
ടി.വി.സിജു
tvsiju@gmail.com
ഒടുവില്‍ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു - തങ്ങളുടെ ഓഫീസ് പാക്കേജ് ഓണ്‍ലൈനിലെത്തിക്കുമെന്ന്. അതോടെ ഐ.ടി രംഗത്തെ രണ്ട് പ്രമുഖ കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന് ആക്കം കൂടിയിരിക്കയാണ്. ഒളിയുദ്ധം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റിനെ പുറത്തുചാടിച്ചിരിക്കുന്നത് ഗൂഗിളിന്റെ പുതിയ പ്രഖ്യാപനമാണ്. ഗൂഗിള്‍ ക്രോം എന്ന വെബ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം അടുത്ത വര്‍ഷം പകുതി കഴിയുമ്പോഴേക്കും വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം വിപണി നിയന്ത്രിക്കുന്ന മൈക്രോസോഫ്റ്റിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതുവരെ ഒളിയമ്പുകള്‍ മാത്രമായിരുന്നു ഇരു കമ്പനികളും പരീക്ഷിച്ചു വന്നിരുന്നത്. എന്നാല്‍ ഇനി 'യുദ്ധം' കനക്കും. ഈ യുദ്ധത്തിന്റെ അനന്തരഫലം ഉപയോക്താക്കള്‍ക്ക് നേട്ടമായിരിക്കും. മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്സെല്‍, പവര്‍ പോയിന്റ്, വണ്‍ നോട്ട് തുടങ്ങിയ സോഫ്റ്റ്വെയറുകളുള്‍ക്കൊള്ളുന്ന ഓഫീസ്-2010 പാക്കേജാണ് അടുത്ത വര്‍ഷം ഓണ്‍ലൈനില്‍ എത്തിക്കാന്‍ മൈക്രോസോഫ്റ്റ് പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷം മുമ്പ് ഗൂഗിള്‍ നടപ്പാക്കിയ 'ഗൂഗിള്‍ ഡോക്സ്' പദ്ധതിക്കെതിരെ മൈക്രോസോഫ്റ്റിന്റെ ആദ്യനീക്കമാണിത്. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകാന്‍ തുടങ്ങിയെ തോന്നാലാണ് ഓഫീസ് പാക്കേജിന്റെ വൈവിധ്യവല്‍ക്കരണത്തിലൂടെ മൈക്രോസോഫ്റ്റ് ലക്ഷ്യംവക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ നിര്‍മ്മാതാക്കളായ മൈക്രോസോഫ്റ്റ് 'ബിംഗ്' എന്ന പേരില്‍ ഒരു സെര്‍ച്ച് എന്‍ജിന്‍ സംവിധാനം കൊണ്ടുവന്ന് ഏതാനും നാളുകള്‍ക്ക് മുമ്പാണ് ഗൂഗിളിനു നേരെ വെടി ഉതിര്‍ത്തത്. അതിനു മറുപടി എന്ന നിലക്ക് ഗൂഗിള്‍ ക്രോം എന്ന പേരില്‍ വെബ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഗൂഗിള്‍ മറുവെടി പൊട്ടിച്ചു. ഇതോടെയാണ് ശീതസമരം മാറ്റി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ഇരു കമ്പനികളും തീരുമാനിച്ചത്. ഒരുപാട് സാധ്യതകളാണ് വെബ് നമുക്ക് മുന്നില്‍ തുറക്കുന്നത് - പദ്ധതി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് പ്രോഡക്ട് മാനേജര്‍ പറഞ്ഞു. ആഗോളവ്യാപകമായി 50 കോടി ഉപഭോക്താക്കള്‍ക്ക് വിട്ടുവീഴ്ചയില്ലാതെ വെബിന്റെ ശക്തി തെളിയിച്ചുകൊടുക്കാന്‍ മൈക്രോസോഫ്റ്റിന് കഴിയും. അത് ഓണ്‍ലൈനായാലും അല്ലെങ്കിലും ഉള്ളടക്കത്തിലോ പ്രവര്‍ത്തനത്തിലോ വിശ്വാസ്യതയിലോ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും ഉപഭോക്താക്കള്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് വെബ് അധിഷ്ഠിത സേവനം നല്‍കാന്‍ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നത്. വിന്‍ഡോസ് ലൈവ് ഉപയോഗിക്കുന്ന 40 ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് ഓഫീസ് പാക്കേജിന്റെ വെബ് അധിഷ്ഠിത രൂപം സൌജന്യമായി നല്‍കാനാണ് തീരുമാനം. ടെസ്റ്റിംഗ് ഒക്കെ കഴിഞ്ഞ് ഇക്കൊല്ലം അവസാനത്തോടെ ഇതിന്റെ ബീറ്റാ വേര്‍ഷന്‍ ഇറക്കുമത്രെ. 2010 പകുതിയോടെ ഇതിന്റെ ഫൈനല്‍ വേര്‍ഷനും വിപണിയില്‍ പ്രതീക്ഷിക്കാം. അപ്പോഴേക്കും ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ക്രോം, വിപണിയിലെത്തുകയും ചെയ്യും. ഏകദേശം നാനൂറ് കോടി ഡോളര്‍ നഷ്ടം വരുന്ന പരിപാടിക്കാണ് മൈക്രോസോഫ്റ്റ് മനസ്സില്ലാ മനസ്സോടെ സമ്മതംമൂളിയിരിക്കുന്നത്. കമ്പനി ഇത്തിരി 'നഷ്ടം' നേരിട്ടാലും എല്ലാവരും മൈക്രോസോഫ്റ്റ് ഉല്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന ബിസിനസ്സ് തന്ത്രമാണ് മൈക്രോസോഫ്റ്റ് മുന്നോട്ടുവെക്കുന്നത്. അധികൃതരുടെ ഈ തീരുമാനത്തിന് കമ്പനി ഓഹരി ഉടമകളും അനുകൂലമാണെന്ന് തെളിഞ്ഞിരിക്കുന്നു. തീരുമാനം പുറത്തുവന്ന ദിവസം 3.8 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി 23.23 ഡോളറിലാണ് ഓഹരി കച്ചവടം അവസാനിപ്പിച്ചത്. മൈക്രോസോഫ്റ്റും ഗൂഗിളും തമ്മിലുള്ള പോരാട്ടം ഉപഭോക്താക്കള്‍ക്ക് നല്ലകാലം സമ്മാനിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മൈക്രോസോഫ്റ്റിന്റെ ഓഫീസ് വെബ് അധിഷ്ഠിതമാക്കുതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനിരിക്കുതേയുള്ളൂവെങ്കിലും 2009 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യത്തെ ത്രൈമാസത്തില്‍ 14.3 ബില്യണ്‍ ഡോളറിന്റെ വിറ്റുവരവില്‍ 9.3 ബില്യ ഡോളര്‍ ലാഭം കമ്പനി ഉണ്ടാക്കിയിട്ടുണ്ട്. ഇനിയും നിലവില്‍ വന്നിട്ടില്ലാത്ത ഒരുല്‍പന്നമാണ് ഗൂഗിള്‍ ക്രോം എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. അത് മൈക്രോസോഫ്റ്റിനെ എങ്ങനെയൊക്കെ ബാധിക്കുമെന്നൊന്നും പറയാറായിട്ടില്ല. വിപണിയിലെത്തിയാല്‍ മാത്രമേ അതേക്കുറിച്ചറിയാനാവൂ. ക്രോമിനെ പറ്റി ഇങ്ങനെ അമിതവും വഴിതെറ്റിക്കുന്നതുമായ പ്രചരണവും ഒച്ചപ്പാടും ദിവസവും നമ്മളെ ആശ്രയിക്കുന്ന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയാണ്. ഇത് നമുക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ^ പറയുന്നത് മൈക്രോസോഫ്റ്റ് കമ്പനി അധികൃതരാവുമ്പോള്‍ കേട്ടുനില്‍ക്കുന്ന നമുക്ക് ഇതിന്റെ ഗൌരവം ഊഹിക്കാനാവും; പല്ലും നഖവും ഉപയോഗിച്ചാണ് ഇരുകമ്പനികളും ആക്രമണത്തിനൊരുങ്ങിയതെന്ന്.
