Thursday, April 15, 2010

ഇന്‍ഫോമാധ്യമം (438) - 22/03/2010



നെറ്റില്‍ ബലി കഴിക്കപ്പെടുന്ന കൌമാരങ്ങള്‍-2

ഒളിഞ്ഞിരിക്കുന്നു, അപായങ്ങള്‍...


ഗള്‍ഫില്‍ നിന്ന് ഇന്റര്‍നെറ്റ് വഴി (VOIP) നാട്ടിലേക്ക് ഫോണ്‍ ചെയ്യാനുള്ള നിരക്ക് വളരെ കുറവായതും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അധികം പണച്ചിലവില്ലാതെ ഗള്‍ഫില്‍ ആര്‍ക്കും എളുപ്പത്തില്‍ സംഘടിപ്പിക്കാനാവുമെന്നതുമാണ് ഇത്തരം വൃത്തികേടുകള്‍ മലയാളി കുടുബംങ്ങളില്‍ വ്യാപിക്കാനിടയായതിന്റെ പ്രധാന കാരണം. ഗള്‍ഫിലെ 'ബാച്ചിലേഴ്സ്
റൂമു'കളില്‍ ഇന്റര്‍നെറ്റിലൂടെയുള്ള ആഭാസത്തരങ്ങള്‍ നിത്യകാഴ്ചയായി മാറുന്നുവെന്നതും ഞെട്ടിക്കുന്ന സത്യമാണ്. നെറ്റ് വഴി ഫോണ്‍ ചെയ്യാനുള്ള സൌകര്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി എട്ടും പത്തും ആളുകള്‍ താമസിക്കുന്ന റൂമുകളില്‍ എല്ലവരും ചേര്‍ന്ന് വാങ്ങുന്ന കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഫലത്തില്‍ ഒരു പബ്ലിക് കമ്പ്യുട്ടര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരാളുടെ ആവശ്യം കഴിഞ്ഞാല്‍ അടുത്തയാള്‍. ആദ്യം ഉപയോഗിച്ച ആള്‍ ഡൌണ്‍ലോഡ് ചെയ്തതും അപ്ലോഡ് ചെയ്തതും ഓപ്പണ്‍ ചെയ്തതുമായ എല്ലാ ഫയലുകളും അടുത്ത് വരുന്ന ആളുകള്‍ക്ക് കൃത്യമായി കണാനാവുമെന്നത് വളരെ ഗൌരവത്തോടെ മനസ്സിലാക്കേണ്ടതാണ്. ഒരിക്കല്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ ഫോര്‍മാറ്റ് ചെയ്ത ഹാര്‍ഡ് ഡിസ്കുകളില്‍ നിന്നുപോലും വീണ്ടും റിക്കവര്‍ ചെയ്യാനാവുമെന്നത് വിസ്മരിച്ചുകൂടാ. പെണ്‍കുട്ടികള്‍ ഫോട്ടോ കൈമാറുന്നത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ബാച്ചിലേഴ്സ് റൂമുകളില്‍ വളരെ കൂടുതലാണ്.

ഗള്‍ഫ് നാടുകളിലെ പരിമിതമായ ഫ്ലാറ്റ് സൌകര്യങ്ങളില്‍, ഒരു മലയാളി കുടുംത്തില്‍ രണ്ടോ മൂന്നോ കുട്ടികളുണ്ടെങ്കില്‍ ഇതില്‍ ചെറിയ കുട്ടി മിക്കവാറും മാതാപിതാക്കളോടൊപ്പമായിരിക്കും കിടന്നുറങ്ങുന്നത്. ഏറ്റവും മുതിര്‍ന്ന കുട്ടിയും അതിന് താഴെയുള്ള കുട്ടികളും കിടക്കുന്നത് മിക്കവാറും മറ്റൊരു രൂമിലായിരിക്കും. അതേ റൂം തന്നെയായിരിക്കും കുട്ടികള്‍ക്ക് പഠിക്കുന്നതിനും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനും സൌകര്യപ്പെടുത്തിയിട്ടുണ്ടാവുക. നാട്ടിലാണെങ്കില്‍ പൊതുവെ കണ്ടുവരുന്ന രീതിയനുസരിച്ച് കുട്ടികള്‍ ഒറ്റക്ക് ഒരു റൂമില്‍ കിടക്കുന്നതിന് പകരം കുടുംബത്തിലെ പ്രായമായ മറ്റ് അംഗങ്ങള്‍ക്കൊപ്പമായിരിക്കും. ഗള്‍ഫ് നാടുകളില്‍ കുട്ടികള്‍ക്ക് ഒറ്റക്ക് ഒരു റൂമില്‍ വാതിലടച്ച് ഉറങ്ങുകയോ പഠിക്കുകയോ ആണെന്ന് മാതാപിതാക്കളെ ധരിപ്പിച്ച് ആരെയും പേടിക്കാതെ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിച്ച് ചാറ്റ് ചെയ്യാനാവുന്നതും ആ ബന്ധം വളര്‍ന്ന് കുട്ടികള്‍ അശ്ലീലതകളുടെ കൊടുമുടിയിലെത്തി ചാറ്റിംഗ് പങ്കാളിയുടെ ചൂടേറിയ ചാറ്റിംഗ് കസര്‍ത്തുകളില്‍ ആവേശം പൂണ്ട് സ്വന്തം ശരീരത്തില്‍ അശ്ലീലതയുടെ ആഭാസത്തരങ്ങള്‍ പരീക്ഷിച്ച് പങ്കാളിയെയും സ്വന്തത്തേയും സംതൃപ്തിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ സൌദിയിലെ മലയാളി കുടംങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ കുട്ടികള്‍ ആറാം ക്ലാസിനും അതിന് മുകളിലെ ക്ലാസ്സുകളില്‍ പഠിക്കുന്നവരാണെന്നത് വിഷയത്തിന്റെ ഗൌരവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പെണ്‍കുട്ടികളെപ്പോലും നെറ്റിലൂടെയും മൊബൈലിലൂടെയുമുള്ള സെക്സിന്റെ അതിപ്രസരം കീഴ്പ്പെടുത്തിയിരിക്കുന്നു എന്നത് ലാഘവത്തോടെ കണ്ടുകൂടാ.

