
നെറ്റ്വര്‍ക്ക് സംരക്ഷണത്തിന് ഡിജിറ്റല്‍ ഉറുമ്പുകള്‍
മാവിന്‍കൊമ്പിലൂടെ പ്രത്യേക താളത്തില്‍ വരി വരിയായി കുട്ടിലേക്ക് നീങ്ങുന്ന ഉറുമ്പുകളെ നാം കണ്ടിട്ടുണ്ട്. തന്നെക്കാള്‍ വലിപ്പത്തിലുള്ള ഭക്ഷണവും ചുമന്നുകൊണ്ടാവും ചിലരുടെ പോക്ക്. മറ്റുള്ളവര്‍ വെറും കൈയ്യോടെയും. ഇതില്‍പെടാത്തവര്‍ ഇരതേടി തലങ്ങും വിലങ്ങും വട്ടം കറങ്ങുന്നുണ്ടാവും. ഇനി അനധികൃതമായി ആരെങ്കിലും ഇവയുടെ കൂട്ടിലെങ്ങാനും കടന്നാലോ? പിന്നെ പുകിലായി. കടിച്ചുപറിച്ച് അവനെ പരമാവധി വേദനിപ്പിക്കും. ഇങ്ങനെ ഒരിക്കലെങ്കിലും ഉറുമ്പിന്റെ കടിയേക്കല്‍ക്കാത്തവര്‍ ആരുമുണ്ടാവില്ല. കടുത്ത വേദനയും ചൊറിച്ചിലും സഹിക്കവയ്യാതെ മാവിന്‍ചോട്ടില്‍ നിന്ന് ഓടിപ്പോയ ചരിത്രമേയുള്ളൂ പലര്‍ക്കും.
ഇതുപോലെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിലൂടെ ഓടിനടക്കാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം ഉറുമ്പുകള്‍. ഇവയുടെ ഭക്ഷണം മധുരമോ മറ്റ് എണ്ണ പലഹാരങ്ങളോ അല്ല. പകരം കമ്പ്യൂട്ടര്‍ വൈറസുകള്‍, വിവരങ്ങള്‍ മോഷ്ടിക്കാനായി രൂപപ്പെടുത്തിയതും സ്വയം തനിപ്പകര്‍പ്പുകള്‍ സൃഷ്ടിക്കുന്നതുമായ ദുഷ്ട പ്രോഗ്രാമുകള്‍ തുടങ്ങിയവയൊക്കെയാണ്. സ്വഭാവത്തില്‍ മാത്രം യഥാര്‍ത്ഥ ഉറുമ്പുകളെ അനുകരിക്കുന്ന ഇവ ഡിജിറ്റല്‍ ഉറമ്പുകള്‍ എന്നാണ് അറിയപ്പെടുന്നത്. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ ഗവേഷണങ്ങള്‍ നടക്കുന്ന വാഷിംഗ്ടണ്‍ റിച്ച്ലാന്‍ഡിലെ പസഫിക് നോര്‍ത്ത് വെസ്റ്റ് നാഷണല്‍ ലാബോറട്ടറിയിലെ ഗ്ളെന്‍ ഫിന്‍ക് ആണ് വൈറസുകളെ തുരത്താനായി ഇത്തരമൊരു ആശയം മുന്നോട്ടുവച്ചിരിക്കുന്നത്.
