നെറ്റില്‍ ബലി കഴിക്കപ്പെടുന്ന കൌമാരങ്ങള്‍-4
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...
ചില രക്ഷിതാക്കളാവട്ടെ കുട്ടികള്‍ക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളെകുറിച്ച് ചെറിയ രീതിയിലെങ്കിലും ബോധവാന്‍മാരായിരിക്കും. അതിനാല്‍ തന്നെ കമ്പ്യുട്ടറും ഇന്റര്‍നെറ്റും കുട്ടികളുടെ ബെഡ്റൂമില്‍ നിന്ന് മാറ്റി തങ്ങളുടെ ബെഡ്റൂമിലോ അല്ലങ്കില്‍ പൊതുവായ ഭാഗങ്ങളിലോ സ്ഥാപിച്ചിട്ടുണ്ടായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ മൊബൈല്‍ കൈവശം വെക്കുന്നത് വളരെയേറെ അപകടം സൃഷ്ടിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. രാത്രി കാലങ്ങളില്‍ അടച്ചിട്ട അവരുടെ ബെഡ്റൂമിലേക്ക് വന്നെത്തുന്ന ടെലിഫോണ്‍ കാളുകളില്‍ ഭൂരിഭാഗവും അപകടം നിറഞ്ഞതാണെന്നത് വസ്തുതയത്രെ. ഒരു കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ കമ്പ്യൂട്ടര്‍ ഏത് രാജ്യത്ത് ഏത് സ്ട്രീറ്റില്‍ ഏത് ബില്‍ഡിംഗില്‍ ഉപയോഗിക്കുന്നു എന്ന് കണ്ടെത്താന്‍ മിനുട്ടുകള്‍ മതി എന്നതുപോലെ ഒരു മൊബൈല്‍ ഫോണ്‍ ഏത് സ്ട്രീറ്റില്‍ എവിടെ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തുന്നതിനും മിനുട്ടുകള്‍ മാത്രം മതി എന്ന് നാം മന
സ്സിലാക്കേണ്ടിയിരിക്കുന്നു.
വാരാന്ത്യ അവധി ദിനങ്ങളില്‍ പുറത്ത് പോവുക എന്നൊരു രീതി പൊതുവെ ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ടുവരുന്നു. പല കുട്ടികള്‍ക്കും രക്ഷിതാക്കള്‍ പുറത്ത് പോകുന്നത് ഒരു നല്ല അവസരമാണ്. പഠിക്കാനുണ്ടെന്നോ മറ്റോ പല കാരണങ്ങളും പറഞ്ഞ് രക്ഷിതാക്കളോടൊപ്പം പോകാതെ ഫ്ളാറ്റുകളില്‍ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്ന കുട്ടികളുണ്ട്. ഇങ്ങനെ പുറത്ത് പോകുന്ന രക്ഷിതാക്കള്‍ സാധാരണഗതിയില്‍ മാതാക്കളുടെ ഫോണ്‍ വീട്ടിലിരിക്കുന്ന കുട്ടികളെ ഏല്‍പിക്കും. അത്യാവശ്യഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളെ വിളിക്കുന്നതിന് വേണ്ടിയാണിത്. യഥാര്‍ത്ഥത്തില്‍ ഏറ്റവും അപകടം നിറഞ്ഞ കാര്യമാണിത്. വീട്ടിനുള്ളില്‍ ആരെയും ഭയപ്പെടാനില്ലാത്ത സാഹചര്യത്തില്‍ മൊബൈലും ഇന്റര്‍നെറ്റും കുട്ടികളെ ഏല്‍പ്പിച്ച് പുറത്ത് പോകുന്ന രക്ഷിതാക്കള്‍ അറിയണം തങ്ങള്‍ ഈ കുട്ടികളെ നശിപ്പിക്കുകയാണെന്ന്. തങ്ങളുടെ
കുട്ടിക്ക് പ്രായമാകുന്നതേയുള്ളുവെന്ന് ആശ്വസിക്കുന്ന മാതാപിതാക്കളറിയണം, ഒമ്പത് വയസ്സ് മുതലുള്ള കുട്ടികള്‍ എല്ലാ കാര്യങ്ങളെകുറിച്ചും വ്യക്തമായി അറിവുള്ളവരാണെന്ന്. ഇന്നത്തെ രക്ഷിതാക്കള്‍ എത്ര വിദ്യാഭ്യാസം ഉള്ളവരാണെങ്കിലും ഇന്റര്‍നെറ്റിലെയും മൊബൈല്‍ ഫോണിലെയും അപകടാവസ്ഥയെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരായി
രിക്കണമെന്നില്ല.
