Monday, October 06, 2008

ഇന്‍ഫോമാധ്യമം (377) - 29/10/2008

മൊബൈല്‍ ഫോണില്‍ പതിയിരിക്കുന്ന അപകടങ്ങള്‍

ഹംസ അഞ്ചുമുക്കില്‍
hamza@britco.co.in

മൊബൈല്‍ ഫോണ്‍ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ ഇന്ന് മൊബൈല്‍ ഫോണിന്റെ വലയത്തിലാണ്. മനുഷ്യരെ പരസ്പരം ബന്ധപ്പെടുത്താനും സ്നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഇതുപകരിക്കും. അതേസമയം മൊബൈല്‍ ഫോണിനെ വെറും ഫോണ്‍ മാത്രമായിട്ടല്ല ഇന്ന് ഉപയോഗിക്കുന്നത്. കാമറയും മ്യൂസിക് പ്ലേയറും വീഡിയോ പ്ലേയറും ഫോട്ടോ വ്യൂവറുമൊക്കെ ഫോണില്‍ ചേക്കേറിയതോടെ അതിന്റെ അപകട സാധ്യത വര്‍ദ്ധിച്ചിരിക്കയാണ്. സാധാരണ കാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ അത് സ്റ്റൂഡിയോകളില്‍ കൊണ്ടുപോയി ഡവലപ് ചെത്ത് പ്രിന്റ് എടുക്കേണ്ടതുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ ക്യാമറയുടെ കാര്യത്തില്‍ ഇത് ബാധകമല്ല. ഫോണിലെ കാമറ ഉപയോഗിച്ച് ഏത് തരം ചിത്രങ്ങളെടുക്കാനും ഫോണിലെ മെമ്മറിയില്‍ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ സ്വകാര്യമായി കാണാനും ഒക്കെ ഇന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും പ്രയാസമില്ല. ഇവിടെയാണ് മൊബൈല്‍ ഫോണിലെ അപകടം പത്തി വിടര്‍ത്തുന്നത്.

ഈ അടുത്തക്കാലത്ത് കേരളത്തിലെ ഒരു സ്കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടൂ വിദ്യാര്‍ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിച്ചപ്പോള്‍ നൂറില്‍ പത്ത് പേരുടെ ബാഗിലും ബുക്കിനുള്ളിലും നീല ചിത്രങ്ങളടങ്ങിയ സി.ഡിയും മെമ്മറി കാര്‍ഡുകളും കണ്ടെത്തികയുണ്ടായി. രക്ഷിതാക്കളെ ഒന്നടങ്കം അലോസരപ്പെടുത്തുന്ന വാര്‍ത്തയാണിത്. ഇനിയിപ്പോള്‍ കുട്ടികളുടെ ബാഗും സ്കൂള്‍ പുസ്തങ്ങളും ആഴചയിലൊരു തവണയെങ്കിലും പരിശോധിക്കേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയായിരിക്കയാണ്. മൊബൈല്‍ ഫോണും ഈ രീതിയില്‍ പരിശോധിക്കേണ്ടതുണ്ട്. ഇടക്കിടെ കുട്ടികളുടെ ഫോണിലെ നമ്പറുകള്‍ നോട്ട് ചെയ്യണം. കൂടുതല്‍ പ്രാവശ്യം ഡയല്‍ ചെയ്ത ഔട്ട്ഗോയിംഗ് നമ്പറും ഇന്‍കമിംഗ് നമ്പറും പ്രത്യേകം കുറിച്ച് വെക്കണം. ചിലപ്പോള്‍ ഇത്തരം നമ്പറായിരിക്കാം നിങ്ങളുടെ കുട്ടിയുടെ ഭാവി തകര്‍ക്കുന്നത്. ഒരുവേള ഈ നമ്പറുകള്‍ അവന്റെ ജീവന്‍ തന്നെ അപകടപ്പെടുത്തിയേക്കാം. തുടക്കത്തില്‍ തന്നെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടിവരില്ല. നിങ്ങളുടെ രക്ഷാകര്‍തൃത്വത്തില്‍ വളരുന്ന മകള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നത് ആക്ഷേഷപാര്‍ഹമല്ല. അതേസമയം നിങ്ങളുടെ നിയന്ത്രണം ഇല്ലാതായാല്‍ പിന്നെ ഫോണിന്റെ ഉപയോഗത്തിലും നിയന്ത്രണമുണ്ടാവില്ല.

കമ്പ്യൂട്ടറില്ലാത്ത വീട് ഇന്ന് അപൂര്‍വമായിരിക്കുന്നു. ഇവിടെയും ഒരുപാട് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതുണ്ട്. വീട്ടിലെ കമ്പ്യൂട്ടറും ടി.വിയും എല്ലാവരും കാണുന്ന സ്ഥലത്ത് സ്ഥാപിക്കുക. പല വീടുകളിലും കമ്പ്യൂട്ടറും ടെലിവിഷനുമൊക്കെ കുട്ടികളുടെ കിടപ്പറയിലും മറ്റും വെക്കാറുണ്ട്. ഇത് ചിലപ്പോള്‍ വലിയ ദുരന്തങ്ങള്‍ക്ക് തന്നെ വഴിയൊരുക്കുമെന്ന് ഓര്‍ക്കുക. കുട്ടികളുടെ മുറികളും ഇടക്ക് രക്ഷിതാക്കള്‍ പരിശോധിക്കണം. സി.ഡി. മാത്രമല്ല നീല പുസ്തകങ്ങളും ഫോട്ടോകളും കൌമാരക്കാര്‍ക്കിടയില്‍ ഏറെ വ്യാപകമായിരിക്കയാണ്.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജികളുടെ വളര്‍ച്ച നമ്മുടെ സങ്കല്‍പത്തിനൊക്കെ അപ്പുറത്താണ്. ടെക്നോളജിയുടെ വളര്‍ച്ചക്കൊപ്പം ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും നാം കേള്‍ക്കുന്നു. ഫോണിലും അതിന്റെ മെമ്മറി കാര്‍ഡിലും സൂക്ഷിക്കുന്ന ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്താലും ഫോര്‍മാറ്റ് ചെയ്താലും നല്ലൊരു കമ്പ്യൂട്ടര്‍ വിദഗ്ധരുടെ കൈയില്‍ ലഭിച്ചാല്‍ അവ വീണ്ടെടുക്കാനാവുമെന്നത് നാം അറിഞ്ഞിരിക്കണം. നാം സൂക്ഷിച്ചതും റെക്കോര്‍ഡ് ചെയ്തതുമായ വിഡിയോ ക്ലിപ്പുകള്‍, ഫോട്ടോ എന്നിവ ഉള്‍പ്പെടുന്ന എല്ലാ ഡാറ്റകളും ഒരു ടെക്നീഷ്യന് ഈ രീതിയില്‍ തിരിച്ചടുക്കാന്‍ കഴിയുമെന്നത് സാധാരണക്കാര്‍ മനസിലിക്കിയിട്ടില്ല. മൊബൈല്‍ ഫോണിലൂടെ നിങ്ങളെടുക്കുന്ന ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ ഏറെ ആവശ്യക്കാരുണ്ടെന്ന് ഓര്‍ക്കുക. ചിലപ്പോള്‍ സ്വകാര്യതയില്‍ കേവലമൊരു തമാശക്കായി നിങ്ങള്‍ സ്വയം പകര്‍ത്തുന്ന നഗ്ന ചിത്രങ്ങള്‍ ലോകത്തൊന്നാകെ പ്രചരിക്കുന്നുവെങ്കില്‍ അതിനുത്തരവാദി നിങ്ങള്‍ തന്നെയായിരിക്കും. കമ്പ്യൂട്ടറിലെ ഡിലീറ്റ് ചെയ്യപ്പെട്ട ഡാറ്റകള്‍ തിരിച്ചെടുക്കാന്‍ ഡാറ്റ റിക്കവറി സോഫ്റ്റ്വെയര്‍ എന്ന പേരില്‍ ധാരാളം ടൂളുകളുണ്ട്. ഇത് തന്നെയാണ് മൊബൈല്‍ ഫോണിലും വില്ലനാവുന്നത്. നിങ്ങളുടെ ഫോണില്‍ എല്ലാം ഒളിഞ്ഞ് കിടക്കുന്നുവെന്ന് ഇടക്ക് ഫോണിന്റെ മോഡല്‍ മാറ്റുന്നവരും ഫോണ്‍ വില്‍ക്കുന്നവരും കരുതിയിരിക്കുക. ആര്‍ക്കും ഒന്നും മറച്ച് വെക്കാനാവാത്ത കാലമാണിത്. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും റിപ്പയര്‍ ചെയ്യാന്‍ ഏല്‍പ്പിക്കുന്ന ടെക്നീഷ്യന്‍മാരെയും സൂക്ഷിക്കുക. അവര്‍ നിങ്ങളെ വിറ്റ് കാശാക്കും. ഫോട്ടോകള്‍ ഫോണിലെ മെമ്മറി കാര്‍ഡില്‍ മാത്രം സൂക്ഷിക്കുക. ഫോണ്‍ വില്‍ക്കുമ്പോള്‍ മെമ്മറി കാര്‍ഡ് വില്‍ക്കാതിരിക്കുക. സ്വയം ഉപയോഗിക്കുക അല്ലങ്കില്‍ നശിപ്പിക്കുക.
*****

വെബില്‍ സ്വാധീനമുറപ്പിക്കുന്ന മാഷ് അപ്പുകള്‍

മനോജ് കുമാര്‍ എ.പി.

jalakapazhuthukaliloode.blogspot.com

ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതിനുള്ള ജനപ്രിയ സൈറ്റായ ഫ്ലിക്കറിന്റെ (flickr.com) എ.പി.ഐ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച മാഷ് അപ്പ് സൈറ്റാണ് flickrvision.com. ഗ്ലോബിന്റെ മാതൃകയിലാണ് സൈറ്റില്‍ ഫ്ലിക്കര്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിക്കി മാതൃകയില്‍ തീര്‍ത്ത wikicrimes.com ഉപയോഗിച്ച് വ്യക്തികള്‍ക്ക് ഇന്റര്‍നെറ്റിലൂടെ കുറ്റ കൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരമൊരുക്കിയിരിക്കുന്നു. ഇതിന് സൈറ്റിലെ ഗൂഗിള്‍ മാപ്പില്‍ ഒരു പിന്‍ ചേര്‍ക്കുകയേ വേണ്ടൂ. വാര്‍ത്താധിഷ്ഠിതമായ നല്ലൊരു മാഷ് അപ്പ് സൈറ്റാണ് digg.com. ഇതര വാര്‍ത്താ സൈറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കുകയാണ് സൈറ്റ് ചെയ്യുന്നത്. ബിസിനസ് സ്ഥാപനങ്ങള്‍ക്കും മറ്റും വെബ് ആപ്ലിക്കേഷനുകളുണ്ടാക്കാന്‍ എളുപ്പമാക്കിയിരിക്കയാണ് മാഷ് അപ്പുകള്‍. ബ്ലോഗിംഗ് പോലെ മാഷ് അപ്പുകള്‍ എന്ന പുതിയ തലമുറ വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പുതിയൊരു രൂപം നല്‍കി നെറ്റില്‍ സ്വാധീനമുറപ്പിക്കുകയാണ്.

*****

ബ്ലോഗ് ആകര്‍ഷകമാക്കാന്‍

ഷബീര്‍ മാളിയേക്കല്‍
shabeeribm.blogspot.com

നമ്മുടെ ബ്ലോഗ് സൈറ്റില്‍ വരുന്ന സന്ദര്‍ശകരുടെ എണ്ണം മനസ്സിലാക്കാന്‍ വെബ് കൌണ്ടറുകളുപയോഗിക്കാം. ഈ ഇനത്തിലെ സേവനം സൌജന്യമായി നല്‍കുന്ന വെബ്സൈറ്റാണ് www.amazingcounters.com. വ്യത്യസ്ത തരത്തിലെ കൂണ്ടറുകള്‍ ഇവിടെ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അതുപോലെ നമ്മുടെ ബ്ലോഗില്‍ ആരെല്ലാം, എവിടെ നിന്നൊക്ക വന്നുവെന്നറിയാന്‍ സഹായിക്കുന്ന വിഡ്ജറ്റാണ് ലൈവ് ഫീഡ്. www.feedjit.com എന്ന സൈറ്റില്‍ നിന്ന് ഈ സംവിധാനവും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. ബ്ലോഗ് നിര്‍മ്മാണത്തിന് ഗൂഗിള്‍ തരുന്ന മാതൃകാ പേജിന് (Template) പുറമെ വേറെയും മാതൃകകള്‍ ബ്ലോഗിലുപയോഗിക്കാവുന്നതാണ്. www.finalsense.com പോലുള്ള ഒട്ടേറെ സൈറ്റുകള്‍ ഇത്തരം മാതൃകാ പേജുകള്‍ സൌജന്യമായി നല്‍കുന്നുണ്ട്. www.ente^notebook.blogspot.com എന്ന ബ്ലോഗ് ഈ ഇനത്തിലെ സേവനം പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചതാണ്.

*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

ആവര്‍ത്തനപ്പട്ടിക

നിങ്ങളൊരു രസതന്ത്ര വിദ്യാര്‍ത്ഥിയാണോ? രസതന്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിച്ചു കൂടാനാവാത്തതാണല്ലോ ആവര്‍ത്തനപ്പട്ടികയും ((Periodic Table) അതുമായി ബന്ധപ്പെട്ട മറ്റു പാഠഭാഗങ്ങളും. മൂലകങ്ങളുടെ ആവര്‍ത്തക സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ഗീകരണമാണ് ആവര്‍ത്തക വര്‍ഗീകരണമെന്നും അവയുടെ അറ്റോമിക സംഖ്യയെയും ഇലക്ട്രോ വിന്യാസത്തെയും ആസ്പദമാക്കിയാണ് ആധുനിക ആവര്‍ത്തനപ്പട്ടിക തയ്യാര്‍ ചെയ്യപ്പെട്ടിട്ടുള്ളതുെം നിങ്ങള്‍ക്കറിയാമല്ലോ. മൂലകങ്ങളുടെ വ്യത്യസ്ത സ്വഭാവങ്ങളെക്കുറിച്ചും അവയുടെ അടിസ്ഥാനത്തില്‍ ആവര്‍ത്തനപ്പട്ടികയില്‍ ഓരോന്നിനും അനുവദിക്കപ്പെട്ട സ്ഥാനങ്ങളെക്കുറിച്ചും മറ്റുമുള്ള പഠനം മിക്ക കുട്ടികള്‍ക്കും ഭയങ്കര കണ്‍ഫ്യൂഷനുണ്ടാക്കുന്നതും അതുകൊണ്ടുതന്നെ മുഷിപ്പുളവാക്കുന്നതുമാണ്. പക്ഷെ ആവര്‍ത്തനപ്പട്ടികയെ മനോഹരമായ വര്‍ണ്ണ ചിത്രങ്ങളടങ്ങിയ ഒരു കോമിക് പുസ്തകമായി സങ്കല്‍പ്പിച്ചുനോക്കൂ. അതു വായിക്കാന്‍ എന്തു രസമായിരിക്കും..! നിങ്ങളുടെ കണ്‍ഫ്യൂഷന്‍ തീരുമെന്നു മാത്രമല്ല വായിക്കുമ്പോള്‍ മുഷിപ്പു തോന്നുകയേ ഇല്ല. അത്തരം എതാനും കോമിക് പുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ http://www.uky.edu/Projects/Chemcomics/ എന്ന വെബ്സൈറ്റിലുണ്ട്. അതിന്‍െര്‍ പേജുകളില്‍ കാണുന്ന ലീസ്റ്റില്‍ ഓരോ മൂലകങ്ങത്തെയും പ്രതിനിധാനം ചെയ്യുന്ന തമ്പ്നെയില്‍ ചിത്രങ്ങളില്‍ ക്ലിക് ചെയ്യുമ്പോള്‍ പുസ്തകത്തിന്റെ പേജുകള്‍ ഒന്നൊന്നായി അവയുടെ പൂര്‍ണ രൂപത്തില്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതു കാണാം. വായിച്ചാസ്വദിക്കാം . ആവര്‍ത്തനപ്പട്ടിക നിങ്ങളറിയാതെ മന:പ്പാഠമായിക്കൊള്ളും.

*****

ഇന്‍ഫോ ക്വിസ്

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com

1. സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് സ്ഥാപിതമായ വര്‍ഷം?
2. ഏലത്തിന്റെ 'ഇ^ലേലം' തുടങ്ങിയ തമിഴ്നാട്ടിലെ നഗരം?
3. ഇന്റര്‍നെറ്റിലൂടെ റിലീസായ ആദ്യത്തെ ഇന്ത്യന്‍ സിനിമ?
4. സൈബര്‍ ഗ്രാമീണ്‍ പദ്ധതി നടപ്പാക്കിയ സംസ്ഥാനം?
5. ഇന്ത്യയില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപിതമായത് എവിടെ?
6. ആപ്പിള്‍ കമ്പനി 2008 ജൂലൈയില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ എറ്റവും പുതിയ മൊബൈല്‍ ഫോണ്‍?
7. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് സഹായകമായ ഫര്‍ണീച്ചറുകളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
8. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓപറേറ്റിംഗ് സിസ്റ്റം?
9. ഇന്ത്യയിലെ ആദ്യത്തെ വ്യാവസായിക ഐ.ടി. നെറ്റ്വര്‍ക്ക്?
10. സ്മാര്‍ട്ട് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഓപറേറ്റിംഗ് സിസ്റ്റം?

ഉത്തരം

1. 1975
2. ബോഡിനായക്കനൂര്‍
3. വിവാഹ്
4. ആന്ധ്രാപ്രദേശ്
5. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (1956)
6. ഐഫോണ്‍
7. എര്‍ഗണോമിക്സ്
8. ആന്‍ഡ്രോയിഡ് (Android)
9. ഇന്തോനെറ്റ്
10. വിന്‍ഡോസ് മൊബൈല്‍
==========================================================================================

Tuesday, September 30, 2008

ഇന്‍ഫോമാധ്യമം (376) - 22/09/2008



ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

കേരളാ ഫാര്‍മര്‍ ഓണ്‍ലൈന്‍


പ്രമുഖ മലയാളം ബ്ലോഗര്‍മാരുടെ ഒരു ലീസ്റ്റ് തയ്യാറാക്കുകയാണെങ്കില്‍ അതിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചേക്കാവുന്ന പേരാണ് 'കേരള ഫാര്‍മര്‍' എന്ന പേരിലറിയപ്പെടുന്ന ചന്ദ്രശേഖരന്‍ നായരുടേത്. കര്‍ഷകര്‍ക്കിടയിലെ ഐ.ടി. വിദഗ്ധന്‍, ഐ.ടി. വിദഗ്ധര്‍ക്കിടയിലെ കര്‍ഷകന്‍ എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. സാധാരണ ഒരു ബ്ലോഗര്‍ എന്നതിലുപരിയായി നീതി തേടുന്ന കര്‍ഷകന്റെ ശക്തനായ വക്താവെന്ന നിലക്കും അറിയപ്പെടുന്ന ഈ അമ്പത്തിഒമ്പതുകാരനായ വിമുക്ത ഭടന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ കുട്ടായ്മയിലെ സക്രിയ സാന്നിധ്യമായും തിളങ്ങുന്നു. എസ്.എസ്.എല്‍.സി വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള ഇദ്ദേഹം സാങ്കേതിക രംഗത്ത് ഔപചാരിക വിദ്യാഭ്യാസ യോഗ്യതയൊന്നും നേടിയിട്ടില്ലെങ്കിലും ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ വൈഭവത്തോടെയാണ് ഇന്റര്‍നെറ്റില്‍ ഇടപെടുന്നത്. സ്വപ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ഇദ്ദേഹം ബ്ലോഗ് ലോകത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. ''കമ്പ്യൂട്ടറില്‍ പ്രാഥമിക ജ്ഞാനം പോലും ഇല്ലാതിരുന്നിട്ടും ലോകമെമ്പാടുമുള്ള ഐ.ടി. വിദഗ്ധരുടെ സഹായത്താല്‍ ഇന്ന് സാമാന്യം ഭേദപ്പെട്ട ഒരു വെബ്സൈറ്റ് വരെ പരിപാലിക്കത്തക്ക യോഗ്യത നേടിയെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നെറ്റിലൂടെ ഒരു കൈ സഹായം ഇതര കര്‍ഷകരിലെത്തിക്കാന്‍ ബൂലോകരുടെയെല്ലാം സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു''. തന്റെ ബ്ലോഗിനെസ്സംബന്ധിച്ച് ചന്ദ്രശേഖരന്‍ നായരുടെ കാഴ്ചപ്പാട് ഇതാണ്.

വേര്‍ഡ്പ്രസ്സില്‍ (wordpress.com) ബ്ലോഗ് ചെയ്തിരുന്ന ഇദ്ദേഹം അടുത്ത കാലത്താണ് http://keralafarmeronline.com എന്ന ഡൊമൈന്‍ നെയിം സ്വന്തമാക്കിയത്. ഇവിടെ മലയാളത്തിനു പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പോസ്റ്റുകള്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റ് പോലുള്ള ഐ.ടി. കുത്തകകളുടെ കടുത്ത വിമര്‍ശകനും ബദല്‍ സംവിധാനമായ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ പ്രചാരകനുമായ ഇദ്ദേഹം വെബ്സൈറ്റ് രൂപകല്‍പന ചെയ്തതും കമ്പ്യൂട്ടറില്‍ സംവദിക്കുന്നതുമെല്ലാം ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റം ആധാരമാക്കിയാണ്. ഈ മേഖലയിലെ FSF, SMC, SPACE, iLUG തുടങ്ങിയ കൂട്ടായ്മകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്റെ ബ്ലോഗിലൂടെയും സ്വതന്ത്ര സോഫ്റ്റ്വെയര്‍ കുട്ടായ്മക്ക് കരുത്ത് പകരുന്നു. 

