Thursday, December 24, 2009

ഇന്‍ഫോമാധ്യമം (427) - 30/11/2009




ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു

സി.പി.എം സംസ്ഥാന സെക്രട്ടരി പിണറായി വിജയന്റെ വീടെന്ന പേരില്‍ വ്യാജ ചിത്രവുമായി ഇന്റര്‍നെറ്റിലെ മെയിലിംഗ് ഗ്രൂപ്പുകളിലും മറ്റുമായി പ്രചരിച്ച ഇ^മെയില്‍ സന്ദേശങ്ങള്‍ ഇയ്യിടെ കേരളത്തിലെ സൈബര്‍ മേഖലയില്‍ വലിയ കോലാഹമുണ്ടാക്കി. മാസങ്ങള്‍ക്ക് മുമ്പ് അന്തര്‍ദേശീയ ഇന്റര്‍നെറ്റ് തട്ടിപ്പ് റാക്കറ്റിലെ പ്രധാന കണ്ണികളിലൊരാളായ നൈജീരിയക്കാരനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അതിന് മുമ്പ് കണ്ണൂര്‍ മാങ്കടവ് സ്വദേശിയെ വഞ്ചിച്ച് നാല്‍പത് ലക്ഷം രൂപ തട്ടിയ കേസില്‍ മറ്റൊരു നൈജീരിയക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അതുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും അതിന് ഇരയാവുന്നവരുടെ എണ്ണവും നമ്മുടെ നാട്ടിലും വര്‍ദ്ധിക്കുകയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വിജ്ഞാന സമ്പാദനത്തിനും ആശയവിനിമയത്തിനുമുള്ള മുഖ്യ സ്രോതസ്സായി മാറിയ ഇന്റര്‍നെറ്റ് കുറ്റവാളികളുടെ സങ്കേതം കൂടിയായി മാറിയിരിക്കയാണ്. ഇന്റര്‍നെറ്റിന്റെ ദുരുപയോഗവും അതുപയോഗിച്ചുള്ള ചെറുതും വലുതുമായ കുറ്റ കൃത്യങ്ങളും ആഗോളതലത്തില്‍ തന്നെ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ നടത്തിയ ഒരു പഠനമനുസരിച്ച് കഴിഞ്ഞ വര്‍ഷം അവിടെ ഈ ഇനത്തില്‍ മുപ്പത്താറ് ലക്ഷം കുറ്റകൃത്യങ്ങള്‍ നടന്നുവെന്നാണ് കണക്ക്. അതായത് ഓരോ പത്ത് സെക്കന്റിലും ഒന്നിലധികം കുറ്റകൃത്യങ്ങള്‍. ആഗോളതലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യം ഇന്റര്‍നെറ്റ് സെക്യൂരിറ്റി രംഗത്ത് ഒരല്‍പം അയവ് വരുത്താന്‍ വന്‍കിട സ്ഥാപനങ്ങളെ പ്രേരിപ്പിച്ചത് ചൂഷണം ചെയ്യുകയായിരുന്നു സൈബര്‍ കുറ്റവാളികള്‍. നെറ്റ് ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ മുഖേന അഞ്ച് കോടി ഇരുപത്തഞ്ച് ലക്ഷം പൌണ്ടാണ് ബ്രീട്ടീഷ് സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം നഷ്ടമായതത്രെ. ബാങ്ക് അക്കൌണ്ടുകളില്‍ വെട്ടിപ്പ് നടത്തി പണമപഹരിക്കുന്ന 44,000 വെബ്സൈറ്റുകള്‍ കഴിഞ്ഞ വര്‍ഷം നിരീക്ഷിക്കപ്പെടുകയുണ്ടായി.

അമേരിക്ക കഴിഞ്ഞാല്‍ നെറ്റ് മുഖേനയുള്ള കുറ്റവാളികളുടെ രണ്ടാമത്തെ കേന്ദ്രം ബ്രിട്ടനാണെന്നാണ് ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. മൂന്നാം സ്ഥാനമാണ് നൈജീരിയക്കുള്ളത്. നെറ്റ് വഴിയുള്ള തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് ഇടപാടുകാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും കുറ്റവാളികള്‍ പുതിയ രീതികള്‍ പരീക്ഷിച്ചുവരികയാണ്. വന്‍കിട ബാങ്കുകളുടെ വെബ്സൈറ്റിന് സമാനമായ വ്യാജ സൈറ്റുകളുണ്ടാക്കി ഇടപാടുകാരുടെ അക്കൌണ്ട് നമ്പറും പാസ്വേര്‍ഡും മോഷ്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ നമ്മുടെ നാട്ടിലും സജീവമായിരിക്കയാണ്. യഥാര്‍ഥ ബാങ്കില്‍ നിന്നാണെന്ന വ്യാജേന അക്കൌണ്ട് നമ്പറും പാസ്വേര്‍ഡും അറിയിക്കണമെന്ന് കാണിച്ചുള്ള ഇ^മെയിലുകള്‍ ഇടപാടുകാരുടെ മെയില്‍ ബോക്സിലെത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. തട്ടിപ്പിന്റെ സ്വഭാവത്തിനനുസരിച്ച് ഫിഷിംഗ്, ഇ^മെയില്‍ സ്പൂഫിംഗ്, ഫാര്‍മിംഗ് എന്നിങ്ങനെ വിവിധ പേരുകളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ അറിയപ്പെടുന്നു. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കെണിയിലകപ്പെടുമെന്നത് തീര്‍ച്ചയാണ്.

സാമ്പത്തിക മേഖലയില്‍ നെറ്റ് ഉപയോഗിച്ചുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനിയും വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. കുറ്റവാളികള്‍ തങ്ങളുടെ മേഖലയില്‍ കൂടുതല്‍ വൈദഗ്ധ്യം നേടിവരികയാണെന്നും ഇന്റര്‍നെറ്റ് സെക്യൂരിറ്റി വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനനുസരിച്ച് അത് മറികടക്കാനുള്ള ശ്രമങ്ങളും ശക്തമാവുകയാണ്. ഇവിടെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനുള്ള മുഖ്യ ഉപാധി നെറ്റ് ഉപയോക്താക്കള്‍ സ്വയം ബോധവാന്‍രാവുക എന്നതാണ്. ഉപയോക്താക്കളുടെ ദൌര്‍ബല്യവും പണത്തോടുള്ള ആര്‍ത്തിയുമൊക്കെ കുറ്റവാളികള്‍ നന്നായി ചൂഷണം ചെയ്യുന്നുവെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. നെറ്റിലെ നൈജീരിയന്‍ ശൈലിയിലെ തട്ടിപ്പുകള്‍ക്ക് വിധേയരാവുന്നവരില്‍ ഭൂരിഭാഗവും ഇത്തരക്കാരാണ്.

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണവുമായി രംഗത്തെത്തിയ ആദ്യത്തെ രാഷ്ട്രം സ്വീഡനാണ്. 1973^ല്‍ തന്നെ അവിടെ കമ്പ്യൂട്ടര്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ നിര്‍വചിക്കുകയും അവ തടയുന്നതിനാവശ്യമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരം നിയമങ്ങള്‍ പ്രബല്യത്തില്‍ വരികയുണ്ടായി. 1997 ജനുവരിയില്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളി ഇലക്ട്രോണിക് വാണിജ്യത്തിനായുള്ള പ്രത്യേക നിയമം അംഗീകരിച്ചു. ഇതിന്റെ മാതൃകയില്‍ അംഗ രാജ്യങ്ങള്‍ നിയമങ്ങളാവിഷ്ക്കരിക്കണമെന്നും അതുവഴി അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥക്കും വ്യവഹാരങ്ങള്‍ക്കും ഒരു ഏകീകൃത രൂപം കൈവരുത്തണമെന്നും ശിപാര്‍ശ ചെയ്യുകയുണ്ടായി. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യ അംഗീകരിച്ച് നടപ്പില്‍ വരുത്തിയ സൈബര്‍ നിയമങ്ങള്‍ 'ഐ.ടി. ആക്റ്റ് 2000' എന്ന പേരില്‍ അറിയപ്പെടുന്നു. 2000 മെയ് 17^ന് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിന് ജൂണില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. ഈ നിയമം പാസ്സാകുമ്പോള്‍ ഇന്ത്യ ഇത്തരത്തില്‍ ലോകത്തിലെ 16 രാജ്യങ്ങളിലൊന്നായി മറുകയായിരുന്നു. സൈബര്‍ കുറ്റവാളികള്‍ ഇതിനകം കൂടുതല്‍ ശക്തരായിരിക്കയാണ്. ചെറുകിട തട്ടിപ്പുകാര്‍ മുതല്‍ ഭീകരപ്രവര്‍ത്തകര്‍ വരെ നെറ്റില്‍ വിലസുകയാണ്. ഇത് തടയിടാന്‍ ഏറെക്കുറെ നമ്മുടെ സൈബര്‍ നിയമങ്ങള്‍ പ്രാപ്തമാണെങ്കിലും നെറ്റ് ഉപയോക്താക്കള്‍ ഈ രംഗത്ത് അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
*****

വെബ് കൌതുകങ്ങള്‍

നല്ല ഒരു ഡിജിറ്റല്‍ കാമറയുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും - ഫോട്ടോഗ്രാഫിയെക്കുറിച്ച് കാര്യമായ വിവരമില്ലാത്തവര്‍ക്കു പോലും - ഒരു മാതിരി ഭേദപ്പെട്ട ചിത്രങ്ങളെടുക്കാനാകുമെന്ന് നമുക്കറിയാം. എന്നാല്‍ സാധാരണ ചിത്രങ്ങളില്‍നിന്നും വ്യത്യസ്തതയുള്ള പുതുമയേറിയ ചിത്രങ്ങളെടുക്കാന്‍ തികഞ്ഞ കലാബോധവും ക്രിയേറ്റിവിറ്റിയും (Creativity) ഉള്ളവര്‍ക്കു മാത്രമേ സാധ്യമാകൂ. ഫോട്ടോഗ്രഫിയുടെയും ഫ്ളാഷ് സാങ്കേതിക വിദ്യയുടെയും സാധ്യതകള്‍ വിദഗ്ധമായി സമന്വയിപ്പിച്ച അത്തരമൊരു മികവേറിയ കലാസൃഷ്ടി കാണാന്‍ http://61226.com/share/hk.swf എന്ന ലിങ്കില്‍ കയറുക. Night falls on Hong Kong... എന്നു പേരിട്ടിരിക്കു ഈ വെബ്പേജ് സൂര്യാസ്തമയത്തിനു തൊട്ടു മുമ്പേയുള്ള സമയം മുതല്‍ അന്ധകാരം പൂര്‍ണമായും ഹോങ്കോങ്ങ് നഗരത്തെ ആവരണം ചയ്യുന്നതുവരെയുമുള്ള ഒരോ മിനിറ്റിലേയും ദൃശ്യങ്ങള്‍ ഘട്ടം ഘട്ടമായി ഒറ്റച്ചിത്രത്തിലൂടെ നമുക്ക കാണിച്ചു തരുന്നു!!. URL എന്റര്‍ ചെയ്ത് അല്‍പസമയം കാത്തിരുന്ന ശേഷം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ മുകള്‍ഭാഗത്ത് കര്‍സര്‍ വയ്ക്കുമ്പോള്‍ 6:10 PM എന്ന് സമയം തെളിഞ്ഞുവരുന്നതുകാണാം. തുടര്‍ന്ന് മൌസ് ക്ലിക്ക് ചെയ്യാതെ കര്‍സര്‍ ചിത്രത്തിന്റെ താഴെ ഭാഗത്തേക്ക് ഡ്രാഗ് ചെയ്തു നോക്കൂ. അപ്പോള്‍ കാണുന്ന കാഴ്ച നിങ്ങളെ അദ്ഭുതപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യും. ശേഷം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിങ്ങള്‍ തന്നെ കാണുക.

റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

കൈപ്പിഴ
http://kaippizha.blogspot.com/

അറിയിക്കാതെ വരുന്നതും അറിയാതെ പോകുന്നതുമാണ് കൈപ്പിഴ എന്ന ബ്ലോഗിലെ വിഷയം. പുത്തന്‍ പ്രശ്നങ്ങള്‍ പുത്തന്‍ ആശയങ്ങള്‍, പാവം പാവം റോഡ് കുമാരന്‍, പരിതപിക്കും ആ ആത്മാവ്, ഒരു എലിക്കഥ... ഇങ്ങനെ കഥകളും വാര്‍ത്തകളും വാര്‍ത്താവലോകനങ്ങളുമായി ബ്ലോഗിലെ പോസ്റ്റകള്‍ തുടരുകയാണ്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ സൂരജ് മലയത്തില്‍ എന്ന വിദ്യാര്‍ഥിയാണ് ബ്ലോഗര്‍. മലയാളിയുടെ ആകാംക്ഷകള്‍ മുതലെടുക്കാനാഗ്രഹിക്കുന്ന ബ്ലോഗിലെ ഈ നവാഗതന് ഭാവുകങ്ങള്‍ നേരുന്നു.

പി.ഡി.എഫ് സാഹിത്യം
http://pdfsahithyam.wordpress.com

മണ്ണാര്‍ക്കാട് സ്വദേശി പി.ടി. അനിലിന്റെ കഥകള്‍ ഈ ബ്ലോഗിലൂടെ നിങ്ങള്‍ക്ക് വായിക്കാം. കഥകളൊക്കെ നന്നായിരിക്കുന്നു. ബ്ലോഗിന് ധാരാളം സന്ദര്‍ശകരും ഉണ്ട്. ഇതര ബ്ലോഗില്‍ നിന്ന് വ്യത്യസ്തമായി 'പി.ഡി.എഫ്' ഫോര്‍മാറ്റിലാണ് കഥകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഇത് അല്‍പമൊക്കെ പ്രയാസമുണ്ടാക്കും. ബ്ലോഗില്‍ മലയാളം യൂണികോഡ് ഉപയോഗിക്കുകയാണെങ്കില്‍ ഗൂഗിളിന്റെയും മറ്റും സെര്‍ച്ചില്‍ അനിലിന്റെ കഥകളിലേക്കുള്ള ലിങ്കുകള്‍ ലഭ്യമാകുമായിരുന്നു. സാധാരണ മലയാളി ബ്ലോഗര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ബ്ലോഗ് നിര്‍മ്മാണത്തിന് വേര്‍ഡ്പ്രസ്സാണ് ഉപയോഗിച്ചിരിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.

വന്നതും വരുന്നതും
http://malayalamchannels.blogspot.com/

ഒരു ടെലിവിഷന്‍ പ്രേക്ഷകനാണ് ഈ ബ്ലോഗര്‍. പലരും വിശേഷിപ്പിക്കുന്നതു പോലെ അതൊരു വിഡ്ഢിപ്പെട്ടിയാണെന്ന് കരുതാത്തൊരാള്‍. മലയാളം ചാനലുകള്‍ സ്ഥിരമായി കാണുന്ന ഒരു മലയാളി. എന്നാല്‍ കാണുന്നതെല്ലാം കൊള്ളാമെന്നല്ല... ഇതൊരു വീക്ഷണം മാത്രം. ഈ വീക്ഷണത്തിലൂടെ ടെലിവിഷന്‍ ചാനലുകള്‍ നോക്കിക്കാണാന്‍ ശ്രമം നടത്തുകയാണ് ബ്ലോഗര്‍. നവാഗതനല്ലെങ്കിലും ബ്ലോഗില്‍ പുതിയ പോസ്റ്റുകളും വിഭവങ്ങളും കുറവാണെന്ന് പറയേണ്ടിയിരിക്കുന്നു.

ഷാഹിറിന്റെ ലോകം
http://shahircmr.blogspot.com/

അകത്തളങ്ങളില്‍ എഴുത്തിനോടുള്ള ഇഷ്ടവും സുക്ഷിച്ചു വെച്ച് സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ യാന്ത്രികത നിറഞ്ഞ ജീവിതം നയിക്കുകയാണ് ബ്ലോഗര്‍. അപ്പോഴും നന്മ നിറഞ്ഞ തന്റെ നാടിനെ ഇഷ്ടപ്പെടുന്നു. കാരണം അതൊരു നദി പോലെ നിങ്ങളെ പ്രലോഭിപ്പിക്കും. നെറികേടിനോട് അത് പക്ഷെ രൌദ്രമായി പ്രതികരിക്കുകയും ചെയ്യും. അതാണ് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയായ 'ഷാഹിറിന്റെ ലോകം'. ശശി തരൂരിന് മഗ്സാസെ അവാര്‍ഡ്, ഗാന്ധിജിക്ക് കിട്ടാത്തത് ഒബാമക്ക് കിട്ടി, നയാഗ്രയിലെ ദിവസങ്ങള്‍, വീണ്ടും ഗാന്ധി എന്നിവയൊക്കെയാണ് പുതിയ പോസ്റ്റുകള്‍.

നമ്മുടെ ബൂലോകം
http://www.nammudeboolokam.com/

മലയാളം ബ്ലോഗിന്റെ ശൈശവാവസ്ഥക്ക് കാരണം നര്‍മ്മം എഴുതുന്നവരോ?. അരുണ്‍ കായംകുളം ഉണര്‍ത്തുന്ന ചിന്തകളാണിവിടെ വിഷയം. വായിക്കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനും 'നമ്മുടെ ബൂലോകം' എന്ന ബ്ലോഗ് സന്ദര്‍ശിക്കുക. മലയാളം ബ്ലോഗ് ലോകത്തെ വാര്‍ത്തകള്‍ക്കാണ് ഇതില്‍ പ്രാമുഖ്യം നല്‍കുന്നത്. ഒപ്പം ഇതര ബ്ലോഗുകളിലെ ശ്രദ്ധേയമായ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും കാണാം. നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും നമ്മുടെ ബൂലോകത്തില്‍ സൌകര്യമുണ്ട്.

വി.കെ. അബ്ദു
vkabdu@gmail.com
======================

Tuesday, December 15, 2009

ഇന്‍ഫോമാധ്യമം (426) - 23/11/2009



ലോകത്തെവിടേക്കും വിളിക്കാം... സൌജന്യമായി!

