Tuesday, September 09, 2008

ഇന്‍ഫോമാധ്യമം (373) - 01/09/2008


ആകര്‍ഷകമായ സംസാരത്തിലൂടെ മികച്ച തൊഴില്‍

കെ.വി. സുമിത്ര
sumithra_2257@spectrum.net.in


ആകര്‍ഷകവും വ്യക്തതയുള്ള സംസാരം എല്ലാവരും ഇഷ്ടപ്പെടുന്നു. ഇതൊരു കലയായി കണക്കാക്കുന്നതിലുപരി ഉറച്ചതും വ്യക്തതയുമുള്ള സംസാരത്തിലൂടെ അന്തസ്സുള്ള ഒരു തൊഴില്‍ സമ്പാദിക്കാമെന്ന് എത്രപേര്‍ക്കറിയാം. ഓവര്‍സീസ് ബിസിനസ് ഡവലപ്മെന്റ് മേഖലയാണ് ഇതിന് അവസരമൊരുക്കുന്നത്. വ്യക്തിത്വത്തിന്റെ നിര്‍ണ്ണായക ഘടകമാണ് സംസാരശൈലി. സംസാരിച്ചുകൊണ്ട് മാത്രമേ സംസാരശൈലി രൂപപ്പെടുത്തിയെടുക്കാനാവൂ എന്നതാണ് വസ്തുത. മികച്ച സംസാര ശൈലി സ്വായത്തമാക്കിയവര്‍ക്ക് അതുമുഖേന ജീവിത വിജയം നേടാനും ആ വിജയം നിലനിര്‍ത്താനും അവസരമുണ്ട്.
വിദേശത്തുള്ള കമ്പനികളുമായി നടക്കുന്ന വ്യാപാര^വാണിജ്യ ഇടപാടുകളില്‍ ഇടനിലക്കാരായി വര്‍ത്തിക്കുക എന്നതാണ് ഒ.ബി.ഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓവര്‍സീസ് ബിസിനസ് ഡവലപ്മെന്റ് നിര്‍വഹിക്കുന്ന ധര്‍മ്മം. ഇടപാടുകളിലെ മര്‍മ്മപ്രധാനമായ കണ്ണികളായി വര്‍ത്തിക്കുന്നവരാണിവര്‍. കമ്പനികളുടെ ആഗോള പ്രതിഛായ പ്രതിഫലിപ്പിക്കാന്‍ കഴിവുള്ളവരായിരിക്കണം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. കേരളത്തില്‍ ഇന്ന് മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ തൊളില്‍ മേഘലയാണിത്. വിദേശത്തുള്ളവരുമായി ആശയവിനിമയം നടത്തേണ്ടതിനാല്‍ അവരുടെ കാഴ്ചപ്പാടുകളും താല്‍പര്യങ്ങളും സംബന്ധിച്ച് ഇവര്‍ ബോധവാന്‍മാരായിരിക്കും. ആകര്‍ഷകമായ സംസാരത്തിലൂടെ അവരെ തങ്ങളുടെ സ്ഥാപനവുമായി അടുപ്പിക്കാന്‍ ഇവര്‍ക്ക് സാധ്യമാകുന്നു. സ്വന്തം കമ്പനിയുടെ സേവനങ്ങളും ഉല്‍പന്നങ്ങളും വിദേശികളായ ഉപഭോക്താക്കളിലെത്തിക്കുകയും അതുവഴി അവരെ കമ്പനിയുടെ വ്യാപാര ശൃംഖലയില്‍ കണ്ണികളാക്കുകയുമാണ് ഒ.ബി.ഡി എക്സിക്യൂട്ടീവ് ചെയ്യുന്നത്. ഈ മേഖലയില്‍ കൂടുതല്‍ ജോലി പരിചയമുള്ളവര്‍ക്ക് സീനിയര്‍ എക്സിക്യൂട്ടീവ് പദവി ലഭിക്കുന്നു. അതോടൊപ്പം ശമ്പളത്തിലും വര്‍ദ്ധനവ് പ്രതീക്ഷിക്കാം. കൂടുതല്‍ പരിചയം നേടുന്നതോടെ ഒ.ബി.ഡി ടീം ലീഡറെന്ന് നിലക്കും പിന്നീട് മാനേജ്മെന്റ് പദവികളിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. അത്യാകര്‍ഷകമായ ശമ്പളവ്യവസ്ഥയാണ് ഈ തൊഴില്‍ മേഖലയുടെ സവിശേഷത.

ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാനുള്ള പ്രാവീണ്യമാണ് ഇവിടെ തൊഴില്‍ ലഭിക്കുന്നതിനുള്ള മുഖ്യ യോഗ്യത. പ്രാദേശികമായ ഭാഷാ പ്രയോഗങ്ങള്‍ തിരിച്ചറിഞ്ഞ് ഇടപാടുകാരുമായി വേണ്ടരിതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കണം. ഏതാനും മാസത്തെ നിരന്തര പ്രയത്നത്തിലൂടെ ഇത് നേടിയെടുക്കാവുന്നതാണ്്. കേരളത്തില്‍ ഈ രീതിയില്‍ തൊഴില്‍ പരിശീലനം നല്‍കി അവരെ തങ്ങളുടെ കമ്പനിയുടെത്തന്നെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ച് വാണിജ്യ ശൃംഖലയിലേത്തിക്കുന്ന സ്ഥാപനങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, സ്പെക്ട്രം സോഫ്ടെക് സൊല്യൂഷന്‍സ്, വിപ്രോ തുടങ്ങിയ കമ്പനികള്‍ ഇതിലുള്‍പ്പെടുന്നു.
*****

മൊബൈല്‍ ഫോണ്‍ ഓട്ടോമൊബൈല്‍ സുരക്ഷക്ക്

ഹംസ അഞ്ചുമുക്കില്‍
hamza@britco.co.in


ഇന്ന് നിരത്തിലിറങ്ങുന്ന പുത്തന്‍ കാറുകള്‍ക്ക് കമ്പ്യൂട്ടര്‍, ഇലട്രോണിക്സ്, വയര്‍ലെസ്സ് എന്നീ സാങ്കേതിക വിദ്യകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. മാരുതി ആള്‍ട്ടോ പോലുള്ള സാധാരണ കാറുകള്‍ക്ക് പോലും ഇത്തരം നൂതന വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷിതത്വ സംവിധാനം എന്നതിലുപരിയായി ആഡംബരങ്ങള്‍ക്കാണ് ഈ മേഖലയില്‍ കൂടുതല്‍ പണം ചിലവാക്കുന്നത്. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ പോലുള്ള വയര്‍ലസ്സ് മേഖല പുരോഗമിക്കുമ്പോള്‍ അത് വാഹനങ്ങളുടെയും യാത്രക്കാരുടെ സുരക്ഷിതത്വത്തില്‍ വലിയൊരു പങ്ക് വഹിക്കേണ്ടതുണ്ട്. വാഹനത്തിന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാന്‍ നിലവിലെ ജി.എസ്.എം ടെക്നോളജി തന്നെ ധാരാളമാണ്. മൊബൈല്‍ ഉല്‍പന്നങ്ങളും അവയുടെ കോള്‍/ഡാറ്റ താരിഫുകളും ഇന്ത്യയിലാണ് ലോകത്ത്വെച്ചേറ്റവും കുറവുള്ളത്. അതിനാല്‍ തന്നെ വാഹനങ്ങളില്‍ ജി.എസ്.എം. വയര്‍ലെസ്സ് സംവിധാനം സാധ്യമാണെന്നതില്‍ സംശയമില്ല. ഓടുന്ന വാഹനം എവിടയാണെന്നും എത്ര വേഗതയിലാണ് ഓടുന്നതെന്നും എത്ര ലിറ്റര്‍ ഡീസല്‍/പെട്രോള്‍ കാറിലുണ്ടെന്നും എത്രപേര്‍ യാത്ര ചെയ്യുന്നുവെന്നും അപകടം സംഭവിക്കുന്നുണ്ടോ എന്നുമല്ലാം വീട്ടിലെയോ അതല്ലെങ്കില്‍ ഓഫീസിലെയോ കമ്പ്യൂട്ടര്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും മനസിലാക്കാന്‍ ഇപ്പോള്‍ സംവിധാനമായിരിക്കുന്നു.
*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com


