Thursday, April 15, 2010

ഇന്‍ഫോമാധ്യമം (441) - 12/04/2010ഇനി വാപ് സൈറ്റുകളുടെ കാലം

ബ്ലോഗുകളുടെ കാലത്ത് നീട്ടിവലിച്ച് ഒരു സമ്പൂര്‍ണ്ണ ബ്ലോഗ് പോസ്റ്റ് തയ്യാറാക്കാന്‍ സമയം കണ്ടെത്താത്തവര്‍ 140 അക്ഷരങ്ങള്‍കൊണ്ട് കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. അങ്ങനെ മൈക്രോബ്ലോഗിംഗിന്റെ കാലം വന്നു. പുതിയ ആശയവിനിമയ രീതികളെ ആധുനിക മനുഷ്യന്‍ വളരെ പെട്ടെന്ന് സ്വാഗതം ചെയ്യുന്നുവെന്നതാണ് ട്വിറ്ററിന്റെയും സമാനമായ നെറ്റ് സംവിധാനങ്ങളുടെയും വിജയം നല്‍കുന്ന സൂചന. മൊബിലൈസ് ചെയ്ത ഈ യുഗത്തില്‍ അതിനനുയോജ്യമായ ആശയവിനിമയ രീതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വെബ്സൈറ്റുകള്‍ക്ക് പ്രിയമേറി വരികയാണ്. അതായത് പുതിയ രീതിയിലെ വാപ് സൈറ്റുകള്‍ക്ക് പ്രാമുഖ്യം കൂടിവരുന്നു. ഗൂഗിളും എതിരാളികളുമൊക്കെ ഈ രംഗത്തേക്ക് സര്‍വസന്നാഹങ്ങളോടെ കടന്നുവരികയാണ്. നെറ്റ് മാത്രമല്ല ലക്ഷ്യം, ഇത്തരം സേവനങ്ങള്‍ സാധ്യമാക്കുന്ന ഉപകരണങ്ങളായ സ്മാര്‍ട്ട് ഫോണുകള്‍ കൂടി ഇറക്കി പുതിയ ചുവടുകളുമായിട്ടാണ് മുന്നേറുന്നത്.

വാപ് സൈറ്റ് എന്നാല്‍ വെബ്സൈറ്റുകളുടെ മൊബൈല്‍ രൂപമാണ്. അതായത് മൊബൈല്‍ ഫോണിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും കൊച്ചുസ്ക്രീനില്‍ പ്രത്യക്ഷമാക്കാവുന്നു വെബ്സൈറ്റുകള്‍. സാധാരണ വെബ്സൈറ്റുകള്‍ മൊബൈല്‍ ഫോണ്‍ സ്ക്രീനില്‍ പ്രത്യക്ഷമാക്കുന്നതിന് ഒട്ടേറെ പരിമിതികളുണ്ട്. ഇവിടെയാണ് വാപ് സൈറ്റിന്റെ പ്രസക്തി. മൊബൈല്‍ ഉപകരണത്തിലൂടെ എവിടെയും ഏതുസമയത്തും ഈ സൈറ്റുകള്‍ നമുക്ക് ലഭ്യമാക്കാമെന്നത് ഇതിന്റെ സവിശേഷതയാണ്. വെബ്സൈറ്റുകളിലെ 'ഡോട്ട്കോം' (.com) പോലെ വാപ്സൈറ്റുകളിലെ 'ഡോട്ട്മോബി' 9.mobi) ഈ രംഗത്ത് മുന്നേറ്റം നടത്തുന്ന കാലമാണ് വരാനിരിക്കുന്നത്.

കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തെ അപേക്ഷിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ് മേഖല സ്മാര്‍ട്ട് ഫോണുകള്‍ കൈയ്യടക്കുമെന്ന് ഗൂഗിള്‍ അധികൃതരും സൂചിപ്പിക്കുന്നു. സ്മാര്‍ട്ട്ഫോണുകളും അതിലുള്‍പ്പെടുത്താവുന്ന ഇന്റര്‍നെറ്റ് സേവനങ്ങളുമാണ് ജപ്പാനിലും ചൈനയിലുമൊക്കെ നടക്കുന്ന ഏറ്റവും പുതിയ ഗവേഷണങ്ങളുടെ മുഖ്യവിഷയം. വാപ്സൈറ്റുകള്‍ ഇതിലെ പ്രമുഖ കണ്ണിയാണ്. സാധാരണ വെബ് ബ്രൌസര്‍ പ്രോഗ്രാമിന്റെ ചുവടൊപ്പിച്ച് മൊബൈല്‍ ഫോണിലും സ്മാര്‍ട്ട് ഫോണിലും പ്രവര്‍ത്തിപ്പിക്കാനുള്ള ബ്രൌസര്‍ പ്രോഗ്രാമുകളും രംഗത്തുണ്ട്. മൊബൈല്‍ ബ്രൌസര്‍ രംഗത്തെ അതികായന്‍മാരായ 'ഓപറെ'യുടെ കണക്ക് പ്രകാരം 2008^ല്‍ 16.4 കോടി ഉപയോക്താക്കളുണ്ടായിരുന്നത് 2009^ല്‍ 41.7 കോടിയായി വര്‍ദ്ധിച്ചിരിക്കയാണത്രെ. ഇതില്‍ റഷ്യയും ഇന്തോനേഷ്യയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം ഇന്ത്യക്കാണെന്നും പറയുന്നു.

ഓര്‍ക്കൂട്ട്, ഫെയ്സ്ബുക്ക്, മൈസ്പെയ്സ് തുടങ്ങിയ പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് ഇപ്പോള്‍ ധാരാളം മൊബൈല്‍ ഉപയോക്താക്കളുണ്ട്. തങ്ങളുടെ സേവനങ്ങള്‍ മൊബൈല്‍ രംഗത്തേക്ക് കൂടി വ്യാപിപ്പിച്ചതാണ് കാരണം. ആഗോളതലത്തില്‍ ദിനപത്രങ്ങളും വാര്‍ത്താ ഏജന്‍സികളും വാപ് സേവനങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവന്നിരിക്കയാണ്. പുതിയ വാര്‍ത്തകള്‍ അപ്പപ്പോള്‍ മൊബൈല്‍ ഉപകരണത്തില്‍ ഉപയോക്താക്കളെത്തേടി എത്തുന്നുവെന്നതാണ് ഇതിന്റെ നേട്ടം. ബാങ്കുകളും ഈ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കയാണ്. മിക്ക ബാങ്കുകള്‍ക്കും ഇന്ന് മൊബൈല്‍ സേവനങ്ങളുണ്ട്. സമീപ ഭാവിയില്‍ ഇത് കൂടുതല്‍ വ്യപകമാകുമെന്നാണ് പ്രതീക്ഷ.

നബീല്‍ ബൈദയില്‍
nabeelvk@gmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

സ്റിങ്ക്്സ്
http://mimmynk.blogspot.com/

ബ്ലോഗിന്റെ പേര് സ്റിങ്ക്സ്. എന്താണ് സ്റിങ്ക്സ്. ബ്ലോഗിണി തന്നെ പറയട്ടെ. 'എന്നുവെച്ചാല്‍ വോയ്സ് ബോക്സ്. ഇതെന്റെ ശബ്ദം'.. വല്ലികളും മൊട്ടുകളുമൊക്കെയായി ഒരു തേന്‍മാവില്‍ പരിലസിക്കുന്ന 'മുല്ല' എന്ന ഞാനാണ് ബ്ലോഗിണി. 2008 മെയ് മാസത്തിലാണ് പുതിയ ബ്ലോഗുമായി മുല്ല ബൂലോകത്തെത്തിയത്. തന്റെ പഴയ ബ്ലോഗ് അഗ്രിഗേറ്റര്‍ വിഴുങ്ങിയെന്നാണ് ബോഗിണിയുടെ പരാതി. പുതിയ ബ്ലോഗ് തുടങ്ങിയ മാസത്തില്‍ 19 പോസ്റ്റുകള്‍ ഈ മുല്ലയില്‍ നിന്ന് നമുക്ക് ലഭിച്ചു. പിന്നെപ്പിന്നെ മുല്ലയുടെ ആവേശം കുറഞ്ഞുവരുന്നതാണ് കണ്ടത്. 2009 വര്‍ഷത്തില്‍ വെറും 15 പോസ്റ്റകള്‍ മാത്രം. 2010^ല്‍ ഇതുവരെയായി 11 പോസ്റ്റുകള്‍. മുല്ലയില്‍ നിന്ന് മലയാളം ബൂലോകര്‍ ഇനിയും ഒട്ടേറെ പൂക്കള്‍ പ്രതീക്ഷിക്കുന്നു. ആശംകള്‍.

മലയാളം
http://www.malayaalam.com/

മലയാള കഥകള്‍ക്കും കവിതകള്‍ക്കുമായി ഒരു വെബ്സൈറ്റ്. മലയാളം ബ്ലോഗുകളും പുതിയ ബ്ലോഗ് പോസ്റ്റുകളും വലിയ പ്രാധാന്യത്തോടെ പരിചയപ്പെടുത്തുന്നുവെന്നതാണ് സൈറ്റിന്റെ പ്രത്യേകത. മാസിക, വാര്‍ത്തകള്‍, പുതിയ ബ്ലോഗ്, ഗാനശേഖരം, ഫോട്ടോഗാലറി തുടങ്ങിയ വിഭാഗങ്ങള്‍ സൈറ്റില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ യൂണികോഡിലെ 'വരമൊഴി' എന്ന എഡിറ്റര്‍ പ്രോഗ്രാം ഉപയോഗിച്ച് എഴുതി അയച്ചുകൊടുത്താല്‍ അവ പ്രസിദ്ധീകരിക്കാനുള്ള സംവിധാനവുമുണ്ട്. വരമൊഴി പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൌകര്യവും സൈറ്റിലൊരുക്കിയിരിക്കുന്നു. കൊച്ചി തേവര സ്വദേശി കെ.കെ. ജയരാജാണ് വെബ്മാസ്റ്റര്‍.

ഹാര്‍ട്ട്ബീറ്റ്സ്
http://jishad-cronic.blogspot.com/

തൃശãൂര്‍ ജില്ലക്കാരനായ ജിഷാദിന്റെ ബ്ലോഗ്. അടുത്തറിയുന്നവര്‍ ക്രോണിക് എന്നും വിളിക്കുന്നു. ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളാണ് ബ്ലോഗിലെ വിഷയം. അത് കൊച്ചു കവിതകളും കഥകളും ഓര്‍മ്മക്കുറിപ്പുകളുമായി അടുക്കിവെച്ചിരിക്കുന്നു. പ്രവാസ ജീവതം കാഴ്ചവെച്ച ഏകാന്തതയുടെ വിരസതയകറ്റാന്‍ എപ്പോഴൊക്കെയോ എഴുതിയ കുറിപ്പുകള്‍. ഇപ്പോള്‍ ബ്ലോഗര്‍ തനിച്ചല്ല. ജീവന്റെ ജീവനായി ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി കടന്നുവന്നിരിക്കുന്നു. അതിനാല്‍ തന്നെ കൂടുതല്‍ പ്രസരിപ്പും ഉള്‍ക്കനവുമുള്ള പോസ്റ്റുകള്‍ ഇനി പ്രതീക്ഷിക്കാം. ബ്ലോഗിന് ആശംസകള്‍ നേരുന്നു.


