Thursday, April 15, 2010

ഇന്‍ഫോമാധ്യമം (439) - 29/03/2010



നെറ്റില്‍ ബലി കഴിക്കപ്പെടുന്ന കൌമാരങ്ങള്‍-3

ചതിക്കുഴികള്‍ക്കെതിരെ ജാഗ്രത

കമ്പ്യൂട്ടറില്‍ ഫാമിലി ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചു വെക്കുന്നതും നെറ്റിലൂടെ കൂട്ടുകാര്‍ക്ക് ഫോട്ടോകള്‍ കൈമാറുന്നതും വളരെ അപകടം നിറഞ്ഞതായി മാറിയിരിക്കുന്നു ഇപ്പോള്‍. ചാറ്റിംഗിനിടയില്‍ കൈമാറുന്ന ഫോട്ടോകള്‍ മിക്കപ്പോഴും വ്യാജമായിരിക്കും. ആണ്‍കുട്ടികള്‍ സാധാരണ നെറ്റില്‍ സെര്‍ച്ച് ചെയ്ത് മറ്റാരുടെയെങ്കിലും ഫോട്ടോ കൈമാറി പെണ്‍കുട്ടികളെ കബളിപ്പിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ തങ്ങളുടെ ഫോട്ടോകള്‍ക്ക് പകരം സ്കൂളിലെ ഏതെങ്കിലും ഫംഗ്ഷനിലോ മറ്റോ എടുത്ത ഗ്രുപ്പ് ഫോട്ടോയില്‍ വേറെ ഏതെങ്കിലും കുട്ടികളുടെ ഫോട്ടോകാണിച്ച് അതാണ് താനെന്ന് പങ്കാളിയെ വിശ്വസിപ്പിക്കും. അല്ലെങ്കില്‍ സ്കൂളിലെയോ കോളേജിലെയോ ഏറ്റവും അടുത്ത കൂട്ടുകാരികളുടെ ഫോട്ടോ നല്‍കും. വേറെ ചിലര്‍ കുടുംബത്തിലെ ഏതെങ്കിലും പെണ്‍കുട്ടികളുടെ ഫോട്ടോ പങ്കാളിക്ക് നല്‍കുന്നു. ചുരുക്കം ചിലര്‍ അപകടാവസ്ഥ അറിയാതെ സ്വന്തം ഫോട്ടോ തന്നെ നല്‍കാറുണ്ട്. ഏത് രീതിയിലായാലും ഇങ്ങനെ ലഭിക്കുന്ന ഫോട്ടോ ഒരുപക്ഷെ തങ്ങളുടെ വിശ്വസ്ത പങ്കാളി സുരക്ഷിതമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കില്‍ പോലും മറ്റാരെങ്കിലും അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്.

ഇത്തരം ഫോട്ടോകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് ഇന്റര്‍നെറ്റ് കഫേ പോലുള്ള പബ്ലിക് കമ്പ്യൂട്ടറുകളില്‍ നിന്നാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും അത് വീണ്ടെടുക്കാവുന്നതാണ്. ഇങ്ങനെ കിട്ടുന്നവര്‍ മറ്റേതെങ്കിലും അശ്ലീല ചിത്രത്തിന്റെ മുഖം നിങ്ങളുടെ മുഖവുമായി മോര്‍ഫ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിന്റെ കൌണ്ട്ഡൌണ്‍ ആരംഭിക്കുന്നു. ഇനി നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങളുടെയോ ഫാമിലിയുടെയോ ഫോട്ടോകളോ വീഡിയോ ക്ലിപ്പുകളോ ഉണ്ടെങ്കില്‍ നിങ്ങള്‍ ആര്‍ക്കും അത് ഇ^മെയിലിലൂടെയോ ചാറ്റിംഗിലൂടെയോ അയച്ചു കൊടുത്തിട്ടില്ലങ്കില്‍ തന്നെയും അവ ഇന്റര്‍നെറ്റ് വഴി ആര്‍ക്ക് വേണമെങ്കിലും നിങ്ങളുടെ അനുവാദം കൂടാതെ തന്നെ ഇതര കമ്പ്യൂട്ടറുകളിലേക്ക് കോപ്പി ചെയ്യാന്‍ കഴിയുന്ന റിമോട്ട് ആക്സസ് പ്രോഗ്രാമുകള്‍ യഥേഷടം ലഭ്യമാണെന്നതും ഓര്‍ക്കേണ്ടതാണ്. അതിനാല്‍ കുടുംബ ഫോട്ടോകളും മറ്റും കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതിന് പകരം സി.ഡികളിലോ മറ്റു എക്സ്റ്റേണല്‍ സ്റ്റോറേജ് മീഡിയകളിലോ സൂക്ഷിക്കുതാണ് ഉത്തമം.

