Monday, August 11, 2008

ഇന്‍ഫോമാധ്യമം (370) - 04/08/2008



ഐ.ടി @ സ്കൂള്‍ - ഇന്‍ഫോ മാധ്യമം ഐ.ടി ശില്‍പശാല ഉദ്ഘാടനം

മുഴുവന്‍ സ്കൂളുകളിലും ബ്രോഡ്ബാന്‍ഡ്

- മന്ത്രി ബേബി


നെയ്യാറ്റിന്‍കര: കേരളത്തിലെ മുഴുവന്‍ സ്കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പറഞ്ഞു. ഇന്‍ഫോ മാധ്യമവും സംസ്ഥാന ഐ.ടി @ സ്കൂളും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പഠന പരിപാടിക്ക് കേന്ദ്രം 153 കോടി അനുവദിച്ചതായും മന്ത്രി വെളിപ്പെടുത്തി.

മികച്ച ഐ.ടി. പഠനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ കഴിയില്ല. ഈ മേഖലയില്‍ ഗുണകരമായി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ പത്ര^ദശ്യ മാധ്യമങ്ങളും സഹകരിക്കണം. ഐ.ടി. പഠന പരിപാടിയില്‍ സര്‍ക്കാരിന്റെ ഐ.ടി. സ്കൂളുകള്‍ ഗുണകരമായി ഗുണകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ നന്നായി പ്രോല്‍സാഹിപ്പിക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയുമുണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

ഐ.ടി രംഗത്തുള്ള നല്ല അറിവുകള്‍ നേടിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റ് സൌകര്യം ഉപയോഗപ്പെടുത്തണം. തെറ്റ് ചൂണ്ടിക്കാട്ടുന്ന വിദ്യാര്‍ഥികളെ ശകാരിക്കാതെ സ്വയം തെറ്റുതിരുത്തി മുന്നോട്ട് പോകാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്. അങ്ങനെയായാല്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് മന്ത്രി പ്രത്യാശിച്ചു.

രാവിലെ ആരംഭിച്ച ശില്പശാല നഗരസഭാ ചെയര്‍പേഴ്സണ കെ. പ്രിയംവദ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം അധ്യക്ഷനായിരുന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. കേശവന്‍ കുട്ടി, വിന്‍സോഫ്റ്റ് ഐടി സൊല്യൂഷന്‍ പ്രതിനധി ജോഷി എന്നിവര്‍ പ്രസംഗിച്ചു. മാധ്യമം റസിഡന്റ് മാനേജര്‍ എം.എം. സലിം, ഡി.ഇ.ഒ. ഇന്‍ചാര്‍ജ് മനോഹരന്‍, ഗവ. ബോയ്സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ മധുസൂദനന്‍ നായര്‍, പി.ടി.എ പ്രസിഡണ്ട് ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഐ.ടി @ സ്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാംബശിവന്‍ സ്വാഗതവും മാധ്യമം പബ്ലിക് റിലേഷന്‍ മാനേജര്‍ വി.കെ. ഖാലിദ് നന്ദിയും പറഞ്ഞു. രാവിലെ ആരംഭിച്ച ടെക്നിക്കല്‍ സെഷനില്‍ വിവര സംവേദന സാങ്കേതിക വിദ്യയുടെ വളര്‍ച്ച എന്ന വിഷയത്തില്‍ ഐ.ടി @ സ്കൂള്‍ പ്രോജക്ട് ലീഡിംഗ് മാസ്റ്റര്‍ ട്രെയിനര്‍ വി.കെ. ശശിധരനും ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഐ.ടി @ സ്കൂള്‍ കാസര്‍കോട് ജില്ലാ കോ^ഓര്‍ഡിനേറ്റര്‍ വി.ജെ. മത്തായിയും ക്ലാസെടുത്തു. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ 13 സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത 140 വിദ്യാഥികളാണ് ശില്പശാലയില്‍ പങ്കെടുത്തത്.
*****

