
വീഡിയോ ഷെയറിംഗ് കാലം
ഇന്റര്‍നെറ്റിലൂടെ വീഡിയോ പങ്കുവക്കുന്നത് ഇന്ന് ഓണ്‍ലൈന്‍ ഇടം എന്നതിലുപരിയായി ഒരു ബദല്‍ ടി.വി ചാനലായോ അല്ലെങ്കില്‍ എണ്ണമറ്റ ചെറു വീഡിയോ ചിത്രങ്ങള്‍ സൂക്ഷിക്കുന്ന മെഗാ സിനിമാപ്പുരയായോ മാറിക്കഴിഞ്ഞു. വീഡിയോ സൂക്ഷിക്കുകയും പങ്കുവക്കുകയും ചെയ്യുന്നത് ജനകീയമാക്കിയത് ഗൂഗിള്‍ കുടംബാംഗമായ യൂട്യൂബാണ്. യഥാര്‍ഥത്തില്‍ ഗൂഗിള്‍ വീഡിയോ എന്ന സേവനം നേരത്തെതന്നെ ഗൂഗിള്‍ തുടങ്ങിയിരുന്നു. 2005 ഡിസംബറില്‍ സ്ഥാപിതമായ യൂട്യൂബ് എന്ന വീഡിയോ ഷെയറിംഗ് സ്ഥാപനത്തെ തൊട്ടടുത്ത നവമ്പറില്‍ മോഹവില നല്‍കി യൂട്യൂബ് സ്വന്തമാക്കി. ഒരു ഉപകമ്പനിയായി (സബ്സിഡയറി) തുടരാനനുവദിച്ചത് ഒരുപക്ഷെ കൂടുതല്‍ വളര്‍ച്ചക്ക് കാരണമായി എന്ന് പിന്നീടുള്ള ചരിത്രം തന്നെ സാക്ഷി. ഇന്ന് ദിനംതോറും നൂറ് കോടി മൌസ് ക്ലിക്കുകളാണ് യൂട്യൂബിനെത്തേടി എത്തുന്നത്. വെബ്സൈറ്റ് നിരീക്ഷകരായ അലക്സാ ഡോട്ട് കോമിന്റെ പുതിയ റാങ്കിംഗില്‍ നാലാം സ്ഥാനമാണ് ഈ വീഡിയോ പുരക്കുള്ളത്. ദിനം തോറും മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇരുപത് ശതമാനത്തോളം യൂട്യൂബ് വഴി വരാറുണ്ട്. ഗൂഗിള്‍, യാഹൂ, ഫെയ്സ്ബുക്ക് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
12 ദശലക്ഷം ഡോളറിന്റെ പ്രരംഭ മുതല്‍ മുടക്കുമായി സ്റ്റീവ് ചിന്‍, ചഡ് ഹര്‍ലി, ജാവേദ് കരീം എന്നീ മൂന്ന് ചെറുപ്പക്കാര്‍ തുടങ്ങിയ ഈ സ്ഥാപനം ഇങ്ങനെ സംഭവ ബഹുലമാകുമെന്ന് അവര്‍ പോലും കരുതിയിട്ടുണ്ടാവില്ല. 2006 ഒക്ടോബറില്‍ 1.6 ശതകോടി അമേരിക്കന്‍ ഡോളറിന്റെ ഓഹരി വിനിമയത്തിലൂടെയാണ് ഗൂഗിള്‍ യൂട്യൂബിനെ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷം തികയുന്ന വേളയില്‍ ഗൂഗിളിന്റെ വിപണി നീക്കം നൂറ് ശതമാനം ശരിയാണെന്നതിന് വര്‍ദ്ധിച്ച ജനപ്രീതി തന്നെ സാക്ഷ്യം. ഇടക്ക് യൂട്യൂബ് ഗൂഗിളിന് നഷ്ടം വരുത്തി വക്കുന്നു എന്ന വര്‍ത്തമാനം ഇണ്ടായിരുന്നു. എന്നാല്‍ ഭാവി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കുടുതലും വീഡിയോ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട് എത്താന്‍ സാധ്യതയുണ്ടെന്ന തന്ത്രപരമായ കണക്കുകൂട്ടലാണ് ഗൂഗിള്‍ നടത്തിയത്. ബ്ലോഗര്‍, ഓര്‍ക്കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഇടങ്ങള്‍ക്ക് ആവശ്യമായി വരുന്നതിലേറെ സെര്‍വര്‍ ഇടവും സമാന സൌകര്യങ്ങളും യൂട്യൂബിന് ആവശ്യമായി വരുന്നതാണ് ചിലവ് കൂടാന്‍ കാരണം. ആഡ്സെന്‍സ് എന്ന സാന്ദര്‍ഭിക പരസ്യ വിഭാഗത്തില്‍ നിന്നുള്ള വരുമാനവും വീഡിയോക്ക് ഒപ്പം നല്‍കുന്ന പരസ്യവുമാണ് വരുമാന സ്രോതസ്സ്. ഇത് കൂടാതെ ചില സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള വീഡിയോ വിതരണ സമ്പ്രദായവും യൂട്യൂബിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സഹായിക്കുന്നു.