ഏതെങ്കിലും തരത്തില്‍ പ്രണയ ബന്ധങ്ങളിലകപ്പെട്ട കുട്ടികളും ഇന്റര്‍നെറ്റിലൂടെയോ മൊബൈല്‍ ഫോണിലൂടെയോ അവിശുദ്ധ കൂട്ടുകെട്ടുകളുള്ള കുട്ടികളും പൊതുവെ ഏകാന്തത ഇഷ്ടപ്പെടുവരായിരിക്കുമെന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കണം. വീട്ടില്‍ എല്ലാവരും കൂടിയിരുന്ന് ചര്‍ച്ച നടത്തുമ്പോഴോ, അല്ലങ്കില്‍ സമപ്രായക്കാരായ കുട്ടികള്‍ കളിക്കുമ്പോഴോ അതില്‍ നിന്നെല്ലാം മാറിനില്‍ക്കാനായിരിക്കും ഇക്കൂട്ടര്‍ക്ക് താല്‍പര്യം. പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധിച്ച് കൂടെ കൊണ്ടുപോയാല്‍ തന്നെ കൂട്ടത്തില്‍ നിന്ന് മാറി ഒറ്റക്ക് നടക്കാനാണ് അവരിഷ്ടപ്പെടുക. മാനസികമായി അവരൊരിക്കലും നിങ്ങള്‍ക്കൊപ്പം ഉണ്ടാവില്ല. ഗെയിം കളിക്കാനെന്നോ അല്ലങ്കില്‍ ഏതെങ്കിലും കൂട്ടുകാരന്‍ വിളിക്കുമെന്നോ പറഞ്ഞ് സ്ഥിരമായി നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കൈവശം വെക്കാന്‍ തുനിയുന്നുവെങ്കില്‍ അത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്. യാതൊരുകാരണവശാലും മൊബൈല്‍, ലാന്റ്ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ഉപയോഗിക്കുവാന്‍ കുട്ടികളെ അനുവദിക്കരുത്. ആഴ്ചയില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ കുട്ടികളെ ഇന്റര്‍നെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കാന്‍ സമ്മതിക്കരുത്. ഹെഡ്ഫോണ്‍, വെബ്കാം തുടങ്ങിയവ പൂര്‍ണ്ണമായും കുട്ടികള്‍ക്ക് വിലക്കുക.