ഈസി സേര്‍ച്ചിംഗിന് യാഹൂ ഗ്ലൂ

റഫീഖ് മുഹമ്മദ് കെ.
rafeeq.muhammed@gmail.com

ഇന്റര്‍നെറ്റ് മനുഷ്യന്റെ ജീവിതം മാറ്റിമറിച്ചത് വളരെപ്പെട്ടന്നാണ്. അതിവേഗ കണക്ടിവിറ്റിയും മറ്റും ഗ്രാമങ്ങളിലേക്ക് വരെ കടന്നെത്തിയതോടെ എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഏറി. എന്നാല്‍ അറിവില്ലാത്ത എന്തെങ്കിലും ഒരു വിഷയത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാമെന്ന് കരുതിയാല്‍ ഇന്ന് പലപ്പോഴും നിരാശരാകേണ്ടി വരുമെന്നതാണ് യാഥാര്‍ഥ്യം. ടെക്സ്റ്റ്, മ്യൂസിക്ക്, വീഡിയോ ലിങ്കുകള്‍ ഇടകലര്‍ന്നുള്ള സെര്‍ച്ച്ഫലമായിരിക്കും ലഭിക്കുക. നൂറുകണക്കിന് ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ പലപ്പോഴും നമുക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കൂവെന്നതാണ് വസ്തുത.

യാഹൂ ഇന്ത്യയുടെ (www.yahoo.in) ഏറ്റവും പുതിയ സെര്‍ച്ച് പേജായ യാഹൂ ഗ്ലൂ വ്യത്യസ്തമാകുന്നത് ഇവിടെയാണ്. മറ്റു സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി ഒരൊറ്റ വിന്‍ഡോയിലാണ് സെര്‍ച്ച് ചെയ്ത പദത്തിന്റെ ടെക്സ്റ്റ്, വീഡിയോ,മ്യൂസിക്ക് തുടങ്ങിയ ഫലങ്ങള്‍ ഗ്ലൂ ബീറ്റാ നല്‍കുന്നത്. ആവശ്യമായ വിവരങ്ങള്‍ അധികം ലിങ്കുകള്‍ തിരയാതെ തന്നെ ലഭിക്കുമെന്നതാണ് ഗ്ലൂവിനെ ശ്രദ്ധേയമാക്കുന്നത്. രണ്ട് വിഭാഗങ്ങളായാണ് സെര്‍ച്ച്ഫലങ്ങള്‍ ഇതില്‍ തിരിച്ചിരിക്കുന്നത്. ഇടതുവശത്ത് മറ്റ് സെര്‍ച്ച്എഞ്ചിനുകളില്‍ നിന്ന് ലഭിക്കുന്നത് പോലുള്ള സാധാരണ ലിങ്കുകളും വലതുവശത്ത് പടങ്ങള്‍, വീഡിയോ തുടങ്ങിയവയുടെ ലിങ്കുകളുമാണ് നല്‍കുക. ഉദാഹരണത്തിന് യാഹൂ ഗ്ലൂവില്‍ ബാംഗ്ലൂര്‍ എന്ന വിഷയം സെര്‍ച്ച് ചെയ്യുകയാണ് എന്ന് കരുതുക. ഇടതു വശത്ത് സാധാരണ സെര്‍ച്ച് എഞ്ചിനുകളിലെ ഫലങ്ങളും വലതുവശത്ത് ബാംഗ്ലൂരിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ഫോട്ടോകള്‍, വികിപീഡിയ, ഫ്ലിക്കര്‍ ഇമേജുകള്‍ തുടങ്ങി ഉപകാരപ്രദമായ വിവരങ്ങളും ലഭിക്കുന്നു. ബാംഗ്ലൂരിലെ ഇടത്തരം ഹോട്ടലുകളെകുറിച്ചറിയേണ്ട ഒരാള്‍ക്ക് ഗ്ലൂവിന്റെ സെര്‍ച്ച് വിന്‍ഡോയില്‍ നിന്ന് തന്നെ പൂര്‍ണവിവരം ലഭിക്കുന്നു. ആദ്യഘട്ടമായി ആരോഗ്യം, കായികം, വിനോദം, യാത്ര, സാങ്കേതികം, സാമ്പത്തികം എന്നീ വിഷയങ്ങളിലാണ് ഗ്ലൂ സെര്‍ച്ചിംഗ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അധികം താമസിയാതെ ഉള്‍ക്കൊള്ളിക്കുന്നതാണ്. ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് എളുപ്പമാക്കുന്നതിനൊപ്പം സന്ദര്‍ശകര്‍ക്ക് സ്വന്തമായി ഗ്ലൂ പേജുകള്‍ വികസിപ്പിച്ചെടുക്കാനും യാഹൂ ഇന്ത്യ അവസരമൊരുക്കുന്നുണ്ട്. എന്തെങ്കിലും പ്രത്യേക വിഷയത്തെ കുറിച്ച് സന്ദര്‍ശകര്‍ വികസിപ്പിച്ചെടുക്കുന്ന ഈ ഗ്ലൂ പേജുകള്‍ പിന്നീട് സെര്‍ച്ച്ഫലങ്ങളില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യും.
*****

