
വിന്‍ഡോസ് 7 ന്റെ ആക്റ്റിവേഷന്‍ കോഡ് ഹാക്ക് ചെയ്തു
ചൈനയില്‍ പോയിട്ടാണെങ്കിലും വിദ്യ നേടണമെന്നാണ് ആപ്ത വാക്യം. വെറും വിദ്യ മാത്രല്ല. വിവര സാങ്കേതിക വിദ്യയുടെയും അവസ്ഥ ഇതുതന്നെ. അമേരിക്കന്‍ കുത്തക കമ്പനിയായ മൈക്രോസോഫ്റ്റ് കമ്പനി അടുത്ത ഒകടോബറില്‍ പുറത്തിറക്കുമെന്ന് ഔദ്യേഗികമായി പ്രഖ്യാപിച്ച പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 7^ന്റെ ആക്റ്റിവേഷന്‍ കോഡ് കൈവശപ്പെടുത്തുന്നതില്‍ ചൈനക്കാരായ ഒരുപറ്റം ഹാക്കര്‍മാര്‍ വിജയിച്ചതായി പ്രമുഖ പത്രങ്ങള്‍ ഈയ്യിടെ റിപ്പോര്‍ട്ട് ചെയ്തു. വിന്‍ഡോസ് 7^ന്റെ ഔദ്യോഗിക ലോഞ്ചിംഗിന് മുമ്പായി, ചൈന ഉള്‍പ്പെടെ ലോകത്തെങ്ങുമുള്ള കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് മൈക്രോസോഫ്റ്റ് കൈമാറിയ വിന്‍ഡോസിന്റെ പുതിയ പതിപ്പ് കൈവശപ്പെടുത്തിക്കൊണ്ടാണ് ഹാക്കര്‍മാര്‍ ഇത് തരപ്പെടുത്തിയത്. സംഭവം മൈക്രോസോഫ്റ്റിനെ ഞെട്ടിപ്പിച്ചിരിക്കയാണ്. ഒറിജിനല്‍ പതിപ്പ് വിപണിയിലെത്തുന്നതിന് മുമ്പായി വിന്‍ഡോസിന്റെ വ്യാജ പതിപ്പുകള്‍ വിപണി കീഴക്കുമെന്നാണ് കമ്പ്യൂട്ടര്‍ ലോകത്ത് പ്രചരിക്കുന്ന വാര്‍ത്ത. അതായത് പ്രത്യേകം വെബ്സൈറ്റുകളിലൂടെയും വ്യാജ സിഡികളിലൂടെയും ഓപറേറ്റിംഗ് സിസ്റ്റം ഉപയോക്താക്കള്‍ക്ക് യഥേഷ്ടം ലഭ്യമാക്കാനാവും.
വ്യാജനാണെങ്കിലും ഇതിന് ഒറിജിനല്‍ പതിപ്പിന്റെ എല്ലാ സവിശേഷതകളും സൌകര്യങ്ങളുമുണ്ടായിരിക്കും. മൈക്രോസോഫ്റ്റിന്റെ സെര്‍വറുകള്‍ക്ക് ഇതിനെ തിരിച്ചറിയാനാവില്ലെന്നും അതിനാല്‍ ഒറിജിനല്‍ പതിപ്പ് പോലെത്തന്നെയായിരിക്കും ഇതിനെ കൈകാര്യം ചെയ്യുക എന്നും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അവലോകനം ചെയ്ത പ്രമുഖ വെബ് പോര്‍ട്ടലുകള്‍ എഴുതുന്നു. അതേസമയം വിന്‍ഡോസിന്റെ ആക്റ്റിവേഷന്‍ കോഡ് ഹാക്ക് ചെയ്തത് തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിന്നെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. ഇത്തരം വ്യാജ പതിപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഇതുമുഖേന വൈറസ് ആക്രമണം പോലുള്ള മാരകമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നും ചിലപ്പോള്‍ കമ്പ്യൂട്ടറിലെ മൊത്തം ഡാറ്റകള്‍ തന്നെ നശിപ്പിക്കപ്പെട്ടേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
മരുപ്പച്ച
http://maruppacha.com/
സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ പുതിയ തലങ്ങളിലേക്ക് വളരുകയാണ്. ഒരുകൂട്ടം വ്യക്തികള്‍ക്ക് കൂട്ടായ ശ്രമമെന്ന നിലക്ക് ബ്ലോഗ് സൈറ്റുകള്‍ രൂപകല്‍പന ചെയ്യാനും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പോസ്റ്റുകള്‍ നല്‍കാനും സാധ്യമായിരിക്കുന്നു. ഈ സാധ്യത പ്രയോജനപ്പെടുത്തി മലയാളത്തില്‍ നിര്‍മ്മിച്ച മികച്ചൊരു ബ്ലോഗാണ് മരുപ്പച്ച. ഷാര്‍ജ സംവേദന വേദിയുടെ ആഭിമുഖ്യത്തില്‍ ഒരുപറ്റം കലാസ്നേഹികളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ഗാത്മക സാഹിത്യ രചനകളെ പ്രോല്‍സാഹിപ്പിക്കലാണ് ബ്ലോഗിന്റെ ലക്ഷ്യം. ഇതിനകം ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സാധിച്ച ഈ ബ്ലോഗ് മലയാളത്തിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് രംഗത്ത് പുതിയൊരു തരംഗത്തിന് തുടക്കം കുറിച്ചിരിക്കയാണ്.