അവധി ദിനങ്ങളിലും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനും പുറത്ത് പോകുമ്പോള്‍ കുട്ടികളെ നിര്‍ബന്ധമായും കൂടെ കൂട്ടുക. പരീക്ഷാ കാലങ്ങള്‍ പോലെ കുട്ടികള്‍ക്ക് കൂടുതല്‍ പഠിക്കാനുണ്ടാകുന്ന അവസരങ്ങളില്‍ പോലും അവരെ ഒറ്റക്ക് വീട്ടിലോ ഫ്ളാറ്റിലോ നിര്‍ത്തരുത്. കുട്ടികളുടെ അടുത്ത കൂട്ടുകാരെയും അവരുടെ രക്ഷിതാക്കളെയും അടുത്തറിയാനും പരിചയപ്പെടാനും ശ്രദ്ധിക്കുക. ആശുപത്രി കേസുകള്‍ പോലുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ കുട്ടികളെ ഒറ്റക്ക് നിറുത്തി പുറത്ത് പോകേണ്ട സാഹചര്യമുണ്ടായാല്‍ അവരെ പരിചയക്കാരുടെ ഫ്ളാറ്റുകളില്‍ നിറുത്തി പോകാവുന്നതാണ്. കുട്ടികളെ ഒറ്റക്ക് നിറുത്തി പോവുന്നതല്ലാതെ വേറെ മാര്‍ഗ്ഗങ്ങളില്ലെങ്കില്‍ ആ സമയത്ത് കമ്പ്യൂട്ടറില്‍ നിന്ന് ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കുക. കുട്ടികളെ ഏല്‍പ്പിക്കുന്ന മൊബൈലില്‍ ടോട്ടല്‍ കാള്‍ ഡ്യൂറേഷന്‍ നോട്ട് ചെയ്യുകയും തിരിച്ച് വന്നാലുടന്‍ കാള്‍ ഡ്യൂറേഷനും കാള്‍ രജിസ്റ്ററും തമ്മില്‍ ഒത്തുനോക്കുകയും ചെയ്യുക.
കമ്പ്യുട്ടറും ഇന്റര്‍നെറ്റും മാതാപിതാക്കളുടെ ബെഡ്റൂമില്‍ സംവിധാനിക്കുക. തങ്ങളുടെ സാന്നിധ്യത്തില്‍ പരിമിതമായ സമയം മാത്രം കുട്ടികള്‍ക്ക് അനുവദിക്കുക. ആരെങ്കിലും മൊബൈലിലൂടെയോ മറ്റോ അവരെ ബന്ധപ്പെടുന്നുണ്ടെങ്കില്‍ അത് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമായിരിക്കുക. കുട്ടികളുടെ റുമില്‍ മൊബൈല്‍ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് കര്‍ശനമായും നിരോധിക്കുക. ആഗതമായിക്കഴിഞ്ഞ ഈ വന്‍ സാമുഹിക വിപത്തിന് സ്വാഗതമോതാതെ
അതിനെ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ കുട്ടായ മര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയും കുട്ടികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തുകയും വേണം. എങ്കില്‍ സമീപസ്ഥമായ ദുരന്ത വാര്‍ത്തകളില്‍ നിന്ന് നമ്മുടെ കെച്ചനിയന്‍മാരെയും അനിയത്തിമാരെയും നമുക്ക് രക്ഷപ്പെടുത്താനാവും.
(അവസാനിച്ചു)
ഗഫൂര്‍ കൊണ്ടോട്ടി
gafoorkondotty@gmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
സ്ളേറ്റ്
http://fidhel.blogspot.com/
