
ടോറന്റ് - ഡൌണ്‍ലോഡിംഗിന്റെ സാധ്യതകള്‍
ഭീമന്‍ ഫയലുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ ടോറന്റിനെ ആശ്രയിക്കുന്നവര്‍ ഇന്നു കുറവല്ല. കുറഞ്ഞ ബാന്റ്വിഡ്ത് നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്ന നമ്മുടെ നാട്ടിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇതൊരനുഗ്രഹം തന്നെയാണ്. സിനിമ, ഗെയിമുകള്‍, വിവിധ ഇനം സോഫ്റ്റ്വെയറുകള്‍ തുടങ്ങിയ വലിയ ഫയലുകള്‍ ഇതുവഴി അനായാസം ഡൌണ്‍ലോഡ് ചെയ്യാനാവും. സാധാരണ ഫയലുകള്‍ക്ക് പകരം .torrent എന്ന എക്സ്റ്റന്‍ഷനുള്ള ഫയലുകളാണ് ടോറന്റുകള്‍ എന്നറിയപെടുന്നത്. ചിലവ് കുറവും അതേസമയം തരതമ്യേന കൂടിയ വേഗതയും ഇതിന്റെ സവിശേഷതഗാണ്.
സാധരണ ഫയല്‍ കൈമാറ്റത്തിനുപയോഗിക്കുന്ന എഫ്.ടി.പി (File Transfer Protocol) സംവിധാനത്തില്‍ നിന്ന് തീര്‍ത്തും വിത്യസ്തമായ ബിറ്റ് ടോറന്റ് പ്രോട്ടോകോള്‍ സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. സെര്‍വറില്‍ സംഭരിച്ച ഫയലുകള്‍ പല ക്ലയന്റുകള്‍ക്കായി വീതിച്ചു നല്‍കുന്ന രീതിയാണ് എഫ്.ടി.പിയില്‍ അവലംബിക്കുന്നത്. ഒരേസമയം ഒന്നിലധികം ഉപയോക്താക്കള്‍ സെര്‍വറിലെ ഒരു പ്രത്യേക ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തിരക്ക് വര്‍ദ്ധിച്ച് ഉപയോക്താക്കള്‍ക്ക് സമയനഷ്ടം ഉണ്ടാക്കും. എന്നാല്‍ ബിറ്റ് ടോറന്റ് സംവിധാനത്തിലെ പിയര്‍-ടു-പിയര്‍ സാങ്കേതിക വിദ്യ എഫ്.ടി.പി.യില്‍ നിന്നും വിത്യസ്തമാണ്. നെറ്റ്വര്‍ക്കിലെ വിവിധ കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള പങ്കുവെക്കല്‍ സംവിധാനമെന്നു ഇതിനെ വിശേഷിപ്പിക്കാം. അതായത് ഓരോ ക്ലയന്റ് കമ്പ്യൂട്ടറും സെര്‍വര്‍ എന്ന നിലക്ക് കൂടി പ്രവര്‍ത്തിക്കാന്‍ ഇതില്‍ കഴിവുള്ളതായി മാറുന്നു. പ്രത്യേക ഉറവിടത്തില്‍ നിന്ന് ഒരു ഫയല്‍ അനേകം ക്ലയന്റുകള്‍ പകര്‍ത്തുകയും അവ ഓരോന്നും മറ്റുള്ള ക്ലയന്റുകള്‍ക്ക് പങ്ക് വെക്കാന്‍ സജ്ജമാവുകയും ചെയ്യുന്ന രീതി ഇവിടെ പ്രായോഗത്തില്‍ വരുന്നു.
പറയത്തക്ക സാങ്കേതിക പരിജ്ഞാനമൊന്നും ടോറന്റ് ഡൌണ്‍ലോഡിംഗിനു ആവശ്യമില്ല. നമ്മുടെ കമ്പ്യുട്ടറില്‍ ഒരു ക്ലയന്റ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യമായി വേണ്ടത്. യുടോറന്റ്, അസൂറിയസ്, ഏരിസ്, ലൈംവയര്‍ തുടങ്ങി നിരവധി ടോറന്റ് ക്ലയന്റ് പ്രോഗ്രാമുകള്‍ നെറ്റില്‍ ലഭ്യമാണ്. www.utorrent.com, www.limeware.com തുടങ്ങിയ സൈറ്റുകളിലൂടെ ഇവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ .torrent ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ സജ്ജമായി. ടോറന്റ് ഫയലുകള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്. www.isohunt.com, www.thepiratebay.org, www.torrentz.com തുടങ്ങിയ സൈറ്റുകള്‍ ഈ ഇനത്തില്‍ പ്രസിദ്ധമാണ്.
