Thursday, May 20, 2010

ഇന്‍ഫോമാധ്യമം (436) - 22/02/2010)


കുക്കികള്‍ അപകടകാരികളോ?

ഇന്റര്‍നെറ്റിന്റെ സ്വകാര്യതയെക്കുറിച്ച് മിക്ക ഉപയോക്താക്കളും ആശങ്കാകുലരാണ്. നെറ്റ് ഉപയോഗിക്കുമ്പോള്‍ തങ്ങളുടെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ അറിയുമോ, ചോര്‍ത്തിയെടുക്കുമോ എന്നൊക്കെയാണ് ഭയം. ബ്രൌസ് ചെയ്യുമ്പോള്‍ നെറ്റിലൂടെ കമ്പ്യൂട്ടറില്‍ കയറിക്കൂടുന്ന 'കുക്കികള്‍' എന്നറിയപ്പെടുന്ന കൊച്ചു ഫയലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഈ ധാരണക്ക് ശക്തി പകരുന്നു. പലരും ഈ ഫയലുകളെ കമ്പ്യൂട്ടറിലെ ചാരന്‍മാരായിട്ടാണ് കണക്കാക്കുന്നത്. കുക്കികള്‍ പ്രോഗ്രാം ഫയലുകളാണെന്നും വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കടന്നു കൂടുന്ന ഇവ ഉപയോക്താവിന്റെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നുമുള്ള ധാരണ ശരിയല്ല.

കുക്കികള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളല്ല. പ്രോഗ്രാമുകള്‍ പോലെ അവക്ക് പ്രവര്‍ത്തിക്കാനും സാധ്യമല്ല. അതിനാല്‍ തന്നെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ശേഖരിക്കാനോ അവ വെബ്സൈറ്റുകളിലേക്ക് എത്തിച്ചുകൊടുക്കാനോ സാധ്യമല്ല. കുക്കികള്‍ വെറും ടെക്സ്റ്റ് ഫയലുകളാണ്. നെറ്റ് ഉപയോക്താവിന്റെ കമ്പ്യൂട്ടറില്‍ ഇവ നിക്ഷേപിക്കുന്നത് വെബ് സെര്‍വറുകളാണ്. കുക്കികള്‍ മുഖേന വെബ്സൈറ്റുകളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിക്ഷേപിക്കുകയും പിന്നീട് ആവശ്യമായി വരുമ്പോള്‍ അവ തിച്ചെടുക്കുകയും ചെയ്യുന്നു. വെബ്സൈറ്റുകള്‍ ഓരോ ഉപയോക്താവിനും പ്രത്യേകം തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നു. ഈ നമ്പറുകള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതും തിരിച്ചെടുക്കുന്നതും കുക്കികള്‍ മുഖേനയാണ്. വിന്‍ഡോസിലെ cookies ഫോള്‍ഡര്‍ ഓപണ്‍ ചെയ്താല്‍ ധാരാളം കുക്കി ഫയലുകള്‍ കാണാം. അവയൊന്നും സന്ത്രം നിലക്ക് അപകടകാരികളല്ലെന്ന് മനസ്സിലാക്കണം. മറിച്ച് ഇന്റര്‍നെറ്റ് സെര്‍ഫിംഗിനെ അവ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. അതേസമയം ഈ ഫയലുകളുപയോഗിച്ച് ഹാക്കര്‍മാര്‍ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറിയേക്കാം. ഷെയര്‍ ചെയ്ത നെറ്റ്വര്‍ക്ക് സംവിധാനമുള്ള കമ്പ്യൂട്ടറിലേ ഇത് സാധ്യമാകൂ.

