Monday, October 06, 2008

ഇന്‍ഫോമാധ്യമം (377) - 29/10/2008

മൊബൈല്‍ ഫോണില്‍ പതിയിരിക്കുന്ന അപകടങ്ങള്‍

ഹംസ അഞ്ചുമുക്കില്‍
hamza@britco.co.in

മൊബൈല്‍ ഫോണ്‍ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ ഇന്ന് മൊബൈല്‍ ഫോണിന്റെ വലയത്തിലാണ്. മനുഷ്യരെ പരസ്പരം ബന്ധപ്പെടുത്താനും സ്നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഇതുപകരിക്കും. അതേസമയം മൊബൈല്‍ ഫോണിനെ വെറും ഫോണ്‍ മാത്രമായിട്ടല്ല ഇന്ന് ഉപയോഗിക്കുന്നത്. കാമറയും മ്യൂസിക് പ്ലേയറും വീഡിയോ പ്ലേയറും ഫോട്ടോ വ്യൂവറുമൊക്കെ ഫോണില്‍ ചേക്കേറിയതോടെ അതിന്റെ അപകട സാധ്യത വര്‍ദ്ധിച്ചിരിക്കയാണ്. സാധാരണ കാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ അത് സ്റ്റൂഡിയോകളില്‍ കൊണ്ടുപോയി ഡവലപ് ചെത്ത് പ്രിന്റ് എടുക്കേണ്ടതുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ ക്യാമറയുടെ കാര്യത്തില്‍ ഇത് ബാധകമല്ല. ഫോണിലെ കാമറ ഉപയോഗിച്ച് ഏത് തരം ചിത്രങ്ങളെടുക്കാനും ഫോണിലെ മെമ്മറിയില്‍ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ സ്വകാര്യമായി കാണാനും ഒക്കെ ഇന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും പ്രയാസമില്ല. ഇവിടെയാണ് മൊബൈല്‍ ഫോണിലെ അപകടം പത്തി വിടര്‍ത്തുന്നത്.

ഈ അടുത്തക്കാലത്ത് കേരളത്തിലെ ഒരു സ്കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടൂ വിദ്യാര്‍ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിച്ചപ്പോള്‍ നൂറില്‍ പത്ത് പേരുടെ ബാഗിലും ബുക്കിനുള്ളിലും നീല ചിത്രങ്ങളടങ്ങിയ സി.ഡിയും മെമ്മറി കാര്‍ഡുകളും കണ്ടെത്തികയുണ്ടായി. രക്ഷിതാക്കളെ ഒന്നടങ്കം അലോസരപ്പെടുത്തുന്ന വാര്‍ത്തയാണിത്. ഇനിയിപ്പോള്‍ കുട്ടികളുടെ ബാഗും സ്കൂള്‍ പുസ്തങ്ങളും ആഴചയിലൊരു തവണയെങ്കിലും പരിശോധിക്കേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയായിരിക്കയാണ്. മൊബൈല്‍ ഫോണും ഈ രീതിയില്‍ പരിശോധിക്കേണ്ടതുണ്ട്. ഇടക്കിടെ കുട്ടികളുടെ ഫോണിലെ നമ്പറുകള്‍ നോട്ട് ചെയ്യണം. കൂടുതല്‍ പ്രാവശ്യം ഡയല്‍ ചെയ്ത ഔട്ട്ഗോയിംഗ് നമ്പറും ഇന്‍കമിംഗ് നമ്പറും പ്രത്യേകം കുറിച്ച് വെക്കണം. ചിലപ്പോള്‍ ഇത്തരം നമ്പറായിരിക്കാം നിങ്ങളുടെ കുട്ടിയുടെ ഭാവി തകര്‍ക്കുന്നത്. ഒരുവേള ഈ നമ്പറുകള്‍ അവന്റെ ജീവന്‍ തന്നെ അപകടപ്പെടുത്തിയേക്കാം. തുടക്കത്തില്‍ തന്നെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടിവരില്ല. നിങ്ങളുടെ രക്ഷാകര്‍തൃത്വത്തില്‍ വളരുന്ന മകള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നത് ആക്ഷേഷപാര്‍ഹമല്ല. അതേസമയം നിങ്ങളുടെ നിയന്ത്രണം ഇല്ലാതായാല്‍ പിന്നെ ഫോണിന്റെ ഉപയോഗത്തിലും നിയന്ത്രണമുണ്ടാവില്ല.