വാര്‍ത്തകള്‍, കൃഷി, ഗ്നൂ-ലിനക്സ്, പലവക, മന്ത്രിമാര്‍ക്കുള്ള കത്തുകള്‍, റബ്ബര്‍, വിവരാവകാശം, സഹായം, സാങ്കേതികം എന്നിങ്ങനെ വ്യത്യസ്തമായ പേജുകളിലാണ് ബ്ലോഗ് പോസ്റ്റുകള്‍ വിന്യസിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ റബ്ബര്‍ കൃഷിയെസ്സംബന്ധിച്ച സമസ്ത വിവരങ്ങളും വിവിധ രീതികളില്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. കര്‍ഷകന് റബ്ബര്‍ ടാപ്പിംഗിനിടയിലോ പാടത്ത് നിന്നോ ലഭിക്കുന്ന വിവരങ്ങള്‍ മുഴുക്കെ ഈ ബ്ലോഗിലൂടെ അറിയാന്‍ സാധിക്കും. 'എഴുതാനും വായിക്കാനും' എന്ന പേജില്‍ കമ്പ്യൂട്ടറില്‍ മലയാളം യൂണികോഡ് ഇന്‍സ്റ്റാള്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന രീതിയും മറ്റും വിശദമായി വിവരിക്കുന്നത് തുടക്കക്കാരായ ബ്ലോഗര്‍മാര്‍ക്ക് അങ്ങേയറ്റം പ്രയോജനപ്പെടും.     
*****

മാഷ് അപ്പ് സൈറ്റുകള്‍

മനോജ് കുമാര്‍ എ.പി.
jalakapazhuthukaliloode.blogspot.com 


മറ്റുള്ള സൈറ്റുകളില്‍ നിന്ന് ഡാറ്റ സ്വീകരിച്ച് പുതിയ വെബ്സൈറ്റുകളുണ്ടാക്കുന്നതിനാണ് മാഷ് അപ്പ് (Mash Up) എന്ന് പറയുന്നത്. സംഗീത ലോകത്ത് നിന്ന് കടമെടുത്തതാണ് ഈ പദം. നിലവിലെ ട്രാക്കുകളില്‍ നിന്ന് പുതിയൊരെണ്ണം മിക്സ് ചെയ്തെടുക്കുന്നതിനാണ് അവിടെ ഈ പദം ഉപയോഗിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കുള്ള ഗൂഗിള്‍ മാപ്പ് അപ്ലിക്കേഷനുകളാണ് മാഷ് അപ്പുകളുടെ ഉത്തമ മാതൃകകള്‍. ഡാറ്റകള്‍ എ.പി.ഐ ഇന്റര്‍ഫേസിന്റെയോ വെബ് ഫീഡുകള്‍, സ്ക്രീന്‍ സ്ക്രാപ്പിംഗ് എന്നിവയുടെയോ സഹായത്തോടെ ലഭ്യമാക്കുകയാണ് ഈ പുതിയ തലമുറ വെബ്സൈറ്റുകള്‍ ചെയ്യുന്നത്. അതേസമയം ഇതര സൈറ്റുകളില്‍ നിന്ന് എംബെഡഡ് ചെയ്ത വീഡിയോ ചേര്‍ക്കുന്നത് മാഷ് അപ്പായി കണക്കാക്കാനാവില്ല. 

മാഷ് അപ്പിന് പ്രധാനമായും മൂന്ന് രീതികളാണുള്ളത്. നിലവിലെ സൈറ്റിന്റെ എ.പി.ഐ, ആര്‍.എസ്.എസ് ഫീഡ്, ആറ്റം ഫീഡ് എന്നിവ ഉപയോഗപ്പെടുത്തി ഡാറ്റ ലഭ്യമാക്കുന്നതാണ് ഒന്നാമത്തേത്. ഇതിനെ കണ്ടന്റ് സര്‍വീസ് നല്‍കുന്ന സൈറ്റെന്ന് വിശേഷിപ്പിക്കാം. മാഷ് അപ്പിലൂടെ ഉണ്ടാക്കുന്ന പുതിയ ആപ്ലിക്കേഷന്‍ സൈറ്റുകളാണ് രണ്ടാമത്തേത്. ഇതിനെ മാഷ് അപ്പ് സൈറ്റെന്ന് വിളിക്കുന്നു. മൂന്നാമത്തേത് ക്ലയന്റ് വെബ് ബ്രൌസറാണ്. ക്ലയന്റ് സൈഡ് പ്രോഗ്രാമിംഗ് ഭാഷ ഉപയോഗപ്പെടുത്തിക്കൊണ്ട് ബ്രൌസറിലൂടെ ഈ സൈറ്റുകള്‍ കാണാനാവും.

ഈ മൂന്ന് രീതികളനുവര്‍ത്തിച്ച് തയ്യാറാക്കുന്ന മാഷ് അപ്പ് സൈറ്റുകളെ പൊതുവായി മൂന്നിനമായി വേര്‍തിരിക്കാം. കണ്‍സ്യൂമര്‍, ഡാറ്റാ, ബിനിസസ് എന്നിവയാണവ. ആദ്യത്തേത് ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയ വെബ്സൈറ്റുകള്‍ തയ്യാറാക്കുന്നു. ഡാറ്റാ മാഷ് അപ്പുകള്‍ ഒരേതരത്തിലുള്ള ഡാറ്റകള്‍ സ്വീകരിച്ച് അവയെ ഒന്നുകൂടി നല്ലരീതിയില്‍ അവതരിപ്പിക്കുന്നു. 'യാഹൂ പൈപ്സ്' ഇതാണ് ചെയ്യുന്നത്. ഫീഡുകള്‍ വിവിധ തരത്തിലുള്ള സൈറ്റുകളില്‍ നിന്ന് സ്വീകരിച്ച് ലഭ്യമാക്കിയിരിക്കുകയാണ് ഇതില്‍. ബിസിനസ് മാഷ് അപ്പ് മുകളില്‍ പരാമര്‍ശിച്ച രണ്ട് കാര്യങ്ങളും ഒരേസമയം ചെയ്യുന്ന സൈറ്റകളാണ്. 

മാഷ് അപ്പുകള്‍ ഉപയോഗപ്പെടുത്തി നിരവധി പുതിയ വെബ് ആപ്ലിക്കേഷനുകള്‍ രംഗത്തെത്തുകയാണ്. ഇവയുടെ നിര്‍മ്മാണം അനായാസമാക്കുന്നതിന് ഓണ്‍ലൈന്‍ മാഷ് അപ്പ് എഡിറ്ററുകളും നിലവില്‍ വന്നു. ഗൂഗിളിന്റെ മാഷ് അപ്പും (google.mashup.com) മൈക്രോസോഫ്റ്റിന്റെ മാഷ് അപ്പും (http://popfly.com) ഈ ഇനത്തിലെ സേവനങ്ങള്‍ നല്‍കുന്നു.
***** 

കിബ്ല   ലൊക്കേറ്റര്‍


ഗൂഗിള്‍ മാപ്സ് ഉപയോഗപ്പെടുത്തി 'മാഷ് അപ്പ്' രീതിയില്‍ നിര്‍മ്മിച്ച പുതിയ തലമുറ വെബ്സൈറ്റുകളില്‍ ഏറെ പ്രയോജനപ്പെടുത്താവുന്ന വെബ്സൈറ്റാണ് ഖിബ്ലയുടെ സ്ഥാനം നിര്‍ണ്ണയിക്കുന്ന ഖിബ്ല ലൊക്കേറ്റര്‍ (http://qiblalocator.com). വെബ്സൈറ്റില്‍ കാണുന്ന ഗൂഗിള്‍ മാപ്പില്‍ നിങ്ങളുടെ പട്ടണത്തിന്റെ പേര് രേഖപ്പെടുത്തിയാല്‍ കൃത്യമായി ഖിബ്ല നിര്‍ണ്ണയിക്കുന്ന നേര്‍രേഖ കാണാം. നിങ്ങളുടെ പ്രദേശത്തിന്റെയോ പള്ളയുടെയോ വീടിന്റെയോ അക്ഷാംശ, രേഖാംശാ രേഖകള്‍ സൂക്ഷമമായി അറിയുമെങ്കില്‍ കൃത്യമായ സ്ഥാന നിര്‍ണ്ണയം നടത്താം. മാപ്പ് രീതിയിലും സാറ്റലൈറ്റ് ചിത്രമായും മറ്റും സ്ഥലങ്ങള്‍ കാണാന്‍ ഗൂഗിള്‍ മാപ്സില്‍ സംവിധാനമുണ്ട്. നിങ്ങളുടെ കൈവശം ജി.പി.എസ് സംവിധാനമുള്ള മൊബൈല്‍ ഫോണുണ്ടെങ്കില്‍ ഏത് സ്ഥലത്തിന്റെയും അക്ഷംശ, രേഖാശാ രേഖകള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇതുപയോഗപ്പെടുത്തുകയാണെങ്കില്‍ ഖിബ്ല ലൊക്കേറ്റര്‍ വെബ് സൈറ്റുപയോഗിച്ച് ഏത് സ്ഥലത്തുനിന്നും ഖിബ്ലയുടെ കൃത്യമായ ദിശ നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നു.   
*****

വെബ് കൌതുകങ്ങള്‍

ഫോക്സ്മെയില്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

ഓണ്‍ലൈനായിരിക്കുമ്പോള്‍ ഇ-മെയിലുകള്‍ മൊത്തമായി ഡൌണ്‍ലോഡു ചെയ്ത് സൌകര്യംപോലെ ഓഫ്ലൈനില്‍ വായിക്കുകയും മറുപടി തയാറാക്കുകയും ചെയ്യാന്‍ സഹായിക്കുന്ന പ്രോഗ്രാമുകളാണല്ലോ ഇ^മെയില്‍ ക്ലയന്റുകള്‍. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പം ലഭിക്കുന്ന 'ഔട്ടലുക്ക് എക്സ്പ്രസ്', പണം കൊടുത്തു വാങ്ങേണ്ട 'യുഡോറാ' തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ ഏറ്റവും പ്രചാരമുള്ള സോഫ്റ്റ്വെയറുകള്‍. എന്നാല്‍ വേഗതയിലും കാര്യക്ഷമതയിലും സുരക്ഷിത്വത്തിലും ഇവയെ കവച്ചുവെക്കുന്ന ഒന്നാന്തരമൊരു സോഫ്റ്റവെയറുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? 'ഫോക്സ്മെയില്‍' എന്നാണ് അതിന്റെ പേര്. ഹോട്ട്മെയില്‍, യാഹൂ, ജിമെയില്‍ തുടങ്ങിയ പ്രമുഖ ഇ^മെയില്‍ അക്കൌണ്ടുകളെല്ലാം ഇതില്‍ വളരെ എളുപ്പത്തില്‍ കോണ്‍ഫിഗര്‍ ചെയ്യാം. പ്ലെയിന്‍ ടെക്സ്റ്റായോ എച്ച്.ടി.എം.എല്‍ ആയോ സന്ദേശം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. മെസ്സേജ് ഡൌണ്‍ലോഡ് ചെയ്യാതെത്തന്നെ സെര്‍വറില്‍ നിന്ന് നേരിട്ട് വായിക്കാനും ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്യാനും സൌകര്യമുണ്ട്. ഔട്ട്ലുക്ക് എക്സ്പ്രസ്സിലെപോലെ ഡൌണ്‍ലോഡിംഗും അപ്ലോഡിംഗും ഇടമുറിഞ്ഞു പോകുന്ന പ്രശ്നമോ വൈറസ് ബാധയോ മിക്കവാറും ഇല്ലെന്നുതന്നെ പറയാം. ഓരോ അക്കൌണ്ടും പ്രത്യേകം പാസ്വേര്‍ഡുകളിട്ട് പൂട്ടി സ്വകാര്യത സംരക്ഷിക്കാം. സ്പാമുകളെ ഈ പ്രോഗ്രാം സ്വയം ഫില്‍ട്ടര്‍ ചെയ്ത് അവക്കുവേണ്ടി മാത്രമുള്ള ഫോള്‍ഡറിലേക്ക് അയച്ചുകൊള്ളും. ഔട്ട്ലുക്ക് പോലുള്ള മറ്റു ഇ^മെയില്‍ ക്ലയന്റുകളില്‍ നിന്ന് മെസ്സേജുകള്‍ ഇംപോര്‍ട്ട് ചെയ്യാനും സൌകര്യമുണ്ട്. മനോഹരമായ ഇന്റര്‍ഫെയ്സ് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. പരിപൂര്‍ണ്ണമായും സൌജന്യമായ ഈ കൊച്ചു പ്രോഗ്രാമിന്റെ ഇംഗ്ലീഷ് പതിപ്പ് http://www.brothersoft.com/foxmail27488.html എന്ന സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
*****

ഇന്‍ഫോ ക്വിസ്

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com  


1. കുട്ടികള്‍ക്കായി സിമൂര്‍ പാപ്പര്‍ട്ട് (Seymour Papert) വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ ഭാഷ?
2. ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (IBM) എന്ന പ്രശസ്ത കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയുടെ സ്ഥാപകന്‍?
3. ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം?
4. ആദ്യത്തെ മൈക്രോപ്രോസസ്സറായ ഇന്റല്‍ 4004 (1971) രൂപകല്‍പന ചെയ്തത് ആരെല്ലാം?     
5. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ സൈബര്‍ ഫോറന്‍സിക് സോഫ്റ്റ്വെയര്‍?
6. വിന്‍ഡോസ് വിസ്റ്റയുടെ സോഴ്സ് കോഡ് എത്ര വരിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു?
7. പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്ന പദം ലോകത്തിന് സംഭാവന ചെയ്ത വ്യക്തി?
8. ലിനക്സിനെസ്സംബന്ധിച്ച് സമഗ്രമായ വിവരങ്ങളും ലിങ്കുകളും നല്‍കുന്ന പ്രമുഖ വെബ്സൈറ്റ്?
9. ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിലുപയോഗിക്കുന്ന 'GNOME' ഡെസ്ക്ക് ടോപ്പിന്റെ പൂര്‍ണ്ണ രൂപം?
10. പ്രശസ്ത ഗ്രാഫിക് സോഫ്റ്റ്വെയറായ XPaint ഡൌണ്‍ലോഡ് ചെയ്യുന്നതിന് സഹായകമായ വെബ്സൈറ്റ്?  

ഉത്തരം

1. ലോഗോ (Logo) 
2. ഹെര്‍മന്‍ ഹോളരിത്
3. ഡിസംബര്‍ 2
4. മാര്‍ഡിയന്‍ എഡ്വേര്‍ഡ് ടെഡ് ഹോഫ്, സ്റ്റാന്‍ലി മേസര്‍, ഫെഡറിക്കോ ഫാറ്റന്‍
5. സൈബര്‍ ചെക്ക് സ്യൂട്ട്
6. 5 കോടി
7. എഡ്വേര്‍ഡ് റോബര്‍ട്ട് എന്ന ജോര്‍ജ്ജിയന്‍ ഡോക്ടര്‍
8. http://linux.org
9. GNU NETWORK OBJECT MODEL ENVIRONMENT
10. http://packages.debian.org/unstable/graphics

====================

Monday, September 22, 2008

ഇന്‍ഫോമാധ്യമം (375) - 15/09/2008





ക്രോം - ഗൂഗിളില്‍ നിന്നൊരു വെബ് ബ്രൌസര്‍

അസ്ക്കര്‍ പി. ഹസ്സന്‍, കൊച്ചങ്ങാടി
asker@bharathnet.com


അങ്ങനെ ഇന്റര്‍നെറ്റ് ലോകം പ്രതീക്ഷിച്ചത് സംഭവിച്ചു. സൈബര്‍ ലോകത്തിലെ അതികായകന്‍മാരായ ഗൂഗിളില്‍ നിന്നൊരു വെബ് ബ്രൌസര്‍. 'ഗൂഗിള്‍ ക്രോം'. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഗൂഗിളിന്റെ ലാബില്‍ നിന്ന് ഇത് പുറത്തിറങ്ങിയത്. മോസില്ല ഫയര്‍ഫോക്സ് പുറത്തിറങ്ങിയതിന്റെ ആവേശം കെട്ടടങ്ങും മുമ്പാണ് ഗൂഗിളിന്റെ ഈ വെടിയെന്നത് കൌതുക വാര്‍ത്ത കൂടിയായി.
പരമ്പരാഗത ബ്രൌസിംഗ് അനുഭവങ്ങളെ നിഷ്പ്രഭമാക്കുന്ന ഒട്ടേറെ സവിശേഷതകളുമായാണ് ക്രോമിന്റെ വരവ്. ഗൂഗിള്‍ തന്നെ പറയുന്നത് ശ്രദ്ധിക്കുക. 'ഉപയോക്താവിന്റെ പ്രവൃത്തി തടസ്സപ്പെടുത്തുന്ന യാതൊന്നും ഉണ്ടാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ക്രോം ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ ബ്രൌസറിനെ മറന്നു പോകുന്നുണ്ടെങ്കില്‍ ഞങ്ങളുടെ ഉദ്യമം സഫലമായി'. ക്രോം ഉപയോഗിക്കുമ്പോള്‍ ശരിക്കും നാം ബ്രൌസറിനെ മറക്കുന്നു. സാധാരണ ബ്രൌസറുകളിലെ പോലെ വിന്‍ഡോ മുഴുവന്‍ കുത്തി നിറച്ച മെനുകളൊന്നും അവിടെ കാണുകയില്ല. ലളിതമായ ഗൂഗിളിന്റെ വെബ്സൈറ്റ് പോലെ ഹൃദ്യമാണ് ക്രോമിലെ ബ്രൌസിംഗ് അനുഭവം. വെബ്സൈറ്റുകള്‍ മുഴുസ്ക്രീനില്‍ കാണുന്നത് ഒരനുഭൂതി തന്നെയൊണ്. അഡ്രസ് ബാറില്‍ തന്നെ ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്യാനും സൌകര്യമുണ്ട്. ഗൂഗിള്‍ ഇതിനെ 'ഒംനി ബോക്സ്' എന്നാണ് വിളിക്കുന്നത്. മോസില്ലയിലെ പോലെ ടാബുകള്‍ ക്രോമിലുമുണ്ട്. ഓരോ ടാബിനെയും വേണമെങ്കില്‍ അടര്‍ത്തി മാറ്റി പുതിയ വിന്‍ഡോയാക്കി മാറ്റാന്‍ ഡ്രാഗ് ചെയ്താല്‍ മാത്രം മതി. അതുപോലെ തന്നെ വെവ്വേറെ തുറന്ന വിന്‍ഡോകള്‍ ടാബാക്കി ചുരുക്കാനും സാധിക്കുന്നു. ബ്രൌസര്‍ തുറക്കുമ്പോള്‍ തന്നെ കൂടുതലായി സന്ദര്‍ശിച്ച വെബ്സൈറ്റുകള്‍ ചെറിയ ഇമേജ് ഐക്കണുകളായി പ്രത്യക്ഷപ്പെടുന്നു.
നിങ്ങളെ കെണിയിലാക്കുന്ന ഫിഷിംഗ് സൈറ്റുകളിലേക്ക് അറിയാതെയെങ്ങാനും ചെന്നുപെട്ടാലും ഭയപ്പെടേണ്ടതില്ല. വ്യാജ സൈറ്റാണെങ്കില്‍ ഗൂഗിള്‍ ക്രോം നമുക്ക് മുറിയിപ്പ് നല്‍കും. ആര്‍.എസ്.എസ്. ഫീഡുകളും ബുക്മാര്‍ക്കിംഗും മാനേജ് ചെയ്യാനുള്ള സൌകര്യവുമില്ല എന്നത് ഇതിന്റെ പോരായ്മയാണെങ്കിലും ഗൂഗിള്‍ അത് ഉടന്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം. ചുരുക്കത്തില്‍ മെനുകളാല്‍ വികൃതമാക്കപ്പെടാത്ത ലളിതമായ ഗൂഗിള്‍ ശൈലിയില്‍ ക്രോം അവതരിച്ചു കഴിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കുന്ന ഗൂഗിള്‍ വിസ്മയം ബ്രൌസര്‍ മേഖലയിലും സംഭവിക്കുകയാണ്.
*****

പ്രകൃതി സംരക്ഷണം

മനോജ് കുമാര്‍ എ.പി.
manojap.nair@gmail.com


ആഗോളതാപനവും അതുണ്ടാക്കുന്ന പ്രത്യേഘാതങ്ങളും ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയമാണല്ലോ. പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ വളരെ മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ട്. 1970^ല്‍ പ്രവര്‍ത്തനമാരംഭിച്ച http://eathday.net/ ഇതിനുദാഹരണമാണ്്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശയവിനിമയം നടത്താനായി സ്ഥാപിതമായ 'എര്‍ത്ത്ഡേ' നെറ്റ്വര്‍ക്കില്‍ 174 രാജ്യങ്ങളില്‍ നിന്നായി പതിനേഴായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനകം അംഗങ്ങളായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തി അഞ്ഞൂറിലേറെ വിദഗ്ധര്‍ ഇതിലൂടെ പരസ്പരം സഹായിക്കുന്നു. വര്‍ഷാവര്‍ഷം നടത്തിവരുന്ന കാംപയില്‍ ലക്ഷക്കണക്കിന് പരിസ്ഥി പ്രവര്‍ത്തകാരാണ് അണിചേരാറുള്ളത്. പ്രകൃതി സ്നേഹികള്‍ക്കായി ഒരു ക്വിസ് പ്രോഗ്രാമും സൈറ്റിലൊരുക്കിയിരിക്കുന്നു. (eathday.net/footprint)
*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com


