
നെറ്റിലൂടെയുള്ള ഡാറ്റാ കൈമാറ്റത്തില്‍ വര്‍ദ്ധനവ്
നെറ്റിലൂടെയുള്ള ഡാറ്റാ കൈമാറ്റം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. 2013 ആവുമ്പോഴേക്കും നിലവിലെ ഡാറ്റാ കൈമാറ്റത്തിന്റെ അഞ്ചിരട്ടിയോളം ഇത് വര്‍ദ്ധിക്കുമെന്നാണ് കണക്ക്. ആഗോള തലത്തില്‍ ഇപ്പോഴത്തെ വാര്‍ഷിക വര്‍ദ്ധനവ് അമ്പത്തൊന്ന് ശതമാനമാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഡാറ്റാ കൈമാറ്റത്തിന്റെ വര്‍ദ്ധനവ് ഇതിലും കൂടുതലായിരിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ സിംഹഭാഗവും വീഡിയോ ഫയലുകളുടെ കൈമാറ്റത്തിനാണുപയോഗിക്കുക. അതായത് മൊത്തം ഡാറ്റാ കൈമാറ്റത്തിന്റെ തൊണ്ണൂറ് ശതമാനം വിവിധ ഇനങ്ങളിലെ വീഡിയോ ഫയലുകളുടെ കൈമാറ്റത്തിനായിരിക്കും. വീഡിയോ ഫോണ്‍, വീഡിയോ കോണ്‍ഫറന്‍സിംഗ്, വീഡിയോ ക്ലിപ്പുകളുടെ കൈമാറ്റം എന്നിവ ഇതിലുള്‍പ്പെടുന്നു. ഇതോടെ നെറ്റിലൂടെയുള്ള വീഡിയോ കണ്ടന്റുകളുടെ കൈമാറ്റം സുഗമമാക്കാനുള്ള ഉപകരണങ്ങളുടെയും വ്യത്യസ്ത രീതിയിലെ സ്ക്രീനുകളുടെയും ഉപയോഗത്തിലും വന്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.
യൂട്യൂബ് പോലുള്ള വീഡിയോ ഷെയറിംഗ് സൈറ്റുകളുടെ വന്‍ സ്വീകാര്യത ഇക്കാര്യത്തില്‍ എടുത്തുപറയേണ്ടതു തന്നെ. യൂണിവേഴ്സിറ്റി ക്ലാസ് റൂമുകളും ലക്ചര്‍ ഹാളുകളും ഇത്തരം വെബ്സൈറ്റുകളിലേക്ക് പറിച്ചു നടപ്പെടുകയാണ്. ഈ വെബ് സൈറ്റുകള്‍ മുഖേന ഏത് വിദ്യാര്‍ഥിക്കും ലോകത്തെങ്ങുമുള്ള യൂണിവേഴ്സിറ്റി കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യാനും വീഡിയോ ഷെയറിംഗ് സംവിധാനമുപയോഗിച്ച് വീട്ടിലോ ജോലി സ്ഥലത്തോ ഇരുന്ന് ലക്ചര്‍ ക്ലാസുകളില്‍ അറ്റന്റ് ചെയ്യാനും സാധിക്കും. ലോകത്തെങ്ങുമുള്ള നൂറുക്കണക്കിന് യൂണിവേഴ്സിറ്റികളും ഉന്നത സാങ്കേതിക വിദ്യാലയങ്ങളും തങ്ങളുടെ ലക്ചര്‍ ക്ലാസുകള്‍ ഇതിനകം യൂട്യൂബ് പോലുള്ള വീഡിയോ ഷെയറിംഗ് സൈറ്റകുളിലെത്തിച്ചിരിക്കുന്നു. അതുപോലെ ലോകത്തെവിടെ എന്ത് സംഭവിച്ചാലും അവിടെ ഒരു വീഡിയോ കാമറയോ ചുരുങ്ങിയത് ഒരു മൊബൈല്‍ ഫോണോ ഇണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഇതുപയോഗിച്ച് പകര്‍ത്തപ്പെടുന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ തല്‍സമയം തന്നെ വീഡിയോ ഷെയറിംഗ് സൈറ്റുകളിലെത്തി ലോകത്തെങ്ങും ദൃശ്യമാക്കാവുന്ന അവസ്ഥയും നിലവില്‍ വന്നിരിക്കുന്നു.