ചതിയുടെയും വഞ്ചനയുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നു ഇന്റര്‍നെറ്റ് . നെറ്റിലെ സൌഹൃദ വലയത്തില്‍ ചാറ്റ് അംഗങ്ങള്‍ ഒരിക്കലും അവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ കൈമാറാറില്ല. അതേസമയം നമ്മുടെ കുട്ടികളാവട്ടെ തുടക്കത്തിലൊന്നും ഇതിലെ അപകടാവസ്ഥ മനസ്സിലാക്കാതെ യഥാര്‍ഥ വിവരങ്ങള്‍ കൈമാറുന്നു. വ്യാജ ഇ^മെയില്‍ ഐഡി സംഘടിപ്പിക്കുന്നിടത്ത് നിന്ന് തുടങ്ങുന്നു ഇവരുടെ ചതി. വോയ്സ് ചെയ്ഞ്ചിംഗ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നെറ്റിലൂടെയും മൊബൈലിലൂടെയും സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിച്ച് യുവാക്കളെ വശീകരിച്ച് പണം തട്ടുന്ന സംഘങ്ങളും ഈ രംഗത്ത് സജീവമാണ്. അതുപോലെ പുരുഷന്മാര്‍ തന്നെ മൊബൈലിലൂടെ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ സ്വന്തം ശബ്ദം മാറ്റി മറ്റൊരു പുരുഷശബ്ദം സ്വീകരിച്ച് പെണ്‍കുട്ടികളുമായി അശ്ലീല സംഭാഷണം നടത്തി അത് റെക്കോര്‍ഡ് ചെയ്ത് ബ്ലാക്ക്മെയില്‍ ചെയ്യുന്നതും ഈ രംഗത്തെ മറ്റൊരു ചതിക്കുഴിയാണ്. ഇങ്ങനെ കുട്ടികളെ തങ്ങളുടെ ഇംഗിതത്തിന് കീഴ്പ്പെടുത്തുന്നവരും പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ ഈ രീതിയില്‍ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുവരും നിരവധിയാണ്.

മൊബൈല്‍ ഫോണ്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന കാര്യത്തില്‍ ഇന്ന് ഏറെക്കുെറെ എല്ലാവരും ബോധവാന്മാരാണ്. അതുകൊണ്ട് തന്നെ പലരും കുട്ടികള്‍ക്ക് മൊബൈല്‍ വിലക്കിയിരിക്കുന്നു. സ്വന്തമായി മൊബൈല്‍ ഇല്ലാത്ത കുട്ടികള്‍ പോലും രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ചു അവരുടെതന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്നതാണ് രസാവഹം. ഗള്‍ഫ് നാടുകളിലാണ് ഈ പ്രവണത ഏറെയും കണ്ടുവരുന്നത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ ഒരുപടി മുന്നിലാണ്. സ്വന്തമായി മൊബൈല്‍ ഇല്ലാത്ത കുട്ടികള്‍ മാതാക്കളുടെ മൊബൈലാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്. സ്കൂള്‍ വിട്ട് വന്നാല്‍ പിന്നെ മാതാക്കളുടെ മൊബൈല്‍ ഇവര്‍ കൈവശപ്പെടുത്തും. വീട്ടുകാര്‍ക്ക് പരിചയമുള്ള ഏതങ്കിലും നല്ല കൂട്ടുകാരുടെ പേര് പറഞ്ഞ് അവര്‍ വിളിക്കുമ്പോള്‍ സംസാരിക്കാനാണെന്നും പറഞ്ഞ് കൈവശപ്പെടുത്തുന്ന മൊബൈല്‍ പിന്നീട് അടുത്ത ദിവസം സ്കൂളിലേക്ക് പോകുമ്പോള്‍ മാത്രമായിരിക്കും തിരിച്ച് കൊടുക്കുന്നത്. പ്രത്യക്ഷത്തില്‍ സ്വന്തം മൊബൈല്‍ പോലെത്തന്നെ. പങ്കാളിയുടെ നമ്പര്‍ ഒരിക്കലും
ഇവര്‍ മാതാക്കളുടെ ഈ മൊബൈലില്‍ സേവ് ചെയ്ത് വെക്കാറില്ല. ആവശ്യമുള്ള നമ്പര്‍ ഇവര്‍ തങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുന്നു. പങ്കാളിയോട് സംസാരിക്കാന്‍ തോന്നുമ്പോള്‍ മാത്രം ഡയല്‍ ചെയ്ത് സംസാരം തീര്‍ന്നാല്‍ ഉടനെ കാള്‍ രജിസ്റ്ററില്‍ നിന്ന് ഈ നമ്പര്‍ ഡിലീറ്റ് ചെയ്യുന്നു. ഇവരുടെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ഈ ഫോണ്‍ സൈലന്റ് മോഡിലായിരിക്കും. അതിനാല്‍ തന്നെ കാളുകളോ മെസ്സേജുകളോ വന്നാല്‍ അവരല്ലാതെ മറ്റാരും അറിയുന്നില്ല.