ശരീര വ്യയാമത്തിനും മൊബൈല്‍ ഫോണ്‍

ഹംസ അഞ്ചുമുക്കില്‍
hamza@britco.co.in

തൂക്കം കൂടുതലുള്ളവര്‍ക്ക് കൊളസ്ട്രോള്‍ കുറക്കാനും ആരോഗ്യം നിലനിര്‍ത്താനും വ്യായാമം അനിവാര്യമാണല്ലോ. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ചു ദിവസവും വ്യയാമം ചെയ്യുന്നവര്‍ക്ക് അതുമുഖേന എത്ര കലോറി ഊര്‍ജം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുമെന്നും മറ്റും കണക്കാക്കാന്‍ കഴിയുന്ന മൊബൈല്‍ സോഫ്റ്റ്വയറുകള്‍ രംഗത്തെത്തിയിരിക്കുന്നു. നോക്കിയ N95 പോലുള്ള ഹാന്‍സെറ്റുകളില്‍ ഇത്തരം പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണ്‍ പോക്കറ്റിലിട്ട് നടക്കുന്നതോടെ എത്ര കിലോമീറ്റര്‍ നടന്നെന്നും എത്ര സ്പീഡിലാണ് നടന്നതെന്നും ഇതിന് എത്ര കലോറി ഊര്‍ജ്ജമാണ് ശരീരം ചിലവഴിച്ചതെന്നും മൊബൈല്‍ ഡിസ്പ്ലയില്‍ തെളിയും. ഈ വിവരം സേവ് ചെയ്തു സൂക്ഷിക്കാന്‍ സാധിക്കുന്നതിനാല്‍ ഡോക്ടറെ സമീപിക്കുമ്പോള്‍ കൃത്യമായ വിവരം നല്‍കാന്‍ സാധിക്കുന്നു. ആക്റ്റിവിറ്റി മോണിറ്റര്‍ എന്ന പേരിലാണ് ഇത്തരം സോഫ്റ്റ്വയറുകള്‍ അറിയപ്പെടുന്നത്. പോക്കറ്റില്‍ നിക്ഷേപിച്ച മൊബൈല്‍ ഫോണിന്റെ ചലനങ്ങള്‍ അതിസൂക്ഷ്മമായി രേഖപ്പെടുത്താന്‍ സഹായിക്കുന്നത് ഹാന്റ്സെറ്റുകളിലുള്ള ആക്സിലിറോ മീറ്ററുകളാണ്. ഇതുപയോഗിച്ച് മൊബൈല്‍ഫോണില്‍ പ്രത്യേകം സോഫ്റ്റുവെയറുകളുപയോഗിച്ച് ചലനങ്ങളിലൂടെ ഗെയിം കളിക്കാനും വെബ് ബ്രൌസ് ചെയ്യാനും കീ ലോക്ക് ചേയ്യാനും മറ്റും സാധ്യമാകും. www.research.nokia.com, www.symbian^freak.com തുടങ്ങിയ സൈറ്റുകളില്‍ നിന്ന് ഈ സോഫ്റ്റ്വെയറുകള്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്ത് പരീക്ഷിക്കാവുന്നതാണ്. മിക്കവയും ട്രയല്‍ വേര്‍ഷനുകളായതിനാല്‍ പരിമിത കാലത്തേക്ക് മാത്രമേ ഇവ പ്രവര്‍ത്തിക്കൂ.
*****
വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