ഗണിതശാസ്ത്രത്തിനൊരു ബ്ലോഗ്
http://www.mathematicsschool.blogspot.com/
സംസഥാനത്തെ ഒരു പറ്റം അധ്യാപകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബ്ലോഗിന്റെ മുഖ്യ ലക്ഷ്യം ഗണിത ശാസ്ത്ര സംബന്ധമായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുക എന്നതാണ്. ഈ വിഷയത്തില്‍ ഒട്ടേറെ കനപ്പെട്ട പോസ്റ്റുകള്‍ ബ്ലോഗിലുള്‍പ്പെടുത്തിയിരിക്കുന്നു. ചുരുങ്ങിയ കാലയളവില്‍ ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സാധിച്ച ബ്ലോഗിന് സാങ്കേതിക നേതൃത്വം നല്‍കുന്നത് കെ.ജി. ഹരികുമാര്‍ എടവനക്കാട്, വി.കെ. നിസാര്‍ അഴീക്കോട് എന്നിവരാണ്.
ചിത്രകാരന്‍
http://chithrakarans.blogspot.com/
സുഖിപ്പിക്കല്‍ ആര്‍ക്കും നടത്താവുന്ന ഉപരിപ്ലവമായ മാന്യതയാണ്. എല്ലാവരും സുഖലോലുപരായി കമ്പോള സംസ്കാരത്തിന്റെ ലഹരിയില്‍ ആറാടുമ്പോള്‍ അപ്രിയ സത്യങ്ങള്‍ കാണാനും പറയാനും ആരെങ്കിലും വേണമല്ലോ. തന്റെ ബ്ലോഗിന്റെ മുഖമുദ്രയായ ഈ ദൌത്യമാണ് ചിത്രകാരന്‍ എന്ന ബ്ലോഗര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രകാരന്‍ എളിയ രീതിയില്‍ ആ ധര്‍മ്മം നിറവേറ്റട്ടെ. ബ്ലോഗിലൂടെ ഇതുതന്നെയാണ് ചിത്രകാരന്‍ നിറവേറ്റുന്നത്. ചിന്തകള്‍ അബ്സ്ട്രാറ്റ് ആകുക സാധാരണമാണ്. ഉദ്ദേശ ശുദ്ധി മാത്രം വിലമതിക്കാന്‍ ചിത്രകാരന്‍ താല്‍പര്യപ്പെടുന്നു.
കേരള ബ്ലോഗ് അക്കാദമി
http://keralablogacademy.blogspot.com/
ബ്ലോഗിനെ സനേഹിക്കുകയും തങ്ങളുടെ ബ്ലോഗുകളിലൂടെ മലയാള ഭാഷക്ക് ഇന്റര്‍നെറ്റില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്ത ഒരുപറ്റം ബ്ലോഗര്‍മാരുടെ കൂട്ടായ്മയാണ് 'കേരള ബ്ലോഗ് അക്കാദമി' എന്ന ബ്ലോഗ്. മലയാളം ബ്ലോഗുകളെക്കുറിച്ചും ബ്ലോഗര്‍മാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് പുറമെ കേരള ബ്ലോഗ് അക്കാദമി ഇടക്ക് സംഘടിപ്പിക്കാറുള്ള ബ്ലോഗര്‍മാരുടെ ഒത്തുചേരലും ഇതില്‍ വിഷയമാണ്. ജൂലൈ അവസാന വാരത്തില്‍ എറണാകുളത്തെ ചെറായില്‍ സംഘടിപ്പിച്ച ബ്ലോഗര്‍മാരുടെ ഒത്തുചേരലിന്റെ വിശദവിവരങ്ങളും ബ്ലോഗില്‍ കാണാം.
