പേഴ്സണല്‍ കമ്പ്യുട്ടറിന്റെ പിതാവ് ഓര്‍മ്മയായി
പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഹെന്റി എഡ്വേര്‍ഡ് റോബര്‍ട്സ് ഇനി ഓര്‍മ്മ മാത്രം. ഏപ്രില്‍ ഒന്നിന് 68- വയസ്സില്‍ കടുത്ത ന്യൂമോണിയാ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. 1975ല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ പേഴ്സണല്‍ കമ്പ്യുട്ടറിന്റെ സൃഷ്ടാവായിരുന്നു ഇദ്ദേഹം. ആള്‍ടെയ്ര്‍ 8800 എന്ന ഈ കമ്പ്യൂട്ടര്‍ വിവരസാങ്കേതികവിദ്യാ ചരിത്രത്തില്‍ പ്രത്യേകസ്ഥാനം തന്നെ നേടിയിട്ടുണ്ട്.
ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി 1971ല്‍ ഇദ്ദേഹം സ്ഥാപിച്ചതാണ് മിറ്റ്സ് (മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം) എന്ന സ്ഥാപനം. റോക്കറ്റിന്റെ മാതൃക ഉള്‍പ്പെടെ ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ നിര്‍മ്മിക്കലായിരുന്നു പ്രധാന ജോലിയെങ്കിലും ഇവര്‍ പുറത്തിറക്കിയ കാല്‍ക്കുലേറ്റര്‍ കിറ്റുകളായിരുന്നു വിപണിയില്‍ വിജയം കൊയ്തത്. 1973ല്‍ ദശലക്ഷം ഡോളറിന്റെ വരുമാനം ഇതിലൂടെ കമ്പനി നേടി. ഈ അവസ്ഥ ഏറെക്കാലം നിണ്ടുനിന്നില്ല. അപ്പോഴേക്കും വിപണിയില്‍ മത്സരം കൊഴുത്തിരുന്നു. അങ്ങനെ പ്രശ്നങ്ങളിലേക്ക് കമ്പനി മൂക്കുകുത്തി. ഈയൊരു സാഹചര്യത്തിലാണ് കമ്പനിയെ ശക്തിപ്പെടുത്താനായി റോബര്‍ട്സ് ഇലക്ട്രോണിക് കമ്പ്യൂട്ടര്‍ കിറ്റുകള്‍ വിപണിയിലെത്തിക്കാനുള്ള നീക്കമാരംഭിച്ചത്. തുടര്‍ന്നാണ് ആള്‍ടെയ്ര്‍ 8800 എന്ന പേഴ്സണല്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുക്കുന്നത്. ഇന്റല്‍ 8080 മൈക്രോ പ്രോസസ്സര്‍ അടിസ്ഥാനമാക്കിയാണ് ഇത് രൂപകല്പന ചെയ്തത്. 397 ഡോളര്‍ വിലവരുന്ന ഈ കമ്പ്യുട്ടറിനെക്കുറിച്ച് 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക് മാഗസിനില്‍ ഫീച്ചര്‍ വന്നതോടെ കമ്പനിക്ക് ഓര്‍ഡറുകളുടെ പ്രവാഹമായി. നൂറു ഡോളര്‍ അധികം നല്‍കുന്നവര്‍ക്ക് കമ്പ്യുട്ടര്‍ അസംബിള്‍ ചെയ്തു നല്‍കാനും കമ്പനി തയ്യാറായി. 1977ല്‍ ഈ കമ്പനി വില്‍പന നടത്തി ഇദ്ദേഹം ജോര്‍ജ്ജിയയിലേക്ക് മടങ്ങുകയായിരുന്നു. ആള്‍ടെയ്റിനു വേണ്ടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ അതില്‍ പ്രവര്‍ത്തിപ്പിച്ച ദിവസം ഒരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു. ടെസ്റ്റ് ചെയ്യപ്പെടാത്ത ഒരു സോഫ്റ്റ്വെയര്‍ അക്കാലത്തെ പ്രശസ്തമായ കമ്പ്യുട്ടറില്‍ ഉപയോഗിക്കാന്‍ സാഹസം കാട്ടിയ എഡ്വേര്‍ഡ് ഒരു പുതുയുഗത്തിലേക്കുള്ള വാതിലാണ് അന്ന് തുറുകൊടുത്തത്.
