Sunday, May 16, 2010

ഇന്‍ഫോമാധ്യമം (445) - 10/05/2010




ഹാക്കിംഗ്: താല്പര്യക്കൂടുതല്‍ കുട്ടികള്‍ക്ക്

പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള സൈറ്റുകളില്‍ നിന്ന് ചൈനീസ് ഇന്റര്‍നെറ്റ് നുഴഞ്ഞുകയറ്റക്കാര്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജാഗരൂകരായിരിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി സേനാംഗങ്ങള്‍ക്ക് മുറിയിപ്പ് നല്‍കിക്കഴിഞ്ഞു. സുരക്ഷാനയം വഴി ഏതുതലത്തിലുള്ള സൈബര്‍ ആക്രമണവും തടയാന്‍ പ്രതിരോധസേനയുടെ എല്ലാതലത്തിലും
നടപടിയുണ്ടെങ്കിലും ഇതിലെ പിഴവുകള്‍ കണ്ടെത്തി പഴുതുകള്‍ അടക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത മന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. അടുത്തകാലത്തെ ചില സംഭവങ്ങള്‍ ഇത്തരം സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇന്ത്യയില്‍ 'എത്തിക്കല്‍ ഹാക്കര്‍'മാര്‍ വേണ്ടത്ര ഇല്ലെന്നാണ് സൈബര്‍ സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹാക്കിംഗ് വിദഗ്ദ്ധന്‍ അങ്കിദ് ഫാദിയയുടെ അഭിപ്രായം. ഇവരുടെ ദൌര്‍ലഭ്യം രാജ്യത്തിനു തന്നെ ഭീഷണിയാവുന്ന നിലയിലേക്ക് പോകുന്ന കാലവും വിദൂരമല്ല. നാസ്കോമിന്റെ സര്‍വ്വേ പ്രകാരം സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാപാളിച്ചകള്‍ പരിഹരിക്കാന്‍ മതിയായ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള വിദഗ്ദ്ധരായ സെക്യൂരിറ്റി പ്രൊഫഷണലുകളെ ലഭിക്കാത്തത് വലിയ തലവേദനയാകുമെന്നും മുറിയിപ്പുകള്‍ വന്നുകഴിഞ്ഞു. വമ്പന്‍ കമ്പനികള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ആവശ്യമായ 'എത്തിക്കല്‍ ഹാക്കര്‍'മാരെ പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഈയൊരു സാഹചര്യം പ്രയോജനപ്പെടുത്താന്‍ ഈ രംഗത്ത് താല്പര്യമുള്ളവര്‍ തുനിഞ്ഞിറങ്ങേണ്ട സമയമാണിത്.

ഇന്റര്‍നെറ്റിലൂടെയും ഇതര നെറ്റ്വര്‍ക്കുകളിലൂടെയും അനുവാദമില്ലാതെ മറ്റുള്ളവരുടെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം തന്നെ പതിനാറുകാരന്‍ തന്റെ ഫെയ്സ്ബുക്ക് അക്കൌണ്ട് ഹാക്ക്ചെയ്ത് അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ പോസ്റ്റുചെയ്തതിന് അമ്മക്കെതിരെ കേസ്സും കൊടുത്തു. കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയുതിനിടയില്‍ ബ്രിട്ടണില്‍ നന്നട സര്‍വ്വേ എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. അതില്‍ പങ്കെടുത്ത 26 ശതമാനം കുട്ടികളും ഒരിക്കലെങ്കിലും ഹാക്കിംഗ് നടത്താന്‍ ശ്രമിച്ചവരാണത്രെ. കൂട്ടുകാരുടെ ഫെയ്സ്ബുക്ക്, ഇമെയില്‍ അക്കൌണ്ടുകളില്‍ ഒളിഞ്ഞുനോക്കാനാണ് പലരും ശ്രമം നടത്തിയത്. തങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് 78 ശതമാനം കുട്ടികള്‍ ഈ ശ്രമത്തിന് മുതിര്‍ന്നത്. പൊലീസും ഐ.ടി രംഗത്തെ സെക്യൂരിറ്റി കമ്പനിയും നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങളൊക്കെ വെളിപ്പെട്ടത്.