ഡൌണ്‍ലോഡ് ചെയ്യുന്നതോടെ ടോറന്റിന്റെ ജോലി തീര്‍ന്നു എന്നു വിചാരിക്കരുത്. ഇനി നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് മറ്റുള്ള കമ്പ്യൂട്ടറുകളിലേക്ക് അപ്ലോഡ് ചെയ്യാന്‍ അനുവാദം നല്‍കാം. ഈ ഫയലിനെ 'സീഡ്' എന്നും ഉപയോക്താവിനെ 'സീഡര്‍' എന്നും പറയുന്നു. ടോറന്റുകളെ ചലിപ്പിക്കുന്നതും സജീവമാക്കുന്നതും സീഡര്‍മാരാണ്. ഇതര ഉപയോക്താക്കളും ഡൌണ്‍ലോഡിംഗ് പൂര്‍ത്തിയാക്കുതിനനുസരിച്ച് സീഡറുകളായി മാറുന്നു. ബിറ്റ് ടോറന്റുകള്‍ ഒരിക്കലും നിയമവിരുദ്ധമല്ല. എന്നാല്‍ കോപ്പിറൈറ്റുള്ള ഡാറ്റകള്‍ ഇതുവഴി ഡൌണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമാണ്. ടോറന്റുകള്‍ ഉപയോഗിക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെ ഐ.പി വിലാസം ഇതര ഉപയോക്താക്കള്‍ക്ക് അറിയാനാവും. ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും മനസ്സിലാക്കേണ്ടതാണ്.
ജുനൈദ് ഇരുമ്പുഴി
junaidck07@gmail.com
*****
വരുന്നൂ സ്പെയ്സ് ഇന്റര്‍നെറ്റ്
ഉപഗ്രഹങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്പെയ്സ് ഇന്റര്‍നെറ്റ് (Disruption Tolerant Networking ^DTN) സിസ്റ്റം വരുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഒരുക്കുന്ന 'ഇന്റര്‍പ്ലാനറ്ററി ഇന്റര്‍നെറ്റ്' എന്ന ഈ സംവിധാനം സ്പെയ്സ് കമ്മ്യൂണിക്കേഷന്‍ രംഗത്തെ കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷ. വാന നിരീക്ഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഗവേഷണത്തിന്റെ മറ്റൊരു തലമൊരുക്കി, ചന്ദ്രനില്‍ നിന്നോ ബഹിരാകാശത്തു നിന്നോ നിരീക്ഷണം നടത്താം. ഇ^മെയിലുകള്‍ പരിശോധിക്കാം. ഉപഗ്രഹ കണ്ടുപിടിത്തങ്ങള്‍ക്കും സൂക്ഷ്മ പരിശോധനക്കുമുള്ള അനുയോജ്യമായ കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ അടുത്ത ദശകങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു എന്ന തിരിച്ചറിവാണ് ഈ പാതയിലേക്ക് കാലെടുത്തു വക്കാന്‍ നാസയെ പ്രേരിപ്പിക്കുന്നത്.
വോക്കി ടോക്കി പോലെ പോയിന്റ് ടു പോയിന്റ് നെറ്റ്വര്‍ക്കില്‍ നിന്നും ഇന്റര്‍നെറ്റിന്റെ മള്‍ട്ടിമോഡ് നെറ്റ്വര്‍ക്കിലേക്കുള്ള രൂപാന്തരമാണ് ഇത് ലക്ഷ്യമാക്കുന്നത്. അമേരിക്കന്‍ സേന റിമോട്ട് ഏരിയയിലെ ആശയവിനിമയത്തിന് ഈ ടെക്നോളജി ഉപയോഗിച്ചു വരുന്നു. സാറ്റലൈറ്റ് വഴി റിമോട്ട് ഏരിയയിലെ ആളുകളുമായി ബന്ധിപ്പിക്കുന്നതിന് പ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൌകര്യവും ഡി.ടി.എന്‍ ഒരുക്കുന്നുണ്ട്. സ്പെയ്സ് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ നാസ വിജയകരമായി പൂര്‍ത്തിയാക്കി. ഭൂമിയില്‍ നിന്ന് 32 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് സ്പെയ്സ് ക്രാഫ്റ്റ് സ്പെയ്സ് ഇമേജ് അയച്ചുകൊണ്ടാണ് പരീക്ഷണം നടത്തിയത്. സ്പെയ്സുമായി ബദ്ധപ്പെട്ട എല്ലാവിധ ആശയവിനിമയങ്ങള്‍ക്കും സ്പെയ്സ് ഇന്റര്‍നെറ്റ് ഒരു മുതല്‍ക്കൂട്ടായരിക്കും. 2011^ല്‍ ഇത് പൂര്‍ണ്ണ രൂപത്തില്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിലീപ് സേനാപതി