ഇരുപത്തിനാലു മണിക്കൂറും സേവനസദ്ധതയോടെ നിങ്ങളുടെ ഡെസ്ക്ടോപ്പില്‍ വിശ്രമിക്കുന്ന ഒന്നാന്തരമൊരു ഇംഗ്ലിഷ് ഡിക്ഷ്ണറിയും തിസോറസും..! അതാണ് വേര്‍ഡ്വെബ്. സാധാരണ മാര്‍ക്കറ്റില്‍ ലഭ്യമായ പ്രശസ്ത ഡിക്ഷ്ണറികളുടെ സി.ഡി പതിപ്പുകളെ അപേക്ഷിച്ച് ഒട്ടേറെ മേന്മകളവകാശപ്പെടാവുന്ന ഒരു സോഫ്റ്റ്വെയറാണിത്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സിസ്റ്റം ട്രേയില്‍ പ്രത്യക്ഷപ്പെടുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുന്നതോടെ അതു പ്രവര്‍ത്തനക്ഷമമാകുന്നു. നിര്‍ദ്ദിഷ്ട ഫീല്‍ഡില്‍ അറിയേണ്ട പദമോ പദസമുച്ചയമോ (Phrase) ടൈപ് ചെയ്താല്‍ അവയുടെ നിര്‍വ്വചനങ്ങളും പര്യായങ്ങളും മൂലപദവുമായി ബന്ധപ്പെട്ട മറ്റു പദങ്ങളും സ്ക്രീനില്‍ തെളിയുന്നു. കൂട്ടത്തില്‍ നടപ്പു ഭാഷാപ്രയോഗങ്ങളുടെ ഉദാഹരണങ്ങളും ധാരാളമായി കാണാം. ഒരു പ്രത്യേക പാറ്റേണുമായി യോജിച്ചു വരുന്ന വാക്കുകള്‍ സെര്‍ച്ച് ചെയ്തു കണ്ടുപിടിക്കാനും ആനഗ്രാമുകള്‍ (Aanagrams ^ ഏതെങ്കിലും പദത്തിലെ അക്ഷരങ്ങളെയും മറ്റും മാറ്റിമറിച്ചിടുമ്പോള്‍ ലഭിക്കുന്ന അര്‍ത്ഥപൂര്‍ണങ്ങളായ മറ്റു പദങ്ങള്‍. ഉദാ: plum^lump, eat^tea) കണ്ടെത്താനും വിശകലനം ചെയ്യാനും വേര്‍ഡ്വെബ്ബില്‍ സംവിധാനമുണ്ട്.
പേരിനെ അന്വര്‍ത്ഥമാക്കുംവിധം വേര്‍ഡ്വെബ് ശരിക്കും വാക്കുകളുടെ വിസ്തൃതമായ ഒരു വല തന്നെയാണെന്ന് പറയാം. Tree എന്ന പദം ടൈപ് ചെയ്ത ശേഷം 'Type' എന്ന ബട്ടണില്‍ ക്ലിക് ചെയ്തു നോക്കൂ. വിവധതരം വൃക്ഷങ്ങളുടെ ഒരു ലീസ്റ്റ് തന്നെ ലഭിക്കും. പകരം 'Part of' എന്ന ബട്ടണിലാണ് ക്ലിക് ചെയ്യുന്നതെങ്കില്‍ 'a tree can be part of a forest or wood' എന്ന വിശദീകരണമായിരിക്കാം കിട്ടുന്നത്. കൂടാതെ വെബ്പേജുകളിലോ എം.എസ്.വേഡ് ഡോക്യുമെന്റിലോ അറിയാത്ത പദം മൌസുപയോഗിച്ചു സെലക്റ്റ് ചെയ്ത ശേഷം സിസ്റ്റം ട്രേയിലെ ഐക്കണില്‍ ക്ലിക് ചെയ്ത് വേര്‍ഡ്വെബ് തുറന്നാല്‍ അതിന്റെ നിര്‍വ്വചനം വിന്‍ഡോയില്‍ പ്രത്യക്ഷപ്പെന്നത് കാണാം. ഇതുപോലുള്ള വേറെയും നിരവധി പ്രത്യേകതകളുള്ള ഈ സോഫ്റ്റ വെയറിന്റെ സൌജന്യ പതിപ്പ് http://wordweb.info/free/ എന്ന ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
*****

വെബ്സൈറ്റുകള്‍ മൊബൈലൈസ് ചെയ്യാം

അബ്ദുല്‍ മുനീര്‍ എസ്.


ഓര്‍ക്കൂട്ട്, ജിമെയില്‍, ഫെയ്സ്ബുക്ക്, മൈസ്പെയ്സ്, യൂട്യൂബ് തുടങ്ങിയ വെബ്സൈറ്റുകള്‍ നിങ്ങള്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടോ? എങ്കില്‍ ഇതുപോലുള്ള ഏത് വെബ്സൈറ്റും നിങ്ങളുടെ മൊബൈല്‍ ഫോണില്‍ പ്രത്യക്ഷമാക്കാവുന്ന വിധത്തില്‍ നിങ്ങള്‍ക്ക് മൊബൈലൈസ് ചെയ്യാവുന്നതാണ്. http://t9space.com/ എന്ന വെബ്സൈറ്റാണ് ഈ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജി.പി.ആര്‍.എസ് സംവിധാനമുള്ള നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. തുടര്‍ന്ന് മൊബൈലൈസ് ചെയ്യേണ്ട വെബ്സൈറ്റുകളുടെ അഡ്രസ്സ് നല്‍കണം. ണേത്തെ മൊബൈലൈസ് ചെയ്ത സൈറ്റകള്‍ അക്ഷരമാലാ ക്രമത്തില്‍ നിങ്ങള്‍ക്കവിടെ കാണാവുന്നതാണ്.
*****

ഇന്‍ഫോ ക്വിസ്

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com


1. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സഡ് കമ്പ്യൂട്ടിംഗ് (സി-ഡാക്ക്) നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം?
2. സി-ഡാക്ക് നിര്‍മ്മിച്ച സൈബര്‍ കുറ്റാന്വേഷണ സോഫ്റ്റ്വെയറിന്റെ പേര്?
3. ഇന്ത്യയിലെ ഇ-മെയിലുകളില്‍ ഇരുപത്തി എട്ടില്‍ ഒന്ന് വൈറസ് ഉള്‍ക്കൊണ്ടതാണെന്ന് പഠനം നടത്തിയ സ്ഥാപനം?
4. 2008-ലെ ഗിന്നസ് ലോക റിക്കാര്‍ഡ് ബുക്കില്‍ സ്ഥാനം നേടിയ മൊബൈല്‍ ഹാന്‍ഡ് സെറ്റ് കമ്പനി?
5. 'Connecting People' എന്ന സന്ദേശം ഏത് മൊബൈല്‍ കമ്പനിയുടെയുടേതാണ്?
6. മഹദ്വചനങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായകമായ വെബ്സൈറ്റ്?
7. പാട്ട് പ്ലേ ചെയ്യുന്നതോടൊപ്പം ഡാന്‍സ് ചെയ്യാന്‍ കഴിവുള്ള മ്യൂസിക് പ്ലേയര്‍?
8. കിടന്നുകൊണ്ട് ലാപ്ടോപ് ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേകം തയ്യാര്‍ ചെയ്ത സ്റ്റാന്‍ഡ് പുറത്തിറക്കിയ കമ്പനി?
9. കമ്പ്യൂട്ടര്‍ ലോകത്തെ സമ്പൂര്‍ണ്ണ നിലയിലുള്ള ആദ്യത്തെ വൈറസ്?
10. ഇന്ത്യയില്‍ ഏറ്റവും വേഗതയാര്‍ന്ന വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന വയര്‍ലെസ് ഓപറേറ്റര്‍ കമ്പനി?

ഉത്തരം

1. BOSS (ഭാരത് ഓപറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ്)
2. സൈബര്‍-ചെക്ക്
3. മെസ്സേജിംഗ് സെക്യൂരിറ്റി ആന്റ് മാനേജ്മെന്റ് സര്‍വീസ് സ്ഥാപനമായ 'മെസ്സേജ് ലാബ്സ്'.
4. സാംസംഗ്
5. നോക്കിയ
6. Saidwhat.co.uk
7. സോണിയുടെ 'സോണി റോളി'
8. Thanko
9. എല്‍ക് ക്ലോണര്‍
10. ടാറ്റാ ഇന്‍ഡികോം
*****

ശബ്ദരഹിത മൊബൈല്‍ ചാറ്റ് നെക്ക്ബാന്‍ഡ് വഴി

ടി.കെ. ദീലീപ് കുമാര്‍
dileep.senapathy@gmail.com


നാഡി സ്പന്ദനങ്ങള്‍ അടിസ്ഥാനമാക്കി മനുഷ്യന്റെ ചിന്തകള്‍ സംസാരമാക്കി മാറ്റാമോ? അമേരിക്കയിലെ ആമ്പിയന്റ് കോര്‍പറേഷന്‍ ഇത് സാധ്യമാകുമെന്ന് തെളിയിച്ചിരിക്കയാണ്. പ്രസിദ്ധ മൈക്രോചിപ്പ് നിര്‍മ്മാതാക്കളായ 'ടെക്സാസ് ഇന്‍സ്ട്രുമെന്റ്' കമ്പനി നടത്തിയ കോണ്‍ഫറന്‍സില്‍, ഒരു നെക്ക്ബാന്‍ഡ് ഉപയോഗിച്ച് ആദ്യത്തെ ശബ്ദരഹിത ഫോണ്‍കോള്‍ അവതരിപ്പിക്കപ്പെട്ടു. ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന ഈ പുതിയ ഉപകരണത്തിന് 'ഓഡിയോ' (Audeo) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സംസാരിക്കാതെ തന്നെ നാഡി സംജ്ഞകളെ അതിന്റെ വാച്യമായ രൂപത്തിലാക്കുകയാണ് ഉപകരണം ചെയ്യുന്നത്. നെക്ക്ബാന്‍ഡ് പിടിച്ചെടുക്കുന്ന നാഡി സ്പന്ദനങ്ങള്‍ വയര്‍ലെസ് വഴി കമ്പ്യൂട്ടറിലേക്കയക്കുന്നു. കമ്പ്യൂട്ടര്‍ ഇതിനെ വാക്കുകളാക്കി മാറ്റുന്നു. കമ്പ്യൂട്ടറാണ് ഇവിടെ സംസാരമെന്ന പ്രക്രിയ നിര്‍വഹിക്കുന്നത്. ഉപകരണം എങ്ങനെ ഉപയോഗിക്കണമെന്ന് മാത്രം ഉപയോക്താവ് അറിഞ്ഞാല്‍ മതി. അതേസമയം ഉപയോക്താവിന്റെ ആന്തരിക ചിന്തകള്‍ മുഴുക്കെ ഇതില്‍ പ്രതിഫലിക്കുമെന്ന് ഭയപ്പെടേണ്ടതില്ല. ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോഴുണ്ടാകുന്ന ഉച്ചാരണ വാക്കുകള്‍ മാത്രമേ ഉപകരണം പിടിച്ചെടുക്കുകയുള്ളൂ.
രോഗികള്‍ക്ക് തങ്ങളുടെ ചിന്തകള്‍ക്കനുസൃതമായി വീല്‍ ചെയര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഉപകരണം നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. അതിന് സമാനമാണ് ഈ സിസ്റ്റമെന്ന് പറയാം. സംസാര ശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഇത് വലിയ തോതില്‍ പ്രയോജനപ്പെടും. സ്വകാര്യ ഫോണ്‍ സംഭാഷണം ചോര്‍ത്താതിരിക്കുന്നതിനും ഇതുപയോഗിക്കാവുന്നതാണ്.



==============

Tuesday, September 16, 2008

ഇന്‍ഫോമാധ്യമം (374) - 08/09/2008



പുതിയ നെറ്റ് സൌകര്യങ്ങളുമായി 'ഡിഗ്സ്ബൈ'

മനോജ് കുമാര്‍ എ.പി.
manojap.nair@gmail.com



നെറ്റ് ഉപയോക്താക്കള്‍ക്ക് ഇ-മെയിലും മെസ്സഞ്ചറും സോഷ്യല്‍ നെറ്റ്വര്‍ക്കുമെല്ലാം ഒരൊറ്റ സോഫ്റ്റ്വെയറിലൂടെ ആക്സസ് ചെയ്യാന്‍ സാധ്യമാകുന്നത് വലിയ സൌകര്യമായിരിക്കുമല്ലോ. http://digsby.com എന്ന വെബ്സൈറ്റാണ് ഈ സവിശേഷ മെസ്സഞ്ചര്‍ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ മിക്ക ഉപയോക്താക്കളും ചാറ്റിംഗിനും മറ്റുമായി യാഹൂ, എം.എസ്.എന്‍, ഗൂഗിള്‍ ടോക് തുടങ്ങിയ മെസ്സഞ്ചര്‍ പ്രോഗ്രാമുകളാണ് ആശ്രയിക്കുന്നത്. ഇതിനെല്ലാം വെവ്വേറെ സോഫ്റ്റ്വെയര്‍ ആവശ്യമാണ്. എന്നാല്‍ 'ഡിഗ്സ്ബൈ' മെസ്സഞ്ചര്‍ ഉപയോഗിച്ച് യാഹൂ, ഗൂഗിള്‍, എം.എസ്.എന്‍, ഗാബര്‍, ഐ.സി.ക്യൂ തുടങ്ങിയ പ്രമുഖ ചാറ്റിംഗ് സേവനങ്ങള്‍ ഒരൊറ്റ ജാലകത്തില്‍ തുറക്കാമെന്ന് മാത്രമല്ല പ്രമുഖ മെയില്‍ സര്‍വീസുകളും ഇതിലൂടെ ലഭ്യമാക്കാം. POP/IMAP ഇ^മെയില്‍ അക്കൌണ്ടുകള്‍ ഈ മെസ്സഞ്ചറിലൂടെ ആക്സസ് ചെയ്യാമെന്നതും ഇതിന്റെ സവിശേഷതയാണ്. പുതിയ മെയില്‍ അയക്കാനും സൌകര്യമുണ്ട്. തുടക്കത്തില്‍ തന്നെ മൈസ്പെയ്സ്, ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ചാറ്റ് ലീസ്റ്റിലെ കോണ്‍ടാക്റ്റ് അഡ്രസ്സുകളും ഗ്രൂപ്പുകളും മെര്‍ജ് ചെയ്യാനും ഇതില്‍ സൌകര്യമുണ്ട്. ശരാശരി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് വളരെ പ്രയോജനപ്രദമാണ് ഈ മെസ്സഞ്ചറിലെ സൌകര്യങ്ങള്‍.
*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com


സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലും സുഖശീതളിമയിലുമിരുന്നുകൊണ്ട് ഒരു ഗോളാന്തരയാത്രയായാലോ..! കമ്പ്യൂട്ടറിന്റെ മൌസിനാലും കീബോര്‍ഡിനാലും നിയന്ത്രിക്കപ്പെടുന്ന സാങ്കല്‍പിക ബഹിരാകാശ പേടകത്തിലിരുന്ന് 'അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമായ' ബ്രഹ്മാണ്ഡവിസ്തൃതിയിലൂടെ നിങ്ങള്‍ക്ക് ഒരുല്ലാസ യാത്ര നടത്താം. എങ്ങനെയാണെന്നല്ലേ. ഇന്റര്‍നെറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്ന അസ്ട്രോണമിക്ക് സോഫ്റ്റ്വെയറായ 'സെലസ്റ്റിയാ' ആണ് ഇത് സാധ്യമാക്കുന്നത്. നിങ്ങളുടെ ഡെസ്ക്ടോപ്പില്‍ ഈ സോഫ്റ്റ്വെയര്‍ ഒരു ത്രിമാന വെര്‍ച്ച്വല്‍ പ്രപഞ്ചമൊരുക്കുന്നു. മറ്റു പ്ലാനറ്റോറിയം സോഫ്റ്റ് വെയറുകളെപ്പോലെ സെലസ്റ്റിയ ഭൂമിയുടെ ഉപരിതലത്തില്‍നിന്നു മേല്‍പ്പോട്ടുനോക്കുമ്പോള്‍ കാണാനിടയുള്ള ദൃശ്യങ്ങള്‍ മാത്രമല്ല ലഭ്യമാക്കുന്നത്. പകരം കാഴ്ചക്കാര്‍ക്ക് ഭൂമിയില്‍നിന്ന് 'യാത്രയാരംഭിച്ച്' സൌരയൂഥത്തിലെ ഗ്രഹങ്ങളോരോന്നിനെയും അവയുടെ ഉപഗ്രഹങ്ങളെയും സന്ദര്‍ശിച്ചശേഷം ആകാശഗംഗയിലെ ഒരു ലക്ഷത്തോളം നക്ഷത്രങ്ങളിലേതിനെയും സന്ദര്‍ശിച്ച് വേണമെങ്കില്‍ ക്ഷീരപഥത്തിന് പുറത്തും യാത്ര തുടരാം. മൊത്തത്തിലൊരു യാത്രക്കു പകരം ചില പ്രത്യേക ഗ്രഹങ്ങളോ നക്ഷത്രങ്ങളോ മാത്രം ഇഷ്ടാനുസരണം തിരഞ്ഞടുത്ത് സന്ദര്‍ശിക്കണമെന്നു തോന്നുന്ന പക്ഷം അങ്ങനെയുമാവാം. സോഫ്റ്റ്വെയറിലെ സൂം സൌകര്യമുപയോഗിച്ച് ആകാശഗോളങ്ങളുടെ കോടിക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്നുള്ള ദൃശ്യങ്ങള്‍ മുതല്‍ ഏതാനും മീറ്ററുകള്‍ മാത്രം അകലെ നിന്നുള്ള ക്ലോസപ് ചിത്രങ്ങള്‍ വരെ ലഭ്യമാക്കാം. യാത്രക്കിടയില്‍ കാണുന്ന രസകരമായ ദൃശ്യങ്ങളേതെങ്കിലും ഇമേജ്/വീഡിയോ ക്യാപ്ച്ചര്‍ വഴി ഹാര്‍ഡ് ഡിസ്ക്കില്‍ സേവ് ചെയ്തുവെക്കാനുള്ള സംവിധാനവും ഈ സോഫ്റ്റ്വെയറിനോടൊപ്പമുണ്ട്.

ഇതര അസ്ട്രോണമി സോഫ്റ്റ് വെയറുകളിലൊന്നും കാണാത്ത എക്ലിപ്സ് ഫൈന്‍ഡര്‍ എന്ന ഓപ്ഷനാണ് സെലസ്റ്റിയയുടെ മറ്റൊരു സവിശേഷത. ഇതുപയോഗിച്ച് മുമ്പേ കഴിഞ്ഞുപോയ സൂര്യഗ്രഹണങ്ങളോ ചന്ദ്രഗ്രഹണങ്ങളോ പുനരാവിഷ്കരിച്ചു കാണുകയോ അടുത്തുവരാന്‍പോകുന്ന ഗ്രഹണങ്ങള്‍ പ്രവചിക്കുകയോ ചെയ്യാം. സമ്പൂര്‍ണ്ണ സൌജന്യ സോഫ്റ്റ്വെയറായ സെലസ്റ്റിയ shatters.net/celestia/index.html എന്ന സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
*****

സൌജന്യ എസ്.എം.എസ്.

അബ്ദുല്‍ മുനീര്‍ എസ്.