ഓണ്‍ലൈണ്‍ ലൈബ്രറികളും ഡിജിറ്റല്‍ ലൈബ്രറികളുമാണ് ഡാറ്റാ കൈമാറ്റത്തെ വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു സ്രോതസ്സ്. വന്‍കിട ലൈബ്രറികള്‍ ഒന്നൊന്നായി ഇന്റര്‍നെറ്റിലെത്തുകയാണ്. ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ നെറ്റിലെ ഭീമന്‍മാരെല്ലാം ഇത്തരം സംരംഭങ്ങളുമായി മുന്നേറുന്നു. ഗൂഗിള്‍ സ്വന്തം നിലക്ക് തന്നെ വര്‍ഷത്തില്‍ പതിനഞ്ച് ലക്ഷം പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി നെറ്റ് ഉപയോക്താക്കള്‍ക്ക് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം നടപ്പാക്കി വരുന്നു. വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷകളിലായി ഇത്തരം സംരംഭങ്ങള്‍ നടന്നുവരുന്നു.
*****
കോട്ട കാത്ത് മൈക്രോസോഫ്റ്റ്
ഒരു തവണ തോറ്റിടത്തു നിന്ന് മൈക്രോസോഫ്റ്റ് വീണ്ടും തുടങ്ങുകയാണ്; വിജയിക്കാനായി. 'മോറോ' എന്ന കോഡ് നാമത്തില്‍ ആദ്യം അറിയപ്പെട്ട വിന്‍ഡോസ് സെക്യൂരിറ്റി എസെന്‍ഷ്യല്‍സ് എന്ന ആന്റിവൈറസ് സോഫ്റ്റ്വെയറിന്റെ അവതരണത്തിലൂടെ. ഈ സോഫ്റ്റ്വെയര്‍ സൌജന്യമായി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സോഫ്റ്റ്വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റ്. ഇതിന്റെ ബീറ്റാ വേര്‍ഷന്‍ 2009 ജൂണിലാണ് പുറത്തിറക്കിയത്. ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ അന്ന് മുക്കാല്‍ ലക്ഷം പേര്‍ക്കാണ് മൈക്രോസോഫ്റ്റ് അനുമതി നല്‍കിയത്. സോഫ്റ്റ്വെയര്‍ ഇപ്പോള്‍ ബീറ്റാ ടെസ്റ്റിംഗിന്റെ അന്തിമഘട്ടത്തിലാണുള്ളത്. ആ കടമ്പയും കടന്ന് അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലൂടെ സൌജന്യമായി ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമൊണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം.
വിന്‍ഡോഡ് ലൈവ് വണ്‍ കെയര്‍ എന്ന പേരില്‍ നേരത്തെ ഇറക്കിയ ആന്റിവൈറസ് സോഫ്റ്റ്വെയറിന് ബദലായാണ് 'മോറോ' പുറത്തിറക്കിയത്. ബ്രസീലിലെ 'മോറോ ഡി സാവോപോളോ' ബീച്ചിന്റെ സ്മരണയ്ക്കായാണ് മോറോ എ കോഡ് നാമം പുതിയ സോഫ്റ്റ്വെയറിന് നല്‍കിയത്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒറിജിനല്‍ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ പുതിയ ആന്റിവൈറസ് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് ഇത് അപ്രാപ്യമാവുമെന്നാണ് മൈക്രോസോഫ്റ്റ് നല്‍കുന്ന വിശദീകരണം. വിന്‍ഡോസ് എക്സ്.പി (SP2)യും അതിനുശേഷമുള്ള വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ് 7 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കു വേണ്ടിയുള്ളതാണ് പുതിയ ആന്റിവൈറസ് പ്രോഗ്രാം.
