Tuesday, June 29, 2010

ഇന്‍ഫോമാധ്യമം (449) - 21/06/2010



വെബ് വിലാസം ഇനി സ്വന്തം ഭാഷയില്‍
ബ്രൌസര്‍ പ്രോഗ്രാമുകള്‍ തുറന്ന് വെബ്സൈറ്റുകളിലേക്ക് കടക്കാന്‍ ഇനി ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യേണ്ടി വരില്ല. അഡ്രസ്സ് ബാറില്‍ മലയാളത്തില്‍ ടൈപ് ചെയ്ത് വെബ്സൈറ്റുകള്‍ നമ്മുടെ കമ്പ്യൂട്ടറിലെത്തുന്ന കാലം വരികയാണ്. ഇംഗ്ലീഷിനെ ഒട്ടും ആശ്രയിക്കാതെ പ്രാദേശിക ഭാഷയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന് വരുന്നതോടെ കീബോര്‍ഡ് ബട്ടണുകളുടെ മീതെ പതിഞ്ഞിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഏറെ വൈകാതെ മാഞ്ഞുതുടങ്ങും. ഇംഗ്ലീഷ് ഭാഷ ആവശ്യമില്ലാതാകുന്നതോടെ പ്രാദേശികതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കൂടും.

ലാറ്റിന്‍ ഭാഷക്ക് പകരം മറ്റു ലിപികളിലും വെബ് അഡ്രസ്സുകള്‍ ലഭിച്ചുതുടങ്ങി. വെബ്സൈറ്റുകളുടെ ഡൊമൈന്‍ നാമത്തിന് അറബിയിലുള്ള വാലറ്റം (extension) നല്‍കിക്കൊണ്ടാണ് 2010 മെയ് 5ന് പുതിയ മാറ്റം നിലവില്‍വന്നത്. ഈജിപ്ത്, സൌദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നീ രാജ്യങ്ങളാണ് പുതിയ മാറ്റങ്ങളോടെ വെബ്വിലാസങ്ങള്‍ ആദ്യം സ്വീകരിച്ചത്. അറബിയില്‍ തുടങ്ങിയ ഈ പരിഷ്ക്കരണം വൈകാതെ മറ്റു ഭാഷകളിലേക്കും വ്യാപിക്കും. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാവുന്ന തീരുമാനം നടപ്പാക്കാന്‍ തമിഴ് ഉള്‍പ്പെടെ ലോകത്തെ 11 ഭാഷകളില്‍ വെബ്വിലാസങ്ങള്‍ അനുവദിക്കാനായി 21 രാജ്യങ്ങള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

വെബ് വിലാസങ്ങളില്‍ ഭൂരിഭാഗവും അവസാനിക്കുന്നത് ഡോട്ട് കോം, ഡോട്ട് ഓര്‍ഗ്, ഡോട്ട് നെറ്റ് തുടങ്ങി ലാറ്റിന്‍ ലിപിയിലുള്ള വാലറ്റങ്ങളോടെയാണ്. അതോടൊപ്പം ഏതെങ്കിലും രാജ്യത്തെ സൂചിപ്പിക്കുന്ന ഡോട്ട് ഇന്‍ (ഇന്ത്യ) പോലുള്ള കോഡുകളും ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷല്ലാത്ത ഭാഷകളില്‍ ഇതുവരെ ഈ വാലറ്റങ്ങള്‍ ലഭ്യമായിരുന്നില്ല. വെബ് വിലാസത്തിലെ വാലറ്റത്തിന് മുമ്പുള്ള കുറച്ചുഭാഗം ലാറ്റിനേതര ഭാഷകളിലും അനുവദിച്ചിരുന്നു. അപ്പോഴും വാലറ്റങ്ങള്‍ക്ക് ഇംഗ്ലീഷ് തന്നെ വേണമെന്നതായിരുന്നു അവസ്ഥ. ഇതാണ് ഇനി മാറാന്‍ പോകുന്നത്. വെബ് വിലാസം മുഴുവന്‍ ഒരേ ഭാഷയിലാകുന്നതോടെ പ്രാദേശിക ഭാഷാ കമ്പ്യൂട്ടിംഗിനും ഇന്റര്‍നെറ്റ് ഉപയോഗക്രമങ്ങള്‍ക്കും ആക്കം കൂടും.

