Monday, September 22, 2008

ഇന്‍ഫോമാധ്യമം (375) - 15/09/2008

ക്രോം - ഗൂഗിളില്‍ നിന്നൊരു വെബ് ബ്രൌസര്‍

അസ്ക്കര്‍ പി. ഹസ്സന്‍, കൊച്ചങ്ങാടി
asker@bharathnet.com


അങ്ങനെ ഇന്റര്‍നെറ്റ് ലോകം പ്രതീക്ഷിച്ചത് സംഭവിച്ചു. സൈബര്‍ ലോകത്തിലെ അതികായകന്‍മാരായ ഗൂഗിളില്‍ നിന്നൊരു വെബ് ബ്രൌസര്‍. 'ഗൂഗിള്‍ ക്രോം'. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഗൂഗിളിന്റെ ലാബില്‍ നിന്ന് ഇത് പുറത്തിറങ്ങിയത്. മോസില്ല ഫയര്‍ഫോക്സ് പുറത്തിറങ്ങിയതിന്റെ ആവേശം കെട്ടടങ്ങും മുമ്പാണ് ഗൂഗിളിന്റെ ഈ വെടിയെന്നത് കൌതുക വാര്‍ത്ത കൂടിയായി.
പരമ്പരാഗത ബ്രൌസിംഗ് അനുഭവങ്ങളെ നിഷ്പ്രഭമാക്കുന്ന ഒട്ടേറെ സവിശേഷതകളുമായാണ് ക്രോമിന്റെ വരവ്. ഗൂഗിള്‍ തന്നെ പറയുന്നത് ശ്രദ്ധിക്കുക. 'ഉപയോക്താവിന്റെ പ്രവൃത്തി തടസ്സപ്പെടുത്തുന്ന യാതൊന്നും ഉണ്ടാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ക്രോം ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ ബ്രൌസറിനെ മറന്നു പോകുന്നുണ്ടെങ്കില്‍ ഞങ്ങളുടെ ഉദ്യമം സഫലമായി'. ക്രോം ഉപയോഗിക്കുമ്പോള്‍ ശരിക്കും നാം ബ്രൌസറിനെ മറക്കുന്നു. സാധാരണ ബ്രൌസറുകളിലെ പോലെ വിന്‍ഡോ മുഴുവന്‍ കുത്തി നിറച്ച മെനുകളൊന്നും അവിടെ കാണുകയില്ല. ലളിതമായ ഗൂഗിളിന്റെ വെബ്സൈറ്റ് പോലെ ഹൃദ്യമാണ് ക്രോമിലെ ബ്രൌസിംഗ് അനുഭവം. വെബ്സൈറ്റുകള്‍ മുഴുസ്ക്രീനില്‍ കാണുന്നത് ഒരനുഭൂതി തന്നെയൊണ്. അഡ്രസ് ബാറില്‍ തന്നെ ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്യാനും സൌകര്യമുണ്ട്. ഗൂഗിള്‍ ഇതിനെ 'ഒംനി ബോക്സ്' എന്നാണ് വിളിക്കുന്നത്. മോസില്ലയിലെ പോലെ ടാബുകള്‍ ക്രോമിലുമുണ്ട്. ഓരോ ടാബിനെയും വേണമെങ്കില്‍ അടര്‍ത്തി മാറ്റി പുതിയ വിന്‍ഡോയാക്കി മാറ്റാന്‍ ഡ്രാഗ് ചെയ്താല്‍ മാത്രം മതി. അതുപോലെ തന്നെ വെവ്വേറെ തുറന്ന വിന്‍ഡോകള്‍ ടാബാക്കി ചുരുക്കാനും സാധിക്കുന്നു. ബ്രൌസര്‍ തുറക്കുമ്പോള്‍ തന്നെ കൂടുതലായി സന്ദര്‍ശിച്ച വെബ്സൈറ്റുകള്‍ ചെറിയ ഇമേജ് ഐക്കണുകളായി പ്രത്യക്ഷപ്പെടുന്നു.
നിങ്ങളെ കെണിയിലാക്കുന്ന ഫിഷിംഗ് സൈറ്റുകളിലേക്ക് അറിയാതെയെങ്ങാനും ചെന്നുപെട്ടാലും ഭയപ്പെടേണ്ടതില്ല. വ്യാജ സൈറ്റാണെങ്കില്‍ ഗൂഗിള്‍ ക്രോം നമുക്ക് മുറിയിപ്പ് നല്‍കും. ആര്‍.എസ്.എസ്. ഫീഡുകളും ബുക്മാര്‍ക്കിംഗും മാനേജ് ചെയ്യാനുള്ള സൌകര്യവുമില്ല എന്നത് ഇതിന്റെ പോരായ്മയാണെങ്കിലും ഗൂഗിള്‍ അത് ഉടന്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം. ചുരുക്കത്തില്‍ മെനുകളാല്‍ വികൃതമാക്കപ്പെടാത്ത ലളിതമായ ഗൂഗിള്‍ ശൈലിയില്‍ ക്രോം അവതരിച്ചു കഴിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കുന്ന ഗൂഗിള്‍ വിസ്മയം ബ്രൌസര്‍ മേഖലയിലും സംഭവിക്കുകയാണ്.
*****