പിഴവുകള്‍ തീര്‍ത്ത് മിനുക്കിയെടുത്ത് പുറത്തിറക്കാന്‍ പാകത്തില്‍ ഒരുക്കിവച്ച ആന്റിവൈറസ് പ്രോഗ്രാമിന്റെ പതിപ്പിനെ ഒന്നുകൂടി ടെസ്റ്റ് ചെയ്യാന്‍ ബീറ്റാ ഉപയോക്താക്കളെ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോള്‍. നിലവില്‍ ആന്റിവൈറസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരായ സിമാന്റക്, മക്ആഫൈ തുടങ്ങിയ കമ്പനികളുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും മോറോ. കുറഞ്ഞ മെമ്മറിയും ഡിസ്ക് സ്പേസും മാത്രമേ ഈ സോഫ്റ്റ്വെയര്‍ അപഹരിക്കുകയുള്ളൂ എന്നും ആന്റി സ്പൈവെയര്‍ സംവിധാനം കൂടി ഈ സോഫ്റ്റ്വെയറില്‍ ഉണ്ടായിരിക്കുമെന്നുമാണ് മൈക്രോസോഫ്റ്റ് നല്‍കു സൂചനകള്‍. പക്ഷെ, ആത്യന്തികമായി മല്‍സരം മുറുകിവരുന്ന ആന്റിവൈറസ് മേഖലയില്‍ മൈക്രോസോഫ്റ്റിന് വിജയക്കൊടി പാറിക്കാന്‍ കഴിയുമെന്ന് എതിരാളികള്‍ ആരും കരുതുന്നില്ല. അതുകൊണ്ട് തന്നെ ഒരു മത്സരത്തിനുള്ള തയ്യാറെടുപ്പും ഇവര്‍ നടത്തിയിട്ടില്ലെന്നതാണ് വാസ്തവം.
ടി.വി. സിജു
tvsiju@gmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
ഇത്തിരി വെട്ടം
http://ithirivettam.blogspot.com/
ഇത് ഒരു ഗ്രാമത്തിന്റെ കഥയാണ്. അവിടെ ജീവിച്ചിരുന്നവരും ജീവിക്കുന്നവരുമായ കഥാ പാത്രങ്ങളിലൂടെ കഴിഞ്ഞ കാലത്തേക്കുള്ള ഒരു തിരിച്ചു നടത്തം. ഗതകാലത്തിന്റെ വാറോലകള്‍ ചികയാനുള്ള ഒരെളിയ ശ്രമം... ഇത്തിരി വെട്ടം എന്ന ബ്ലോഗ് നാമത്തില്‍ നമ്മുടെ മുമ്പിലെത്തുന്ന ഈ ബ്ലോഗര്‍ ഇതിനകം കഥയുടെ എട്ട് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. തുടരണോ എന്നദ്ദേഹം ചോദിക്കുന്നു. തുടരട്ടെ എന്നാണ് സന്ദര്‍ശകരുടെ തീരുമാനം. ബ്ലോഗില്‍ ഇതിനുപുറമെ ധാരാളം പോസ്റ്റുകളുണ്ട്. നല്ല ചിന്തകളും നല്ല വിവരണങ്ങളും. ഇത്തിരി വെട്ടം ബ്ലോഗെഴുത്തു തുടരട്ടെ.