ലാറ്റിന്‍ ലിപിയില്‍ മാത്രമല്ല മറ്റ് ലിപികളിലും വെബ് വിലാസം അനുവദിക്കാന്‍, ഇക്കാര്യം നിയന്ത്രിക്കുന്ന 'ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ്' (ICANN) കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇന്റര്‍നെറ്റിന്റെ നാല്പതു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതര ഭാഷകളില്‍ വെബ്വിലാസം അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും പൂര്‍ണ്ണ രൂപത്തില്‍ ഉപയോഗിക്കാന്‍ ആദ്യം ചില തടസ്സങ്ങളുണ്ട്. ചില ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണത്. അതും ഏറെ വൈകാതെ മാറുമെന്നാണ് ICANN നല്‍കുന്ന വിശദീകരണം. ഡോട്ട്കോം യുഗത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുന്ന സമയത്ത് പ്രാദേശിക ഭാഷകളില്‍ പൂര്‍ണ്ണമായ വെബ്വിലാസം അനുവദിച്ചുകൊണ്ടുള്ള പുതിയ മാറ്റം എല്ലാ രാജ്യങ്ങളും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ലാറ്റിന്‍ ലിപി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പോലുള്ള ഭാഷ പല രാജ്യക്കാര്‍ക്കും അത്രയേറെ വശമില്ല. അത്തരം ഇടങ്ങളിലാണ് പുതിയ മാറ്റം ഏറെ ശ്രദ്ധിക്കപ്പെടുക.

ടി.വി. സിജു
tvsiju@gmail.com
*****

വെബ് കൌതുകങ്ങള്‍
ഓണ്‍ലൈന്‍ ആന്റിവൈറസ്

നിങ്ങള്‍ പതിവായി ഇന്‍ര്‍നെറ്റ് ഉപയോഗിക്കുന്ന ആളാണോ? എങ്കില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ വൈറസുകളോ അതുപോലുള്ള മറ്റേതെങ്കിലും മാല്‍വെയറുകളോ കയറിക്കൂടി അതിന്റെ പ്രവര്‍ത്തനം താറുമാറാക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് എപ്പോഴെല്ലാം നിങ്ങള്‍ നെറ്റില്‍ കയറുന്നുവോ അപ്പോഴെല്ലാം നിങ്ങളുടെ സിസ്റ്റത്തെ സംരക്ഷിക്കാന്‍ നെറ്റില്‍ത്തന്നെ സദാ ജാഗരൂകനായ ഒരു 'കാവല്‍ ഭടന്‍' ഉണ്ടായിരിക്കുന്നത് നന്നായിരിക്കില്ലേ? ക്ലൌഡ് ആന്റി വൈറസ് (www.cloudantivirus.com/en/) എന്ന പേരില്‍ അത്തരരമൊരു കാവല്‍ ഭടനെ നിങ്ങള്‍ക്കു വേണ്ടി ഒരുക്കി നിര്‍ത്തുവാന്‍ പ്രസിദ്ധ ആന്റിവൈറസ് കമ്പനിയായ 'പാണ്ട' തയാറായിരിക്കുന്നു. 2009 അവസാനത്തില്‍ ഏറ്റവും മികച്ച സൌജന്യ ആന്റിവൈറസ് എന്ന് അമേരിക്കയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധമായ പി.സി. മാഗസിന്‍ സാക്ഷ്യപ്പെടുത്തിയ ഇതിന് ഇതര ആന്റി വൈറസുകള്‍ക്കില്ലാത്ത പല പ്രത്യേകതകളുമുണ്ട്. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാണെന്നതാണ് അതില്‍ ഒന്നാമത്തേത്. വളരെ ചെറിയ ഈ സോഫ്റ്റ്വെയര്‍ ഒരിക്കല്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ല. കാരണം ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാണെന്നതുതന്നെ. നിങ്ങളുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും അവരുടെ സെര്‍വര്‍ അതിനെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കും. ഏതെങ്കിലും വൈറസ് ആക്രമണം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ അതിനെ നിര്‍വീര്യമാക്കി തുടര്‍ന്നു പ്രത്യക്ഷപ്പെടുന്ന ഒരു വിന്‍ഡോയിലൂടെ നിങ്ങളെ വിവരമറിയിക്കും. മറ്റ് ആന്റിവൈറസുകളേതെങ്കിലും നിങ്ങളുടെ സിസ്റ്റത്തിലുണ്ടെങ്കില്‍ അതിനോട് ചേര്‍ന്നു പോലും ഈ സംവിധാനം പ്രവര്‍ത്തിക്കമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ പ്രത്യേകത. പരീക്ഷിച്ചു നോക്കൂ.