ടിന്റുമോന്‍
http://www.tintumon555.blogspot.com/

മാള സെന്റ് തെരേസാസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ് ബ്ലോഗര്‍. കഥയും കവിതയും യാത്രാവിവരണവും ചിത്രങ്ങളും വരകളുമൊക്കെയായി ബ്ലോഗ് വിഭവസമൃദ്ധമായിരിക്കുന്നു. പോസ്റ്റുകള്‍ മുഴുക്കെ പിക്ചര്‍ രൂപത്തിലാണെന്നത് ബ്ലോഗിന്റെ പോരായ്മ തന്നെയാണ്. ബ്ലോഗില്‍ മലയാളം യൂണികോഡ് തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കണം. അതല്ലെങ്കില്‍ മലയാളം ബൂലോകത്ത് പിടിച്ചുനില്‍ക്കാനാവില്ല. ബ്ലോഗിന് സന്ദര്‍ശകരെ ലഭിക്കാനും പ്രയാസമായിരിക്കും. കേളേജ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലൂടെ പുറത്തിറക്കിയ ഓഡിയോ മാഗസിനെസ്സംബന്ധിച്ച പരസ്യമാണ് ഏറ്റവും പുതിയ പോസ്റ്റ്.

വയലിന്‍
http://www.nazarpv.blogspot.com/

കവിതയുടെ അഗ്നിയും വര്‍ഷവും കാത്തുസൂക്ഷിക്കുന്നവനെന്ന് അഭിമാനിക്കുന്ന കണ്ണൂര്‍ ജില്ലക്കാരനായ നാസര്‍ കൂടാളിയുടെ ബ്ലോഗ്. ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്നു. 1995 മുതല്‍ കവിതകളെഴുതിത്തുടങ്ങിയ നാസറിന്റെ 'ഐന്‍സ്റ്റിന്‍ വയലിന്‍ വായിക്കുമ്പോള്‍' എന്ന കവിതാ സമാഹാരം ഇതിനകം പുസ്തരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ച്യുയിംഗം', 'യുവജനോല്‍സവ മല്‍സരത്തില്‍ ഇന്ന്' എന്നിവയാണ് ഈ വര്‍ഷത്തെ പോസ്റ്റുകള്‍. 2007 ഡിസംബര്‍ മുതല്‍ മലയാളം ബൂലോകത്തെത്തിയ നാസറിന്റെ ബ്ലോഗ് പോസ്റ്റുകള്‍ നല്ല നിലവാരം പുലര്‍ത്തുന്നവയാണ്.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

ബലൂണ്‍ പ്രേമികള്‍ക്കൊരു വെബ്സൈറ്റ്

കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള വിശേഷപ്പെട്ട വെബ്സൈറ്റാണ് The Guide to Balloons and Ballooning. ബലൂണുകളുടെ ഒരത്ഭുത ലോകമാണിത്. ബലൂണുകളെക്കുറിച്ചുള്ള പ്രാഥമിക അറിവുകള്‍, ബലൂണുകള്‍ എങ്ങനെ ^ എന്തുകൊണ്ട്, ബലൂണുകളുടെ പരിണാമം, ബലൂണ്‍ അലങ്കാരങ്ങള്‍, വ്യാവസായിക സാധ്യതകള്‍, ബലൂണുകള്‍കൊണ്ടുള്ള കലാരൂപങ്ങളും കലാപ്രകടനങ്ങളും എന്നിങ്ങനെ സൈറ്റിനെ മുഖ്യമായും എട്ടു വിഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. വെബ്പേജിന്റെ മുകള്‍ഭാഗത്ത് ഇടതുവശത്തോട് ചേര്‍ന്നുകാണുന്ന ലിങ്കുകളില്‍ Photos ലിങ്കായിരിക്കും കു'ികള്‍ക്ക് ഏറെ രസകരമായി അനുഭവപ്പെടുക. ബലൂണ്‍ നിര്‍മ്മാണ രീതികള്‍, വായുവില്‍ ഉയര്‍ന്നു പറക്കാന്‍ അവയില്‍ ഹീലിയം വാതകം നിറക്കേണ്ട വിധം, ബലൂണ്‍ ഉപയോഗപ്പെടുത്തിയുള്ള പലതരം കളികള്‍, ബലൂണ്‍ ശില്‍പങ്ങള്‍, വെറും കളിക്കോപ്പെന്നതിന് പുറമെ ബലൂണിന്റെ ഇതര ഉപയോഗങ്ങള്‍ മുതലായ വിവരങ്ങള്‍ അതിവിശദമായി ചര്‍ച്ച ചെയ്യുന്ന ഈ വെബ്സൈറ്റില്‍ ബലൂണുകള്‍ വിവിധരീതിയില്‍ ഒടിച്ചും പിരിച്ചും ഭംഗിയേറിയ രൂപങ്ങള്‍ നിര്‍മ്മിക്കുതെങ്ങനെയെന്നു വിശദീകരിക്കുന്ന നിരവധി ലിങ്കുകളുമുണ്ട്. ലളിതമായ ഭാഷയിലുള്ള അത്തരം വിശദീകരണങ്ങള്‍ വായിച്ചു മനസ്സിലാക്കി ആര്‍ക്കും സ്വയം പരീക്ഷിച്ചു നോക്കാവുന്നതാണ്. അതീവ ഹൃദ്യമാണ് ഈ സൈറ്റിലെ വിഭവങ്ങള്‍. അഡ്രസ്സ്. http://www.balloonhq.com/faq/

റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

വിദ്യര്‍ഥികള്‍ക്ക് ഫ്രീ ഡിക്ഷണറി ഓണ്‍ലൈന്‍

ലോകത്ത് ഏറ്റവുമധികം വിജ്ഞാന തല്‍പരര്‍ റഫര്‍ ചെയ്യുന്ന സൌജന്യ ഓണ്‍ലൈന്‍ ഇംഗ്ലീഷ് ഡിക്ഷണറികളിലൊന്നാണ് http://www.thefreedictionary.com. വാക്കര്‍ഥത്തിന് പുറമെ പദങ്ങളുടെ അമേരിക്കന്‍, ബ്രിട്ടീഷ് ഉച്ചാരണങ്ങള്‍ കേള്‍ക്കാനും സംവിധാനമുണ്ടെന്നതാണ് ഇതിന്റെ സവിശേഷത. അങ്ങേയറ്റം ഉപയോഗപ്രദമായ പര്യായ നിഘണ്ടു, മെഡിക്കല്‍ ഡിക്ഷണറി, ലീഗല്‍ ഡിക്ഷണറി, ഫൈനാന്‍ഷ്യല്‍ ഡിക്ഷണറി എന്നിവയും ഇതിന്റെ ഭാഗമാണ്. കൂടുതല്‍ റഫറന്‍സ് ആവശ്യമാണെങ്കില്‍ വിക്കിപീഡിയ പോലുള്ള ലോകോത്തര ഓണ്‍ലൈന്‍ വിജ്ഞാന കോശങ്ങളിലേക്ക് കടക്കാനുള്ള ലിങ്കുകള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. കാര്യക്ഷമമായ സെര്‍ച്ച് സംവിധാനവും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
==========


ഇന്‍ഫോമാധ്യമം (440) -05/04/2010നെറ്റില്‍ ബലി കഴിക്കപ്പെടുന്ന കൌമാരങ്ങള്‍-4

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...

ചില രക്ഷിതാക്കളാവട്ടെ കുട്ടികള്‍ക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളെകുറിച്ച് ചെറിയ രീതിയിലെങ്കിലും ബോധവാന്‍മാരായിരിക്കും. അതിനാല്‍ തന്നെ കമ്പ്യുട്ടറും ഇന്റര്‍നെറ്റും കുട്ടികളുടെ ബെഡ്റൂമില്‍ നിന്ന് മാറ്റി തങ്ങളുടെ ബെഡ്റൂമിലോ അല്ലങ്കില്‍ പൊതുവായ ഭാഗങ്ങളിലോ സ്ഥാപിച്ചിട്ടുണ്ടായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ മൊബൈല്‍ കൈവശം വെക്കുന്നത് വളരെയേറെ അപകടം സൃഷ്ടിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. രാത്രി കാലങ്ങളില്‍ അടച്ചിട്ട അവരുടെ ബെഡ്റൂമിലേക്ക് വന്നെത്തുന്ന ടെലിഫോണ്‍ കാളുകളില്‍ ഭൂരിഭാഗവും അപകടം നിറഞ്ഞതാണെന്നത് വസ്തുതയത്രെ. ഒരു കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ കമ്പ്യൂട്ടര്‍ ഏത് രാജ്യത്ത് ഏത് സ്ട്രീറ്റില്‍ ഏത് ബില്‍ഡിംഗില്‍ ഉപയോഗിക്കുന്നു എന്ന് കണ്ടെത്താന്‍ മിനുട്ടുകള്‍ മതി എന്നതുപോലെ ഒരു മൊബൈല്‍ ഫോണ്‍ ഏത് സ്ട്രീറ്റില്‍ എവിടെ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തുന്നതിനും മിനുട്ടുകള്‍ മാത്രം മതി എന്ന് നാം മന
സ്സിലാക്കേണ്ടിയിരിക്കുന്നു.

വാരാന്ത്യ അവധി ദിനങ്ങളില്‍ പുറത്ത് പോവുക എന്നൊരു രീതി പൊതുവെ ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ടുവരുന്നു. പല കുട്ടികള്‍ക്കും രക്ഷിതാക്കള്‍ പുറത്ത് പോകുന്നത് ഒരു നല്ല അവസരമാണ്. പഠിക്കാനുണ്ടെന്നോ മറ്റോ പല കാരണങ്ങളും പറഞ്ഞ് രക്ഷിതാക്കളോടൊപ്പം പോകാതെ ഫ്ളാറ്റുകളില്‍ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്ന കുട്ടികളുണ്ട്. ഇങ്ങനെ പുറത്ത് പോകുന്ന രക്ഷിതാക്കള്‍ സാധാരണഗതിയില്‍ മാതാക്കളുടെ ഫോണ്‍ വീട്ടിലിരിക്കുന്ന കുട്ടികളെ ഏല്‍പിക്കും. അത്യാവശ്യഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളെ വിളിക്കുന്നതിന് വേണ്ടിയാണിത്. യഥാര്‍ത്ഥത്തില്‍ ഏറ്റവും അപകടം നിറഞ്ഞ കാര്യമാണിത്. വീട്ടിനുള്ളില്‍ ആരെയും ഭയപ്പെടാനില്ലാത്ത സാഹചര്യത്തില്‍ മൊബൈലും ഇന്റര്‍നെറ്റും കുട്ടികളെ ഏല്‍പ്പിച്ച് പുറത്ത് പോകുന്ന രക്ഷിതാക്കള്‍ അറിയണം തങ്ങള്‍ ഈ കുട്ടികളെ നശിപ്പിക്കുകയാണെന്ന്. തങ്ങളുടെ
കുട്ടിക്ക് പ്രായമാകുന്നതേയുള്ളുവെന്ന് ആശ്വസിക്കുന്ന മാതാപിതാക്കളറിയണം, ഒമ്പത് വയസ്സ് മുതലുള്ള കുട്ടികള്‍ എല്ലാ കാര്യങ്ങളെകുറിച്ചും വ്യക്തമായി അറിവുള്ളവരാണെന്ന്. ഇന്നത്തെ രക്ഷിതാക്കള്‍ എത്ര വിദ്യാഭ്യാസം ഉള്ളവരാണെങ്കിലും ഇന്റര്‍നെറ്റിലെയും മൊബൈല്‍ ഫോണിലെയും അപകടാവസ്ഥയെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരായി
രിക്കണമെന്നില്ല.

