Monday, May 17, 2010

ഇന്‍ഫോമാധ്യമം (446) - 17/05/2010ഗൂഗിള്‍ - സെര്‍ച്ചിംഗ് രംഗത്തെ അനന്ത സാധ്യതകള്‍

നെറ്റിലെ മിക്ക സേവനങ്ങള്‍ക്കും ബഹുഭൂരിഭാഗം ഉപയോക്താക്കളും ഇന്ന് ഗൂഗിളിനെയാണ് ആശ്രയിക്കുന്നത്. സെര്‍ച്ച്, ഇ^മെയില്‍, സോഷ്യല്‍ നെറ്റ്വര്‍ക്ക്, മെസഞ്ചര്‍, ബ്ലോഗ്, വാര്‍ത്തകള്‍, കലണ്ടര്‍ തുടങ്ങിയവ മുതല്‍ വ്യത്യസ്ത ഭാഷകളില്‍ നിന്നുള്ള മൊഴിമാറ്റമുള്‍പ്പെടെ ഗൂഗിള്‍ മുന്നോട്ടുവെക്കുന്ന സേവനങ്ങള്‍ നിരവധിയാണ്. ഇതില്‍ സെര്‍ച്ച് സംവിധാനമാണ് ഏറ്റവും മുഖ്യമായത്. ഇതര സെര്‍ച്ച് എഞ്ചിനുകളെ അപേക്ഷിച്ച് ഗൂഗിളിന്റെ സെര്‍ച്ചിന് ഒരുപാട് മേന്മകളുണ്ട്.

കോടിക്കണക്കിന് വെബ് പേജുകളാണ് ഇന്റര്‍നെറ്റിലുള്ളത്. ഇതില്‍ നിന്ന് നാം ആവശ്യപ്പെടുന്ന വിവരം കൃത്യമായി തിരഞ്ഞെടുക്കുക എന്നതാണ് സെര്‍ച്ച് എഞ്ചിന്റെ ദൌത്യം. അതോടൊപ്പം യുക്തിപൂര്‍വമായ രീതിയില്‍ വെബ്പേജുകളുടെ പ്രാധാന്യം നിശ്ചയിക്കുന്നു എന്ന സവിശേഷത കൂടി ഗൂഗിളിനുണ്ട്. പേജ് റാങ്കിംഗ് സംവിധാനമാണ് ഇതിന്നായി ഗൂഗിള്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്പേജ് പ്രധാനപ്പെട്ടത് ആകണമെന്നില്ല. പേജ് റാങ്കില്‍ മറ്റൊരു പരിഗണനാക്രമമാണ് അവലംബിക്കുന്നത്. ഇതിന് ഒരു വ്യക്തിയെ ഉദാഹരണമായെടുക്കാം. അയാള്‍ പ്രാധാന്യമുള്ള വ്യക്തിയാണോ അല്ലെങ്കില്‍ പ്രാധാന്യം നല്‍കേണ്ട വ്യക്തിയാണോ എന്നറിയാനുള്ള എളുപ്പമാര്‍ഗ്ഗം അയാള്‍ ആരെയൊക്കെയുമായി ബന്ധപ്പെടുന്നു എന്ന് പരിശോധിക്കുന്നതാണ്. പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട വ്യക്തികള്‍ ഇങ്ങോട്ടു ബന്ധപ്പെടുകയും ചെയ്യുന്ന വ്യക്തി തീര്‍ച്ചയായും പ്രധാനപ്പെട്ട ആളായിരിക്കും എന്ന് സാമാന്യ നിഗമനത്തില്‍ എത്താം. ഏതാണ്ട് ഇതേമാര്‍ഗ്ഗമാണ് വെബ്പേജുകളുടെ പ്രാധാന്യം നിര്‍ണ്ണയിക്കാന്‍ ഗൂഗിളും ചെയ്യുന്നത്. സൈറ്റില്‍ ഏതൊക്കെ സൈറ്റുകളിലേക്ക് ലിങ്കുണ്ട് എന്നതുമായി ബന്ധപ്പെട്ടാണ് ഇത് നിര്‍ണ്ണയിക്കുന്നത്. പ്രധാനപ്പെട്ട മറ്റു സൈറ്റുകളിലേക്ക് ലിങ്കുള്ള ഒരു സൈറ്റ് പ്രധാനപ്പെട്ടതാണെന്ന് ഊഹിക്കാം. അതുമാത്രം പോരാ, ആ സൈറ്റിലേക്കുള്ള ലിങ്കുകളും നോക്കണം. ഇത്തരത്തില്‍ പേജുകളുടെ പ്രാധാന്യം നിശ്ചയിക്കാന്‍ ലിങ്കുകളുടെ ശൃംഖലകളെ കൂട്ടുപിടിക്കുന്നു. അതോടൊപ്പം സൈറ്റിന്റെ ജനപ്രീതിയും കണക്കിലെടുക്കും. അതിസങ്കീര്‍ണ്ണമായ ഗണിത സമീകരണമുപയോഗിച്ചാണ് പ്രധാനപ്പെട്ട സൈറ്റ് ഏതെന്ന് നിശ്ചയിക്കുന്നത്.