ഇന്റര്‍നെറ്റുപയോഗിച്ച് മൊബൈല്‍ ഫോണിലേക്ക് സൌജന്യമായി എസ്.എം.എസ്. അയക്കാവുന്ന കുടുതല്‍ സൈറ്റുകള്‍ നെറ്റില്‍ പ്രത്യക്ഷപ്പെടുകയാണ്. യാഹൂ, റഡിഫ് മെയില്‍ തുടങ്ങിയ പ്രമുഖ സൈറ്റുകളും ഇതിലുള്‍പ്പെടുന്നു. പല സൈറ്റുകളും സൌജന്യ എസ്.എം.എസ് സൌകര്യം നല്‍കുന്നതിനോടൊപ്പം തങ്ങളുടെ പരസ്യങ്ങള്‍ കുടി സന്ദേശങ്ങളിലുള്‍പ്പെടുത്തുന്നുവെന്നത് ഉപയോക്താക്കള്‍ക്ക് പ്രയാസമാകുന്നു. ഈ പരസ്യങ്ങള്‍ ആവശ്യമില്ലെങ്കില്‍ ഒഴിവാക്കുന്നതിനുള്ള ഏക മാര്‍ഗം നമുക്ക് അനുവദിച്ച 140 കാരക്റ്ററുകളും സന്ദേശത്തിനുപയോഗിക്കുക എന്നതാണ്. അതേസമയം നിങ്ങളുടെ സ്വന്തം മൊബൈല്‍ നമ്പറുപയോഗിച്ച് തന്നെ സന്ദേശമയക്കാന്‍ സൌകര്യം നല്‍കുന്ന വെബ്സൈറ്റുകളും രംഗത്തുണ്ട്. freesms8.com എന്ന വെബ്സൈറ്റ് ഈ ഇനത്തിലുള്ളതാണ്. ഇതുപയോഗിച്ച് ദിനേന അഞ്ച് സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് സൌജന്യമായി അയക്കാം. indyarocks.com, way2sms.com, sms100p.com, seasms.com, 160by2.com, youmint.shmyl.com തുടങ്ങിയ സൈറ്റുകളും ഈ ഇനത്തിലെ സേവനങ്ങള്‍ നല്‍കുന്നു.
*****

മൊബൈല്‍ ഫോണിന് റമദാന്‍ സോഫ്റ്റ്വെയര്‍

ഹാരിസ് വാണിമേല്‍
kpharis@maktoob.com


റമദാന്‍ വ്രതമനുഷ്ഠിക്കന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്കിതാ പ്രയോജനപ്രദമായൊരു സോഫ്റ്റ്വെയര്‍. നമസ്കാര സമയം അറിയിക്കുന്ന 'അദാന്‍ അലര്‍ട്ട്', ബാങ്ക്വിളി, വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ നമസ്കാര സമയത്തിന് പുറമെ നാലായിരത്തിലേറെ നഗരങ്ങളിലെ നമസ്കാര സമയം അറിയാനുള്ള സംവിധാനം, ഹിജറ കലണ്ടര്‍, ഖിബ്ലയുടെ ദിശ നിര്‍ണ്ണയിക്കാന്‍ സൌകര്യം, സുന്നത്ത് നമസ്കാരങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പ്രഭാതത്തിലെയും പ്രദോഷത്തിലെയുമുള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങിയവ ഈ സോഫ്റ്റ്വെയറിന്റെ ഉള്ളടക്കത്തില്‍ പെടുന്നു. ബാങ്ക്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'തസ്മിയ' കമ്പനിയാണ് സോഫ്റ്റ്വെയറിന്റെ നിര്‍മ്മാതാക്കള്‍. വിശുദ്ധ ഖുര്‍ആന്റെ സമ്പൂര്‍ണ്ണ മൊബൈല്‍ പതിപ്പും കമ്പനി പുറത്തിറക്കിയിരിക്കുന്നു. ഖുര്‍ആന്‍ അധ്യായങ്ങളും സൂക്തക്കങ്ങളും സെര്‍ച്ച് ചെയ്യാന്‍ സൌകര്യമുള്ള സോഫ്റ്റ്വെയറില്‍ ഉയര്‍ന്ന വ്യക്തതയില്‍ ഖുര്‍ആന്‍ പാരായണം കോള്‍ക്കാനും സൌകര്യമുണ്ട്. നമസ്കാര സമയം, ബാങ്ക് വിളി, വിശുദ്ധ ഖുര്‍ആന്‍ എന്നിയൊക്കെ ഉള്‍പ്പെടുത്തിയുള്ള ഈ സോഫ്റ്റ്വെയര്‍ ഇന്ത്യയിലെത്തന്നെ ആദ്യത്തെ ഇസ്ലാമിക മൊബൈല്‍ അപ്ളിക്കേഷനാണെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ മെമ്മറി ഉപയോഗം, പ്രവര്‍ത്തിപ്പിക്കാന്‍ ഏറെ എളുപ്പം തുടങ്ങിയ സവിശേഷതകളുള്ള സോഫ്റ്റ്വെയര്‍ ജാവാ എനാബിള്‍ഡായ എല്ലാ മൊബൈല്‍ സെറ്റുകളിലും പ്രവര്‍ത്തിക്കുന്നു. സോഫ്റ്റ്വെയര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.alazaan.com വെബ്സൈറ്റില്‍ ലഭ്യമാണ്.
*****

ഇന്‍ഫോ ക്വിസ്

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com


1. ഒരേസമയം രണ്ട് സിം കാര്‍ഡ് ഉപയോഗിക്കാവുന്ന തരത്തില്‍ 2008^ല്‍ സാംസംഗ് കമ്പനി പുറത്തിറക്കിയ മൊബൈല്‍ ഫോണ്‍?
2. മൊസില്ല ബ്രൌസറിന്റെ സോഴ്സ് കോഡ് ഉപയോഗിച്ച് ബ്ലോഗര്‍മാര്‍ക്കായി തയ്യാറാക്കിയ വെബ് ബ്രൌസര്‍ സംവിധാനം?
3. അനേകം തരം ഇന്റര്‍ഫേസുള്ള ഓപറേറ്റിംഗ് സിസ്റ്റം?
4. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന 20/20 റൂള്‍ എന്താണ്?
5. ഉപയോക്താവിന്റെ ആരോഗ്യ നില പരിശോധിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ നല്‍കാന്‍ കഴിവുള്ള മൌസിന്റെ പേര്?
6. രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത താലൂക്ക് ഓഫീസ്?
7. ജോണ്‍ ടക്കി എന്ന ഐ.ടി. ചിന്തകന്‍ 1957^ല്‍ ഉപയോഗിച്ചതും പിന്നീട് കമ്പ്യൂട്ടര്‍ രംഗത്ത് ഏറെ പ്രശസ്തി നേടിയതുമായ പദം?
8. കമ്പ്യൂട്ടര്‍ ഉപയോക്താവിനെ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കെര്‍ണലുമായി ബന്ധിപ്പിക്കുന്ന ഭാഗം?
9. മൌസ് ഉപയോഗിച്ച് എത്ര തവണ ക്ലിക് നടത്തിയെന്ന് ഡിസ്പ്ലേ ചെയ്യാന്‍ കഴിയുന്ന സംവിധാനത്തിന്റെ പേര്?
10. തമിഴ്നാട് സര്‍ക്കാര്‍ ഐ.ടി ദിനം ആചരിക്കുന്നത് ഏത് ദിവസം? ആരുടെ നാമധേയത്തിലാണിത്?

ഉത്തരം

1. SCH - W599
2. Flock (www.flock.com)
3. ഗ്നു/ലിനക്സ്
4. മോണിറ്ററില്‍ നിന്ന് 20 ഇഞ്ച് മാറിയുള്ള ഇരിപ്പും 20 മിനിറ്റ് കഴിയുമ്പോള്‍ കുറച്ച് സമയം കണ്ണിന് റെസ്റ്റ് കൊടുക്കുകയും ചെയ്യുന്ന രീതി.
5. ഹാര്‍ട്ട് ബീറ്റ് മൌസ്
6. ഒറ്റപ്പാലം
7. സോഫ്റ്റ്വെയര്‍
8. ഷെല്‍
9. ക്ലിക് കൌണ്‍ മൌസ്
10. ഡിസംബര്‍ 22, ശ്രീനിവാസ രാമാനുജന്‍
*****

ഫോട്ടോ സ്ലൈഡ് ഷോ

അബൂബന്ന തൊടുപുഴ
madinalighting@gmail.com

ഫോട്ടോഗ്രാഫി മിക്കവര്‍ക്കും ഹരമാണ്. ഫോട്ടോ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവുകയുമില്ല. പ്രത്യേകിച്ച് വിവാഹം,വിനോദം, വിശേഷ ദിവസങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി ഫോട്ടോ ആയി കാണുമ്പോള്‍ അതൊരനുഭൂതി തന്നെയയിരിക്കും. എന്നാല്‍ ഈ ഫോട്ടോകള്‍ ഒരു സ്ലൈഡ് ഷോ രൂപത്തില്‍ കാണുകയാണെങ്കിലോ, അതും ഒരു പ്രോഫഷണല്‍ സ്റൈലോട് കൂടി. അതിനുള്ള നല്ലൊരു സോഫ്റ്റ്വെയറാണു 'wedding album maker gold 2.91'. മ്യൂസിക്, വ്യത്യസ്ത രീതിയിലെ ട്രാന്‍സിഷന്‍, വിവിധ ഇഫെക്ടുകള്‍, സൂം തുടങ്ങിയ ആകര്‍ഷകമായ ഘടകങ്ങളൊക്കെ ഉള്‍പ്പെടുത്തി വളരെ എളുപ്പത്തിലും പെട്ടെന്നും ഫോട്ടോ ആല്‍ബം തയ്യാറാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സോഫ്റ്റ് വെയറിന്റെ പ്രത്യേകത. Organize photos, Choose menu, Burn dvd എന്നീ മൂന്ന് തലങ്ങളില്‍ തയ്യാറാക്കുന്ന ആല്‍ബം സിഡിയിലേക്കും ഡിവിഡിയിലേക്കും കോപ്പി ചെയ്ത് സൂക്ഷിക്കാനും സാധിക്കുന്നു. www.download3000.com/download_15425.html എന്ന ലിങ്കിലൂടെ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


===================

Tuesday, September 09, 2008

ഇന്‍ഫോമാധ്യമം (373) - 01/09/2008


ആകര്‍ഷകമായ സംസാരത്തിലൂടെ മികച്ച തൊഴില്‍

കെ.വി. സുമിത്ര
sumithra_2257@spectrum.net.in


ആകര്‍ഷകവും വ്യക്തതയുള്ള സംസാരം എല്ലാവരും ഇഷ്ടപ്പെടുന്നു. ഇതൊരു കലയായി കണക്കാക്കുന്നതിലുപരി ഉറച്ചതും വ്യക്തതയുമുള്ള സംസാരത്തിലൂടെ അന്തസ്സുള്ള ഒരു തൊഴില്‍ സമ്പാദിക്കാമെന്ന് എത്രപേര്‍ക്കറിയാം. ഓവര്‍സീസ് ബിസിനസ് ഡവലപ്മെന്റ് മേഖലയാണ് ഇതിന് അവസരമൊരുക്കുന്നത്. വ്യക്തിത്വത്തിന്റെ നിര്‍ണ്ണായക ഘടകമാണ് സംസാരശൈലി. സംസാരിച്ചുകൊണ്ട് മാത്രമേ സംസാരശൈലി രൂപപ്പെടുത്തിയെടുക്കാനാവൂ എന്നതാണ് വസ്തുത. മികച്ച സംസാര ശൈലി സ്വായത്തമാക്കിയവര്‍ക്ക് അതുമുഖേന ജീവിത വിജയം നേടാനും ആ വിജയം നിലനിര്‍ത്താനും അവസരമുണ്ട്.
വിദേശത്തുള്ള കമ്പനികളുമായി നടക്കുന്ന വ്യാപാര^വാണിജ്യ ഇടപാടുകളില്‍ ഇടനിലക്കാരായി വര്‍ത്തിക്കുക എന്നതാണ് ഒ.ബി.ഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓവര്‍സീസ് ബിസിനസ് ഡവലപ്മെന്റ് നിര്‍വഹിക്കുന്ന ധര്‍മ്മം. ഇടപാടുകളിലെ മര്‍മ്മപ്രധാനമായ കണ്ണികളായി വര്‍ത്തിക്കുന്നവരാണിവര്‍. കമ്പനികളുടെ ആഗോള പ്രതിഛായ പ്രതിഫലിപ്പിക്കാന്‍ കഴിവുള്ളവരായിരിക്കണം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. കേരളത്തില്‍ ഇന്ന് മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ തൊളില്‍ മേഘലയാണിത്. വിദേശത്തുള്ളവരുമായി ആശയവിനിമയം നടത്തേണ്ടതിനാല്‍ അവരുടെ കാഴ്ചപ്പാടുകളും താല്‍പര്യങ്ങളും സംബന്ധിച്ച് ഇവര്‍ ബോധവാന്‍മാരായിരിക്കും. ആകര്‍ഷകമായ സംസാരത്തിലൂടെ അവരെ തങ്ങളുടെ സ്ഥാപനവുമായി അടുപ്പിക്കാന്‍ ഇവര്‍ക്ക് സാധ്യമാകുന്നു. സ്വന്തം കമ്പനിയുടെ സേവനങ്ങളും ഉല്‍പന്നങ്ങളും വിദേശികളായ ഉപഭോക്താക്കളിലെത്തിക്കുകയും അതുവഴി അവരെ കമ്പനിയുടെ വ്യാപാര ശൃംഖലയില്‍ കണ്ണികളാക്കുകയുമാണ് ഒ.ബി.ഡി എക്സിക്യൂട്ടീവ് ചെയ്യുന്നത്. ഈ മേഖലയില്‍ കൂടുതല്‍ ജോലി പരിചയമുള്ളവര്‍ക്ക് സീനിയര്‍ എക്സിക്യൂട്ടീവ് പദവി ലഭിക്കുന്നു. അതോടൊപ്പം ശമ്പളത്തിലും വര്‍ദ്ധനവ് പ്രതീക്ഷിക്കാം. കൂടുതല്‍ പരിചയം നേടുന്നതോടെ ഒ.ബി.ഡി ടീം ലീഡറെന്ന് നിലക്കും പിന്നീട് മാനേജ്മെന്റ് പദവികളിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. അത്യാകര്‍ഷകമായ ശമ്പളവ്യവസ്ഥയാണ് ഈ തൊഴില്‍ മേഖലയുടെ സവിശേഷത.

ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാനുള്ള പ്രാവീണ്യമാണ് ഇവിടെ തൊഴില്‍ ലഭിക്കുന്നതിനുള്ള മുഖ്യ യോഗ്യത. പ്രാദേശികമായ ഭാഷാ പ്രയോഗങ്ങള്‍ തിരിച്ചറിഞ്ഞ് ഇടപാടുകാരുമായി വേണ്ടരിതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കണം. ഏതാനും മാസത്തെ നിരന്തര പ്രയത്നത്തിലൂടെ ഇത് നേടിയെടുക്കാവുന്നതാണ്്. കേരളത്തില്‍ ഈ രീതിയില്‍ തൊഴില്‍ പരിശീലനം നല്‍കി അവരെ തങ്ങളുടെ കമ്പനിയുടെത്തന്നെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ച് വാണിജ്യ ശൃംഖലയിലേത്തിക്കുന്ന സ്ഥാപനങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, സ്പെക്ട്രം സോഫ്ടെക് സൊല്യൂഷന്‍സ്, വിപ്രോ തുടങ്ങിയ കമ്പനികള്‍ ഇതിലുള്‍പ്പെടുന്നു.
*****

മൊബൈല്‍ ഫോണ്‍ ഓട്ടോമൊബൈല്‍ സുരക്ഷക്ക്

ഹംസ അഞ്ചുമുക്കില്‍
hamza@britco.co.in


ഇന്ന് നിരത്തിലിറങ്ങുന്ന പുത്തന്‍ കാറുകള്‍ക്ക് കമ്പ്യൂട്ടര്‍, ഇലട്രോണിക്സ്, വയര്‍ലെസ്സ് എന്നീ സാങ്കേതിക വിദ്യകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. മാരുതി ആള്‍ട്ടോ പോലുള്ള സാധാരണ കാറുകള്‍ക്ക് പോലും ഇത്തരം നൂതന വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷിതത്വ സംവിധാനം എന്നതിലുപരിയായി ആഡംബരങ്ങള്‍ക്കാണ് ഈ മേഖലയില്‍ കൂടുതല്‍ പണം ചിലവാക്കുന്നത്. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ പോലുള്ള വയര്‍ലസ്സ് മേഖല പുരോഗമിക്കുമ്പോള്‍ അത് വാഹനങ്ങളുടെയും യാത്രക്കാരുടെ സുരക്ഷിതത്വത്തില്‍ വലിയൊരു പങ്ക് വഹിക്കേണ്ടതുണ്ട്. വാഹനത്തിന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാന്‍ നിലവിലെ ജി.എസ്.എം ടെക്നോളജി തന്നെ ധാരാളമാണ്. മൊബൈല്‍ ഉല്‍പന്നങ്ങളും അവയുടെ കോള്‍/ഡാറ്റ താരിഫുകളും ഇന്ത്യയിലാണ് ലോകത്ത്വെച്ചേറ്റവും കുറവുള്ളത്. അതിനാല്‍ തന്നെ വാഹനങ്ങളില്‍ ജി.എസ്.എം. വയര്‍ലെസ്സ് സംവിധാനം സാധ്യമാണെന്നതില്‍ സംശയമില്ല. ഓടുന്ന വാഹനം എവിടയാണെന്നും എത്ര വേഗതയിലാണ് ഓടുന്നതെന്നും എത്ര ലിറ്റര്‍ ഡീസല്‍/പെട്രോള്‍ കാറിലുണ്ടെന്നും എത്രപേര്‍ യാത്ര ചെയ്യുന്നുവെന്നും അപകടം സംഭവിക്കുന്നുണ്ടോ എന്നുമല്ലാം വീട്ടിലെയോ അതല്ലെങ്കില്‍ ഓഫീസിലെയോ കമ്പ്യൂട്ടര്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും മനസിലാക്കാന്‍ ഇപ്പോള്‍ സംവിധാനമായിരിക്കുന്നു.
*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com


ഡി.റ്റി.പി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഒരു കലയാണ്. മൈക്രോസോഫ്റ്റ് വേര്‍ഡിനെപ്പോലെയോ അഡോബ് പേജ്മേക്കറിനെപ്പോലെയോ ഉള്ള ഏതെങ്കിലും ഒരു വേര്‍ഡ് പ്രോസസ്സറുപയോഗിച്ച് ഒരു സാധാരണ ഡോക്യുമെന്റ് ഉണ്ടാക്കുക എന്നത് കമ്പ്യൂട്ടറില്‍ കേവല പരിജ്ഞാനമുള്ള ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണ്. എന്നാല്‍ ശരിയായ രീതിയില്‍ ഫോര്‍മാറ്റുചെയ്ത്, പേജ് സെറ്റപ് ചെയ്ത് അനുയോജ്യമായ ഫോണ്ടുകളും ചിത്രങ്ങളും നിറങ്ങളും ഇതര പാശ്ചാത്തല ക്രമീകരണങ്ങളും നടത്തി ആകര്‍ഷകമായ ഒരു ഡോക്യുമെന്റ് സൃഷ്ടിക്കുവാന്‍ സാധാരണഗതിയില്‍ നല്ല പരിശീലനം ലഭിച്ച കലാ ബോധമുള്ളവര്‍ക്കു മാത്രമേ കഴിയൂ. കാര്യമായ മുന്‍പരിചയമോ പ്രത്യേക വൈഭവമോ ഇല്ലാത്തവര്‍ക്കുപോലും പ്രൊഫഷണലുകളെ വെല്ലുന്ന ഡോക്യുമെന്റുകളുണ്ടാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു 'കിടിലന്‍' സോഫ്റ്റ്വെയറാണ് 'പേജ് പ്ലസ്.എസ്.ഇ'. മുന്‍കൂട്ടി തയ്യാര്‍ ചെയ്തുവച്ച ലേ ഔട്ടുകളും ടെംപ്ലേറ്റുകളും അത്യാകര്‍ഷകങ്ങളായ നിറക്കൂട്ടുകളും ആര്‍ട്ടിസ്റ്റിക് ഇഫക്ടുകളും ഒത്തു ചേര്‍ന്ന ഈ സോഫ്റ്റ്വെയറിന്റെ മിക്ക സംവിധാനങ്ങളും സ്വയം പ്രവര്‍ത്തകങ്ങളാകയാല്‍ ഇതിന്റ ഉപയോഗക്രമം വളരെ ലളിതമാണ്. സാധാരണ പോസ്റ്ററുകള്‍, ക്ഷണക്കത്തുകള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍ തുടങ്ങി തിളക്കമാര്‍ന്ന മാര്‍ക്കറ്റിംഗ് ബ്രോഷറുകള്‍ വരെ തയാര്‍ ചെയ്യാവുന്ന ഏതാണ്ട് അഞ്ഞൂറോളം ടെംപ്ലേറ്റുകളും ഡിസൈനുകളും സോഫ്റ്റ്വെയറിലുണ്ടെന്നതിനാല്‍ അവയില്‍നിന്ന് ഏതാവശ്യത്തിനും സന്ദര്‍ഭത്തിനുമിണങ്ങുന്നവ തിരഞ്ഞെടുത്തു പ്രയോഗിക്കുക മാത്രമേ വേണ്ടൂ. www.freeserifsoftware.com/software/PagePlus/default.asp എന്ന വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്ന ഈ സോഫ്റ്റ്വെയറിന്റെ ഇന്‍സ്റ്റലേഷന്‍ പ്രക്രിയയും വളരെ എളുപ്പമാണ്. കൂടാതെ ഇതിന്റെ വൈവിധ്യമേറിയ ഉപയോഗക്രമങ്ങള്‍ പ്രായോഗികതയിലൂന്നി പടിപടിയായി വിശദീകരിക്കുന്ന മികച്ച ഒരു ട്യൂട്ടോറിയലും പ്രോഗ്രാമിനോടൊപ്പം ലഭിക്കും.
*****

ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

ചില യാത്രങ്ങള്‍.. അനുഭവങ്ങളും

യാത്ര വളരെയേറെ ഇഷ്ടപ്പെടുകയും ഓരോ യാത്രയും മറക്കാനാവാത്ത ഓര്‍മ്മച്ചെപ്പുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഒരാള്‍ തന്റെ യാത്രാനുഭവങ്ങള്‍ ജീവിതത്തിന്റെ തന്നെ അനുഭൂതിയാക്കി മാറ്റുന്ന കാഴ്ചയാണ് മനോജ് രവീന്ദ്രന്റെ 'ചില യാത്രകള്‍' (chilayaathrakal.blogspot.com) എന്ന ബ്ലോഗിലൂടെ നമുക്ക് ദൃശ്യമാക്കിത്തരുന്നത്. പ്രവാസ ജീവിതത്തിന്റെ പ്രയാസവും വിരസതയുമകറ്റാനുള്ള മാര്‍ഗമെന്ന നിലക്കാണ് മറുനാട്ടിലെ മലയാളികള്‍ ബ്ലോഗ് പോലുള്ള ഇന്ററാക്റ്റിവ് മാധ്യമങ്ങളില്‍ കൂടുതല്‍ സക്രിയമാകുന്നതെന്ന് പറയുന്നതില്‍ തെറ്റില്ല.

യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഓരോ ദൃശ്യങ്ങളും ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയും അത് തന്റെ ഡയറിത്താളുകളില്‍ കുറിച്ചിട്ട് വായനക്കാരിലേക്ക് പകരുകയും ചെയ്യുന്ന ബ്ലോഗാണിത്. താന്‍ കണ്ടതും തന്നെ ആകര്‍ഷിച്ചതുമായ മണ്ണിലേക്കുള്ള ഒരു തിരിച്ചുപോക്ക്. ബ്ലോഗില്‍ മനോജ് ഇങ്ങനെ കുറിച്ചിടുന്നു. 'ഇതെന്റെ ചില കൊച്ചു കൊച്ചു യാത്രാ കുറിപ്പുകളാണ്. ഒരു ഡയറി പോലെ എനിക്ക് വേണ്ടി ഞാന്‍ തന്നെ കുറിച്ചിടുന്ന ചില സ്ക്രാപ്പുകള്‍. ഏതെങ്കിലും വഴിപോക്കന്‍ വായിക്കാനിടയായാല്‍, ഏതെങ്കിലും കുറിപ്പുകള്‍ രസകരമായിത്തോന്നാനിടയായാല്‍ ഈയുള്ളവന്‍ ധന്യനായി. അതിലപ്പുറം ഒരു ലക്ഷ്യവും ഈ കുറിപ്പുകള്‍ക്കില്ല'.