ഏതെങ്കിലും തരത്തില്‍ പ്രണയ ബന്ധങ്ങളിലകപ്പെട്ട കുട്ടികളും ഇന്റര്‍നെറ്റിലൂടെയോ മൊബൈല്‍ ഫോണിലൂടെയോ അവിശുദ്ധ കൂട്ടുകെട്ടുകളുള്ള കുട്ടികളും പൊതുവെ ഏകാന്തത ഇഷ്ടപ്പെടുവരായിരിക്കുമെന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കണം. വീട്ടില്‍ എല്ലാവരും കൂടിയിരുന്ന് ചര്‍ച്ച നടത്തുമ്പോഴോ, അല്ലങ്കില്‍ സമപ്രായക്കാരായ കുട്ടികള്‍ കളിക്കുമ്പോഴോ അതില്‍ നിന്നെല്ലാം മാറിനില്‍ക്കാനായിരിക്കും ഇക്കൂട്ടര്‍ക്ക് താല്‍പര്യം. പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധിച്ച് കൂടെ കൊണ്ടുപോയാല്‍ തന്നെ കൂട്ടത്തില്‍ നിന്ന് മാറി ഒറ്റക്ക് നടക്കാനാണ് അവരിഷ്ടപ്പെടുക. മാനസികമായി അവരൊരിക്കലും നിങ്ങള്‍ക്കൊപ്പം ഉണ്ടാവില്ല. ഗെയിം കളിക്കാനെന്നോ അല്ലങ്കില്‍ ഏതെങ്കിലും കൂട്ടുകാരന്‍ വിളിക്കുമെന്നോ പറഞ്ഞ് സ്ഥിരമായി നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കൈവശം വെക്കാന്‍ തുനിയുന്നുവെങ്കില്‍ അത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്. യാതൊരുകാരണവശാലും മൊബൈല്‍, ലാന്റ്ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ഉപയോഗിക്കുവാന്‍ കുട്ടികളെ അനുവദിക്കരുത്. ആഴ്ചയില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ കുട്ടികളെ ഇന്റര്‍നെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കാന്‍ സമ്മതിക്കരുത്. ഹെഡ്ഫോണ്‍, വെബ്കാം തുടങ്ങിയവ പൂര്‍ണ്ണമായും കുട്ടികള്‍ക്ക് വിലക്കുക.

അവധി ദിനങ്ങളിലും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനും പുറത്ത് പോകുമ്പോള്‍ കുട്ടികളെ നിര്‍ബന്ധമായും കൂടെ കൂട്ടുക. പരീക്ഷാ കാലങ്ങള്‍ പോലെ കുട്ടികള്‍ക്ക് കൂടുതല്‍ പഠിക്കാനുണ്ടാകുന്ന അവസരങ്ങളില്‍ പോലും അവരെ ഒറ്റക്ക് വീട്ടിലോ ഫ്ളാറ്റിലോ നിര്‍ത്തരുത്. കുട്ടികളുടെ അടുത്ത കൂട്ടുകാരെയും അവരുടെ രക്ഷിതാക്കളെയും അടുത്തറിയാനും പരിചയപ്പെടാനും ശ്രദ്ധിക്കുക. ആശുപത്രി കേസുകള്‍ പോലുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ കുട്ടികളെ ഒറ്റക്ക് നിറുത്തി പുറത്ത് പോകേണ്ട സാഹചര്യമുണ്ടായാല്‍ അവരെ പരിചയക്കാരുടെ ഫ്ളാറ്റുകളില്‍ നിറുത്തി പോകാവുന്നതാണ്. കുട്ടികളെ ഒറ്റക്ക് നിറുത്തി പോവുന്നതല്ലാതെ വേറെ മാര്‍ഗ്ഗങ്ങളില്ലെങ്കില്‍ ആ സമയത്ത് കമ്പ്യൂട്ടറില്‍ നിന്ന് ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കുക. കുട്ടികളെ ഏല്‍പ്പിക്കുന്ന മൊബൈലില്‍ ടോട്ടല്‍ കാള്‍ ഡ്യൂറേഷന്‍ നോട്ട് ചെയ്യുകയും തിരിച്ച് വന്നാലുടന്‍ കാള്‍ ഡ്യൂറേഷനും കാള്‍ രജിസ്റ്ററും തമ്മില്‍ ഒത്തുനോക്കുകയും ചെയ്യുക.

കമ്പ്യുട്ടറും ഇന്റര്‍നെറ്റും മാതാപിതാക്കളുടെ ബെഡ്റൂമില്‍ സംവിധാനിക്കുക. തങ്ങളുടെ സാന്നിധ്യത്തില്‍ പരിമിതമായ സമയം മാത്രം കുട്ടികള്‍ക്ക് അനുവദിക്കുക. ആരെങ്കിലും മൊബൈലിലൂടെയോ മറ്റോ അവരെ ബന്ധപ്പെടുന്നുണ്ടെങ്കില്‍ അത് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമായിരിക്കുക. കുട്ടികളുടെ റുമില്‍ മൊബൈല്‍ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് കര്‍ശനമായും നിരോധിക്കുക. ആഗതമായിക്കഴിഞ്ഞ ഈ വന്‍ സാമുഹിക വിപത്തിന് സ്വാഗതമോതാതെ
അതിനെ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ കുട്ടായ മര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയും കുട്ടികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തുകയും വേണം. എങ്കില്‍ സമീപസ്ഥമായ ദുരന്ത വാര്‍ത്തകളില്‍ നിന്ന് നമ്മുടെ കെച്ചനിയന്‍മാരെയും അനിയത്തിമാരെയും നമുക്ക് രക്ഷപ്പെടുത്താനാവും.

(അവസാനിച്ചു)

ഗഫൂര്‍ കൊണ്ടോട്ടി
gafoorkondotty@gmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

സ്ളേറ്റ്
http://fidhel.blogspot.com/

സസ്യഭോജിയും പ്രവാസിയുമായ നജീം കൊച്ചുകലുങ്കിന്റെ ബ്ലോഗ്. സൌദി അറേബ്യയിലെ രിയാദിലാണ് താമസം. 'ബത്ഹാ പുഴയിലെ ഓളങ്ങളാ'ണ് പുതിയ പോസ്റ്റ്. രിയാദിലെ പ്രസിദ്ധമായൊരു തെരുവാണ് ബത്ഹ. ബ്ലോഗറുടെ ഭാഷയില്‍ ഒരു മുക്കൂട്ടപ്പെരുവഴി. 'നാലുഭാഗത്തുനിന്ന് വന്നുചേര്‍ന്ന് പല ഭാഗത്തേക്ക് പിരിഞ്ഞൊഴുകുന്ന വഴികളില്‍ മനുഷ്യ ജീവിതത്തിന്റെ സ്പന്ദനമുണ്ട്. അത് പക്ഷെ പലരുടെ ജീവിതമാണ്. ലക്ഷ്യം തേടിയൊഴുകുന്ന മനുഷ്യ ജീവിതങ്ങള്‍ക്കായി ഉടല്‍ വിരിച്ചു കിടക്കുന്ന ഒരു പുഴയാണ് ബത്ഹ...' നജീമിന്റെ വര്‍ണ്ണനകള്‍ ആകര്‍ഷകമാണ്. പോസ്റ്റുകളെല്ലാം നല്ല നിലവാരം പുലര്‍ത്തുന്നു. 'സ്ളേറ്റിലാകുമ്പോള്‍ തോന്നുമ്പോലെ വരക്കാനും മായ്ക്കാനും പറ്റൂലോ' എന്നാണ് ബ്ലോഗിന്റെ മുഖമുദ്ര. സ്ളേറ്റിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

സരൂപ് ചെറുകുളം
http://saroopcalicut.blogspot.com/

ബ്ലോഗിന്റെയും ബ്ലോഗറുടെയും പേര് ഒന്നുതന്നെ. സില്‍വിയാ പ്ലാത്തിനെയും നന്ദിതയെയും അനുകരിക്കണമെന്ന് പ്രതിജ്ഞ ചെയ്ത സാധാരണക്കാരന്‍. ആഹ്ലാദവും ഒപ്പം ഭീതിയും നിറഞ്ഞ കയങ്ങളിലേക്കുള്ള എടുത്തുചാട്ടമാണ് ജീവിതമെന്ന് ബ്ലോഗര്‍ പറയുന്നു. കൊച്ചു കവിതകളാണ് ബ്ലോഗിലെ വിഷയം. പേരില്ല, ധിക്കാരി, പ്രണയദിന ചിന്തകള്‍, എനിക്ക് നഷ്ടപ്പെട്ടത്, ഓര്‍മ്മകള്‍... എന്നിങ്ങനെ ഒട്ടേറെ പോസ്റ്റുകള്‍. എല്ലാം സുന്ദരങ്ങളായ കൊച്ചുകവിതകള്‍. ബ്ലോഗ് പേജിന്റെ കറുത്ത പശ്ചാത്തലം വായനക്ക് പ്രയാസമുണ്ടാക്കുന്നു. അക്ഷരങ്ങളും വ്യക്തമാകുന്നില്ല. ശ്രദ്ധിക്കുമല്ലോ.

സ്വതന്ത്ര ചിന്തകള്‍
http://my-open-thoughts.blogspot.com/

ദുബൈയില്‍ ഓപണ്‍സോഴ്സ് സോഫ്റ്റ്വെയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന മുഹമ്മദ് നവാസിന്റെ ബ്ലോഗ്. സ്വതന്ത്ര ചിന്തകളാണ് ബ്ലോഗിലെ വിഷയം. കാലിക സംഭവങ്ങളും വാര്‍ത്തകളും ബ്ലോഗര്‍ തന്റേതായ വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുന്നു. പാക്കിസ്ഥാനുമായും ആണവക്കരാറിന് യു.എസ് നീക്കം, സത്യനില്‍ നിന്ന് മമ്മൂട്ടിയിലേക്കുള്ള ദൂരം, സൂഫിയ മഅ്ദനി സകല കേരള ഭീകരരുടെയും കാമുകി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍. ബ്ലോഗര്‍ സ്വയം പരിചയപ്പെടുത്തിയതനുസരിച്ച് ഓപണ്‍സോഴ്സ് സോഫ്റ്റ്വെയര്‍ സംബന്ധിച്ച് എന്തെങ്കിലും പോസ്റ്റുകളുണ്ടായിരിക്കുമെന്ന് സ്വഭാവികമായും പ്രതീക്ഷിച്ചു. ഫലം നിരാശയായിരുന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ബ്ലോഗര്‍ ഇക്കാര്യം പ്രത്യേകം പരിഗണിക്കുമല്ലോ.

