Monday, August 25, 2008

ഇന്‍ഫോമാധ്യമം (371) - 11/08/2008
ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

ബ്ലോഗിലെ കാര്‍ട്ടൂണ്‍ താരം


കഥ, കവിത, ലേഖനം, ആത്മാംശമുള്ള കുറിപ്പുകള്‍, ശാസ്ത്ര സാങ്കേതിക ലോകത്തെ നുറുങ്ങറിവുകള്‍ എന്നിവ മുഖ്യവിഷയമാക്കി മലയാളം ബ്ലോഗ് ലോകം അനുദിനം വളരുകയാണല്ലോ. ഇതില്‍ നിന്ന് കാര്‍ട്ടൂണിനെ മാത്രം മാറ്റി നിര്‍ത്താനാവില്ല എന്ന് തെളിയിക്കുകയാണ് ശ്രീ. സജീവ്. 'കേരളഹഹഹ' (keralahahaha.bolgspot.com) എന്ന ബ്ലോഗ് കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും ഒരപൂര്‍വ ശേഖരമാണ്. മലയാളം ബ്ലോഗുകളുടെ ചരിത്രം എന്നെങ്കിലും ആരെങ്കിലും എഴുതാന്‍ തുനിയുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒരിടം സജീവ് തന്റെ വരകളിലൂടെയും എഴുത്തുകളിലൂടെയും സൃഷ്ടിച്ചെടുത്തിരിക്കുന്നു. സജീവ് തന്നെ പറയുന്നത് ശ്രദ്ധിക്കുക. 'ഞാന്‍ അവിചാരിതമായി ആണ് ബ്ലോഗ് എന്ന മാധ്യമരൂപത്തെക്കുറിച്ച് അറിയാനിട വന്നത്. ഒരു സ്കൂള്‍ കുട്ടി ബ്ലോഗ് തുടങ്ങിയ വാര്‍ത്ത അന്ന് പത്രത്തില്‍ വായിച്ചപ്പോള്‍ ഞാന്‍ കരുതിയത് എന്തോ പ്രോഗ്രാമിംഗ് ഭാഷ ഒക്കെ പഠിച്ച ശേഷം നടത്തുന്ന അഭ്യാസം ആണ് ഇതെന്നായിരുന്നു. പിന്നെയല്ലേ ഇ-മെയില്‍ പോലെ റെഡിമെയ്ഡ് വിഭവം ആണ് ഇതെന്ന് മനസ്സിലായത്. അപ്പോള്‍ പിന്നെ ഒറ്റച്ചാട്ടം'.
'കേരളഹഹഹ' ബ്ലോഗിന് ഒട്ടേറെ സവിശേഷതകളുണ്ട്. അതില്‍ എടുത്തു പറയേണ്ടത് ബ്ലോഗര്‍മാരായ നൂറ്റി ഇരുപത്തിരണ്ട് പേരുടെ കാരിക്കേച്ചറുകളാണ്. മിക്കവരും മലയാളി ബ്ലോഗര്‍മാര്‍ തന്നെ. ആന സീരീസ്, പുലി സീരീസ്, വരയന്‍ പുലി സീരീസ്, ലാത്തി എന്നിങ്ങനെ ഇവരെ വേര്‍തിരിച്ചിരിക്കുന്നു. വരയന്‍ പുലി സീരീസില്‍ ടോംസ്, ബി.എം. ഗഫൂര്‍, യേശുദാസന്‍, ഉണ്ണി എന്നിങ്ങനെ കാര്‍ട്ടൂണ്‍ ലോകത്തെ പതിനെട്ട് പുലികളെ വരച്ചവതരിപ്പിക്കുന്നു. ആന സീരീസ് കാരിക്കേച്ചര്‍ കൂട്ടത്തില്‍ ഇ.എം.എസ്, നവാബ് രാജേന്ദ്രന്‍, മമ്മൂട്ടി, ശ്രീനിവാസന്‍ തുടങ്ങിവര്‍ക്ക് ഇടം നല്‍കിയിരിക്കുന്നു. കാര്‍ട്ടൂണിസ്റ്റുകളെയും ബ്ലോഗര്‍മാരെയും കൂട്ടിയിണക്കുന്ന വിവിധ സംഘടനകളിലും കൂട്ടായ്മകളിലും അംഗമാണ് സജീവ്. ആന സീരീസില്‍ ഒന്നാം നമ്പര്‍കാരനായി അവതരിപ്പിക്കുന്നത് മൈക്രോസോഫ്റ്റിന്റെ കണ്ണിലെ കരടും സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രേമികളുടെ കണ്ണിലുണ്ണിയുമായ റിച്ചാര്‍ഡ് മാത്യൂ സ്റ്റാള്‍മാനെയാണെന്നത് കൌതുകം നല്‍കുന്നു. വരയുടെ ലാളിത്യവും ഭംഗിയും ഇമേജിംഗ് എഡിറ്റര്‍ ഉപയോഗിച്ചുള്ള മിനുക്കലും വര്‍ണ്ണം നല്‍കലും എല്ലാം കൂടി ഒത്തിണങ്ങുമ്പോള്‍ ഓരോ കാരിക്കേച്ചറും കേങ്കേമമെന്ന വിശേഷണത്തിനര്‍ഹമാകുന്നു. വരയില്‍ നിന്ന് എഴുത്തിലേക്ക് പേന വഴുതി മാറുമ്പോഴും തന്റെ പ്രതിഭാവിലാസം സജീവ് തെളിയിക്കുന്നുണ്ട്. എവറസ്റ്റ് കീഴടക്കിയവരുടെ കാരിക്കേച്ചറിന് താഴെ എഴുതിയത് മാത്രം മതി ഇതിന്നുദാഹരണമാകാന്‍. അതിതാണ്. 'കണ്ട കാഴ്ച താഴെ വന്നുപറയാന്‍ മാത്രം ഭാഗ്യം ചെയ്ത പര്‍വതാരോഹകര്‍'. മന്‍മോഹന്‍ സിംഗിന്റെ 123 കാരിക്കേച്ചറുകള്‍ ലോകത്തെ വിവിധ കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചത് (123 കരാര്‍) ഉടന്‍ തന്നെ പാര്‍ലിമെന്റ് അനക്സില്‍ പ്രദര്‍ശിപ്പിക്കുകയാണ്. അതിലും ഈ ബ്ലോഗര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
*******