എസ്.കെ. പൊറ്റക്കാട് പകര്‍ന്നുതന്ന യാത്രാവിവരണ സാഹിത്യ ശാഖയുടെ ഇളം തലമുറക്കാരനാണ് മനോജ് എന്ന് പറയാം. അന്ന് പൊറ്റക്കാട് കടലാസിലെ കറുപ്പും വെളുപ്പും തന്റെ യാത്രാനുഭവങ്ങള്‍ കോറിയിടാന്‍ ഉപയോഗിച്ചെങ്കില്‍ ഇന്ന് മനോജിപ്പോലുള്ള പുതിയ എഴുത്തുകാര്‍ സൈബര്‍ സ്പെയ്സ് തിരഞ്ഞെടുത്ത് തങ്ങളുടെ യാത്രാനുഭവങ്ങളെ ഇന്റര്‍നെറ്റിലൂടെ യാത്രചെയ്യിച്ച് ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കെത്തിക്കുന്നു. കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും സഞ്ചാരികളുടെ പറുദീസയായ ഒട്ടുമിക്ക വിനോദ സഞ്ചാര മേഖലകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട് മനോജ്. കുറിപ്പുകള്‍ക്കൊപ്പം ചിത്രങ്ങളും ചേര്‍ത്തുവെച്ചത് വായനാനുഭവത്തോടൊപ്പം നല്ലൊരു കാഴ്ചാനുഭവവും സമ്മാനിക്കുന്നു.

കേരളത്തിലെ ആത്മീയതയുടെ സൂര്യാംശം തങ്ങിനില്‍ക്കുന്ന മനകള്‍, മലകള്‍ എന്നിവയിലേക്ക് അവയുടെ ഐതിഹ്യങ്ങളുടെ പിന്‍ബലത്തോടെ ഈ കുറിപ്പുകള്‍ തുര്‍ത്ഥാടനം നടത്തുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തന്റെ രായിരനെല്ലൂര്‍ മന, സൂര്യകാടി മന എന്നിവയിലേക്കുള്ള യാത്രയുടെ വിവരണങ്ങള്‍ ഏതൊരാളുടെ മനസ്സിലും അങ്ങോട്ടുള്ള യാത്രക്ക് ഭാണ്ഡമൊരുക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. കേരളത്തിന്റെ സഞ്ചാര ഭൂപടത്തില്‍ ഇനിയും വരച്ചുകാണിക്കാത്തതും അതേസമയം ഏറെ ടൂറിസം സാധ്യതയുള്ളതുമായ വിനോഖ സഞ്ചാരമേഖലകളെക്കുറിച്ച് അറിവ് പകരാന്‍ ഈ ബ്ലോഗ് നിമിത്തമായിട്ടുണ്ട്. മൂന്നാറിലെ കൊളുക്ക് മലൈയാണ് ബ്ലോഗിലെ പുതിയ യാത്രാവിവരണങ്ങളിലൊന്ന്. 'ഇടത്തോട്ട് നോക്കിയാല്‍ കാണുന്ന താഴ്വര മുഴുവന്‍ കേരളം. വലതു വശത്തെ താഴ്വര തമിള്‍നാട്. മുമ്പില്‍ മറ്റൊരു മല തലയുയര്‍ത്തി നില്‍ക്കുന്നു. അതാണ് തിപാടമല. തലക്കുമുകളില്‍ തൊട്ടുതൊട്ടില്ലെന്ന ഉയരത്തില്‍ കടന്നുപോകുന്ന മഴമേഘങ്ങളുമായി സല്ലപിച്ചു കുറച്ചുനേരം അവിടെ നിന്നു. കൂട്ടം തെറ്റിയും വഴിമാറിപ്പോയും കുറേ മേഘങ്ങള്‍ താഴെ മലയിടുക്കുകളില്‍ തേയിലത്തോട്ടങ്ങള്‍ക്ക് മുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ട്. എത്ര കണ്ടാലും മതിവരാത്ത കണ്ണും കരളും കവരുന്ന കാഴ്ച തന്നെ'. മനോജിന്റെ വിവരണത്തിന്റെ മാതൃകയാണിത്. മനോജ് പറയുന്നതുപോലെ എത്ര യാത്ര പോയാലും മതിവരാത്ത അനുഭവം തന്നെ. ഒപ്പം യാത്രാവിവരണം വായിക്കുന്നതും ഒരിക്കലും മതിവരാത്ത അനുഭവമാണെന്ന് ഈ ബ്ലോഗ് സാക്ഷ്യപ്പെടുത്തുന്നു.
*****

എന്നെ ശല്യം ചെയ്യരുതേ..

അബ്ദുല്‍ മുനീര്‍ എസ്.

മൊബൈല്‍ ഉപയോക്താവായ നിങ്ങളെ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാരും മറ്റു ടെലിമാര്‍ക്കറ്റിംഗുകാരും ഫോണ്‍ ചെയ്തും എസ്.എം.എസ് സന്ദേശങ്ങളയച്ചും ശല്യം ചെയ്യാറില്ലേ. അനാവശ്യമായ ഇത്തരം ഫോണ്‍ കോളുകളും സന്ദേശങ്ങളും നിങ്ങള്‍ക്ക് ഒഴിവാക്കാനാവുന്നതേയുള്ളൂ. ഇതിന് വേണ്ടി മൊബൈല്‍ ഓപറേറ്ററുടെ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുകയോ അതല്ലെങ്കില്‍ START DND എന്ന് 1909 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയോ ചെയ്യുക. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് *121# ഡയല്‍ ചെയ്തും ഇത് ഒഴിവാക്കാവുന്നതാണ്. പിന്നീട് ആവശ്യമെങ്കില്‍ ഈ സേവനം ആക്റ്റിവേറ്റ് ചെയ്യാനും സൌകര്യമുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) www.ndncregistry.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. മിക്ക നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാരും ഈ സംവിധാനം തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചിരിക്കും.
==============================

Monday, September 01, 2008

ഇന്‍ഫോമാധ്യമം (372) - 25/08/2008



'ഇന്‍ഫോമാധ്യമം' - ഐ.ടി @ സ്കൂള്‍
ഏകദിന ഐ.ടി. ശില്പശാല - മലപ്പുറം

'ഐടിയുടെ ദുരുപയോഗത്തിനെതിനെ ജാഗ്രത പാലിക്കണം'


മലപ്പുറംഃ വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ വിദ്യാഥികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ പറഞ്ഞു. 'ഇന്‍ഫോമാധ്യമവും' ഐ.ടി അറ്റ് സ്കൂളും ആര്‍.ഐ.ടി. കാഡ് സെന്ററുമായി സഹകരിച്ച് മലപ്പുറം ഗ്രേസ് ഓഡിറ്റോറിയത്തില്‍ നടത്തിയ ഏകദിന ഐ.ടി ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം. ഐ.ടി പാഠ്യപദ്ധതിയുടെ ഭാഗമായതാണ് വിദ്യാഭ്യാസ മേഖലയില്‍ അടുത്ത കാലത്തുണ്ടായ വിപ്ളവകരമായ മാറ്റം. ഇന്ന് വിവര സാങ്കേതിക വിദ്യയില്‍ ഏറ്റവും പുരോഗതി കൈവരിച്ച ജില്ലയായി മലപ്പുറം മാറി. സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അതിനുള്ള വിവിധ പരിപാടികള്‍ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

'ഇന്‍ഫോമാധ്യമം' എഡിറ്റര്‍ വി.കെ. അബ്ദു അധ്യക്ഷത വഹിച്ചു. ഐ.ടി. അറ്റ് സ്കൂള്‍ പ്രൊജക്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. മാധ്യമം മലപ്പുറം റസിഡണ്ട് മാനേജര്‍ മുഹമ്മദ് ശരീഫ് ചെറക്കല്‍, മലപ്പുറം നഗരസഭാ സെക്രട്ടരി പി.കെ. അനീസ്, ആര്‍.ഐ.ടി. കാഡ് സെന്റര്‍ ബിസിനസ് മാനേജര്‍ കെ.എ. റിയാസ് എന്നിവര്‍ സംസാരിച്ചു. ഐ.ടി. അറ്റ് സ്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ശങ്കരദാസ് സ്വാഗതവും മാധ്യമം മലപ്പുറം സര്‍ക്കുലേഷന്‍ മാനേജര്‍ എം. ഉസാമത്ത് നന്ദിയും പറഞ്ഞു.

'ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍' എന്ന വിഷയത്തില്‍ ഐ.ടി. അറ്റ് സ്കൂള്‍ മാസ്റ്റര്‍ ട്രെയ്നര്‍മാരായ കൃപാനന്ദ്്, കെ.പി. ശങ്കരദാസ്, കെ. ശബരീഷ് എന്നിവരും 'ഐ.ടി. മേഖലയിലെ പുതിയ പ്രവണതകള്‍ഃ ഒരു പഠനം' എന്ന വിഷയത്തില്‍ ഐ.ആര്‍.ടി. കാഡ് സെന്റര്‍ ടെക്നിക്കല്‍ കോ^ഓര്‍ഡിനേറ്റര്‍ അനൂപ് അരവിന്ദും 'ആനിമേഷന്‍ ഒരാമുഖം' എന്ന വിഷയത്തില്‍ ചിത്രകലാധ്യാപകന്‍ സി.പി. ഷാജിയും 'ഇന്റര്‍നെറ്റിന്റെ സാധ്യതകളും പരിമിതികളും' എന്ന വിഷയത്തില്‍ ഐ.ടി. അറ്റ് സ്കൂള്‍ ലീഡിംഗ് മാസ്റ്റര്‍ ട്രെയ്നര്‍ ആന്‍ഡ്രൂസ് മാത്യൂവും ക്ലാസെടുത്തു. മലപ്പും വിദ്യാഭ്യാസ ജില്ലയിലെ തിരഞ്ഞെടുത്ത പതിനഞ്ച് സ്കൂളിലെ വിദ്യാര്‍ഥികളും ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാരുമാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.
******

വിവര കൈമാറ്റത്തിന് മൈക്രോ ബ്ലോഗിംഗ്

ടി.കെ. ദീലീപ് കുമാര്‍, സേനാപതി
dileep.senapathy@gmail.com

ബ്ലോഗിംഗിന്റെ പുതിയ രൂപമാണ് മൈക്രോ ബ്ലോഗിംഗ്. പ്രത്യേകം സജ്ജമാക്കിയ വെബ്സൈറ്റുകളുടെ സഹായത്തോടെ പേഴ്സണല്‍ ബ്ലോഗിലേക്കോ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് മുഖേനയോ ചെറിയ സന്ദേശങ്ങള്‍ കൈമാറുന്ന രീതിയാണിത്. ബിസിനസ് മേഖലയിലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ വിവര കൈമാറ്റത്തിന് പുറമെ കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരസ്പരം ഏത് സമയത്തും ബന്ധപ്പെടാനും ഇതുപയോഗിക്കാം. സാധാരണഗതിയില്‍ 140 മുതല്‍ 200 വരെ അക്ഷരങ്ങളുള്ള തല്‍സമയ വിവര കൈമാറ്റമെന്നും ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ഇന്ത്യയില്‍ മൈക്രോ ബ്ലോഗിംഗ് സേവനം അവതരിപ്പിക്കപ്പെട്ടത് ആറ് മാസം മുമ്പാണ്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൈക്രോ ബ്ലോഗ് ഏത് സമയത്തും അപ്ഡേറ്റ് ചെയ്യാം. അപ്ഡേറ്റ് ചെയ്ത ഈ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും എവിടെയും എപ്പോഴും സ്വീകരിക്കാം. എസ്.എം.എസ് മുഖേന പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്യാം. മൈക്രോ ബ്ലോഗിംഗിന് ടെക്സ്റ്റ്, ഓഡിയോ, വീഡിയോ എന്നീ രൂപങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ചില സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഇപ്പോള്‍ ഈ സേവനം പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്, ബി.ബി.സി തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങളും മൈക്രോ ബ്ലോഗിംഗ് രംഗത്തേക്ക് കടന്നിരിക്കയാണ്. അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിത്തിന് വേണ്ടിയുള്ള മല്‍സരങ്ങളില്‍ ബറാക്ക് ഒബാമ മൈക്രോ ബ്ലോഗിംഗ് സംവിധാനത്തെ വന്‍തോതില്‍ ആശ്രയിച്ചിരുന്നു. Twitter, smsgupshup, vakow, yewoh, snockles, kwippy, MOBS, mytoday, funpiper തുടങ്ങിയവ ഇന്ത്യയിലെ പ്രധാന മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമുകളാണ്.
*****

വാഹനങ്ങളില്‍ മാജിക് മിറര്‍ ഫോണ്‍

ഹംസ അഞ്ചുമുക്കില്‍
hamza@britco.co.in


വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ക്ക് ഫോണെടുക്കാതെ തന്നെ മറുപടി നല്‍കാന്‍ സൌകര്യമൊരുക്കുന്ന ബ്ലൂടൂത്ത് സംവിധാനം വിപണിയിലുണ്ട്. എന്നാല്‍ കാറിനകത്തുള്ള ബേക്ക്വ്യൂ മിറര്‍ തന്നെ ഒരു ഫോണ്‍ എന്ന നിലക്ക് പ്രവര്‍ത്തിച്ചാല്‍ അത് കൂടതല്‍ സൌകര്യമാവില്ലേ. ഈ ഇനത്തിലെ ബ്ലൂടൂത്ത് കിറ്റുകളും രംഗത്തെത്തി. നിങ്ങളുടെ ഫോണുമായി ഇത് കണറ്റ് ചെയ്താല്‍ പിന്നീട് വരുന്ന കോളുകളുടെ നമ്പര്‍ കണ്ണടയില്‍ തെളിയുകയും ഇതില്‍ തന്നെയുള്ള സ്പീക്കര്‍ വഴി ഹാന്റ് ഫ്രീയായി സംസാരിക്കുകയും ചെയ്യാം. മൈക്കും സ്പീക്കറുമൊക്കെ കണ്ണാടിയില്‍ തന്നെയുണ്ട്. ഇങ്ങനെ സംസാരിക്കുന്നതിനിടയില്‍ ഒരു ടെലിഫോണ്‍ നമ്പറോ മറ്റോ നമുക്കൊന്ന് എഴുതിവെക്കണമെന്ന് കരുതുക. അതിനും മാജിക് കണ്ണാടിയില്‍ മാര്‍ഗമുണ്ട്. വാഹനം നിര്‍ത്തി നോട്ട് ബുക്കെടുത്ത് എഴുതുന്നതിന് പകരം നമ്പര്‍ ഉച്ചരിക്കുമ്പോള്‍ തന്നെ അത് റിക്കാര്‍ഡ് ചെയ്യപ്പെടുകയായി. സൌകര്യം പോലെ ഇത് പിന്നീട് കേള്‍ക്കുകയോ എഴുതി വെക്കുകയോ ചെയ്യാവുന്നതാണ്. ഇനി നിങ്ങളുടെ ഫോണിലെ എം.പി.3 രൂപത്തിലുള്ള പാട്ടുകള്‍ വലിയ ശബ്ദത്തില്‍ കേള്‍ക്കണമെങ്കിലും ഈ അത്ഭുത കണ്ണാടിയില്‍ സംവിധാനമുണ്ട്. വാഹനത്തിലെ യാത്രക്കാര്‍ക്കെല്ലാം ഒരു കാര്‍ സ്റ്റീരിയോ പോലെ ഇത് കേള്‍ക്കാം. വാഹനങ്ങളില്‍ ബ്ലൂടൂത്ത് വഴി ഉടമയെ തിരിച്ചറിയാന്‍ കഴിയുന്ന സാങ്കേതികവിദ്യയും ചില കാറുകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാഹന മോഷണം തടയാന്‍ ഇത് ഫലപ്രദമാണ്.
*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

വെബ്സൈറ്റുകളുടെ സ്ലൈഡ്ഷോ


കമ്പ്യൂട്ടറില്‍ സേവ്ചെയ്തതും അല്ലാത്തതുമായ സിനിമ കാണാനും പാട്ടു കേള്‍ക്കാനും വിന്‍ഡോസ് മീഡിയാ പ്ലേയര്‍, റിയല്‍ പ്ലേയര്‍, വിന്‍ആംപ് തുടങ്ങിയ പ്രോഗ്രാമുകള്‍ നാം ഉപയോഗിക്കാറുണ്ടല്ലോ. കാഴ്ചയില്‍ ഏതാണ്ട് ഈ പ്രോഗ്രാമുകള്‍ പോലുള്ള ഇന്റര്‍ഫെയിസോടും ബട്ടണുകളോടും കൂടിയ ഒരു സോഫ്റ്റ്വെയറാണ് പേജ് ക്യൂ. പക്ഷെ ഇവിടെയൊരു വ്യത്യാസമുണ്ട്. സിനിമക്കുപകരം വെബ്സൈറ്റുകള്‍ സ്ലൈഡ്ഷോ രൂപത്തില്‍ കാണാനും വേണ്ടിവന്നാല്‍ ഇ^മെയില്‍ വഴിയോ മറ്റോ ഷെയര്‍ ചെയ്യാനുമാണ് ഈ 'മീഡിയാ പ്ലേയര്‍' പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു വെബ്ബ്രൌസറും പ്ലേയര്‍ ടൂള്‍ബാറും കുടിച്ചേര്‍ന്ന ബാഹ്യഘടനയാണ് പേജ് ക്യൂവിന്റേതെന്നുപറയാം. ഇതുപയോഗിച്ച് നെറ്റില്‍ സര്‍ഫ് ചെയ്യുന്നതോടൊപ്പം പില്‍ക്കാലത്തെ ഉപയോഗത്തിനുവേണ്ടി സൈറ്റുകള്‍ Favorites Manager എന്ന ഫീച്ചറുപയോഗിച്ച് ഹാര്‍ഡ് ഡിസ്ക്കില്‍ സേവ്ചെയ്തു വെക്കാം. ഇപ്രകാരം സേവ് ചെയ്യുന്ന വെബ്പേജുകളുടെ ക്യൂ അഥവാ പ്ലേ ലിസ്റ്റ് വീഡിയോ പ്ലേയറിലെപോലെ ടൂള്‍ബാറിലെ റെക്കോര്‍ഡ്, പ്ലേ, പോസ്, സ്േറ്റോപ്പ്, റീവൈന്‍ഡ്, നെക്സ്റ്റ്്, പ്രീവിയസ് എന്നിങ്ങനെയുള്ള ബട്ടണുകളുപയോഗിച്ച് ആവശ്യാനുസൃതം നിയന്ത്രിക്കുകയും എഡിറ്റ് ചെയ്യുകയുമാവാം. പുറമെ നിലവിലുള്ള ഫാവറൈറ്റ് ഫോള്‍ഡറിലും ഹിസ്റ്ററി ഫോള്‍ഡറിലുമുള്ള വെബ്പേജുകള്‍ പേജ് ക്യൂവിലേയ്ക്ക് വളരെ എളുപ്പത്തില്‍ ഡ്രാഗ് ചെയ്തു കൂട്ടിച്ചേര്‍ക്കാനും സാധിക്കും. പ്ലേലിസ്റ്റ് ആല്‍ബങ്ങളിലെ ഇന്‍ഡക്സുപോലെ ഇത് പ്രവര്‍ത്തിക്കുന്നു. ഈ പ്രോഗ്രാമുപയോഗിച്ച് മറ്റാര്‍ക്കെങ്കിലും വെബ്ബിലൂടെ അയക്കപ്പെടുന്ന പേജുകള്‍ വായിക്കാന്‍ അവരുടെ കമ്പ്യൂട്ടറിലും ഇതേപ്രോഗ്രാം ആവശ്യമില്ലെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ പ്രത്യേകത. നെറ്റിലൂടെ ഗവേഷണ വിഭവങ്ങള്‍ ശേഖരിക്കുന്നവര്‍, വെബ് ഡിസൈനര്‍മാര്‍ തൂടങ്ങിയവര്‍ക്ക് തങ്ങളുടെ ഇഷ്ട പേജുകള്‍ വ്യവസ്ഥാപിതമായി വര്‍ഗ്ഗീകരിച്ച് ശേഖരിച്ചുവെക്കാനും പങ്കുവെക്കാനും ഉപയോഗിക്കാമെതിനുപുറമെ അധ്യാപകര്‍ക്കും ബിസിനസ്സുകാര്‍ക്കും പ്രസന്റേഷന്‍ സോഫ്റ്റ്വെയറായും പേജ്ക്യൂ ഉപയോഗിക്കാം. സോഫ്റ്റ് വെയറിന്റെ സൈജന്യ വേര്‍ഷന്‍ http://www.pageq.com/ വെബ്സൈറ്റിന്റെ http://www.pageq.com/downloads/download_homeV1R4.htm എന്ന ലിങ്കിലൂടെ നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാം.
*****

ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

ഗ്രാഫിക് ഡിസൈനിനൊരു ബ്ലോഗ്


ഡിജിറ്റല്‍ മാധ്യമത്തിലൂടെയുള്ള ഗ്രാഫിക് ഡിസൈനിംഗിന്റെ ബാല പാഠങ്ങള്‍, ഡിസൈനിംഗിന്റെ ചരിത്രം, തത്വങ്ങള്‍, ടിപ്സ് എന്നിങ്ങനെ ഗ്രാഫിക് ഡിസൈനുമായി ബന്ധപ്പെട്ട അറിവുകള്‍ തന്റെ ബ്ലോഗിലൂടെ പങ്കുവക്കുകയാണ് ടി.എം. സിയാദ്. എക്സക്ലൂസീവായി സ്വന്തം പേരില്‍ ഒരു ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് ഈ ബ്ലോഗര്‍ തന്റെ ആശയം പങ്കുവക്കുന്നത്. http://www.tmziyad.com/ എന്നാണ് ബ്ലോഗ് അഡ്രസ്സ്. ഗ്രാഫിക് ഡിസൈന്‍ എന്ന വിഷയത്തിന് പുറമെ ലേഖനം, കഥ^കവിത, അനുഭവം, നര്‍മ്മം, ടിപ്സ്^ട്രിക്, ചിന്ത, പടമിടം എന്നിങ്ങനെ വിവിധ തലക്കെട്ടുകളിലായി ഇവിടെ ബ്ലോഗ് പോസ്റ്റുകള്‍ നിരത്തിയിരിക്കുന്നു. ടിപ്സ്^ട്രിക് പേജിലെ ഫോട്ടോഷോപ്, ഫയര്‍ഫോക്സ് ബ്രൌസര്‍, അഡോബി ഇല്ലസ്ട്രേറ്റര്‍, സ്വര്‍ണ്ണ ലിപിയിലെങ്ങനെ എഴുതാം തുടങ്ങിയ പോസ്റ്റുകള്‍ ഏറെ ആകര്‍ഷകമായിരിക്കുന്നു. ലേഖനങ്ങള്‍ക്കെല്ലാം അകമ്പടിയായി ബന്ധപ്പെട്ട ആപ്ളിക്കേഷന്‍ ചെയ്യുന്നതിന്റെ സ്ക്രീന്‍ ഷോട്ട് ചിത്രങ്ങള്‍ ഉചിതമായ സ്ഥാനത്ത് നല്‍കിയത് പ്രായോഗിക പരിശീലനത്തിന് സഹായകമാകുന്നു. തന്റെ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ചിത്രങ്ങളാണ് പടമിടം എന്ന പേജില്‍ കൊടുത്തിരിക്കുന്നത്.
കുട്ടികള്‍ അക്ഷരം പഠിക്കുമ്പോള്‍ 'എ' ഫോര്‍ ആപ്പിള്‍ എന്നാണല്ലോ തുടങ്ങാറുള്ളത്. ഇവിടെ സിയാദും ഒരു ആപ്പിളിലാണ് ഡിജിറ്റല്‍ വരയുടെ ആദ്യപാഠം ആരംഭിക്കുന്നത്. 'ആപ്പിള്‍ വരക്കാം, ആപ്പിളേയ്...' എന്ന ഈ പോസ്റ്റ് കൌതുകമുണര്‍ത്തുന്നു. ബ്ലോഗിന്റെ ലാളിത്യ ഭംഗി മനസ്സിലാക്കാന്‍ ഈ ഒരൊറ്റ പോസ്റ്റ് മതി. ആപ്പിളിന്റെ ഘടന പെന്‍ ടൂളിന്റെ സഹായത്തോടെ വരക്കുന്നതെങ്ങനെ എന്ന വിവരണം തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ബ്ലോഗ് പോസ്റ്റുകളിലൊന്നാണ്. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുമായി സാധാരണക്കാര്‍ക്ക് ചങ്ങാത്തം കൂടാന്‍ ഇത്തരം ബ്ലോഗുകള്‍ ഉപകരിക്കും.
ഗ്രാഫിക് ഡിസൈന്‍ എന്ന പോജില്‍ ആമുഖവും നാല് അധ്യായങ്ങളും ഇതിനകം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ചിത്രം വരക്കുന്നവര്‍ക്കും ഡി.ടി.പി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സഹായകമായ രീതിയിലാണ് പോസ്റ്റുകള്‍ സംവിധാനിച്ചിരിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലെ പ്രസാധന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ ബ്ലോഗ് അങ്ങേയറ്റം പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല.
*****

ചരിത്രത്തിന്റെ താളുകളിലൂടെ

മനോജ് കുമാര്‍ എ.പി.
http://jalakapazhuthiloode.blogspot.com


ആധുനിക വിദ്യാഭ്യാസം വെറും സിലബസ്സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അറിയാനും കണ്ടെത്താനുമുള്ള കുട്ടികളുടെ ത്വരയെ അത് പരിപോഷിപ്പിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ കുട്ടികളെയും അധ്യാപകരെയും സഹായിക്കാന്‍ ധാരാളം വെബ്സൈറ്റുകള്‍ രംഗത്തുണ്ട്. ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പ്രയോജപ്പെടുത്താവുന്ന സൈറ്റുകളിലൊന്നാണ് http://www.civilwarhome.com/. അമേരിക്കന്‍ സിവില്‍ യുദ്ധത്തെക്കുറിച്ചുള്ള വിവരണമാണ് സൈറ്റിന്റെ ഉള്ളടക്കം. യുദ്ധത്തെക്കുറിച്ച് ആധുനിക ചരിത്രകാരന്‍മാരുടെ പഠനങ്ങളും യുദ്ധനായകന്‍മാരുടെ കുറിപ്പുകളും സൈറ്റിലുണ്ട്.
ലോകത്ത് സ്വാധീനം ചെലുത്തിയ ശാസ്ത്രജ്ഞനമാരുടെയും സാമ്പത്തിക വിദഗ്ധരുടെയും ജീവചരിത്രം ശേഖരിച്ചുവെച്ച ഒരു ലൈബ്രറിയാണ് www.blupete.com/index.htm. കുട്ടികളുടെ വായനയും പഠനവും സമ്പുഷ്ടമാക്കാന്‍ ഈ സൈറ്റ് പ്രയോജനപ്പെടും. ഹെറഡോട്ടസ് മുതല്‍ ആധുനിക ചരിത്രകാരന്‍മാരെ വരെ പരിചയപ്പെടുത്തുകയാണ് www.strangescience.com/bio എന്ന വെബ്സൈറ്റ്. ബഹിരാകാശ യാത്രികരുടെ ജീവചരിത്ര ശേഖരമാണ് www.Jsc.nasa.gov/Bios/cosmo.html എന്ന വെബ്സൈറ്റ് കാഴ്ചവെക്കുന്നത്. അമേരിക്കന്‍ ബഹിരാകാശ പര്യവേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന 'നാസ'യാണ് ഇതൊരുക്കിയിരിക്കുന്നത്.

===================================

Monday, August 25, 2008

ഇന്‍ഫോമാധ്യമം (371) - 11/08/2008




ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

ബ്ലോഗിലെ കാര്‍ട്ടൂണ്‍ താരം


കഥ, കവിത, ലേഖനം, ആത്മാംശമുള്ള കുറിപ്പുകള്‍, ശാസ്ത്ര സാങ്കേതിക ലോകത്തെ നുറുങ്ങറിവുകള്‍ എന്നിവ മുഖ്യവിഷയമാക്കി മലയാളം ബ്ലോഗ് ലോകം അനുദിനം വളരുകയാണല്ലോ. ഇതില്‍ നിന്ന് കാര്‍ട്ടൂണിനെ മാത്രം മാറ്റി നിര്‍ത്താനാവില്ല എന്ന് തെളിയിക്കുകയാണ് ശ്രീ. സജീവ്. 'കേരളഹഹഹ' (keralahahaha.bolgspot.com) എന്ന ബ്ലോഗ് കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും ഒരപൂര്‍വ ശേഖരമാണ്. മലയാളം ബ്ലോഗുകളുടെ ചരിത്രം എന്നെങ്കിലും ആരെങ്കിലും എഴുതാന്‍ തുനിയുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒരിടം സജീവ് തന്റെ വരകളിലൂടെയും എഴുത്തുകളിലൂടെയും സൃഷ്ടിച്ചെടുത്തിരിക്കുന്നു. സജീവ് തന്നെ പറയുന്നത് ശ്രദ്ധിക്കുക. 'ഞാന്‍ അവിചാരിതമായി ആണ് ബ്ലോഗ് എന്ന മാധ്യമരൂപത്തെക്കുറിച്ച് അറിയാനിട വന്നത്. ഒരു സ്കൂള്‍ കുട്ടി ബ്ലോഗ് തുടങ്ങിയ വാര്‍ത്ത അന്ന് പത്രത്തില്‍ വായിച്ചപ്പോള്‍ ഞാന്‍ കരുതിയത് എന്തോ പ്രോഗ്രാമിംഗ് ഭാഷ ഒക്കെ പഠിച്ച ശേഷം നടത്തുന്ന അഭ്യാസം ആണ് ഇതെന്നായിരുന്നു. പിന്നെയല്ലേ ഇ-മെയില്‍ പോലെ റെഡിമെയ്ഡ് വിഭവം ആണ് ഇതെന്ന് മനസ്സിലായത്. അപ്പോള്‍ പിന്നെ ഒറ്റച്ചാട്ടം'.
'കേരളഹഹഹ' ബ്ലോഗിന് ഒട്ടേറെ സവിശേഷതകളുണ്ട്. അതില്‍ എടുത്തു പറയേണ്ടത് ബ്ലോഗര്‍മാരായ നൂറ്റി ഇരുപത്തിരണ്ട് പേരുടെ കാരിക്കേച്ചറുകളാണ്. മിക്കവരും മലയാളി ബ്ലോഗര്‍മാര്‍ തന്നെ. ആന സീരീസ്, പുലി സീരീസ്, വരയന്‍ പുലി സീരീസ്, ലാത്തി എന്നിങ്ങനെ ഇവരെ വേര്‍തിരിച്ചിരിക്കുന്നു. വരയന്‍ പുലി സീരീസില്‍ ടോംസ്, ബി.എം. ഗഫൂര്‍, യേശുദാസന്‍, ഉണ്ണി എന്നിങ്ങനെ കാര്‍ട്ടൂണ്‍ ലോകത്തെ പതിനെട്ട് പുലികളെ വരച്ചവതരിപ്പിക്കുന്നു. ആന സീരീസ് കാരിക്കേച്ചര്‍ കൂട്ടത്തില്‍ ഇ.എം.എസ്, നവാബ് രാജേന്ദ്രന്‍, മമ്മൂട്ടി, ശ്രീനിവാസന്‍ തുടങ്ങിവര്‍ക്ക് ഇടം നല്‍കിയിരിക്കുന്നു. കാര്‍ട്ടൂണിസ്റ്റുകളെയും ബ്ലോഗര്‍മാരെയും കൂട്ടിയിണക്കുന്ന വിവിധ സംഘടനകളിലും കൂട്ടായ്മകളിലും അംഗമാണ് സജീവ്. ആന സീരീസില്‍ ഒന്നാം നമ്പര്‍കാരനായി അവതരിപ്പിക്കുന്നത് മൈക്രോസോഫ്റ്റിന്റെ കണ്ണിലെ കരടും സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രേമികളുടെ കണ്ണിലുണ്ണിയുമായ റിച്ചാര്‍ഡ് മാത്യൂ സ്റ്റാള്‍മാനെയാണെന്നത് കൌതുകം നല്‍കുന്നു. വരയുടെ ലാളിത്യവും ഭംഗിയും ഇമേജിംഗ് എഡിറ്റര്‍ ഉപയോഗിച്ചുള്ള മിനുക്കലും വര്‍ണ്ണം നല്‍കലും എല്ലാം കൂടി ഒത്തിണങ്ങുമ്പോള്‍ ഓരോ കാരിക്കേച്ചറും കേങ്കേമമെന്ന വിശേഷണത്തിനര്‍ഹമാകുന്നു. വരയില്‍ നിന്ന് എഴുത്തിലേക്ക് പേന വഴുതി മാറുമ്പോഴും തന്റെ പ്രതിഭാവിലാസം സജീവ് തെളിയിക്കുന്നുണ്ട്. എവറസ്റ്റ് കീഴടക്കിയവരുടെ കാരിക്കേച്ചറിന് താഴെ എഴുതിയത് മാത്രം മതി ഇതിന്നുദാഹരണമാകാന്‍. അതിതാണ്. 'കണ്ട കാഴ്ച താഴെ വന്നുപറയാന്‍ മാത്രം ഭാഗ്യം ചെയ്ത പര്‍വതാരോഹകര്‍'. മന്‍മോഹന്‍ സിംഗിന്റെ 123 കാരിക്കേച്ചറുകള്‍ ലോകത്തെ വിവിധ കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചത് (123 കരാര്‍) ഉടന്‍ തന്നെ പാര്‍ലിമെന്റ് അനക്സില്‍ പ്രദര്‍ശിപ്പിക്കുകയാണ്. അതിലും ഈ ബ്ലോഗര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
*******

കമ്പ്യൂട്ടറുമായി വിദേശത്തേക്ക് പോകുന്നവര്‍ സൂക്ഷിക്കുക


കമ്പ്യൂട്ടറുമായി വിശേദ എയര്‍പോര്‍ട്ടുകളിലിറങ്ങുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കമ്പ്യൂട്ടറിലോ ഐപോഡിലോ മൊബൈല്‍ ഫോണിലോ അതല്ലെങ്കില്‍ കൈവശമുള്ള സി.ഡിയിലോ പെന്‍ ഡ്രൈവിലോ ശേഖരിച്ച സോഫ്റ്റ്വെയറോ സംഗീതമോ വീഡിയോയോ മറ്റോ ശരിയായ ലൈസന്‍സില്ലാത്തതാണെങ്കില്‍ നിങ്ങള്‍ അവിടെ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഭീമമായ പിഴയൊടുക്കാനോ ജയില്‍ ശിക്ഷക്കോ ഇത് കാരണമായേക്കും. അമേരിക്ക, കനഡ, ആസ്ത്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ ഈ ഇനത്തിലെ പരിശോധന ഇപ്പോള്‍ കര്‍ശനമാക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. Anti Counterfeiting Trade Engreement എന്ന പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ അവിടുത്തെ കുത്തകകളെ പ്രോല്‍സാഹിപ്പിക്കാന്‍ രഹസ്യമായി ഒപ്പുവെച്ച കരാര്‍ അടിസ്ഥാനത്തിലാണ് ഈ പരിശോധന. ഇതനുസരിച്ച് ഏത് യാത്രക്കാരന്റെയും കമ്പ്യൂട്ടറും മെമ്മറി ഉപകരണങ്ങളും പരിശോധിക്കാനും കണ്ടുകെട്ടാനും എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് അവകാശമുണ്ട്. നേരത്തെ എഫ്.ബി.ഐ. എജന്റുമാര്‍ക്ക് ഈ രീതിയില്‍ വിപുലമായ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങള്‍ക്കു പുറമെ ജപ്പാന്‍, സ്വിറ്റ്സര്‍ലാന്റ്, ന്യൂസിലാന്റ്, മെക്സിക്കോ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഈ കരാര്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. കരാര്‍ സംബനിച്ച കൂടുതല്‍ വിവരങ്ങള്‍ വിക്കിപീഡിയയില്‍ ലഭിക്കം. http://en.wikipedia.org/wiki/AntiCounterfeiting_Trade_Agreement
*****

ബ്രോഡ്ബാന്‍ഡ് കണക്ഷനുമായി റെയില്‍ടെല്‍
ടി.കെ. ദീലീപ് കുമാര്‍, സേനാപതി
dileep.senapathy@gmail.com

സംസ്ഥാനത്ത് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ വരുന്നു. റെയില്‍വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ വഴിയാണ് സേവനസൌകര്യമൊരുക്കുന്നത്. കണക്ഷനുപയോഗിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയ പ്രോഗ്രാമുകള്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യവും റെയില്‍വേ ഒരുക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. 2 Mbps മുതല്‍ 30 Mbps വരെ വേഗതതില്‍ അണ്‍ലിമിറ്റഡ് ഡൌണ്‍ലോഡിംഗ് സൌകര്യമുള്ള ഈ സംവിധാനം ഏതാനും മാസങ്ങള്‍ക്കകം പ്രാവര്‍ത്തികമാകും. സംസ്ഥാനത്ത് കണക്ടിവിറ്റിയുള്ള കേബിള്‍ ഓപറേറ്റര്‍മാര്‍ മുഖേനയാണ് ഇതിന്റെ സേവനം ലഭ്യമാവുക. റെയില്‍ടെല്‍ കോര്‍പറേഷന് ഇപ്പോള്‍ തന്നെ രാജ്യത്താകമാനം 38,000 കിലോമീറ്റര്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ കമ്മ്യൂണിക്കേഷന്‍ സംവിധാനം കൈകാര്യം ചെയ്യുന്നത് റെയില്‍ടെലാണ്. ഈ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും ഓരോ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുമെന്നാണ് പ്രതീക്ഷ. ഇതിനാവശ്യമായ വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ ഇവിടെ ലഭ്യമാക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏഴ് ഐ.ഐ.ടി (Indian Institute of Technology) കളുടെയും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെയും സഹായത്തോടെ ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയാണ് റെയില്‍ടെല്‍.
*****

മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേ ഇനി ടി.വിയില്‍

ഹംസ അഞ്ചുമുക്കില്‍
hamza@britco.co.in

ചെറിയ മൊബൈല്‍
ഫോണും വലിയ ടി.വിയുമാണ് ഏവര്‍ക്കുമിഷ്ടം. ചറിയ ഫോണിന്റെ ഡിസ്പ്ലേ ടി.വിയുമായി നേരിട്ട് ബന്ധിപ്പിക്കുകയാണങ്കില്‍ നമുക്ക് ഫോണിലെ ചെറിയ വിഡിയോ ചിത്രങ്ങള്‍ വലിയ ടി.വി സ്ക്രീനില്‍ കാണാന്‍ സധിക്കും. പുതിയ മൊബൈല്‍ ഫോണുകളില്‍ ഈ സൌകര്യം കൂടി ഉള്‍പ്പെടുത്താന്‍ കമ്പനികള്‍ മുന്നോട്ടുവന്നിരിക്കയാണ്. Nokia N95 മോഡലില്‍ ഈ സൌകര്യം ലഭ്യമാക്കിയിരിക്കുന്നു. സാധാരണ വി.സി.ഡി പ്ലേയര്‍ പോലെ ഈ ഫോണും നിങ്ങളുടെ ടി.വിയിലേക്ക് ബന്ധിപ്പിക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റ് സംവിധാനമുള്ള ഇത്തരം ഫോണുകളുപയോഗിച്ച് ടി.വി സ്ക്രീനില്‍ വെബ് ബ്രൌസ് ചെയ്യാനും എളുപ്പമാണ്. ഈ സമയത്ത് കമ്പ്യൂട്ടര്‍ മോണിറ്റര്‍ പോലെ ടെലിവിഷന്‍ സ്ക്രീന്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ഫോണുകളിലൂടെ എടുക്കുന്ന വീഡിയോ ചിത്രങ്ങള്‍ സാധാരണ ഹാന്റി കാമറ പോലെ തന്നെ എം.പി. 4 ഫോര്‍മാറ്റിലാണ് റിക്കോര്‍ഡ് ചെയ്യുന്നത്. ടിവിയില്‍ ഇത് വളരെ വ്യക്തതയോടെ കാണാന്‍ സാധിക്കും. അതിനാല്‍ ഇനി നിങ്ങളുടെ സി.ഡി പ്ലേയറിനും ഡി.വി.ഡി പ്ലേയറിനും പകരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കും എന്നര്‍ഥം.
******

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

കമ്പ്യൂട്ടര്‍ വേഗത ഉറപ്പുവരുത്താന്‍


മ്പ്യൂട്ടര്‍
കുറേയേറെനാള്‍ തുടര്‍ച്ചയായി ഉപയോഗിച്ചുകഴിഞ്ഞാല്‍ അതിന്റെ വേഗത ക്രമേണ കുറഞ്ഞുവരുന്നതായി അനുഭവപ്പെടാറില്ലേ..? ബൂട്ട് ചെയ്യാന്‍ താമസം.., ഫയലുകള്‍ ഓപണ്‍ ചെയ്യാന്‍ അതിലേറെ താമസം.., ഇടയ്ക്കിടെ 'ഹാംങ് 'ആകല്‍.., ശരിയായ രീതിയില്‍ ഷട്ട്ഡൌണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ.... ഇങ്ങനെ ഒരു നൂറുകൂട്ടം പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാറില്ലേ? വൈറസ് ബാധയാണെന്ന സംശയത്താല്‍ സ്കാന്‍ ചെയ്തു നോക്കിയാല്‍ ഒരു വൈറസിനെപ്പോലും കണ്ടില്ലെന്നും വരാം. അവസാനം ഗത്യന്തരമില്ലാതെ ഹാര്‍ഡ്ഡിസ്ക് മൊത്തം ഫോര്‍മാറ്റ്ചെയ്ത് ഓപറേറ്റിംഗ് സിസ്റ്റവും അനുബന്ധ സോഫ്റ്റ്വെയറുകളും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയെന്ന ശ്രമകരമായ കൃത്യത്തിന് നാം നിര്‍ബന്ധിതരാവുന്നു. ഇത്തരം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒരു പരിധിവരെയെങ്കിലും ദൂരീകരിക്കാന്‍ സഹായകമായ ഒരു സോഫ്റ്റ്വെയറാണ് 'സീക്ലീനര്‍'. ദീര്‍ഘകാലത്തെ ഉപയോഗത്തിനിടയില്‍ പലപ്പോഴായി ഹാര്‍ഡ്ഡിസ്ക്കില്‍ അടിഞ്ഞുകൂടുന്ന ടെമ്പററി ഫയലുകള്‍ പോലുള്ള ഉപയോഗശൂന്യമായ ഫയലുകളുടെ ആധിക്യമാകാം പ്രശ്നത്തിനുള്ള മുഖ്യ കാരണം. കണ്ടമാനം ഡിസ്ക് സ്പേസ് അപഹരിക്കുന്ന ഇത്തരം ചപ്പുചവറുകളെ യഥാകാലം തിരഞ്ഞുപിടിച്ചു കണ്ടെത്തി നശിപ്പിക്കുകയാണെങ്കില്‍ സിസ്റ്റം ഫോറ്റിമാറ്റിംഗും ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ ഇടക്കിടെയുള്ള റീ^ഇന്‍സ്റ്റലേഷനും കൂടാതെത്തന്നെ ദീര്‍ഘകാലം ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കും. ആവശ്യമെന്ന് താുേമ്പോഴെല്ലാം ഈ ശുദ്ധീകരണപ്രക്രിയ വളരെ വേഗത്തിലും കാര്യക്ഷമമായും നിര്‍വഹിക്കുക എന്നതാണ് സീക്ലീനറിന്റെ സുപ്രധാന ധര്‍മം. ശുചീകരണത്തിനു പുറമെ ഇന്റര്‍നെറ്റ് ഹിസ്റ്ററി ഫയലുകള്‍ പോലെ ഓണ്‍ലൈന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സൂചനകളും ആവശ്യാനുസരണം സീക്ലീനര്‍ തുടച്ചുമാറ്റുമെന്നതിനാല്‍ സര്‍ഫിംഗിന്റെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നു. ആഡ്വെയറുകളോ സ്പൈവെയറുകളോ ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പുനല്‍കുന്ന ഈ സോഫ്റ്റ്വെയര്‍ http://www.ccleaner.com/ എന്ന സൈറ്റില്‍ നിന്ന് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.
*****

