Tuesday, November 17, 2009

ഇന്‍ഫോമാധ്യമം (424) - 09/11/2009




കമ്പ്യൂട്ടറില്‍ ഇനി വിന്‍ഡോസ് 7

അവസാനം ഒക്ടോബര്‍ 22^ന് മൈക്രോസോഫ്റ്റ് ആ വാതിലും തുറന്നു ^ വിന്‍ഡോസ് 7. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതോടെ വിപണിയിലെത്തിയത്. സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന വിന്‍ഡോസ് വിസ്റ്റയുടെ പോരായ്മകള്‍ തിരുത്തിയാണ് പുതിയ ഓപറേറ്റിംഗ് സിസ്റ്റം ഉപഭോക്താക്കളെ തേടിയെത്തുന്നത്. രണ്ടായിരാമാണ്ടിനു ശേഷം വിവരസാങ്കേതിക മേഖലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും സുപ്രധാന മുന്നേറ്റമായാണ് മൈക്രോസോഫ്റ്റ് ഈ നീക്കത്തെ വിലയിരുത്തുന്നത്. എങ്കിലും ഇതിനോടുള്ള സാങ്കേതിക ലോകത്തിന്റെ പ്രതികരണം വരും ദിവസങ്ങളില്‍ അറിയാം.

കാര്യക്ഷമതയിലും ലാളിത്യത്തിലും വിന്‍ഡോസ് 7 ഏറെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസമാണ് മൈക്രോസോഫ്റ്റിനുള്ളത്. വിസ്റ്റയിലെ ഗ്രാഫിക്സിന്റെ അതിപ്രസരം കുറക്കാന്‍ വിന്‍ഡോസ് 7^ല്‍ ശ്രദ്ധിച്ചിട്ടുണ്ട്. ടാസ്ക്ബാറും ലളിതമാണ്. അനായാസത്തോടെ ഉപയോഗിക്കാനാവുമെന്ന മെച്ചവുമുണ്ട്. ഇക്കാലമത്രയും ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന കാല്‍ക്കുലേറ്ററിന്നും പെയിന്റിനും പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജമ്പ് ലിസ്റ്റ്, എയ്റോ ഷെയ്ക്ക്, സ്നാപ് തുടങ്ങിയ ഫീച്ചറുകളും ഇതോടൊപ്പം ഉപയോഗത്തില്‍ വരുത്തിയിരിക്കുന്നു. ഹാന്‍ഡ് റൈറ്റിംഗ് റെകഗ്നിഷനു പുറമെ കാര്യക്ഷമമായ ഫയല്‍ റിക്കവറി സംവിധാനവും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.

2001^ല്‍ പുറത്തിറങ്ങിയ വിന്‍ഡോസ് എക്സ്.പിയുടെ പ്രചാരത്തെ ഭേദിക്കാന്‍ 2006^ല്‍ എത്തിയ വിസ്റ്റക്ക് സാധിച്ചില്ല. കഴിഞ്ഞ ജനുവരിയില്‍ എക്സ്.പിക്കുള്ള സാങ്കേതിക സഹായം നിര്‍ത്തിയിട്ടുപോലും വിസ്റ്റ കരകയറിയില്ല. ആഗോള സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്ന അവസരത്തിലാണ് വിന്‍ഡോസ് 7 പുറത്തിറങ്ങുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ മേഖലയില്‍ നിന്നുയരുന്ന കടുത്ത വെല്ലുവിളിയും പെട്ടെന്നു തന്നെ വിസ്റ്റക്ക് ബദലായുള്ള ഓപറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാന്‍ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ചു. അങ്ങനെയാണ് വിന്‍ഡോസ് 7 പിറക്കുന്നത്. ഇതിന്റെ ബീറ്റാ പതിപ്പ് കഴിഞ്ഞ വര്‍ഷം പ്രത്യേകം തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. അവരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഫൈനല്‍ വേര്‍ഷന്‍ നിലവില്‍ വന്നിട്ടുള്ളത്.

കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാനെടുക്കുന്ന സമയം കുറവാണെന്ന് മാത്രമല്ല ഫയലുകള്‍ ഓപ്പന്‍ ചെയ്യാനായി ഒരു ക്ലിക്ക് തന്നെ മതിയാവും. മറ്റു പതിപ്പുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പോരായ്മകള്‍ കുറവാണ്. ഒരു വര്‍ഷംകൊണ്ട് ഇതിന്റെ 17.7 കോടി പതിപ്പുകള്‍ വിറ്റഴിക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിലൂടെ കമ്പനി നോട്ടമിടുന്നത് 14,40,000 കോടി രൂപയാണ്. ഇന്ത്യയില്‍ നിലവിലുള്ള 3.8 കോടി കമ്പ്യൂട്ടറുകളില്‍ 98 ശതമാനത്തിലും വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ 20 ശതമാനമെങ്കിലും പുതിയ പതിപ്പിലേക്ക് മാറുമെന്നാണ് മൈക്രോസോഫ്റ്റ് കണക്കുകൂട്ടുന്നത്. 2009 ജൂണ്‍ 26^ന് ശേഷം വിസ്റ്റ ലോഡ് ചെയ്ത കമ്പ്യൂട്ടറോ അല്ലെങ്കില്‍ വിസ്റ്റ മാത്രമായോ വാങ്ങിയവര്‍ക്ക് സൌജന്യമായി പുതിയ പതിപ്പിലേക്ക് മാറാനുള്ള സൌകര്യം മൈക്രോസോഫ്റ്റ് ഒരുക്കിയിട്ടുണ്ട്. വിസ്റ്റ മാത്രം വാങ്ങിയവര്‍ക്ക് കമ്പനിയുടെ സൈറ്റിലെത്തിയാല്‍ നേരിട്ട് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറാനുള്ള ലിങ്കുകളും ലഭിക്കും. വിസ്റ്റ, എക്സ്.പി പതിപ്പുകളില്‍ സൃഷ്ടിച്ച ഫയലുകളും ആപ്ളിക്കേഷനുകളും വിന്‍ഡോസ് 7^ല്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് അറിയിപ്പ്.

വ്യത്യസ്ത ഉപയോഗം ലക്ഷ്യമാക്കി ആറ് വിഭാഗമായിട്ടാണ് വിന്‍ഡോസ് 7 പുറത്തിറക്കിയിരിക്കുന്നത്. ആധുനിക ജീവിതശൈലിക്ക് ഇണങ്ങുന്ന വിധത്തിലാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും വിസ്റ്റയെ പോലുള്ള അനുഭവം വരാതിരിക്കാന്‍ ഉപഭോക്താക്കളും ശ്രദ്ധിക്കും.

ടി.വി. സിജു
tvsiju@gmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

സയന്‍സ് അങ്കിള്‍
http://scienceuncle.blogspot.com/

സയന്‍സിന്റെ മാന്ത്രികച്ചെപ്പെന്നാണ് ബ്ലോഗ് സ്വയം വിശേഷിപ്പിക്കുന്നത്. ചെറുപ്പകാലത്തിന്റെ കുസൃതികളാണ് ശാസ്ത്ര കൌതുകമായി വളരുന്നതത്രെ. അത്തരം ഒരു ഭൂതകാലത്തിലെ സ്മരണകള്‍ പുത്തന്‍ തലമുറക്ക് കൂടി സമ്മാനിക്കാനാണ് ഈ സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഇത് കൂട്ടുകാര്‍ക്കുള്ള കനപ്പെട്ട ഉപഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഏറെ സ്നേഹത്തോടെ സയന്‍സ് അങ്കിള്‍ പറയുന്നത്. ബ്ലോഗ് സന്ദര്‍ശിക്കുന്ന ആരും ഇതും സമ്മതിക്കുക തന്നെ ചെയ്യും. സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായൊരു ബ്ലോഗ്.

എനിക്ക് പറയാനുള്ളത്
http://rehnaliyu.blogspot.com/

അത്ര പാവമൊന്നുമല്ലാത്ത ഒരു തൃശൂര്‍ക്കാരി 'വല്യമ്മായി'യുടെ ബ്ലോഗാണിത്. തനിക്ക് പറയാനുള്ളതെല്ലാം തുറന്നെഴുതുന്ന ഇടം. അത് ഓര്‍മ്മക്കുറിപ്പ്, കവിത, കഥ, പലവക, ആത്മീയം, ചിന്ത, വായനാനുഭവം, സ്വകാര്യം, വിവര്‍ത്തനം, ദുബായ്, ബ്ലോഗ് ഇവന്റ്, വിജ്ഞാനം ഇവയിലേതെങ്കിലുമൊന്നാവാം. എല്ലാം ബ്ലോഗില്‍ ചിട്ടയായി അടുക്കിവച്ചിരിക്കുന്നു. 2006 ജൂലൈ മുതല്‍ക്കുതന്നെ ഇവര്‍ ബ്ലോഗിലുണ്ട്. കറുത്ത പശ്ചാത്തലത്തിലുള്ള ബ്ലോഗ് പേജ് അത്ര സുഖകരമായി തോന്നുന്നില്ല. അതേതായാലും വല്യമ്മായിക്കു പറയാനുള്ളത് എന്താണെന്നറിയാന്‍ വായക്കാരെയും ക്ഷണിക്കുകയാണ്.