സസ്യഭോജിയും പ്രവാസിയുമായ നജീം കൊച്ചുകലുങ്കിന്റെ ബ്ലോഗ്. സൌദി അറേബ്യയിലെ രിയാദിലാണ് താമസം. 'ബത്ഹാ പുഴയിലെ ഓളങ്ങളാ'ണ് പുതിയ പോസ്റ്റ്. രിയാദിലെ പ്രസിദ്ധമായൊരു തെരുവാണ് ബത്ഹ. ബ്ലോഗറുടെ ഭാഷയില്‍ ഒരു മുക്കൂട്ടപ്പെരുവഴി. 'നാലുഭാഗത്തുനിന്ന് വന്നുചേര്‍ന്ന് പല ഭാഗത്തേക്ക് പിരിഞ്ഞൊഴുകുന്ന വഴികളില്‍ മനുഷ്യ ജീവിതത്തിന്റെ സ്പന്ദനമുണ്ട്. അത് പക്ഷെ പലരുടെ ജീവിതമാണ്. ലക്ഷ്യം തേടിയൊഴുകുന്ന മനുഷ്യ ജീവിതങ്ങള്‍ക്കായി ഉടല്‍ വിരിച്ചു കിടക്കുന്ന ഒരു പുഴയാണ് ബത്ഹ...' നജീമിന്റെ വര്‍ണ്ണനകള്‍ ആകര്‍ഷകമാണ്. പോസ്റ്റുകളെല്ലാം നല്ല നിലവാരം പുലര്‍ത്തുന്നു. 'സ്ളേറ്റിലാകുമ്പോള്‍ തോന്നുമ്പോലെ വരക്കാനും മായ്ക്കാനും പറ്റൂലോ' എന്നാണ് ബ്ലോഗിന്റെ മുഖമുദ്ര. സ്ളേറ്റിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
സരൂപ് ചെറുകുളം
http://saroopcalicut.blogspot.com/
ബ്ലോഗിന്റെയും ബ്ലോഗറുടെയും പേര് ഒന്നുതന്നെ. സില്‍വിയാ പ്ലാത്തിനെയും നന്ദിതയെയും അനുകരിക്കണമെന്ന് പ്രതിജ്ഞ ചെയ്ത സാധാരണക്കാരന്‍. ആഹ്ലാദവും ഒപ്പം ഭീതിയും നിറഞ്ഞ കയങ്ങളിലേക്കുള്ള എടുത്തുചാട്ടമാണ് ജീവിതമെന്ന് ബ്ലോഗര്‍ പറയുന്നു. കൊച്ചു കവിതകളാണ് ബ്ലോഗിലെ വിഷയം. പേരില്ല, ധിക്കാരി, പ്രണയദിന ചിന്തകള്‍, എനിക്ക് നഷ്ടപ്പെട്ടത്, ഓര്‍മ്മകള്‍... എന്നിങ്ങനെ ഒട്ടേറെ പോസ്റ്റുകള്‍. എല്ലാം സുന്ദരങ്ങളായ കൊച്ചുകവിതകള്‍. ബ്ലോഗ് പേജിന്റെ കറുത്ത പശ്ചാത്തലം വായനക്ക് പ്രയാസമുണ്ടാക്കുന്നു. അക്ഷരങ്ങളും വ്യക്തമാകുന്നില്ല. ശ്രദ്ധിക്കുമല്ലോ.
സ്വതന്ത്ര ചിന്തകള്‍
http://my-open-thoughts.blogspot.com/
ദുബൈയില്‍ ഓപണ്‍സോഴ്സ് സോഫ്റ്റ്വെയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന മുഹമ്മദ് നവാസിന്റെ ബ്ലോഗ്. സ്വതന്ത്ര ചിന്തകളാണ് ബ്ലോഗിലെ വിഷയം. കാലിക സംഭവങ്ങളും വാര്‍ത്തകളും ബ്ലോഗര്‍ തന്റേതായ വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുന്നു. പാക്കിസ്ഥാനുമായും ആണവക്കരാറിന് യു.എസ് നീക്കം, സത്യനില്‍ നിന്ന് മമ്മൂട്ടിയിലേക്കുള്ള ദൂരം, സൂഫിയ മഅ്ദനി സകല കേരള ഭീകരരുടെയും കാമുകി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍. ബ്ലോഗര്‍ സ്വയം പരിചയപ്പെടുത്തിയതനുസരിച്ച് ഓപണ്‍സോഴ്സ് സോഫ്റ്റ്വെയര്‍ സംബന്ധിച്ച് എന്തെങ്കിലും പോസ്റ്റുകളുണ്ടായിരിക്കുമെന്ന് സ്വഭാവികമായും പ്രതീക്ഷിച്ചു. ഫലം നിരാശയായിരുന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ബ്ലോഗര്‍ ഇക്കാര്യം പ്രത്യേകം പരിഗണിക്കുമല്ലോ.