വയനാടന്‍ വര്‍ത്തമാനങ്ങള്‍
http://wayanadan-wayanadan.blogspot.com/
വയനാട്ടില്‍ നിന്നുള്ള ചില വിനീത വര്‍ത്തമാനങ്ങളുമായിട്ടാണ് വയനാടന്‍ എന്ന ബ്ലോഗര്‍ രംഗത്തെത്തുന്നത്. നിലപാടുകള്‍ ഉണ്ടായിരിക്കണം, ചന്ദനം മണക്കുമ്പോള്‍, വേലികളെ തിന്ന് തീര്‍ത്ത മതിലുകള്‍, ദേവി നയന്‍താര രക്ഷിക്കട്ടെ, പ്രണയത്തിന്റെ വൃത്തികെട്ട സ്മാരകങ്ങള്‍, പ്രവാസത്തിന് വില പറയുമ്പോള്‍ തുടങ്ങിയവയൊക്കെ ശ്രദ്ധേയമായ പോസ്റ്റുകള്‍. വര്‍ത്തമാനങ്ങള്‍ പലപ്പോഴും വയനാട്ടില്‍ മാത്രം ഒതുങ്ങുന്നില്ല. ദേശാതിര്‍ത്തികള്‍ ലംഘിച്ച് അത് വിപുലമായ മേഖലകളിലേക്ക് കടക്കുന്നുണ്ടെന്ന് പറയാതെ വയ്യ.
അല്ല, പിന്നെ!!
http://hksanthosh.blogspot.com/
ഭാഷ, സംസ്കാരം, കല, സമൂഹം, സാഹിത്യം തുടങ്ങിയ ഇഷ്ട മണ്ഡലങ്ങളില്‍ ചില നിരീക്ഷണങ്ങളും കിലുക്കിക്കുത്തലുകളും. പിന്നെ മലയാളം പഠനത്തില്‍ ഇനിയും വികസിച്ചിട്ടില്ലാത്ത മേഖലകളില്‍ വിദ്യാര്‍ഥികളുടെ ആവശ്യാര്‍ഥം പഠനക്കുറിപ്പുകളും. അതാണ് 'അല്ല, പിന്നെ!!' എന്ന ബ്ലോഗ്. ബ്ലോഗിലെ പോസ്റ്റുകളെല്ലാം ഉയര്‍ന്ന നിലവാരം പുലത്തുന്നവയാണ്. പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജിലെ മലയാളം ലക്ചറായ സന്തോഷാണ് ബ്ലോഗര്‍.
മനസ്സിന്റെ യാത്ര
http://bindukp.blogspot.com/
മനസ്സിന്റെ അന്തമില്ലാത്ത യാത്രകള്‍ അക്ഷരങ്ങളാവുമ്പോള്‍.. ഇതാണ് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര ഗ്രാമത്തില്‍ നിന്ന് ബ്ലോഗിലേക്ക് കടന്നുവരുന്ന ബിന്ദു കൃഷ്ണപ്രസാദിന്റെ ബ്ലോഗ്. ലോകത്തിലെ മറ്റേത് ഭാഷയെക്കാളും മലയാളത്തെ സ്നേഹിക്കുന്ന ഒരു തനിമലയാളി. പൊങ്ങച്ചങ്ങളുടെയും പുറംപൂച്ചുകളുടെയും ആള്‍ക്കൂട്ടത്തില്‍ തനിയെ നില്‍ക്കാനിഷ്ടപ്പെടുന്ന ഒരു അപരിഷ്കൃത. ബ്ലോഗിണി സ്വയം പരിചയപ്പെടുത്തുന്നതിങ്ങനെയാണ്. ഇത് അക്ഷരാര്‍ഥത്തില്‍ പ്രതിഫലിക്കുന്ന വിധത്തിലുള്ള കുറെ പോസ്റ്റുകള്‍. ബിന്ദുവിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
എന്റെ കഥകള്‍
http://jayandamodaran.blogspot.com/
തിരക്കിനിടയില്‍ കിട്ടുന്ന സമയത്ത് കുത്തിക്കുറിക്കുന്ന ഓര്‍മ്മകളും അല്‍പം ഭാവനകളുമാണ് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജിലെ ഡോക്ടറും അസോഷിയേറ്റ് പ്രൊഫറുമായ ജയന്‍ ദാമോദരന്റെ ബ്ലോഗ്. കാച്ചില്‍ പുരാണം, പട്ടണ പ്രവേശം, ചിറകുവിരിഞ്ഞാലത്തെ സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവയൊക്കെയാണ് പുതിയ പോസ്റ്റുകള്‍. കഥകളൊക്കെ സന്ദര്‍ശകര്‍ക്ക് നന്നായി ഇഷ്ടപ്പെടുന്നുണ്ടെന്ന് കമന്റുകളില്‍ നിന്ന് മനസ്സിലാവുന്നു. ആശംസകള്‍.