ജ്വാല
http://jwaala-vazhiyoram.blogspot.com/

കൊച്ചു കവിതകള്‍ക്കായി ഒരു ബ്ലോഗ്. മലപ്പുറം ജില്ലയിലെ പുളിക്കല്‍ കൊട്ടപ്പുറത്തുകാരി സി.കെ. ഷീജയാണ് ബ്ലോഗിണി. 'മഴ പെയ്തു തോര്‍ന്ന രാത്രിയില്‍, ആകാശച്ചെരുവില്‍, തെളിയാതെ തെളിയാതെ നക്ഷത്രം പറഞ്ഞു.. നിന്റെ കൈവിരലുകള്‍ കീ ബോര്‍ഡില്‍ ചലിക്കുമ്പോള്‍ വിന്‍ഡോകള്‍ തുറക്കുന്നു.. മൌസിന്റെ നീക്കങ്ങള്‍ക്കൊത്ത് വര്‍ണ്ണങ്ങള്‍ വിസ്മയം തീര്‍ക്കുന്നു... നെറ്റില്‍ ബ്രൌസ് ചെയ്ത് ഡൌണ്‍ലോഡ് ചെയ്തവയെല്ലാം എന്റേതു മാത്രമാണ്... എന്റെ സ്വപ്നങ്ങള്‍ ഞാന്‍ നിനക്ക് മെയില്‍ ചെയ്യാം.. അതു നിന്നില്‍ ഡിലീറ്റ് ചെയ്യാനാവാത്ത അനുഭൂതിയുണര്‍ത്തും.. .കവിത തുടരുകയാണ്. സുന്ദരമായൊരു ഐ.ടി കവിത. കവിതകള്‍ വേറെയുമുണ്ട്. ഷീജയുടെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

ലോക ഭാഷകള്‍ പഠിക്കാം

ലോകത്ത് നാനാഭാഗങ്ങളിലായി ആയിരിക്കണക്കിന് ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ട്. അവയില്‍ മാതൃഭാഷയടക്കം നമ്മില്‍ പലര്‍ക്കും എഴുതാനും വായിക്കാനുമറിയാവുന്ന ഇംഗ്ലീഷ്, ഹിന്ദി, അറബിക് തുടങ്ങി ചുരുക്കം ചില ഭാഷകളൊഴിച്ച് മറ്റു ഭാഷകളൊന്നും കേട്ടാല്‍ മനസ്സിലാവുകയില്ലെന്നു മാത്രമല്ല ഏതാണ് ആ ഭാഷയെന്നുപോലും നമുക്ക് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഉദാഹരണത്തിന് ചൈനീസ് ഭാഷയും ജാപ്പനീസും ജര്‍മനുമെല്ലാം കേള്‍ക്കുമ്പോള്‍ അവ ഇന്നയിന്ന ഭാഷകളാണെന്ന് വേര്‍തിരിച്ചു പറയാന്‍ എത്ര പേര്‍ക്കു സാധിക്കും? ഈ പ്രശ്നത്തിന് ചെറിയ തോതിലെങ്കിലും പരിഹാരമേകുന്ന വെബ്സൈറ്റാണ് http://www.languageguide.org/. സൈറ്റിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരുസമ്പൂര്‍ണ ഭാഷാ പഠന സഹായിയെന്ന് അവകാശപ്പെടാനാവില്ലെങ്കിലും നമ്മുടെ ഹിന്ദിയടക്കം ലോകത്തിലെ പതിമൂന്ന് ഭാഷകളുടെ (English, Italian, Arabic, Spanish, Portuguese, Mandarin Chinese, French, Russian, Japanese, German, Hebrew, Vietnamese) അക്ഷരമാലയടക്കമുള്ള അടിസ്ഥാന പാഠങ്ങള്‍ ഓണ്‍ലൈനായി പഠിക്കാന്‍ ഈ സൈറ്റ് നിങ്ങള്‍ക്ക് സഹായകമാകും. ടെക്സ്റ്റിന് പുറമെ വിശദമായ സൌണ്ട് ഫയലുകള്‍ കൂടിയുണ്ടെന്നതിനാല്‍ പഠനം വളരെ എളുപ്പമായിരിക്കും.

റയിസ്ല മര്‍യം
raizlamaryam@hotmail.com
=======================

ഇന്‍ഫോമാധ്യമം (439) - 29/03/2010നെറ്റില്‍ ബലി കഴിക്കപ്പെടുന്ന കൌമാരങ്ങള്‍-3

ചതിക്കുഴികള്‍ക്കെതിരെ ജാഗ്രത

കമ്പ്യൂട്ടറില്‍ ഫാമിലി ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചു വെക്കുന്നതും നെറ്റിലൂടെ കൂട്ടുകാര്‍ക്ക് ഫോട്ടോകള്‍ കൈമാറുന്നതും വളരെ അപകടം നിറഞ്ഞതായി മാറിയിരിക്കുന്നു ഇപ്പോള്‍. ചാറ്റിംഗിനിടയില്‍ കൈമാറുന്ന ഫോട്ടോകള്‍ മിക്കപ്പോഴും വ്യാജമായിരിക്കും. ആണ്‍കുട്ടികള്‍ സാധാരണ നെറ്റില്‍ സെര്‍ച്ച് ചെയ്ത് മറ്റാരുടെയെങ്കിലും ഫോട്ടോ കൈമാറി പെണ്‍കുട്ടികളെ കബളിപ്പിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ തങ്ങളുടെ ഫോട്ടോകള്‍ക്ക് പകരം സ്കൂളിലെ ഏതെങ്കിലും ഫംഗ്ഷനിലോ മറ്റോ എടുത്ത ഗ്രുപ്പ് ഫോട്ടോയില്‍ വേറെ ഏതെങ്കിലും കുട്ടികളുടെ ഫോട്ടോകാണിച്ച് അതാണ് താനെന്ന് പങ്കാളിയെ വിശ്വസിപ്പിക്കും. അല്ലെങ്കില്‍ സ്കൂളിലെയോ കോളേജിലെയോ ഏറ്റവും അടുത്ത കൂട്ടുകാരികളുടെ ഫോട്ടോ നല്‍കും. വേറെ ചിലര്‍ കുടുംബത്തിലെ ഏതെങ്കിലും പെണ്‍കുട്ടികളുടെ ഫോട്ടോ പങ്കാളിക്ക് നല്‍കുന്നു. ചുരുക്കം ചിലര്‍ അപകടാവസ്ഥ അറിയാതെ സ്വന്തം ഫോട്ടോ തന്നെ നല്‍കാറുണ്ട്. ഏത് രീതിയിലായാലും ഇങ്ങനെ ലഭിക്കുന്ന ഫോട്ടോ ഒരുപക്ഷെ തങ്ങളുടെ വിശ്വസ്ത പങ്കാളി സുരക്ഷിതമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കില്‍ പോലും മറ്റാരെങ്കിലും അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്.

ഇത്തരം ഫോട്ടോകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് ഇന്റര്‍നെറ്റ് കഫേ പോലുള്ള പബ്ലിക് കമ്പ്യൂട്ടറുകളില്‍ നിന്നാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും അത് വീണ്ടെടുക്കാവുന്നതാണ്. ഇങ്ങനെ കിട്ടുന്നവര്‍ മറ്റേതെങ്കിലും അശ്ലീല ചിത്രത്തിന്റെ മുഖം നിങ്ങളുടെ മുഖവുമായി മോര്‍ഫ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിന്റെ കൌണ്ട്ഡൌണ്‍ ആരംഭിക്കുന്നു. ഇനി നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങളുടെയോ ഫാമിലിയുടെയോ ഫോട്ടോകളോ വീഡിയോ ക്ലിപ്പുകളോ ഉണ്ടെങ്കില്‍ നിങ്ങള്‍ ആര്‍ക്കും അത് ഇ^മെയിലിലൂടെയോ ചാറ്റിംഗിലൂടെയോ അയച്ചു കൊടുത്തിട്ടില്ലങ്കില്‍ തന്നെയും അവ ഇന്റര്‍നെറ്റ് വഴി ആര്‍ക്ക് വേണമെങ്കിലും നിങ്ങളുടെ അനുവാദം കൂടാതെ തന്നെ ഇതര കമ്പ്യൂട്ടറുകളിലേക്ക് കോപ്പി ചെയ്യാന്‍ കഴിയുന്ന റിമോട്ട് ആക്സസ് പ്രോഗ്രാമുകള്‍ യഥേഷടം ലഭ്യമാണെന്നതും ഓര്‍ക്കേണ്ടതാണ്. അതിനാല്‍ കുടുംബ ഫോട്ടോകളും മറ്റും കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നതിന് പകരം സി.ഡികളിലോ മറ്റു എക്സ്റ്റേണല്‍ സ്റ്റോറേജ് മീഡിയകളിലോ സൂക്ഷിക്കുതാണ് ഉത്തമം.

ചതിയുടെയും വഞ്ചനയുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നു ഇന്റര്‍നെറ്റ് . നെറ്റിലെ സൌഹൃദ വലയത്തില്‍ ചാറ്റ് അംഗങ്ങള്‍ ഒരിക്കലും അവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ കൈമാറാറില്ല. അതേസമയം നമ്മുടെ കുട്ടികളാവട്ടെ തുടക്കത്തിലൊന്നും ഇതിലെ അപകടാവസ്ഥ മനസ്സിലാക്കാതെ യഥാര്‍ഥ വിവരങ്ങള്‍ കൈമാറുന്നു. വ്യാജ ഇ^മെയില്‍ ഐഡി സംഘടിപ്പിക്കുന്നിടത്ത് നിന്ന് തുടങ്ങുന്നു ഇവരുടെ ചതി. വോയ്സ് ചെയ്ഞ്ചിംഗ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നെറ്റിലൂടെയും മൊബൈലിലൂടെയും സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിച്ച് യുവാക്കളെ വശീകരിച്ച് പണം തട്ടുന്ന സംഘങ്ങളും ഈ രംഗത്ത് സജീവമാണ്. അതുപോലെ പുരുഷന്മാര്‍ തന്നെ മൊബൈലിലൂടെ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ സ്വന്തം ശബ്ദം മാറ്റി മറ്റൊരു പുരുഷശബ്ദം സ്വീകരിച്ച് പെണ്‍കുട്ടികളുമായി അശ്ലീല സംഭാഷണം നടത്തി അത് റെക്കോര്‍ഡ് ചെയ്ത് ബ്ലാക്ക്മെയില്‍ ചെയ്യുന്നതും ഈ രംഗത്തെ മറ്റൊരു ചതിക്കുഴിയാണ്. ഇങ്ങനെ കുട്ടികളെ തങ്ങളുടെ ഇംഗിതത്തിന് കീഴ്പ്പെടുത്തുന്നവരും പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ ഈ രീതിയില്‍ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുവരും നിരവധിയാണ്.

മൊബൈല്‍ ഫോണ്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന കാര്യത്തില്‍ ഇന്ന് ഏറെക്കുെറെ എല്ലാവരും ബോധവാന്മാരാണ്. അതുകൊണ്ട് തന്നെ പലരും കുട്ടികള്‍ക്ക് മൊബൈല്‍ വിലക്കിയിരിക്കുന്നു. സ്വന്തമായി മൊബൈല്‍ ഇല്ലാത്ത കുട്ടികള്‍ പോലും രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ചു അവരുടെതന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്നതാണ് രസാവഹം. ഗള്‍ഫ് നാടുകളിലാണ് ഈ പ്രവണത ഏറെയും കണ്ടുവരുന്നത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ ഒരുപടി മുന്നിലാണ്. സ്വന്തമായി മൊബൈല്‍ ഇല്ലാത്ത കുട്ടികള്‍ മാതാക്കളുടെ മൊബൈലാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്. സ്കൂള്‍ വിട്ട് വന്നാല്‍ പിന്നെ മാതാക്കളുടെ മൊബൈല്‍ ഇവര്‍ കൈവശപ്പെടുത്തും. വീട്ടുകാര്‍ക്ക് പരിചയമുള്ള ഏതങ്കിലും നല്ല കൂട്ടുകാരുടെ പേര് പറഞ്ഞ് അവര്‍ വിളിക്കുമ്പോള്‍ സംസാരിക്കാനാണെന്നും പറഞ്ഞ് കൈവശപ്പെടുത്തുന്ന മൊബൈല്‍ പിന്നീട് അടുത്ത ദിവസം സ്കൂളിലേക്ക് പോകുമ്പോള്‍ മാത്രമായിരിക്കും തിരിച്ച് കൊടുക്കുന്നത്. പ്രത്യക്ഷത്തില്‍ സ്വന്തം മൊബൈല്‍ പോലെത്തന്നെ. പങ്കാളിയുടെ നമ്പര്‍ ഒരിക്കലും
ഇവര്‍ മാതാക്കളുടെ ഈ മൊബൈലില്‍ സേവ് ചെയ്ത് വെക്കാറില്ല. ആവശ്യമുള്ള നമ്പര്‍ ഇവര്‍ തങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുന്നു. പങ്കാളിയോട് സംസാരിക്കാന്‍ തോന്നുമ്പോള്‍ മാത്രം ഡയല്‍ ചെയ്ത് സംസാരം തീര്‍ന്നാല്‍ ഉടനെ കാള്‍ രജിസ്റ്ററില്‍ നിന്ന് ഈ നമ്പര്‍ ഡിലീറ്റ് ചെയ്യുന്നു. ഇവരുടെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ഈ ഫോണ്‍ സൈലന്റ് മോഡിലായിരിക്കും. അതിനാല്‍ തന്നെ കാളുകളോ മെസ്സേജുകളോ വന്നാല്‍ അവരല്ലാതെ മറ്റാരും അറിയുന്നില്ല.