ക്ലസ്റ്റര്‍ സെര്‍ച്ച്

ഇന്റര്‍നെറ്റില്‍ എന്തെങ്കിലും കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യണമെന്നു തോന്നിയാല്‍ ഉടന്‍ തന്നെ ഗൂഗിളില്‍ കയറി കീവേഡുകള്‍ കൊടുക്കുകയാണ് നമ്മില്‍ ഭൂരിഭാഗം ആളുകളുടെയും പതിവ്. അതുകൊണ്ട് തൃപ്തികരമായ ഫലം കിട്ടിയില്ലെങ്കില്‍ നേരെ യാഹൂവിലോ എം.എസ്.എന്നിലോ കയറും. എന്നാല്‍ ഇത്തരം ഭീമന്‍മാരെക്കാള്‍ ചില പ്രത്യേകതകളിലെങ്കിലും മികച്ചു നില്‍ക്കുന്ന സെര്‍ച്ച് എഞ്ചിനുകള്‍ വെബ്ബിലുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഉദാഹരണത്തിന് http://clusty.com ഒന്നു പരീക്ഷിച്ചു നോക്കൂ. തികച്ചും വ്യത്യസ്തമായ ഒരു സെര്‍ച്ച് അനുഭവമായിരിക്കും അത്. സെര്‍ച്ച് റിസല്‍ട്ടുകള്‍ വ്യത്യസ്ത ശീര്‍ഷകങ്ങളുള്ള ക്ലസ്റ്ററുകളായി സ്വയം ഇനം തിരിഞ്ഞ് സ്ക്രീനില്‍ തെളിയുന്നുവെന്നതാണ് ഈ സെര്‍ച്ച് എഞ്ചിന്റെ പ്രത്യേകത. ഓരോ ക്ലസ്റ്ററിലും ലഭ്യമായ മൊത്തം റിസല്‍ട്ടുകളുടെ എണ്ണം ബ്രാക്കറ്റില്‍ കൊടുത്തിരിക്കും ഉദാഹരണത്തിന് malayalam, newspapers എന്നീ കീവേഡുകള്‍ നല്‍കി സെര്‍ച്ചുചെയ്തപ്പോള്‍ കിട്ടിയ റിസല്‍ട്ടുകള്‍ കാണുക.

Malayalam Newspapers (138)
Indian Newspapers (29)
Newspapers and Magazines (17)
Malayalam Daily (13)
Online Newspapers (11)
Express (11)
Media (12)
Asia (8)
India, Kerala (6)
News, India News, Kerala News, Business (8)

ഓരോ ക്ലസ്റ്ററില്‍ ക്ലിക്കുചെയ്യുമ്പോഴും അതുമായി ബന്ധപ്പെട്ട ലിങ്കുകള്‍ അണിനിരക്കുന്നു. ആവശ്യമില്ലാത്ത ക്ലസ്റ്ററുകള്‍ അവഗണിച്ച് മറ്റുള്ളവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നതിനാല്‍ സെര്‍ച്ചിന് വേഗതയും കൃത്യതയും കൂടുന്നു. ഗൂഗിളിലെപോലെ നിരത്തിപ്പരത്തിയുള്ള സെര്‍ച്ചില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലിങ്കുകള്‍ പോലും ക്ലസ്റ്ററുകളില്‍ നഷ്ടപ്പെടാതെ ലഭിക്കുന്നു.
*****

ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

മദീനയിലേക്കുള്ള യാത്ര


ജന്മനാടായ മക്കയില്‍ നിന്ന് മുഹമ്മദ് നബിയുടെ പലായന ശേഷം നബിയുടെ പട്ടണം എന്നര്‍ഥമുള്ള 'മദീനത്തുന്നബവിയ' എന്ന പരിശുദ്ധ മദീനയുടെ തെരുവുകള്‍ സ്വപ്നം കാണുന്ന ഒരു തീര്‍ഥാടക മനസ്സിലെ കാഴ്ചകള്‍, വ്യക്തികള്‍, സംഭവങ്ങള്‍ ഒക്കെ പങ്കുവെക്കുന്ന ബ്ലോഗാണ് 'സാര്‍ഥവാഹക സംഘത്തോടൊപ്പം'. ഇത്തിരി വെട്ടം (ithirivettam.blogspot.com) എന്ന പേരില്‍ ബ്ലോഗ് രചന നടത്തുന്ന റഷീദ് ചാലില്‍ ആണ് ഈ ഉദ്യമത്തിന്റെ പിന്നണി പ്രവര്‍ത്തകനും എഴുത്തുകാരനും. http://pathwaytomadina.blogspot.com/ എന്ന വിലാസത്തില്‍ 'സാര്‍ഥവാഹക സംഘത്തോടൊപ്പം' നിങ്ങള്‍ക്കും അണിചേരാം.