മൊബൈല്‍ ഫോണ്‍ വിപ്ലവം എങ്ങോട്ടാണ് പോകുന്നത്്? ആധുനിക വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ ഇന്ന് നമ്മെ പുതിയൊരു ലോകത്തിലൂടെയാണ് നയിച്ചുകൊണ്ടിരിക്കുന്നത്. അമ്പരപ്പിക്കുന്ന അതിന്റെ സംവിധാനങ്ങള്‍ മനുഷ്യനെ എങ്ങോട്ട് നയിക്കുന്നു എന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഈ മേഖലയില്‍ ലഭ്യമായ സൌകര്യങ്ങള്‍ക്ക് പരിമിതികളില്ലാത്തതിനാല്‍ ഇവ ഉണ്ടാക്കുന്ന സുരക്ഷാഭീഷണിയും ചില്ലറയല്ല. വാര്‍ത്താവിനിമയ ലോകത്തെ ഇത്തിരികുഞ്ഞനായ ഈ ഉപകരണം ആദ്യകാലങ്ങളില്‍ ഇന്‍കമിംഗിനും ഔട്ട്ഗോയിംഗിനും വന്‍തുക നല്‍കി വേണ്ടിയിരുന്നു ഒന്നുപയോഗിക്കാന്‍. എന്നാല്‍ ഇന്ന് ലോകത്തെവിടേക്കും ഏതാണ്ട് സൌജന്യമായി വിളക്കാന്‍ സാധിക്കുന്ന നിലയിലേക്കെത്തി. ഇതിന് ഒരുപരിധി വരെ ഇന്റര്‍നെറ്റ് സഹായകമായി വര്‍ത്തിക്കുന്നു.

സാറ്റലൈറ്റ് ഫോണ്‍ നിലവില്‍ വന്ന സമയത്ത് എസ്.ടി.ഡി, ഐ.എസ്.ഡി വേര്‍തിരിവുകളില്ലാതെ ഏതു കോളിനും ഒരേനിരക്ക് എന്ന സംവിധാനം നിലവില്‍ വന്നു. പക്ഷേ അന്ന് സര്‍വ്വീസ് നല്‍കിയിരുന്ന കമ്പനികള്‍ വന്‍ തുകയാണ് ഈടാക്കിയിരുന്നത്. അതിനാല്‍ ഈ ഫോണ്‍ ജനകീയമായില്ല. എന്നാല്‍ ഇന്ന് ഈ സൌകര്യം വളരെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ലഭ്യമാണ്. അതായത് ഇപ്പോള്‍ പല കോളുകളും ഇന്‍ര്‍നെറ്റ് വഴിയാണ് ലഭ്യമാകുത് എന്നര്‍ത്ഥം. അതുപോലെ ഇന്റര്‍നെറ്റ് എസ്.എം.എസ് സന്ദേശങ്ങളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നെറ്റ് ഉപയോഗിച്ചുള്ള ഇത്തരം സംവിധാനങ്ങളുടെ കുഴപ്പം നമ്മെ വിളിക്കുന്നയാളിന്റെയോ സന്ദേശം അയക്കുന്നയാളിന്റെയോ ശരിയായ വിവരങ്ങള്‍ നമുക്ക് ലഭക്കില്ല എന്നതാണ്.

ഇന്ന് ആഗോളാടിസ്ഥാനത്തില്‍ തന്നെ ചില കമ്പനികള്‍ പ്രത്യേകതരം സിം കാര്‍ഡുകള്‍ വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു. ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു കമ്പനിയുടെ സേവനം നമ്മുടെ നാട്ടിലും ലഭ്യമാണ്. സാറ്റലൈറ്റിന് പകരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ലോകത്തെങ്ങുമുള്ള മൊബൈല്‍ കമ്പനികളോട് സഹകരിച്ചാണ് ഇവര്‍ ആഗോളതലത്തില്‍ സേവനം നല്‍കുന്നത്. റോമിംഗ് ചാര്‍ജോ ഇന്‍കമിംഗ് ചാര്‍ജോ ഈടാക്കാതെ തന്നെ ലോകത്തെവിടെയും കൊണ്ടുനടക്കാന്‍ കഴിയുന്ന ഈ സിം കാര്‍ഡ് നമ്പര്‍ ലണ്ടന്‍ കോഡിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഏത് രാജ്യത്താണെങ്കിലും ഈ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. ഇതില്‍ നിന്ന് ഏത് നമ്പറിലേക്കുമുള്ള കോള്‍ ചിലവ് നിലവിലെ ഐ.എസ്.ഡി താരിഫിനെ അപേക്ഷിച്ച് നന്നേ കുറവാണ്. അതായത് ഏതാണ്ട് സൌജന്യം എന്നര്‍ഥം. ഈ കണക്ഷന്‍ സ്വന്തമാക്കാന്‍ ഐ.ഡി. പ്രൂഫ് ആയി നല്‍കേണ്ടത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡാണ്. ഇന്റര്‍നെറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ബില്ലടക്കുന്നതും മറ്റെല്ലാ ഇടപാടുകളും നെറ്റ് വഴി തന്നെ. ഈ സംവിധാനം വ്യാപകമാകുന്നതോടെ അന്താരാഷ്ട്ര മൊബൈല്‍ ഫോണ്‍ കോളുകള്‍ വളരെ ചിലവ് കുറഞ്ഞ നിലയിലേക്കെത്തും.

ഹംസ അഞ്ചുമുക്കില്‍
britco@britcoresearch.com
*****

മിസ്ഡ് കാളുകള്‍ നീരീക്ഷണത്തില്‍

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെസ്സംബന്ധിച്ചേടത്തോളം ഇപ്പോള്‍ ഒരു മിസ്ഡ് കാളെങ്കിലും ലഭിക്കാത്ത ദിവസം അപൂര്‍വമായിരിക്കും. ഈ മിസ്ഡ് കാളുകള്‍ ആരെങ്കിലും പിന്തുടര്‍ന്നാലോ. അതേ, ഇത്തരം കാളുകള്‍ നിരീക്ഷണ വിധേയമാക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തയ്യാറെടുക്കുയാണ്. ഭീകര പ്രവര്‍ത്തകര്‍ തങ്ങളുടെ ആശയവിനിമയ കോഡുകളായും സിഗ്നലുകളായും മിസ്ഡ് കോളുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണിത്.

നമ്മളില്‍ പലരും പലപ്പോഴും മിസ്ഡ് കാളുകള്‍ ചെയ്യാറുണ്ട്. ഈ കാളുകളുടെ എണ്ണം വളരെ അധികമായതിനാലും ഇതില്‍ നിന്ന് വരുമാനമില്ലാത്തതിനാലും നെറ്റ്വര്‍ക്ക് കമ്പനികള്‍ ഇവ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാറില്ല. എന്നാല്‍ ഇത്തരം കോളുകള്‍ ട്രാക്ക് ചെയ്യാന്‍ ഇനി പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് രഹസ്യാന്വേഷണ വിഭാഗം ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. രാജ്യത്തെ ആശയവിനിമയോപാധികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജി.എസ്.എം അസോസിയേഷനില്‍ നിന്നുള്ള അനുമതിയില്ലാതെ നിര്‍മ്മിക്കുന്ന സിം കാര്‍ഡുകള്‍ നിരോധിക്കാനും ആലോചനയുണ്ട്. കമ്മ്യൂണിക്കേഷന്‍ മേഖലയുടെ ദുരുപയോഗം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ദിലീപ് സേനാപതി
dileep.senapathy@gmail.com
*****

ഗൂഗിള്‍ - ബിംഗ് യുദ്ധം മുറുകുന്നു

സെര്‍ച്ച് എഞ്ചിനെന്നാല്‍ ഗൂഗിള്‍ എന്നാണ് മിക്കവരുടെയും ധാരണ. നെറ്റില്‍ അത്രമാത്രം സ്വാധീനമുറപ്പിച്ചിരിക്കയാണ് ഗൂഗിള്‍. എന്നാല്‍ ഗൂഗിളിന്റെ ഈ കുത്തക അവസനിപ്പിക്കാന്‍ തന്നെയാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ സെര്‍ച്ച് എഞ്ചിനായ ബിംഗുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ സ്ഥിതി ഏറെക്കുറെ സംഘര്‍ഷാവസ്ഥയിലെത്തി നില്‍ക്കുന്നു എന്നു വേണമെങ്കില്‍ പറയാം. നവംബറിലെ ആദ്യ ബുധനാഴ്ച് ബിംഗ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. 'വോള്‍ഫ്രാം ആല്‍ഫാ' വിജ്ഞാന കോശവുമായി കൈകോര്‍ത്ത് തിരച്ചില്‍ ഫലങ്ങള്‍ക്ക് കൂടുതല്‍ ആധികാരികത നല്‍കുമെന്നതായിരുന്നു ആദ്യത്തെ പ്രഖ്യാപനം. കൂടാതെ വ്യക്തികളെ തിരയാന്‍ ലോകത്തെ ഒന്നാം നമ്പര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റായ ഫെയ്സ്ബുക്കുമായി സഹകരിക്കുമെന്നതായിരുന്നു രണ്ടാമത്തേത്. ഈ രണ്ട് പ്രഖ്യാപനങ്ങളും ഗൂഗിളിന് നല്‍കിയത് കനത്ത പ്രഹരങ്ങളായിരുന്നു.

ഉടനെത്തന്നെ ഗൂഗിള്‍ തിരിച്ചടിച്ചു. അങ്ങനെയാണ് കുട്ടികളുടെ വെബ് ഉപയോഗത്തില്‍ അശ്ലീലസൈറ്റുകള്‍ കടന്നുവരുന്നത് തടയാനുള്ള 'സെയ്ഫ് സെര്‍ച്ച്' ഓപ്ഷന്‍ ഗൂഗിള്‍ പുറത്തിറക്കിയത്. കൂടാതെ സെര്‍ച്ച് എഞ്ചിനില്‍ മൂവി ലീസ്റ്റിംഗ് പദ്ധതിക്കും ഗൂഗിള്‍ തൂടക്കമിട്ടു. തൊട്ടടുത്ത തിയേറ്ററില്‍ കളിക്കുന്ന സിനിമ ഇനി ഗൂഗിളില്‍ പരതാം. സിനിമയുടെ പേരോ തിയേറ്ററിന്റെ പേരോ അടിസ്ഥാനമാക്കി തിരച്ചില്‍ സാധ്യമാകും. നമ്മുടെ പ്രമുഖ നഗരങ്ങളിലെ തിയേറ്ററുകളുടെ വിവരങ്ങളൊക്കെ ഇതിനകം ഗൂഗിളില്‍ ഉള്‍പെടുത്തിക്കഴിഞ്ഞു. നെറ്റിലെ അശ്ലീലതയുടെ അതിപ്രസരത്തില്‍ നിന്ന് കുട്ടികളെയും കുടുംബത്തെയും സംരക്ഷിക്കാനാണ് ഗൂഗിള്‍ സെയ്ഫ് സെര്‍ച്ച് സംവിധാനം അവതരിപ്പിച്ചത്. ഇതുപയോഗിക്കുന്നതോടെ ഗൂഗിളിലെ തിരച്ചിലിനിടയില്‍ അശ്ലീല ഘടകങ്ങളുള്ള ഒരൊറ്റ ലിങ്കും ലഭ്യമാവില്ല. ഗൂഗിളില്‍ 'സൈന്‍ ഇന്‍' ചെയ്ത ശേഷം ഹോം പേജില്‍ കാണുന്ന സെറ്റിംഗ്സിലൂടെ സെയ്ഫ് സെര്‍ച്ച് സംവിധാനം പ്രവര്‍ത്തിപ്പിക്കാം. തുടര്‍ന്ന് തന്റെ അറിവോ അനുവാദമോ കൂടാതെ ഗൂഗിളില്‍ അശ്ലീല ലിങ്കുകള്‍ തെളിയില്ല.

കൃത്യമായ കണക്കുകള്‍ അടിസ്ഥാനമാക്കി സെര്‍ച്ച് റിസള്‍ട്ട് നല്‍കുന്ന (Computational Knowledge Engine) സംവിധാനമാണ് 'വോള്‍ഫ്രാം ആല്‍ഫാ' മുന്നോട്ടുവക്കുന്നത്. സെര്‍ച്ചിന് നല്‍കുന്ന ഏതു വിഷയവും കൃത്യമായി നിര്‍വചിക്കാന്‍ ഇതിലൂടെ ബിംഗിനു സാധ്യമാകും. കപ്പക്കിഴങ്ങ് (tapioca) എന്ന് ഈ സെച്ച് എഞ്ചിനില്‍ തിരഞ്ഞാല്‍ ഫലം രസകരമായിരിക്കും. കപ്പയിലടങ്ങിയ വിറ്റമിന്‍, ഫാറ്റ്, മറ്റു നൂട്രീഷനല്‍ ഗുണങ്ങള്‍ എന്നിവയൊക്കെ സംഖ്യാ വിവരണങ്ങളോടെ കൃത്യമായി നമുക്ക് ലഭിക്കും. ബുദ്ധിയുള്ള സെര്‍ച്ച് എഞ്ചിനെന്നാണ് ബിംഗ് അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ആവശ്യമായ സമയത്ത് മാത്രമേ വോള്‍ഫ്രാം ആല്‍ഫ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ ബിംഗ് ഉപയോഗിക്കൂ. മുഴുപേജ് കാലവസ്ഥാ ഫലങ്ങളും ക്യുക് പ്രിവ്യൂവും ബിംഗ് ആദ്യമേ ഉള്‍പെടുത്തിയ മറ്റു ആപ്ലിക്കേഷനുകളാണ്.

എന്നാല്‍ ഇതിനൊക്കെ മുമ്പ് തന്നെ ഗൂഗിള്‍ ^ ബിംഗ് യുദ്ധം തുടങ്ങിയിരുന്നു. ഗൂഗിള്‍ മാപ്പിനു സമാനമായി ബിംഗ് മാപ്പ് അവതരിപ്പിച്ചു കൊണ്ടായിരുന്നു അത്. ഗൂഗിള്‍ ഇതിനോട് പ്രതികരിച്ചത് അമേരിക്കയിലെ അന്‍പത് സ്റ്റേറ്റുകളുടെയും തെരുവ് മാപ്പുകള്‍ തങ്ങളുടെ മാപ്പില്‍ ഉള്‍പെടുത്തിക്കൊണ്ടായിരുന്നു. ഇപ്പോള്‍ 3D മാപ്പും ബിംഗില്‍ ലഭ്യമാണ്. അതേസമയം തുല്യതയില്ലാത്ത നിരന്തര സേവനങ്ങളിലൂടെ നേടിയെടുത്ത കരുത്ത് ഇപ്പോളും ഗൂഗിളിനു കൂടുതല്‍ സ്വീകാര്യത നല്‍കുന്നുണ്ട്. പ്രാദേശികവല്‍ക്കരണത്തിലാണ് ഗൂഗിള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിംഗ് ആവട്ടെ ഗൂഗിളിന്റെ ദൌര്‍ബല്യം എവിടെയൊക്കെയെന്ന് തിരഞ്ഞുപിടിച്ച് പുത്തന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയുമാണ്. അതിനാല്‍ തന്നെ മത്സരം ഇനിയും രൂക്ഷമാകാനാണ് സാധ്യത. ഇന്റര്‍നെറ്റ് ലോകത്തിന് ഇത് വന്‍ നേട്ടങ്ങള്‍ കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാം.

ജുനൈദ് ഇരുമ്പുഴി
junaidck07@gmail.com
*****

വെബ് കൌതുകങ്ങള്‍

സ്വതന്ത്രമായി പാട്ട് കേള്‍ക്കാനും വീഡിയോ കാണാനും ഐപോഡ് ഉപയോഗിക്കുഞ്ഞന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണല്ലോ. പാട്ട് പോലെത്തന്നെ യൂട്യൂബ്, വീഡിയോജഗ് പോലുള്ള അതിപ്രശസ്ത സൈറ്റുകളില്‍നിന്ന് ഇഷ്ടം പോലെ വീഡിയോ ക്ലിപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം. എന്നാല്‍ ഡൌണ്‍ലോഡ് ചെയ്യുന്ന വീഡിയോ ഫയലുകളെല്ലാം നിങ്ങളുടെ ഐപോഡ് സപ്പോര്‍ട്ട് ചെയ്തുകൊള്ളണമെന്നില്ല. ഈ പ്രശ്നത്തിനൊരു പരിഹാരമാണ് http://www.videora.com/enus/Converter/iPod/ എന്ന സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്ന സൌജന്യ സോഫ്റ്റ്വെയറായ 'വീഡിയോറാ ഐപോഡ് കണ്‍വെര്‍ട്ടര്‍' (Videora iPod Converter). ഇതുപയോഗിച്ച് നിലവിലെ ഏതു ഫോര്‍മാറ്റിലുള്ള വീഡിയോ ഫയലുകളും ഏതാനും ക്ലിക്കുകളിലൂടെ നിങ്ങളുടെ ഐപോഡിനിണങ്ങുന്ന MPEG4, H.264 പോലുള്ള ഫോര്‍മാറ്റുകളിലേക്ക് മാറ്റിയെടുക്കാം. മാത്രമല്ല നിങ്ങള്‍ക്കു സൌകര്യപ്രദമായ വലുപ്പത്തിലും റിസൊല്യൂഷനിലും ചിത്രത്തെ മാറ്റിയെടുക്കാനുള്ള സംവിധാനവും ഈ സോഫ്റ്റ്വെയറില്‍ ലഭ്യമാണ്.ഐപോഡിന്റെ പുതിയ അവതാരങ്ങളായ iPod touch, iPod nano, iPod classic തുടങ്ങിയവക്ക് പുറവമേ ഐഫോണുകള്‍ക്ക് വേണ്ടി വീഡിയോകള്‍ കണ്‍വെര്‍ട്ട് ചെയ്യുന്നതിനാവശ്യമായ പ്രത്യേക സൌകര്യവും സോഫ്റ്റ്വെയറിന്റെ ഏറ്റവും പുതിയ വേര്‍ഷനുകള്‍ നല്‍കുന്നുണ്ട്.
റയിസ്ല മര്‍യം
raizlamaryam@hotmail.com
============

Thursday, November 26, 2009

ഇന്‍ഫോ മാധ്യമം (425) - 16/11/2009





മഷിത്തണ്ട് - ഓണ്‍ലൈന്‍ മലയാളം നിഘണ്ടു

മലയാളത്തിന് ഇന്റര്‍നെറ്റിലൊരു സൌജന്യ ഓണ്‍ലൈന്‍ നിഘണ്ടു. മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം എന്നീ രീതികളില്‍ ലഭ്യമായ നിഘണ്ടുവില്‍ ഇപ്പോള്‍ അറുപത്തൊന്നായിരം മലയാളം പദങ്ങളും ഇരുപത്തേഴായിരം ഇംഗ്ലീഷ് പദങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളാണ് മലയാളം യൂണികോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. മാതൃഭാഷക്ക് വേണ്ടി നെറ്റില്‍ എന്തെങ്കലുമൊക്കെ ചെയ്യണമെന്ന താല്‍പര്യമാണ് ലാഭേഛയില്ലാത്ത ഈ പ്രവര്‍ത്തനത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇതിന്റെ വികസനത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന ജോജു ജോണ്‍ പറയുന്നു. നെറ്റിലെ മലയാളം ഉപയോഗം വര്‍ദ്ധിപ്പിക്കലും സൈറ്റ് ലക്ഷ്യമാക്കുന്നു. ഇരുപതിനായിരത്തോളം പദങ്ങള്‍ ഇവര്‍ തന്നെ കൂട്ടിച്ചേര്‍ത്ത് നെറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് തുടക്കം. സൈറ്റിന് സന്ദര്‍ശകര്‍ കൂടി വന്നപ്പോള്‍ ആവശ്യങ്ങളും വര്‍ദ്ധിച്ചു. തുടര്‍ന്ന് ഉപയോക്താക്കള്‍ തന്നെ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തു നിഘണ്ടു വിപുലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി രണ്ടായിരത്തഞ്ഞൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ മഷിത്തണ്ടിലേക്ക് പദങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിഘണ്ടു ഓണ്‍ലൈനായി മാത്രമേ ലഭ്യമാകൂ. ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയില്ല.