(തുടരും)

ഗഫൂര്‍ കൊണ്ടോട്ടി
gafoorkondotty@gmail.com
******
ഡോട്ട്കോം യുഗത്തിന് രജതജൂബിലി

സ്വന്തം പേരില്‍ ഒരു വെബ്സൈറ്റ് ഉണ്ടാവുക എന്നത് ആഢ്യത്തരത്തിന്റെ ഭാഗമായാണ് നേരത്തെ പലരും കണ്ടിരുന്നത്. അതിനാല്‍ സ്വന്തം പേരിലോ സ്ഥാപനത്തിന്റെ പേരിലോ വെബ്സൈറ്റ് തുടങ്ങാന്‍ പലരും തുനിഞ്ഞിറങ്ങി. ഈയൊരു ഉത്സാഹം ഇന്റര്‍നെറ്റില്‍ വെബ്സൈറ്റുകളുടെ എണ്ണം വളരെയധികം വര്‍ദ്ധിപ്പിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ വെബ്സൈറ്റ് വിലാസങ്ങളും അവസാനിക്കുന്നത് ഡോട്ട്കോം (.com) എന്ന എക്സ്റ്റന്‍ഷനോടെയാണ്. കൊമേഴ്സ്യല്‍ (Commercial) എതിന്റെ ചുരുക്കരൂപമാണ് ഡോട്ട്കോം. ആദ്യത്തെ ഡോട്ട്കോം വെബ്സൈറ്റ് പിറന്നിട്ട് ഇരുപത്തഞ്ച് വര്‍ഷം പിന്നിട്ടു. 1985 മാര്‍ച്ച് 15ന് ആയിരുന്നു ആദ്യത്തെ ഡോട്ട്കോം ഡൊമൈന്‍ നാമത്തില്‍ വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സിമ്പോളിക്സ് ഡോട്ട്കോം എന്നായിരുന്നു ഇതിന്റെ പേര്. തുടര്‍ന്നുള്ള പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ 1,20,000 വെബ്സൈറ്റുകള്‍ ഈ എസ്റ്റന്‍ഷന്ന് കീഴിലായി ഇന്റര്‍നെറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇന്നത് 85 ദശലക്ഷത്തില്‍ എത്തിനില്‍ക്കുന്നുവെന്നാണ് കണക്ക്.

മറ്റുള്ളവരുമായി സംവദിക്കുന്നതിനുള്ള ഒരു പ്ളാറ്റ്ഫോമായി വെബ്സൈറ്റുകള്‍ മാറിയിട്ടുണ്ട്. ബിസിനസ്സ്, വിനോദം, സ്പോര്‍ട്സ്, സാമ്പത്തികം, സംസ്കാരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ജനങ്ങളെ കോര്‍ത്തിണക്കാന്‍ ഈ വെബ്സൈറ്റുകള്‍ക്ക് സാധിച്ചു. കോടിക്കണക്കിന് വെബ്സൈറ്റുകളുള്ള വേള്‍ഡ് വൈഡ് വെബില്‍ നിന്ന് ഓരോ പ്രത്യേക വെബ്സൈറ്റിനെയും തിരിച്ചറിയാനായി അതിനുമാത്രം അനുവദിച്ചിരിക്കുന്ന പേരാണ് ഡൊമൈന്‍ നാമം അഥവാ വെബ്സൈറ്റ് വിലാസം. ഡൊമൈന്‍ നാമത്തിലെ അവസാനഭാഗം ഡോട്ട് കോം (.com - വാണിജ്യം, കമ്പനികള്‍), (.org - സംഘടനകള്‍, സ്ഥാപനങ്ങള്‍), (.net - ശൃംഖലകളുമായി ബന്ധപ്പെട്ടത്) എിങ്ങനെ ഇരുന്നുറ്റി എഴുപതോളം ടോപ്ലെവല്‍ ഡൊമൈന്‍ നാമങ്ങളുണ്ട്. ഇതില്‍ രാജ്യങ്ങളെ പ്രത്യേകം സൂചിപ്പിക്കുന്ന .in (ഇന്ത്യ), .uk (ബ്രിട്ടണ്‍), .fr (ഫ്രാന്‍സ്) എന്നിങ്ങനെയുള്ള ഡൊമൈന്‍ നാമങ്ങളും ഉള്‍പ്പെടും. ഇത്തരം ഡോട്ട് കോം കമ്പനികളിലൂടെ വര്‍ഷം 400 ബില്യന്‍ ഡോളറിന്റെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. 2020 ആവുമ്പോഴേക്കും ഇത് 950 ബില്യന്‍ ഡോളറായി ഉയരുമെന്നാണ് പ്രവചനം. പ്രശസ്ത ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനമായ 'വെരിസൈനിന്റെ' കണക്കുകള്‍ പ്രകാരം നിലവിലുള്ള 85 ദശലക്ഷം ഡോട്ട്കോം സൈറ്റുകളില്‍ 11.9 ദശലക്ഷം ഇ^കൊമേഴ്സ്, ഓണ്‍ലൈന്‍ ബിസിനസ്സ് വെബ്സൈറ്റുകളാണ്. 4.3 ദശലക്ഷം വിനോദ സംബന്ധമായ സേവനം കാഴ്ചവെക്കുന്നവയും 1.8 ദശലക്ഷം സ്പോര്‍ട്സ് മേഖലയുമായി ബന്ധപ്പെട്ടതുമാണ്.
പ്രശസ്തമായ പല പേരുകളിലും ഡോട്ട്കോം സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യക്കാര്‍ വരുമ്പോള്‍ വമ്പന്‍ വിലക്ക് വില്പന നടത്തിയവരുമുണ്ട്. ഇതിലൂടെ കോടീശ്വരന്‍മാരായവര്‍ ധാരാളമാണ്. 1994ല്‍ കാലിഫോര്‍ണിയയിലെ ഒരു വിരുതന്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത 'ലോണ്‍സ്.കോം' എന്ന നാമം ബാങ്ക് ഓഫ് അമേരിക്ക വാങ്ങിയത് 30 ലക്ഷം ഡോളര്‍ നല്‍കികൊണ്ടാണ്. 2000 ജൂണിലായിരുന്നു ഈ വില്പന. ഇത് കൂടാതെ ബിസിനസ്.കോം, ഡയമണ്ട്.കോം എന്നിവ വിറ്റത് 75 ലക്ഷം ഡോളറിനും. 2007ല്‍ 120 ലക്ഷം ഡോളറിനാണ് 'സെക്സ് ഡോട്ട്കോം' വിറ്റുപോയത്. അത് വീണ്ടും വില്പനക്ക് വച്ചിരിക്കുകയാണ് ഉടമസ്ഥര്‍. ഇങ്ങനെ വില്പനയുടെ ലിസ്റ്റ് നീണ്ടുപോവുകയാണ്. ഡോട്ട്കോം കമ്പനികളുടെ കുത്തൊഴുക്ക് തന്നെ ഒരു കാലത്തുണ്ടായിരുന്നു. കൂണുപോലെ മുളച്ചു പൊന്തിയ പലതും ചുരുങ്ങിയ കാലത്തിനുള്ളില്‍ പൊട്ടിയമര്‍ന്നതും ചരിത്രമാണ്.

ലാറ്റിന്‍ ഭാഷക്ക് പുറമെ മറ്റിതര ഭാഷകളിലും വെബ് അഡ്രസ്സുകള്‍ ഇന്ന് നിലവിലുണ്ട്. ഇന്റര്‍നെറ്റില്‍ ഡൊമൈന്‍ നാമങ്ങള്‍ അനുവദിക്കുന്ന 'ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ് (ICANN) ആണ് കഴിഞ്ഞ വര്‍ഷം സുപ്രധാനമായ ഈ തീരുമാനമെടുത്തത്. ഇത്തരത്തില്‍ ആദ്യം അഡ്രസ്സ് നല്‍കുന്നത് ചൈനീസ് ഭാഷയിലായിരിക്കും. പിന്നീട്, അറബിക്, റഷ്യന്‍, ഹിന്ദി എിങ്ങനെ ലിസ്റ്റ് നീളുന്നു. ഡോട്ട്കോം എന്നത് ആധുനിക ജീവിത ശൈലിയുമായി ഇഴചേര്‍ന്നു കഴിഞ്ഞു. കത്തയക്കാനും സല്ലപിക്കാനും ജോലി നേടാനും എന്തിന് പെണ്ണുകെട്ടാന്‍പോലും നാം ഇപ്പോള്‍ ഡോട്ട്കോം സൈറ്റുകളെയാണ് ആശ്രയിക്കുന്നത്.

ടി.വി. സിജു
tvsiju@gmail.com
========================

ഇന്‍ഫോമാധ്യമം (438) - 22/03/2010നെറ്റില്‍ ബലി കഴിക്കപ്പെടുന്ന കൌമാരങ്ങള്‍-2

ഒളിഞ്ഞിരിക്കുന്നു, അപായങ്ങള്‍...


ഗള്‍ഫില്‍ നിന്ന് ഇന്റര്‍നെറ്റ് വഴി (VOIP) നാട്ടിലേക്ക് ഫോണ്‍ ചെയ്യാനുള്ള നിരക്ക് വളരെ കുറവായതും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അധികം പണച്ചിലവില്ലാതെ ഗള്‍ഫില്‍ ആര്‍ക്കും എളുപ്പത്തില്‍ സംഘടിപ്പിക്കാനാവുമെന്നതുമാണ് ഇത്തരം വൃത്തികേടുകള്‍ മലയാളി കുടുബംങ്ങളില്‍ വ്യാപിക്കാനിടയായതിന്റെ പ്രധാന കാരണം. ഗള്‍ഫിലെ 'ബാച്ചിലേഴ്സ്
റൂമു'കളില്‍ ഇന്റര്‍നെറ്റിലൂടെയുള്ള ആഭാസത്തരങ്ങള്‍ നിത്യകാഴ്ചയായി മാറുന്നുവെന്നതും ഞെട്ടിക്കുന്ന സത്യമാണ്. നെറ്റ് വഴി ഫോണ്‍ ചെയ്യാനുള്ള സൌകര്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി എട്ടും പത്തും ആളുകള്‍ താമസിക്കുന്ന റൂമുകളില്‍ എല്ലവരും ചേര്‍ന്ന് വാങ്ങുന്ന കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഫലത്തില്‍ ഒരു പബ്ലിക് കമ്പ്യുട്ടര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരാളുടെ ആവശ്യം കഴിഞ്ഞാല്‍ അടുത്തയാള്‍. ആദ്യം ഉപയോഗിച്ച ആള്‍ ഡൌണ്‍ലോഡ് ചെയ്തതും അപ്ലോഡ് ചെയ്തതും ഓപ്പണ്‍ ചെയ്തതുമായ എല്ലാ ഫയലുകളും അടുത്ത് വരുന്ന ആളുകള്‍ക്ക് കൃത്യമായി കണാനാവുമെന്നത് വളരെ ഗൌരവത്തോടെ മനസ്സിലാക്കേണ്ടതാണ്. ഒരിക്കല്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ ഫോര്‍മാറ്റ് ചെയ്ത ഹാര്‍ഡ് ഡിസ്കുകളില്‍ നിന്നുപോലും വീണ്ടും റിക്കവര്‍ ചെയ്യാനാവുമെന്നത് വിസ്മരിച്ചുകൂടാ. പെണ്‍കുട്ടികള്‍ ഫോട്ടോ കൈമാറുന്നത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ബാച്ചിലേഴ്സ് റൂമുകളില്‍ വളരെ കൂടുതലാണ്.