*****
പോലീസ് സ്റ്റേഷനുകള്‍ സൈബര്‍ ഹൈവേയില്‍
ദിലീപ് സേനാപതി
dileep.senapathy@gmail.com
രാജ്യത്തെ 14,000 പോലീസ് സ്റ്റേഷനുകള്‍ സൈബര്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സര്‍ക്കാരിന്റെ ഇ-ഗവേണന്‍സിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതി രാജ്യത്താകമാനം പോലീസ് സേനക്ക് ഒരു ഏകീകൃത നെറ്റ്വര്‍ക്ക് സംവിധാനം രൂപപ്പെടുത്തുകയാണ്. അതുവഴി കുറ്റാന്വേഷണ പ്രക്രിയ കാര്യക്ഷമമാക്കാനും കേസന്വേഷണം ശക്തമാക്കാനും കുറ്റവാളികളെ തക്കസമയത്ത് കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും സാധിക്കുന്നതോടൊപ്പം കുറ്റകത്യങ്ങള്‍ കുറക്കാനും സഹായിക്കുന്നു. പുതിയ കാലഘട്ടത്തിന്റെ അനിവാര്യതകളിലൊന്നായ ഈ പദ്ധതി അഭ്യന്തര സുരക്ഷാ രംഗത്ത് വലിയൊരു മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷ. രാജ്യവ്യാപകമായുള്ള വിവര കൈമാറ്റവും ഇന്റലിജന്‍സ് മേഖലയുടെ പ്രവര്‍ത്തനങ്ങളിലെ വേഗതയും പൌര സൌഹൃദ പ്ലാറ്റ്ഫോമുകള്‍ സ്ഥാപിക്കലും മറ്റും ഇതിന്റെ ലക്ഷ്യങ്ങളാണ്. പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ബന്ധപ്പെട്ട സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിലേക്കും വിവിധ സര്‍ക്കാന്‍ ഏജന്‍സികളിലേക്കും ഡിപ്പാര്‍ട്ട്മെന്റുകളിലേക്കും വിവരങ്ങള്‍ കൈമാറാനും കേസനേഷണത്തിന്റെയും വിചാരണയുടെയും പുരോഗതി യഥാസമയം മനസ്സിലാക്കി വിലയിരുത്താനും ഇതുപകരിക്കും. രണ്ടായിരം കോടി ചിലവ് കണക്കാക്കുന്ന പദ്ധതി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ശ്രമം. The Crime and Criminal Tracking Network & Systems (CCTNS) എന്ന് പേര് നല്‍കിയിരിക്കുന്ന ഈ പദ്ധതി കേന്ദ്ര അഭ്യന്തര വകുപ്പും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയും ചേര്‍ന്നാണ് നടപ്പിലാക്കുന്നത്.