കമ്പ്യൂട്ടറുമായി വിദേശത്തേക്ക് പോകുന്നവര്‍ സൂക്ഷിക്കുക


കമ്പ്യൂട്ടറുമായി വിശേദ എയര്‍പോര്‍ട്ടുകളിലിറങ്ങുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കമ്പ്യൂട്ടറിലോ ഐപോഡിലോ മൊബൈല്‍ ഫോണിലോ അതല്ലെങ്കില്‍ കൈവശമുള്ള സി.ഡിയിലോ പെന്‍ ഡ്രൈവിലോ ശേഖരിച്ച സോഫ്റ്റ്വെയറോ സംഗീതമോ വീഡിയോയോ മറ്റോ ശരിയായ ലൈസന്‍സില്ലാത്തതാണെങ്കില്‍ നിങ്ങള്‍ അവിടെ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഭീമമായ പിഴയൊടുക്കാനോ ജയില്‍ ശിക്ഷക്കോ ഇത് കാരണമായേക്കും. അമേരിക്ക, കനഡ, ആസ്ത്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ ഈ ഇനത്തിലെ പരിശോധന ഇപ്പോള്‍ കര്‍ശനമാക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. Anti Counterfeiting Trade Engreement എന്ന പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ അവിടുത്തെ കുത്തകകളെ പ്രോല്‍സാഹിപ്പിക്കാന്‍ രഹസ്യമായി ഒപ്പുവെച്ച കരാര്‍ അടിസ്ഥാനത്തിലാണ് ഈ പരിശോധന. ഇതനുസരിച്ച് ഏത് യാത്രക്കാരന്റെയും കമ്പ്യൂട്ടറും മെമ്മറി ഉപകരണങ്ങളും പരിശോധിക്കാനും കണ്ടുകെട്ടാനും എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് അവകാശമുണ്ട്. നേരത്തെ എഫ്.ബി.ഐ. എജന്റുമാര്‍ക്ക് ഈ രീതിയില്‍ വിപുലമായ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങള്‍ക്കു പുറമെ ജപ്പാന്‍, സ്വിറ്റ്സര്‍ലാന്റ്, ന്യൂസിലാന്റ്, മെക്സിക്കോ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഈ കരാര്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. കരാര്‍ സംബനിച്ച കൂടുതല്‍ വിവരങ്ങള്‍ വിക്കിപീഡിയയില്‍ ലഭിക്കം. http://en.wikipedia.org/wiki/AntiCounterfeiting_Trade_Agreement
*****