ഡി.റ്റി.പി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഒരു കലയാണ്. മൈക്രോസോഫ്റ്റ് വേര്‍ഡിനെപ്പോലെയോ അഡോബ് പേജ്മേക്കറിനെപ്പോലെയോ ഉള്ള ഏതെങ്കിലും ഒരു വേര്‍ഡ് പ്രോസസ്സറുപയോഗിച്ച് ഒരു സാധാരണ ഡോക്യുമെന്റ് ഉണ്ടാക്കുക എന്നത് കമ്പ്യൂട്ടറില്‍ കേവല പരിജ്ഞാനമുള്ള ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണ്. എന്നാല്‍ ശരിയായ രീതിയില്‍ ഫോര്‍മാറ്റുചെയ്ത്, പേജ് സെറ്റപ് ചെയ്ത് അനുയോജ്യമായ ഫോണ്ടുകളും ചിത്രങ്ങളും നിറങ്ങളും ഇതര പാശ്ചാത്തല ക്രമീകരണങ്ങളും നടത്തി ആകര്‍ഷകമായ ഒരു ഡോക്യുമെന്റ് സൃഷ്ടിക്കുവാന്‍ സാധാരണഗതിയില്‍ നല്ല പരിശീലനം ലഭിച്ച കലാ ബോധമുള്ളവര്‍ക്കു മാത്രമേ കഴിയൂ. കാര്യമായ മുന്‍പരിചയമോ പ്രത്യേക വൈഭവമോ ഇല്ലാത്തവര്‍ക്കുപോലും പ്രൊഫഷണലുകളെ വെല്ലുന്ന ഡോക്യുമെന്റുകളുണ്ടാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു 'കിടിലന്‍' സോഫ്റ്റ്വെയറാണ് 'പേജ് പ്ലസ്.എസ്.ഇ'. മുന്‍കൂട്ടി തയ്യാര്‍ ചെയ്തുവച്ച ലേ ഔട്ടുകളും ടെംപ്ലേറ്റുകളും അത്യാകര്‍ഷകങ്ങളായ നിറക്കൂട്ടുകളും ആര്‍ട്ടിസ്റ്റിക് ഇഫക്ടുകളും ഒത്തു ചേര്‍ന്ന ഈ സോഫ്റ്റ്വെയറിന്റെ മിക്ക സംവിധാനങ്ങളും സ്വയം പ്രവര്‍ത്തകങ്ങളാകയാല്‍ ഇതിന്റ ഉപയോഗക്രമം വളരെ ലളിതമാണ്. സാധാരണ പോസ്റ്ററുകള്‍, ക്ഷണക്കത്തുകള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍ തുടങ്ങി തിളക്കമാര്‍ന്ന മാര്‍ക്കറ്റിംഗ് ബ്രോഷറുകള്‍ വരെ തയാര്‍ ചെയ്യാവുന്ന ഏതാണ്ട് അഞ്ഞൂറോളം ടെംപ്ലേറ്റുകളും ഡിസൈനുകളും സോഫ്റ്റ്വെയറിലുണ്ടെന്നതിനാല്‍ അവയില്‍നിന്ന് ഏതാവശ്യത്തിനും സന്ദര്‍ഭത്തിനുമിണങ്ങുന്നവ തിരഞ്ഞെടുത്തു പ്രയോഗിക്കുക മാത്രമേ വേണ്ടൂ. www.freeserifsoftware.com/software/PagePlus/default.asp എന്ന വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്ന ഈ സോഫ്റ്റ്വെയറിന്റെ ഇന്‍സ്റ്റലേഷന്‍ പ്രക്രിയയും വളരെ എളുപ്പമാണ്. കൂടാതെ ഇതിന്റെ വൈവിധ്യമേറിയ ഉപയോഗക്രമങ്ങള്‍ പ്രായോഗികതയിലൂന്നി പടിപടിയായി വിശദീകരിക്കുന്ന മികച്ച ഒരു ട്യൂട്ടോറിയലും പ്രോഗ്രാമിനോടൊപ്പം ലഭിക്കും.
*****

ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

ചില യാത്രങ്ങള്‍.. അനുഭവങ്ങളും

യാത്ര വളരെയേറെ ഇഷ്ടപ്പെടുകയും ഓരോ യാത്രയും മറക്കാനാവാത്ത ഓര്‍മ്മച്ചെപ്പുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഒരാള്‍ തന്റെ യാത്രാനുഭവങ്ങള്‍ ജീവിതത്തിന്റെ തന്നെ അനുഭൂതിയാക്കി മാറ്റുന്ന കാഴ്ചയാണ് മനോജ് രവീന്ദ്രന്റെ 'ചില യാത്രകള്‍' (chilayaathrakal.blogspot.com) എന്ന ബ്ലോഗിലൂടെ നമുക്ക് ദൃശ്യമാക്കിത്തരുന്നത്. പ്രവാസ ജീവിതത്തിന്റെ പ്രയാസവും വിരസതയുമകറ്റാനുള്ള മാര്‍ഗമെന്ന നിലക്കാണ് മറുനാട്ടിലെ മലയാളികള്‍ ബ്ലോഗ് പോലുള്ള ഇന്ററാക്റ്റിവ് മാധ്യമങ്ങളില്‍ കൂടുതല്‍ സക്രിയമാകുന്നതെന്ന് പറയുന്നതില്‍ തെറ്റില്ല.

യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഓരോ ദൃശ്യങ്ങളും ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയും അത് തന്റെ ഡയറിത്താളുകളില്‍ കുറിച്ചിട്ട് വായനക്കാരിലേക്ക് പകരുകയും ചെയ്യുന്ന ബ്ലോഗാണിത്. താന്‍ കണ്ടതും തന്നെ ആകര്‍ഷിച്ചതുമായ മണ്ണിലേക്കുള്ള ഒരു തിരിച്ചുപോക്ക്. ബ്ലോഗില്‍ മനോജ് ഇങ്ങനെ കുറിച്ചിടുന്നു. 'ഇതെന്റെ ചില കൊച്ചു കൊച്ചു യാത്രാ കുറിപ്പുകളാണ്. ഒരു ഡയറി പോലെ എനിക്ക് വേണ്ടി ഞാന്‍ തന്നെ കുറിച്ചിടുന്ന ചില സ്ക്രാപ്പുകള്‍. ഏതെങ്കിലും വഴിപോക്കന്‍ വായിക്കാനിടയായാല്‍, ഏതെങ്കിലും കുറിപ്പുകള്‍ രസകരമായിത്തോന്നാനിടയായാല്‍ ഈയുള്ളവന്‍ ധന്യനായി. അതിലപ്പുറം ഒരു ലക്ഷ്യവും ഈ കുറിപ്പുകള്‍ക്കില്ല'.

എസ്.കെ. പൊറ്റക്കാട് പകര്‍ന്നുതന്ന യാത്രാവിവരണ സാഹിത്യ ശാഖയുടെ ഇളം തലമുറക്കാരനാണ് മനോജ് എന്ന് പറയാം. അന്ന് പൊറ്റക്കാട് കടലാസിലെ കറുപ്പും വെളുപ്പും തന്റെ യാത്രാനുഭവങ്ങള്‍ കോറിയിടാന്‍ ഉപയോഗിച്ചെങ്കില്‍ ഇന്ന് മനോജിപ്പോലുള്ള പുതിയ എഴുത്തുകാര്‍ സൈബര്‍ സ്പെയ്സ് തിരഞ്ഞെടുത്ത് തങ്ങളുടെ യാത്രാനുഭവങ്ങളെ ഇന്റര്‍നെറ്റിലൂടെ യാത്രചെയ്യിച്ച് ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കെത്തിക്കുന്നു. കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും സഞ്ചാരികളുടെ പറുദീസയായ ഒട്ടുമിക്ക വിനോദ സഞ്ചാര മേഖലകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട് മനോജ്. കുറിപ്പുകള്‍ക്കൊപ്പം ചിത്രങ്ങളും ചേര്‍ത്തുവെച്ചത് വായനാനുഭവത്തോടൊപ്പം നല്ലൊരു കാഴ്ചാനുഭവവും സമ്മാനിക്കുന്നു.