dileep.senapathy@gmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
ഗള്‍ഫ് ജോലി ഒഴിവുകള്‍
http://hrgulf.blogspot.com/
ഗള്‍ഫിലെ ജോലി ഒഴിവുകള്‍ സംബന്ധിച്ച പോസ്റ്റുകള്‍ സ്ഥിരമായി പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്. ഐ.ടി മേഖലയിലെ ജോലിക്കാണ് പ്രാമുഖ്യം നല്‍കുന്നത്. പ്രമുഖ ജോബ് സൈറ്റുകളിലേക്കും കണ്‍സള്‍ട്ടിംഗ് കമ്പനികളിലേക്കുമുള്ള ലിങ്കുകളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ദിവസവും പോസ്റ്റുകള്‍ പുതുക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ഗള്‍ഫ് മേഖലയിലെ തൊഴിലന്വേഷകര്‍ക്ക് ഇത് വലിയ തോതില്‍ പ്രയോജനപ്പെടും. ദുബൈയില്‍ ജോലി ചെയ്യുന്ന തിരൂര്‍ സ്വദേശിയും കമ്പ്യൂട്ടര്‍ എന്‍ജിനീയറുമായ യാസര്‍ ഖുത്തുബാണ് ബ്ലോഗിന് മേല്‍നോട്ടം വഹിക്കുന്നത്.
ഇന്‍ഫോ മാധ്യമം
http://infomadhyamam.blogspot.com/
ഇന്‍ഫോ മാധ്യമത്തിന്റെ ബ്ലോഗ്. ഇന്‍ഫോ മാധ്യമത്തിന്റെ പഴയ ലക്കങ്ങള്‍ ഏറെക്കുറെ ലഭ്യമാക്കിയതിനാല്‍ റഫറന്‍സിന് പ്രയോജനപ്പെടുത്താനാവും. കൂടുതല്‍ ലക്കങ്ങള്‍ ബ്ലോഗിലുള്‍പ്പെടുത്തുന്ന പ്രവര്‍ത്തനം തുടരുന്നു.
സഫാ-മര്‍വാ
http://safa-marva.blogspot.com
നല്ല ചിന്തകള്‍ക്കൊരിടം. പോസിറ്റീവായ ആശയങ്ങള്‍ക്കും. അതാണ് ബ്ലോഗിന്റെ മുഖമുദ്ര. 'മൂന്ന് കൂട്ടുകാരികള്‍', 'ബ്ലോഗ് സംസ്ക്കാരം സമീപ ഭാവിയില്‍', 'മദീനയില്‍ ഒരു ദിവസം' തുടങ്ങിയ പോസ്റ്റുകള്‍ എടുത്തു പറയാവുന്നവയാണ്. സൌദിയിലെ ദമ്മാമില്‍ ജോലി ചെയ്യുന്ന കൊണ്ടോട്ടി സ്വദേശി ഫൈസലാണ് ബ്ലോഗര്‍.
ഐ.ടി. നെറ്റ്വര്‍ക്ക്
http://itnetworkadmin.blogspot.com/
നെറ്റ്വര്‍ക്ക് സംബന്ധമായ സംശയങ്ങള്‍ക്ക് നിവാരണം, ഈ മേഖലയിലെ അറിവ് പങ്ക് വെക്കല്‍. ഇതാണ് ബ്ലോഗ് ലക്ഷ്യമാക്കുന്നത്. അറിവിന് പരിധികളില്ലെന്നും പങ്കുവെക്കുന്നതിനനുസരിച്ച് അത് വര്‍ദ്ധിക്കുമെന്നും വിശ്വസിക്കുന്ന ബ്ലോഗര്‍ മൈക്രോസോഫ്റ്റ്, സിസ്കോ സര്‍ട്ടിഫൈഡ് നെറ്റ്വര്‍ക്ക് എഞ്ചിനീയറാണ്.
വര@തല=തലവര
http://tksujith.blogspot.com
'ബൂലോക'ത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട എന്നവകാശപ്പെടുന്ന ഈ ബ്ലോഗില്‍ നൂറുക്കണക്കിന് കാര്‍ട്ടൂണുകള്‍ കാണാം. 'കാര്‍ട്ടൂണ്‍ വരക്കാന്‍ ജീവിക്കുന്നു. ജീവിക്കാന്‍ കാര്‍ട്ടൂണ്‍ വരക്കുന്നു'. ബ്ലോഗറായ അനുഗ്രഹീത കാര്‍ട്ടൂണിസ്റ്റ് ടി.കെ. സുജിത് സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെ. അതേതായാലും ഈ 'തലവര' സന്ദര്‍ശിക്കുന്നത് വേറിട്ടൊരു അനുഭവം തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല.