ഉറുമ്പിന്റെ കൂട്ടില്‍ അന്യര്‍ അതിക്രമിച്ചുകടക്കുമ്പോള്‍ അവ പ്രതികരിക്കുന്ന രീതിയാണ് വേമുകള്‍ക്കെതിരെയും വൈറസുകള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഉറുമ്പുകളെ സൃഷ്ടിക്കാന്‍ പ്രോഗ്രാമാര്‍ക്ക് പ്രചോദനമായത്. കമ്പ്യൂട്ടര്‍ ഡാറ്റയെ പാരലല്‍ പ്രോസ്സസിംഗ് വഴി വിഭജിച്ച് പരിശോധിക്കുകയാണിവിടെ. വിവിധ രീതിയിലുള്ള ഭീഷണികളെ കണ്ടെത്തുന്നതിനായി മൂവായിരത്തോളം ഡിജിറ്റല്‍ ഉറുമ്പുകളെ നെറ്റ്വര്‍ക്കില്‍ വിന്യസിക്കാനാണ് ഇവരുടെ പദ്ധതി. ഓരോ ഉറുമ്പും സഞ്ചരിക്കുന്നത് ഫിറമോണുകള്‍ പുറത്തുവിട്ടുകൊണ്ടാണ്. ഇതിന്റെ മണംപിടിച്ചാണ് മറ്റുള്ള ഉറുമ്പുകള്‍ അവയെ പിന്തുടരുന്നതും തങ്ങളുടെ കോളനിയിലേക്കുള്ള വഴികണ്ടെത്തുന്നതും. ഈ ആശയമാണ് ആല്‍ഗരിതം വഴി ഡിജിറ്റല്‍ ഉറുമ്പുകള്‍ക്ക് ശക്തിപകരുന്നത്. പുതിയ ആക്രമണങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി നിലവിലുള്ള സെക്യൂരിറ്റി സംവിധാനങ്ങളെക്കാള്‍ വേഗതയേറിയ പ്രവര്‍ത്തനമായിരിക്കും ഡിജിറ്റല്‍ ഉറുമ്പുകളുടെ സാക്ഷാത്കാരത്തിലൂടെ ലഭിക്കുകയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
ഫിറമോണുകള്‍ക്ക് പകരം നെറ്റ്വര്‍ക്കിലൂടെ സഞ്ചരിക്കുന്ന ഉറുമ്പുകള്‍ പുറപ്പെടുവിക്കുന്നത് 'ഡിജിറ്റല്‍ ട്രെയ്ല്‍' ആയിരിക്കും. നെറ്റ്വര്‍ക്കില്‍ വൈറസോ മാല്‍വെയറുകളോ കണ്ടെത്തിക്കഴിഞ്ഞാല്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഡിജിറ്റല്‍ ട്രെയ്ലിന്റെ അളവും ആനുപാതികമായി വര്‍ദ്ധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. അതോടെ മറ്റുള്ള ഡിജിറ്റല്‍ ഉറുമ്പുകളുടെ ശ്രദ്ധയും ഈ കേന്ദ്രത്തിലേക്കാവും.
എന്നാല്‍ രണ്ട് ഡിജിറ്റല്‍ ഉറുമ്പുകളെ വീട്ടില്‍ എടുത്തുകൊണ്ടുപോകാം എന്ന് ആരും കരുതിയേക്കരുത്. 'സെന്റിനല്‍സ്' എന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണിത് ഓരോ കമ്പ്യൂട്ടറിലും പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ഡിജിറ്റല്‍ ഉറുമ്പുകളുടെ കോളനിയായ 'സെര്‍ജിയന്റ്സ്' ആണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുതും. ഗ്ളെന്‍ ഫിന്‍കിനൊപ്പം വെയ്ക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റയിലെ കമ്പ്യൂട്ടര്‍ പ്രൊഫസറായ എറിന്‍ ഫപും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 64 കമ്പ്യുട്ടറുകള്‍പ്പെടുന്ന നെറ്റ്വര്‍ക്കില്‍ ഡിജിറ്റല്‍ ഉറുമ്പുകളെ ഓടിച്ച് ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ്.