മലയാളത്തിന് ഓണ്‍ലൈന്‍ സ്പെല്‍ചെക്കറും ട്രാന്‍സ്ലേഷന്‍ സോഫ്റ്റ്വെയറും ക്രമപ്രകാരം അണിയറയില്‍ പുരോഗമിച്ചുവരികയാണ്. എട്ട് ലക്ഷം വാക്കുകളടങ്ങിയ പദശേഖരം നിര്‍മ്മിക്കാനാവുമെന്നാണ് പ്രതീക്ഷ. നിഘണ്ടുവില്‍ 'സാമ്യമുള്ള പദങ്ങള്‍' ഇപ്പോള്‍ തന്നെ പ്രദര്‍ശിപ്പിച്ചുവരുന്നുണ്ട്. ഇത് വികസിപ്പിക്കുന്നതോടെ സ്പെല്‍ ചെക്കര്‍ സംവിധാനമെന്ന ലക്ഷ്യം നേടാനാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സമ്പൂര്‍ണമായൊരു പദപ്രശ്ന കളരിയും മഷിത്തണ്ടിലൊരുക്കിയിരിക്കുന്നു. വ്യത്യസ്ത വിഷയങ്ങളിലും വലിപ്പത്തിലുമുള്ള പദപ്രശ്നങ്ങള്‍ കളിക്കാന്‍ മാത്രമല്ല പുതിയവ നിര്‍മ്മിക്കാനും ഇതില്‍ സൌകര്യമുണ്ട്. 1500 - 2000 പേര്‍ ദിനേന മഷിത്തണ്ട് ഉപയോഗിക്കുന്നുവെന്നാണ് ഗൂഗിളിന്റെ കണക്ക്. അഡ്രസ്സ്. http://dictionary.mashithantu.com/
*****

അനധികൃത മൊബൈല്‍ ഫോണുകള്‍ക്ക് നിരോധം

നിയമ വിധേനയല്ലാത്ത മാര്‍ഗത്തിലൂടെ രാജ്യത്തെത്തുന്ന ഐ.എം.ഇ.ഐ (International Mobile Equipment Identity) കോഡുകളില്ലാത്ത മൊബൈല്‍ ഫോണുകള്‍ ഇനി നിശ്ചലമാവുകയാണ്. പ്രധാനമായും ചൈന, തായ്വാന്‍ രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന ഫോണുകളാണ് ഈ ഇനത്തില്‍ ഗ്രേ മാര്‍ക്കറ്റുകള്‍ വഴി ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. ഇത്തരം ഫോണുകള്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കും പിന്തുടരാന്‍ സാധ്യമാകാത്തത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ ഫോണുകള്‍ മോഷണം പോയാല്‍ കണ്ടെത്താനും സാധ്യമായിരുന്നില്ല. സാമൂഹ്യ വിരുദ്ധര്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും മറ്റും ഈ ഫോണുകള്‍ ഒരളവുവരെ സഹായകമായി വര്‍ത്തിച്ചിരുന്നുവെന്നതും വലിയ തലവേദന തന്നെയായിരുന്നു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം ഫോണുകള്‍ നിരോധിക്കാന്‍ ടെലികോം വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്റെ അപേക്ഷ പരിഗണിച്ച് ഡിസംബര്‍ ഒന്ന് വരെ അവധി നീട്ടുകയായിരുന്നു. ഡിസംബര്‍ ആദ്യത്തോടെ ഇപ്പോള്‍ നിരോധം പ്രാബല്യത്തില്‍ വരികയാണ്. ഇതുമുഖേന ഇന്ത്യയിലെ രണ്ടര കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ മാറ്റി പുതിയവ വാങ്ങുകയോ അതല്ലെങ്കില്‍ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഐ.എം.ഇ.ഐ നമ്പര്‍ കൂട്ടിച്ചേര്‍ത്ത് നിയമവിധേയമാക്കുകയോ ചെയ്യേണ്ടിവരും. അതേസമയം തങ്ങള്‍ക്ക് പെട്ടെന്ന് വലിയൊരു നഷ്ടം വരുത്തി വക്കുമെന്നതിനാല്‍ കാലാവധി അല്‍പം കൂടി നീട്ടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് സെല്ലുലാര്‍ ഓപറേറ്റര്‍മാര്‍.

ദിലീപ് സേനാപതി
dileep.senapathy@gmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

ബൂലോഗ കാരുണ്യം
http://boologakarunyam.blogspot.com/

മലയാളം ബ്ലോഗര്‍മാരുടെ ലോകമായ 'ബൂലോഗ'ത്തൊരു കാരുണ്യത്തിന്റെ സഹായഹസ്തം. അന്ധര്‍ക്ക്, അനാഥരായവര്‍ക്ക്, ബുദ്ധിവികാസം പ്രാപിക്കാത്തവര്‍ക്ക്, പ്രായമേറിയതിനാല്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട അശരണര്‍ക്ക് ഒരു തണല്‍. അതാണ് ബൂലോക കാരുണ്യം. മലയാളം ബ്ലോഗെഴുത്തുകാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ ഒത്തുകൂടിയിരിക്കയാണ്. ബ്ലോഗെഴുത്തുകാരിലെ അശരണരെ സഹായിക്കാനായി തുടക്കമിട്ട ഈ കൂട്ടായ്മ ബ്ലോഗിന് പുറത്തേക്കും തങ്ങളുടെ സഹായഹസ്തം നീട്ടുന്നുവെന്നത് സന്തോഷമുള്ള കാര്യമാണ്. എണ്‍പതിലധികം ബ്ലോഗര്‍മാര്‍ ഇതിനകം ബൂലോഗ കാരുണ്യത്തില്‍ അംഗങ്ങളായിരിക്കുന്നു.

മാഞ്ഞാലിനീയം
http://manjalyneeyam.blogspot.com/

സുഹൃത്തുക്കളുമായി അല്‍പം കൊച്ചുവര്‍ത്തമാനങ്ങള്‍ പറയാമല്ലോ എന്ന ഉദ്ദേശ്യം മാത്രമേ ഈ ബ്ലോഗിനുള്ളൂ. തമാശ, നടപ്പുവര്‍ത്തമാനം ഇവയൊക്കെയാണ് പോസ്റ്റുകള്‍. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ പ്രതികരണമറിയിക്കാന്‍ 'പാവം^ഞാന്‍' എന്ന പേരലറിയപ്പെടുന്ന ബ്ലോഗള്‍ ആവശ്യപ്പെടുന്നു. എന്നുവച്ച് ബ്ലോഗര്‍ അത്ര പാവമൊന്നുമല്ലെന്നാണ് ശത്രുക്കള്‍ പറയുന്നതത്രെ. അതായത് പോസ്റ്റുകളില്‍ ഒട്ടൊക്കെ കാമ്പുള്ളവയും കാണാം. അനാവശ്യ തല്ലുപിടിത്തം, വര്‍ഗീയത ഇവയൊക്കെ ബ്ലോഗില്‍ നിന്നൊഴിവാക്കയിരിക്കുന്നുവെന്നും ബ്ലോഗര്‍ പറയുന്നു.

ഡോട്ട്കോം @ വള്ളിക്കുന്ന്
http://vallikkunnu.blogspot.com/

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ ബഷീറിന്റെ ബ്ലോഗ്. ഇപ്പോള്‍ സൌദി അറേബ്യയില്‍ ട്രാന്‍സ്ലേറ്ററായി ജോലി ചെയ്യുന്നു. പച്ചപ്പാവമോ പരമ ദ്രോഹിയോ അല്ലത്രെ. അതേതായാലും സമകാലിക വിഷയങ്ങളിലൊക്കെ ബ്ലോഗര്‍ക്ക് നല്ല അവഗാഹമാണെന്ന് പോസ്റ്റുകള്‍ തെളിയിക്കുന്നു. ഡൊമൈന്‍ നാമങ്ങള്‍ ഇനി മലയാളത്തിലും, പോലീസോ പട്ടാളമോ വലുത്, മാദ്ധ്യമമോ മാധ്യമമോ ശരി, ഉന്ത്യാ വിഷന്‍ ചിരിക്കുന്നു; ഡോ. മുനീര്‍ കരയുന്നു എന്നിവയൊക്കെയാണ് പുതിയ പോസ്റ്റുകള്‍. ബ്ലോഗിന് ധാരാളം സന്ദര്‍ശകരുണ്ട്. ബ്ലോഗ് പിന്തുടരുന്നവരുടെ എണ്ണവും കുറവല്ല.

ഉപഭോക്താവ്
http://upabhokthavu.blogspot.com/

ഉപഭോക്താക്കള്‍ക്ക് സഹായകമായി ഒരു ബ്ലോഗ്. കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും അനഭവിച്ചറിഞ്ഞതും ശരിയെന്ന് വിശ്വസിക്കുന്നതുമായ ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചിടുകയാണ് മലയാളം ബ്ലോഗ് ലോകത്ത് അങ്കിള്‍ എന്നറിയപ്പെടുന്ന ചന്ദ്രകുമാര്‍. തിരുവനന്തപുരത്ത് വട്ടിയൂര്‍കാവില്‍ താമസം. സര്‍ക്കാരില്‍ പരാതിപ്പെടാന്‍, റെയില്‍ യാത്ര, വോട്ടര്‍ പട്ടിക, വിവരാവകാശ നിയമം തുടങ്ങിയ പ്രയോജനപ്രദമായ ധാരാളം പോസ്റ്റുകളാല്‍ സമ്പുഷ്ടമാണ് ബ്ലോഗ്. സര്‍ക്കാര്‍ കാര്യം എന്നൊരു ബ്ലോഗും അങ്കിള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

സിയാദിന്റെ ബ്ലോഗ്
http://www.tmziyad.com/

ഏറെക്കുറെ സമ്പൂര്‍ണ്ണമെന്ന് പറയാവുന്നൊരു ബ്ലോഗ്. ലേഖനം, കഥ, കവിത, അനുഭവം, നര്‍മ്മം, ഗ്രാഫിക് ഡിസൈന്‍, ടിപ്സ്^ട്രിക്സ്, ചിന്ത, പടമിടം, എന്നിങ്ങനെ വ്യത്യസ്ത വിഭാഗമായി വിഭജിച്ചിരിക്കയാണ് ഈ ബ്ലോഗ്. ബ്ലോഗില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത് ഗ്രാഫിക് ഡിസൈന്‍ എന്ന വിഭാഗമാണ്. ഡിസൈനിംഗിന്റെ ബാല പാഠങ്ങള്‍, ചരിത്രം, തത്വങ്ങള്‍, ടിപ്സ് എന്നിങ്ങനെ ഡിസൈനുമായി ബന്ധപ്പെട്ട അറിവുകള്‍ ബ്ലോഗിലൂടെ പങ്കുവക്കുകയാണ് ബ്ലോഗര്‍. ചിത്രം വരക്കുന്നവര്‍ക്കും ഡി.ടി.പി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സഹായകമായ രീതിയിലാണ് ഈ വിഭാഗത്തിലെ പോസ്റ്റുകള്‍ സംവിധാനിച്ചിരിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലെ പ്രസാധന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ ബ്ലോഗ് അങ്ങേയറ്റം പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. സൌദിയില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിയായ ടി.എം. സിയാദാണ് ബ്ലോഗര്‍.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

ഇമേജ് സെര്‍ച്ച് രംഗത്ത് തികച്ചും നൂതനമായ രീതി ആവിഷ്കരിച്ച് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു സെര്‍ച്ച് എഞ്ചിനാണ് http://tineye.com/. സാധാരണ ഇമേജുകള്‍ക്കു വേണ്ടി തിരയുമ്പോള്‍ സെര്‍ച്ച് ബോക്സില്‍ കീ വേര്‍ഡുകള്‍ കൊടുത്ത് എന്റര്‍ ബട്ടണ്‍ അടിക്കുന്ന പതിവു രീതിയാണല്ലോ നാം പിന്‍തുടരാറുള്ളത്. എന്നാല്‍ ഈ സൈറ്റില്‍ കീ വേര്‍ഡുകള്‍ക്കു പകരം ഇമേജുകള്‍തന്നെ അപ്ലോഡ് ചെയ്ത് എന്റര്‍ ചെയ്യുന്നു. തുടര്‍ന്ന് നാം കൊടുത്ത ഇമേജിനോട് സാമ്യമുള്ള നിരവധി ഇമേജുകളുടെ തമ്പ്നെയില്‍ ചിത്രങ്ങള്‍ അവയുടെ വലുപ്പത്തെക്കുറിച്ചും വ്യക്തതയെക്കുറിച്ചുമുള്ള വിവരങ്ങള്‍ സഹിതം സ്ക്രീനില്‍ അണിനിരക്കുന്നതു കാണാം. അവയില്‍ നമ്മുടെ ആവശ്യത്തിനിണങ്ങുന്ന ഇമേജുകള്‍ ഏതാണെന്നു കണ്ടെത്തി ഡൌണ്‍ലോഡ് ചെയ്തെടുക്കാം. കീവേര്‍ഡിന് പകരം ഇമേജ് കൊടുത്ത് സമാനമായ മറ്റു ഇമേജുകള്‍ തിരഞ്ഞടുക്കുന്ന പ്രക്രയയാണ് ഈ സംവിധാനത്തിലൂടെ നടക്കുന്നതെന്നതിനാല്‍ ഇതൊരു 'Reverse Image Search Engine' ആണെന്നു പറയാം. റിസല്‍ട്ടായി ലഭിക്കുന്ന തമ്പ്നെയില്‍ ചിത്രങ്ങള്‍ വ്യക്തതയും വലുപ്പവുമനുസരിച്ച് ക്രമീകരിക്കുതിനുള്ള സൌകര്യവും ഈ സെര്‍ച്ച് എഞ്ചിന്‍ നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ നെറ്റില്‍ ലഭ്യമായ ഏതെങ്കിലും ഇമേജിന്റെ URL സെര്‍ച്ച് ബോക്സില്‍ പേസ്റ്റ് ചെയ്തും തിരച്ചില്‍ നടത്താം. ഇപ്പോള്‍ ബീറ്റാ സ്റ്റേജിലുള്ള ഇതിന്റെ ഫൈനല്‍ വേര്‍ഷന്‍ ഉടന്‍ ലഭ്യമാകുമെന്ന് പ്രായോജകര്‍ വാഗ്ദാനം ചെയ്യുന്നു.
റയിസ്ല മര്‍യം
raizlamaryam@hotmail.com
*****
===========================

Tuesday, November 17, 2009

ഇന്‍ഫോമാധ്യമം (424) - 09/11/2009




കമ്പ്യൂട്ടറില്‍ ഇനി വിന്‍ഡോസ് 7

അവസാനം ഒക്ടോബര്‍ 22^ന് മൈക്രോസോഫ്റ്റ് ആ വാതിലും തുറന്നു ^ വിന്‍ഡോസ് 7. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതോടെ വിപണിയിലെത്തിയത്. സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന വിന്‍ഡോസ് വിസ്റ്റയുടെ പോരായ്മകള്‍ തിരുത്തിയാണ് പുതിയ ഓപറേറ്റിംഗ് സിസ്റ്റം ഉപഭോക്താക്കളെ തേടിയെത്തുന്നത്. രണ്ടായിരാമാണ്ടിനു ശേഷം വിവരസാങ്കേതിക മേഖലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും സുപ്രധാന മുന്നേറ്റമായാണ് മൈക്രോസോഫ്റ്റ് ഈ നീക്കത്തെ വിലയിരുത്തുന്നത്. എങ്കിലും ഇതിനോടുള്ള സാങ്കേതിക ലോകത്തിന്റെ പ്രതികരണം വരും ദിവസങ്ങളില്‍ അറിയാം.

കാര്യക്ഷമതയിലും ലാളിത്യത്തിലും വിന്‍ഡോസ് 7 ഏറെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസമാണ് മൈക്രോസോഫ്റ്റിനുള്ളത്. വിസ്റ്റയിലെ ഗ്രാഫിക്സിന്റെ അതിപ്രസരം കുറക്കാന്‍ വിന്‍ഡോസ് 7^ല്‍ ശ്രദ്ധിച്ചിട്ടുണ്ട്. ടാസ്ക്ബാറും ലളിതമാണ്. അനായാസത്തോടെ ഉപയോഗിക്കാനാവുമെന്ന മെച്ചവുമുണ്ട്. ഇക്കാലമത്രയും ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന കാല്‍ക്കുലേറ്ററിന്നും പെയിന്റിനും പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജമ്പ് ലിസ്റ്റ്, എയ്റോ ഷെയ്ക്ക്, സ്നാപ് തുടങ്ങിയ ഫീച്ചറുകളും ഇതോടൊപ്പം ഉപയോഗത്തില്‍ വരുത്തിയിരിക്കുന്നു. ഹാന്‍ഡ് റൈറ്റിംഗ് റെകഗ്നിഷനു പുറമെ കാര്യക്ഷമമായ ഫയല്‍ റിക്കവറി സംവിധാനവും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.