ഖലീല്‍ ചെമ്പയില്‍
mkc_gs@yahoo.com
*****
വെബ് കൌതുകങ്ങള്‍

മൊബൈല്‍ ഫോണ്‍ വഴി ഇ-മെയില്‍

കാലം മാറുന്നതിനനുസരിച്ച് ആശയവിനിമയ രീതികളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. സാദാ ഫോണുകള്‍ മൊബൈല്‍ ഫോണ്‍/ചാറ്റിംഗ് പോലുള്ളവക്കും എഴുത്തുകുത്തുകള്‍ ഒട്ടുമുക്കാലും ഇ^മെയിലിലേക്കും വഴിമാറിക്കഴിഞ്ഞു. അല്‍പംകൂടി പുരോഗമിച്ച് ഇനി ഇ^മെയില്‍ അയക്കാന്‍ കമ്പ്യൂട്ടര്‍ പോലും വേണ്ട, മൊബൈല്‍ ഫോണ്‍ മാത്രം മതി എന്ന അവസ്ഥയിലും എത്തിക്കഴിഞ്ഞു. മൊബൈല്‍ ഫോണിലൂടെ ഇ^മെയിലുകള്‍ അയക്കുന്നതും സ്വീകരിക്കുന്നതും കമ്പ്യൂട്ടറിലൂടെ അതു ചെയ്യുന്നതുപോലെ എളുപ്പമല്ലെങ്കിലും ആ പ്രക്രിയ പരമാവധി എളുപ്പമാക്കിത്തരുന്ന ചില സോഫ്റ്റ്വെയറുകള്‍ നെറ്റില്‍ ലഭ്യമാണ്. അക്കൂട്ടത്തില്‍ ബഹുകേമനാണ് http://www.emoze.com/ എന്ന സൈറ്റില്‍നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന 'Emoze' എന്ന സോഫ്റ്റ് വെയര്‍. ജിമെയില്‍, യാഹൂ, ഔട്ട്ലുക്ക്, ഹോട്ട്മെയില്‍ തുടങ്ങിയവയെ എല്ലാം ഒരു പോലെ സപ്പോര്‍ട്ട് ചെയ്യുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് അദ്ഭുതകരമായ എളുപ്പത്തിലും വേഗത്തിലും നിങ്ങളുടെ മൊബൈല്‍ ഫോണിലൂടെ ഇ^മെയില്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യാം. പുറമെ ഫേസ്ബുക് മെസേജുകള്‍, കലണ്ടറുകള്‍, കോണ്ടാക്ട്, ടാസ്ക് തുടങ്ങിയ സൌകര്യങ്ങള്‍ ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കുകയുമാകാം. പക്ഷെ ഒന്നില്‍ കൂടുതല്‍ ഇ^മെയില്‍ അക്കൌണ്ടുകള്‍ ഒരേ സമയം ഓപ്പറേറ്റ് ചെയ്യാന്‍ ചെറിയ ഒരു തുക പ്രീമിയം കൊടുക്കേണ്ടി വരുമെന്നത് പ്രത്യേകം ശ്രദ്ധിക്കുക.
റയിസ്ല മര്‍യം
raizlamaryam@hotmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്

കടലാസും പെന്‍സിലും
http://ezhuthkuth.blogspot.com/

'ആകാശച്ചുവട്ടിലെ അക്ഷര ധാരകളെന്നാ'ണ് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത നടുവട്ടം സ്വദേശിയായ റഫീഖ് തന്റെ ബ്ലോഗിനെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ ആകാശച്ചുവട്ടിലെ ഒരുകൂട്ടം വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നു. സ്വദേശത്ത് അധ്യാപകനും വാര്‍ത്താ ലേഖകനും. ഇപ്പോള്‍ സൌദി അറേബ്യയില്‍ കണക്കെഴുത്തുകാരന്‍. ബ്ലോഗില്‍ നവാഗതനാണ്. നന്നായി ശ്രമിച്ചാല്‍ 'കടലാസും പെന്‍സിലും' നല്ലൊരു ബ്ലോഗാക്കി മാറ്റാനുള്ള ലക്ഷണങ്ങള്‍ കാണുന്നു. കനപ്പെട്ട പോസ്റ്റുകളുണ്ടായാല്‍ സന്ദര്‍ശകര്‍ വന്നുകൊള്ളും. പുതുമൊഴികള്‍, പുകഞ്ഞ ചിന്തകള്‍ തുടങ്ങിയ പോസ്റ്റുകളൊക്കെ കൊച്ചു സൃഷ്ടകളാണെങ്കിലൂം എല്ലാത്തിനും പുതുമയുണ്ട്. ആശംസകള്‍.