സ്കൂളിലും കോളേജിലും പോകുന്ന കുട്ടികള്‍ അശ്ലീല പ്രസിദ്ധീകരണങ്ങള്‍ നാലോ ആറോ ആയി മടക്കി അരയിലോ പുസ്തകങ്ങള്‍ക്കിടയിലോ ഒളിപ്പിച്ച് ആരും കാണാതെ കൂട്ടുകാര്‍ക്ക് കൈമാറി പിന്നീട് ആളൊഴിഞ്ഞ പറമ്പിലോ അല്ലങ്കില്‍ വീട്ടില്‍ പഠിക്കാനിരിക്കുന്ന സമയത്ത് പുസ്തകങ്ങള്‍ക്കുള്ളില്‍ തുറന്ന് വെച്ചോ വായിച്ച് രസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്റര്‍നെറ്റില്‍ വ്യാപനത്തോടെ ഇന്ന് ഇങ്ങനെയൊന്നും പ്രയാസപ്പെടേണ്ട അവസ്ഥ പുതിയ തലമുറക്കില്ല. പലതരം മെയിലിംഗ് ഗ്രൂപ്പുകളും വെബ്സൈറ്റുകളും ഇവ സൌജന്യമായിതന്നെ പ്രചരിപ്പിക്കുന്നു. അതിനാല്‍ തന്നെ കമ്പ്യൂട്ടര്‍ പഠിക്കുന്നുവെന്ന വ്യാജേന കുട്ടികള്‍ ഇത്തരം അശ്ലീലതകള്‍ വായിക്കുതിനും ഹരം പിടിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നതിനും അശ്ലീല ടെലിഫോണ്‍ സംഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും നെറ്റിലെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിവരുന്നു. ഇത്തരം അശ്ലീലതകള്‍ കുട്ടികള്‍ സ്കൂളുകളിലും കോളേജുകളിലും വെച്ച് സി.ഡിയിലും ഫ്ളാഷ് മെമ്മറികളിലുമായി കൈമാറ്റം ചെയ്തിരുന്നത് സ്കൂള്‍ കോളേജ് അധികാരികളുടെ ഇടപെടല്‍ മൂലം തടസ്സപ്പെട്ടപ്പോള്‍ അതിനേക്കാള്‍ സുരക്ഷിതമായി അവര്‍ ഇ^മെയിലിലൂടെ കൈമാറ്റം ചെയ്ത്കൊണ്ടിരിക്കുന്നു. ഇതിന് പല രീതികളാണ് സാധാരണയായി ഇക്കൂട്ടര്‍ സ്വീകരിച്ചുവരുന്നത്. ഹെഡ്ഫോണ്‍ ഉപയോഗിച്ച് പങ്കാളി പറയുന്നത് കേട്ട് ടൈപ്പ് ചെയ്ത് കൊണ്ട് മറുപടി നല്‍കുന്നതാണ് ഒരു രീതി. തിരിച്ച് മൈക്കിലൂടെ മറുപടി പറയുമ്പോള്‍ ശബ്ദം വീട്ടിലുള്ളവര്‍ കേള്‍ക്കാതിരിക്കുതിന് വേണ്ടിയാണിത്. ഇതാവട്ടെ രക്ഷിതാക്കള്‍ തൊട്ടടുത്ത് ഇരിക്കുമ്പോള്‍ പോലും ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഏറെ രസാവഹം. പഠനത്തിനിടക്ക് ചെറിയൊരു വിനോദം. കമ്പ്യുട്ടര്‍ പഠിക്കുന്നതിനോടൊപ്പം ഒരല്‍പ സമയം സംഗീതം കേള്‍ക്കുന്നു. തൊട്ടടുത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ശല്യമുണ്ടാകാതിരിക്കാനായി ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നു എന്നൊക്കെ രക്ഷിതാക്കളെ ധരിപ്പിച്ചാണ് ഇക്കൂട്ടര്‍ ഇത് നടത്തുന്നത്.