ഏതൊരു മതസ്ഥനുമാകട്ടെ, തന്റെ മതത്തിന്റെ നന്മയുടെ മുത്തുകള്‍ അയത്നലളിതമായ ശൈലിയില്‍ പങ്കുവെക്കുക എന്നത് സത്കര്‍മ്മങ്ങളില്‍ പെടുന്നു. അതുകൊണ്ട് തന്നെ റഷീദ് ചാലില്‍ ഇസ്ലാമിന്റെ ഒരു കടമ നിറവേറ്റുക കൂടിയാണ് ഈ ബ്ലോഗിലൂടെ ചെയ്യുന്നത്. ഒട്ടേറെ നാളത്തെ കഠിന പ്രയത്നത്തിന്റെയും മുന്നൊരുക്കത്തിന്റെയും ഫലമാണ് ഏറെ വായനക്കാരുടെ പ്രശംസ പിടച്ചുപറ്റിയ ഓരോ ബ്ലോഗ് പോസ്റ്റുകളും. 'കനിവിന്റെ കിനാവ്' എന്ന അധ്യായത്തില്‍ തുടങ്ങി 'മറക്കാനാവാത്ത മടക്കം' എന്ന ഇരുപത്താറാമത്തെ പോസ്റ്റ് വരെ ക്രമമായി വിന്യസിപ്പിച്ചിരിക്കുകയാണ് വിവിധ ബ്ലോഗ് പേജുകള്‍. 2007 മാര്‍ച്ചില്‍ തുടങ്ങിയതാണ് ആദ്യ രചന. കുറഞ്ഞ കാലം കൊണ്ടുതന്നെ ഏറെ ഗൃഹപാഠം ചെയ്തിട്ടാണ് ഓരോ പോസ്റ്റും അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് ആദ്യ വായനയില്‍ തന്നെ മനസ്സിലാകും. എഴുത്തുകാരന്‍ പരാമര്‍ശിക്കുന്നതുപോലെ ഇത് മനസ്സ് കൊണ്ടുള്ള (എഴുത്തു കൊണ്ടുള്ള) ഒരു തീര്‍ഥയാത്ര തന്നെയാണ്.

ഒരു യാത്രാ വിവരണമെന്നോ മതവിജ്ഞാനിയത്തിന്റെ മൊഴിമുത്തെന്നോ ഇതിനെ വിളിക്കാം. ഒഴുക്കുള്ള ഭാഷയും ലളിതമായ ഘടനയും വായനക്കാരെ ആകര്‍ഷിക്കുന്നതും എടുത്തുപറയേണ്ടതുമായ സവിശേഷതകളാണ്. മുസ്ലിം എന്ന പദത്തിന് അല്ലാഹുവിന് സര്‍വസ്വവും സമര്‍പ്പിച്ചവന്‍ എന്ന് അര്‍ഥം. എഴുത്തിന്റെ വഴികളില്‍ ഇത്തരം സമര്‍പ്പണത്തിന്റെ നേരവും അതിന്റെ ഫലമായി മനസ്സില്‍ ജനിച്ച വാചകങ്ങളുടെ ഒഴുക്കും പെട്ടെന്ന് വായിച്ചറിയാം. സാധാരയായി മതസംബന്ധിയായ എഴുത്ത് ബ്ലോഗ് പോലൊരു മാധ്യമത്തില്‍ ഇത്ര പെട്ടെന്ന് എത്തുക വിരളമാണ്. ഇതിന് സക്രിയമായ സേവനം ചെയ്ത റശീദ് ചാലില്‍ അഭിനന്ദനമര്‍ഹിക്കുന്നു. പരിശുദ്ധ റമദാന്‍ മാസം വരികയാണ്. വിശ്വാസികള്‍ക്കെന്ന പോലെ മറ്റ് മതസ്ഥര്‍ക്കും ഇത് വായനാ ലീസ്റ്റില്‍ ചേര്‍ക്കാം.
*****

ഇന്‍ഫോമാധ്യമം ബ്ലോഗ്

ഇന്‍ഫോ മാധ്യമം ബ്ലോഗ് സന്ദര്‍ശിച്ച് കമന്റെഴുതിയ മിന്നാമിനുങ്ങ് (minnaminung.blogspot.com), സിനി (vanithalokam.blogspot.com), മഞ്ഞിയില്‍ (manjiyil.blogspot.com), ഷാരു (mazhathullikilukam.blogspot.com) കുഞ്ഞന്‍ (kunjantelokam.blogspot.com), ഫസല്‍ (fazaludhen.blogspot.com), ഷാഫ് (passionateburning2.blogspot.com), സിയ (snehasangamam.blogspot.com) എന്നീ ബ്ലോഗര്‍മാര്‍ക്കെല്ലാം നന്ദി. മിന്നാമിനുങ്ങിന്റെ നിര്‍ദ്ദേശമനുസരിച്ച് കമന്റുകള്‍ പോസ്റ്റിന്റെ അതേപേജില്‍ തന്നെ കാണാനാവുന്ന രീതിയില്‍ സെറ്റപ് ഭേദഗതി ചെയ്തിട്ടുണ്ട്. പ്രതികരണം അറിയിക്കുമല്ലോ.
ബ്ലോഗ്ഃ infomadhyamam.blogspot.com
ഇ-മെയില്‍ഃ infonews@madhyamam.com

=================

സന്ദര്‍ശകര്‍ ഇതുവരെ...