ബ്രോഡ്ബാന്‍ഡ് കണക്ഷനുമായി റെയില്‍ടെല്‍
ടി.കെ. ദീലീപ് കുമാര്‍, സേനാപതി
dileep.senapathy@gmail.com

സംസ്ഥാനത്ത് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ വരുന്നു. റെയില്‍വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ വഴിയാണ് സേവനസൌകര്യമൊരുക്കുന്നത്. കണക്ഷനുപയോഗിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയ പ്രോഗ്രാമുകള്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യവും റെയില്‍വേ ഒരുക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. 2 Mbps മുതല്‍ 30 Mbps വരെ വേഗതതില്‍ അണ്‍ലിമിറ്റഡ് ഡൌണ്‍ലോഡിംഗ് സൌകര്യമുള്ള ഈ സംവിധാനം ഏതാനും മാസങ്ങള്‍ക്കകം പ്രാവര്‍ത്തികമാകും. സംസ്ഥാനത്ത് കണക്ടിവിറ്റിയുള്ള കേബിള്‍ ഓപറേറ്റര്‍മാര്‍ മുഖേനയാണ് ഇതിന്റെ സേവനം ലഭ്യമാവുക. റെയില്‍ടെല്‍ കോര്‍പറേഷന് ഇപ്പോള്‍ തന്നെ രാജ്യത്താകമാനം 38,000 കിലോമീറ്റര്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ കമ്മ്യൂണിക്കേഷന്‍ സംവിധാനം കൈകാര്യം ചെയ്യുന്നത് റെയില്‍ടെലാണ്. ഈ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും ഓരോ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുമെന്നാണ് പ്രതീക്ഷ. ഇതിനാവശ്യമായ വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ ഇവിടെ ലഭ്യമാക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏഴ് ഐ.ഐ.ടി (Indian Institute of Technology) കളുടെയും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെയും സഹായത്തോടെ ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയാണ് റെയില്‍ടെല്‍.
*****

മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേ ഇനി ടി.വിയില്‍

ഹംസ അഞ്ചുമുക്കില്‍
hamza@britco.co.in

ചെറിയ മൊബൈല്‍
ഫോണും വലിയ ടി.വിയുമാണ് ഏവര്‍ക്കുമിഷ്ടം. ചറിയ ഫോണിന്റെ ഡിസ്പ്ലേ ടി.വിയുമായി നേരിട്ട് ബന്ധിപ്പിക്കുകയാണങ്കില്‍ നമുക്ക് ഫോണിലെ ചെറിയ വിഡിയോ ചിത്രങ്ങള്‍ വലിയ ടി.വി സ്ക്രീനില്‍ കാണാന്‍ സധിക്കും. പുതിയ മൊബൈല്‍ ഫോണുകളില്‍ ഈ സൌകര്യം കൂടി ഉള്‍പ്പെടുത്താന്‍ കമ്പനികള്‍ മുന്നോട്ടുവന്നിരിക്കയാണ്. Nokia N95 മോഡലില്‍ ഈ സൌകര്യം ലഭ്യമാക്കിയിരിക്കുന്നു. സാധാരണ വി.സി.ഡി പ്ലേയര്‍ പോലെ ഈ ഫോണും നിങ്ങളുടെ ടി.വിയിലേക്ക് ബന്ധിപ്പിക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റ് സംവിധാനമുള്ള ഇത്തരം ഫോണുകളുപയോഗിച്ച് ടി.വി സ്ക്രീനില്‍ വെബ് ബ്രൌസ് ചെയ്യാനും എളുപ്പമാണ്. ഈ സമയത്ത് കമ്പ്യൂട്ടര്‍ മോണിറ്റര്‍ പോലെ ടെലിവിഷന്‍ സ്ക്രീന്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ഫോണുകളിലൂടെ എടുക്കുന്ന വീഡിയോ ചിത്രങ്ങള്‍ സാധാരണ ഹാന്റി കാമറ പോലെ തന്നെ എം.പി. 4 ഫോര്‍മാറ്റിലാണ് റിക്കോര്‍ഡ് ചെയ്യുന്നത്. ടിവിയില്‍ ഇത് വളരെ വ്യക്തതയോടെ കാണാന്‍ സാധിക്കും. അതിനാല്‍ ഇനി നിങ്ങളുടെ സി.ഡി പ്ലേയറിനും ഡി.വി.ഡി പ്ലേയറിനും പകരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കും എന്നര്‍ഥം.
******

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

കമ്പ്യൂട്ടര്‍ വേഗത ഉറപ്പുവരുത്താന്‍


മ്പ്യൂട്ടര്‍
കുറേയേറെനാള്‍ തുടര്‍ച്ചയായി ഉപയോഗിച്ചുകഴിഞ്ഞാല്‍ അതിന്റെ വേഗത ക്രമേണ കുറഞ്ഞുവരുന്നതായി അനുഭവപ്പെടാറില്ലേ..? ബൂട്ട് ചെയ്യാന്‍ താമസം.., ഫയലുകള്‍ ഓപണ്‍ ചെയ്യാന്‍ അതിലേറെ താമസം.., ഇടയ്ക്കിടെ 'ഹാംങ് 'ആകല്‍.., ശരിയായ രീതിയില്‍ ഷട്ട്ഡൌണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ.... ഇങ്ങനെ ഒരു നൂറുകൂട്ടം പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാറില്ലേ? വൈറസ് ബാധയാണെന്ന സംശയത്താല്‍ സ്കാന്‍ ചെയ്തു നോക്കിയാല്‍ ഒരു വൈറസിനെപ്പോലും കണ്ടില്ലെന്നും വരാം. അവസാനം ഗത്യന്തരമില്ലാതെ ഹാര്‍ഡ്ഡിസ്ക് മൊത്തം ഫോര്‍മാറ്റ്ചെയ്ത് ഓപറേറ്റിംഗ് സിസ്റ്റവും അനുബന്ധ സോഫ്റ്റ്വെയറുകളും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയെന്ന ശ്രമകരമായ കൃത്യത്തിന് നാം നിര്‍ബന്ധിതരാവുന്നു. ഇത്തരം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒരു പരിധിവരെയെങ്കിലും ദൂരീകരിക്കാന്‍ സഹായകമായ ഒരു സോഫ്റ്റ്വെയറാണ് 'സീക്ലീനര്‍'. ദീര്‍ഘകാലത്തെ ഉപയോഗത്തിനിടയില്‍ പലപ്പോഴായി ഹാര്‍ഡ്ഡിസ്ക്കില്‍ അടിഞ്ഞുകൂടുന്ന ടെമ്പററി ഫയലുകള്‍ പോലുള്ള ഉപയോഗശൂന്യമായ ഫയലുകളുടെ ആധിക്യമാകാം പ്രശ്നത്തിനുള്ള മുഖ്യ കാരണം. കണ്ടമാനം ഡിസ്ക് സ്പേസ് അപഹരിക്കുന്ന ഇത്തരം ചപ്പുചവറുകളെ യഥാകാലം തിരഞ്ഞുപിടിച്ചു കണ്ടെത്തി നശിപ്പിക്കുകയാണെങ്കില്‍ സിസ്റ്റം ഫോറ്റിമാറ്റിംഗും ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ ഇടക്കിടെയുള്ള റീ^ഇന്‍സ്റ്റലേഷനും കൂടാതെത്തന്നെ ദീര്‍ഘകാലം ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കും. ആവശ്യമെന്ന് താുേമ്പോഴെല്ലാം ഈ ശുദ്ധീകരണപ്രക്രിയ വളരെ വേഗത്തിലും കാര്യക്ഷമമായും നിര്‍വഹിക്കുക എന്നതാണ് സീക്ലീനറിന്റെ സുപ്രധാന ധര്‍മം. ശുചീകരണത്തിനു പുറമെ ഇന്റര്‍നെറ്റ് ഹിസ്റ്ററി ഫയലുകള്‍ പോലെ ഓണ്‍ലൈന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സൂചനകളും ആവശ്യാനുസരണം സീക്ലീനര്‍ തുടച്ചുമാറ്റുമെന്നതിനാല്‍ സര്‍ഫിംഗിന്റെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നു. ആഡ്വെയറുകളോ സ്പൈവെയറുകളോ ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പുനല്‍കുന്ന ഈ സോഫ്റ്റ്വെയര്‍ http://www.ccleaner.com/ എന്ന സൈറ്റില്‍ നിന്ന് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.
*****