ടി.വി. സിജു
tvsiju@gmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
സയന്‍സ് ലോകം
http://sciencelokam.blogspot.com/
ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി സയന്‍സ് വിഷയങ്ങള്‍ക്കൊരു ബ്ലോഗ്. ശാസ്ത്ര മേഖലയിലെ ഈ വര്‍ഷത്തെ നോബല്‍ സമ്മാനങ്ങള്‍ സംബന്ധിച്ച ലേഖനങ്ങളാണ് പുതിയ പോസ്റ്റുകള്‍. ലേഖനങ്ങളോടാപ്പം ശാസ്ത്രകാരന്‍മാരുടെ ഫോട്ടോകളും അവരടെ കണ്ടെത്തലുകള്‍ ലളിതമായി ഗ്രഹിക്കാനുതകുന്ന ധാരാളം ചിത്രങ്ങളും നല്‍കിയിരിക്കുന്നു. ചന്ദ്രനില്‍ ജലസാന്നിധ്യം, ഓഷ്യന്‍ സാറ്റ് ^ 2, ഓസോണ്‍ തുടങ്ങിയ പോസ്റ്റുകളൊക്കെ മികച്ചു നില്‍ക്കുന്നു. വിദ്യാര്‍ഥികളയക്കുന്ന ശാസ്ത്ര ലേഖനങ്ങളും മറ്റു സൃഷ്ടികളും ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്. നോര്‍ത്ത് പറവൂരിലെ എസ്.എന്‍.വി ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക കെ. ജയശ്രീയാണ് ബ്ലോഗ് കൈകാര്യം ചെയ്യുന്നത്.
ജാലക പഴുതിലൂടെ
http://jalakapazhuthiloode.blogspot.com/
ടെക്നോളജി, സയന്‍സ്, ഇന്റര്‍നെറ്റ് രംഗങ്ങളിലെ പുതിയ വാര്‍ത്തകളും വിശേഷങ്ങളുമായി ഒരു ബ്ലോഗ്. ഇന്‍ഫോ മാധ്യമം വായനക്കാര്‍ക്ക് സുപരിചിതനായ എ.പി. മനോജ് കുമാറാണ് ബ്ലോഗര്‍. ബ്ലോഗുകള്‍ എങ്ങനെ മനോഹരമാക്കാം, സോഫ്റ്റ്വെയര്‍ നിര്‍മ്മാണം അനായാസമാക്കാന്‍ തുടങ്ങിയ പോസ്റ്റുകള്‍ വിജ്ഞാന പ്രദമാണ്. സയന്‍സ് രംഗത്തെ പുതിയ വാര്‍ത്തകളും അവലോകനവും ബ്ലോഗിലുണ്ട്. ശാസ്ത്ര രംഗത്തെ കൌതുകകരമായ ധാരാളം ചോദ്യങ്ങളുള്‍ക്കൊള്ളിച്ച വിജ്ഞാന കൈരളി (http://vkairali.blogspot.com/) എന്ന മറ്റൊരു ബ്ലോഗും മനോജ് കുമാര്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ഫിസിക്സ് അധ്യാപകന്‍
http://physicsadhyapakan.blogspot.com/
ഇത് ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മ. പ്രത്യേകിച്ച് ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഒരുകൂട്ടം ഫിസിക്സ്, ഐ.ടി അധ്യാപകര്‍ നിയന്ത്രിക്കുന്ന ബ്ലോഗ്. ഫിസിക്സുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഇവിടെ കൈകാര്യം ചെയ്യുന്നു. ഭൌതികത്തിന്റെ താവോ, നമ്മുടെ ഭൂമി, എന്തുകൊണ്ട് ടംഗ്സ്റ്റണ്‍, ഹൈഡ്രോലിക് ജാക്ക്, ഗുരുത്വ കേന്ദ്രം എന്നിങ്ങനെ ഫിസിക്സ് വിഷയവുമായി ബന്ധപ്പെട്ട ധാരാളം പോസ്റ്റുകള്‍. മലയാളം ബ്ലോഗ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന് നല്ലൊരു മാതൃകയാണിത്.