(തുടരും)

ഗഫൂര്‍ കൊണ്ടോട്ടി
gafoorkondotty@gmail.com
******
ഡോട്ട്കോം യുഗത്തിന് രജതജൂബിലി

സ്വന്തം പേരില്‍ ഒരു വെബ്സൈറ്റ് ഉണ്ടാവുക എന്നത് ആഢ്യത്തരത്തിന്റെ ഭാഗമായാണ് നേരത്തെ പലരും കണ്ടിരുന്നത്. അതിനാല്‍ സ്വന്തം പേരിലോ സ്ഥാപനത്തിന്റെ പേരിലോ വെബ്സൈറ്റ് തുടങ്ങാന്‍ പലരും തുനിഞ്ഞിറങ്ങി. ഈയൊരു ഉത്സാഹം ഇന്റര്‍നെറ്റില്‍ വെബ്സൈറ്റുകളുടെ എണ്ണം വളരെയധികം വര്‍ദ്ധിപ്പിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ വെബ്സൈറ്റ് വിലാസങ്ങളും അവസാനിക്കുന്നത് ഡോട്ട്കോം (.com) എന്ന എക്സ്റ്റന്‍ഷനോടെയാണ്. കൊമേഴ്സ്യല്‍ (Commercial) എതിന്റെ ചുരുക്കരൂപമാണ് ഡോട്ട്കോം. ആദ്യത്തെ ഡോട്ട്കോം വെബ്സൈറ്റ് പിറന്നിട്ട് ഇരുപത്തഞ്ച് വര്‍ഷം പിന്നിട്ടു. 1985 മാര്‍ച്ച് 15ന് ആയിരുന്നു ആദ്യത്തെ ഡോട്ട്കോം ഡൊമൈന്‍ നാമത്തില്‍ വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സിമ്പോളിക്സ് ഡോട്ട്കോം എന്നായിരുന്നു ഇതിന്റെ പേര്. തുടര്‍ന്നുള്ള പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ 1,20,000 വെബ്സൈറ്റുകള്‍ ഈ എസ്റ്റന്‍ഷന്ന് കീഴിലായി ഇന്റര്‍നെറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇന്നത് 85 ദശലക്ഷത്തില്‍ എത്തിനില്‍ക്കുന്നുവെന്നാണ് കണക്ക്.