വി.കെ. അബ്ദു
vkabdu@gmail.com
*****
വെബ് കൌതുകങ്ങള്‍
ഭുവന്‍ മാപ്പിംഗ്
ഇന്ത്യക്കാരെസ്സംബന്ധിച്ചിടത്തോളം നെറ്റിലെ ഏറ്റവും പുതിയ താരോദയമാണ് ഐ.എസ്.ആര്‍.ഒ അവതരിപ്പിക്കു ഭുവന്‍ മാപ്പിംഗ് സേവനം. ഗൂഗിള്‍ എര്‍ത്ത്, വിക്കി മാപ്പിയ എന്നിവയുടെ ഒരു 'കുഞ്ഞനുജന്‍'. ഇന്‍ഡ്യയിലെ സൈനിക പ്രാധാന്യമുള്ള അതിസുരക്ഷിതത്വ മേഖലകളൊഴികെയുള്ള സകല സ്ഥലങ്ങളുടെയും ഏരിയല്‍വ്യൂ ഇതിലൂടെ വളരെ വ്യക്തമായി ലഭിക്കുമത്രെ. ഗൂഗിള്‍ എര്‍ത്തിനെയും വിക്കിമാപ്പിയയെയും അപേക്ഷിച്ച് സേവന വ്യാപ്തി ഇന്ത്യയില്‍ മാത്രം ഒതുങ്ങുമെങ്കിലും അവക്കെല്ലാം ഉള്ളതിലേറെ വ്യക്തതയും കൃത്യതയും ഇന്‍ഡ്യന്‍ ഉപഗ്രഹങ്ങളില്‍ നിന്നു മാത്രമുള്ള ഡാറ്റ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന 'ഭുവന്‍' വാഗ്ദാനം ചെയ്യുന്നു. 'ടൈംസ് ഓഫ് ഇന്ത്യ' പറയുന്നതു വിശ്വസിക്കാമെങ്കില്‍ ആവശ്യമെങ്കില്‍ ഗീര്‍ വനത്തിലെ മുഴുവന്‍ സിംഹങ്ങളുടെയും എണ്ണമെടുക്കാനും സമുദ്രത്തില്‍ മല്‍സ്യങ്ങള്‍ കേന്ദ്രീകരിക്കുന്ന ഇടങ്ങള്‍ കണ്ടെത്താനും വരെ ഈ സംവിധാനമുപയോഗിച്ച് സാധ്യമാകുമത്രെ. ഗൂഗിള്‍ എര്‍ത്ത് 200 മീറ്ററും വിക്കിമാപ്പിയ 50 മീറ്ററും വരെ മുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ ഭുവന്‍ മാപ്പിംഗിലൂടെ കേവലം 50 മീറ്റര്‍ മുകളില്‍ നിന്നും കാണുന്നതുപോലുള്ള ദൃശ്യങ്ങള്‍ വരെ സൂം ചെയ്ത് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. www.bhuvan.nrsc.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ പ്ളഗ് ഇന്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഇപ്പോള്‍ ബീറ്റാ സ്റ്റേജിലുള്ള ഈ മാപ്പിംഗ് സേവനം ഉപയോഗിച്ചു തുടങ്ങാം.
റയിസ്ല മര്‍യം
raizlamaryam@hotmail.com
=======================