പി.കെ.എ. റഷീദ്
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

മുഖ്തറിയനിസം
www.muktharuda.blogspot.com

ഏറനാട്ടുകാരന്‍, തനി നാടന്‍. കുഴിമടിയന്‍, ഒട്ടകജീവി, കുട്ടികളായെങ്കിലും കുട്ടിയായിരിക്കാന്‍ കൊതിക്കുന്നവന്‍. എഴുത്തും വായനയും ജോബാക്കിയവന്‍. മുഖ്താര്‍ എന്ന ബ്ലോഗര്‍ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശി. സൌദിയിലെ രിയാദില്‍ ജോലി ചെയ്യുന്നു. എങ്ങനെയെങ്കിലും സമൂഹത്തെ ഒന്ന് നന്നാക്കിയാലോ എന്നാണ് ബ്ലോഗിലൂടെ ലക്ഷ്യമാക്കുന്നത്. അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ, ഭോപാലിന്റെ ദുര്‍'വിധി'. കൈരളി ചാനലിലെ ബിക്കിനിക്കാഴ്ചകള്‍ എന്നിവ പുതിയ പോസ്റ്റുകള്‍. കഥകള്‍ക്കും വരകള്‍ക്കും കവിതകള്‍ക്കുമായി മുഖ്താറിന് പ്രത്യേകം ബ്ലോഗുകളുണ്ട്.

ഇന്നസെന്റ് ലൈന്‍സ്
http://innocentlines.blogspot.com/

കാര്‍ട്ടൂണുകള്‍ക്കായി ഒരു ബ്ലോഗ്. തൃശãൂര്‍ സ്വദേശി തൊമ്മി കോടങ്കണ്ടത്താണ് ബ്ലോഗര്‍. ചെറുപ്പം മുതല്‍ക്കുതന്നെ കാര്‍ട്ടൂണ്‍ രചനയില്‍ തല്‍പര്യം. അധ്യാപകരുടെ രൂപം പകര്‍ത്തിക്കൊണ്ടായിരുന്നു തുടക്കം. അഞ്ഞൂറിലേറെ കാര്‍ട്ടൂണുകള്‍ ഇതിനകം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഹോബി കാര്‍ട്ടൂണ്‍ രചനയാണെങ്കിലും സയന്റിസ്റ്റായി ജോലി ചെയ്യുന്നു. കുടുംബസമേതം ന്യൂയോര്‍ക്കില്‍ താമസം. 'വിശപ്പും ലോകകപ്പും', 'ലോകകപ്പ് ഫുട്ബാര്‍ മേള', 'പവാറും ഐ.പി.എലും; അതികൊതി ആപത്ത് വരുത്തും' എന്നിവയൊക്കെ പുതിയ കാര്‍ട്ടൂണുകള്‍. ഫിഫ വേര്‍ഡ്കപ്പ് ലോഗോക്ക് താഴെ വിശന്നൊട്ടിയ ഒരാഫ്രിക്കല്‍ ബാലന്റെ ദയനീയ മുഖം. 'ഞങ്ങളുടെ വിശപ്പ് അവസാനിപ്പിക്കില്ലേ'.. എന്നാണ് കുട്ടിക്ക് ലോകത്തോട് ചോദിക്കാനുള്ളത്. മനസ്സില്‍ തട്ടുന്നൊരു കാര്‍ട്ടൂണ്‍ ചിത്രം. 'ഞങ്ങളിപ്പോള്‍ കളിക്കട്ടെ. നിന്റെ കാര്യം പിന്നീടാലോചിക്കാം' എന്ന് കൊടുങ്ങല്ലൂരില്‍ നിന്ന് അബ്ദുല്‍ഖാദറിന്റെ കമന്റ്.