ഇഷ്ട ഗാനരംഗങ്ങളുടെയും ചലച്ചിത്ര ശകലങ്ങളുടെയും കലവറ എന്നതിലുപരിയായി നിത്യസംഭവങ്ങള്‍ സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ സ്വഭാവത്തോടെ ചിത്രീകരിച്ച് ഈ ചാനലിലൂടെ പൊതുജന സമക്ഷം എത്തിക്കുന്നവരും കുറവല്ല. കേംബ്രിഡ്ജ്, ഹാര്‍വാഡ്, സ്റ്റാന്‍ഫഡ്, എം.ഐ.ടി, ഇന്ത്യയിലെ ഐ.ഐ.ടി പോലെയുള്ള അക്കാദമിക്ക് പെരുമയുള്ള സ്ഥാപനങ്ങളിലെ വീഡിയോയും ഒപ്പം പഠനാവശ്യത്തിനായുള്ള മറ്റ് വിഭവ ചിത്രീകരണങ്ങളാലും (youtube.com/edu) സമ്പന്നമാണ് ഈ യൂട്യൂബ്. ഒപ്പംതന്നെ അശ്ലീലവും പകര്‍പ്പവകാശം ലംഘിക്കുന്നതുമായ വീഡിയോയിലൂടെ ഇതിന്റെ മുന്നോട്ടുള്ള ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ചില രാജ്യങ്ങള്‍ ഇക്കാരണത്താല്‍ നിരോധനം എന്ന വജ്രായുധം പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സമൂഹത്തിന്റെ വളര്‍ച്ചക്ക് ഹാനികരമാകുന്ന വീഡിയോ എടുത്തുമാറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നതാണ് ഗൂഗിളിന്റെ നയം.
കുടുതല്‍ വിവരവിനിമയ ശേഷിയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വരവാണ് യൂട്യൂബിന്റെ വളര്‍ച്ചയുടെ കാതല്‍ എന്ന് പറയാം. ഇന്ന് മലയാളത്തിലെ ടി.വി ചാനലിലേതടക്കം ആയിരക്കണക്കിന് ക്ലിപ്പിംഗുകളാണ് ഓരോ മണിക്കൂറിലും ഇന്ത്യയില്‍ നിന്ന് മാത്രം യൂട്യൂബ് ശേഖരത്തിലേക്ക് എത്തുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക യൂട്യൂബ് ചാനല്‍ തന്നെ തുറന്നാണ് ബരാക് ഒബാമ പ്രചാരണതന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവയിലൂടെയും ആരാധകര്‍ വീഡിയോ കൈമാറുന്നുണ്ട്. ഈ വര്‍ഷത്തെ നോബല്‍ പുരസ്കാര പ്രഖ്യാപനം ലൈവായിത്തന്നെ യൂട്യൂബില്‍ സംപ്രേക്ഷണം ചെയ്തു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ശേഖരത്തിലുള്ള വീഡിയോ മാത്രമല്ല നേരിട്ടുള്ള വീഡിയോ പങ്കിടല്‍ കൂടി ഉള്‍പ്പെടുത്തി വളര്‍ച്ചയുടെ പുതിയ പടവുകളിലൂടെ കുതിക്കുകയാണ് യൂട്യൂബ്.
വി.കെ. ആദര്‍ശ്
blogbhoomi.blogspot.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
കാര്‍ട്ടൂണ്‍ തമാശ
http://keralacartoons.blogspot.com/
ഗള്‍ഫ് കാര്‍ട്ടൂണുകള്‍ക്കൊരു ബ്ലോഗ്. 'വയലുകളും കുളങ്ങളും വേണ്ടേ വേണ്ട! കൃഷിപ്പണിയൊന്നും വയ്യേ വയ്യ!! സമരം ചെയ്യും, സമരം ചെയ്യും മരണം വരെ സമരം ചെയ്യും...' എന്തിനെന്നല്ലേ; 'വിശക്കുന്നേ.. ഭക്ഷണം തരൂ...' ഇങ്ങനെ മലയാളിയുടെ മനസ്സ് തൊട്ടറിഞ്ഞ ഒട്ടനവധി കാര്‍ട്ടൂണുകള്‍. ഗള്‍ഫിലിരുന്ന് കേരളത്തെ നോക്കിക്കാണുന്ന രീതിയാണ് കാര്‍ട്ടൂണുകളില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. ദുബൈയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി സജീബ് ഖാനാണ് കാര്‍ട്ടൂണിസ്റ്റായ ഈ ബ്ലോഗര്‍.