വഴിയമ്പലത്തില്‍ ഒരു പൂവ്
http://thabarakrahman.blogspot.com/

'സത്രം സ്കൂളിലെ പ്രാവുകള്‍' എന്ന തുടര്‍ക്കഥയാണ് ഈ ബ്ലോഗിലെ പോസ്റ്റ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒന്നാം ഭാഗം തുടങ്ങി ഇതിനകം എട്ട് ഭാഗങ്ങളിലെത്തി കഥ തുടരുക തന്നെയാണ്. എഴുത്തില്‍ പ്രകടമാകുന്ന ആത്മാര്‍ഥത വശ്യമാകുന്നുവെന്നാണ് ഒരു വായനക്കാരി എഴുതുന്നത്. കഥക്ക് ധാരാളം വായനക്കാരുണ്ട്. കമന്റുകളും ധാരാളം ലഭിക്കുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ തബാറക് റഹ്മാനാണ് ബ്ലോഗര്‍. ബാല്യകാലത്തെ കുറെ തിക്താനുഭവങ്ങളാണ് ബ്ലോഗറുടെ കൈമുതല്‍. ഗോപകുമാര്‍ സൂചിപ്പിച്ചതുപോലെ പോസ്റ്റുകള്‍ അത്ര വലുതാക്കേണ്ട. ചെറുതാവുകയാണ് വായനക്ക് സുഖം.

യുക്തിവാദികളും വിശ്വാസികളും
http://yukthivadikalumislamum.blogspot.com/

യുക്തിവാദവും മതവിശ്വാസവും ഏറ്റുമുട്ടുന്നു. ബ്ലോഗിലൂടെ യുക്തിവാദികളുമായി ഒരു സംവാദത്തിലേര്‍പ്പെട്ടിരിക്കയാണ് മലപ്പുറം ജില്ലയിലെ ആനക്കയം സ്വദേശിയായ സി.കെ. ലത്തീഫ്. എന്തിന് ജീവിക്കണമെന്ന് സത്യവിജ്ഞാനത്തിന്റെ സ്രോതസ്സില്‍ നിന്ന് തിരിച്ചറിയാന്‍ കഴിഞ്ഞ വിശ്വാസികളിലൊരുവനെന്നാണ് ബ്ലോഗര്‍ സ്വയം പരിചപ്പെടുത്തുന്നത്. എടുത്തുചാട്ടമില്ല. പക്വമായ ഇടപെടല്‍. ലത്തീഫിന്റെ ദൌത്യത്തിന് ഭാവുകങ്ങള്‍ നേരാനും ശക്തി പകരാനും പല ബ്ലോഗര്‍മാരും മുന്നോട്ടുവരുന്നുണ്ടെന്നത്് കൌതുകമുളവാക്കുന്നു. മലയാളം ബ്ലോഗിലെ വേറിട്ടൊരു ശബ്ദം. 'വിയോജിപ്പുള്ളവരോട് വിരോധമില്ല. വിയോജിപ്പാണ് ചര്‍ച്ചയുടെ താക്കോല്‍ തന്നെ'. ചര്‍ച്ചയെപ്പറ്റി ചര്‍ച്ച എന്ന പോസ്റ്റില്‍ ലത്തീഫ് തന്റെ നയം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

നജൂസ്
http://najoos.blogspot.com/

അബൂദബിയില്‍ പ്രവാസ ജീവിതം നയിക്കുന്ന നജ്മുദ്ദീന്‍ മന്ദലംകുന്നിന്റെ ബ്ലോഗാണ് 'നജൂസ്'. മഞ്ഞുകാലം, ഉയിര്‍ത്തെഴുന്നേല്‍പ്, ഈന്തപ്പഴം തുടങ്ങിയവയൊക്കെയാണ് പുതിയ പോസ്റ്റുകള്‍. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചതിനാല്‍ മലയാളം ഏഴാം ക്ലാസോടെ നിര്‍ത്തേണ്ടിവന്നുവെന്ന് ബ്ലോഗര്‍ പറയുന്നു. ബ്ലോഗെഴുത്തില്‍ ഈ പരിമിതി മറികടക്കുന്നതായിട്ടാണ് കാണുന്നത്. എല്ലാം നല്ല നിലവാരമുള്ള കവിതകള്‍. മഞ്ഞുകാലമെന്ന കവിതക്ക് ലഭിച്ച കമന്റില്‍ 'ഇറഞ്ഞ പോകാതെ ഒഴുകിപ്പരക്കുന്ന കവിത'യെന്നാണ് ശ്രദ്ധേയനെന്ന ബ്ലോഗര്‍ പറയുന്നത്. നന്നായിരിക്കുന്ന നജൂസ്. അഭിനന്ദനങ്ങള്‍.