ഈ രീതിയില്‍ നമ്മുടെ ഇംഗിതത്തിനൊത്ത് റിസള്‍ട്ട് തരുന്ന ഗൂഗിള്‍ സെര്‍ച്ചിന്റെ പരമാവധി പ്രയോജനം ലഭ്യമാക്കാനും കൂടുതല്‍ ഫലപ്രദമാക്കാനും ആവശ്യമായ ചില കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാനായി നിര്‍ദ്ദേശിക്കുകയാണ്. ഇത്തരം ട്രിക്കുകളുപയോഗിച്ച് നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച് കൂടുതല്‍ കൃത്യതയുള്ളതാക്കാനും സൌകര്യപ്രദമാക്കാനും സാധിക്കുന്നു.

1. പ്രത്യേക വെബ്സൈറ്റ് ലഭ്യമാക്കാന്‍ വേണ്ടി സെര്‍ച്ച് ചെയ്യുമ്പോള്‍ 'site :' എന്ന പദം ഉപയോഗിക്കുക. ഉദാഹരണമായി കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ലഭ്യമാക്കാന്‍ 'site : calicut university' എന്ന കീവേര്‍ഡ് നല്‍കുക.

2. സ്പെല്ലിംഗ് പരിശോധനക്ക് ഗൂഗിള്‍ ഉപയോഗിക്കാം. സെര്‍ച്ച് സമയത്ത് കീവേര്‍ഡില്‍ നിങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന അക്ഷരത്തെറ്റുകള്‍ ഗൂഗിള്‍ ശരിയാക്കിത്തരുന്നതാണ്.

3. ഗൂഗിള്‍ സെര്‍ച്ച് ബോക്സ് കാല്‍ക്കുലേറ്ററായി ഉപയോഗിക്കാനാവും. ഉദാഹരണമായി 8+6+7+8 എന്ന് നല്‍കിയാല്‍ ഉടനെ കൃത്യമായ റിസള്‍ട്ട്് ലഭിക്കുന്നു.

4. ലോകത്തെവിടെയുമുള്ള സമയമറിയാന്‍ ഗൂഗിളിന്റെ സെര്‍ച്ച് ബോക്സ് ഉപയോഗിക്കാം. ഉദാഹരണമായി time saudi arabia എന്ന് ടൈപ് ചെയ്താല്‍ അപ്പോഴത്തെ സൌദി സമയം ലഭിക്കും.

5. പണമിടപാട് നടത്തുന്നവര്‍ക്ക് നിലവിലെ എക്സ്ചേഞ്ച് റേറ്റ് അറിയാനും ഗൂഗിളിനെ ആശ്രയിക്കാം. ഉദാഹരണത്തിന് 1000 indian rupees in us dollar എന്ന് സെര്‍ച്ച് ബോക്സില്‍ ടൈപ് ചെയ്താല്‍ ഉടനെ ഫലം ലഭിക്കുകയായി.

6. സെര്‍ച്ചിന് നല്‍കേണ്ട കീവേര്‍ഡ് സംബന്ധിച്ച് കൃത്യമായ ധാരണയില്ലെങ്കില്‍ 'OR' ഉപയോഗിക്കുക.

7. സെര്‍ച്ച് സമയത്ത് നിങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ ലഭിക്കാനായി ആവശ്യമനുസരിച്ച് പദങ്ങള്‍ ഉപയോഗിക്കുക. ഇതുമുഖേന സെര്‍ച്ച് റിസള്‍ട്ടിലെ സ്ഥൂലത കുറക്കാനാവും. ഉദാഹരണമായി കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബി.എ. രണ്ടാം വര്‍ഷം പരീക്ഷാ റിസള്‍ട്ട് അറിയാനായി site: calicut university ^ 2nd year BA Engilsh examination result എന്ന് ടൈപ് ചെയ്തു നോക്കുക.

8. പ്രത്യേകം ഫോര്‍മാറ്റുകളിലെ ഫയലുകള്‍ക്കായി സെര്‍ച്ച് ചെയ്യുമ്പോള്‍ ഫോര്‍മാര്‍റ്റിന്റെ പേര് കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പുകവലി വിരുദ്ധ കാംപയിന് വേണ്ടി ഒരു പ്രസന്റേഷന്‍ പ്രോഗ്രാമിന് വേണ്ടിയുള്ള സെര്‍ച്ചിംഗില്‍ file type :.ppt Anti^smoking Campaign എന്ന രീതിയില്‍ സെര്‍ച്ച് ചെയ്തുനോക്കുക.