പ്രകൃതി സംരക്ഷണം

മനോജ് കുമാര്‍ എ.പി.
manojap.nair@gmail.com


ആഗോളതാപനവും അതുണ്ടാക്കുന്ന പ്രത്യേഘാതങ്ങളും ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയമാണല്ലോ. പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ വളരെ മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ട്. 1970^ല്‍ പ്രവര്‍ത്തനമാരംഭിച്ച http://eathday.net/ ഇതിനുദാഹരണമാണ്്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശയവിനിമയം നടത്താനായി സ്ഥാപിതമായ 'എര്‍ത്ത്ഡേ' നെറ്റ്വര്‍ക്കില്‍ 174 രാജ്യങ്ങളില്‍ നിന്നായി പതിനേഴായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനകം അംഗങ്ങളായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തി അഞ്ഞൂറിലേറെ വിദഗ്ധര്‍ ഇതിലൂടെ പരസ്പരം സഹായിക്കുന്നു. വര്‍ഷാവര്‍ഷം നടത്തിവരുന്ന കാംപയില്‍ ലക്ഷക്കണക്കിന് പരിസ്ഥി പ്രവര്‍ത്തകാരാണ് അണിചേരാറുള്ളത്. പ്രകൃതി സ്നേഹികള്‍ക്കായി ഒരു ക്വിസ് പ്രോഗ്രാമും സൈറ്റിലൊരുക്കിയിരിക്കുന്നു. (eathday.net/footprint)
*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com


ഇരുപത്തിനാലു മണിക്കൂറും സേവനസദ്ധതയോടെ നിങ്ങളുടെ ഡെസ്ക്ടോപ്പില്‍ വിശ്രമിക്കുന്ന ഒന്നാന്തരമൊരു ഇംഗ്ലിഷ് ഡിക്ഷ്ണറിയും തിസോറസും..! അതാണ് വേര്‍ഡ്വെബ്. സാധാരണ മാര്‍ക്കറ്റില്‍ ലഭ്യമായ പ്രശസ്ത ഡിക്ഷ്ണറികളുടെ സി.ഡി പതിപ്പുകളെ അപേക്ഷിച്ച് ഒട്ടേറെ മേന്മകളവകാശപ്പെടാവുന്ന ഒരു സോഫ്റ്റ്വെയറാണിത്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സിസ്റ്റം ട്രേയില്‍ പ്രത്യക്ഷപ്പെടുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുന്നതോടെ അതു പ്രവര്‍ത്തനക്ഷമമാകുന്നു. നിര്‍ദ്ദിഷ്ട ഫീല്‍ഡില്‍ അറിയേണ്ട പദമോ പദസമുച്ചയമോ (Phrase) ടൈപ് ചെയ്താല്‍ അവയുടെ നിര്‍വ്വചനങ്ങളും പര്യായങ്ങളും മൂലപദവുമായി ബന്ധപ്പെട്ട മറ്റു പദങ്ങളും സ്ക്രീനില്‍ തെളിയുന്നു. കൂട്ടത്തില്‍ നടപ്പു ഭാഷാപ്രയോഗങ്ങളുടെ ഉദാഹരണങ്ങളും ധാരാളമായി കാണാം. ഒരു പ്രത്യേക പാറ്റേണുമായി യോജിച്ചു വരുന്ന വാക്കുകള്‍ സെര്‍ച്ച് ചെയ്തു കണ്ടുപിടിക്കാനും ആനഗ്രാമുകള്‍ (Aanagrams ^ ഏതെങ്കിലും പദത്തിലെ അക്ഷരങ്ങളെയും മറ്റും മാറ്റിമറിച്ചിടുമ്പോള്‍ ലഭിക്കുന്ന അര്‍ത്ഥപൂര്‍ണങ്ങളായ മറ്റു പദങ്ങള്‍. ഉദാ: plum^lump, eat^tea) കണ്ടെത്താനും വിശകലനം ചെയ്യാനും വേര്‍ഡ്വെബ്ബില്‍ സംവിധാനമുണ്ട്.
പേരിനെ അന്വര്‍ത്ഥമാക്കുംവിധം വേര്‍ഡ്വെബ് ശരിക്കും വാക്കുകളുടെ വിസ്തൃതമായ ഒരു വല തന്നെയാണെന്ന് പറയാം. Tree എന്ന പദം ടൈപ് ചെയ്ത ശേഷം 'Type' എന്ന ബട്ടണില്‍ ക്ലിക് ചെയ്തു നോക്കൂ. വിവധതരം വൃക്ഷങ്ങളുടെ ഒരു ലീസ്റ്റ് തന്നെ ലഭിക്കും. പകരം 'Part of' എന്ന ബട്ടണിലാണ് ക്ലിക് ചെയ്യുന്നതെങ്കില്‍ 'a tree can be part of a forest or wood' എന്ന വിശദീകരണമായിരിക്കാം കിട്ടുന്നത്. കൂടാതെ വെബ്പേജുകളിലോ എം.എസ്.വേഡ് ഡോക്യുമെന്റിലോ അറിയാത്ത പദം മൌസുപയോഗിച്ചു സെലക്റ്റ് ചെയ്ത ശേഷം സിസ്റ്റം ട്രേയിലെ ഐക്കണില്‍ ക്ലിക് ചെയ്ത് വേര്‍ഡ്വെബ് തുറന്നാല്‍ അതിന്റെ നിര്‍വ്വചനം വിന്‍ഡോയില്‍ പ്രത്യക്ഷപ്പെന്നത് കാണാം. ഇതുപോലുള്ള വേറെയും നിരവധി പ്രത്യേകതകളുള്ള ഈ സോഫ്റ്റ വെയറിന്റെ സൌജന്യ പതിപ്പ് http://wordweb.info/free/ എന്ന ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
*****