ഗള്‍ഫ് നാടുകളിലെ പരിമിതമായ ഫ്ലാറ്റ് സൌകര്യങ്ങളില്‍, ഒരു മലയാളി കുടുംത്തില്‍ രണ്ടോ മൂന്നോ കുട്ടികളുണ്ടെങ്കില്‍ ഇതില്‍ ചെറിയ കുട്ടി മിക്കവാറും മാതാപിതാക്കളോടൊപ്പമായിരിക്കും കിടന്നുറങ്ങുന്നത്. ഏറ്റവും മുതിര്‍ന്ന കുട്ടിയും അതിന് താഴെയുള്ള കുട്ടികളും കിടക്കുന്നത് മിക്കവാറും മറ്റൊരു രൂമിലായിരിക്കും. അതേ റൂം തന്നെയായിരിക്കും കുട്ടികള്‍ക്ക് പഠിക്കുന്നതിനും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനും സൌകര്യപ്പെടുത്തിയിട്ടുണ്ടാവുക. നാട്ടിലാണെങ്കില്‍ പൊതുവെ കണ്ടുവരുന്ന രീതിയനുസരിച്ച് കുട്ടികള്‍ ഒറ്റക്ക് ഒരു റൂമില്‍ കിടക്കുന്നതിന് പകരം കുടുംബത്തിലെ പ്രായമായ മറ്റ് അംഗങ്ങള്‍ക്കൊപ്പമായിരിക്കും. ഗള്‍ഫ് നാടുകളില്‍ കുട്ടികള്‍ക്ക് ഒറ്റക്ക് ഒരു റൂമില്‍ വാതിലടച്ച് ഉറങ്ങുകയോ പഠിക്കുകയോ ആണെന്ന് മാതാപിതാക്കളെ ധരിപ്പിച്ച് ആരെയും പേടിക്കാതെ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിച്ച് ചാറ്റ് ചെയ്യാനാവുന്നതും ആ ബന്ധം വളര്‍ന്ന് കുട്ടികള്‍ അശ്ലീലതകളുടെ കൊടുമുടിയിലെത്തി ചാറ്റിംഗ് പങ്കാളിയുടെ ചൂടേറിയ ചാറ്റിംഗ് കസര്‍ത്തുകളില്‍ ആവേശം പൂണ്ട് സ്വന്തം ശരീരത്തില്‍ അശ്ലീലതയുടെ ആഭാസത്തരങ്ങള്‍ പരീക്ഷിച്ച് പങ്കാളിയെയും സ്വന്തത്തേയും സംതൃപ്തിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ സൌദിയിലെ മലയാളി കുടംങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ കുട്ടികള്‍ ആറാം ക്ലാസിനും അതിന് മുകളിലെ ക്ലാസ്സുകളില്‍ പഠിക്കുന്നവരാണെന്നത് വിഷയത്തിന്റെ ഗൌരവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പെണ്‍കുട്ടികളെപ്പോലും നെറ്റിലൂടെയും മൊബൈലിലൂടെയുമുള്ള സെക്സിന്റെ അതിപ്രസരം കീഴ്പ്പെടുത്തിയിരിക്കുന്നു എന്നത് ലാഘവത്തോടെ കണ്ടുകൂടാ.

സ്കൂളിലും കോളേജിലും പോകുന്ന കുട്ടികള്‍ അശ്ലീല പ്രസിദ്ധീകരണങ്ങള്‍ നാലോ ആറോ ആയി മടക്കി അരയിലോ പുസ്തകങ്ങള്‍ക്കിടയിലോ ഒളിപ്പിച്ച് ആരും കാണാതെ കൂട്ടുകാര്‍ക്ക് കൈമാറി പിന്നീട് ആളൊഴിഞ്ഞ പറമ്പിലോ അല്ലങ്കില്‍ വീട്ടില്‍ പഠിക്കാനിരിക്കുന്ന സമയത്ത് പുസ്തകങ്ങള്‍ക്കുള്ളില്‍ തുറന്ന് വെച്ചോ വായിച്ച് രസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്റര്‍നെറ്റില്‍ വ്യാപനത്തോടെ ഇന്ന് ഇങ്ങനെയൊന്നും പ്രയാസപ്പെടേണ്ട അവസ്ഥ പുതിയ തലമുറക്കില്ല. പലതരം മെയിലിംഗ് ഗ്രൂപ്പുകളും വെബ്സൈറ്റുകളും ഇവ സൌജന്യമായിതന്നെ പ്രചരിപ്പിക്കുന്നു. അതിനാല്‍ തന്നെ കമ്പ്യൂട്ടര്‍ പഠിക്കുന്നുവെന്ന വ്യാജേന കുട്ടികള്‍ ഇത്തരം അശ്ലീലതകള്‍ വായിക്കുതിനും ഹരം പിടിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നതിനും അശ്ലീല ടെലിഫോണ്‍ സംഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും നെറ്റിലെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിവരുന്നു. ഇത്തരം അശ്ലീലതകള്‍ കുട്ടികള്‍ സ്കൂളുകളിലും കോളേജുകളിലും വെച്ച് സി.ഡിയിലും ഫ്ളാഷ് മെമ്മറികളിലുമായി കൈമാറ്റം ചെയ്തിരുന്നത് സ്കൂള്‍ കോളേജ് അധികാരികളുടെ ഇടപെടല്‍ മൂലം തടസ്സപ്പെട്ടപ്പോള്‍ അതിനേക്കാള്‍ സുരക്ഷിതമായി അവര്‍ ഇ^മെയിലിലൂടെ കൈമാറ്റം ചെയ്ത്കൊണ്ടിരിക്കുന്നു. ഇതിന് പല രീതികളാണ് സാധാരണയായി ഇക്കൂട്ടര്‍ സ്വീകരിച്ചുവരുന്നത്. ഹെഡ്ഫോണ്‍ ഉപയോഗിച്ച് പങ്കാളി പറയുന്നത് കേട്ട് ടൈപ്പ് ചെയ്ത് കൊണ്ട് മറുപടി നല്‍കുന്നതാണ് ഒരു രീതി. തിരിച്ച് മൈക്കിലൂടെ മറുപടി പറയുമ്പോള്‍ ശബ്ദം വീട്ടിലുള്ളവര്‍ കേള്‍ക്കാതിരിക്കുതിന് വേണ്ടിയാണിത്. ഇതാവട്ടെ രക്ഷിതാക്കള്‍ തൊട്ടടുത്ത് ഇരിക്കുമ്പോള്‍ പോലും ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഏറെ രസാവഹം. പഠനത്തിനിടക്ക് ചെറിയൊരു വിനോദം. കമ്പ്യുട്ടര്‍ പഠിക്കുന്നതിനോടൊപ്പം ഒരല്‍പ സമയം സംഗീതം കേള്‍ക്കുന്നു. തൊട്ടടുത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ശല്യമുണ്ടാകാതിരിക്കാനായി ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നു എന്നൊക്കെ രക്ഷിതാക്കളെ ധരിപ്പിച്ചാണ് ഇക്കൂട്ടര്‍ ഇത് നടത്തുന്നത്.

ടെക്സ്റ്റ് ടു ടെക്സ്റ്റ് ചാറ്റിംഗാണ് മറ്റൊരു രീതി. ചാറ്റ് അംഗങ്ങളില്‍ ഒരാള്‍ക്കും സംസാരിക്കാന്‍ പറ്റാത്ത സന്ദര്‍ഭത്തില്‍ സുരക്ഷിത രീതിയായി കീബോര്‍ഡില്‍ ടൈപ് ചെയ്ത് കൊണ്ട് ചാറ്റ് ചെയ്യുന്ന ഈ സംവിധാനം ധാരാളം കുട്ടികള്‍ ഉപയോഗപ്പെടുത്തി വരുന്നു. മൊബൈലില്‍ നിന്ന് കമ്പ്യൂട്ടറിലേക്കും കമ്പ്യുട്ടറില്‍ നിന്ന് കമ്പ്യൂട്ടറിലേക്കും മൊബൈലില്‍ നിന്ന് മൊബൈലിലേക്കും വീഡിയോ ചാറ്റിംഗോ ടെക്സ്റ്റ് ചാറ്റിംഗോ വോയ്സ് ചാറ്റിംഗോ നടത്താന്‍ കഴിയുന്ന നൂതന സംവിധാനമാണ് ഈ രംഗത്തെ ഏറ്റവും പുതിയ രീതി. കമിതാക്കള്‍ യാത്രയിലായിരിക്കുമ്പോഴോ അല്ലങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലോ ഇക്കൂട്ടര്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ രീതി.

(തുടരും)

ഗഫൂര്‍ കൊണ്ടോട്ടി
gafoorkondotty@gmail.com
*****

ഗൂഗിള്‍ മാപ്പില്‍ ഇനി ഫ്ലൈറ്റുകളും ലൈവായി കാണാം

ആകാശത്ത് പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം ഇനി ലൈവായി കണ്ടുപിടിക്കാന്‍ സാധിച്ചാലോ? ഗൂഗിള്‍ മാപ്പാണ് ഈ സൌകര്യം നമുക്കൊരുക്കിത്തരുന്നത്. വിമാനങ്ങളുടെ തല്‍സമയ സ്ഥാനം ഗൂഗിള്‍ മാപ്പില്‍ അടയാപ്പെടുത്തി ഇത്തരമൊരു പദ്ധതി ആദ്യം പ്രാവര്‍ത്തികമാക്കിയത് നെതര്‍ലാന്റാണ്. മാസദങ്ങള്‍ക്കകം ലോകമെങ്ങും അനുകരിച്ചേക്കാവുന്ന ഈ പദ്ധതി നേരിട്ടുകാണാന്‍ www.casper.fronteir.nl എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ആംസ്റ്റര്‍ഡാം വിമാനത്താവളത്തിലേക്കും അവിടുന്ന് പുറത്തേക്കും പോകുന്ന വിമാനങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ലൈവായി അവതരിപ്പിക്കുകയാണ് ഈ വെബ്സൈറ്റ്. ഓരോ വിമാനവും എവിടെയെത്തിയെന്ന് ഇതിലൂടെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ചലിക്കുന്ന വിമാനത്തില്‍ മൌസ് ബട്ടണ്‍ ക്ലിക് ചെയ്താല്‍ ഫ്ളൈറ്റ് നമ്പര്‍, വേഗത, ദിശ, എത്ര ഉയരത്തിലാണ് പറക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം ലഭിക്കുന്നു. ഇടതുവശത്തു കാണുന്ന ബോക്സില്‍ വിമാനത്തിന്റെ ചിത്രവും ലഭിക്കും.