19 വയസ്സിനു താഴെയുള്ള 1150 കുട്ടികളാണ് സര്‍വ്വേയുമായി സഹകരിച്ചത്. സ്വന്തം കമ്പ്യുട്ടറോ സ്കൂളിലെ കമ്പ്യൂട്ടറോ ഉപയോഗപ്പെടുത്തിയാണ് 50 ശതമാനം കുട്ടികളും അനധികൃത നുഴഞ്ഞുകയറ്റം നടത്തുത്. ഭൂരിഭാഗവും വെറുതെ ഒരു രസത്തിനു വേണ്ടിയാണ് ഇതില്‍ മുഴുകിയതെങ്കില്‍ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പോടെ തന്നെയാണ് അന്യരുടെ വിവരങ്ങള്‍ മോഷ്ടിച്ചത്. അഞ്ചു ശതമാനം പേര്‍ ജോലിയിലേക്കുള്ള ഒരു ചവിട്ടുപടിയായി ഹാക്കിംഗിനെയും ക്രാക്കിംഗിനെയും കണ്ടുവെങ്കില്‍ ഇരുപത് ശതമാനം കുട്ടികള്‍ ഇതിനെ സമീപിച്ചത് പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായിട്ടാണ്. കുട്ടികളില്‍ കുറ്റവാസന വളര്‍ത്തുന്ന ഹാക്കിംഗ് ഭ്രമം നിരുല്‍സാഹപ്പെടുത്തി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ മുന്നോട്ടുപോകാനുള്ള വഴി പറഞ്ഞുകൊടുക്കേണ്ടത് മാതാപിതാക്കളും അദ്ധ്യാപകരുമാണ്. എങ്കിലും സൈബര്‍ സുരക്ഷാരംഗത്തെ ജോലിസാധ്യത മുതലാക്കാനും രാജ്യരക്ഷ മുന്‍നിര്‍ത്തി പ്രതിരോധതന്ത്രങ്ങള്‍ മെനയാനും 'എത്തിക്കല്‍ ഹാക്കിംഗ് ' പോലെയുള്ള കോഴ്സുകളിലൂടെ പുതുതലമുറയെ സജ്ജമാക്കാനും അധികൃതര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ടി.വി സിജു
tvsiju@gmail.com
*****

ഫ്ലോപ്പി ഡിസ്ക്ക് ഇനി ചരിത്രം

ഫ്ലോപ്പി ഡിസ്ക്കുകളുടെ കാലം ഔദ്യോഗികമായി അവസാനിച്ചു. ഈ രംഗത്ത് അവശേഷിച്ച അവസാനത്തെ കണ്ണിയായ വ്യവസായ ഭീമന്‍ 'സോണി' കോര്‍പ്പറേഷന്‍ ഏപ്രില്‍ 24ന് ഔദ്യോഗികമായി ഫ്ലോപ്പി നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കയാണ്. ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ 3.5 ഇഞ്ച് ഫ്ലോപ്പി ഡിസ്ക്കിന്റെ വിപണനം 2011 മാര്‍ച്ച് മുതല്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കുമെന്നാണ് സോണിയുടെ ഔദ്യോഗിക പ്രഖ്യാപനം. ഫ്ലോപ്പിയുടെ വിപണനത്തില്‍ എഴുപത് ശതമാനം കൈയ്യടക്കി വച്ചിരുന്ന സോണി നിലവിലെ സ്റ്റോക്ക് തീര്‍ക്കാനുള്ള ശ്രമമാണ് ഇനി നടത്തുക.

1971-ല്‍ ഐ.ബി.എം കമ്പനിയാണ് ഫ്ലോപ്പി ഡിസ്ക്ക് എന്ന ആശയവുമായി മുന്നോട്ടുവന്നത്. ആദ്യം വിപണിയിലെത്തിയത് 8 ഇഞ്ച് വലിപ്പത്തിലുള്ള ഡിസ്ക്കുകളായിരുന്നു. 1982-ലാണ് ഇതിന്റെ വലിപ്പം 3.5 ആയി ചുരുങ്ങിയത്. ഈ സമയത്ത് ഇതിന്റെ സംഭരണ ശേഷി വെറും 280 കിലോബയ്റ്റായിരുന്നു. പിന്നീട് 1998-99 ആയപ്പോഴേക്കും 200 മെഗാബയ്റ്റ് സംഭരണശേഷിയുള്ള ഡിസ്ക്കുകളെത്തി. സൌത്ത് ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ ഇതറിയപ്പെടുന്നത് 'സ്റ്റിഫ്ഫീസ്' എന്ന പേരിലാണ്.

ഏതാനും വര്‍ഷങ്ങളായി സേവനമവസാനിപ്പിച്ച് ഏറെക്കുറെ പിന്‍മാറിയ ഫ്ലോപ്പികള്‍ക്ക് ഐ.ടി രംഗത്ത് അവഗണിക്കാനാവാത്ത സ്ഥാനം തന്നെയുണ്ട്. രണ്ട് ദശകത്തോളം കമ്പ്യൂട്ടറുകള്‍ തമ്മില്‍ ഫയലുകള്‍ കൈമാറ്റം ചെയ്യാനും സേവ് ചെയ്യാനുമുള്ള മുഖ്യ ഉപാധിയായിരുന്നു ഫ്ലോപ്പി. അതിനാല്‍ തന്നെ ഫയല്‍ സേവ് ചെയ്യുന്നതിന്റെ ചിഹ്നമായി ഫ്ലോപ്പിയുടെ ചിത്രം വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. കമ്പ്യൂട്ടര്‍ മേഖലയില്‍ ഫ്ലോപ്പിയുടെ സ്ഥാനമെന്താണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. സി.ഡി, ഡി.വി.ഡി, യു.എസ്.ബി ഫ്ലാഷ് ഡ്രൈവ് തുടങ്ങിയ സ്റ്റോറേജ് മാധ്യമങ്ങളുടെ തള്ളിക്കേറ്റമാണ് ഫ്ലോപ്പി ഡിസ്ക്കുകള്‍ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. അടുത്ത വര്‍ഷമാണ് വിപണനം ഔദ്യോഗികമായി അവസാനിക്കുന്നതെങ്കിലും 1998-ല്‍ തന്നെ ഫ്ലോപ്പിയുടെ മരണമണി മുഴങ്ങിത്തുടങ്ങിയിരുന്നു. ആ വര്‍ഷം ആപ്പിള്‍ കമ്പനി പുറത്തിറക്കിയ 'ജി.3 മാക്' കമ്പ്യൂട്ടറില്‍ ഫ്ലോപ്പി ഡ്രൈവ് ഉള്‍പ്പെടുത്താതെയാണ് വിപണിയിലെത്തിയത്. 2003-ല്‍ കമ്പനിയും ഇതേ തീരുമാനം നടപ്പാക്കിയതോടെ ഫ്ലോപ്പിയുടെ കാലം അവസാനിച്ചുവരികയായിരുന്നു.