വെബ്സൈറ്റുകള്‍ മൊബൈലൈസ് ചെയ്യാം

അബ്ദുല്‍ മുനീര്‍ എസ്.


ഓര്‍ക്കൂട്ട്, ജിമെയില്‍, ഫെയ്സ്ബുക്ക്, മൈസ്പെയ്സ്, യൂട്യൂബ് തുടങ്ങിയ വെബ്സൈറ്റുകള്‍ നിങ്ങള്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടോ? എങ്കില്‍ ഇതുപോലുള്ള ഏത് വെബ്സൈറ്റും നിങ്ങളുടെ മൊബൈല്‍ ഫോണില്‍ പ്രത്യക്ഷമാക്കാവുന്ന വിധത്തില്‍ നിങ്ങള്‍ക്ക് മൊബൈലൈസ് ചെയ്യാവുന്നതാണ്. http://t9space.com/ എന്ന വെബ്സൈറ്റാണ് ഈ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജി.പി.ആര്‍.എസ് സംവിധാനമുള്ള നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. തുടര്‍ന്ന് മൊബൈലൈസ് ചെയ്യേണ്ട വെബ്സൈറ്റുകളുടെ അഡ്രസ്സ് നല്‍കണം. ണേത്തെ മൊബൈലൈസ് ചെയ്ത സൈറ്റകള്‍ അക്ഷരമാലാ ക്രമത്തില്‍ നിങ്ങള്‍ക്കവിടെ കാണാവുന്നതാണ്.
*****

ഇന്‍ഫോ ക്വിസ്

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com


1. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സഡ് കമ്പ്യൂട്ടിംഗ് (സി-ഡാക്ക്) നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം?
2. സി-ഡാക്ക് നിര്‍മ്മിച്ച സൈബര്‍ കുറ്റാന്വേഷണ സോഫ്റ്റ്വെയറിന്റെ പേര്?
3. ഇന്ത്യയിലെ ഇ-മെയിലുകളില്‍ ഇരുപത്തി എട്ടില്‍ ഒന്ന് വൈറസ് ഉള്‍ക്കൊണ്ടതാണെന്ന് പഠനം നടത്തിയ സ്ഥാപനം?
4. 2008-ലെ ഗിന്നസ് ലോക റിക്കാര്‍ഡ് ബുക്കില്‍ സ്ഥാനം നേടിയ മൊബൈല്‍ ഹാന്‍ഡ് സെറ്റ് കമ്പനി?
5. 'Connecting People' എന്ന സന്ദേശം ഏത് മൊബൈല്‍ കമ്പനിയുടെയുടേതാണ്?
6. മഹദ്വചനങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായകമായ വെബ്സൈറ്റ്?
7. പാട്ട് പ്ലേ ചെയ്യുന്നതോടൊപ്പം ഡാന്‍സ് ചെയ്യാന്‍ കഴിവുള്ള മ്യൂസിക് പ്ലേയര്‍?
8. കിടന്നുകൊണ്ട് ലാപ്ടോപ് ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേകം തയ്യാര്‍ ചെയ്ത സ്റ്റാന്‍ഡ് പുറത്തിറക്കിയ കമ്പനി?
9. കമ്പ്യൂട്ടര്‍ ലോകത്തെ സമ്പൂര്‍ണ്ണ നിലയിലുള്ള ആദ്യത്തെ വൈറസ്?
10. ഇന്ത്യയില്‍ ഏറ്റവും വേഗതയാര്‍ന്ന വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന വയര്‍ലെസ് ഓപറേറ്റര്‍ കമ്പനി?

