില്‍ സൌകര്യമുണ്ട്.

വി.കെ. അബ്ദു
vkabdu@gmail.com
======================

സന്ദര്‍ശകര്‍ ഇതുവരെ...