കേരളത്തിലെ ആത്മീയതയുടെ സൂര്യാംശം തങ്ങിനില്‍ക്കുന്ന മനകള്‍, മലകള്‍ എന്നിവയിലേക്ക് അവയുടെ ഐതിഹ്യങ്ങളുടെ പിന്‍ബലത്തോടെ ഈ കുറിപ്പുകള്‍ തുര്‍ത്ഥാടനം നടത്തുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തന്റെ രായിരനെല്ലൂര്‍ മന, സൂര്യകാടി മന എന്നിവയിലേക്കുള്ള യാത്രയുടെ വിവരണങ്ങള്‍ ഏതൊരാളുടെ മനസ്സിലും അങ്ങോട്ടുള്ള യാത്രക്ക് ഭാണ്ഡമൊരുക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. കേരളത്തിന്റെ സഞ്ചാര ഭൂപടത്തില്‍ ഇനിയും വരച്ചുകാണിക്കാത്തതും അതേസമയം ഏറെ ടൂറിസം സാധ്യതയുള്ളതുമായ വിനോഖ സഞ്ചാരമേഖലകളെക്കുറിച്ച് അറിവ് പകരാന്‍ ഈ ബ്ലോഗ് നിമിത്തമായിട്ടുണ്ട്. മൂന്നാറിലെ കൊളുക്ക് മലൈയാണ് ബ്ലോഗിലെ പുതിയ യാത്രാവിവരണങ്ങളിലൊന്ന്. 'ഇടത്തോട്ട് നോക്കിയാല്‍ കാണുന്ന താഴ്വര മുഴുവന്‍ കേരളം. വലതു വശത്തെ താഴ്വര തമിള്‍നാട്. മുമ്പില്‍ മറ്റൊരു മല തലയുയര്‍ത്തി നില്‍ക്കുന്നു. അതാണ് തിപാടമല. തലക്കുമുകളില്‍ തൊട്ടുതൊട്ടില്ലെന്ന ഉയരത്തില്‍ കടന്നുപോകുന്ന മഴമേഘങ്ങളുമായി സല്ലപിച്ചു കുറച്ചുനേരം അവിടെ നിന്നു. കൂട്ടം തെറ്റിയും വഴിമാറിപ്പോയും കുറേ മേഘങ്ങള്‍ താഴെ മലയിടുക്കുകളില്‍ തേയിലത്തോട്ടങ്ങള്‍ക്ക് മുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ട്. എത്ര കണ്ടാലും മതിവരാത്ത കണ്ണും കരളും കവരുന്ന കാഴ്ച തന്നെ'. മനോജിന്റെ വിവരണത്തിന്റെ മാതൃകയാണിത്. മനോജ് പറയുന്നതുപോലെ എത്ര യാത്ര പോയാലും മതിവരാത്ത അനുഭവം തന്നെ. ഒപ്പം യാത്രാവിവരണം വായിക്കുന്നതും ഒരിക്കലും മതിവരാത്ത അനുഭവമാണെന്ന് ഈ ബ്ലോഗ് സാക്ഷ്യപ്പെടുത്തുന്നു.
*****

എന്നെ ശല്യം ചെയ്യരുതേ..

അബ്ദുല്‍ മുനീര്‍ എസ്.

മൊബൈല്‍ ഉപയോക്താവായ നിങ്ങളെ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാരും മറ്റു ടെലിമാര്‍ക്കറ്റിംഗുകാരും ഫോണ്‍ ചെയ്തും എസ്.എം.എസ് സന്ദേശങ്ങളയച്ചും ശല്യം ചെയ്യാറില്ലേ. അനാവശ്യമായ ഇത്തരം ഫോണ്‍ കോളുകളും സന്ദേശങ്ങളും നിങ്ങള്‍ക്ക് ഒഴിവാക്കാനാവുന്നതേയുള്ളൂ. ഇതിന് വേണ്ടി മൊബൈല്‍ ഓപറേറ്ററുടെ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുകയോ അതല്ലെങ്കില്‍ START DND എന്ന് 1909 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയോ ചെയ്യുക. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് *121# ഡയല്‍ ചെയ്തും ഇത് ഒഴിവാക്കാവുന്നതാണ്. പിന്നീട് ആവശ്യമെങ്കില്‍ ഈ സേവനം ആക്റ്റിവേറ്റ് ചെയ്യാനും സൌകര്യമുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) www.ndncregistry.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. മിക്ക നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാരും ഈ സംവിധാനം തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചിരിക്കും.
==============================

സന്ദര്‍ശകര്‍ ഇതുവരെ...