പ്രിയസഖി
http://niyajishad.blogspot.com/

തൃശãൂര്‍ നാട്ടിക സ്വദേശി നിയ ജിഷാദാണ് ബ്ലോഗിണി. ഒരു പാവം കുട്ടി. ഇപ്പോള്‍ ഭര്‍ത്താവൊന്നിച്ച് അബൂദബിയില്‍ താമസം. മനസ്സില്‍ എവിടെയോ ഒളിച്ചിരുന്ന സ്വപ്നങ്ങളെ പൂവണിയിച്ച പ്രിയതമന് സമര്‍പ്പിക്കുന്ന സ്നോഹോപരമാണ് ഈ ബ്ലോഗ്. കവിതകളാണ് നിയയുടെ ഇഷ്ട വിഷയം. എല്ലാം കൊള്ളാവുന്ന കവിതകള്‍ തന്നെ. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക. ബ്ലോഗ് പേജ് ആകെയൊന്ന് മാറ്റിപ്പണിയുക. ടൈറ്റില്‍ ഭാഗവും ചിത്രവുമായി സ്ക്രീന്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതു പരമാവധി ചെറുതാക്കുക. അക്ഷരങ്ങള്‍ക്ക് ആകര്‍ഷകമായ പശ്ചാത്തലമൊരുക്കുക. കളര്‍ വിന്യാസവും ആകര്‍ഷകമാക്കുക. ചിത്രങ്ങള്‍ ആവശ്യത്തിന് മാത്രം നല്‍കുക. ആശംസകള്‍.

ഒരിടം
http://www.oritam.blogspot.com/

ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുംസിയാണ് ബ്ലോഗര്‍. ബാംഗ്ലൂരില്‍ ഒരു ഇംഗ്ലീഷ് ടി.വി ചാനലില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നു. തൃശãൂര്‍ ജില്ലയിലെ കൊച്ചനൂരാണ് സ്വദേശം. പറയാന്‍ മറന്നതും കേള്‍ക്കാതെ പോയതുമായ വാക്കുകള്‍ക്കുള്ള ഇടമാണ് മുംസിക്ക് ബ്ലോഗ്. 'മഴ പ്രണയത്തെ തൊടുമ്പോള്‍' എന്ന കവിതയാണ് പുതിയ പോസ്റ്റ്. 'വേനല്‍ മുഴുവന്‍ സൂര്യനെ ധ്യാനിച്ചതിന്റെ ദാഹം തീരാഞ്ഞിട്ടാവണം മഴതോര്‍ന്നിട്ടേറെയായിക്കും ഒരു വാകമരം ഇപ്പോഴും പെയ്തുകൊണ്ടേയിരിക്കുന്നത്....' സന്ദര്‍ശകയായ മൈലാഞ്ചിയുടെ കമന്റ് കടമെടുക്കുന്നു. 'ഈ വരികള്‍ മനോഹരം'. പേജ് ലേഔട്ട് ഒന്നുകൂടി ആകര്‍ഷകമാക്കുന്നത് നന്നായിരിക്കും.

ബദ്റുവിസം
http://badruism.blogspot.com/

'എഴുതിയ വരികള്‍ എന്റെ അവസാന വാക്കുകളല്ല...എഴുതുന്ന വേളകളില്‍ എന്റെ ചിന്താ മണ്ഡലത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന വാക്കുകള്‍ മാത്രം. വാക്കുകള്‍ ആരെയും മുറിവേല്‍പിക്കാന്‍ വേണ്ടിയല്ല, മുറിവേറ്റ മനസ്സിന്റെ പ്രതിഫലനം മാത്രമാണ്'. ഇങ്ങനെയൊരു ആമുഖത്തോടെയാണ് കാസര്‍ക്കാേേട് സ്വദേശി ബദര്‍ കുന്നരിയത്ത് തന്റെ ബ്ലോഗെഴുത്ത് തുടങ്ങുന്നത്. ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത അനുഭവക്കുറിപ്പുകളാണ് മിക്ക പോസ്റ്റുകളും. എല്ലാം കൊച്ചു സൃഷ്ടികള്‍. അവ കവിതയായും കൊച്ചുകഥകളായും രൂപപ്പെടുന്നു. മലയാളം ബൂലോകത്ത് സാന്നിധ്യമുറപ്പിക്കാന്‍ ബദര്‍ ഇനിയും ധാരാളം എഴുതണം. ഭാവുകങ്ങള്‍ നേരുന്നു.

വി.കെ. അബ്ദു
vkabdu@gmail.com
========================


സന്ദര്‍ശകര്‍ ഇതുവരെ...