കമ്പ്യൂട്ടറില്ലാത്ത വീട് ഇന്ന് അപൂര്‍വമായിരിക്കുന്നു. ഇവിടെയും ഒരുപാട് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതുണ്ട്. വീട്ടിലെ കമ്പ്യൂട്ടറും ടി.വിയും എല്ലാവരും കാണുന്ന സ്ഥലത്ത് സ്ഥാപിക്കുക. പല വീടുകളിലും കമ്പ്യൂട്ടറും ടെലിവിഷനുമൊക്കെ കുട്ടികളുടെ കിടപ്പറയിലും മറ്റും വെക്കാറുണ്ട്. ഇത് ചിലപ്പോള്‍ വലിയ ദുരന്തങ്ങള്‍ക്ക് തന്നെ വഴിയൊരുക്കുമെന്ന് ഓര്‍ക്കുക. കുട്ടികളുടെ മുറികളും ഇടക്ക് രക്ഷിതാക്കള്‍ പരിശോധിക്കണം. സി.ഡി. മാത്രമല്ല നീല പുസ്തകങ്ങളും ഫോട്ടോകളും കൌമാരക്കാര്‍ക്കിടയില്‍ ഏറെ വ്യാപകമായിരിക്കയാണ്.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജികളുടെ വളര്‍ച്ച നമ്മുടെ സങ്കല്‍പത്തിനൊക്കെ അപ്പുറത്താണ്. ടെക്നോളജിയുടെ വളര്‍ച്ചക്കൊപ്പം ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും നാം കേള്‍ക്കുന്നു. ഫോണിലും അതിന്റെ മെമ്മറി കാര്‍ഡിലും സൂക്ഷിക്കുന്ന ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്താലും ഫോര്‍മാറ്റ് ചെയ്താലും നല്ലൊരു കമ്പ്യൂട്ടര്‍ വിദഗ്ധരുടെ കൈയില്‍ ലഭിച്ചാല്‍ അവ വീണ്ടെടുക്കാനാവുമെന്നത് നാം അറിഞ്ഞിരിക്കണം. നാം സൂക്ഷിച്ചതും റെക്കോര്‍ഡ് ചെയ്തതുമായ വിഡിയോ ക്ലിപ്പുകള്‍, ഫോട്ടോ എന്നിവ ഉള്‍പ്പെടുന്ന എല്ലാ ഡാറ്റകളും ഒരു ടെക്നീഷ്യന് ഈ രീതിയില്‍ തിരിച്ചടുക്കാന്‍ കഴിയുമെന്നത് സാധാരണക്കാര്‍ മനസിലിക്കിയിട്ടില്ല. മൊബൈല്‍ ഫോണിലൂടെ നിങ്ങളെടുക്കുന്ന ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ ഏറെ ആവശ്യക്കാരുണ്ടെന്ന് ഓര്‍ക്കുക. ചിലപ്പോള്‍ സ്വകാര്യതയില്‍ കേവലമൊരു തമാശക്കായി നിങ്ങള്‍ സ്വയം പകര്‍ത്തുന്ന നഗ്ന ചിത്രങ്ങള്‍ ലോകത്തൊന്നാകെ പ്രചരിക്കുന്നുവെങ്കില്‍ അതിനുത്തരവാദി നിങ്ങള്‍ തന്നെയായിരിക്കും. കമ്പ്യൂട്ടറിലെ ഡിലീറ്റ് ചെയ്യപ്പെട്ട ഡാറ്റകള്‍ തിരിച്ചെടുക്കാന്‍ ഡാറ്റ റിക്കവറി സോഫ്റ്റ്വെയര്‍ എന്ന പേരില്‍ ധാരാളം ടൂളുകളുണ്ട്. ഇത് തന്നെയാണ് മൊബൈല്‍ ഫോണിലും വില്ലനാവുന്നത്. നിങ്ങളുടെ ഫോണില്‍ എല്ലാം ഒളിഞ്ഞ് കിടക്കുന്നുവെന്ന് ഇടക്ക് ഫോണിന്റെ മോഡല്‍ മാറ്റുന്നവരും ഫോണ്‍ വില്‍ക്കുന്നവരും കരുതിയിരിക്കുക. ആര്‍ക്കും ഒന്നും മറച്ച് വെക്കാനാവാത്ത കാലമാണിത്. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും റിപ്പയര്‍ ചെയ്യാന്‍ ഏല്‍പ്പിക്കുന്ന ടെക്നീഷ്യന്‍മാരെയും സൂക്ഷിക്കുക. അവര്‍ നിങ്ങളെ വിറ്റ് കാശാക്കും. ഫോട്ടോകള്‍ ഫോണിലെ മെമ്മറി കാര്‍ഡില്‍ മാത്രം സൂക്ഷിക്കുക. ഫോണ്‍ വില്‍ക്കുമ്പോള്‍ മെമ്മറി കാര്‍ഡ് വില്‍ക്കാതിരിക്കുക. സ്വയം ഉപയോഗിക്കുക അല്ലങ്കില്‍ നശിപ്പിക്കുക.
*****