ബ്ലോഗ് മോഷണമോ?
http://www.arucreations.blogspot.com

നേരത്തെ ഈ പംക്തിയില്‍ പരിചയപ്പെടുത്തിയ ഊരകം സ്വദേശി അബ്ദുറഹ്മാന്റെ ബ്ലോഗ് (http://kloolokam.blogspot.com/) ആരോ മോഷ്ടിച്ചതായി അദ്ദേഹം സംശയിക്കുന്നു. ഈ അഡ്രസ്സിലെ ബ്ലോഗ് തുറക്കുമ്പോള്‍ 'സഹവാസം' എന്ന ടൈറ്റില്‍ മാത്രമാണ് ഇപ്പോള്‍ കാണുന്നത്. പോസ്റ്റുകള്‍ മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. തന്റെ മെയില്‍ തുറന്ന് ആരോ പറ്റിച്ച പണിയായിരിക്കുമോ എന്ന് അദ്ദേഹം സംശയിക്കുന്നു. ഏതായാലും ബ്ലോഗര്‍മാര്‍ ജാഗ്രത പുലര്‍ത്തുക. പാസ്വേര്‍ഡ് നന്നായി സൂക്ഷിക്കണം. ഏതായാലും 'വാക്കും വരയും' എന്ന പേരില്‍ അബ്ദുറഹ്മാന്‍ പുതുതായി ആരംഭിച്ച ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
വി.കെ. അബ്ദു
vkabdu@gmail.com
*****

ഇന്‍ഫോ ക്വിസ്

1. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ കമ്പനി പുറത്തിറക്കിയ ഓപറേറ്റിംഗ് സിസ്റ്റം?
2. സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'A Better India, A Better World' എന്ന പുസ്തകത്തിന്റെ രചയിതാവ്?
3. ഓണ്‍ലൈന്‍ സ്വതന്ത്ര സര്‍വ വിജ്ഞാന കോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് ആരംഭിച്ച തിയ്യതി?
4. അമ്പത്തഞ്ചിന് മേല്‍ പ്രായമുള്ള മുതിര്‍ന്ന പൌരന്‍മാര്‍ക്കായി അവതരിപ്പിച്ച ഒരു ഇന്ത്യന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്?
5. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനര്‍ എന്ന ഖ്യാതി നേടിയ പെണ്‍കുട്ടി?
6. ഓപ്റ്റിക്കല്‍ ഫൈബറുകളുടെ ആവിര്‍ഭാവത്തിന് തിരികൊളുത്തിയ ആദ്യ ഗവേഷകന്‍ (നോബല്‍ സമ്മാന ജേതാവ്)?
7. മുള കൊണ്ട് മൌസും കീബോര്‍ഡും നിര്‍മ്മിച്ച കമ്പനി?
8. 'ഡോകോമോ' ഏത് ഭാഷയിലെ പദമാണ്? എന്താണ് അത് അര്‍ഥമാക്കുന്നത്?
9. കോരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളുടെയും ചരിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന സംവിധാനം?
10. സംസ്ഥാനത്ത് ഐ.ടി, ധന വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കിയ SPARK^ന്റെ പൂര്‍ണ്ണ രൂപം?

ഉത്തരം

1. ആന്‍ഡ്രോയ്ഡ്
2. എന്‍.ആര്‍. നാരായണ മൂര്‍ത്തി
3. 21 ഡിസംബര്‍, 2001
4. verdurez.com
5. എട്ടാം വയസ്സില്‍ കോഴിക്കോട് പ്രസന്റേഷഷന്‍ സ്കൂളിന്റെ വെബ്സൈറ്റ് രൂപകല്‍പന ചെയ്ത ശ്രീലക്ഷ്മി സുരേഷ്.
6. ചാള്‍സ് കാവോ
7. അസൂസ്
8. ജപ്പാനീസ്, 'എല്ലായിടത്തും'
9. സ്കൂള്‍ വിക്കി (www.schoolwiki.in)
10. Service and Payroll Administrative Repository of Kerala

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com
=================

2 comments:

സന്ദര്‍ശകര്‍ ഇതുവരെ...