അഞ്ചല്‍
http://anchalkaran.blogspot.com/
ജയം കാംക്ഷിച്ച് തോല്‍വി സ്വന്തമാക്കുന്നവന്‍. പരാജയം പണം കൊടുത്ത് നേടുന്നവന്‍. അപജയത്തില്‍ അഹങ്കരിക്കുന്നവന്‍. വടികൊടുത്ത് അടി ഇരന്ന് വാങ്ങുന്നവന്‍. അതാണ് അഞ്ചല്‍ക്കാരന്‍. ബ്ലോഗിലെ പോസ്റ്റുകളിലെ മുഖ്യധാര സാമൂഹ്യ വിമര്‍ശനമാണ്. കവിതകളും ഉണ്ട്. ആകെ 151 പോസ്റ്റുകളും 2145 കമന്റുകളുമാണ് ബ്ലോഗിന്റെ മുതല്‍ക്കൂട്ട്. 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്നൊരു ബ്ലോഗ് കൂടി അഞ്ചല്‍ക്കാരന്റേതായി ബൂലോകത്തുണ്ട്.

കുഞ്ഞന്‍സ് ലോകം
http://kunjantelokam.blogspot.com/
ബഹ്റൈനില്‍ കുടുംബ സമേതം താമസിക്കുന്ന കുഞ്ഞനാണ് ബ്ലോഗര്‍. പെരുമ്പാവൂര്‍ സ്വദേശി. പേര് പ്രവീണ്‍. സര്‍ഗപരമായ യാതൊരു കഴിവുമില്ലെന്ന് സ്വയം ബോധ്യമുണ്ടെന്നാണ് കുഞ്ഞന്‍ പറയുന്നത്. ഈ വാക്കുകളിലെ വിനയവും ആത്മാര്‍ഥതയും നമുക്ക് മാനിക്കാം. ഇത് തയ്യാറാക്കുമ്പോള്‍ 52 രാജ്യങ്ങളില്‍ നിന്നായി 9448 പേര്‍ കുഞ്ഞന്‍സ് ലോകം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണക്ക്. 'വീണ്ടുമൊരു സ്വര്‍ണ്ണച്ചതിക്കുഴി' എന്നതാണ് ഏറ്റവും പുതിയ പോസ്റ്റ്. നാട്ടില്‍ വരുന്ന ഗള്‍ഫുകാര്‍ സ്വര്‍ണാഭരണം വാങ്ങുന്നതിന് മുമ്പായി ഈ പോസ്റ്റ് വായിക്കേണ്ടതാണ്.

നീര്‍വിളാകന്‍
http://neervilakan.blogspot.com/

ആറന്മുള പഞ്ചായത്തിലെ നീര്‍വിളാകം സ്വദേശിയും ശുദ്ധ ഗ്രാമീണനനുമാണ് ബ്ലോഗര്‍. ഇപ്പോള്‍ ജിദ്ദയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. മിനിക്കഥകളിലാണ് ബ്ലോഗര്‍ക്ക് താല്‍പര്യം. ഒരു സംഭവ കഥയെ അല്‍പം ഭാവുകത്വം ചേര്‍ത്ത് അവതരിപ്പിച്ച 'നാടകമേ ഉലകം!' എന്ന കഥയാണ് പുതിയ പോസ്റ്റ്. കഥകളെല്ലാം നന്നായിട്ടുണ്ടെന്നാണ് സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ആശംകള്‍.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