2001^ല്‍ പുറത്തിറങ്ങിയ വിന്‍ഡോസ് എക്സ്.പിയുടെ പ്രചാരത്തെ ഭേദിക്കാന്‍ 2006^ല്‍ എത്തിയ വിസ്റ്റക്ക് സാധിച്ചില്ല. കഴിഞ്ഞ ജനുവരിയില്‍ എക്സ്.പിക്കുള്ള സാങ്കേതിക സഹായം നിര്‍ത്തിയിട്ടുപോലും വിസ്റ്റ കരകയറിയില്ല. ആഗോള സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്ന അവസരത്തിലാണ് വിന്‍ഡോസ് 7 പുറത്തിറങ്ങുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ മേഖലയില്‍ നിന്നുയരുന്ന കടുത്ത വെല്ലുവിളിയും പെട്ടെന്നു തന്നെ വിസ്റ്റക്ക് ബദലായുള്ള ഓപറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാന്‍ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ചു. അങ്ങനെയാണ് വിന്‍ഡോസ് 7 പിറക്കുന്നത്. ഇതിന്റെ ബീറ്റാ പതിപ്പ് കഴിഞ്ഞ വര്‍ഷം പ്രത്യേകം തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. അവരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഫൈനല്‍ വേര്‍ഷന്‍ നിലവില്‍ വന്നിട്ടുള്ളത്.

കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാനെടുക്കുന്ന സമയം കുറവാണെന്ന് മാത്രമല്ല ഫയലുകള്‍ ഓപ്പന്‍ ചെയ്യാനായി ഒരു ക്ലിക്ക് തന്നെ മതിയാവും. മറ്റു പതിപ്പുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പോരായ്മകള്‍ കുറവാണ്. ഒരു വര്‍ഷംകൊണ്ട് ഇതിന്റെ 17.7 കോടി പതിപ്പുകള്‍ വിറ്റഴിക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിലൂടെ കമ്പനി നോട്ടമിടുന്നത് 14,40,000 കോടി രൂപയാണ്. ഇന്ത്യയില്‍ നിലവിലുള്ള 3.8 കോടി കമ്പ്യൂട്ടറുകളില്‍ 98 ശതമാനത്തിലും വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ 20 ശതമാനമെങ്കിലും പുതിയ പതിപ്പിലേക്ക് മാറുമെന്നാണ് മൈക്രോസോഫ്റ്റ് കണക്കുകൂട്ടുന്നത്. 2009 ജൂണ്‍ 26^ന് ശേഷം വിസ്റ്റ ലോഡ് ചെയ്ത കമ്പ്യൂട്ടറോ അല്ലെങ്കില്‍ വിസ്റ്റ മാത്രമായോ വാങ്ങിയവര്‍ക്ക് സൌജന്യമായി പുതിയ പതിപ്പിലേക്ക് മാറാനുള്ള സൌകര്യം മൈക്രോസോഫ്റ്റ് ഒരുക്കിയിട്ടുണ്ട്. വിസ്റ്റ മാത്രം വാങ്ങിയവര്‍ക്ക് കമ്പനിയുടെ സൈറ്റിലെത്തിയാല്‍ നേരിട്ട് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറാനുള്ള ലിങ്കുകളും ലഭിക്കും. വിസ്റ്റ, എക്സ്.പി പതിപ്പുകളില്‍ സൃഷ്ടിച്ച ഫയലുകളും ആപ്ളിക്കേഷനുകളും വിന്‍ഡോസ് 7^ല്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് അറിയിപ്പ്.

വ്യത്യസ്ത ഉപയോഗം ലക്ഷ്യമാക്കി ആറ് വിഭാഗമായിട്ടാണ് വിന്‍ഡോസ് 7 പുറത്തിറക്കിയിരിക്കുന്നത്. ആധുനിക ജീവിതശൈലിക്ക് ഇണങ്ങുന്ന വിധത്തിലാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും വിസ്റ്റയെ പോലുള്ള അനുഭവം വരാതിരിക്കാന്‍ ഉപഭോക്താക്കളും ശ്രദ്ധിക്കും.

ടി.വി. സിജു
tvsiju@gmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

സയന്‍സ് അങ്കിള്‍
http://scienceuncle.blogspot.com/

സയന്‍സിന്റെ മാന്ത്രികച്ചെപ്പെന്നാണ് ബ്ലോഗ് സ്വയം വിശേഷിപ്പിക്കുന്നത്. ചെറുപ്പകാലത്തിന്റെ കുസൃതികളാണ് ശാസ്ത്ര കൌതുകമായി വളരുന്നതത്രെ. അത്തരം ഒരു ഭൂതകാലത്തിലെ സ്മരണകള്‍ പുത്തന്‍ തലമുറക്ക് കൂടി സമ്മാനിക്കാനാണ് ഈ സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഇത് കൂട്ടുകാര്‍ക്കുള്ള കനപ്പെട്ട ഉപഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഏറെ സ്നേഹത്തോടെ സയന്‍സ് അങ്കിള്‍ പറയുന്നത്. ബ്ലോഗ് സന്ദര്‍ശിക്കുന്ന ആരും ഇതും സമ്മതിക്കുക തന്നെ ചെയ്യും. സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായൊരു ബ്ലോഗ്.

എനിക്ക് പറയാനുള്ളത്
http://rehnaliyu.blogspot.com/

അത്ര പാവമൊന്നുമല്ലാത്ത ഒരു തൃശൂര്‍ക്കാരി 'വല്യമ്മായി'യുടെ ബ്ലോഗാണിത്. തനിക്ക് പറയാനുള്ളതെല്ലാം തുറന്നെഴുതുന്ന ഇടം. അത് ഓര്‍മ്മക്കുറിപ്പ്, കവിത, കഥ, പലവക, ആത്മീയം, ചിന്ത, വായനാനുഭവം, സ്വകാര്യം, വിവര്‍ത്തനം, ദുബായ്, ബ്ലോഗ് ഇവന്റ്, വിജ്ഞാനം ഇവയിലേതെങ്കിലുമൊന്നാവാം. എല്ലാം ബ്ലോഗില്‍ ചിട്ടയായി അടുക്കിവച്ചിരിക്കുന്നു. 2006 ജൂലൈ മുതല്‍ക്കുതന്നെ ഇവര്‍ ബ്ലോഗിലുണ്ട്. കറുത്ത പശ്ചാത്തലത്തിലുള്ള ബ്ലോഗ് പേജ് അത്ര സുഖകരമായി തോന്നുന്നില്ല. അതേതായാലും വല്യമ്മായിക്കു പറയാനുള്ളത് എന്താണെന്നറിയാന്‍ വായക്കാരെയും ക്ഷണിക്കുകയാണ്.

അഞ്ചല്‍
http://anchalkaran.blogspot.com/
ജയം കാംക്ഷിച്ച് തോല്‍വി സ്വന്തമാക്കുന്നവന്‍. പരാജയം പണം കൊടുത്ത് നേടുന്നവന്‍. അപജയത്തില്‍ അഹങ്കരിക്കുന്നവന്‍. വടികൊടുത്ത് അടി ഇരന്ന് വാങ്ങുന്നവന്‍. അതാണ് അഞ്ചല്‍ക്കാരന്‍. ബ്ലോഗിലെ പോസ്റ്റുകളിലെ മുഖ്യധാര സാമൂഹ്യ വിമര്‍ശനമാണ്. കവിതകളും ഉണ്ട്. ആകെ 151 പോസ്റ്റുകളും 2145 കമന്റുകളുമാണ് ബ്ലോഗിന്റെ മുതല്‍ക്കൂട്ട്. 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്നൊരു ബ്ലോഗ് കൂടി അഞ്ചല്‍ക്കാരന്റേതായി ബൂലോകത്തുണ്ട്.

കുഞ്ഞന്‍സ് ലോകം
http://kunjantelokam.blogspot.com/
ബഹ്റൈനില്‍ കുടുംബ സമേതം താമസിക്കുന്ന കുഞ്ഞനാണ് ബ്ലോഗര്‍. പെരുമ്പാവൂര്‍ സ്വദേശി. പേര് പ്രവീണ്‍. സര്‍ഗപരമായ യാതൊരു കഴിവുമില്ലെന്ന് സ്വയം ബോധ്യമുണ്ടെന്നാണ് കുഞ്ഞന്‍ പറയുന്നത്. ഈ വാക്കുകളിലെ വിനയവും ആത്മാര്‍ഥതയും നമുക്ക് മാനിക്കാം. ഇത് തയ്യാറാക്കുമ്പോള്‍ 52 രാജ്യങ്ങളില്‍ നിന്നായി 9448 പേര്‍ കുഞ്ഞന്‍സ് ലോകം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണക്ക്. 'വീണ്ടുമൊരു സ്വര്‍ണ്ണച്ചതിക്കുഴി' എന്നതാണ് ഏറ്റവും പുതിയ പോസ്റ്റ്. നാട്ടില്‍ വരുന്ന ഗള്‍ഫുകാര്‍ സ്വര്‍ണാഭരണം വാങ്ങുന്നതിന് മുമ്പായി ഈ പോസ്റ്റ് വായിക്കേണ്ടതാണ്.

നീര്‍വിളാകന്‍
http://neervilakan.blogspot.com/

ആറന്മുള പഞ്ചായത്തിലെ നീര്‍വിളാകം സ്വദേശിയും ശുദ്ധ ഗ്രാമീണനനുമാണ് ബ്ലോഗര്‍. ഇപ്പോള്‍ ജിദ്ദയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. മിനിക്കഥകളിലാണ് ബ്ലോഗര്‍ക്ക് താല്‍പര്യം. ഒരു സംഭവ കഥയെ അല്‍പം ഭാവുകത്വം ചേര്‍ത്ത് അവതരിപ്പിച്ച 'നാടകമേ ഉലകം!' എന്ന കഥയാണ് പുതിയ പോസ്റ്റ്. കഥകളെല്ലാം നന്നായിട്ടുണ്ടെന്നാണ് സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ആശംകള്‍.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

ഐക്കണ്‍ ലഭ്യമാക്കാന്‍

വെബ്സൈറ്റുകള്‍ നിര്‍മിക്കുമ്പോഴും പല വിധ ഡിസൈന്‍ പ്രൊജക്ടുകള്‍ ചെയ്യുമ്പോഴും അതുപോലെത്തന്നെ ഡോക്യുമെന്റുകള്‍ ആകര്‍ഷകങ്ങളാക്കുന്നതിനു വേണ്ടിയും പലപ്പോഴും നമുക്ക് പല വിധത്തിലും തരത്തിലും പെട്ട ഐക്കണുകള്‍ ആവശ്യമായി വരാറുണ്ട്. അത്തരത്തിലുള്ള ഏതാവശ്യങ്ങള്‍ക്കും അനുയോജ്യമായ അതി സുന്ദരങ്ങളായ ഐക്കണുണുകള്‍ ആവശ്യമായി വരുമ്പോള്‍ നേരെ http://icones.pro/ സൈറ്റില്‍ കയറിക്കോളൂ. നിങ്ങള്‍ക്കാവശ്യമുള്ള ഏതു തരം ഐക്കണുകള്‍ വേണമെങ്കിലും ആ സൈറ്റില്‍ നിന്ന് കിട്ടിയിരിക്കും!! സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന പതിനയ്യായിരത്തിലധികം ഐക്കണുകളുടെ വന്‍ ശേഖരമാണിത്. PNG, ICO ഫോര്‍മാറ്റുകളിലും വ്യത്യസ്ത നിറങ്ങളിലും വിവിധ വലുപ്പത്തിലുമുള്ള ഐക്കണുകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോലും കൂടാതെ ലഭ്യമാണ്. ഫ്രഞ്ച് ഭാഷയിലാണ് ഈ സൈറ്റെന്ന ചെറിയൊരു പ്രശ്നമുണ്ടെങ്കിലും അല്‍പം മനോധര്‍മമുപയോഗിച്ച് നമുക്കിഷ്ടമുള്ള ഐക്കണുകള്‍ തെരഞ്ഞു പിടിക്കാം. കീ വേഡുകള്‍ നല്‍കി സെര്‍ച്ച് ചെയ്യുകയോ Twitter, RSS, Apple, Facebook... എന്നിങ്ങനെ കാറ്റഗറി അടിസ്ഥാനപ്പെടുത്തി ബ്രൌസ് ചെയ്യുകയോ ആവാം. കൂടാതെ ഐക്കണുകളുടെ കളറുകളില്‍ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താനും പ്രിവ്യൂ ചെയ്യാനും സൈറ്റില്‍ സംവിധാനങ്ങളുണ്ട്.

റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

പുസ്തക പരിചയം

സൈബര്‍ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ സൈബര്‍ നിയമവും

ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിവര സാങ്കേതിക വിദ്യ സ്വാധീനമുറപ്പിച്ചിരിക്കയാണ്. റെയില്‍വേ^വിമാന ടിക്കറ്റ് ബുക്കിംഗ് മുതല്‍ പുസതകങ്ങളടക്കം നിത്യജീവിതത്തിനാവശ്യമായ ഉപഭോക്തൃസാധനങ്ങളുടെ വാങ്ങലും വില്‍ക്കലും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ അനായാസം നടക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായമില്ലാത്ത ബാങ്ക് ഇടപാട് ഇന്ന് സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ല. ആധുനിക സൌകര്യങ്ങളെല്ലാം കൈപിടിയിലൊതുക്കാന്‍ പ്രാപ്തമായ മൊബൈല്‍ ഫോണ്‍ ആര്‍ക്കും പ്രാപ്യമായിരിക്കുന്നു. പ്രയോഗം വര്‍ദ്ധിച്ചുവരുന്നതിനനുസരിച്ച് വിവര സാങ്കേതികവിദ്യയുടെ ദുരുപയോഗവും അതുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരികയാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ വിവിധ പ്രയോഗ രീതികളും അവ തടയാനുള്ള മാര്‍ഗങ്ങളും അത്യന്തം ലളിതമായി വിശദീകരിക്കുന്ന ഗ്രന്ഥമാണ് 'സൈബര്‍ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ സൈബര്‍ നിയമവും'. സംസ്ഥാനത്ത് വിവരസാങ്കേതിക രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ സ്ഥാനങ്ങള്‍ വഹിക്കുകയും ഇപ്പോള്‍ ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ. അന്‍വര്‍ സാദത്താണ് ഗ്രന്ഥകര്‍ത്താവ്. ഡോ. ബി. ഇഖ്ബാലാണ് ജനറല്‍ എഡിറ്റര്‍. ഹാക്കിംഗ്, ഫിഷിംഗ്, വൈറസ് ആക്രമണം മുതല്‍ ഇന്റര്‍നെറ്റിലൂടെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ വരെ ഇതില്‍ വിശദീകരിക്കുന്നു. വ്യക്തിതലത്തില്‍ നടത്തേണ്ടുന്ന പ്രതിരോധ മാര്‍ഗങ്ങളും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള 'ഇന്ത്യന്‍ സൈബര്‍ നിയമങ്ങളും' പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഐ.ടി വിദ്യാര്‍ഥികള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും മാത്രമല്ല മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളായ സാധാരണക്കാര്‍ക്കുമെല്ലാം ഈ പുസ്തകം അങ്ങേയറ്റം പ്രയോജനപ്പെടും. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തത്തിന്റെ വില 75 രൂപ.
=========================

Sunday, November 08, 2009

ഇന്‍ഫോമാധ്യമം (423) - 26/10/2009




വീഡിയോ ഷെയറിംഗ് കാലം

ഇന്റര്‍നെറ്റിലൂടെ വീഡിയോ പങ്കുവക്കുന്നത് ഇന്ന് ഓണ്‍ലൈന്‍ ഇടം എന്നതിലുപരിയായി ഒരു ബദല്‍ ടി.വി ചാനലായോ അല്ലെങ്കില്‍ എണ്ണമറ്റ ചെറു വീഡിയോ ചിത്രങ്ങള്‍ സൂക്ഷിക്കുന്ന മെഗാ സിനിമാപ്പുരയായോ മാറിക്കഴിഞ്ഞു. വീഡിയോ സൂക്ഷിക്കുകയും പങ്കുവക്കുകയും ചെയ്യുന്നത് ജനകീയമാക്കിയത് ഗൂഗിള്‍ കുടംബാംഗമായ യൂട്യൂബാണ്. യഥാര്‍ഥത്തില്‍ ഗൂഗിള്‍ വീഡിയോ എന്ന സേവനം നേരത്തെതന്നെ ഗൂഗിള്‍ തുടങ്ങിയിരുന്നു. 2005 ഡിസംബറില്‍ സ്ഥാപിതമായ യൂട്യൂബ് എന്ന വീഡിയോ ഷെയറിംഗ് സ്ഥാപനത്തെ തൊട്ടടുത്ത നവമ്പറില്‍ മോഹവില നല്‍കി യൂട്യൂബ് സ്വന്തമാക്കി. ഒരു ഉപകമ്പനിയായി (സബ്സിഡയറി) തുടരാനനുവദിച്ചത് ഒരുപക്ഷെ കൂടുതല്‍ വളര്‍ച്ചക്ക് കാരണമായി എന്ന് പിന്നീടുള്ള ചരിത്രം തന്നെ സാക്ഷി. ഇന്ന് ദിനംതോറും നൂറ് കോടി മൌസ് ക്ലിക്കുകളാണ് യൂട്യൂബിനെത്തേടി എത്തുന്നത്. വെബ്സൈറ്റ് നിരീക്ഷകരായ അലക്സാ ഡോട്ട് കോമിന്റെ പുതിയ റാങ്കിംഗില്‍ നാലാം സ്ഥാനമാണ് ഈ വീഡിയോ പുരക്കുള്ളത്. ദിനം തോറും മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇരുപത് ശതമാനത്തോളം യൂട്യൂബ് വഴി വരാറുണ്ട്. ഗൂഗിള്‍, യാഹൂ, ഫെയ്സ്ബുക്ക് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

12 ദശലക്ഷം ഡോളറിന്റെ പ്രരംഭ മുതല്‍ മുടക്കുമായി സ്റ്റീവ് ചിന്‍, ചഡ് ഹര്‍ലി, ജാവേദ് കരീം എന്നീ മൂന്ന് ചെറുപ്പക്കാര്‍ തുടങ്ങിയ ഈ സ്ഥാപനം ഇങ്ങനെ സംഭവ ബഹുലമാകുമെന്ന് അവര്‍ പോലും കരുതിയിട്ടുണ്ടാവില്ല. 2006 ഒക്ടോബറില്‍ 1.6 ശതകോടി അമേരിക്കന്‍ ഡോളറിന്റെ ഓഹരി വിനിമയത്തിലൂടെയാണ് ഗൂഗിള്‍ യൂട്യൂബിനെ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷം തികയുന്ന വേളയില്‍ ഗൂഗിളിന്റെ വിപണി നീക്കം നൂറ് ശതമാനം ശരിയാണെന്നതിന് വര്‍ദ്ധിച്ച ജനപ്രീതി തന്നെ സാക്ഷ്യം. ഇടക്ക് യൂട്യൂബ് ഗൂഗിളിന് നഷ്ടം വരുത്തി വക്കുന്നു എന്ന വര്‍ത്തമാനം ഇണ്ടായിരുന്നു. എന്നാല്‍ ഭാവി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കുടുതലും വീഡിയോ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട് എത്താന്‍ സാധ്യതയുണ്ടെന്ന തന്ത്രപരമായ കണക്കുകൂട്ടലാണ് ഗൂഗിള്‍ നടത്തിയത്. ബ്ലോഗര്‍, ഓര്‍ക്കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഇടങ്ങള്‍ക്ക് ആവശ്യമായി വരുന്നതിലേറെ സെര്‍വര്‍ ഇടവും സമാന സൌകര്യങ്ങളും യൂട്യൂബിന് ആവശ്യമായി വരുന്നതാണ് ചിലവ് കൂടാന്‍ കാരണം. ആഡ്സെന്‍സ് എന്ന സാന്ദര്‍ഭിക പരസ്യ വിഭാഗത്തില്‍ നിന്നുള്ള വരുമാനവും വീഡിയോക്ക് ഒപ്പം നല്‍കുന്ന പരസ്യവുമാണ് വരുമാന സ്രോതസ്സ്. ഇത് കൂടാതെ ചില സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള വീഡിയോ വിതരണ സമ്പ്രദായവും യൂട്യൂബിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സഹായിക്കുന്നു.