നമ്മുടെ ബൂലോകം
http://boolokamonline.blogspot.com/
ബൂലോക വാര്‍ത്തകള്‍ക്കും ബൂലോക രസങ്ങള്‍ക്കുമായി ഒരു ഇ^പത്രം. അതാണ് നമ്മുടെ ബൂലോകം. നര്‍മം തുളുമ്പുന്ന ലേഖനങ്ങളും അഭിമുഖങ്ങളും ഈ ബ്ലോഗിന്റെ സവിശേഷതയാണ്. അരുണ്‍ v/s നട്ടപ്പിരാന്തന്‍, ഒരു അവിവാഹിതന്റെ ഓണ സദ്യ, ബൂലോകത്തെ മാവേലികള്‍, ഓണം വിത്ത് ഓണം, ഏറനാടന്‍ കഥകള്‍ തുടങ്ങിയ പോസ്റ്റുകളൊക്കെ രസകരമായിരിക്കുന്നു. ബ്ലോഗ് വിശകലനം, എന്റെ ഇഷ്ട ബ്ലോഗ് തുടങ്ങിയ ഒട്ടേറെ പംക്തികളും ബ്ലോഗില്‍ വായിക്കാം.
വി.കെ. അബ്ദു
vkabdu@gmail.com
*****
വെബ് കൌതുകങ്ങള്‍
സെര്‍ച്ച് എഞ്ചിനുകള്‍ക്കൊരു വെബ് പേജ്
ഏതു വിഷയത്തെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുതിനും ലഭ്യമായ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുതിനും അഭ്യസ്തവിദ്യര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇക്കാലത്ത് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണല്ലോ. ഗൂഗിള്‍, യാഹൂ, എം.എസ്.എന്‍ (ഇപ്പോള്‍ ബിംഗ്്) തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളില്‍ കയറി കീവേഡുകള്‍ കൊടുത്താല്‍ ലഭ്യമായകുന്ന ലിങ്കുകളില്‍ നിന്നും ലിങ്കുകളിലൂടെ പലവട്ടം കയറിയിറങ്ങുമ്പോള്‍ നമുക്കാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നു. അതുപോലത്തന്നെ ഒരു സെര്‍ച്ച് എഞ്ചിനില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ തൃപ്തികരമല്ലെന്ന് തോന്നുന്ന പക്ഷം മറ്റേതെങ്കിലും സെര്‍ച്ച് എഞ്ചിനുകളില്‍ കയറി അന്വേഷണം തുടരുകയുമാവാം. പക്ഷേ സെര്‍ച്ച് എഞ്ചിനുകളില്‍ മാറിമാറി യു.ആര്‍.എല്‍ അടിച്ചു കയറുകയെന്നത് സമയമെടുക്കുന്ന പക്രിയയാണ്. എന്നാല്‍ നിങ്ങള്‍ക്ക് ദൈനംദിന സെര്‍ച്ചിന് ആവശ്യമായ സാധാരണ സെര്‍ച്ച് എഞ്ചിനുകള്‍ മുതല്‍ സ്പെഷ്യലൈസ്ഡ് സെര്‍ച്ച് എഞ്ചിനുകള്‍ വരെയുള്ളവയിലേക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് ഒരേയൊരു ക്ലിക്കിലൂടെ കയറാനൊക്കുമെങ്കില്‍ സംഗതി വളരെ എളുപ്പമായിരിക്കില്ലേ? അത്തരമൊരു സംവിധാനമാണ് http://wisestart.co.uk/ എന്ന സെര്‍ച്ച് പോര്‍ട്ടല്‍ അവതരിപ്പിക്കുന്നത്. സൈറ്റിന്റെ മുഖപ്പേജില്‍ ഇനം തിരിച്ച് വിന്യസിച്ചിട്ടുള്ള ഐക്കണുകളില്‍ ക്ലിക്ക് ചെയ്ത് അഞ്ഞൂറില്‍ പരം സെര്‍ച്ച് എഞ്ചിനുകളിലേക്ക് നേരിട്ട് പ്രവേശിച്ച് നിങ്ങള്‍ക്കു സെര്‍ച്ച് നടത്താം. വളരെ മനോഹരമായി വര്‍ഗീകരിച്ച് അടുക്കിവെച്ചിട്ടുള്ള ഐക്കണുകളില്‍ നിന്നും നിങ്ങള്‍ക്കാവശ്യമുള്ള ഏതു സെര്‍ച്ച് പോര്‍ട്ടലിന്റെ ഐക്കണ്‍ കണ്ടു പിടിക്കുന്നതും വളരെ എളുപ്പമായിരിക്കും. പരീക്ഷിച്ചു നോക്കൂ.