ടെക്സ്റ്റ് ടു ടെക്സ്റ്റ് ചാറ്റിംഗാണ് മറ്റൊരു രീതി. ചാറ്റ് അംഗങ്ങളില്‍ ഒരാള്‍ക്കും സംസാരിക്കാന്‍ പറ്റാത്ത സന്ദര്‍ഭത്തില്‍ സുരക്ഷിത രീതിയായി കീബോര്‍ഡില്‍ ടൈപ് ചെയ്ത് കൊണ്ട് ചാറ്റ് ചെയ്യുന്ന ഈ സംവിധാനം ധാരാളം കുട്ടികള്‍ ഉപയോഗപ്പെടുത്തി വരുന്നു. മൊബൈലില്‍ നിന്ന് കമ്പ്യൂട്ടറിലേക്കും കമ്പ്യുട്ടറില്‍ നിന്ന് കമ്പ്യൂട്ടറിലേക്കും മൊബൈലില്‍ നിന്ന് മൊബൈലിലേക്കും വീഡിയോ ചാറ്റിംഗോ ടെക്സ്റ്റ് ചാറ്റിംഗോ വോയ്സ് ചാറ്റിംഗോ നടത്താന്‍ കഴിയുന്ന നൂതന സംവിധാനമാണ് ഈ രംഗത്തെ ഏറ്റവും പുതിയ രീതി. കമിതാക്കള്‍ യാത്രയിലായിരിക്കുമ്പോഴോ അല്ലങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലോ ഇക്കൂട്ടര്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ രീതി.

(തുടരും)

ഗഫൂര്‍ കൊണ്ടോട്ടി
gafoorkondotty@gmail.com
*****

ഗൂഗിള്‍ മാപ്പില്‍ ഇനി ഫ്ലൈറ്റുകളും ലൈവായി കാണാം

ആകാശത്ത് പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം ഇനി ലൈവായി കണ്ടുപിടിക്കാന്‍ സാധിച്ചാലോ? ഗൂഗിള്‍ മാപ്പാണ് ഈ സൌകര്യം നമുക്കൊരുക്കിത്തരുന്നത്. വിമാനങ്ങളുടെ തല്‍സമയ സ്ഥാനം ഗൂഗിള്‍ മാപ്പില്‍ അടയാപ്പെടുത്തി ഇത്തരമൊരു പദ്ധതി ആദ്യം പ്രാവര്‍ത്തികമാക്കിയത് നെതര്‍ലാന്റാണ്. മാസദങ്ങള്‍ക്കകം ലോകമെങ്ങും അനുകരിച്ചേക്കാവുന്ന ഈ പദ്ധതി നേരിട്ടുകാണാന്‍ www.casper.fronteir.nl എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ആംസ്റ്റര്‍ഡാം വിമാനത്താവളത്തിലേക്കും അവിടുന്ന് പുറത്തേക്കും പോകുന്ന വിമാനങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ലൈവായി അവതരിപ്പിക്കുകയാണ് ഈ വെബ്സൈറ്റ്. ഓരോ വിമാനവും എവിടെയെത്തിയെന്ന് ഇതിലൂടെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ചലിക്കുന്ന വിമാനത്തില്‍ മൌസ് ബട്ടണ്‍ ക്ലിക് ചെയ്താല്‍ ഫ്ളൈറ്റ് നമ്പര്‍, വേഗത, ദിശ, എത്ര ഉയരത്തിലാണ് പറക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം ലഭിക്കുന്നു. ഇടതുവശത്തു കാണുന്ന ബോക്സില്‍ വിമാനത്തിന്റെ ചിത്രവും ലഭിക്കും.

ഓരോ എയര്‍ലൈന്‍ കമ്പനികളുടെയും വിമാനങ്ങള്‍ വ്യത്യസ്ത നിറങ്ങളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നിറം വേണമെങ്കില്‍ നമുക്ക് മാറ്റുകയുമാവാം. എയര്‍ലൈന്‍ കമ്പനിയുടെയോ ട്രാവല്‍ ഏജന്‍സികളുടെയോ അന്വേഷണ വിഭാഗത്തിന്റെ ഔദാര്യത്തിന് കാത്തുനില്‍ക്കാതെ ഈ വെബ്സൈറ്റ് നോക്കി നമുക്കിനി യാത്രക്കാരെ സ്വീകരിക്കാനും മറ്റും കൃത്യ സമയത്തുതന്നെ എയര്‍പോര്‍ട്ടിലെത്താം. വിമാനത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ യാത്ര മസസ്സിലാക്കാനുള്ള ആര്‍ക്കൈവും ഇതിലുണ്ട്. ദിവസവും സമയവും നല്‍കിയാല്‍ ആ സമയത്ത് ഏതൊക്കെ ഫ്ളൈറ്റുകള്‍ എങ്ങോട്ടൊക്കെ പറന്നു കൊണ്ടിരുന്നു എന്നും മനസ്സിലാക്കാം.

ഫൈറൂസ് ഒ.കെ
fairoos.ok.kuttiady@gmail.com
===================

No comments:

Post a Comment

സന്ദര്‍ശകര്‍ ഇതുവരെ...