വിക്കിപീഡിയക്ക് ഗൂഗിളില്‍ നിന്നൊരു എതിരാളി

മനോജ് കുമാര്‍ എ.പി.
http://jalakapazhuthiloode.blogspot.com/

നെറ്റിലെ
ആഗോള സ്വതന്ത്ര വിജ്ഞാനകേശമായ വിക്കിപീഡിയക്ക് ഗൂഗിള്‍ കുടുംബത്തില്‍ നിന്നൊരു എതിരാളി വരുന്നു. ക്നോള്‍ (http://knol.google.com/) എന്നാണ് പുതിത വിജ്ഞാനകോശത്തിന്റെ പേര്. ക്നോള്‍ എന്നത് Knowledge എന്നതിന്റെ ചുരുക്ക രൂപം. ഒറ്റനോട്ടത്തില്‍ വിക്കിപീഡിയക്ക് സമാനമായിത്തോന്നുന്ന ക്നോളിന് ഗൂഗിളിന്റേതായ ഒട്ടേറെ സവിശേഷതകളുണ്ട്. ജിമെയിലിലോ യൂട്യൂബിലോ മറ്റ് ഗൂഗിള്‍ സേവനങ്ങളിലോ അക്കൌണ്ടുള്ള ആര്‍ക്കും ഇതില്‍ ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. ലേഖകന്റെ പേര്, ഫോട്ടോ സഹിതമാണ് അവ പ്രസിദ്ധീകരിക്കുക. ലേഖകന്റെ അനുവാദമില്ലാതെ ഇതര ഉപയോക്താക്കള്‍ക്ക് ക്നോള്‍ പോസ്റ്റുകളില്‍ മാറ്റിത്തിരുത്തലിന് അവകാശമുണ്ടാവില്ല. ഒന്നിലധികം പേര്‍ ചേര്‍ന്ന് ലേഖനമെഴുതാനും ഇതില്‍ സംവിധാനമുണ്ട്. എഴുത്തുകാര്‍ക്ക് തങ്ങളുടെ കൃതകള്‍ വായനക്കാരുടെ മുമ്പിലവതരിപ്പിക്കാനും വായനക്കാരില്‍ നിന്ന് അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വീകരിക്കാനും അവസരമുണ്ട്. ഗൂഗിളിന്റെ 'ആഡ്സെന്‍സ്' സേവനം പ്രയോജനപ്പെടുത്തി ചെറിയ തോതില്‍ സമ്പാദ്യമുണ്ടാക്കാനുള്ള അവസരവും ക്നോള്‍ ഒരുക്കുന്നു.
===================

സന്ദര്‍ശകര്‍ ഇതുവരെ...