ഐക്കണ്‍ ലഭ്യമാക്കാന്‍

വെബ്സൈറ്റുകള്‍ നിര്‍മിക്കുമ്പോഴും പല വിധ ഡിസൈന്‍ പ്രൊജക്ടുകള്‍ ചെയ്യുമ്പോഴും അതുപോലെത്തന്നെ ഡോക്യുമെന്റുകള്‍ ആകര്‍ഷകങ്ങളാക്കുന്നതിനു വേണ്ടിയും പലപ്പോഴും നമുക്ക് പല വിധത്തിലും തരത്തിലും പെട്ട ഐക്കണുകള്‍ ആവശ്യമായി വരാറുണ്ട്. അത്തരത്തിലുള്ള ഏതാവശ്യങ്ങള്‍ക്കും അനുയോജ്യമായ അതി സുന്ദരങ്ങളായ ഐക്കണുണുകള്‍ ആവശ്യമായി വരുമ്പോള്‍ നേരെ http://icones.pro/ സൈറ്റില്‍ കയറിക്കോളൂ. നിങ്ങള്‍ക്കാവശ്യമുള്ള ഏതു തരം ഐക്കണുകള്‍ വേണമെങ്കിലും ആ സൈറ്റില്‍ നിന്ന് കിട്ടിയിരിക്കും!! സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന പതിനയ്യായിരത്തിലധികം ഐക്കണുകളുടെ വന്‍ ശേഖരമാണിത്. PNG, ICO ഫോര്‍മാറ്റുകളിലും വ്യത്യസ്ത നിറങ്ങളിലും വിവിധ വലുപ്പത്തിലുമുള്ള ഐക്കണുകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോലും കൂടാതെ ലഭ്യമാണ്. ഫ്രഞ്ച് ഭാഷയിലാണ് ഈ സൈറ്റെന്ന ചെറിയൊരു പ്രശ്നമുണ്ടെങ്കിലും അല്‍പം മനോധര്‍മമുപയോഗിച്ച് നമുക്കിഷ്ടമുള്ള ഐക്കണുകള്‍ തെരഞ്ഞു പിടിക്കാം. കീ വേഡുകള്‍ നല്‍കി സെര്‍ച്ച് ചെയ്യുകയോ Twitter, RSS, Apple, Facebook... എന്നിങ്ങനെ കാറ്റഗറി അടിസ്ഥാനപ്പെടുത്തി ബ്രൌസ് ചെയ്യുകയോ ആവാം. കൂടാതെ ഐക്കണുകളുടെ കളറുകളില്‍ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താനും പ്രിവ്യൂ ചെയ്യാനും സൈറ്റില്‍ സംവിധാനങ്ങളുണ്ട്.

റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

പുസ്തക പരിചയം

സൈബര്‍ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ സൈബര്‍ നിയമവും

ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിവര സാങ്കേതിക വിദ്യ സ്വാധീനമുറപ്പിച്ചിരിക്കയാണ്. റെയില്‍വേ^വിമാന ടിക്കറ്റ് ബുക്കിംഗ് മുതല്‍ പുസതകങ്ങളടക്കം നിത്യജീവിതത്തിനാവശ്യമായ ഉപഭോക്തൃസാധനങ്ങളുടെ വാങ്ങലും വില്‍ക്കലും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ അനായാസം നടക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായമില്ലാത്ത ബാങ്ക് ഇടപാട് ഇന്ന് സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ല. ആധുനിക സൌകര്യങ്ങളെല്ലാം കൈപിടിയിലൊതുക്കാന്‍ പ്രാപ്തമായ മൊബൈല്‍ ഫോണ്‍ ആര്‍ക്കും പ്രാപ്യമായിരിക്കുന്നു. പ്രയോഗം വര്‍ദ്ധിച്ചുവരുന്നതിനനുസരിച്ച് വിവര സാങ്കേതികവിദ്യയുടെ ദുരുപയോഗവും അതുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരികയാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ വിവിധ പ്രയോഗ രീതികളും അവ തടയാനുള്ള മാര്‍ഗങ്ങളും അത്യന്തം ലളിതമായി വിശദീകരിക്കുന്ന ഗ്രന്ഥമാണ് 'സൈബര്‍ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ സൈബര്‍ നിയമവും'. സംസ്ഥാനത്ത് വിവരസാങ്കേതിക രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ സ്ഥാനങ്ങള്‍ വഹിക്കുകയും ഇപ്പോള്‍ ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ. അന്‍വര്‍ സാദത്താണ് ഗ്രന്ഥകര്‍ത്താവ്. ഡോ. ബി. ഇഖ്ബാലാണ് ജനറല്‍ എഡിറ്റര്‍. ഹാക്കിംഗ്, ഫിഷിംഗ്, വൈറസ് ആക്രമണം മുതല്‍ ഇന്റര്‍നെറ്റിലൂടെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ വരെ ഇതില്‍ വിശദീകരിക്കുന്നു. വ്യക്തിതലത്തില്‍ നടത്തേണ്ടുന്ന പ്രതിരോധ മാര്‍ഗങ്ങളും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള 'ഇന്ത്യന്‍ സൈബര്‍ നിയമങ്ങളും' പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഐ.ടി വിദ്യാര്‍ഥികള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും മാത്രമല്ല മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളായ സാധാരണക്കാര്‍ക്കുമെല്ലാം ഈ പുസ്തകം അങ്ങേയറ്റം പ്രയോജനപ്പെടും. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തത്തിന്റെ വില 75 രൂപ.
=========================

സന്ദര്‍ശകര്‍ ഇതുവരെ...