അതേസമയം ഇന്ത്യയിലും ജപ്പാനിലുമൊക്കെ ധാരാളം കമ്പ്യൂട്ടറുകളില്‍ ഇപ്പോഴും ഫ്ലോപ്പി ഡിസ്ക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വസ്തുത. സോണിയുടെ കണക്ക് പ്രകാരം ജപ്പാനില്‍ മാത്രം കഴിഞ്ഞ വര്‍ഷം രണ്ട് കോടിയിലധികം ഫ്ലോപ്പികള്‍ വിറ്റഴിഞ്ഞുവത്രെ. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അവസാനത്തെ ഓര്‍ഡര്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നുവെന്നും സോണി അറിയിക്കുന്നു. ഫ്ലോപ്പി ഡിസ്ക്ക് എന്താണെന്ന് പോലും അറിയാത്ത തലമുറയാണ് ഇനി വരാന്‍ പോകുന്നത്.

നബീല്‍ ബെദയില്‍
nabeelvk@gmail.com
*****

വെബ് കൌതുകങ്ങള്‍

ലോകസഞ്ചാരം നെറ്റിലൂടെ

കാശുമുടക്കില്ലാതെ ഒരു ലോകസഞ്ചാരം നടത്തിയാലോ? സംഗതി വളരെ എളുപ്പമാണ്. http://www.earthtv.com/en എന്ന സൈറ്റില്‍ കയറി നമുക്കൊരു വിര്‍ച്ച്വല്‍ ടൂര്‍ നടത്തിക്കളയാം. അഞ്ചു വന്‍കരകളില്‍ സ്ഥാപിച്ചിട്ടുള്ള എഴുപതോളം വീഡിയോ ക്യാമറകള്‍ ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും അയക്കുന്ന ചിത്രങ്ങളുടെ സഹായത്തോടെ ലോകത്തിന്റെ മുക്കുമൂലകളിലൂടെ നമുക്ക് അതിവേഗത്തില്‍ 'സഞ്ചരിച്ചു'കൊണ്ടിരിക്കാം. ഏതു വന്‍കരയിലാണ് പോകേണ്ടതെന്നുവെച്ചാല്‍ സൈറ്റിന്റെ മുഖപ്പേജില്‍ വലതു ഭാഗത്തു കാണുന്ന ലീസ്റ്റില്‍ നോക്കി ക്ലിക്ക് ചെയ്താല്‍ മതി. പ്രധാന നഗരങ്ങളുടെ ഇനം തിരിച്ചുള്ള ലീസ്റ്റാാണ് ആവശ്യമെങ്കില്‍ വെബ്പേജിന്റെ താഴേക്കു സ്ക്രോള്‍ ചെയ്താല്‍ അതും ലഭ്യമാണ്. അവിടെ ക്ലിക് ചെയ്തുകൊണ്ടോ സ്ലൈഡറുകളുപയോഗിച്ചുകൊണ്ടോ പടിപടിയായി മുന്നേറി ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് കൃത്യമായി എത്തിച്ചേരാം. ഒറ്റ വ്യൂവില്‍ ദൃശ്യങ്ങള്‍ കാണുന്നതിനു പകരം ക്യാമറക്കണ്ണുകള്‍ വിവിധ ദിശകളിലേക്കു തിരിച്ചുകൊണ്ടും കാഴ്ചകള്‍ കാണാനുള്ള സംവിധാനമുണ്ട്. ചിത്രങ്ങള്‍ വ്യക്തവും മിഴിവുറ്റവയുമായിരിക്കും. ഓരോ സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള വിവരണങ്ങളും മാപ്പുകളും പ്രാദേശിക കാലാവസ്ഥാ റിപ്പോര്‍ട്ടുകളും ഒപ്പം ലഭ്യമാണ്. ഇമ്പമേറിയ സംഗീതത്തിണെന്റ അകമ്പടിയോടുകൂടിയാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയെന്നത് സൈറ്റിലൂടെയുള്ള സഞ്ചാരത്തെ കൂടുതല്‍ രസകരമാക്കുന്നു.

പി.കെ.എ. റഷീദ്
raizlamaryam@hotmail.com
===============



1 comment:

സന്ദര്‍ശകര്‍ ഇതുവരെ...