ഫ്ളോറിഡയിലെ മിയാമിയില്‍ 1941 സെപ്തംബറില്‍ ജനനം. സൈന്യത്തില്‍ ജോലി ചെയ്തിരുന്ന അച്ഛന് ഒരു ഗൃഹോപകരണ റിപ്പയര്‍ കട സ്വന്തമായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ 'മെക്കാനിസം' നോക്കുന്നതില്‍ അതീവ തല്പരനായിരുന്നു കൊച്ചു റോബര്‍ട്സ്. ഇലക്ട്രോണിക്സിലെ താല്പര്യം നിലനിറുത്തിക്കൊണ്ടു തന്നെ ഒരു ഡോക്ടറാകണമെന്ന് മോഹിച്ച റോബര്‍ട്സ് മിയാമി യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി ചേര്‍ന്നു. അവിടെ വച്ച് പരിചയപ്പെട്ട ന്യൂറോ സര്‍ജന്‍ റോബര്‍ട്സിന്റെ ഇലക്ട്രോണിക്സിലുള്ള കമ്പം തിരിച്ചറിഞ്ഞു മെഡിക്കല്‍ ബിരുദം നേടുന്നതിന് മുമ്പ് എന്‍ജിനീയറിംഗ് പഠനം തുടങ്ങാന്‍ റോബര്‍ട്സിനെ പ്രേരിപ്പിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ശാഖയാണ് ഇതിന്നായി തിരഞ്ഞെടുത്തത്. പിന്നീട് അമേരിക്കന്‍ എയര്‍ഫോഴ്സിലും റോബര്‍ട്സ് കുറച്ചുകാലം സേവനം ചെയ്തു. അവിടുത്തെ പരിശീലനത്തിനു ശേഷം ടെക്സാസ് ലാക്ലാന്‍ഡ് എയര്‍ഫോഴ്സ് ബേസിലെ ക്രിപ്റ്റോഗ്രാഫിക് എക്യുപ്മെന്റ് മെയ്ന്റനന്‍സ് സ്കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കി. പിന്നീട് ഒറ്റയാള്‍ സ്ഥാപനമായ റിലയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയുണ്ടാക്കി.
1968ലാണ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് അല്‍ബുക്കര്‍ക്കിലെ ആയുധ ലബോറട്ടറിയിലെ ലേസര്‍ ഡിവിഷനിലായിരുന്നു ജോലി. പിന്നീട് 71ലാണ് മിറ്റ്സ് സ്ഥാപിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ പിറവിയില്‍ പ്രധാന പങ്ക് മിറ്റ്സിന് ഉണ്ടെന്ന് പറയാം. സോഫ്റ്റ്വെയര്‍ രംഗത്തെ കുലപതികളായ മൈക്രോസോഫ്റ്റിന്റെ സാരഥികള്‍ ആദ്യം ജോലി ചെയ്തിരുന്നത് മിറ്റ്സിലാണ്. 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ ആള്‍ടെയര്‍ 8800നെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ഇന്റലിന്റെ 8080 ചിപ്പ് അധിഷ്ഠിതമായ ഈ മൈക്രോ കമ്പ്യൂട്ടറാണ് വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി വ്യാപകമായ തോതില്‍ നിര്‍മ്മാണം ആരംഭിച്ചത്. ഈ കമ്പ്യുട്ടറിന് വേണ്ട പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുവാന്‍ താല്പര്യമുള്ളവരെ ആവശ്യമുണ്ടെന്ന് ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. 'ബേസിക്' ലാംഗ്വേജില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി.
പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുപിടിച്ചതായിരുന്നു. ആള്‍ടെയറിനു വേണ്ടി ഇന്റര്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. തുടര്‍ന്ന് മിറ്റ്സ് പ്രസിഡണ്ടായിരുന്ന റോബര്‍ട്ട്സ്്, ഇന്റര്‍പ്രട്ടറിന്റെ വിശദീകരണത്തിനായി ബില്‍ഗേറ്റ്സിനെയും കൂട്ടുകാരന്‍ അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിച്ചു. ഇതിന്റെ പ്രവര്‍ത്തനം വളരെ വിശദമായി വിവരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതര്‍ അഭിനന്ദിച്ചതോടൊപ്പം തങ്ങളുടെ സോഫ്റ്റ്വെയര്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനവും സ്ഥാപനത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനവും നല്‍കി. 'ഇന്റര്‍പ്രട്ടര്‍ ആള്‍ടെയര്‍ ബേസിക്' എന്ന പേരില്‍ മിറ്റ്സ് അവരുടെ കമ്പ്യുട്ടറിന്റെ കൂടെ വിതരണം ചെയ്തു തുടങ്ങി. പിന്നാലെ ബില്‍ഗേറ്റ്സും അവരോടൊപ്പം കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയായിരുന്നു അദ്ദേഹം.
രണ്ടും ഒരുമിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ പഠിത്തം മതിയാക്കി അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി' ല്‍ ജോലിക്കായി എത്തി. ആള്‍ടെയറിന്റെ വികസനത്തില്‍ പങ്കെടുത്ത പോള്‍ അലനോടൊപ്പം ബില്‍ഗേറ്റ്സും ചേര്‍ന്നതോടെയാണ് ഒരു കൂട്ടുകക്ഷി സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്. അങ്ങനെ മൈക്രോ^സോഫ്റ്റ് പിറന്നു. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ^സോഫ്റ്റ് എന്ന രണ്ടുവാക്കുകള്‍ ഒന്നാക്കി 'മൈക്രോസോഫ്റ്റ്' എന്നാക്കി. തന്റെ സ്ഥാപനത്തില്‍, തന്റെ കീഴില്‍ ജോലിചെയ്ത രണ്ട് യുവ സംരംഭകരാണ് മൈക്രോസോഫ്റ്റിന്റെ ശില്പികളെന്ന് എഡ്വാര്‍ഡ് റോബര്‍ട്ട്സിന് അഭിമാനിക്കാം.
ടി.വി. സിജു
tvsiju@gmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
ലൈബ്രറി@കേന്ദ്രീയ വിദ്യാലയം, പട്ടം
http://librarykvpattom.wordpress.com/
പട്ടം കേന്ദ്രീയ വിദ്യാലയം ലൈബ്രറിയുടെ ഔദ്യോഗിക ബ്ലോഗ്. വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുത്താവുന്ന ബ്ലോഗാണിതെന്നതില്‍ സംശയമില്ല. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ രീതികളില്‍ ധാരാളം സേവനങ്ങളാണ് ബ്ലോഗ് ഓഫര്‍ ചെയ്യുന്നത്. ലൈബ്രറി പോലെത്തന്നെ ബ്ലോഗും വിവരങ്ങളുടെ കലവറയാണ്. പേജുകള്‍ ആയിരക്കണക്കിനാണ്. ലൈബ്രറി ജംഗ്ഷന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്, സൌജന്യ സി.ബി.എസ്.സി ടെലിഹെല്‍പ് ലൈന്‍ ടൂള്‍ എന്നിവയൊക്കെ ബ്ലോഗിന്റെ സവിശേഷതകളാണ്. കേന്ദ്രീയ വിദ്യാലയവുമായി ബന്ധപ്പെട്ട http://libzine.wordpress.com, http://homeworksonline.wordpress.com, http://mydearbook.wordpress.com,
http://slfaisal.wordpress.com എന്നീ ബ്ലോഗുകളും സന്ദര്‍ശിക്കുക.