ജ്വാല
http://jwaala-vazhiyoram.blogspot.com/
കൊച്ചു കവിതകള്‍ക്കായി ഒരു ബ്ലോഗ്. മലപ്പുറം ജില്ലയിലെ പുളിക്കല്‍ കൊട്ടപ്പുറത്തുകാരി സി.കെ. ഷീജയാണ് ബ്ലോഗിണി. 'മഴ പെയ്തു തോര്‍ന്ന രാത്രിയില്‍, ആകാശച്ചെരുവില്‍, തെളിയാതെ തെളിയാതെ നക്ഷത്രം പറഞ്ഞു.. നിന്റെ കൈവിരലുകള്‍ കീ ബോര്‍ഡില്‍ ചലിക്കുമ്പോള്‍ വിന്‍ഡോകള്‍ തുറക്കുന്നു.. മൌസിന്റെ നീക്കങ്ങള്‍ക്കൊത്ത് വര്‍ണ്ണങ്ങള്‍ വിസ്മയം തീര്‍ക്കുന്നു... നെറ്റില്‍ ബ്രൌസ് ചെയ്ത് ഡൌണ്‍ലോഡ് ചെയ്തവയെല്ലാം എന്റേതു മാത്രമാണ്... എന്റെ സ്വപ്നങ്ങള്‍ ഞാന്‍ നിനക്ക് മെയില്‍ ചെയ്യാം.. അതു നിന്നില്‍ ഡിലീറ്റ് ചെയ്യാനാവാത്ത അനുഭൂതിയുണര്‍ത്തും.. .കവിത തുടരുകയാണ്. സുന്ദരമായൊരു ഐ.ടി കവിത. കവിതകള്‍ വേറെയുമുണ്ട്. ഷീജയുടെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
വി.കെ. അബ്ദു
vkabdu@gmail.com
*****
വെബ് കൌതുകങ്ങള്‍
ലോക ഭാഷകള്‍ പഠിക്കാം
ലോകത്ത് നാനാഭാഗങ്ങളിലായി ആയിരിക്കണക്കിന് ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ട്. അവയില്‍ മാതൃഭാഷയടക്കം നമ്മില്‍ പലര്‍ക്കും എഴുതാനും വായിക്കാനുമറിയാവുന്ന ഇംഗ്ലീഷ്, ഹിന്ദി, അറബിക് തുടങ്ങി ചുരുക്കം ചില ഭാഷകളൊഴിച്ച് മറ്റു ഭാഷകളൊന്നും കേട്ടാല്‍ മനസ്സിലാവുകയില്ലെന്നു മാത്രമല്ല ഏതാണ് ആ ഭാഷയെന്നുപോലും നമുക്ക് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഉദാഹരണത്തിന് ചൈനീസ് ഭാഷയും ജാപ്പനീസും ജര്‍മനുമെല്ലാം കേള്‍ക്കുമ്പോള്‍ അവ ഇന്നയിന്ന ഭാഷകളാണെന്ന് വേര്‍തിരിച്ചു പറയാന്‍ എത്ര പേര്‍ക്കു സാധിക്കും? ഈ പ്രശ്നത്തിന് ചെറിയ തോതിലെങ്കിലും പരിഹാരമേകുന്ന വെബ്സൈറ്റാണ് http://www.languageguide.org/. സൈറ്റിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരുസമ്പൂര്‍ണ ഭാഷാ പഠന സഹായിയെന്ന് അവകാശപ്പെടാനാവില്ലെങ്കിലും നമ്മുടെ ഹിന്ദിയടക്കം ലോകത്തിലെ പതിമൂന്ന് ഭാഷകളുടെ (English, Italian, Arabic, Spanish, Portuguese, Mandarin Chinese, French, Russian, Japanese, German, Hebrew, Vietnamese) അക്ഷരമാലയടക്കമുള്ള അടിസ്ഥാന പാഠങ്ങള്‍ ഓണ്‍ലൈനായി പഠിക്കാന്‍ ഈ സൈറ്റ് നിങ്ങള്‍ക്ക് സഹായകമാകും. ടെക്സ്റ്റിന് പുറമെ വിശദമായ സൌണ്ട് ഫയലുകള്‍ കൂടിയുണ്ടെന്നതിനാല്‍ പഠനം വളരെ എളുപ്പമായിരിക്കും.
റയിസ്ല മര്‍യം
raizlamaryam@hotmail.com
=======================
No comments:
Post a Comment