*****
വെബ് കൌതുകങ്ങള്‍
റയിസ്ല മര്‍യം raizlamaryam@hotmail.com
ഫയലുകള്‍ കണ്‍വെര്‍ട്ട് ചെയ്യാം
കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവരെ പലപ്പോഴും അലട്ടുന്ന പ്രശ്നമാണ് ഫയല്‍ കണ്‍വെര്‍ഷന്‍. നിലവിലുള്ള ഫയലുകള്‍ കമ്പ്യൂട്ടര്‍ സപ്പോര്‍ട്ട് ചെയ്യാതിരിക്കുമ്പോഴും ഡോക്യുമെന്റുകള്‍ പി.ഡി.എഫ് ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുന്നതുപോലെ കൂടുതല്‍ സൌകര്യപ്രദമായ ഫോര്‍മാറ്റുകളില്‍ ആവശ്യമായി വരുമ്പോഴും ഫയലുകള്‍ പരിവര്‍ത്തനം ചെയ്യേണ്ടിവരാറുണ്ടല്ലോ. സാധാരണ ഗതിയില്‍ ഇത്തരം കണ്‍വെര്‍ഷനുകള്‍ക്കെല്ലാം പ്രത്യേകം സോഫ്റ്റ്വെയറുകള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുകയാണ് പലരും ചെയ്യാറുള്ളത്. ഇനിമേല്‍ അത്തരം പണച്ചെലവുള്ള സോഫ്റ്റ്വെയറുകളെ മറന്നേക്കൂ. യാതൊരുവിധ ഇന്‍സ്റ്റലേഷനും കൂടാതെ നിങ്ങള്‍ക്കാവശ്യമായ ഒരു മാതിരിപ്പെട്ട ഫോര്‍മാറ്റുകളിലേക്കെല്ലാം ഫയലുകള്‍ സൌജന്യമായി കണ്‍വെര്‍ട്ട് ചെയ്തുതരുന്ന ഓണ്‍ലൈന്‍ സേവനദാതാക്കളായ www.zamzar.com വെബ്സൈറ്റ് നിങ്ങള്‍ക്കും ഉപയോഗപ്പെടുത്താം. വെറും നാലേ നാലു സ്റ്റെപ്പുകള്‍ മാത്രം ^ സൈറ്റിന്റെ മുഖപ്പേജില്‍ കാണുന്ന നാലു ബോക്സുകളില്‍ ആദ്യത്തെ ബോക്സിലൂടെ കണ്‍വെര്‍ട്ട് ചെയ്യപ്പെടേണ്ട ഫയല്‍ അപ്ലോഡ് ചെയ്യുക. തൊട്ടടുത്തു കാണുന്ന രണ്ടാമത്തെ ബോക്സിലൂടെ ആവശ്യമുള്ള ഫോര്‍മാറ്റ് തെരഞ്ഞെടുക്കാം. മൂന്നാമത്തെ ബോക്സില്‍ നിങ്ങളുടെ ഇ^മെയില്‍ ഐ.ഡി. ടൈപ്പ് ചെയ്യുക, നാലാമത്തെ ബോക്സിലെ 'convert'എന്നെഴുതിയ ബട്ടണ്‍ ക്ലിക് ചെയ്യുക. അല്‍പനേരത്തെ കാത്തിരിപ്പിനു ശേഷം മെയില്‍ ബോക്സ് തുറന്നു നോക്കിയാല്‍ കണ്‍വെര്‍ട്ട് ചെയ്യപ്പെട്ട നിങ്ങളുടെ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാനുള്ള ലിങ്ക് ലഭിക്കും.