വെബില്‍ സ്വാധീനമുറപ്പിക്കുന്ന മാഷ് അപ്പുകള്‍

മനോജ് കുമാര്‍ എ.പി.

jalakapazhuthukaliloode.blogspot.com

ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതിനുള്ള ജനപ്രിയ സൈറ്റായ ഫ്ലിക്കറിന്റെ (flickr.com) എ.പി.ഐ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച മാഷ് അപ്പ് സൈറ്റാണ് flickrvision.com. ഗ്ലോബിന്റെ മാതൃകയിലാണ് സൈറ്റില്‍ ഫ്ലിക്കര്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിക്കി മാതൃകയില്‍ തീര്‍ത്ത wikicrimes.com ഉപയോഗിച്ച് വ്യക്തികള്‍ക്ക് ഇന്റര്‍നെറ്റിലൂടെ കുറ്റ കൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരമൊരുക്കിയിരിക്കുന്നു. ഇതിന് സൈറ്റിലെ ഗൂഗിള്‍ മാപ്പില്‍ ഒരു പിന്‍ ചേര്‍ക്കുകയേ വേണ്ടൂ. വാര്‍ത്താധിഷ്ഠിതമായ നല്ലൊരു മാഷ് അപ്പ് സൈറ്റാണ് digg.com. ഇതര വാര്‍ത്താ സൈറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കുകയാണ് സൈറ്റ് ചെയ്യുന്നത്. ബിസിനസ് സ്ഥാപനങ്ങള്‍ക്കും മറ്റും വെബ് ആപ്ലിക്കേഷനുകളുണ്ടാക്കാന്‍ എളുപ്പമാക്കിയിരിക്കയാണ് മാഷ് അപ്പുകള്‍. ബ്ലോഗിംഗ് പോലെ മാഷ് അപ്പുകള്‍ എന്ന പുതിയ തലമുറ വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പുതിയൊരു രൂപം നല്‍കി നെറ്റില്‍ സ്വാധീനമുറപ്പിക്കുകയാണ്.

*****

ബ്ലോഗ് ആകര്‍ഷകമാക്കാന്‍

ഷബീര്‍ മാളിയേക്കല്‍
shabeeribm.blogspot.com

നമ്മുടെ ബ്ലോഗ് സൈറ്റില്‍ വരുന്ന സന്ദര്‍ശകരുടെ എണ്ണം മനസ്സിലാക്കാന്‍ വെബ് കൌണ്ടറുകളുപയോഗിക്കാം. ഈ ഇനത്തിലെ സേവനം സൌജന്യമായി നല്‍കുന്ന വെബ്സൈറ്റാണ് www.amazingcounters.com. വ്യത്യസ്ത തരത്തിലെ കൂണ്ടറുകള്‍ ഇവിടെ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അതുപോലെ നമ്മുടെ ബ്ലോഗില്‍ ആരെല്ലാം, എവിടെ നിന്നൊക്ക വന്നുവെന്നറിയാന്‍ സഹായിക്കുന്ന വിഡ്ജറ്റാണ് ലൈവ് ഫീഡ്. www.feedjit.com എന്ന സൈറ്റില്‍ നിന്ന് ഈ സംവിധാനവും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. ബ്ലോഗ് നിര്‍മ്മാണത്തിന് ഗൂഗിള്‍ തരുന്ന മാതൃകാ പേജിന് (Template) പുറമെ വേറെയും മാതൃകകള്‍ ബ്ലോഗിലുപയോഗിക്കാവുന്നതാണ്. www.finalsense.com പോലുള്ള ഒട്ടേറെ സൈറ്റുകള്‍ ഇത്തരം മാതൃകാ പേജുകള്‍ സൌജന്യമായി നല്‍കുന്നുണ്ട്. www.ente^notebook.blogspot.com എന്ന ബ്ലോഗ് ഈ ഇനത്തിലെ സേവനം പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചതാണ്.