ഇത്തിരി നേരം
http://www.thasleemp.blogspot.com/
ഇത് കോഴിക്കോട് ജില്ലയില്‍ അനയംകുന്നിലെ വയലില്‍ മോയി ഹാജി മെമ്മോറിയല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന തസ്ലീമിന്റെ ബ്ലോഗ്. തന്റെയും അനിയത്തി ശിഫയുടെയും കുഞ്ഞുകവിതകളും വിനോദങ്ങളും വിശേഷദിനങ്ങളുമൊക്കെയാണ് ഇതിലെ പോസ്റ്റുകള്‍. പിന്നെ ശാസ്ത്രവര്‍ഷം പ്രമാണിച്ച് യുറീക്കയിലെയും മറ്റു വാരികകളിലെയും പുതിയ അറിവുകളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. വാപ്പയുടെയും ഉമ്മയുടെയും വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് പഴയ ഫോട്ടോകളൊക്കെ ബ്ലോഗിലുള്‍പ്പെടുത്തിയിരിക്കുന്നു. സന്തോഷം. ബ്ലോഗെഴുത്ത് തുടരൂ തസ്ലീം. ശിഫയുടെ കൊച്ചു കവിതകള്‍ക്കായി പ്രത്യേകം ബ്ലോഗ് തന്നെ നിര്‍മ്മിക്കുന്നത് നന്നായിരിക്കും.
അടുക്കളത്തളം
http://bindukp2.blogspot.com/
ഒരു പാചക വിദഗ്ധയാണെന്ന അവകാശവാദമൊന്നുമില്ലാത്ത ബിന്ദു കൃഷ്ണപ്രസാദിന്റെ ബ്ലോഗ്. അറിയാവുന്ന ചിലത് നിങ്ങളുമായി പങ്കുവക്കുന്നു എന്ന് മാത്രം. പണ്ടത്തെ തനത് വിഭവങ്ങളെ അതേപടി, അതേ ചേരുവകളോടെ തന്നെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അങ്ങനെ ചേനത്തണ്ട് ചെറുപയര്‍ തോരന്‍, കുമ്പളങ്ങ തോരന്‍, ആവക്കായ്, ചീര, ചക്കക്കുരു, മാങ്ങാ കൂട്ടാന്‍, ചക്കപ്പുഴുക്ക്... അങ്ങനെ നാക്കില്‍ വെള്ളമൂറുന്ന ഒരുപാട് നാടന്‍ വിഭവങ്ങളുടെ പാചക രീതി. അതാണ് അടുക്കളത്തളം. ബിന്ദുവിന്‍െ 'മനസ്സിന്റെ യാത്ര' എന്ന മറ്റൊരു ബ്ലോഗ് നേരത്തെ ഈ പംക്തിയില്‍ പരിചയപ്പെടുത്തിയിരുന്നു.
വി.കെ. അബ്ദു
vkabdu@gmail.com
*****
നെറ്റിലെ പുതിയ തരംഗമായി 'ഗൂഗിള്‍ വേവ്'
പുത്തന്‍ സങ്കേതങ്ങള്‍ കെണ്ട് വെബ് ലോകത്തെ കീഴടക്കിയ ഗൂഗിളിന്റെ പുതിയ സേവനമായ ഗൂഗിള്‍ വേവിന് തുടക്കമായി. ഇ^മെയില്‍, ചാറ്റ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്, ബ്ലോഗ്, ഫോട്ടോ^വിഡിയോ ഷെയറിംഗ്, വിക്കി തുടങ്ങിയ സേവനങ്ങള്‍ മുഴുക്കെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള പുതിയൊരു പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ വേവിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഇന്റര്‍നെറ്റ് സേവന രംഗത്ത് ഇത് പ്രചാരത്തിലെത്തുന്നതോടേ ആശയ വിനിമയ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടം തന്നെ സംഭവിക്കുമെന്നാണ് നീരീക്ഷകര്‍ കണക്കാക്കുന്നത്. പരമ്പരാഗത ഇ^മെയില്‍ സംവിധാനത്തെ പുറംതള്ളാന്‍ ഗൂഗിള്‍ വേവിനു കഴിയുമൊണ് കമ്പനിയുടെ അവകാശവാദം. കഴിഞ്ഞ മെയ് അവസാന വാരത്തില്‍ ഗൂഗിള്‍ തങ്ങളുടെ ആസ്ഥാനത്ത് പുതിയ സംരഭത്തെ പരിചയപെടുത്തി. 'തല്‍സമയ വ്യക്തിഗത ആശയവിനിമയവും ഒത്തുചേരലിന്റെ ഉപകരണവു'മെന്നാണണ് ഗൂഗിള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