ഉള്‍ക്കാഴ്ച
http://smsadiqsm.blogspot.com/
അറിവുകള്‍ക്ക് മേലെ പിന്നെയും അറിവുകളാണെന്ന തിരിച്ചറിവുമായിട്ടാണ് \'ഉള്‍ക്കാഴ്ച\' ബ്ലോഗിലെത്തുന്നത്. യുവത്വത്തിന്റെ പടിവാതില്‍ക്കല്‍ വെച്ച് കാലുകള്‍ തളര്‍ന്ന് വീല്‍ചെയറിലേക്ക് അമര്‍ന്നുപോയ കായംകുളം സ്വദേശി എസ്.എം. സാദിഖാണ് ബ്ലോഗര്‍. എങ്കിലും അദ്ദേഹം ചിരിക്കുന്നു, ചിന്തിക്കുന്നു, ഉല്‍സാഹഭരിതനാവുന്നു... ആ ചിരിയും ചിന്തയും ഉല്‍സാഹവുമെല്ലാം ബ്ലോഗിലും പ്രത്യക്ഷമാകുന്നു. അതോടൊപ്പം കുറെ സ്വകാര്യ ദുഖങ്ങളും. ഏകാന്തതക്ക് കുറുകെ കെട്ടിയ ഒരു മതിലാണ് സാദിഖിനെസ്സംബന്ധിച്ചേടത്തോളം ബ്ലോഗ്. അതു തുടരട്ടെ. കഥയും കവിതയും ചിന്തകളുമൊക്കെയായി ബ്ലോഗ് സമ്പന്നമാകട്ടെ. ആശംസകള്‍.
എന്റെ ആനമങ്ങാട്
http://enteanamangad.blogspot.com/
'ഇത് എന്റെ ആനമങ്ങാട്. എന്റെ ഓര്‍മ്മകളിലെ ആനമങ്ങാട്. മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പക്ഷെ, അതിന്റെ നിറപ്പകിട്ടിന് ഒരു കോട്ടവും വരുത്താന്‍ കാലത്തിന് കഴിഞ്ഞിട്ടില്ല...\' ജന്മനാടിന് വേണ്ടി ഒരു ബ്ലോഗ്. \'സ്റഞ്ജു\'വാണ് ബ്ലോഗിണി. അതായത് സഞ്ജുവിന്റെയും രഞ്ജുവിന്റെയും മാതാവ്. അങ്ങനെയാണ് പേരുണ്ടായത്. ഇത്ത, പരമേശ്വരന്‍ ആശാരി, വീട്, കഥ തുടങ്ങുന്നു, ഒരു സുപ്രഭാതം എന്നിവയാണ് പോസ്റ്റുകള്‍. എല്ലാം നല്ല രചനകള്‍. സ്റഞ്ജുവിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
ദാറുല്‍ ഉലൂം കോളേജ്, വാഴക്കാട്
http://www.daarululoom.blogspot.com/
വാഴക്കാട് ദാറുല്‍ഉലൂം ട്രെയ്നിംഗ് കോളേജിന്റെ ബ്ലോഗ്. കെ.പി. മുഹമ്മദ് അന്‍സാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ഥികളാണ് പിന്നണി പ്രവര്‍ത്തകര്‍. കോളേജിലെ സാംസ്കാരിക പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍. അതേസമയം ഇത്തരമൊരു ബ്ലോഗില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒട്ടേറെ വിഷയങ്ങള്‍ വന്നിട്ടില്ലെന്നത് ബ്ലോഗിന്റെ ന്യൂനതയാണ്. കോളേജിന്റെ ചരിത്രപശ്ചാത്തലം, അധ്യയനരീതി, മാനേജ്മെന്റ് തടുങ്ങിയവ സംബന്ധിച്ച് ചെറിയ വിവരണമെങ്കിലും നല്‍കാമായിരുന്നു. ബ്ലോഗില്‍ മലയാളം യൂണികോഡ് ഉപയോഗിച്ചിട്ടില്ലെന്നത് മറ്റൊരു ന്യൂനതയായി കണക്കാക്കുന്നു.
ബഷീറിയന്‍ നുറുങ്ങുകള്‍
http://vellarakad.blogspot.com/
തൃശãൂര്‍ ജില്ലയിലെ വെള്ളറക്കാട് സ്വദേശിയായ പി.ബി. ബഷീറിന്റെ ബ്ലോഗ്. താന്‍ ആരാണെന്ന് അറിയുന്നതാണ് ഏറ്റവും വലിയ അറിവ്. പക്ഷെ ഇന്ന് അധിക പേര്‍ക്കും അതറിയില്ല. ബ്ലോഗറും അക്കൂട്ടത്തിലാണത്രെ. ജോലി അബൂദബി മുസ്വഫയില്‍. ബഷീറിന്റെ നുറുങ്ങുകള്‍ പലവിധമാണ്. അനുഭവം, അവധിക്കാലം, ആകുലതകള്‍, ആഘോഷങ്ങള്‍, ആശംസകള്‍ അങ്ങനെ ഒരുപാട് നുറുങ്ങുകളുണ്ട്. 2008 ജനുവരില്‍ തുടങ്ങിയ ബ്ലോഗില്‍ ആകെ അമ്പത്തിമൂന്ന് നുറുങ്ങുകള്‍. ചിലതൊക്കെ കുത്തിക്കുറിക്കാനും പണ്ടെന്നോ കുത്തിക്കുറിച്ചത് മറ്റുള്ളവരെ വായിച്ചിക്കാനും ഉള്ള ഒരതിമോഹം. അതാണത്രെ ഇങ്ങനെയൊരു ബ്ലോഗിന് വഴിവെച്ചതെന്ന് ബ്ലോഗര്‍ സൂചിപ്പിക്കുന്നു.