ഓരോ എയര്‍ലൈന്‍ കമ്പനികളുടെയും വിമാനങ്ങള്‍ വ്യത്യസ്ത നിറങ്ങളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നിറം വേണമെങ്കില്‍ നമുക്ക് മാറ്റുകയുമാവാം. എയര്‍ലൈന്‍ കമ്പനിയുടെയോ ട്രാവല്‍ ഏജന്‍സികളുടെയോ അന്വേഷണ വിഭാഗത്തിന്റെ ഔദാര്യത്തിന് കാത്തുനില്‍ക്കാതെ ഈ വെബ്സൈറ്റ് നോക്കി നമുക്കിനി യാത്രക്കാരെ സ്വീകരിക്കാനും മറ്റും കൃത്യ സമയത്തുതന്നെ എയര്‍പോര്‍ട്ടിലെത്താം. വിമാനത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ യാത്ര മസസ്സിലാക്കാനുള്ള ആര്‍ക്കൈവും ഇതിലുണ്ട്. ദിവസവും സമയവും നല്‍കിയാല്‍ ആ സമയത്ത് ഏതൊക്കെ ഫ്ളൈറ്റുകള്‍ എങ്ങോട്ടൊക്കെ പറന്നു കൊണ്ടിരുന്നു എന്നും മനസ്സിലാക്കാം.

ഫൈറൂസ് ഒ.കെ
fairoos.ok.kuttiady@gmail.com
===================

ഇന്‍ഫോമാധ്യമം (437) - 29/02/2010


നെറ്റില്‍ ബലി കഴിക്കപ്പെടുന്ന കൌമാരങ്ങള്‍-1

ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമൊരുക്കുന്ന കെണിയിലകപ്പെട്ട് ജീവനൊടുക്കുന്ന കൌമാരങ്ങളുടെ കഥകള്‍ നാം തുടര്‍ച്ചയായി വായിക്കുകയാണ്. വിദ്യാലയങ്ങളില്‍ മൊബൈല്‍ ജാമര്‍ അടക്കമുള്ള കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന
അധികാരികളുടെ പതിവു പ്രഖ്യാപനങ്ങളോടെ അവസാന സംഭവത്തിന് തിരശãീല വീഴുമ്പോള്‍, അടുത്ത സംഭവം അരങ്ങേറാന്‍ പോകുന്നത് തന്റെ കുടുംത്തിലായേക്കുമോ എന്ന് ഓരോ രക്ഷിതാവും ഭയപ്പെടേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.

സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും പലപ്പോഴും ഒരു തമാശയായി തുടങ്ങിവെക്കുന്ന പ്രണയം ക്രമേണ വളര്‍ന്ന് ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും എസ്.എം.എസായും ചാറ്റിംഗായും ഇ^മെയിലായും പൂത്തുലഞ്ഞ് ഒടുവില്‍ അശ്ലീലതകളുടെ ആഭാസത്തരങ്ങളിലൂടെ ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടിവരുന്ന കൌമാരക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി മനസ്സിലാക്കാന്‍ അടുത്ത കാലത്തായി പുറത്ത് വന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. കൂടാതെ ഫേസ് ബുക്ക്, ഓര്‍കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നിന്ന് വെറും ഒരു ഹായ്-ബായ് ഫ്രണ്ട്ഷിപ്പിലൂടെ നേരംപോക്കിന് തുടങ്ങുന്ന കൂട്ടുകെട്ട് ക്രമേണ വളര്‍ന്ന് പരസ്പരം ഇ^മെയില്‍ ഐ.ഡി കൈമാറി പിന്നീട് മെസ്സഞ്ചര്‍ വഴി പതിവായി ചാറ്റിംഗിലൂടെ സല്ലപിക്കുന്ന കൌമാരക്കാര്‍ അറിയുന്നില്ല തങ്ങളാണ് അടുത്ത വാര്‍ത്ത സൃഷ്ടിക്കാന്‍ പോകുന്നതെന്ന്. ഇന്റര്‍നെറ്റിലൂടെയുള്ള ഫ്രണ്ട്ഷിപ്പ് ഒരു 'സേഫ് മെത്തേഡാ'യിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. കാരണം പണ്ടത്തെപോലെ കമിതാക്കള്‍ക്ക് സംസാരിക്കാന്‍ ഇപ്പോള്‍ ബീച്ചിലോ പാര്‍ക്കിലോ അല്ലങ്കില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിലോ അലയേണ്ടതില്ല. ആരെങ്കിലും കണ്ടാലുള്ള പൊല്ലാപ്പിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടതുമില്ല. വീട്ടില്‍ പഠിക്കാനിരിക്കുന്ന നേരത്ത് നോട്ട്ബുക്കിന്റെ നടുവിലെ പേജില്‍ ആരും കാണാതെ ലൌ ലെറ്റര്‍ എഴുതി അത് പുസ്തകം പൊതിഞ്ഞിരിക്കുന്ന കവറിനുള്ളില്‍ ഭദ്രമായൊളിപ്പിച്ച് സ്കൂളിലും കോളേജിലും വെച്ച് ആരും കാണാതെ കൈമാറാന്‍ ഇപ്പോള്‍ ലൈബ്രറിയില്‍ ആള്‍ തിരക്ക് കുറഞ്ഞ സമയം വരെ കാത്തിരിക്കേണ്ടതില്ല. എല്ലാറ്റിനും പകരമായി ഇ-മെയിലും ചാറ്റിംഗും മൊബൈല്‍ ഫോണും കടന്നു വന്നിരിക്കയാണ്.

കമ്പ്യൂട്ടറിന് മുമ്പില്‍ പഠിക്കാനെന്ന വ്യാജേന മണിക്കൂറുകള്‍ ചെലവഴിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ മനസ്സിലാക്കണം പ്ലസ് ടൂ വരെയുള്ള കുട്ടിക്ക് മാസത്തില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടറിലോ ഇന്റര്‍നെറ്റിലോ ഒുന്നം ചെയ്യാനില്ലെന്ന്. വസ്തുത ഇതാണെന്നിരിക്കെ ദിവസവും നാലും അഞ്ചും മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഈ കുട്ടികള്‍ എന്ത് ചെയ്യുന്നു എന്നറിയാന്‍ രക്ഷിതാക്കള്‍ തയ്യാറാവേണ്ടതുണ്ട്. ഇഷ്ടപ്പെടുന്ന കൂട്ടുകാരോടോ അല്ലെങ്കില്‍ കൂട്ടുകാരിയോടോ മെസ്സെഞ്ചര്‍ പ്രോഗ്രാമുകള്‍ വഴിയും വെബ്ചാറ്റിംഗ് വഴിയും സല്ലപിച്ചിരിക്കുമ്പോള്‍ ആരും കാണുന്നില്ല, അറിയുന്നില്ല എന്ന തെറ്റിദ്ധാരണയാണ് കുട്ടികളെ ഇവ്വിധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ലൌ ലെറ്ററുകള്‍ കൈമാറുമ്പോള്‍ ആരെങ്കിലും കാണുമെന്നോ പിടിക്കുമെന്നോ പേടിക്കാനുള്ളത് പോലെ, അല്ലെങ്കില്‍ പുറത്ത് കൂട്ടുകാരനൊത്തോ കൂട്ടുകാരിയൊത്തോ കറങ്ങി നടക്കുമ്പോള്‍ ആരെങ്കിലും കാണുമെന്ന് പേടിക്കാനുള്ളത് പോലെ നെറ്റിലാവുമ്പോള്‍ തങ്ങള്‍ക്ക് യാതൊന്നും പേടിക്കാനില്ലെന്ന് ഇവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം കുറ
ഞ്ഞവര്‍ പോലും ഈ രംഗത്ത് വളരെ മുന്നേറിക്കഴിഞ്ഞു. അതിനായി മംഗ്ലീഷ് എന്നൊരു പ്രത്യേക ഭാഷതന്നെ രൂപപ്പെട്ടിരിക്കയാണ്. വ്യാജ ഐ.ഡി ഉപയോഗിച്ചായിരിക്കും നെറ്റില്‍ മിക്കവാറും ആളുകള്‍ ചാറ്റിംഗിന് തയ്യാറാകുക. വളരെ ലളിതമായ നടപടി ക്രമത്തിലൂടെ പണച്ചിലവില്ലാതെ കൊച്ചു കുട്ടികള്‍ക്ക് പോലും വേണങ്കില്‍ ഇഷ്ടം പോലെ ഇ^മെയില്‍ ഐ.ഡികള്‍ ഉണ്ടാക്കിയെടുക്കാനാവുമെന്നതിനാല്‍ വ്യത്യസ്ത ഐ.ഡികളുപുയാഗിച്ചാണ് മിക്കവരും ചാറ്റിംഗിനെത്തുന്നത്.

സൈന്‍ ഔട്ട് ചെയ്തു കഴിഞ്ഞാല്‍ പിന്നെ തങ്ങളുടെ മെയില്‍ ബോക്സോ അല്ലങ്കില്‍ മെസ്സഞ്ചറോ ആര്‍ക്കും തുറക്കാനാവില്ലെന്ന ധാരണ അടിസ്ഥാനരഹിതമാണ്. ഇ^മെയില്‍ ഐ.ഡി ക്രിയേറ്റ് ചെയ്യുക എതിനേക്കാള്‍ എളുപ്പത്തില്‍ പാസ്വേര്‍ഡ് ബ്രേക്ക് ചെയ്യാനാവും എന്നത് എപ്പോഴും ഓര്‍ത്ത് വെക്കുന്നത് നല്ലതാണ്. മാത്രവുമല്ല ഒരു മെയില്‍ ഐ.ഡി അറിയുമെങ്കില്‍ അതുപയോഗിച്ച് നടത്തിയിട്ടുള്ള മുഴുവന്‍ മെയിലുകള്‍, വോയിസ് ചാറ്റിംഗ്, ടെക്സ്റ്റ് ചാറ്റിംഗ് തുടങ്ങിയ എല്ലാ വിവരങ്ങളും ഐ.ഡി ഉടമ അറിയാതെ തന്നെ വളരെ എളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാനാവുമെന്ന യാഥാര്‍ഥ്യവും അധികമാര്‍ക്കും അറിയില്ല. ഈ വിദ്യ അറിയുന്നവര്‍ ഇന്ന് ധാരാളമുണ്ടെന്ന് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഗള്‍ഫ് നാടുകളിലെ മലയാളി കുടുബംങ്ങളിലെ കുട്ടികള്‍ക്കിടയില്‍ ഇത്തരം അശ്ലീല ചാറ്റിംഗ് വ്യാപകമായി വരുകയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സൌദി അറേബ്യയിലെ മലയാളി കുടുംബങ്ങള്‍ക്കിടയില്‍ മാത്രം നടത്തിയ ഒരു അന്വേഷണ റിപ്പോര്‍ട്ട് വളരെ ഞെട്ടിപ്പിക്കുതും അതിലേറെ വേദനാജനകവുമാണ്. കേരളത്തെ അപേക്ഷിച്ച് ഗള്‍ഫ് നാടുകളില്‍ കുട്ടികളെ ഇത്തരം ആഭാസത്തരങ്ങളിലേക്ക് നയിക്കുന്ന ഒരു പാട് അനുകൂല ഘടകങ്ങള്‍ കാണാം.