*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

ആവര്‍ത്തനപ്പട്ടിക

നിങ്ങളൊരു രസതന്ത്ര വിദ്യാര്‍ത്ഥിയാണോ? രസതന്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിച്ചു കൂടാനാവാത്തതാണല്ലോ ആവര്‍ത്തനപ്പട്ടികയും ((Periodic Table) അതുമായി ബന്ധപ്പെട്ട മറ്റു പാഠഭാഗങ്ങളും. മൂലകങ്ങളുടെ ആവര്‍ത്തക സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ഗീകരണമാണ് ആവര്‍ത്തക വര്‍ഗീകരണമെന്നും അവയുടെ അറ്റോമിക സംഖ്യയെയും ഇലക്ട്രോ വിന്യാസത്തെയും ആസ്പദമാക്കിയാണ് ആധുനിക ആവര്‍ത്തനപ്പട്ടിക തയ്യാര്‍ ചെയ്യപ്പെട്ടിട്ടുള്ളതുെം നിങ്ങള്‍ക്കറിയാമല്ലോ. മൂലകങ്ങളുടെ വ്യത്യസ്ത സ്വഭാവങ്ങളെക്കുറിച്ചും അവയുടെ അടിസ്ഥാനത്തില്‍ ആവര്‍ത്തനപ്പട്ടികയില്‍ ഓരോന്നിനും അനുവദിക്കപ്പെട്ട സ്ഥാനങ്ങളെക്കുറിച്ചും മറ്റുമുള്ള പഠനം മിക്ക കുട്ടികള്‍ക്കും ഭയങ്കര കണ്‍ഫ്യൂഷനുണ്ടാക്കുന്നതും അതുകൊണ്ടുതന്നെ മുഷിപ്പുളവാക്കുന്നതുമാണ്. പക്ഷെ ആവര്‍ത്തനപ്പട്ടികയെ മനോഹരമായ വര്‍ണ്ണ ചിത്രങ്ങളടങ്ങിയ ഒരു കോമിക് പുസ്തകമായി സങ്കല്‍പ്പിച്ചുനോക്കൂ. അതു വായിക്കാന്‍ എന്തു രസമായിരിക്കും..! നിങ്ങളുടെ കണ്‍ഫ്യൂഷന്‍ തീരുമെന്നു മാത്രമല്ല വായിക്കുമ്പോള്‍ മുഷിപ്പു തോന്നുകയേ ഇല്ല. അത്തരം എതാനും കോമിക് പുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ http://www.uky.edu/Projects/Chemcomics/ എന്ന വെബ്സൈറ്റിലുണ്ട്. അതിന്‍െര്‍ പേജുകളില്‍ കാണുന്ന ലീസ്റ്റില്‍ ഓരോ മൂലകങ്ങത്തെയും പ്രതിനിധാനം ചെയ്യുന്ന തമ്പ്നെയില്‍ ചിത്രങ്ങളില്‍ ക്ലിക് ചെയ്യുമ്പോള്‍ പുസ്തകത്തിന്റെ പേജുകള്‍ ഒന്നൊന്നായി അവയുടെ പൂര്‍ണ രൂപത്തില്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതു കാണാം. വായിച്ചാസ്വദിക്കാം . ആവര്‍ത്തനപ്പട്ടിക നിങ്ങളറിയാതെ മന:പ്പാഠമായിക്കൊള്ളും.

*****

ഇന്‍ഫോ ക്വിസ്

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com

1. സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് സ്ഥാപിതമായ വര്‍ഷം?
2. ഏലത്തിന്റെ 'ഇ^ലേലം' തുടങ്ങിയ തമിഴ്നാട്ടിലെ നഗരം?
3. ഇന്റര്‍നെറ്റിലൂടെ റിലീസായ ആദ്യത്തെ ഇന്ത്യന്‍ സിനിമ?
4. സൈബര്‍ ഗ്രാമീണ്‍ പദ്ധതി നടപ്പാക്കിയ സംസ്ഥാനം?
5. ഇന്ത്യയില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപിതമായത് എവിടെ?
6. ആപ്പിള്‍ കമ്പനി 2008 ജൂലൈയില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ എറ്റവും പുതിയ മൊബൈല്‍ ഫോണ്‍?
7. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് സഹായകമായ ഫര്‍ണീച്ചറുകളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
8. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓപറേറ്റിംഗ് സിസ്റ്റം?
9. ഇന്ത്യയിലെ ആദ്യത്തെ വ്യാവസായിക ഐ.ടി. നെറ്റ്വര്‍ക്ക്?
10. സ്മാര്‍ട്ട് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഓപറേറ്റിംഗ് സിസ്റ്റം?

ഉത്തരം

1. 1975
2. ബോഡിനായക്കനൂര്‍
3. വിവാഹ്
4. ആന്ധ്രാപ്രദേശ്
5. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (1956)
6. ഐഫോണ്‍
7. എര്‍ഗണോമിക്സ്
8. ആന്‍ഡ്രോയിഡ് (Android)
9. ഇന്തോനെറ്റ്
10. വിന്‍ഡോസ് മൊബൈല്‍
==========================================================================================

സന്ദര്‍ശകര്‍ ഇതുവരെ...