റയിസ്ല മര്‍യം
raizlamaryam@hotmail.com
*****
നോക്കിയയുടെ റമദാന്‍ സൈറ്റ്
ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോക്കിയ മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാനായി രൂപകല്‍പന ചെയ്ത ഒട്ടേറെ ഇസ്ലാമിക സോഫ്റ്റ്വെയറുകളുമായി രംഗത്തെത്തിയിരിക്കുന്നു. മൊബൈല്‍ ഫോണിന് വേണ്ടിയുള്ള സമ്പൂര്‍ണ്ണ മുസ്ഹഫ്, ഹദീസ് ഗ്രന്ഥങ്ങള്‍, വിവിധ പ്രദേശങ്ങളിലെ നമസ്കാര സമയം, ആശംസാ കാര്‍ഡുകള്‍, സക്കാത്ത് കാല്‍ക്കുലേറ്റര്‍, ഹജ്ജ് ഗൈഡ്, പ്രാര്‍ത്ഥനകള്‍ തുടങ്ങിയ സോഫ്റ്റ്വെയറുകള്‍ ഇതിലുള്‍പ്പെടുന്നു. ഹദീസ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഏറെ പ്രശസ്തമായ ബുഖാരി, മുസ്ലിം, രിയാദുസ്സാലിഹീന്‍, നവവിയുടെ നാല്‍പത് ഹദീസുകള്‍ എന്നിവയാണ് സോഫ്്റ്റ്വെയറിലുള്‍പ്പെടുത്തിയിരിക്കുന്നു. ഹദീസുകള്‍ എസ്.എം.എസ് സന്ദേശങ്ങളായി അയക്കാനും ഇതില്‍ സൌകര്യമുണ്ട്. ഖുര്‍ആന്‍ സോഫ്്റ്റ്വെയറില്‍ ഉസ്മാനി ലിപിയിലുള്ള മുസഹഫിന് പുറമെ പ്രശസ്ത ഖുര്‍ആന്‍ പാരായണക്കാരായ ഹുദൈഫി, ശുറൈം, സുദൈസ് എന്നിവരുടെ പാരായണം കേള്‍ക്കാനും സൌകര്യമുണ്ട്. നോക്കയയുടെ 5130, 5800, 6120, 6300, 6303, 6720, 6730, 7210, E66, E75, N86, N97 തുടങ്ങിയ ഹാന്‍ഡ്സെറ്റുകളിലെല്ലാം സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കും. http://www.nokia.com/ramadan എന്ന സൈറ്റിലൂടെ സോഫ്റ്റ്വെയറുകള്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
*****
ഖുര്‍ആന്‍ ഓഡിയോ ലൈബ്രറി
വിശ്വാസികള്‍ക്ക് പുണ്യങ്ങള്‍ വാരിക്കൂട്ടാനുള്ള അസുലഭ അവസരമാണ് റമദാന്‍. വ്രതാനുഷ്ഠാനത്തോടൊപ്പം വിശുദ്ധ വേദ ഗ്രന്ഥമായ ഖുര്‍ആനും ഏറെ പാരായണം ചെയ്യപ്പെടുന്ന മാസമാണിത്. സാധ്യമായ വിധത്തില്‍ അവര്‍ ഖുര്‍ആന്‍ പാരായണത്തിനും പാരായണം കേള്‍ക്കാനും സമയം കണ്ടെത്തുന്നു. ഖുര്‍ആന്‍ പാരായണം ഹൃദ്യമായി ശ്രവിക്കാനും സൌജന്യമായി എം.പി 3 ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാനും സൌകര്യമൊരുക്കുകയാണ് www.mp3quran.net എന്ന വെബ്സൈറ്റ്. ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച് തുടങ്ങിയ അഞ്ച് ഭാഷകളില്‍ സൈറ്റ് ലഭ്യമാണ്. അറബ് ലോകത്തെ പ്രശസ്തരായ എഴുപതോളം 'ഖാരിഉ'കളുടെ ഖുര്‍ആന്‍ പാരായണം സൈറ്റില്‍ ലഭ്യമാണ്. മുസ്ലിം ലോകത്തുള്ള എല്ലാവര്‍ക്കും വേണ്ടി സജ്ജമാക്കിയ ഈ സൈറ്റ് റമദാനില്‍ കൂടുതല്‍ സജീവമാവുകയാണ്. വിശുദ്ധിയുടെ നാളുകളില്‍ ഈ സൈറ്റിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമായിരിക്കുമെന്നതില്‍ സംശയമില്ല.
ഹാരിസ് വാണിമേല്‍
kpharis@maktoob.com
========================