ഏറനാടന്‍ കഥകള്‍
http://eranadanpeople.blogspot.com/
ജീവിത നൌകയില്‍ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു പല തുരുത്തുകളിലും എത്തി. പിന്നെ ഒത്തിരിയൊത്തിരി അനുഭവങ്ങള്‍, അവിസ്മരണീയ സംഭവങ്ങള്‍, കഥയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങള്‍ എല്ലാം പെറുക്കിക്കൂട്ടി. ഈ ഇടം എന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ക്കും ഗുരുനാഥന്‍മാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുകയാണ് ഏറനാടന്‍ എന്ന ബ്ലോഗര്‍. രസകരമായ അനുഭവ കഥകളിലൂടെ ഒന്ന് സഞ്ചരിക്കാനും കമന്റ് രേഖപ്പെടുത്താനും എല്ലാവരെയും ക്ഷണിക്കുന്നു.
നീര്‍മിഴിപ്പൂക്കള്‍
http://neermizhippookkal.blogspot.com/
ഇവിടെ കുത്തിക്കുറിച്ചു വക്കുന്നവയെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്കറിയില്ല. ഇതില്‍ എന്തെങ്കിലുമൊക്കെ എഴുതുവാനുള്ള എന്റെ ശ്രമങ്ങളുണ്ട്. മറക്കാനാവാത്ത അനുഭവങ്ങളുണ്ട്. ഒരുപക്ഷെ ഇത് വികല സാഹിത്യമാകുമോ എന്നുപോലും ഞാന്‍ ഭയപ്പെടുന്നു. ഞാനൊരു നല്ല എഴുത്തുകാരനല്ല... ചാലക്കുടി സ്വദേശിയും ഇപ്പോള്‍ ബാംഗ്ലൂരില്‍ ലിനക്സ് സിസ്റ്റം അഡ്മിനിസ്റ്ററുമായ ശ്രീ തന്റെ ബ്ലോഗിന് നല്‍കുന്ന ആമുഖമാണിത്. ശ്രീയുടെ ഓര്‍മ്മകളാണ് ബ്ലോഗിലെ പോസ്റ്റുകള്‍. മനസ്സിന് സുഖം പകരുന്ന, സന്തോഷം തരുന്ന ഓര്‍മ്മകള്‍. ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
വി.കെ. അബ്ദു
vkabdu@gmail.com
*****
വെബ് കൌതുകങ്ങള്‍
ആശംസാ കാര്‍ഡുകള്‍
ആശംസാ കാര്‍ഡുകള്‍ക്കെല്ലാം മുടിഞ്ഞ വിലയാണിപ്പോള്‍. എന്നാല്‍ വില പേടിച്ച് ഇനിമേല്‍ ആശംസകള്‍ അയക്കാതിരിക്കേണ്ട കാര്യമില്ല. കാല്‍ക്കാശുമുടക്കാതെ അടിപൊളി ആശംസകളയക്കാനുള്ള മാര്‍ഗമിതാ.. http://www.dgreetings.com/ എന്ന സൈറ്റില്‍ കയറുക. മുഖപ്പേജില്‍ കാണുന്ന Birthday Cards, Friendship Cards, Congratulations Cards, Sorry Cards, Miss You Cards... എിങ്ങനെ വ്യത്യസ്ത ഇനം കാര്‍ഡുകളുടെ ലീസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഇനത്തില്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞുവരുന്ന വൈവിധ്യമേറിയ കാര്‍ഡുകളുടെ കുഞ്ഞു മാതൃകകളില്‍നിന്നും സന്ദര്‍ഭത്തിനും നിങ്ങളുടെ അഭിരുചിക്കുമിണങ്ങുന്നത് ഏതെങ്കിലുമൊരെണ്ണം തെരഞ്ഞെടുത്ത് അതില്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് സ്ക്രീനില്‍ കാണുന്ന ബോക്സുകളില്‍ സ്വീകര്‍ത്താവിന്റെ പേര്, ഇ^മെയില്‍ അഡ്രസ്സ്, ആശംസാവചനങ്ങള്‍ തുടങ്ങിയവയും ഒപ്പം വെബ്പേജിനു താഴെ പച്ച നിറത്തില്‍ കാണുന്ന ബോക്സിലെ കോഡ് നമ്പറും ടൈപ്പ് ചെയ്യണം. ഇത്രയും ചെയ്തു കഴിഞ്ഞ ശേഷം തൊട്ടു താഴെക്കാണുന്ന 'Preview' ബട്ടണില്‍ ക്ലിക് ചെയ്താല്‍ നിങ്ങള്‍ അയക്കാന്‍ പോകുന്ന കാര്‍ഡിന്റെ പൂര്‍ണരൂപം സ്ക്രീനില്‍ തെളിഞ്ഞു വരുന്നതു കാണാം. സംഗതി തൃപ്തികരമെങ്കില്‍ 'Send Now' ബട്ടണില്‍ ക്ലിക് ചെയ്യാം. കാര്‍ഡ് നിങ്ങളുദ്ദേശിക്കുന്ന കക്ഷിയുടെ ഇന്‍ബോക്സില്‍ നിമിഷങ്ങള്‍ക്കകം എത്തിയിരിക്കും.