ഉത്തരം

1. BOSS (ഭാരത് ഓപറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ്)
2. സൈബര്‍-ചെക്ക്
3. മെസ്സേജിംഗ് സെക്യൂരിറ്റി ആന്റ് മാനേജ്മെന്റ് സര്‍വീസ് സ്ഥാപനമായ 'മെസ്സേജ് ലാബ്സ്'.
4. സാംസംഗ്
5. നോക്കിയ
6. Saidwhat.co.uk
7. സോണിയുടെ 'സോണി റോളി'
8. Thanko
9. എല്‍ക് ക്ലോണര്‍
10. ടാറ്റാ ഇന്‍ഡികോം
*****

ശബ്ദരഹിത മൊബൈല്‍ ചാറ്റ് നെക്ക്ബാന്‍ഡ് വഴി

ടി.കെ. ദീലീപ് കുമാര്‍
dileep.senapathy@gmail.com


നാഡി സ്പന്ദനങ്ങള്‍ അടിസ്ഥാനമാക്കി മനുഷ്യന്റെ ചിന്തകള്‍ സംസാരമാക്കി മാറ്റാമോ? അമേരിക്കയിലെ ആമ്പിയന്റ് കോര്‍പറേഷന്‍ ഇത് സാധ്യമാകുമെന്ന് തെളിയിച്ചിരിക്കയാണ്. പ്രസിദ്ധ മൈക്രോചിപ്പ് നിര്‍മ്മാതാക്കളായ 'ടെക്സാസ് ഇന്‍സ്ട്രുമെന്റ്' കമ്പനി നടത്തിയ കോണ്‍ഫറന്‍സില്‍, ഒരു നെക്ക്ബാന്‍ഡ് ഉപയോഗിച്ച് ആദ്യത്തെ ശബ്ദരഹിത ഫോണ്‍കോള്‍ അവതരിപ്പിക്കപ്പെട്ടു. ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന ഈ പുതിയ ഉപകരണത്തിന് 'ഓഡിയോ' (Audeo) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സംസാരിക്കാതെ തന്നെ നാഡി സംജ്ഞകളെ അതിന്റെ വാച്യമായ രൂപത്തിലാക്കുകയാണ് ഉപകരണം ചെയ്യുന്നത്. നെക്ക്ബാന്‍ഡ് പിടിച്ചെടുക്കുന്ന നാഡി സ്പന്ദനങ്ങള്‍ വയര്‍ലെസ് വഴി കമ്പ്യൂട്ടറിലേക്കയക്കുന്നു. കമ്പ്യൂട്ടര്‍ ഇതിനെ വാക്കുകളാക്കി മാറ്റുന്നു. കമ്പ്യൂട്ടറാണ് ഇവിടെ സംസാരമെന്ന പ്രക്രിയ നിര്‍വഹിക്കുന്നത്. ഉപകരണം എങ്ങനെ ഉപയോഗിക്കണമെന്ന് മാത്രം ഉപയോക്താവ് അറിഞ്ഞാല്‍ മതി. അതേസമയം ഉപയോക്താവിന്റെ ആന്തരിക ചിന്തകള്‍ മുഴുക്കെ ഇതില്‍ പ്രതിഫലിക്കുമെന്ന് ഭയപ്പെടേണ്ടതില്ല. ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോഴുണ്ടാകുന്ന ഉച്ചാരണ വാക്കുകള്‍ മാത്രമേ ഉപകരണം പിടിച്ചെടുക്കുകയുള്ളൂ.
രോഗികള്‍ക്ക് തങ്ങളുടെ ചിന്തകള്‍ക്കനുസൃതമായി വീല്‍ ചെയര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഉപകരണം നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. അതിന് സമാനമാണ് ഈ സിസ്റ്റമെന്ന് പറയാം. സംസാര ശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഇത് വലിയ തോതില്‍ പ്രയോജനപ്പെടും. സ്വകാര്യ ഫോണ്‍ സംഭാഷണം ചോര്‍ത്താതിരിക്കുന്നതിനും ഇതുപയോഗിക്കാവുന്നതാണ്.==============

സന്ദര്‍ശകര്‍ ഇതുവരെ...