ഇഷ്ട ഗാനരംഗങ്ങളുടെയും ചലച്ചിത്ര ശകലങ്ങളുടെയും കലവറ എന്നതിലുപരിയായി നിത്യസംഭവങ്ങള്‍ സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ സ്വഭാവത്തോടെ ചിത്രീകരിച്ച് ഈ ചാനലിലൂടെ പൊതുജന സമക്ഷം എത്തിക്കുന്നവരും കുറവല്ല. കേംബ്രിഡ്ജ്, ഹാര്‍വാഡ്, സ്റ്റാന്‍ഫഡ്, എം.ഐ.ടി, ഇന്ത്യയിലെ ഐ.ഐ.ടി പോലെയുള്ള അക്കാദമിക്ക് പെരുമയുള്ള സ്ഥാപനങ്ങളിലെ വീഡിയോയും ഒപ്പം പഠനാവശ്യത്തിനായുള്ള മറ്റ് വിഭവ ചിത്രീകരണങ്ങളാലും (youtube.com/edu) സമ്പന്നമാണ് ഈ യൂട്യൂബ്. ഒപ്പംതന്നെ അശ്ലീലവും പകര്‍പ്പവകാശം ലംഘിക്കുന്നതുമായ വീഡിയോയിലൂടെ ഇതിന്റെ മുന്നോട്ടുള്ള ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ചില രാജ്യങ്ങള്‍ ഇക്കാരണത്താല്‍ നിരോധനം എന്ന വജ്രായുധം പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സമൂഹത്തിന്റെ വളര്‍ച്ചക്ക് ഹാനികരമാകുന്ന വീഡിയോ എടുത്തുമാറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നതാണ് ഗൂഗിളിന്റെ നയം.

കുടുതല്‍ വിവരവിനിമയ ശേഷിയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വരവാണ് യൂട്യൂബിന്റെ വളര്‍ച്ചയുടെ കാതല്‍ എന്ന് പറയാം. ഇന്ന് മലയാളത്തിലെ ടി.വി ചാനലിലേതടക്കം ആയിരക്കണക്കിന് ക്ലിപ്പിംഗുകളാണ് ഓരോ മണിക്കൂറിലും ഇന്ത്യയില്‍ നിന്ന് മാത്രം യൂട്യൂബ് ശേഖരത്തിലേക്ക് എത്തുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക യൂട്യൂബ് ചാനല്‍ തന്നെ തുറന്നാണ് ബരാക് ഒബാമ പ്രചാരണതന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവയിലൂടെയും ആരാധകര്‍ വീഡിയോ കൈമാറുന്നുണ്ട്. ഈ വര്‍ഷത്തെ നോബല്‍ പുരസ്കാര പ്രഖ്യാപനം ലൈവായിത്തന്നെ യൂട്യൂബില്‍ സംപ്രേക്ഷണം ചെയ്തു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ശേഖരത്തിലുള്ള വീഡിയോ മാത്രമല്ല നേരിട്ടുള്ള വീഡിയോ പങ്കിടല്‍ കൂടി ഉള്‍പ്പെടുത്തി വളര്‍ച്ചയുടെ പുതിയ പടവുകളിലൂടെ കുതിക്കുകയാണ് യൂട്യൂബ്.

വി.കെ. ആദര്‍ശ്
blogbhoomi.blogspot.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

കാര്‍ട്ടൂണ്‍ തമാശ
http://keralacartoons.blogspot.com/

ഗള്‍ഫ് കാര്‍ട്ടൂണുകള്‍ക്കൊരു ബ്ലോഗ്. 'വയലുകളും കുളങ്ങളും വേണ്ടേ വേണ്ട! കൃഷിപ്പണിയൊന്നും വയ്യേ വയ്യ!! സമരം ചെയ്യും, സമരം ചെയ്യും മരണം വരെ സമരം ചെയ്യും...' എന്തിനെന്നല്ലേ; 'വിശക്കുന്നേ.. ഭക്ഷണം തരൂ...' ഇങ്ങനെ മലയാളിയുടെ മനസ്സ് തൊട്ടറിഞ്ഞ ഒട്ടനവധി കാര്‍ട്ടൂണുകള്‍. ഗള്‍ഫിലിരുന്ന് കേരളത്തെ നോക്കിക്കാണുന്ന രീതിയാണ് കാര്‍ട്ടൂണുകളില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. ദുബൈയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി സജീബ് ഖാനാണ് കാര്‍ട്ടൂണിസ്റ്റായ ഈ ബ്ലോഗര്‍.

ഇത്തിരി നേരം
http://www.thasleemp.blogspot.com/

ഇത് കോഴിക്കോട് ജില്ലയില്‍ അനയംകുന്നിലെ വയലില്‍ മോയി ഹാജി മെമ്മോറിയല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന തസ്ലീമിന്റെ ബ്ലോഗ്. തന്റെയും അനിയത്തി ശിഫയുടെയും കുഞ്ഞുകവിതകളും വിനോദങ്ങളും വിശേഷദിനങ്ങളുമൊക്കെയാണ് ഇതിലെ പോസ്റ്റുകള്‍. പിന്നെ ശാസ്ത്രവര്‍ഷം പ്രമാണിച്ച് യുറീക്കയിലെയും മറ്റു വാരികകളിലെയും പുതിയ അറിവുകളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. വാപ്പയുടെയും ഉമ്മയുടെയും വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് പഴയ ഫോട്ടോകളൊക്കെ ബ്ലോഗിലുള്‍പ്പെടുത്തിയിരിക്കുന്നു. സന്തോഷം. ബ്ലോഗെഴുത്ത് തുടരൂ തസ്ലീം. ശിഫയുടെ കൊച്ചു കവിതകള്‍ക്കായി പ്രത്യേകം ബ്ലോഗ് തന്നെ നിര്‍മ്മിക്കുന്നത് നന്നായിരിക്കും.

അടുക്കളത്തളം
http://bindukp2.blogspot.com/

ഒരു പാചക വിദഗ്ധയാണെന്ന അവകാശവാദമൊന്നുമില്ലാത്ത ബിന്ദു കൃഷ്ണപ്രസാദിന്റെ ബ്ലോഗ്. അറിയാവുന്ന ചിലത് നിങ്ങളുമായി പങ്കുവക്കുന്നു എന്ന് മാത്രം. പണ്ടത്തെ തനത് വിഭവങ്ങളെ അതേപടി, അതേ ചേരുവകളോടെ തന്നെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അങ്ങനെ ചേനത്തണ്ട് ചെറുപയര്‍ തോരന്‍, കുമ്പളങ്ങ തോരന്‍, ആവക്കായ്, ചീര, ചക്കക്കുരു, മാങ്ങാ കൂട്ടാന്‍, ചക്കപ്പുഴുക്ക്... അങ്ങനെ നാക്കില്‍ വെള്ളമൂറുന്ന ഒരുപാട് നാടന്‍ വിഭവങ്ങളുടെ പാചക രീതി. അതാണ് അടുക്കളത്തളം. ബിന്ദുവിന്‍െ 'മനസ്സിന്റെ യാത്ര' എന്ന മറ്റൊരു ബ്ലോഗ് നേരത്തെ ഈ പംക്തിയില്‍ പരിചയപ്പെടുത്തിയിരുന്നു.

വി.കെ. അബ്ദു
vkabdu@gmail.com
*****

നെറ്റിലെ പുതിയ തരംഗമായി 'ഗൂഗിള്‍ വേവ്'

പുത്തന്‍ സങ്കേതങ്ങള്‍ കെണ്ട് വെബ് ലോകത്തെ കീഴടക്കിയ ഗൂഗിളിന്റെ പുതിയ സേവനമായ ഗൂഗിള്‍ വേവിന് തുടക്കമായി. ഇ^മെയില്‍, ചാറ്റ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്, ബ്ലോഗ്, ഫോട്ടോ^വിഡിയോ ഷെയറിംഗ്, വിക്കി തുടങ്ങിയ സേവനങ്ങള്‍ മുഴുക്കെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള പുതിയൊരു പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ വേവിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഇന്റര്‍നെറ്റ് സേവന രംഗത്ത് ഇത് പ്രചാരത്തിലെത്തുന്നതോടേ ആശയ വിനിമയ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടം തന്നെ സംഭവിക്കുമെന്നാണ് നീരീക്ഷകര്‍ കണക്കാക്കുന്നത്. പരമ്പരാഗത ഇ^മെയില്‍ സംവിധാനത്തെ പുറംതള്ളാന്‍ ഗൂഗിള്‍ വേവിനു കഴിയുമൊണ് കമ്പനിയുടെ അവകാശവാദം. കഴിഞ്ഞ മെയ് അവസാന വാരത്തില്‍ ഗൂഗിള്‍ തങ്ങളുടെ ആസ്ഥാനത്ത് പുതിയ സംരഭത്തെ പരിചയപെടുത്തി. 'തല്‍സമയ വ്യക്തിഗത ആശയവിനിമയവും ഒത്തുചേരലിന്റെ ഉപകരണവു'മെന്നാണണ് ഗൂഗിള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

പഴയ ഇ^മെയില്‍ സേവനം ഒരു പോസ്റ്റ് കാര്‍ഡില്‍ കത്തെഴുതുന്നത് പോലെത്തന്നെയല്ലേ എന്നാണ് ഗൂഗിള്‍ ചോദിക്കുന്നത്. ഒരാള്‍ എഴുതുന്നു, പിന്നീട് മറുപടി ലഭിക്കുന്നു എന്ന രീതി. ഇതില്‍ നിന്ന് തീര്‍ത്തും വിത്യസ്തമായ ഇ^മെയില്‍ അനുഭവമായിരിക്കും ഗൂഗിള്‍ വേവ് അവതരിപ്പിക്കുന്നത്. സന്ദേശങ്ങളും മറ്റും തല്‍സമയം പങ്കുവെക്കന്ന രീതിയാണ് ഇതില്‍ അനുവര്‍ത്തിക്കുന്നത്. ഒരാള്‍ ഒരു സന്ദേശമോ ഡോക്യുമെന്റോ മറ്റോ ഗൂഗിള്‍ വേവ് മുഖേന സമര്‍പ്പിക്കുന്നു. തുടര്‍ന്ന് ആര്‍ക്കെല്ലാം അതു പങ്കുവക്കണമെന്ന് തീരുമാനിക്കുന്നു. കൂട്ടുകാരെല്ലാം പലസമയത്തായി മറുപടി നല്‍കും. അതു വെറും ടെക്സ്റ്റാവാം. അതല്ലെങ്കില്‍ വീഡിയോ, ഇമേജ്, പി.ഡി.എഫ് തുടങ്ങിയ മറ്റു ഫോര്‍മാറ്റുകളിലുള്ളവയുമാവാം. കൂട്ടുകാര്‍ ഒരോരുത്തരും പറഞ്ഞ അഭിപ്രായങ്ങളും പുതിയ അഭിപ്രായങ്ങളോട് മറ്റുള്ളവരുടെ പ്രതികരണങ്ങളും തല്‍സമയം ഗൂഗിള്‍ വേവ് നമുക്കു നല്‍കുന്നു. പിന്നീട് ആവശ്യപ്പെടുന്ന ഏതു സമയത്തും ഇവയൊക്കെ സമയാധിഷ്ഠിതമായി നമുക്കു മുമ്പില്‍ അവതരിപ്പിക്കാനും വേവിനു കഴിയും.

ഇതിനകം ഏറെ പ്രചാരത്തിലെത്തിയ ഗൂഗിള്‍ മാപ്പിന്റെ നിര്‍മ്മാതാക്കളായ റാസ്സ്മുസ്സെന്‍ സഹോദരങ്ങളാണ് ഗൂഗിള്‍ വേവിന്റെയും നിര്‍മ്മാതാക്കള്‍. ഈ പുതിയ സങ്കേതം പരീക്ഷണ ഘട്ടത്തിലാണിപ്പോള്‍. ആഗോളതലത്തില്‍ തന്നെ ഒരു ലക്ഷം നെറ്റ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ഈ സേവനം ലഭ്യമാക്കിയിട്ടുള്ളൂ. ഇനി കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ഈ വര്‍ഷാവസാനം ഗൂഗിള്‍ വേവ് എല്ലാവര്‍ക്കുമായി ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. നിലവില്‍ വേവ് സേവനം ലഭ്യമാക്കാനും പരീക്ഷണത്തില്‍ പങ്കാളികളാകാനും ഗൂഗിള്‍ തന്നെ ചില മാള്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. www.wave.google.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കലാണ് ഒന്നാമത്തെ മാര്‍ഗ്ഗം. താങ്കള്‍ക്ക് ഈ സേവനം ലഭ്യമല്ല എന്ന സന്ദേശമായിരിക്കും മിക്കപ്പോഴും ലഭ്യമാവുന്നത്. അതേസമയം ഗൂഗിള്‍ തന്നെ തിരഞ്ഞെടുത്ത ഒരു ലക്ഷം പേര്‍ക്ക് നിശ്ചിത എണ്ണം ഉപയോക്താക്കളെ ഇന്‍വൈറ്റ് ചെയ്തു സേവനത്തില്‍ പങ്കാളികളാക്കാന്‍ സംവിധാനമുണ്ട്. ജിമെയിലിന്റെ തുടക്കത്തില്‍ ഗൂഗിള്‍ നടത്തിയ പരീക്ഷണത്തിന് സമാനമായ ഒരു രീതിയാണിത്.

ജുനൈദ് ഇരുമ്പുഴി
junaidck07@gmail.com
======================

Saturday, October 24, 2009

ഇന്‍ഫോമാധ്യമം (422) - 19/10/2009




നെറ്റ്വര്‍ക്ക് സംരക്ഷണത്തിന് ഡിജിറ്റല്‍ ഉറുമ്പുകള്‍

മാവിന്‍കൊമ്പിലൂടെ പ്രത്യേക താളത്തില്‍ വരി വരിയായി കുട്ടിലേക്ക് നീങ്ങുന്ന ഉറുമ്പുകളെ നാം കണ്ടിട്ടുണ്ട്. തന്നെക്കാള്‍ വലിപ്പത്തിലുള്ള ഭക്ഷണവും ചുമന്നുകൊണ്ടാവും ചിലരുടെ പോക്ക്. മറ്റുള്ളവര്‍ വെറും കൈയ്യോടെയും. ഇതില്‍പെടാത്തവര്‍ ഇരതേടി തലങ്ങും വിലങ്ങും വട്ടം കറങ്ങുന്നുണ്ടാവും. ഇനി അനധികൃതമായി ആരെങ്കിലും ഇവയുടെ കൂട്ടിലെങ്ങാനും കടന്നാലോ? പിന്നെ പുകിലായി. കടിച്ചുപറിച്ച് അവനെ പരമാവധി വേദനിപ്പിക്കും. ഇങ്ങനെ ഒരിക്കലെങ്കിലും ഉറുമ്പിന്റെ കടിയേക്കല്‍ക്കാത്തവര്‍ ആരുമുണ്ടാവില്ല. കടുത്ത വേദനയും ചൊറിച്ചിലും സഹിക്കവയ്യാതെ മാവിന്‍ചോട്ടില്‍ നിന്ന് ഓടിപ്പോയ ചരിത്രമേയുള്ളൂ പലര്‍ക്കും.

ഇതുപോലെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിലൂടെ ഓടിനടക്കാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം ഉറുമ്പുകള്‍. ഇവയുടെ ഭക്ഷണം മധുരമോ മറ്റ് എണ്ണ പലഹാരങ്ങളോ അല്ല. പകരം കമ്പ്യൂട്ടര്‍ വൈറസുകള്‍, വിവരങ്ങള്‍ മോഷ്ടിക്കാനായി രൂപപ്പെടുത്തിയതും സ്വയം തനിപ്പകര്‍പ്പുകള്‍ സൃഷ്ടിക്കുന്നതുമായ ദുഷ്ട പ്രോഗ്രാമുകള്‍ തുടങ്ങിയവയൊക്കെയാണ്. സ്വഭാവത്തില്‍ മാത്രം യഥാര്‍ത്ഥ ഉറുമ്പുകളെ അനുകരിക്കുന്ന ഇവ ഡിജിറ്റല്‍ ഉറമ്പുകള്‍ എന്നാണ് അറിയപ്പെടുന്നത്. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ ഗവേഷണങ്ങള്‍ നടക്കുന്ന വാഷിംഗ്ടണ്‍ റിച്ച്ലാന്‍ഡിലെ പസഫിക് നോര്‍ത്ത് വെസ്റ്റ് നാഷണല്‍ ലാബോറട്ടറിയിലെ ഗ്ളെന്‍ ഫിന്‍ക് ആണ് വൈറസുകളെ തുരത്താനായി ഇത്തരമൊരു ആശയം മുന്നോട്ടുവച്ചിരിക്കുന്നത്.