മറ്റുള്ളവരുമായി സംവദിക്കുന്നതിനുള്ള ഒരു പ്ളാറ്റ്ഫോമായി വെബ്സൈറ്റുകള്‍ മാറിയിട്ടുണ്ട്. ബിസിനസ്സ്, വിനോദം, സ്പോര്‍ട്സ്, സാമ്പത്തികം, സംസ്കാരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ജനങ്ങളെ കോര്‍ത്തിണക്കാന്‍ ഈ വെബ്സൈറ്റുകള്‍ക്ക് സാധിച്ചു. കോടിക്കണക്കിന് വെബ്സൈറ്റുകളുള്ള വേള്‍ഡ് വൈഡ് വെബില്‍ നിന്ന് ഓരോ പ്രത്യേക വെബ്സൈറ്റിനെയും തിരിച്ചറിയാനായി അതിനുമാത്രം അനുവദിച്ചിരിക്കുന്ന പേരാണ് ഡൊമൈന്‍ നാമം അഥവാ വെബ്സൈറ്റ് വിലാസം. ഡൊമൈന്‍ നാമത്തിലെ അവസാനഭാഗം ഡോട്ട് കോം (.com - വാണിജ്യം, കമ്പനികള്‍), (.org - സംഘടനകള്‍, സ്ഥാപനങ്ങള്‍), (.net - ശൃംഖലകളുമായി ബന്ധപ്പെട്ടത്) എിങ്ങനെ ഇരുന്നുറ്റി എഴുപതോളം ടോപ്ലെവല്‍ ഡൊമൈന്‍ നാമങ്ങളുണ്ട്. ഇതില്‍ രാജ്യങ്ങളെ പ്രത്യേകം സൂചിപ്പിക്കുന്ന .in (ഇന്ത്യ), .uk (ബ്രിട്ടണ്‍), .fr (ഫ്രാന്‍സ്) എന്നിങ്ങനെയുള്ള ഡൊമൈന്‍ നാമങ്ങളും ഉള്‍പ്പെടും. ഇത്തരം ഡോട്ട് കോം കമ്പനികളിലൂടെ വര്‍ഷം 400 ബില്യന്‍ ഡോളറിന്റെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. 2020 ആവുമ്പോഴേക്കും ഇത് 950 ബില്യന്‍ ഡോളറായി ഉയരുമെന്നാണ് പ്രവചനം. പ്രശസ്ത ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനമായ 'വെരിസൈനിന്റെ' കണക്കുകള്‍ പ്രകാരം നിലവിലുള്ള 85 ദശലക്ഷം ഡോട്ട്കോം സൈറ്റുകളില്‍ 11.9 ദശലക്ഷം ഇ^കൊമേഴ്സ്, ഓണ്‍ലൈന്‍ ബിസിനസ്സ് വെബ്സൈറ്റുകളാണ്. 4.3 ദശലക്ഷം വിനോദ സംബന്ധമായ സേവനം കാഴ്ചവെക്കുന്നവയും 1.8 ദശലക്ഷം സ്പോര്‍ട്സ് മേഖലയുമായി ബന്ധപ്പെട്ടതുമാണ്.
പ്രശസ്തമായ പല പേരുകളിലും ഡോട്ട്കോം സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യക്കാര്‍ വരുമ്പോള്‍ വമ്പന്‍ വിലക്ക് വില്പന നടത്തിയവരുമുണ്ട്. ഇതിലൂടെ കോടീശ്വരന്‍മാരായവര്‍ ധാരാളമാണ്. 1994ല്‍ കാലിഫോര്‍ണിയയിലെ ഒരു വിരുതന്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത 'ലോണ്‍സ്.കോം' എന്ന നാമം ബാങ്ക് ഓഫ് അമേരിക്ക വാങ്ങിയത് 30 ലക്ഷം ഡോളര്‍ നല്‍കികൊണ്ടാണ്. 2000 ജൂണിലായിരുന്നു ഈ വില്പന. ഇത് കൂടാതെ ബിസിനസ്.കോം, ഡയമണ്ട്.കോം എന്നിവ വിറ്റത് 75 ലക്ഷം ഡോളറിനും. 2007ല്‍ 120 ലക്ഷം ഡോളറിനാണ് 'സെക്സ് ഡോട്ട്കോം' വിറ്റുപോയത്. അത് വീണ്ടും വില്പനക്ക് വച്ചിരിക്കുകയാണ് ഉടമസ്ഥര്‍. ഇങ്ങനെ വില്പനയുടെ ലിസ്റ്റ് നീണ്ടുപോവുകയാണ്. ഡോട്ട്കോം കമ്പനികളുടെ കുത്തൊഴുക്ക് തന്നെ ഒരു കാലത്തുണ്ടായിരുന്നു. കൂണുപോലെ മുളച്ചു പൊന്തിയ പലതും ചുരുങ്ങിയ കാലത്തിനുള്ളില്‍ പൊട്ടിയമര്‍ന്നതും ചരിത്രമാണ്.

ലാറ്റിന്‍ ഭാഷക്ക് പുറമെ മറ്റിതര ഭാഷകളിലും വെബ് അഡ്രസ്സുകള്‍ ഇന്ന് നിലവിലുണ്ട്. ഇന്റര്‍നെറ്റില്‍ ഡൊമൈന്‍ നാമങ്ങള്‍ അനുവദിക്കുന്ന 'ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ് (ICANN) ആണ് കഴിഞ്ഞ വര്‍ഷം സുപ്രധാനമായ ഈ തീരുമാനമെടുത്തത്. ഇത്തരത്തില്‍ ആദ്യം അഡ്രസ്സ് നല്‍കുന്നത് ചൈനീസ് ഭാഷയിലായിരിക്കും. പിന്നീട്, അറബിക്, റഷ്യന്‍, ഹിന്ദി എിങ്ങനെ ലിസ്റ്റ് നീളുന്നു. ഡോട്ട്കോം എന്നത് ആധുനിക ജീവിത ശൈലിയുമായി ഇഴചേര്‍ന്നു കഴിഞ്ഞു. കത്തയക്കാനും സല്ലപിക്കാനും ജോലി നേടാനും എന്തിന് പെണ്ണുകെട്ടാന്‍പോലും നാം ഇപ്പോള്‍ ഡോട്ട്കോം സൈറ്റുകളെയാണ് ആശ്രയിക്കുന്നത്.

ടി.വി. സിജു
tvsiju@gmail.com
========================

No comments:

Post a Comment

സന്ദര്‍ശകര്‍ ഇതുവരെ...