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
ആദ്യാക്ഷരി
http://bloghelpline.blogspot.com/
മലയാളത്തില്‍ എങ്ങനെ ബ്ലോഗ് നിര്‍മ്മിച്ച് പരിപാലിക്കാം എന്ന വിഷയം അതി സമര്‍ഥമായും സമഗ്രവുമായും കൈകാര്യം ചെയ്യുന്ന ബ്ലോഗ്. മലയാളം കമ്പ്യൂട്ടിംഗിനും ബ്ലോഗിംഗിനും ഒരു സഹായഹസ്തമെന്ന മുഖമുദ്രയോടെ പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് എല്ലാ നിലക്കും ഈ രംഗത്തെ ആദ്യാക്ഷരി തന്നെയാണ്. ദുബൈയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ കുടശãനാട് സ്വദേശി അപ്പുവാണ് ബ്ലോഗര്‍. സംസം
(zamzamblog.blogspot.com)
പത്രപ്രവര്‍ത്തനം, നാടകരചന, അഭിനയം തുടങ്ങിയ വിഷയങ്ങളില്‍ തല്‍പരനയായ എസ്. മാടപ്പുരയുടെ ബ്ലോഗ്. 1987^90 കാലങ്ങളില്‍ കണ്ണൂര്‍ സിറ്റിയില്‍ സൌജന്യമായി വിതരണം ചെയ്തിരുന്ന 'സംസം' മാസികയുടെ ബ്ലോഗ് രൂപം. എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രസിദ്ധീകരിക്കുന്ന ബ്ലോഗില്‍ സര്‍ഗാത്മക സാഹിത്യത്തിന്റെ മിക്ക മേഖലകളും കൈകാര്യം ചെയ്യുന്നു. കണ്ണാടി
kannaaadi.blogspot.com
ശാന്തപുരം അല്‍ജാമിഅ വിദ്യാര്‍ഥികളുടെ സര്‍ഗ സൃഷ്ടികളുടെ പ്രതിഫലനം. കഥ, കവിത, ചെറുകഥ, മിനിക്കഥ, മൈക്രോക്കഥ തുടങ്ങി അനുഭവം, സിനിമ, പുസ്തകങ്ങള്‍ എന്നിങ്ങനെ ഒട്ടനേകം വിഭവങ്ങള്‍. ഷരീഫ് സിയാദാണ് എഡിറ്റര്‍. സയ്യാഫ് നബീല്‍, സിദ്ദീഖ് അസ്ലം, ഷഫീഖ് വി.കെ, മെഹ്ഫില്‍, ഫിജാസ്, നാസിഹ് തുടങ്ങിയവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.
ഇസ്ലാമിനെ അറിയുക
kanaser.blogspot.com
'ഇസ്ലാമിനെ അറിയുക' എന്ന തലക്കെട്ടില്‍ വണ്ടൂര്‍, കൂരാട് സ്വദേശിയും www.jihkerala.org വെബ്സൈറ്റ് കോര്‍ഡിനേറ്ററുമായ കെ.എ. നാസര്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്. ഖുര്‍ആന്‍, പ്രവാചക ചര്യ, മഹാന്‍മാരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം എന്നിങ്ങനെ വിവിധ തുറകളിലെ ലേഖനങ്ങള്‍ക്കു പുറമെ ഒട്ടേറെ വീഡിയോ ക്ലിപ്പുകളും ബ്ലോഗിലുള്‍പ്പെടുത്തിയിരിക്കുന്നു.
കോര്‍ക്കറസ് ഓണ്‍ലൈന്‍
korkaras.blogspot.com/
'കോര്‍ക്കറസ്' എന്ന തൂലികാ നാമത്തില്‍ മലയാളം ഐ.ടി മാഗസിനുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളുടെ സമാഹാരം. 'ശങ്കുണ്ണി എന്ന പാചകക്കാരനും ഡ്യുവല്‍ കോര്‍ പ്രോസസ്സറും', 'വിവര വിദ്യയോ വിവരക്കേടിന്റെ വിദ്യയോ?', 'അപ്പുണ്ണി നായരും കസ്റ്റമര്‍ റിലേഷന്‍ മാനേജ്മെന്റും', 'കമ്പ്യൂട്ടര്‍ വില്‍പനക്ക് മുമ്പും വില്‍പനാനന്തരവും' തുടങ്ങി സരസവും ലളിതവുമായ ദശക്കണക്കിന് ലേഖനങ്ങള്‍. കമ്പ്യൂട്ടര്‍ മേലഖയിലെ വ്യത്യസ്ത വിഷയങ്ങള്‍ വിമര്‍ശനാത്മകമായി നിരീക്ഷിക്കുന്ന ബ്ലോഗ് പോസ്റ്റുകള്‍ കമ്പ്യൂട്ടര്‍ തല്‍പരര്‍ക്ക് പ്രയോജനപ്പെടാതിരിക്കില്ല.
==========