ഉറുമ്പിന്റെ കൂട്ടില്‍ അന്യര്‍ അതിക്രമിച്ചുകടക്കുമ്പോള്‍ അവ പ്രതികരിക്കുന്ന രീതിയാണ് വേമുകള്‍ക്കെതിരെയും വൈറസുകള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഉറുമ്പുകളെ സൃഷ്ടിക്കാന്‍ പ്രോഗ്രാമാര്‍ക്ക് പ്രചോദനമായത്. കമ്പ്യൂട്ടര്‍ ഡാറ്റയെ പാരലല്‍ പ്രോസ്സസിംഗ് വഴി വിഭജിച്ച് പരിശോധിക്കുകയാണിവിടെ. വിവിധ രീതിയിലുള്ള ഭീഷണികളെ കണ്ടെത്തുന്നതിനായി മൂവായിരത്തോളം ഡിജിറ്റല്‍ ഉറുമ്പുകളെ നെറ്റ്വര്‍ക്കില്‍ വിന്യസിക്കാനാണ് ഇവരുടെ പദ്ധതി. ഓരോ ഉറുമ്പും സഞ്ചരിക്കുന്നത് ഫിറമോണുകള്‍ പുറത്തുവിട്ടുകൊണ്ടാണ്. ഇതിന്റെ മണംപിടിച്ചാണ് മറ്റുള്ള ഉറുമ്പുകള്‍ അവയെ പിന്തുടരുന്നതും തങ്ങളുടെ കോളനിയിലേക്കുള്ള വഴികണ്ടെത്തുന്നതും. ഈ ആശയമാണ് ആല്‍ഗരിതം വഴി ഡിജിറ്റല്‍ ഉറുമ്പുകള്‍ക്ക് ശക്തിപകരുന്നത്. പുതിയ ആക്രമണങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി നിലവിലുള്ള സെക്യൂരിറ്റി സംവിധാനങ്ങളെക്കാള്‍ വേഗതയേറിയ പ്രവര്‍ത്തനമായിരിക്കും ഡിജിറ്റല്‍ ഉറുമ്പുകളുടെ സാക്ഷാത്കാരത്തിലൂടെ ലഭിക്കുകയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

ഫിറമോണുകള്‍ക്ക് പകരം നെറ്റ്വര്‍ക്കിലൂടെ സഞ്ചരിക്കുന്ന ഉറുമ്പുകള്‍ പുറപ്പെടുവിക്കുന്നത് 'ഡിജിറ്റല്‍ ട്രെയ്ല്‍' ആയിരിക്കും. നെറ്റ്വര്‍ക്കില്‍ വൈറസോ മാല്‍വെയറുകളോ കണ്ടെത്തിക്കഴിഞ്ഞാല്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഡിജിറ്റല്‍ ട്രെയ്ലിന്റെ അളവും ആനുപാതികമായി വര്‍ദ്ധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. അതോടെ മറ്റുള്ള ഡിജിറ്റല്‍ ഉറുമ്പുകളുടെ ശ്രദ്ധയും ഈ കേന്ദ്രത്തിലേക്കാവും.

എന്നാല്‍ രണ്ട് ഡിജിറ്റല്‍ ഉറുമ്പുകളെ വീട്ടില്‍ എടുത്തുകൊണ്ടുപോകാം എന്ന് ആരും കരുതിയേക്കരുത്. 'സെന്റിനല്‍സ്' എന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണിത് ഓരോ കമ്പ്യൂട്ടറിലും പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ഡിജിറ്റല്‍ ഉറുമ്പുകളുടെ കോളനിയായ 'സെര്‍ജിയന്റ്സ്' ആണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുതും. ഗ്ളെന്‍ ഫിന്‍കിനൊപ്പം വെയ്ക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റയിലെ കമ്പ്യൂട്ടര്‍ പ്രൊഫസറായ എറിന്‍ ഫപും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 64 കമ്പ്യുട്ടറുകള്‍പ്പെടുന്ന നെറ്റ്വര്‍ക്കില്‍ ഡിജിറ്റല്‍ ഉറുമ്പുകളെ ഓടിച്ച് ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ്.

ടി.വി. സിജു
tvsiju@gmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്

സയന്‍സ് ലോകം
http://sciencelokam.blogspot.com/

ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി സയന്‍സ് വിഷയങ്ങള്‍ക്കൊരു ബ്ലോഗ്. ശാസ്ത്ര മേഖലയിലെ ഈ വര്‍ഷത്തെ നോബല്‍ സമ്മാനങ്ങള്‍ സംബന്ധിച്ച ലേഖനങ്ങളാണ് പുതിയ പോസ്റ്റുകള്‍. ലേഖനങ്ങളോടാപ്പം ശാസ്ത്രകാരന്‍മാരുടെ ഫോട്ടോകളും അവരടെ കണ്ടെത്തലുകള്‍ ലളിതമായി ഗ്രഹിക്കാനുതകുന്ന ധാരാളം ചിത്രങ്ങളും നല്‍കിയിരിക്കുന്നു. ചന്ദ്രനില്‍ ജലസാന്നിധ്യം, ഓഷ്യന്‍ സാറ്റ് ^ 2, ഓസോണ്‍ തുടങ്ങിയ പോസ്റ്റുകളൊക്കെ മികച്ചു നില്‍ക്കുന്നു. വിദ്യാര്‍ഥികളയക്കുന്ന ശാസ്ത്ര ലേഖനങ്ങളും മറ്റു സൃഷ്ടികളും ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്. നോര്‍ത്ത് പറവൂരിലെ എസ്.എന്‍.വി ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക കെ. ജയശ്രീയാണ് ബ്ലോഗ് കൈകാര്യം ചെയ്യുന്നത്.

ജാലക പഴുതിലൂടെ
http://jalakapazhuthiloode.blogspot.com/

ടെക്നോളജി, സയന്‍സ്, ഇന്റര്‍നെറ്റ് രംഗങ്ങളിലെ പുതിയ വാര്‍ത്തകളും വിശേഷങ്ങളുമായി ഒരു ബ്ലോഗ്. ഇന്‍ഫോ മാധ്യമം വായനക്കാര്‍ക്ക് സുപരിചിതനായ എ.പി. മനോജ് കുമാറാണ് ബ്ലോഗര്‍. ബ്ലോഗുകള്‍ എങ്ങനെ മനോഹരമാക്കാം, സോഫ്റ്റ്വെയര്‍ നിര്‍മ്മാണം അനായാസമാക്കാന്‍ തുടങ്ങിയ പോസ്റ്റുകള്‍ വിജ്ഞാന പ്രദമാണ്. സയന്‍സ് രംഗത്തെ പുതിയ വാര്‍ത്തകളും അവലോകനവും ബ്ലോഗിലുണ്ട്. ശാസ്ത്ര രംഗത്തെ കൌതുകകരമായ ധാരാളം ചോദ്യങ്ങളുള്‍ക്കൊള്ളിച്ച വിജ്ഞാന കൈരളി (http://vkairali.blogspot.com/) എന്ന മറ്റൊരു ബ്ലോഗും മനോജ് കുമാര്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ഫിസിക്സ് അധ്യാപകന്‍
http://physicsadhyapakan.blogspot.com/

ഇത് ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മ. പ്രത്യേകിച്ച് ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഒരുകൂട്ടം ഫിസിക്സ്, ഐ.ടി അധ്യാപകര്‍ നിയന്ത്രിക്കുന്ന ബ്ലോഗ്. ഫിസിക്സുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഇവിടെ കൈകാര്യം ചെയ്യുന്നു. ഭൌതികത്തിന്റെ താവോ, നമ്മുടെ ഭൂമി, എന്തുകൊണ്ട് ടംഗ്സ്റ്റണ്‍, ഹൈഡ്രോലിക് ജാക്ക്, ഗുരുത്വ കേന്ദ്രം എന്നിങ്ങനെ ഫിസിക്സ് വിഷയവുമായി ബന്ധപ്പെട്ട ധാരാളം പോസ്റ്റുകള്‍. മലയാളം ബ്ലോഗ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന് നല്ലൊരു മാതൃകയാണിത്.

ഏറനാടന്‍ കഥകള്‍
http://eranadanpeople.blogspot.com/

ജീവിത നൌകയില്‍ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു പല തുരുത്തുകളിലും എത്തി. പിന്നെ ഒത്തിരിയൊത്തിരി അനുഭവങ്ങള്‍, അവിസ്മരണീയ സംഭവങ്ങള്‍, കഥയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങള്‍ എല്ലാം പെറുക്കിക്കൂട്ടി. ഈ ഇടം എന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ക്കും ഗുരുനാഥന്‍മാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുകയാണ് ഏറനാടന്‍ എന്ന ബ്ലോഗര്‍. രസകരമായ അനുഭവ കഥകളിലൂടെ ഒന്ന് സഞ്ചരിക്കാനും കമന്റ് രേഖപ്പെടുത്താനും എല്ലാവരെയും ക്ഷണിക്കുന്നു.

നീര്‍മിഴിപ്പൂക്കള്‍
http://neermizhippookkal.blogspot.com/

ഇവിടെ കുത്തിക്കുറിച്ചു വക്കുന്നവയെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്കറിയില്ല. ഇതില്‍ എന്തെങ്കിലുമൊക്കെ എഴുതുവാനുള്ള എന്റെ ശ്രമങ്ങളുണ്ട്. മറക്കാനാവാത്ത അനുഭവങ്ങളുണ്ട്. ഒരുപക്ഷെ ഇത് വികല സാഹിത്യമാകുമോ എന്നുപോലും ഞാന്‍ ഭയപ്പെടുന്നു. ഞാനൊരു നല്ല എഴുത്തുകാരനല്ല... ചാലക്കുടി സ്വദേശിയും ഇപ്പോള്‍ ബാംഗ്ലൂരില്‍ ലിനക്സ് സിസ്റ്റം അഡ്മിനിസ്റ്ററുമായ ശ്രീ തന്റെ ബ്ലോഗിന് നല്‍കുന്ന ആമുഖമാണിത്. ശ്രീയുടെ ഓര്‍മ്മകളാണ് ബ്ലോഗിലെ പോസ്റ്റുകള്‍. മനസ്സിന് സുഖം പകരുന്ന, സന്തോഷം തരുന്ന ഓര്‍മ്മകള്‍. ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

ആശംസാ കാര്‍ഡുകള്‍

ആശംസാ കാര്‍ഡുകള്‍ക്കെല്ലാം മുടിഞ്ഞ വിലയാണിപ്പോള്‍. എന്നാല്‍ വില പേടിച്ച് ഇനിമേല്‍ ആശംസകള്‍ അയക്കാതിരിക്കേണ്ട കാര്യമില്ല. കാല്‍ക്കാശുമുടക്കാതെ അടിപൊളി ആശംസകളയക്കാനുള്ള മാര്‍ഗമിതാ.. http://www.dgreetings.com/ എന്ന സൈറ്റില്‍ കയറുക. മുഖപ്പേജില്‍ കാണുന്ന Birthday Cards, Friendship Cards, Congratulations Cards, Sorry Cards, Miss You Cards... എിങ്ങനെ വ്യത്യസ്ത ഇനം കാര്‍ഡുകളുടെ ലീസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഇനത്തില്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞുവരുന്ന വൈവിധ്യമേറിയ കാര്‍ഡുകളുടെ കുഞ്ഞു മാതൃകകളില്‍നിന്നും സന്ദര്‍ഭത്തിനും നിങ്ങളുടെ അഭിരുചിക്കുമിണങ്ങുന്നത് ഏതെങ്കിലുമൊരെണ്ണം തെരഞ്ഞെടുത്ത് അതില്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് സ്ക്രീനില്‍ കാണുന്ന ബോക്സുകളില്‍ സ്വീകര്‍ത്താവിന്റെ പേര്, ഇ^മെയില്‍ അഡ്രസ്സ്, ആശംസാവചനങ്ങള്‍ തുടങ്ങിയവയും ഒപ്പം വെബ്പേജിനു താഴെ പച്ച നിറത്തില്‍ കാണുന്ന ബോക്സിലെ കോഡ് നമ്പറും ടൈപ്പ് ചെയ്യണം. ഇത്രയും ചെയ്തു കഴിഞ്ഞ ശേഷം തൊട്ടു താഴെക്കാണുന്ന 'Preview' ബട്ടണില്‍ ക്ലിക് ചെയ്താല്‍ നിങ്ങള്‍ അയക്കാന്‍ പോകുന്ന കാര്‍ഡിന്റെ പൂര്‍ണരൂപം സ്ക്രീനില്‍ തെളിഞ്ഞു വരുന്നതു കാണാം. സംഗതി തൃപ്തികരമെങ്കില്‍ 'Send Now' ബട്ടണില്‍ ക്ലിക് ചെയ്യാം. കാര്‍ഡ് നിങ്ങളുദ്ദേശിക്കുന്ന കക്ഷിയുടെ ഇന്‍ബോക്സില്‍ നിമിഷങ്ങള്‍ക്കകം എത്തിയിരിക്കും.

റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

ഉച്ചാരണം പഠിക്കാം

ഭാഷ ഏതോ ആവട്ടെ. പദങ്ങളുടെ ശരിയായ ഉച്ചാരണം പഠിക്കാന്‍ സൌകര്യമൊരുക്കുന്ന വെബ്സൈറ്റാണ് http://forvo.com/. ലോകത്തിലെ മിക്ക ഭാഷകളിലെയും പദങ്ങളുടെ ഉച്ചാരണം ഏറ്റക്കുറവുകളോടെ സൈറ്റിലുണ്ട്. വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ്കാര്‍ക്കും മാത്രമല്ല വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം സൈറ്റ് പ്രയോജനപ്പെടും. മലയാളമുള്‍പ്പെടെ മിക്ക ഇന്ത്യന്‍ ഭാഷകളും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു. അതേസമയം ഈ ഭാഷകളിലെ പദങ്ങള്‍ ഇപ്പോള്‍ നന്നെക്കുറവാണ്. ഇംഗ്ലീഷില്‍ 43114 പദങ്ങളുടെ ഉച്ചാരണം ലഭിക്കുമ്പോള്‍ മലയാള ഭാഷയിലെ 134 പദങ്ങള്‍ മാത്രമാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. അറബി ഭാഷയിലെ 21448 പദങ്ങളുടെ ഉച്ചാരണം സൈറ്റില്‍ ലഭിക്കും. ഭാഷ, വിഷയം, പേര് എന്നിവയൊക്കെ അടിസ്ഥാനമാക്കി പദങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ സ്ഥലനാമങ്ങളും വ്യക്തികളുടെ പേരുകളും മറ്റും നമ്മുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ അവയുടെ ശരിയായ ഉച്ചാരണം മനസ്സിലാക്കാന്‍ പലപ്പോഴും പ്രയാസമനുഭവപ്പെടാറുണ്ട്. അത്തരം പ്രയാസങ്ങള്‍ ഈ വെബ്സൈറ്റ് ലഘൂകരിക്കുന്നു. സൈറ്റില്‍ ലഭ്യമായ ഏത് ഭാഷയിലെ പദങ്ങളും പെട്ടെന്ന് കണ്ടെത്താനും അവയുടെ ഉച്ചാരണം കേള്‍ക്കാനും ശക്തമായൊരു സെര്‍ച്ച് എഞ്ചിന്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഭാഷയും സംസാരിക്കുന്നവരായി എത്രപേരുണ്ടെന്നും സൈറ്റില്‍ കൊടുത്തിരിക്കുന്നു. അനുദിനം പുതിയ പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ ഈ രംഗത്ത് നല്ലൊരു റഫറന്‍സായി ഇത് പ്രയോജനപ്പെടുത്താനാവും.
=======================

Monday, October 19, 2009

ഇന്‍ഫോമാധ്യമം (421) - 12/10/2009


വിദ്യാര്‍ഥികള്‍ക്ക് ബില്‍ഗേറ്റ്സിന്റെ പതിനൊന്ന് നിര്‍ദ്ദേശങ്ങള്‍

മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ചെയര്‍മാനായ ബില്‍ഗേറ്റ്സിനെ കേള്‍ക്കാത്തവരുണ്ടാവില്ല. പത്തൊമ്പതാം വയസ്സില്‍ യൂണിവേഴ്സിറ്റി പഠനം മാറ്റിവെച്ച് ബിസിനസ് രംഗത്തേക്കിറങ്ങിയ സാഹസികന്‍. വ്യക്തി തലത്തില്‍ ലോകം കണ്ട ഏറ്റവും വലിയ കോടീശ്വരന്‍. ചിരിത്രത്തിലെത്തന്നെ വന്‍ വിജയം കൈവരിച്ച ബിസിനസ് സ്ഥാപനത്തിന്റെ അധിപതി. കുട്ടികളോട് സംവദിക്കവെ തന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ബില്‍ഗേറ്റ്സ് അവര്‍ക്ക് നല്‍കിയ പതിനൊന്ന് നിര്‍ദ്ദേശങ്ങളുടെ സംഗ്രഹ രൂപമിതാ.

1. ജീവിതാനുഭവങ്ങള്‍ക്ക് ഒരിക്കലും സ്ഥായിയായ രൂപമുണ്ടാവില്ല. അതങ്ങനെത്തന്നെയാണെന്ന് മനസ്സിലാക്കി ജീവിതത്തെ നേരിടാന്‍ സജ്ജരാവുക.

2. നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യത്തില്‍ താല്‍പര്യമില്ലാതിരിക്കുകയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പില്ലാതിരിക്കുകയും ചെയ്യുന്നേടത്തോളം കാലം ലോകവും നിങ്ങളുടെ കാര്യത്തില്‍ താല്‍പര്യമെടുക്കില്ല. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാനിക്കുകയും ചെയ്യില്ല.

3. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കിട്ടുന്നന്നതോടെ അറുപതിനായിരം ഡോളര്‍ മാസശമ്പളം കുട്ടുമെന്നോ ഏതെങ്കിലും കമ്പനിയുടെ അസി. മാനേജറാകാമെന്നോ വീടും കാറുമൊക്കെ ലഭിക്കുമെന്നോ പ്രതീക്ഷിക്കരുത്. ഇതിനൊക്കെ ധാരാളം ശ്രമവും അധ്വാനവും വിനിയോഗിക്കേണ്ടിയിരിക്കുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പും വേണ്ടിവന്നേക്കാം.

4. അധ്യാപകനുമായുള്ള ഇടപെടലില്‍ നിങ്ങള്‍ക്ക് പ്രയാസം തോന്നുന്നുവെങ്കില്‍ മനസ്സിലാക്കുക, തൊഴില്‍ രംഗത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥനുമായുള്ള ബന്ധവും ഏറെക്കുറെ അങ്ങനെയൊക്കെത്തന്നെയായിരിക്കും.

5. ഏത് തൊഴിലായാലും അതൊക്കെ ഒരു തട്ടുകട നടത്തുന്നത്പോലെയാണ്. നിങ്ങള്‍ക്കതില്‍ അഭിമാനക്കുറവ് തോന്നേണ്ടതില്ല. നിങ്ങളുടെ മുത്തച്ചന്‍മാര്‍ ഇതിനെ 'അവസര'മായിട്ടാണ് കണക്കാക്കിയിരുന്നത്.

6. ചെറുപ്പത്തില്‍ നിങ്ങള്‍ക്ക് തെറ്റ്പറ്റിയെന്നിരിക്കട്ടെ. അത് നിങ്ങളുടെ വീട്ടുകാരുടെ കുറ്റമല്ലെന്ന് മനസ്സിലാക്കണം. നിങ്ങളുടെ തെറ്റുകളുടെ കാരണം മറ്റുള്ളവരുടെ മേല്‍ വെച്ചുകെട്ടരുത്. മറിച്ച് തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണ് വേണ്ടത്.

7. മാതാപിതാക്കള്‍ നിങ്ങള്‍ക്ക് വേണ്ടി ഒരുപാട് സഹിച്ചു. നിങ്ങളുടെ ആവശ്യങ്ങളൊക്കെ പൂര്‍ത്തീകരിച്ചതും നിങ്ങളുടെ വസ്ത്രങ്ങള്‍ വൃത്തിയാക്കിയതും അവരാണ്. എന്നിട്ട് മുന്‍തലമുറ വരുത്തിവെച്ച നാശങ്ങളില്‍ നിന്ന് നിങ്ങള്‍ ലോകത്തെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് സ്വയം ഒന്ന് വൃത്തിയാകാന്‍ ശ്രമിക്കുക.

8. ജയവും പരാജയവും സ്കൂള്‍ ക്ലാസ്സുകളിലല്ല. മറിച്ച് ജീവിതത്തിലാണത് സംഭവിക്കുന്നത്. ക്ലാസ്സിലെ പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ തിരുത്താനും വീണ്ടും പരീക്ഷയെഴുതാനും അവസരമുണ്ട്. ജീവിതത്തില്‍ അതുണ്ടാവണമെന്നില്ല.

9. ജീവിതം ക്ലാസ് മുറികളെപ്പോലെയല്ല. പഠനം പൂര്‍ത്തിയാക്കിയാല്‍ പിന്നെ നിങ്ങള്‍ക്ക് ആസ്വദിക്കാനായി മധ്യവേനല്‍ക്കാലാവധി ലഭിച്ചെന്ന് വരില്ല. നിങ്ങള്‍ സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു. ലക്ഷ്യം സ്വയം നിര്‍ണ്ണയിക്കേണ്ടിയിരിക്കുന്നു.

10. ജീവിതവും ടെലിവിഷനും ഒന്നല്ലെന്ന് എപ്പോഴും ഓര്‍ക്കുക.

11. ക്ലാസ്സിലെ മിടുക്കന്‍മാരായ വിദ്യാര്‍ഥികളെ അവരുടെ പാട്ടിന് വിടുക. ഭാവിയില്‍ നിങ്ങള്‍ക്ക് അവരുടെ കീഴില്‍ ജോലി ചെയ്യേണ്ടി വന്നേക്കാം.
*****
ബ്ലോഗ് സന്ദര്‍ശനത്തിന്

പാറക്കടവിന് സ്നേഹപൂര്‍വം
http://meshavilakku.blogspot.com/

പി.കെ. പാറക്കടവിന് സ്നേഹപൂര്‍വം ഒരു ബ്ലോഗ് സൈറ്റ്. കുഞ്ഞു, വലിയ കഥകളുടെ തമ്പുരാന് ആരാധകരുടെ സ്നേഹോപഹാരം എന്നും ഇതിനെ വിശേഷിപ്പിക്കാം. പാറക്കടവിന്റെ സൃഷ്ടികള്‍, സൃഷ്ടികളെസ്സംബന്ധിച്ച ചര്‍ച്ചകള്‍, പുസ്തകങ്ങള്‍, ലേഖനങ്ങള്‍ എന്നിവയൊക്കെയാണ് ബ്ലോഗിലെ പോസ്റ്റുകള്‍. 'പൊട്ടിച്ചു നോക്കിയാല്‍ ജീവിതം കാണുന്ന കഥകള്‍' ബ്ലോഗില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നാണ് സന്ദര്‍ശകരുടെ പ്രതികരണം. കാലഘട്ടത്തിന്റെ മാധ്യമത്തിലേക്ക് 'പാറക്കടവ് കഥകളെ'ത്തിക്കുന്ന ഈ ഉദ്യമത്തെ അവര്‍ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ്. പുതിയ പോസ്റ്റുകളുമായി എപ്പോഴും ബൂലോകത്തുണ്ടാവണമെന്നും സന്ദര്‍ശകര്‍ ആവശ്യപ്പെടുന്നു. ആശംസകള്‍.

പള്ളിക്കൂടം
http://pallikkoodam-pallikkoodam.blogspot.com/

സ്കൂളിന് സ്വന്തമായൊരു ബ്ലോഗ്. നല്ലൊരാശയം തന്നെ. ഇത് മാതൃകാപരമായി പ്രാവര്‍ത്തികമാക്കിയിരിക്കയാണ് മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കുട്ടികളുടെ രചനകള്‍ക്കാണ് മുന്‍ഗണന. സി. ഹമ്ന ഫസല, പി. ഹര്‍ഷ എന്നിവരുടെ കൊച്ചു കവിതകളും പി. നൌഫിലയുടെ കുസൃതിക്കണക്കുമൊക്കെയാണ് പുതിയ പോസ്റ്റുകള്‍. വിദ്യാര്‍ഥിനികളുടെ കലാ സാഹിത്യ വേദിയായ വിദ്യാരംഗം പ്രസിദ്ധീകരിക്കുന്ന 'പെണ്‍കുട്ടി' എന്ന ഇന്‍ലന്റ് മാസികയുടെ മുഖപ്രസംഗങ്ങളും ബ്ലോഗില്‍ കാണാം. മലയാളം അധ്യാപകനായ പി.ആര്‍. രഘുനാഥാണ് ബ്ലോഗിന്റെ സൂത്രധാരന്‍.

ഗവ. ഹൈസ്കൂള്‍, മാഞ്ഞൂര്‍
http://ghsmanjoor.blogspot.com/

ഇത് കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ ഗവ. ഹൈസ്കൂളിന്റെ ബ്ലോഗ്. വിഭവ സമൃദ്ധമാണ് ബ്ലോഗ്. ധാരാളം പോസ്റ്റുകള്‍. എല്ലം കുട്ടികളുടെ രചനകള്‍ തന്നെ. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, വരകള്‍, വാര്‍ത്തകള്‍, ചിത്രജാലകം എന്നിങ്ങനെ ബ്ലോഗിലെ പോസ്റ്റുകള്‍ ഭംഗിയായി ക്രമപ്പെടുത്തിയിരിക്കുന്നു. സ്കൂള്‍ മാഗസിന്റെ അതിരുകള്‍ ഭേദിച്ച് സൈബര്‍ ലോകത്തെ അതിവിശാലമായ ചക്രവാളം തേടുകയാണ് കൊച്ചു കുട്ടികളുടെ രചനകള്‍. പി.ഡി. അധ്യാപകനായ നിധിന്‍ ജോസാണ് ബ്ലോഗ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

എന്റെ കുത്തിവരകള്‍
http://nouralulu.blogspot.com/

കൊടിയത്തൂര്‍ വാദി റഹ്മ ഇംഗ്ലീഷ് സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അയിഷാ നൂറ എന്ന ലുലുവിന്റെ ബ്ലോഗ്. കുത്തിവരകളാണ് ഈ കൊച്ചു ബ്ലോഗിണിക്കിഷ്ടം. അത് കൈ കൊണ്ടും പിന്നെ കമ്പ്യൂട്ടറുപയോഗിച്ച് എം.എസ്. പെയിന്റ് പ്രോഗ്രാമിലും ആവാം. തനിക്ക് തോന്നുന്നത് കുത്തിവരക്കാനും കുത്തിക്കുറിക്കാനും അവയെപ്പറ്റി നിങ്ങള്‍ക്ക് തോന്നുന്നത് തെളിച്ചെഴുതാനുമുള്ള ഇടമാണ് ലുലുവിന് ബ്ലോഗ്. മലയാളം ബ്ലോഗില്‍ നിറഞ്ഞുനില്‍ക്കുന്ന അരീക്കോടന്‍ മാഷിന്റെ മൂത്തമകളാണ് ലുലു. എറണാകുളത്തെ ചെറായില്‍ സംഘടിപ്പിച്ച ബ്ലോഗര്‍മാരുടെ ഒത്തുചേരലില്‍ പിതാവിനോടൊപ്പം പങ്കെടുത്തതാണ് ലുലുവിന് ബ്ലോഗിലേക്ക് കടക്കാന്‍ പ്രചോദനമായതത്രെ.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്
http://engineering.aliyup.com/

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് രംഗത്തെ വിത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പഠനാര്‍ഹമായൊരു ബ്ലോഗ്. സ്മാര്‍ട്ട് ടെക്നോളജി, സ്മാര്‍ട്ട് ബില്‍ഡിംഗ്, ഊര്‍ജ്ജക്ഷമത, സ്വിച്ച് ^ ഒരു സാങ്കേതിക പോസ്റ്റ്, ഇലക്ട്രിക് ഫ്യൂസ് - സംശയങ്ങളും ഉത്തരങ്ങളും, വൈദ്യുതി ^ ചോദ്യോത്തരങ്ങള്‍, എമര്‍ജന്‍സി പവര്‍ ജനറേറ്റര്‍ ചില തെറ്റായ ധാരണകള്‍ തുടങ്ങിയ പോസ്റ്റുകളെല്ലാം മികച്ചതുതന്നെ. പാലക്കാട് ജില്ലയില്‍ തൃത്താലക്കടുത്ത് മേലഴിയത്തൂര്‍കാരനാണ് ബ്ലോഗര്‍. ജോലി ദുബൈയിലെ ജബല്‍ അലിയില്‍. 'തറവാടി' എന്നാണ് ഈ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ ബ്ലോഗ് നാമം.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

അതീവ വ്യക്തതയുള്ളവയും അതിസുന്ദരങ്ങളുമായ ധാരാളം ഫോട്ടോകളും അതുപോലെത്തന്നെ രസകരങ്ങളായ നിരവധി വീഡിയോകളും അവതരിപ്പിക്കുന്ന വെബ്സൈറ്റുകള്‍ നെറ്റില്‍ സര്‍വസാധാരണമാണല്ലോ. അക്കൂട്ടത്തില്‍ ഏറ്റവും മികവേറിയ ഒരെണ്ണമിതാ. http://www.zuzafun.com/. നിങ്ങളുടെ അഭിരുചികള്‍ എന്തുമാകട്ടെ അവക്കെല്ലാമിണങ്ങുന്ന എന്തെങ്കിലുമൊന്ന് ഈ സൈറ്റില്‍ കാണാതിരിക്കില്ല. ഉദാഹരണത്തിന് നിങ്ങള്‍ പൂച്ചകളെ ഇഷ്ടപ്പെടുന്നുവെങ്കില്‍ 'Cats sleeping positions' എന്ന ലിങ്കില്‍ കയറി നോക്കൂ. വിവിധ സ്ഥലങ്ങളിലും പോസുകളിലും ഉറങ്ങുന്ന ഓമന മൃഗങ്ങളുടെ ചിത്രങ്ങളുടെ വൈവിധ്യവും മനോഹാരിതയും ആരെയും അദ്ഭുതപ്പെടുത്തും. മുഖപ്പേജിന്റെ വലതു ഭാഗത്തായി കാണുന്ന നേവിഗേഷന്‍ പാനലിലൂടെ ഇഷ്ടമുള്ള കാറ്റഗറികള്‍ തിരഞ്ഞെടുത്ത് മുന്നേറാം. ആവശ്യമുള്ള ചിത്രങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടു പിടിക്കാനുള്ള സംവിധാനവും സൈറ്റിലുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സന്നദ്ധ ഫോട്ടോഗ്രാഫര്‍മാര്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളില്‍ നിന്നും വീടിയോകളില്‍ നിന്നും പുതുമയില്‍ മികച്ചു നില്‍ക്കുന്നവ മാത്രമാണ് സൈറ്റില്‍ പ്രദര്‍ശിക്കപ്പെടുന്നത്. നിങ്ങളൊരു ഫോട്ടോഗ്രാഫറാണെങ്കില്‍ നിങ്ങളുടെ ചിത്രങ്ങളും സൈറ്റില്‍ പോസ്റ്റ് ചെയ്യാം. പക്ഷെ, അവ അസാമാന്യ ഗുണനിലവാരമോ ഏതെങ്കിലും വിധത്തില്‍ അസാധാരണത്വമുള്ളവയോ ആണെങ്കില്‍ മാത്രമേ സൈറ്റില്‍ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കാവൂ. അതും ഏതാനും ദിവസത്തെ വിലയിരുത്തലിനും അതു കൊണ്ടുതന്നെ അനിവാര്യമായ കാത്തിരിപ്പിനും ശേഷം!
റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

പുസ്തക പരിചയം

'കമ്പ്യൂട്ടര്‍ കുട്ടികള്‍ക്ക്'

കുട്ടികള്‍ക്ക് കമ്പ്യൂട്ടറിനെ അടുത്തറിയാന്‍ ഒരു കൈപുസ്തകം. കമ്പ്യൂട്ടര്‍ എന്താണെന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും എങ്ങനെ ഉപയോഗപ്പെടുത്താമെന്നും രസകരമായി വിവരിക്കുന്ന പുസ്തകം. കമ്പ്യൂട്ടറിന്റെ ചരിത്രം മുതല്‍ വിവര സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങള്‍ വരെ കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയിലും ഭാഷയിലും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. മാറിയ സാഹചര്യത്തില്‍ വിവര സാങ്കേതിക വിദ്യയുടെ അകമ്പടിയോടെയല്ലാതെ നമുക്ക് ജീവിതത്തെ നോക്കിക്കാണാനാവില്ല. വിജ്ഞാന സമ്പാദനത്തിനുള്ള മുഖ്യ സ്രോതസ്സായി ഇന്റര്‍നെറ്റ് രംഗത്തെത്തി. ശാസ്ത്ര സാങ്കേതിക വിദ്യകള്‍, കല, സാഹിത്യം, സാമൂഹ്യ ശാസ്ത്രങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും വിവരങ്ങള്‍ ലഭിക്കാന്‍ ഇന്ന് ഇന്റര്‍നെറ്റിനെ ആശ്രയിക്കാതെ നിവൃത്തിയില്ല. ഐ.ടി. വിഷയങ്ങള്‍ സ്കൂള്‍ തലം മുതല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതിന് പുറമെ ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസമെന്ന രീതിയിലേക്ക് നമ്മുടെ സ്കൂളുകളിലെ പഠനം മാറുകയാണ്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.ടി @ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും സജ്ജമായി. നിരന്തരം മാറ്റങ്ങള്‍ക്കും വികസനത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതിക മേഖലയെസ്സംബന്ധിച്ച് ഔപചാരികമായ വിദ്യാഭ്യാസ പരിപാടികള്‍ക്ക് പുറമെ പൊതുവായനയിലൂടെയും മറ്റും കുട്ടികള്‍ വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ ടി.വി. സിജു എഴുതിയ 'കമ്പ്യുട്ടര്‍ കുട്ടികള്‍ക്ക്' എന്ന ഈ പുസ്തകത്തിന് സാധ്യമാകുമെന്ന് ജനറല്‍ എഡിറ്ററായ ഡോ. ബി. ഇഖ്ബാല്‍ മുഖവുരയില്‍ സൂചിപ്പിക്കുന്നു. കുട്ടികളുടെ മനസ്സില്‍ കമ്പ്യൂട്ടറിനെക്കുറിച്ചുള്ള നല്ലൊരു ചിത്രം തന്നെ കോറിയിടാന്‍ സഹായിക്കുന്ന ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളും നേരത്തെ ഇന്‍ഫോ മാധ്യമത്തിലൂടെ വെളിച്ചം കണ്ടവയാണ്. കുട്ടികള്‍ക്കെന്ന പോലെ കമ്പ്യൂട്ടറിനെസ്സംബന്ധിച്ച് പഠിക്കാന്‍ താല്‍പര്യമുള്ള മുതിര്‍ന്നവര്‍ക്കും ഈ പുസതകം പ്രയോജനപ്പെടാതിരിക്കില്ല. ഡി.സി. ബുക്സാണ് പ്രസാധകര്‍. വില 130 രൂപ.
==========

Sunday, October 11, 2009

ഇന്‍ഫോമാധ്യമം (420) - 05/10/2009




നെറ്റിലൂടെയുള്ള ഡാറ്റാ കൈമാറ്റത്തില്‍ വര്‍ദ്ധനവ്

നെറ്റിലൂടെയുള്ള ഡാറ്റാ കൈമാറ്റം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. 2013 ആവുമ്പോഴേക്കും നിലവിലെ ഡാറ്റാ കൈമാറ്റത്തിന്റെ അഞ്ചിരട്ടിയോളം ഇത് വര്‍ദ്ധിക്കുമെന്നാണ് കണക്ക്. ആഗോള തലത്തില്‍ ഇപ്പോഴത്തെ വാര്‍ഷിക വര്‍ദ്ധനവ് അമ്പത്തൊന്ന് ശതമാനമാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഡാറ്റാ കൈമാറ്റത്തിന്റെ വര്‍ദ്ധനവ് ഇതിലും കൂടുതലായിരിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ സിംഹഭാഗവും വീഡിയോ ഫയലുകളുടെ കൈമാറ്റത്തിനാണുപയോഗിക്കുക. അതായത് മൊത്തം ഡാറ്റാ കൈമാറ്റത്തിന്റെ തൊണ്ണൂറ് ശതമാനം വിവിധ ഇനങ്ങളിലെ വീഡിയോ ഫയലുകളുടെ കൈമാറ്റത്തിനായിരിക്കും. വീഡിയോ ഫോണ്‍, വീഡിയോ കോണ്‍ഫറന്‍സിംഗ്, വീഡിയോ ക്ലിപ്പുകളുടെ കൈമാറ്റം എന്നിവ ഇതിലുള്‍പ്പെടുന്നു. ഇതോടെ നെറ്റിലൂടെയുള്ള വീഡിയോ കണ്ടന്റുകളുടെ കൈമാറ്റം സുഗമമാക്കാനുള്ള ഉപകരണങ്ങളുടെയും വ്യത്യസ്ത രീതിയിലെ സ്ക്രീനുകളുടെയും ഉപയോഗത്തിലും വന്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.