വിക്കിപീഡിയക്ക് ഗൂഗിളില്‍ നിന്നൊരു എതിരാളി

മനോജ് കുമാര്‍ എ.പി.
http://jalakapazhuthiloode.blogspot.com/

നെറ്റിലെ
ആഗോള സ്വതന്ത്ര വിജ്ഞാനകേശമായ വിക്കിപീഡിയക്ക് ഗൂഗിള്‍ കുടുംബത്തില്‍ നിന്നൊരു എതിരാളി വരുന്നു. ക്നോള്‍ (http://knol.google.com/) എന്നാണ് പുതിത വിജ്ഞാനകോശത്തിന്റെ പേര്. ക്നോള്‍ എന്നത് Knowledge എന്നതിന്റെ ചുരുക്ക രൂപം. ഒറ്റനോട്ടത്തില്‍ വിക്കിപീഡിയക്ക് സമാനമായിത്തോന്നുന്ന ക്നോളിന് ഗൂഗിളിന്റേതായ ഒട്ടേറെ സവിശേഷതകളുണ്ട്. ജിമെയിലിലോ യൂട്യൂബിലോ മറ്റ് ഗൂഗിള്‍ സേവനങ്ങളിലോ അക്കൌണ്ടുള്ള ആര്‍ക്കും ഇതില്‍ ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. ലേഖകന്റെ പേര്, ഫോട്ടോ സഹിതമാണ് അവ പ്രസിദ്ധീകരിക്കുക. ലേഖകന്റെ അനുവാദമില്ലാതെ ഇതര ഉപയോക്താക്കള്‍ക്ക് ക്നോള്‍ പോസ്റ്റുകളില്‍ മാറ്റിത്തിരുത്തലിന് അവകാശമുണ്ടാവില്ല. ഒന്നിലധികം പേര്‍ ചേര്‍ന്ന് ലേഖനമെഴുതാനും ഇതില്‍ സംവിധാനമുണ്ട്. എഴുത്തുകാര്‍ക്ക് തങ്ങളുടെ കൃതകള്‍ വായനക്കാരുടെ മുമ്പിലവതരിപ്പിക്കാനും വായനക്കാരില്‍ നിന്ന് അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വീകരിക്കാനും അവസരമുണ്ട്. ഗൂഗിളിന്റെ 'ആഡ്സെന്‍സ്' സേവനം പ്രയോജനപ്പെടുത്തി ചെറിയ തോതില്‍ സമ്പാദ്യമുണ്ടാക്കാനുള്ള അവസരവും ക്നോള്‍ ഒരുക്കുന്നു.
===================

Monday, August 11, 2008

ഇന്‍ഫോമാധ്യമം (370) - 04/08/2008



ഐ.ടി @ സ്കൂള്‍ - ഇന്‍ഫോ മാധ്യമം ഐ.ടി ശില്‍പശാല ഉദ്ഘാടനം

മുഴുവന്‍ സ്കൂളുകളിലും ബ്രോഡ്ബാന്‍ഡ്

- മന്ത്രി ബേബി


നെയ്യാറ്റിന്‍കര: കേരളത്തിലെ മുഴുവന്‍ സ്കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പറഞ്ഞു. ഇന്‍ഫോ മാധ്യമവും സംസ്ഥാന ഐ.ടി @ സ്കൂളും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പഠന പരിപാടിക്ക് കേന്ദ്രം 153 കോടി അനുവദിച്ചതായും മന്ത്രി വെളിപ്പെടുത്തി.

മികച്ച ഐ.ടി. പഠനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ കഴിയില്ല. ഈ മേഖലയില്‍ ഗുണകരമായി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ പത്ര^ദശ്യ മാധ്യമങ്ങളും സഹകരിക്കണം. ഐ.ടി. പഠന പരിപാടിയില്‍ സര്‍ക്കാരിന്റെ ഐ.ടി. സ്കൂളുകള്‍ ഗുണകരമായി ഗുണകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ നന്നായി പ്രോല്‍സാഹിപ്പിക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയുമുണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

ഐ.ടി രംഗത്തുള്ള നല്ല അറിവുകള്‍ നേടിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റ് സൌകര്യം ഉപയോഗപ്പെടുത്തണം. തെറ്റ് ചൂണ്ടിക്കാട്ടുന്ന വിദ്യാര്‍ഥികളെ ശകാരിക്കാതെ സ്വയം തെറ്റുതിരുത്തി മുന്നോട്ട് പോകാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്. അങ്ങനെയായാല്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് മന്ത്രി പ്രത്യാശിച്ചു.

രാവിലെ ആരംഭിച്ച ശില്പശാല നഗരസഭാ ചെയര്‍പേഴ്സണ കെ. പ്രിയംവദ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം അധ്യക്ഷനായിരുന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. കേശവന്‍ കുട്ടി, വിന്‍സോഫ്റ്റ് ഐടി സൊല്യൂഷന്‍ പ്രതിനധി ജോഷി എന്നിവര്‍ പ്രസംഗിച്ചു. മാധ്യമം റസിഡന്റ് മാനേജര്‍ എം.എം. സലിം, ഡി.ഇ.ഒ. ഇന്‍ചാര്‍ജ് മനോഹരന്‍, ഗവ. ബോയ്സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ മധുസൂദനന്‍ നായര്‍, പി.ടി.എ പ്രസിഡണ്ട് ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഐ.ടി @ സ്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാംബശിവന്‍ സ്വാഗതവും മാധ്യമം പബ്ലിക് റിലേഷന്‍ മാനേജര്‍ വി.കെ. ഖാലിദ് നന്ദിയും പറഞ്ഞു. രാവിലെ ആരംഭിച്ച ടെക്നിക്കല്‍ സെഷനില്‍ വിവര സംവേദന സാങ്കേതിക വിദ്യയുടെ വളര്‍ച്ച എന്ന വിഷയത്തില്‍ ഐ.ടി @ സ്കൂള്‍ പ്രോജക്ട് ലീഡിംഗ് മാസ്റ്റര്‍ ട്രെയിനര്‍ വി.കെ. ശശിധരനും ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഐ.ടി @ സ്കൂള്‍ കാസര്‍കോട് ജില്ലാ കോ^ഓര്‍ഡിനേറ്റര്‍ വി.ജെ. മത്തായിയും ക്ലാസെടുത്തു. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ 13 സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത 140 വിദ്യാഥികളാണ് ശില്പശാലയില്‍ പങ്കെടുത്തത്.
*****

ഈസി സേര്‍ച്ചിംഗിന് യാഹൂ ഗ്ലൂ

റഫീഖ് മുഹമ്മദ് കെ.
rafeeq.muhammed@gmail.com

ഇന്റര്‍നെറ്റ് മനുഷ്യന്റെ ജീവിതം മാറ്റിമറിച്ചത് വളരെപ്പെട്ടന്നാണ്. അതിവേഗ കണക്ടിവിറ്റിയും മറ്റും ഗ്രാമങ്ങളിലേക്ക് വരെ കടന്നെത്തിയതോടെ എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഏറി. എന്നാല്‍ അറിവില്ലാത്ത എന്തെങ്കിലും ഒരു വിഷയത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാമെന്ന് കരുതിയാല്‍ ഇന്ന് പലപ്പോഴും നിരാശരാകേണ്ടി വരുമെന്നതാണ് യാഥാര്‍ഥ്യം. ടെക്സ്റ്റ്, മ്യൂസിക്ക്, വീഡിയോ ലിങ്കുകള്‍ ഇടകലര്‍ന്നുള്ള സെര്‍ച്ച്ഫലമായിരിക്കും ലഭിക്കുക. നൂറുകണക്കിന് ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ പലപ്പോഴും നമുക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കൂവെന്നതാണ് വസ്തുത.

യാഹൂ ഇന്ത്യയുടെ (www.yahoo.in) ഏറ്റവും പുതിയ സെര്‍ച്ച് പേജായ യാഹൂ ഗ്ലൂ വ്യത്യസ്തമാകുന്നത് ഇവിടെയാണ്. മറ്റു സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി ഒരൊറ്റ വിന്‍ഡോയിലാണ് സെര്‍ച്ച് ചെയ്ത പദത്തിന്റെ ടെക്സ്റ്റ്, വീഡിയോ,മ്യൂസിക്ക് തുടങ്ങിയ ഫലങ്ങള്‍ ഗ്ലൂ ബീറ്റാ നല്‍കുന്നത്. ആവശ്യമായ വിവരങ്ങള്‍ അധികം ലിങ്കുകള്‍ തിരയാതെ തന്നെ ലഭിക്കുമെന്നതാണ് ഗ്ലൂവിനെ ശ്രദ്ധേയമാക്കുന്നത്. രണ്ട് വിഭാഗങ്ങളായാണ് സെര്‍ച്ച്ഫലങ്ങള്‍ ഇതില്‍ തിരിച്ചിരിക്കുന്നത്. ഇടതുവശത്ത് മറ്റ് സെര്‍ച്ച്എഞ്ചിനുകളില്‍ നിന്ന് ലഭിക്കുന്നത് പോലുള്ള സാധാരണ ലിങ്കുകളും വലതുവശത്ത് പടങ്ങള്‍, വീഡിയോ തുടങ്ങിയവയുടെ ലിങ്കുകളുമാണ് നല്‍കുക. ഉദാഹരണത്തിന് യാഹൂ ഗ്ലൂവില്‍ ബാംഗ്ലൂര്‍ എന്ന വിഷയം സെര്‍ച്ച് ചെയ്യുകയാണ് എന്ന് കരുതുക. ഇടതു വശത്ത് സാധാരണ സെര്‍ച്ച് എഞ്ചിനുകളിലെ ഫലങ്ങളും വലതുവശത്ത് ബാംഗ്ലൂരിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ഫോട്ടോകള്‍, വികിപീഡിയ, ഫ്ലിക്കര്‍ ഇമേജുകള്‍ തുടങ്ങി ഉപകാരപ്രദമായ വിവരങ്ങളും ലഭിക്കുന്നു. ബാംഗ്ലൂരിലെ ഇടത്തരം ഹോട്ടലുകളെകുറിച്ചറിയേണ്ട ഒരാള്‍ക്ക് ഗ്ലൂവിന്റെ സെര്‍ച്ച് വിന്‍ഡോയില്‍ നിന്ന് തന്നെ പൂര്‍ണവിവരം ലഭിക്കുന്നു. ആദ്യഘട്ടമായി ആരോഗ്യം, കായികം, വിനോദം, യാത്ര, സാങ്കേതികം, സാമ്പത്തികം എന്നീ വിഷയങ്ങളിലാണ് ഗ്ലൂ സെര്‍ച്ചിംഗ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അധികം താമസിയാതെ ഉള്‍ക്കൊള്ളിക്കുന്നതാണ്. ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് എളുപ്പമാക്കുന്നതിനൊപ്പം സന്ദര്‍ശകര്‍ക്ക് സ്വന്തമായി ഗ്ലൂ പേജുകള്‍ വികസിപ്പിച്ചെടുക്കാനും യാഹൂ ഇന്ത്യ അവസരമൊരുക്കുന്നുണ്ട്. എന്തെങ്കിലും പ്രത്യേക വിഷയത്തെ കുറിച്ച് സന്ദര്‍ശകര്‍ വികസിപ്പിച്ചെടുക്കുന്ന ഈ ഗ്ലൂ പേജുകള്‍ പിന്നീട് സെര്‍ച്ച്ഫലങ്ങളില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യും.
*****

ശരീര വ്യയാമത്തിനും മൊബൈല്‍ ഫോണ്‍

ഹംസ അഞ്ചുമുക്കില്‍
hamza@britco.co.in

തൂക്കം കൂടുതലുള്ളവര്‍ക്ക് കൊളസ്ട്രോള്‍ കുറക്കാനും ആരോഗ്യം നിലനിര്‍ത്താനും വ്യായാമം അനിവാര്യമാണല്ലോ. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ചു ദിവസവും വ്യയാമം ചെയ്യുന്നവര്‍ക്ക് അതുമുഖേന എത്ര കലോറി ഊര്‍ജം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുമെന്നും മറ്റും കണക്കാക്കാന്‍ കഴിയുന്ന മൊബൈല്‍ സോഫ്റ്റ്വയറുകള്‍ രംഗത്തെത്തിയിരിക്കുന്നു. നോക്കിയ N95 പോലുള്ള ഹാന്‍സെറ്റുകളില്‍ ഇത്തരം പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണ്‍ പോക്കറ്റിലിട്ട് നടക്കുന്നതോടെ എത്ര കിലോമീറ്റര്‍ നടന്നെന്നും എത്ര സ്പീഡിലാണ് നടന്നതെന്നും ഇതിന് എത്ര കലോറി ഊര്‍ജ്ജമാണ് ശരീരം ചിലവഴിച്ചതെന്നും മൊബൈല്‍ ഡിസ്പ്ലയില്‍ തെളിയും. ഈ വിവരം സേവ് ചെയ്തു സൂക്ഷിക്കാന്‍ സാധിക്കുന്നതിനാല്‍ ഡോക്ടറെ സമീപിക്കുമ്പോള്‍ കൃത്യമായ വിവരം നല്‍കാന്‍ സാധിക്കുന്നു. ആക്റ്റിവിറ്റി മോണിറ്റര്‍ എന്ന പേരിലാണ് ഇത്തരം സോഫ്റ്റ്വയറുകള്‍ അറിയപ്പെടുന്നത്. പോക്കറ്റില്‍ നിക്ഷേപിച്ച മൊബൈല്‍ ഫോണിന്റെ ചലനങ്ങള്‍ അതിസൂക്ഷ്മമായി രേഖപ്പെടുത്താന്‍ സഹായിക്കുന്നത് ഹാന്റ്സെറ്റുകളിലുള്ള ആക്സിലിറോ മീറ്ററുകളാണ്. ഇതുപയോഗിച്ച് മൊബൈല്‍ഫോണില്‍ പ്രത്യേകം സോഫ്റ്റുവെയറുകളുപയോഗിച്ച് ചലനങ്ങളിലൂടെ ഗെയിം കളിക്കാനും വെബ് ബ്രൌസ് ചെയ്യാനും കീ ലോക്ക് ചേയ്യാനും മറ്റും സാധ്യമാകും. www.research.nokia.com, www.symbian^freak.com തുടങ്ങിയ സൈറ്റുകളില്‍ നിന്ന് ഈ സോഫ്റ്റ്വെയറുകള്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്ത് പരീക്ഷിക്കാവുന്നതാണ്. മിക്കവയും ട്രയല്‍ വേര്‍ഷനുകളായതിനാല്‍ പരിമിത കാലത്തേക്ക് മാത്രമേ ഇവ പ്രവര്‍ത്തിക്കൂ.
*****
വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

ക്ലസ്റ്റര്‍ സെര്‍ച്ച്

ഇന്റര്‍നെറ്റില്‍ എന്തെങ്കിലും കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യണമെന്നു തോന്നിയാല്‍ ഉടന്‍ തന്നെ ഗൂഗിളില്‍ കയറി കീവേഡുകള്‍ കൊടുക്കുകയാണ് നമ്മില്‍ ഭൂരിഭാഗം ആളുകളുടെയും പതിവ്. അതുകൊണ്ട് തൃപ്തികരമായ ഫലം കിട്ടിയില്ലെങ്കില്‍ നേരെ യാഹൂവിലോ എം.എസ്.എന്നിലോ കയറും. എന്നാല്‍ ഇത്തരം ഭീമന്‍മാരെക്കാള്‍ ചില പ്രത്യേകതകളിലെങ്കിലും മികച്ചു നില്‍ക്കുന്ന സെര്‍ച്ച് എഞ്ചിനുകള്‍ വെബ്ബിലുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഉദാഹരണത്തിന് http://clusty.com ഒന്നു പരീക്ഷിച്ചു നോക്കൂ. തികച്ചും വ്യത്യസ്തമായ ഒരു സെര്‍ച്ച് അനുഭവമായിരിക്കും അത്. സെര്‍ച്ച് റിസല്‍ട്ടുകള്‍ വ്യത്യസ്ത ശീര്‍ഷകങ്ങളുള്ള ക്ലസ്റ്ററുകളായി സ്വയം ഇനം തിരിഞ്ഞ് സ്ക്രീനില്‍ തെളിയുന്നുവെന്നതാണ് ഈ സെര്‍ച്ച് എഞ്ചിന്റെ പ്രത്യേകത. ഓരോ ക്ലസ്റ്ററിലും ലഭ്യമായ മൊത്തം റിസല്‍ട്ടുകളുടെ എണ്ണം ബ്രാക്കറ്റില്‍ കൊടുത്തിരിക്കും ഉദാഹരണത്തിന് malayalam, newspapers എന്നീ കീവേഡുകള്‍ നല്‍കി സെര്‍ച്ചുചെയ്തപ്പോള്‍ കിട്ടിയ റിസല്‍ട്ടുകള്‍ കാണുക.

Malayalam Newspapers (138)
Indian Newspapers (29)
Newspapers and Magazines (17)
Malayalam Daily (13)
Online Newspapers (11)
Express (11)
Media (12)
Asia (8)
India, Kerala (6)
News, India News, Kerala News, Business (8)

ഓരോ ക്ലസ്റ്ററില്‍ ക്ലിക്കുചെയ്യുമ്പോഴും അതുമായി ബന്ധപ്പെട്ട ലിങ്കുകള്‍ അണിനിരക്കുന്നു. ആവശ്യമില്ലാത്ത ക്ലസ്റ്ററുകള്‍ അവഗണിച്ച് മറ്റുള്ളവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നതിനാല്‍ സെര്‍ച്ചിന് വേഗതയും കൃത്യതയും കൂടുന്നു. ഗൂഗിളിലെപോലെ നിരത്തിപ്പരത്തിയുള്ള സെര്‍ച്ചില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലിങ്കുകള്‍ പോലും ക്ലസ്റ്ററുകളില്‍ നഷ്ടപ്പെടാതെ ലഭിക്കുന്നു.
*****

ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

മദീനയിലേക്കുള്ള യാത്ര


ജന്മനാടായ മക്കയില്‍ നിന്ന് മുഹമ്മദ് നബിയുടെ പലായന ശേഷം നബിയുടെ പട്ടണം എന്നര്‍ഥമുള്ള 'മദീനത്തുന്നബവിയ' എന്ന പരിശുദ്ധ മദീനയുടെ തെരുവുകള്‍ സ്വപ്നം കാണുന്ന ഒരു തീര്‍ഥാടക മനസ്സിലെ കാഴ്ചകള്‍, വ്യക്തികള്‍, സംഭവങ്ങള്‍ ഒക്കെ പങ്കുവെക്കുന്ന ബ്ലോഗാണ് 'സാര്‍ഥവാഹക സംഘത്തോടൊപ്പം'. ഇത്തിരി വെട്ടം (ithirivettam.blogspot.com) എന്ന പേരില്‍ ബ്ലോഗ് രചന നടത്തുന്ന റഷീദ് ചാലില്‍ ആണ് ഈ ഉദ്യമത്തിന്റെ പിന്നണി പ്രവര്‍ത്തകനും എഴുത്തുകാരനും. http://pathwaytomadina.blogspot.com/ എന്ന വിലാസത്തില്‍ 'സാര്‍ഥവാഹക സംഘത്തോടൊപ്പം' നിങ്ങള്‍ക്കും അണിചേരാം.

ഏതൊരു മതസ്ഥനുമാകട്ടെ, തന്റെ മതത്തിന്റെ നന്മയുടെ മുത്തുകള്‍ അയത്നലളിതമായ ശൈലിയില്‍ പങ്കുവെക്കുക എന്നത് സത്കര്‍മ്മങ്ങളില്‍ പെടുന്നു. അതുകൊണ്ട് തന്നെ റഷീദ് ചാലില്‍ ഇസ്ലാമിന്റെ ഒരു കടമ നിറവേറ്റുക കൂടിയാണ് ഈ ബ്ലോഗിലൂടെ ചെയ്യുന്നത്. ഒട്ടേറെ നാളത്തെ കഠിന പ്രയത്നത്തിന്റെയും മുന്നൊരുക്കത്തിന്റെയും ഫലമാണ് ഏറെ വായനക്കാരുടെ പ്രശംസ പിടച്ചുപറ്റിയ ഓരോ ബ്ലോഗ് പോസ്റ്റുകളും. 'കനിവിന്റെ കിനാവ്' എന്ന അധ്യായത്തില്‍ തുടങ്ങി 'മറക്കാനാവാത്ത മടക്കം' എന്ന ഇരുപത്താറാമത്തെ പോസ്റ്റ് വരെ ക്രമമായി വിന്യസിപ്പിച്ചിരിക്കുകയാണ് വിവിധ ബ്ലോഗ് പേജുകള്‍. 2007 മാര്‍ച്ചില്‍ തുടങ്ങിയതാണ് ആദ്യ രചന. കുറഞ്ഞ കാലം കൊണ്ടുതന്നെ ഏറെ ഗൃഹപാഠം ചെയ്തിട്ടാണ് ഓരോ പോസ്റ്റും അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് ആദ്യ വായനയില്‍ തന്നെ മനസ്സിലാകും. എഴുത്തുകാരന്‍ പരാമര്‍ശിക്കുന്നതുപോലെ ഇത് മനസ്സ് കൊണ്ടുള്ള (എഴുത്തു കൊണ്ടുള്ള) ഒരു തീര്‍ഥയാത്ര തന്നെയാണ്.