(തുടരും)

ഗഫൂര്‍ കൊണ്ടോട്ടി
gafoorkondotty@gmail.com
******

നിങ്ങള്‍ക്കൊരു സ്വന്തം ടി.വി ചാനല്‍

ഓരോരുത്തര്‍ക്കും സ്വയം പ്രസാധകനാകാനും പത്രാധിപരാകാനും അവസരം നല്‍കിയ ബ്ലോഗുകള്‍ക്ക് ശേഷം ഇതാ സ്വയം ചാനല്‍ ഉടമയായി മാറാന്‍ സഹായിക്കുന്ന വെബ്സൈറ്റ്. www/qik.com. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ലൈവ് ടെലികാസ്റ്റിംഗ് സൌകര്യം തന്നെ. വിവാഹാഘോഷം മുതല്‍ നാട്ടിലെ കലാ സാംസ്കാരിക പരിപാടികള്‍ വരെ ഒരു ചാനലിന്റെയും സഹായം കൂടാതെ നിങ്ങള്‍ക്ക് ലൈവായി സംപ്രേക്ഷണം ചെയ്യാം. ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ സാധ്യമാകാതെ വിദേശത്ത് കഴിയുന്നവര്‍ക്ക് ഇത് വലിയ തോതില്‍ സഹായകമാകും. ആവശ്യമായ സോഫ്റ്റ്വെയറും ജി.പി.ആര്‍.എസ് സൌകര്യമുണ്ടെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ടെലികാസ്റ്റിംഗ് നടത്താവുന്നതാണ്. സ്വകാര്യത സംരക്ഷിക്കാനുള്ള സംവിധാനവും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ ബ്ലോഗിലും വെബ് സൈറ്റുകളിലും ഇതുള്‍ക്കൊള്ളിക്കാനുള്ള സൌകര്യവും സൈറ്റ് നല്‍കുന്നു.

നബീല്‍ കണ്ണൂര്‍
nabeelvk@gmail.com
*****

വെബ് കൌതുകങ്ങള്‍

ടി.വി പരിപാടികള്‍ കാണാന്‍

ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും നിരവധി ടി.വി ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ലൈവ് ആയി കണ്ട് ആസ്വദിക്കാന്‍ സൌകര്യമൊരുക്കുന്ന ഗ്ലോബല്‍ ടെലിവിഷന്‍ പോര്‍ട്ടലാണ് http://viewmy.tv/. News, Music, Sport, Science, Films, Kids, Education എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികളിലായോ രാജ്യങ്ങളുടെയോ വന്‍കരകളുടെയോ അടിസ്ഥാനത്തില്‍ ഇനം തിരിച്ചോ വളരെ വ്യക്തതയേറിയ പരിപാടികള്‍ ചെറിയ വിന്‍ഡോയിലോ ഫുള്‍ സ്ക്രീനിലോ ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും ആസ്വദിക്കാം. പരസ്യങ്ങളുടെ അകമ്പടിയോടുകൂടിയാണ് പരിപാടികള്‍ ലഭ്യമാക്കുന്നതെതിനാല്‍ അവ തീര്‍ത്തും സൌജന്യമാണെന്നു മാത്രമല്ല സാധാരണ ഇത്തരം പോര്‍ട്ടലുകള്‍ ആവശ്യപ്പെടാറുള്ളതു പോലെ വെബ് റെജിസ്ട്രേഷനോ അക്കൌണ്ട് ക്രിയേഷനോ പോലും ആവശ്യമില്ല. കൂടാതെ പരിപാടികള്‍ നിങ്ങളുടെ വെബ് സൈറ്റുകളിലേക്കോ ബ്ലോഗുകളിലേക്കോ എംബെഡ് ചെയ്യുകയോ മൊബൈല്‍ ഫോണ്‍ വഴി വീക്ഷിക്കുകയോ ചെയ്യാനുള്ള സംവിധാനവും ലഭ്യമാണ്. ഏറ്റവും കൂടുതല്‍ റേറ്റിങ്ങ് ഉള്ള ചാനലുകള്‍, ഏറ്റവും കൂടുതല്‍ സേവ് ചെയ്യപ്പെടുന്ന പരിപാടികള്‍, അടുത്ത കാലത്ത് നിങ്ങള്‍ കണ്ട ചാനലുകള്‍ തുടങ്ങിയവ തിരഞ്ഞു പിടിക്കാനുതകുന്നതുള്‍പ്പെടെ വിപുലമായ സെര്‍ച്ച് സംവിധാനം ഇതിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്. പുറമെ നിങ്ങളുടെ ഇഷ്ട ചാനലുകളിലേക്ക് എളുപ്പത്തിലെത്തിച്ചേരാന്‍ സഹായിക്കുന്ന 'add to My Tv' എന്നൊരു സംവിധാനവും ഇതിലുണ്ട്.

റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

എരകപ്പുല്ല്
http://www.sasiayyappan.blogspot.com

അബൂദാബിയില്‍ പരസ്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന തൃശãൂര്‍ ചാമക്കാല സ്വദേശി ടി.എ. ശശിയുടെ ബ്ലോഗ്. കവിതകളോടാണ് ബ്ലോഗര്‍ക്ക് താല്‍പര്യം. ഒന്നിനെത്തന്നെ, നിന്നെപ്പോലെ, ഉപേക്ഷിക്കല്‍, ശിഷ്ടം, ജാക്സണ്‍ കടല്‍, ഇഴച്ചില്‍, പക്ഷിക്കോണി തുടങ്ങിയ കവിതകൊളൊക്കെ മനോഹരമായിരിക്കുന്നു. പല കവിതകളും ഭാഷാപോഷിണി, കലാകൌമുദി തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വെളിച്ചം കണ്ടവയുമാണ്. 'വെട്ടിപ്പിടിക്കലല്ല, കൊടുത്തു മുടിയലാണ് മനുഷ്യത്വ'മെന്ന് വിശ്വസിക്കുന്ന ശശിയുടെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാ വായനക്കാരെയും ക്ഷണിക്കുന്നു.

സന്ദേശം
http://sandeshammag.blogspot.com

ഇതൊരു പുനപ്രസിദ്ധീകരണ ശാലയാണ്. അഴുക്ക് പുരളാത്ത എഴുത്തുകള്‍ പെറുക്കിയെടുത്ത് വായനക്കാരന് നല്‍കാനുള്ള ശ്രമമെന്നാണ് ബ്ലോഗിന്റെ പ്രഖ്യാപിത ലക്ഷ്യം. ശാന്തതയുടെ മരച്ചുവട്ടില്‍ ഇത്തിരി നേരം ഇരിക്കാമെന്ന് കൊതിച്ചു കാത്തിരിക്കുന്ന സഹയാത്രികനെന്ന് വിശേഷിപ്പിക്കുന്ന കോട്ടക്കല്‍, ചൂനൂര്‍ സ്വദേശി അമീന്‍ വി.സിയാണ് ബ്ലോഗര്‍. പൊതു ജീവിതത്തിലെ സ്ത്രീ പങ്കാളിത്തം, സ്ത്രീയുടെ പദവി ഇസ്ലാമില്‍, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ പോരേ തുടങ്ങിയ പോസ്റ്റുകളുമായി ഇക്കഴിഞ്ഞ ജനുവരിയിലാരംഭിച്ച ബ്ലോഗ് വ്യത്യസ്ത വിഷയങ്ങളുമായി മുന്നേറുകയാണ്. 'വരൂ, ഈ ബ്ലോഗ് സന്ദര്‍ശിക്കൂ, നന്മയുടെ തണലില്‍, തണുപ്പില്‍ ഒരല്‍പനേരം ഇരിക്കാം'.

കൂട്
http://www.thabshi.blogspot.com/

മലയാളം ബ്ലോഗുകളില്‍ പ്രവാസികളാണ് മുന്‍നിരയില്‍. അബൂദാബിയില്‍ ജോലി ചെയ്യുന്ന തബ്ശീര്‍ പാലേരിയുടെ ബ്ലോഗാണ് 'കൂട്'. കൊച്ചുകവിതകള്‍ തന്നെയാണ് ഈ ബ്ലോഗിലെയും പോസ്റ്റുകള്‍. 2008 ഫെബ്രുവരിയില്‍ ആരംഭിച്ച ബ്ലോഗില്‍ പോസ്റ്റുകള്‍ നന്നെക്കുറവാണ്. കുറ്റ്യാടി പാലത്തിന് മീതെ നിന്ന് ഫ്ലാഷ് ബട്ടനമര്‍ത്തിയപ്പോള്‍ ഫോട്ടോയില്‍ കുടുങ്ങിയത് ചത്ത പട്ടിയും പൂച്ചയും ചീഞ്ഞളിഞ്ഞ പച്ചക്കറികളും കോഴിക്കടയില്‍ നിന്നുള്ള ചാക്കുകെട്ടുമൊക്കെയാണ്. മാറിമാറി എടുത്തിട്ടും പുഴ ഫോട്ടോയില്‍ കുടുങ്ങിയല്ലെന്ന് ബ്ലോഗര്‍ കവിതയിലൂടെ ആവിഷ്കരിക്കുന്നു. നല്ല ഭാവന. ഇനിയും എഴുയി ബ്ലോഗ് വിഭവസമൃദ്ധമാക്കുക.

വാള്‍ട്ടാമ്പാറ.com
http://www.valtampara.blogspot.com/

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ബ്ലാഗ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥയും കവിതയും എഴുതാറുള്ള ബ്ലോഗര്‍ ഇപ്പോള്‍ ജിദ്ദയില്‍ ജോലി ചെയ്യുന്നു. പോസ്റ്റുകള്‍ ഇമേജ് രൂപത്തില്‍ നല്‍കിയതിനാല്‍ ബ്ലോഗ് തുറക്കാന്‍ സമയമെടുക്കുന്നു. അവ വായിക്കാനും പ്രയാസം. ബ്ലോഗില്‍ നിന്ന് സന്ദര്‍ശകരെ അകറ്റാനേ ഇതുപകരിക്കൂ. അതേസമയം കവിതകളും മിനിക്കഥകളുമൊക്കെ നന്നായിരിക്കുന്നു. ബ്ലോഗിന് അധികം പഴക്കമില്ലാത്തതിനാല്‍ പോസ്റ്റുകള്‍ കുറവാണ്. ഇത് പരിഹരിക്കാന്‍ ശ്രമിക്കുക.
തണല്‍
http://www.shaisma.co.cc/

ഖത്തറില്‍ ജോലി ചെയ്യുന്ന ഇസ്മയില്‍ കുറുമ്പടിയുടെ ബ്ലോഗ്. കഥയും നര്‍മ്മഭാവനകളുമായി ബ്ലോഗ് സമ്പന്നമാണ്. സൃഷ്ടികള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. കൊസ്രാക്കൊള്ളി, വിലാപം, കനല്‍, പരീക്ഷണം, കെടാവര്‍, അവസ്ഥാന്തരം, തലയണ എന്നിവയൊക്കെയാണ് പുതിയ പോസ്റ്റുകള്‍. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച തന്റെ സൃഷ്ടികള്‍ക്ക് ബ്ലോഗില്‍ പ്രത്യേകം വിഭാഗം തന്നെയുണ്ട്. ഇസ്മയില്‍ നല്ലൊരു എഴുത്തുകാരനാണെന്ന് ബ്ലോഗിലെ പോസ്റ്റുകള്‍ വിളിച്ചറിയിക്കുന്നു. ബ്ലോഗിന് ധാരാളം സന്ദര്‍ശകരുണ്ട്. ധാരാളം കമന്റുകള്‍ ലഭിക്കുന്നുണ്ട്. ഭാവുകങ്ങള്‍ നേരുന്നു.
വി.കെ. അബ്ദു
vkabdu@gmail.com
==============


സന്ദര്‍ശകര്‍ ഇതുവരെ...