യൂട്യൂബ് പോലുള്ള വീഡിയോ ഷെയറിംഗ് സൈറ്റുകളുടെ വന്‍ സ്വീകാര്യത ഇക്കാര്യത്തില്‍ എടുത്തുപറയേണ്ടതു തന്നെ. യൂണിവേഴ്സിറ്റി ക്ലാസ് റൂമുകളും ലക്ചര്‍ ഹാളുകളും ഇത്തരം വെബ്സൈറ്റുകളിലേക്ക് പറിച്ചു നടപ്പെടുകയാണ്. ഈ വെബ് സൈറ്റുകള്‍ മുഖേന ഏത് വിദ്യാര്‍ഥിക്കും ലോകത്തെങ്ങുമുള്ള യൂണിവേഴ്സിറ്റി കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യാനും വീഡിയോ ഷെയറിംഗ് സംവിധാനമുപയോഗിച്ച് വീട്ടിലോ ജോലി സ്ഥലത്തോ ഇരുന്ന് ലക്ചര്‍ ക്ലാസുകളില്‍ അറ്റന്റ് ചെയ്യാനും സാധിക്കും. ലോകത്തെങ്ങുമുള്ള നൂറുക്കണക്കിന് യൂണിവേഴ്സിറ്റികളും ഉന്നത സാങ്കേതിക വിദ്യാലയങ്ങളും തങ്ങളുടെ ലക്ചര്‍ ക്ലാസുകള്‍ ഇതിനകം യൂട്യൂബ് പോലുള്ള വീഡിയോ ഷെയറിംഗ് സൈറ്റകുളിലെത്തിച്ചിരിക്കുന്നു. അതുപോലെ ലോകത്തെവിടെ എന്ത് സംഭവിച്ചാലും അവിടെ ഒരു വീഡിയോ കാമറയോ ചുരുങ്ങിയത് ഒരു മൊബൈല്‍ ഫോണോ ഇണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഇതുപയോഗിച്ച് പകര്‍ത്തപ്പെടുന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ തല്‍സമയം തന്നെ വീഡിയോ ഷെയറിംഗ് സൈറ്റുകളിലെത്തി ലോകത്തെങ്ങും ദൃശ്യമാക്കാവുന്ന അവസ്ഥയും നിലവില്‍ വന്നിരിക്കുന്നു.

ഓണ്‍ലൈണ്‍ ലൈബ്രറികളും ഡിജിറ്റല്‍ ലൈബ്രറികളുമാണ് ഡാറ്റാ കൈമാറ്റത്തെ വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു സ്രോതസ്സ്. വന്‍കിട ലൈബ്രറികള്‍ ഒന്നൊന്നായി ഇന്റര്‍നെറ്റിലെത്തുകയാണ്. ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ നെറ്റിലെ ഭീമന്‍മാരെല്ലാം ഇത്തരം സംരംഭങ്ങളുമായി മുന്നേറുന്നു. ഗൂഗിള്‍ സ്വന്തം നിലക്ക് തന്നെ വര്‍ഷത്തില്‍ പതിനഞ്ച് ലക്ഷം പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി നെറ്റ് ഉപയോക്താക്കള്‍ക്ക് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം നടപ്പാക്കി വരുന്നു. വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷകളിലായി ഇത്തരം സംരംഭങ്ങള്‍ നടന്നുവരുന്നു.
*****

കോട്ട കാത്ത് മൈക്രോസോഫ്റ്റ്

ഒരു തവണ തോറ്റിടത്തു നിന്ന് മൈക്രോസോഫ്റ്റ് വീണ്ടും തുടങ്ങുകയാണ്; വിജയിക്കാനായി. 'മോറോ' എന്ന കോഡ് നാമത്തില്‍ ആദ്യം അറിയപ്പെട്ട വിന്‍ഡോസ് സെക്യൂരിറ്റി എസെന്‍ഷ്യല്‍സ് എന്ന ആന്റിവൈറസ് സോഫ്റ്റ്വെയറിന്റെ അവതരണത്തിലൂടെ. ഈ സോഫ്റ്റ്വെയര്‍ സൌജന്യമായി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സോഫ്റ്റ്വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റ്. ഇതിന്റെ ബീറ്റാ വേര്‍ഷന്‍ 2009 ജൂണിലാണ് പുറത്തിറക്കിയത്. ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ അന്ന് മുക്കാല്‍ ലക്ഷം പേര്‍ക്കാണ് മൈക്രോസോഫ്റ്റ് അനുമതി നല്‍കിയത്. സോഫ്റ്റ്വെയര്‍ ഇപ്പോള്‍ ബീറ്റാ ടെസ്റ്റിംഗിന്റെ അന്തിമഘട്ടത്തിലാണുള്ളത്. ആ കടമ്പയും കടന്ന് അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലൂടെ സൌജന്യമായി ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമൊണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം.

വിന്‍ഡോഡ് ലൈവ് വണ്‍ കെയര്‍ എന്ന പേരില്‍ നേരത്തെ ഇറക്കിയ ആന്റിവൈറസ് സോഫ്റ്റ്വെയറിന് ബദലായാണ് 'മോറോ' പുറത്തിറക്കിയത്. ബ്രസീലിലെ 'മോറോ ഡി സാവോപോളോ' ബീച്ചിന്റെ സ്മരണയ്ക്കായാണ് മോറോ എ കോഡ് നാമം പുതിയ സോഫ്റ്റ്വെയറിന് നല്‍കിയത്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒറിജിനല്‍ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ പുതിയ ആന്റിവൈറസ് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് ഇത് അപ്രാപ്യമാവുമെന്നാണ് മൈക്രോസോഫ്റ്റ് നല്‍കുന്ന വിശദീകരണം. വിന്‍ഡോസ് എക്സ്.പി (SP2)യും അതിനുശേഷമുള്ള വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ് 7 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കു വേണ്ടിയുള്ളതാണ് പുതിയ ആന്റിവൈറസ് പ്രോഗ്രാം.

പിഴവുകള്‍ തീര്‍ത്ത് മിനുക്കിയെടുത്ത് പുറത്തിറക്കാന്‍ പാകത്തില്‍ ഒരുക്കിവച്ച ആന്റിവൈറസ് പ്രോഗ്രാമിന്റെ പതിപ്പിനെ ഒന്നുകൂടി ടെസ്റ്റ് ചെയ്യാന്‍ ബീറ്റാ ഉപയോക്താക്കളെ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോള്‍. നിലവില്‍ ആന്റിവൈറസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരായ സിമാന്റക്, മക്ആഫൈ തുടങ്ങിയ കമ്പനികളുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും മോറോ. കുറഞ്ഞ മെമ്മറിയും ഡിസ്ക് സ്പേസും മാത്രമേ ഈ സോഫ്റ്റ്വെയര്‍ അപഹരിക്കുകയുള്ളൂ എന്നും ആന്റി സ്പൈവെയര്‍ സംവിധാനം കൂടി ഈ സോഫ്റ്റ്വെയറില്‍ ഉണ്ടായിരിക്കുമെന്നുമാണ് മൈക്രോസോഫ്റ്റ് നല്‍കു സൂചനകള്‍. പക്ഷെ, ആത്യന്തികമായി മല്‍സരം മുറുകിവരുന്ന ആന്റിവൈറസ് മേഖലയില്‍ മൈക്രോസോഫ്റ്റിന് വിജയക്കൊടി പാറിക്കാന്‍ കഴിയുമെന്ന് എതിരാളികള്‍ ആരും കരുതുന്നില്ല. അതുകൊണ്ട് തന്നെ ഒരു മത്സരത്തിനുള്ള തയ്യാറെടുപ്പും ഇവര്‍ നടത്തിയിട്ടില്ലെന്നതാണ് വാസ്തവം.

ടി.വി. സിജു
tvsiju@gmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

ഇത്തിരി വെട്ടം
http://ithirivettam.blogspot.com/

ഇത് ഒരു ഗ്രാമത്തിന്റെ കഥയാണ്. അവിടെ ജീവിച്ചിരുന്നവരും ജീവിക്കുന്നവരുമായ കഥാ പാത്രങ്ങളിലൂടെ കഴിഞ്ഞ കാലത്തേക്കുള്ള ഒരു തിരിച്ചു നടത്തം. ഗതകാലത്തിന്റെ വാറോലകള്‍ ചികയാനുള്ള ഒരെളിയ ശ്രമം... ഇത്തിരി വെട്ടം എന്ന ബ്ലോഗ് നാമത്തില്‍ നമ്മുടെ മുമ്പിലെത്തുന്ന ഈ ബ്ലോഗര്‍ ഇതിനകം കഥയുടെ എട്ട് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. തുടരണോ എന്നദ്ദേഹം ചോദിക്കുന്നു. തുടരട്ടെ എന്നാണ് സന്ദര്‍ശകരുടെ തീരുമാനം. ബ്ലോഗില്‍ ഇതിനുപുറമെ ധാരാളം പോസ്റ്റുകളുണ്ട്. നല്ല ചിന്തകളും നല്ല വിവരണങ്ങളും. ഇത്തിരി വെട്ടം ബ്ലോഗെഴുത്തു തുടരട്ടെ.

വയനാടന്‍ വര്‍ത്തമാനങ്ങള്‍
http://wayanadan-wayanadan.blogspot.com/

വയനാട്ടില്‍ നിന്നുള്ള ചില വിനീത വര്‍ത്തമാനങ്ങളുമായിട്ടാണ് വയനാടന്‍ എന്ന ബ്ലോഗര്‍ രംഗത്തെത്തുന്നത്. നിലപാടുകള്‍ ഉണ്ടായിരിക്കണം, ചന്ദനം മണക്കുമ്പോള്‍, വേലികളെ തിന്ന് തീര്‍ത്ത മതിലുകള്‍, ദേവി നയന്‍താര രക്ഷിക്കട്ടെ, പ്രണയത്തിന്റെ വൃത്തികെട്ട സ്മാരകങ്ങള്‍, പ്രവാസത്തിന് വില പറയുമ്പോള്‍ തുടങ്ങിയവയൊക്കെ ശ്രദ്ധേയമായ പോസ്റ്റുകള്‍. വര്‍ത്തമാനങ്ങള്‍ പലപ്പോഴും വയനാട്ടില്‍ മാത്രം ഒതുങ്ങുന്നില്ല. ദേശാതിര്‍ത്തികള്‍ ലംഘിച്ച് അത് വിപുലമായ മേഖലകളിലേക്ക് കടക്കുന്നുണ്ടെന്ന് പറയാതെ വയ്യ.


അല്ല, പിന്നെ!!
http://hksanthosh.blogspot.com/

ഭാഷ, സംസ്കാരം, കല, സമൂഹം, സാഹിത്യം തുടങ്ങിയ ഇഷ്ട മണ്ഡലങ്ങളില്‍ ചില നിരീക്ഷണങ്ങളും കിലുക്കിക്കുത്തലുകളും. പിന്നെ മലയാളം പഠനത്തില്‍ ഇനിയും വികസിച്ചിട്ടില്ലാത്ത മേഖലകളില്‍ വിദ്യാര്‍ഥികളുടെ ആവശ്യാര്‍ഥം പഠനക്കുറിപ്പുകളും. അതാണ് 'അല്ല, പിന്നെ!!' എന്ന ബ്ലോഗ്. ബ്ലോഗിലെ പോസ്റ്റുകളെല്ലാം ഉയര്‍ന്ന നിലവാരം പുലത്തുന്നവയാണ്. പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജിലെ മലയാളം ലക്ചറായ സന്തോഷാണ് ബ്ലോഗര്‍.

മനസ്സിന്റെ യാത്ര
http://bindukp.blogspot.com/

മനസ്സിന്റെ അന്തമില്ലാത്ത യാത്രകള്‍ അക്ഷരങ്ങളാവുമ്പോള്‍.. ഇതാണ് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര ഗ്രാമത്തില്‍ നിന്ന് ബ്ലോഗിലേക്ക് കടന്നുവരുന്ന ബിന്ദു കൃഷ്ണപ്രസാദിന്റെ ബ്ലോഗ്. ലോകത്തിലെ മറ്റേത് ഭാഷയെക്കാളും മലയാളത്തെ സ്നേഹിക്കുന്ന ഒരു തനിമലയാളി. പൊങ്ങച്ചങ്ങളുടെയും പുറംപൂച്ചുകളുടെയും ആള്‍ക്കൂട്ടത്തില്‍ തനിയെ നില്‍ക്കാനിഷ്ടപ്പെടുന്ന ഒരു അപരിഷ്കൃത. ബ്ലോഗിണി സ്വയം പരിചയപ്പെടുത്തുന്നതിങ്ങനെയാണ്. ഇത് അക്ഷരാര്‍ഥത്തില്‍ പ്രതിഫലിക്കുന്ന വിധത്തിലുള്ള കുറെ പോസ്റ്റുകള്‍. ബിന്ദുവിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

എന്റെ കഥകള്‍
http://jayandamodaran.blogspot.com/

തിരക്കിനിടയില്‍ കിട്ടുന്ന സമയത്ത് കുത്തിക്കുറിക്കുന്ന ഓര്‍മ്മകളും അല്‍പം ഭാവനകളുമാണ് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജിലെ ഡോക്ടറും അസോഷിയേറ്റ് പ്രൊഫറുമായ ജയന്‍ ദാമോദരന്റെ ബ്ലോഗ്. കാച്ചില്‍ പുരാണം, പട്ടണ പ്രവേശം, ചിറകുവിരിഞ്ഞാലത്തെ സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവയൊക്കെയാണ് പുതിയ പോസ്റ്റുകള്‍. കഥകളൊക്കെ സന്ദര്‍ശകര്‍ക്ക് നന്നായി ഇഷ്ടപ്പെടുന്നുണ്ടെന്ന് കമന്റുകളില്‍ നിന്ന് മനസ്സിലാവുന്നു. ആശംസകള്‍.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

ഭുവന്‍ മാപ്പിംഗ്

ഇന്ത്യക്കാരെസ്സംബന്ധിച്ചിടത്തോളം നെറ്റിലെ ഏറ്റവും പുതിയ താരോദയമാണ് ഐ.എസ്.ആര്‍.ഒ അവതരിപ്പിക്കു ഭുവന്‍ മാപ്പിംഗ് സേവനം. ഗൂഗിള്‍ എര്‍ത്ത്, വിക്കി മാപ്പിയ എന്നിവയുടെ ഒരു 'കുഞ്ഞനുജന്‍'. ഇന്‍ഡ്യയിലെ സൈനിക പ്രാധാന്യമുള്ള അതിസുരക്ഷിതത്വ മേഖലകളൊഴികെയുള്ള സകല സ്ഥലങ്ങളുടെയും ഏരിയല്‍വ്യൂ ഇതിലൂടെ വളരെ വ്യക്തമായി ലഭിക്കുമത്രെ. ഗൂഗിള്‍ എര്‍ത്തിനെയും വിക്കിമാപ്പിയയെയും അപേക്ഷിച്ച് സേവന വ്യാപ്തി ഇന്ത്യയില്‍ മാത്രം ഒതുങ്ങുമെങ്കിലും അവക്കെല്ലാം ഉള്ളതിലേറെ വ്യക്തതയും കൃത്യതയും ഇന്‍ഡ്യന്‍ ഉപഗ്രഹങ്ങളില്‍ നിന്നു മാത്രമുള്ള ഡാറ്റ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന 'ഭുവന്‍' വാഗ്ദാനം ചെയ്യുന്നു. 'ടൈംസ് ഓഫ് ഇന്ത്യ' പറയുന്നതു വിശ്വസിക്കാമെങ്കില്‍ ആവശ്യമെങ്കില്‍ ഗീര്‍ വനത്തിലെ മുഴുവന്‍ സിംഹങ്ങളുടെയും എണ്ണമെടുക്കാനും സമുദ്രത്തില്‍ മല്‍സ്യങ്ങള്‍ കേന്ദ്രീകരിക്കുന്ന ഇടങ്ങള്‍ കണ്ടെത്താനും വരെ ഈ സംവിധാനമുപയോഗിച്ച് സാധ്യമാകുമത്രെ. ഗൂഗിള്‍ എര്‍ത്ത് 200 മീറ്ററും വിക്കിമാപ്പിയ 50 മീറ്ററും വരെ മുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ ഭുവന്‍ മാപ്പിംഗിലൂടെ കേവലം 50 മീറ്റര്‍ മുകളില്‍ നിന്നും കാണുന്നതുപോലുള്ള ദൃശ്യങ്ങള്‍ വരെ സൂം ചെയ്ത് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. www.bhuvan.nrsc.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ പ്ളഗ് ഇന്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഇപ്പോള്‍ ബീറ്റാ സ്റ്റേജിലുള്ള ഈ മാപ്പിംഗ് സേവനം ഉപയോഗിച്ചു തുടങ്ങാം.

റയിസ്ല മര്‍യം
raizlamaryam@hotmail.com
=======================

സന്ദര്‍ശകര്‍ ഇതുവരെ...