വി.കെ. അബ്ദു
vkabdu@gmail.com
*****
ഇന്‍ഫോ ക്വിസ്
1. ലോകത്ത് ആദ്യമായി സോളാര്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ പുറത്തിറക്കിയ കമ്പനി?
2. മൊബൈല്‍ ഫോണിന് വേണ്ടി ഗൂഗിള്‍ പുറത്തിറക്കിയ പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ 'ആന്‍ഡ്രോയിഡ്' ഇന്‍സ്റ്റാള്‍ ചെയ്ത് ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഫോണ്‍?
3. അധ്യാപകര്‍ തങ്ങളുടെ അധ്യയന മെറ്റീരിയലുകള്‍ വെബ് വഴി ഓപ്പണ്‍ ആക്സസ് രീതിയില്‍ വിന്യസിക്കണമെന്ന് അനുശാസിക്കുന്ന നിമയമുണ്ടാക്കി പ്രാബല്യത്തില്‍ വരുത്തിയ യൂണിവേഴ്സിറ്റി?
4. ഡിസ്റ്റന്റ് എഡ്യുക്കേഷന്‍ രംഗത്ത് ഇലക്ട്രോണിക് മാധ്യമം ഉപയോഗപ്പെടുത്തുന്ന പ്രമുഖ ഹബ്ബായി മാറിയ 'ഇഗ്നോ'യുടെ മീഡിയാ വിഭാഗത്തിന്റെ പേര്?
5. ഡല്‍ഹിയിലെയും മുംബൈയിലെയും ആരോഗ്യ പ്രശ്നങ്ങളെയും ആശുപത്രികളെയും ഡോക്ടര്‍മാരെയും സംബന്ധിച്ച വിശദ വിവരങ്ങളുള്‍ക്കൊള്ളിച്ച് ഈയ്യിടെ പുറത്തിറക്കിയ വെബ്സൈറ്റ്?
6. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ചുവട് പിന്തുടര്‍ന്ന് ടെക്നോളജിയുടെ കുത്തകാവകാശം ഒഴിവാക്കി തികച്ചും ഓപണ്‍ സോഴ്സ് അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ മോട്ടോര്‍ കാര്‍?
7. മതിയായ അടിസ്ഥാന സൌകര്യങ്ങളില്ലാത്ത ഇന്ത്യയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പാഠ ഭാഗങ്ങള്‍ വീഡിയോ രൂപത്തില്‍ ലഭ്യമാക്കാനുതകുന്ന ഹാന്‍ഡ് ഹെല്‍ഡ് ഉപകരണം?
8. തലച്ചോറിലെ വിവരങ്ങള്‍ മുഴുക്കെ ഡിജിറ്റല്‍ ഉപകരണങ്ങളിലേക്ക് ബാക്കപ് ചെയ്യാനാവുമോ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണ പദ്ധതി?
9. കുട്ടികളുടെ യൂട്യൂബ് ഉപയോഗം നിയന്ത്രിക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന സോഫ്റ്റ്വെയര്‍?
10. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ സെല്‍ഫോണില്‍ ലഭ്യമാക്കുന്ന ആദ്യത്തെ മൊബൈല്‍ നോവല്‍?
ഉത്തരം
1. സാംസംഗ്
2. എയര്‍ടെല്‍ അവതരിപ്പിക്കുന്ന 'എച്ച്.ടി.സി മാജിക്'
3. മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ocw.mit.edu)
4. ഇലക്ട്രോണിക് മീഡിയാ പ്രൊഡക്ഷന്‍ സെന്റര്‍ (EMPC)
5. www.justhealth.in
6. 'റിവര്‍സിംപിള്‍' (www.riversimple.com)
7. ePOD. 700 മണിക്കൂര്‍ വീഡിയോ സൂക്ഷിക്കാവുന്ന ഇത് സൌരോര്‍ജ്ജം വഴിയാണ് പ്രവര്‍ത്തിക്കുന്നത്.
8. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഒരുപറ്റം ഗവേഷകര്‍ നയിക്കുന്ന Mind Upload പ്രൊജക്റ്റ്.
9. Golden Filter Pro 1.1 (www.computeretechnologies.co.uk/kp.html)
10. പിങ്കി മിറാണി എഴുതിയ 'ഡെഫ് ഹെവന്‍'.
=========================