ഒരു യാത്രാ വിവരണമെന്നോ മതവിജ്ഞാനിയത്തിന്റെ മൊഴിമുത്തെന്നോ ഇതിനെ വിളിക്കാം. ഒഴുക്കുള്ള ഭാഷയും ലളിതമായ ഘടനയും വായനക്കാരെ ആകര്‍ഷിക്കുന്നതും എടുത്തുപറയേണ്ടതുമായ സവിശേഷതകളാണ്. മുസ്ലിം എന്ന പദത്തിന് അല്ലാഹുവിന് സര്‍വസ്വവും സമര്‍പ്പിച്ചവന്‍ എന്ന് അര്‍ഥം. എഴുത്തിന്റെ വഴികളില്‍ ഇത്തരം സമര്‍പ്പണത്തിന്റെ നേരവും അതിന്റെ ഫലമായി മനസ്സില്‍ ജനിച്ച വാചകങ്ങളുടെ ഒഴുക്കും പെട്ടെന്ന് വായിച്ചറിയാം. സാധാരയായി മതസംബന്ധിയായ എഴുത്ത് ബ്ലോഗ് പോലൊരു മാധ്യമത്തില്‍ ഇത്ര പെട്ടെന്ന് എത്തുക വിരളമാണ്. ഇതിന് സക്രിയമായ സേവനം ചെയ്ത റശീദ് ചാലില്‍ അഭിനന്ദനമര്‍ഹിക്കുന്നു. പരിശുദ്ധ റമദാന്‍ മാസം വരികയാണ്. വിശ്വാസികള്‍ക്കെന്ന പോലെ മറ്റ് മതസ്ഥര്‍ക്കും ഇത് വായനാ ലീസ്റ്റില്‍ ചേര്‍ക്കാം.
*****

ഇന്‍ഫോമാധ്യമം ബ്ലോഗ്

ഇന്‍ഫോ മാധ്യമം ബ്ലോഗ് സന്ദര്‍ശിച്ച് കമന്റെഴുതിയ മിന്നാമിനുങ്ങ് (minnaminung.blogspot.com), സിനി (vanithalokam.blogspot.com), മഞ്ഞിയില്‍ (manjiyil.blogspot.com), ഷാരു (mazhathullikilukam.blogspot.com) കുഞ്ഞന്‍ (kunjantelokam.blogspot.com), ഫസല്‍ (fazaludhen.blogspot.com), ഷാഫ് (passionateburning2.blogspot.com), സിയ (snehasangamam.blogspot.com) എന്നീ ബ്ലോഗര്‍മാര്‍ക്കെല്ലാം നന്ദി. മിന്നാമിനുങ്ങിന്റെ നിര്‍ദ്ദേശമനുസരിച്ച് കമന്റുകള്‍ പോസ്റ്റിന്റെ അതേപേജില്‍ തന്നെ കാണാനാവുന്ന രീതിയില്‍ സെറ്റപ് ഭേദഗതി ചെയ്തിട്ടുണ്ട്. പ്രതികരണം അറിയിക്കുമല്ലോ.
ബ്ലോഗ്ഃ infomadhyamam.blogspot.com
ഇ-മെയില്‍ഃ infonews@madhyamam.com

=================

Monday, August 04, 2008

ഇന്‍ഫോമാധ്യമം (369) - 28/07/2008



ബ്ലോഗിംഗ് ടൂളുകള്‍

മനോജ് കുമാര്‍ എ.പി.
manojap.nair@gmail.com

ബ്ലോഗിംഗിന് പ്രചാരമേറി വരികയാണ്. ബിസിനസ് സ്ഥാപനങ്ങള്‍ മുതല്‍ വ്യക്തികള്‍ വരെ ഇന്ന് ഇതിന്റെ ഉപയോക്താക്കളായി മാറിയിരിക്കുന്നു. ഗവേഷണ രംഗത്തെ പ്രബന്ധങ്ങളും മറ്റും പ്രസിദ്ധീകരിക്കാനും ബ്ലോഗുകളുടെ സേവനം വലിയ തോതില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ആഡ് സെന്‍സ് പോലുള്ള അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് ഉപയോഗപ്പെടുത്തി ബ്ലോഗിലൂടെ പണം സമ്പാദിക്കുന്നവരും ഏറെയാണ്. ഇത്തരം ബ്ലോഗുകള്‍ക്ക് കൂടുതല്‍ വായനക്കാരെ ആവശ്യമുണ്ട്. ബ്ലോഗ് വായനക്കാരില്‍ അധികപേരും ഫീഡ് റീഡറിന്റെ സേവനം ഉപയോഗപ്പെടുത്തുന്നവരാണ്. ഈ ആവശ്യത്തിനായി ഒട്ടേറെ സെര്‍ച്ച് എഞ്ചിനുകളും ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്നു. ഇവയില്‍ നമ്മുടെ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ബ്ലോഗ് സബ്മിഷന്‍ സൈറ്റുകളുടെ സേവനങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.
വിഷയങ്ങള്‍ അടിസ്ഥാനമാക്കി നമ്മുടെ ബ്ലോഗുകളും ഈ സെര്‍ച്ച് എഞ്ചിനുകളില്‍ ഉള്‍പ്പെടുത്താം. biggerblogger.com, bloggers.martinglemieux.ca, blogglisting.net, rssmicro.com, toprankblog.com എന്നീ സൈറ്റുകളില്‍ നമ്മുടെ ബ്ലോഗ് സബ്മിറ്റ് ചെയ്യാവുന്നതാണ്. ഈ രീതിയിലെ മിക്ക സൈറ്റുകളിലും ജാവാ സ്ക്രിപ്റ്റ് കോഡ് നമ്മുടെ ബ്ലോഗിലേക്ക് ചേര്‍ക്കാന്‍ ആവശ്യപ്പെടാറുണ്ട്. നമ്മുടെ ബ്ലോഗ് തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. ഈ സൈറ്റുകളിലെല്ലാം തന്നെ ഫീഡ് സെര്‍ച്ചിംഗ് സൌകര്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു. മറ്റു പ്രധാനപ്പെട്ട ഫീഡ് സൈറ്റുകള്‍ക്ക് http://rssspecifications.com/ സന്ദര്‍ശിക്കുക.
*****

വെബ് കൌതുകങ്ങള്

റയിസ്ല മര്‍യം
raizlamaryam@hotmail.com

സവിശേഷമായൊരു സെര്‍ച്ച് അനുഭവം

ചില സോഫ്റ്റ്വെയറുകള്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ 'അയ്യോ..ഇതിനെക്കുറിച്ചു കുറേ നേരത്തെത്തന്നെ അറിഞ്ഞിരുന്നെങ്കിെല്‍ എത്ര നായിരുന്നു' എന്ന് നാം ചിന്തിച്ചു പോകാറില്ലേ? അത്തരത്തില്‍പ്പെട്ട ഒരു വിശിഷ്ട സെര്‍ച്ച് എഞ്ചിന്‍ സോഫ്റ്റ്വെയറാണ് 'കോപ്പര്‍നിക് ഏജന്റ് ബേസിക്'. ഗൂഗിള്‍, യാഹൂ, എം.എസ്.എന്‍ തുടങ്ങിയ പ്രശസ്ത സെര്‍ച്ച് എഞ്ചിനുകളുപയോഗിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ അവയിലോരോന്നിലും ഇന്‍ഡക്സ് ചെയ്തിട്ടുള്ള റിസല്‍ട്ടുകള്‍ മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ. മറ്റൊരു വിധത്തില്‍പറഞ്ഞാല്‍ ഒരേ കീവേഡ് തന്നെ വിവധ സെര്‍ച്ച് എഞ്ചിനുകള്‍ക്കു നല്‍കിയാല്‍ കിട്ടുന്ന റിസല്‍ട്ടുകള്‍ വ്യത്യസ്തമായിരിക്കും. ഈ സാഹചര്യത്തില്‍ നിരവധി സെര്‍ച്ച് എഞ്ചിനുകളില്‍ ഒരേസമയം സെര്‍ച്ച് ചെയ്ത് മികച്ച ഫലങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് നമുക്കു മുന്നിലെത്തിക്കു ഒരു സോഫ്റ്റ്വെയറുണ്ടെങ്കില്‍ അതു വളരെ സൌകര്യമായിരിക്കില്ലേ? സൌജന്യ സോഫ്റ്റ്വെയര്‍ ആയ കോപ്പര്‍നിക് ഏജന്റ് ബേേസിക് ഒമ്പതു കാറ്റഗറികളിലായി എണ്‍പതോളം സെര്‍ച്ച് എഞ്ചിനുകളില്‍ ഒരേസമയം സെര്‍ച്ച് ചെയ്ത് പ്രസക്തമായ ഫലങ്ങള്‍ മാത്രം 'ബുദ്ധിപൂര്‍വ്വം' തിരഞ്ഞെടുത്ത് കീ വേഡുകള്‍ ഹൈലൈറ്റ് ചെയ്ത അവസ്ഥയില്‍ നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു! (ഇതേ സോഫ്റ്റ് വെയറിന്റെ പണം കൊടുത്തു വാങ്ങാവുന്ന വേര്‍ഷനായ 'കോപ്പര്‍നിക് ഏജന്റ് പ്രോ'യില്‍ കാറ്റഗറികളുടെ എണ്ണം 120^ഉം സെര്‍ച്ച് എഞ്ചിനുകളുടെ എണ്ണം 1200^ ഉം ആയി വര്‍ദ്ധിക്കുന്നു). കൂടാതെ ഒരേയൊരു ക്ലിക്കുകൊണ്ട് ബന്ധപ്പട്ട വെബ്പേജുകള്‍ മൊത്തമായി ഡൌണ്‍ലോഡ് ചെയ്ത് നിസല്‍ട്ട് പേജിനോടൊപ്പം ഓഫ്ലൈന്‍ വായനക്കായി ഇനം തിരിച്ച് സേവ് ചെയ്തു വെക്കുകയോ മുറിഞ്ഞുപോയ ലിങ്കുകള്‍ നീക്കം ചെയ്യുകയോ ആദ്യ റിസല്‍ട്ടിനുള്ളില്‍ത്തന്നെ വീണ്ടും സെര്‍ച്ച് ചെയ്യുകയോ റിസല്‍ട്ടുള്‍ ഇ^മെയില്‍ ചെയ്യുകയോ ആവാം. ഇവക്കെല്ലാം പുറമെ വേറെയും നിരവധി സവിശേഷതകളുള്ള ഈ സോഫ്റ്റ്വെയറിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും ഡൌണ്‍ലോഡ് ലിങ്കുകള്‍ക്കും http://www.copernic.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. നേരിട്ടുള്ള ഡൌണ്‍ലോഡ് ലിങ്ക്: http://download3.copernic.com/copernicagentbasic.exe.
*****

ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
http://www.blogbhoomi.blogspot.com/

ഷിജു അലക്സിന്റെ ബ്ലോഗുകള്‍


ജ്യോതിശാസ്ത്രം, ഭൌതിക ശാസ്ത്രം എന്നിവയില്‍ സവിശേഷ താല്‍പര്യമുള്ള ഷിജു അലക്സിന്റെ ജ്യോതിശാസ്ത്രം (http://jyothisasthram.blogspot.com/) എന്ന ബ്ലോഗിന് നല്‍കിയിരിക്കുന്ന തലക്കെട്ട് 'അനന്തം, അജ്ഞാതം, അവര്‍ണനീയം' എന്നാണ്. പേര് സൂചിപ്പിക്കുന്നതു പോലെ പ്രപഞ്ചത്തിന്റെ നിഗൂഡതകളിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലുന്ന അന്വേഷണങ്ങളാണ് ബ്ലോഗിലെ മിക്ക പോസ്റ്റുകളും. പൂനെയില്‍ ജോലി ചെയ്യുന്ന പാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശിയായ ഈ ബ്ലോഗര്‍ക്ക് മലയാളം വിക്കിപീഡിയയും ബ്ലോഗ് പോലെ ഇഷ്ടപ്പെട്ട ഇടമാണ്. ജ്യോതിശാസ്ത്രം, ഭൌതികശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദവും കൌതുകകരവുമായ വിവരങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുകയാണിവിടെ. അന്വേഷണം (http://shijualex.blogspot.com/) എന്ന മറ്റൊരു ബ്ലോഗും ഇദ്ദേഹം എഴുതുന്നുണ്ട്. ഈ ബ്ലോഗിലെ ഏറ്റവും പുതിയ വാര്‍ത്തയായി വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ എത്തിയ വിവരം അറിയിക്കുന്നു. പകര്‍പ്പവകാശ കാലാവധി പിന്നിട്ട അമൂല്യ ഗ്രന്ഥങ്ങള്‍ ശേഖരിച്ച് പുതിയ തലമുറക്ക് ലഭ്യമാക്കുന്ന വിക്കി ഗ്രന്ഥശാലയെപ്പറ്റിയുള്ള ഒട്ടേറെ വാര്‍ത്തകള്‍ ഇവിടെ വായിക്കാം. 'മലയാളം വിക്കിപീഡിയയില്‍ 5000 ലേഖനം ആയി' എന്ന ബ്ലോഗ് ലേഖനത്തില്‍ സ്വതന്ത്ര വിജ്ഞാനകോശത്തില്‍ മലയാള ഭാഷ നടത്തിയ മുന്നേറ്റം വളരെ ആധികാരികമായ രീതിയില്‍ വിവരിക്കുകയും വസ്തുകള്‍ അടിസ്ഥാനമാക്കി വിശദീകരിക്കുകയും ചെയ്യുന്നു. 2007 ഡിസംബര്‍ 21^ന് മലയാളം വിക്കിപീഡിയയുടെ അഞ്ചാം പിറന്നാള്‍ പൂര്‍ത്തിയാക്കിയ വേളയില്‍ തന്നെയാണ് 5000 ലേഖനമെന്ന നാഴികക്കല്ല് പിന്നിട്ടത്.
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ജര്‍മന്‍ ഭൌതിക^ഗണിത ശാസ്ത്രജ്ഞനായ ജോഹന്‍ ടൈറ്റസ് ഗ്രഹങ്ങളുടെ വിന്യാസം വിശദീകരിക്കാന്‍ രൂപപ്പെടുത്തിയ ഗണിത ശാസ്ത്ര സൂത്രവിദ്യയായ 'ടൈറ്റസ്^ബോഡെ' നിയമം വിശദമായി പ്രതിപാദിക്കുന്നുണ്ട് ജ്യോതിശാസ്ത്രം ബ്ലോഗില്‍. വിക്കിപീഡിയയില്‍ ഇടുന്നതിന് മുമ്പ്തന്നെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തു വായനക്കാരുടെ അഭിപ്രായം അറിഞ്ഞ് വിക്കി ലേഖനങ്ങളുടെ വിവര സമ്പുഷ്ടത വര്‍ധിപ്പിക്കാനുള്ള ബ്ലോഗറുടെ ശ്രമം അഭിനന്ദനീയമാണ്. 'സോളാര്‍^ന്യൂട്രിനോ പ്രശ്നം' എന്ന ബ്ലോഗ് പോസ്റ്റ് തന്നെ ഇതിനുദാഹരണം. ബ്ലോഗ് പോസ്റ്റില്‍ ഒരു വായനക്കാരന്‍ സൂപ്പര്‍ നോവക്ക് പേരിടുന്നതെങ്ങനെ എന്ന് ചോദിച്ചതിന് മറുപടിയായി 'നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത് എങ്ങനെ' എന്ന വിശദമായൊരു ലേഖനം തന്നെ ബ്ലോഗര്‍ തയ്യാറാക്കി പോസ്റ്റ് ചെയ്യുകയുണ്ടായി. സ്കൂള്‍ പാഠ്യപദ്ധതിക്ക് ഒപ്പം വിദ്യാര്‍ഥികള്‍ക്കും, വായന അറിവിനെന്ന് കരുതുന്ന മുതിര്‍ന്നവര്‍ക്കും ഈ ബ്ലോഗ് ഒരു മുതല്‍ക്കൂട്ടാകും.
*****

ചെലവു കുറഞ്ഞ ഇന്റര്‍നെറ്റ് ടെലിഫോണി

ടി.കെ. ദിലീപ് കുമാര്‍ സേനാപതി
dileep.senapathy@gamil.com


ഇന്റര്‍നെറ്റ് ടെലിഫോണി കടന്നുവന്നിട്ട് വര്‍ഷങ്ങളായെങ്കിലും അജ്ഞത മൂലം മിക്കവരും ഇതുപയോഗിക്കുന്നില്ല. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ തന്നെ ഈ സംവിധാനത്തെക്കുറിച്ച് അറിയാത്തവര്‍ ധാരാളമുണ്ട്. വിദേശമലയാളികള്‍ ധാരാളമുള്ള കേരളത്തില്‍ ഇന്റര്‍നെറ്റ് ടെലിഫോണിക്ക് മതിയായ സ്ഥാനമുണ്ട്. ഏതാണ്ട് ലോക്കല്‍ കോള്‍ നിരക്കില്‍ ലോകത്തെവിടെയുള്ളവരുമായും സംസാരിക്കാമെന്നതാണ് ഇതിന്റെ സവിശേഷത. ഇന്റര്‍നെറ്റ് ടെലിഫോണി നിയമാനുസൃതമല്ലാതിരുന്ന നമ്മുടെ നാട്ടില്‍ 'വോയ്സ് ഓവര്‍ ഐ.പി' പോലുള്ള സാങ്കേതികവിദ്യകളുടെ കടന്നുവരവോടെ ഇത് നിയമവിധേയമായിരിക്കയാണ്.
ഭീമമായ തുക ചിലവാക്കി പതിവായി വിദേശത്തേക്ക് ടെലിഫോണ്‍ ചെയ്യുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. വി.എസ്.എന്‍.എല്‍, ഏഷ്യനെറ്റ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ ഈ സേവനം നല്‍കിവരുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നെറ്റ് ടെലിഫോണി ബൂത്തുകള്‍ സജീവമാവുകയാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമുള്ളവര്‍ക്ക് ഈ സൌകര്യം പ്രയോജനപ്പെടുത്താം. നെറ്റ് ടെലിഫോണ്‍ സൌകര്യം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളിലേക്ക് മാത്രമേ വിളിക്കാനാവൂ എന്ന പരിമിതിയുണ്ട്. കമ്പ്യൂട്ടറില്ലാതെ ടെലിഫോണ്‍ മാത്രമുപയോഗിച്ച് ഇന്റര്‍നെറ്റ് ടെലിഫോണി പ്രയോജനപ്പെടുത്തുന്ന സംവിധാനവും പ്രാബല്യത്തില്‍ വരികയാണ്. ടെലിഫോണ്‍ കാളുകള്‍ ഇന്റര്‍നെറ്റിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇതിന് ലോക്കല്‍ കോള്‍ നിരക്കു കൂടാതെ ചെറിയൊരു തുക കൂടി സേവന ദാദാവിന് നല്‍കണമെന്ന് മാത്രം.
*****

വിക്കിപീഡിയ ലിങ്കുകളും ചിത്രങ്ങളും
ബ്ലോഗ് പോസ്റ്റിലേക്കാവശ്യമായ ലേബലുകള്‍, ഇന്റര്‍നെറ്റിലെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ പേജ് ലിങ്കുകള്‍, ചിത്രങ്ങള്‍ എന്നിവ ബ്ലോഗ് പോസ്റ്റിലെ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ കശണ്ടത്താന്‍ സഹായിക്കുന്ന ഒരു ഫയര്‍ഫോക്സ് പ്ലഗ്ഗിനാണ് 'സെമന്ത' (http://zementa.com/). സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്ന ഈ പ്ലഗ്ഗിന്‍ ഫ്ലോക്ക് ബ്രൌസറും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മിക്ക ബ്ലോഗ് സൈറ്റുകളിലും സെമന്ത പ്രവര്‍ത്തിക്കും. ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ബ്ലോഗ് പോസ്റ്റ് വിന്‍ഡോയില്‍ സെമന്ത പ്രത്യക്ഷപ്പെടുന്നതാണ്.
*****

ചരിത്ര വിദ്യാര്‍ഥികള്‍ക്ക്

ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് മാപ്പുകളും അറ്റ്ലസുകളും. ആഫ്രിക്കന്‍ രാജ്യങ്ങളുടെ മാപ്പുകള്‍ ലഭ്യമാക്കാനിതാ ഒരു വെബ്സൈറ്റ്. http://www.africa.upenn.edu/. മാപ്പുകള്‍ GIF ഫോര്‍മാറ്റ് ഫയലുകളായിട്ടാണ് ഈ വിദ്യാഭ്യാസ സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. വന്യജീവികളെക്കുറിച്ചറിയാനും സൈറ്റ് സഹായകമാണ്.
******

മാധ്യമം കമ്പ്യൂട്ടര്‍ ക്ലബ്ബ്

MC5554. Shams
MadapuraP.O. Box 805, PC131, Hamria, Oman
deskeditor@gmail.com
Tel. 0096895122420

MC5555. Javad
Konkikezhakkathil, Thodiyoor(N) PO. Karunagappally Kollam
I Have passed exam MCSE,, DTP, MS OFFICE, FLASH
javadthodiyoor@gmail.com

MC5556. Noufal KB
Chundakkad Kavassery (PO)Palakkad 678543
Photoshop, Coraldraw, Pagemaker, Tally, etc.
noufalkb@gmail.com

MC5557. Raza Murad A.R
Rubaidhan, Chandiroor P.OAlpy Dist.
Corel draw, Photoshop CS2, Ulead video studio 7.0QBasic, C++
razamuradsio@gmail.com

MC5558. Abdul Adil T
Thottiyil House, Ponmundam (PO)Ayyaya Road,
Malappuram (DIST) Pin. 676106
Adobe Photoshop, Corel Draw, MS Office, 3DSMax ,Flash etc.
C++ , Visual Studio
http://aatwap.hexat.com/
adilaat@gmail.com

MC5559. Suhail Siraj
'shamiyas', P.O. NalutharaPn: 673320
Diploma in web designingPhotoshop, Macromedia flash,
Dreamweaver, Macromedia fireworks
sulu_fighter@yahoo.co.in

MC5560. Naufal Abdullah
4 EG secretary, Sharq 3 rd Expansion ProjectAlJubail, KSA
PH: 3581226,227.
naufal.sharq@samsung.com
=======================

സന്ദര്‍ശകര്‍ ഇതുവരെ...