പഴയ ഇ^മെയില്‍ സേവനം ഒരു പോസ്റ്റ് കാര്‍ഡില്‍ കത്തെഴുതുന്നത് പോലെത്തന്നെയല്ലേ എന്നാണ് ഗൂഗിള്‍ ചോദിക്കുന്നത്. ഒരാള്‍ എഴുതുന്നു, പിന്നീട് മറുപടി ലഭിക്കുന്നു എന്ന രീതി. ഇതില്‍ നിന്ന് തീര്‍ത്തും വിത്യസ്തമായ ഇ^മെയില്‍ അനുഭവമായിരിക്കും ഗൂഗിള്‍ വേവ് അവതരിപ്പിക്കുന്നത്. സന്ദേശങ്ങളും മറ്റും തല്‍സമയം പങ്കുവെക്കന്ന രീതിയാണ് ഇതില്‍ അനുവര്‍ത്തിക്കുന്നത്. ഒരാള്‍ ഒരു സന്ദേശമോ ഡോക്യുമെന്റോ മറ്റോ ഗൂഗിള്‍ വേവ് മുഖേന സമര്‍പ്പിക്കുന്നു. തുടര്‍ന്ന് ആര്‍ക്കെല്ലാം അതു പങ്കുവക്കണമെന്ന് തീരുമാനിക്കുന്നു. കൂട്ടുകാരെല്ലാം പലസമയത്തായി മറുപടി നല്‍കും. അതു വെറും ടെക്സ്റ്റാവാം. അതല്ലെങ്കില്‍ വീഡിയോ, ഇമേജ്, പി.ഡി.എഫ് തുടങ്ങിയ മറ്റു ഫോര്‍മാറ്റുകളിലുള്ളവയുമാവാം. കൂട്ടുകാര്‍ ഒരോരുത്തരും പറഞ്ഞ അഭിപ്രായങ്ങളും പുതിയ അഭിപ്രായങ്ങളോട് മറ്റുള്ളവരുടെ പ്രതികരണങ്ങളും തല്‍സമയം ഗൂഗിള്‍ വേവ് നമുക്കു നല്‍കുന്നു. പിന്നീട് ആവശ്യപ്പെടുന്ന ഏതു സമയത്തും ഇവയൊക്കെ സമയാധിഷ്ഠിതമായി നമുക്കു മുമ്പില്‍ അവതരിപ്പിക്കാനും വേവിനു കഴിയും.
ഇതിനകം ഏറെ പ്രചാരത്തിലെത്തിയ ഗൂഗിള്‍ മാപ്പിന്റെ നിര്‍മ്മാതാക്കളായ റാസ്സ്മുസ്സെന്‍ സഹോദരങ്ങളാണ് ഗൂഗിള്‍ വേവിന്റെയും നിര്‍മ്മാതാക്കള്‍. ഈ പുതിയ സങ്കേതം പരീക്ഷണ ഘട്ടത്തിലാണിപ്പോള്‍. ആഗോളതലത്തില്‍ തന്നെ ഒരു ലക്ഷം നെറ്റ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ഈ സേവനം ലഭ്യമാക്കിയിട്ടുള്ളൂ. ഇനി കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ഈ വര്‍ഷാവസാനം ഗൂഗിള്‍ വേവ് എല്ലാവര്‍ക്കുമായി ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. നിലവില്‍ വേവ് സേവനം ലഭ്യമാക്കാനും പരീക്ഷണത്തില്‍ പങ്കാളികളാകാനും ഗൂഗിള്‍ തന്നെ ചില മാള്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. www.wave.google.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കലാണ് ഒന്നാമത്തെ മാര്‍ഗ്ഗം. താങ്കള്‍ക്ക് ഈ സേവനം ലഭ്യമല്ല എന്ന സന്ദേശമായിരിക്കും മിക്കപ്പോഴും ലഭ്യമാവുന്നത്. അതേസമയം ഗൂഗിള്‍ തന്നെ തിരഞ്ഞെടുത്ത ഒരു ലക്ഷം പേര്‍ക്ക് നിശ്ചിത എണ്ണം ഉപയോക്താക്കളെ ഇന്‍വൈറ്റ് ചെയ്തു സേവനത്തില്‍ പങ്കാളികളാക്കാന്‍ സംവിധാനമുണ്ട്. ജിമെയിലിന്റെ തുടക്കത്തില്‍ ഗൂഗിള്‍ നടത്തിയ പരീക്ഷണത്തിന് സമാനമായ ഒരു രീതിയാണിത്.
ജുനൈദ് ഇരുമ്പുഴി
junaidck07@gmail.com
======================