റയിസ്ല മര്‍യം
raizlamaryam@hotmail.com
*****
ഉച്ചാരണം പഠിക്കാം
ഭാഷ ഏതോ ആവട്ടെ. പദങ്ങളുടെ ശരിയായ ഉച്ചാരണം പഠിക്കാന്‍ സൌകര്യമൊരുക്കുന്ന വെബ്സൈറ്റാണ് http://forvo.com/. ലോകത്തിലെ മിക്ക ഭാഷകളിലെയും പദങ്ങളുടെ ഉച്ചാരണം ഏറ്റക്കുറവുകളോടെ സൈറ്റിലുണ്ട്. വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ്കാര്‍ക്കും മാത്രമല്ല വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം സൈറ്റ് പ്രയോജനപ്പെടും. മലയാളമുള്‍പ്പെടെ മിക്ക ഇന്ത്യന്‍ ഭാഷകളും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു. അതേസമയം ഈ ഭാഷകളിലെ പദങ്ങള്‍ ഇപ്പോള്‍ നന്നെക്കുറവാണ്. ഇംഗ്ലീഷില്‍ 43114 പദങ്ങളുടെ ഉച്ചാരണം ലഭിക്കുമ്പോള്‍ മലയാള ഭാഷയിലെ 134 പദങ്ങള്‍ മാത്രമാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. അറബി ഭാഷയിലെ 21448 പദങ്ങളുടെ ഉച്ചാരണം സൈറ്റില്‍ ലഭിക്കും. ഭാഷ, വിഷയം, പേര് എന്നിവയൊക്കെ അടിസ്ഥാനമാക്കി പദങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ സ്ഥലനാമങ്ങളും വ്യക്തികളുടെ പേരുകളും മറ്റും നമ്മുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ അവയുടെ ശരിയായ ഉച്ചാരണം മനസ്സിലാക്കാന്‍ പലപ്പോഴും പ്രയാസമനുഭവപ്പെടാറുണ്ട്. അത്തരം പ്രയാസങ്ങള്‍ ഈ വെബ്സൈറ്റ് ലഘൂകരിക്കുന്നു. സൈറ്റില്‍ ലഭ്യമായ ഏത് ഭാഷയിലെ പദങ്ങളും പെട്ടെന്ന് കണ്ടെത്താനും അവയുടെ ഉച്ചാരണം കേള്‍ക്കാനും ശക്തമായൊരു സെര്‍ച്ച് എഞ്ചിന്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഭാഷയും സംസാരിക്കുന്നവരായി എത്രപേരുണ്ടെന്നും സൈറ്റില്‍ കൊടുത്തിരിക്കുന്നു. അനുദിനം പുതിയ പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ ഈ രംഗത്ത് നല്ലൊരു റഫറന്‍സായി ഇത് പ്രയോജനപ്പെടുത്താനാവും.
=======================