വി.കെ. അബ്ദു
vkabdu@gmail.com
*****
വെബ് കൌതുകങ്ങള്‍
ഇ-മെയില്‍ ഫ്രീസര്‍
മല്‍സ്യമാംസാദികളും പാല്‍ പോലുള്ള ഭക്ഷ്യവിഭവങ്ങളും ഫ്രിഡ്ജിന്റെ ഫ്രീസറില്‍ സൂക്ഷിച്ചുവെച്ച് ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞുപോലും നാം ആവശ്യാനുസരണം എടുത്തു ഉപയോഗിക്കാറില്ലേ. അതുപോലെ ഇ^മെയിലുകള്‍ ദിവസങ്ങളും ആഴ്ചകളും മാത്രമല്ല ആവശ്യമെങ്കില്‍ ഒരു നൂറ്റാണ്ടു മുഴുവനും 'ഫ്രീസറില്‍' സൂക്ഷിച്ചുവെച്ച് നിങ്ങള്‍ ഉദ്ദേശിക്കു സമയത്ത് സുഹൃത്തുക്കള്‍ക്കോ മറ്റു വേണ്ടപ്പെട്ടവര്‍ക്കോ സ്വയം അയച്ചുകൊടുക്കാന്‍ സഹായകമായ ഒരു സംവിധാനം നെറ്റിലുണ്ട്. http://www.mailfreezr.com/. ഈ സൈറ്റില്‍കയറി നിങ്ങളുദ്ദേശിക്കുന്ന മാറ്ററും അയക്കേണ്ട ആളുകളുടെ ഇ^മെയില്‍ വിലാസങ്ങളും അടിച്ചുകയറ്റി ഒരു നൂറ്റാണ്ടിനുള്ളിലുള്ള ഏതു ദിവസവും സെറ്റ് ചെയ്ത് സെര്‍വറില്‍ സൂക്ഷിക്കാം. നിങ്ങളുദ്ദേശിക്കുന്ന ദിവസങ്ങളില്‍ കൃത്യമായി അവ സ്വീകര്‍ത്താക്കളുടെ മെയില്‍ ബോക്സില്‍ എത്തിക്കൊള്ളുമെന്ന് സൈറ്റിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നു. ജന്മദിനാശംസകളും മറ്റേതെങ്കിലും വിശേഷ ദിവസങ്ങളിലുള്ള ആശംസകളുമെല്ലാം ഇപ്രകാരം സെറ്റു ചെയ്തുവച്ചാല്‍പിന്നെ മറന്നു പോകുന്ന പ്രശ്നമില്ലല്ലോ. നൂറ്റാണ്ടിന്റെ അവകാശവാദം മാറ്റിവച്ചാല്‍ത്തന്നെ ഏതാനും മാസങ്ങളോ വര്‍ഷങ്ങളോ കിട്ടിയാല്‍ പോലും സംഗതി രസകരമായിരിക്കുമല്ലോ. (നൂറ്റാണ്ടു കഴിയുമ്പോള്‍ ഇന്നത്തെ ഇ^മെയില്‍ സംവിധാനം തന്നെ നിലവിലുണ്ടാകുമോ എന്ന് ആര്‍ക്കറിയാം!!). പരീക്ഷിച്ചു നോക്കൂ.
റയിസ്ല മര്‍യം
raizlamaryam@hotmail.com
=====================
OK
ReplyDeleteenikku oru blog thudaganamennundu sahayikkamo noonuskk@yahoo.com
ReplyDelete