9. ഏതെങ്കിലും പ്രത്യേക കാലത്തെ വിവരങ്ങള്‍ മാത്രം ലഭ്യമാക്കാനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്. ഉദാഹരണംഃ Olympics 1950..1960

10. ആരുടെയെങ്കിലും ഇ-മെയില്‍ ഐ.ഡിയോ ടെലിഫോണ്‍ നമ്പറോ വേണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുനോക്കൂ. അതുപോലെ പോസ്റ്റ് ഓഫീസീന്റെ പിന്‍കോഡ് നമ്പര്‍ വെച്ച് 'india pincode 676519' ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കു.
*****

വെബ് കൌതുകങ്ങള്‍

ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയെന്നത് ആളുകളുടെ വ്യക്തിപരമായ ശ്രേയസ്സിനും സമൂഹത്തിന്റെ മൊത്തത്തിലുള്ള നന്മക്കും ആവശ്യമാണ്. എന്നിരിക്കിലും അത്തരം കാര്യങ്ങള്‍ വെറും ഉപദേശങ്ങള്‍ വഴിയോ നിയമം മുലമോ അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് ഉദ്ദേശിക്കുന്ന ഫലം ചെയ്തില്ലെന്നു വരാം. എന്നാല്‍ ജനങ്ങള്‍ക്ക് ആരുടെയും നിര്‍ബന്ധം കൂടാതെ സ്വയം ചെയ്യണമെന്ന ഒരു തോന്നലുണ്ടാക്കാന്‍ കഴിഞ്ഞാല്‍ സംഗതി വന്‍ വിജയമായിത്തീരും. ഉദാഹരണത്തിന് www.thefuntheory.com എന്ന സൈറ്റിലെ http://www.thefuntheory.com/?q=expriment/pianotrappan എന്ന ലിങ്കില്‍ കയറി നോക്കൂ. ഒരു കോണിപ്പടി പിയാനോ കീബോര്‍ഡ് പോലെ ഡിസൈന്‍ ചെയ്തിരിക്കുന്നത് കാണാം. അതില്‍ കൂടി നടന്നു കയറുമ്പോള്‍ ഓരോ കാല്‍വെപുകള്‍ക്കുമനുസരിച്ച് മൃദുലമായ പിയാനോ സംഗീതമുയരും. ബഹുനില കെട്ടിടങ്ങളിലും ഷോപ്പിംഗ് മാളുകളിലുമെല്ലാം ഇത്തരം സ്റ്റെയര്‍ കെയിസുകള്‍ ലിഫ്റ്റുകള്‍ക്കും എലിവേറ്ററുകള്‍ക്കും പുറമെ സ്ഥാപിച്ചാല്‍ ആളുകളില്‍ നല്ലൊരു വിഭാഗം ഈ പാട്ടു കോണി ഉപയോഗിക്കാനല്ലേ ഇഷ്ടപ്പെടുക. 'സ്റ്റെയര്‍ കെയിസുകള്‍ ഉപയോഗിക്കൂ, ആരോഗ്യം നാക്കൂ' എന്ന ബോര്‍ഡ് സ്ഥാപിക്കുതിലും ഫലപ്രദമാകില്ലേ ഈ ടെക്നിക്. ഇതുപോലെ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ജനങ്ങളെ തമാശയിലൂടെ പ്രേരിപ്പിക്കാനുള്ള നിരവധി ആശയങ്ങള്‍ സൈറ്റില്‍ കാണാം. റോഡിലെ അമിത വേഗത നിയന്ത്രിക്കാനുള്ള രസകരമായ 'സ്പീഡ് ക്യാമറ ലോട്ടറി' സംവിധാനമാണ് ഇടക്കിടെ അപ്ഡേറ്റു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൈറ്റിലെ ഏറ്റവും പുതിയ ഇനം.

പി.കെ.എ. റഷീദ്
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

ഒരു നുറുങ്ങ്
http://haroonp.blogspot.com/

നട്ടെല്ലിന് ക്ഷതമേറ്റ് നാല് വര്‍ഷത്തിലേറെയായി കിടപ്പിലായ കണ്ണൂര്‍ കൊടപ്പറമ്പ് സ്വദേശി പി. ഹാറൂനാണ് ബ്ലോഗര്‍. വീല്‍ ചെയറിന്റെ കൂട്ടുമായി ഹാറൂണ്‍ ബ്ലോഗെഴുതുന്നു. 'ജീവിക്കാന്‍ കൊതിയോടെ...' എന്ന കരളലിയിക്കുന്ന കഥയാണ് ഏറ്റവും പുതിയ പോസ്റ്റ്. സ്വന്തം കഥയല്ല, വര്‍ഷങ്ങള്‍ക്കുമുമ്പ് മസ്ക്കുലര്‍ ഡിസ്റ്റരോഫി എന്ന രോഗത്തിന് അടിപ്പെട്ട് പൂര്‍ണ്ണമായും തളര്‍ന്നുപോയ കോട്ടയത്തുകാരനായ രാജേഷ് എന്ന യുവാവിന്റെ കഥ. പാലിയേറ്റീവ് വളന്റിയര്‍ നല്‍കിയ ടെലിഫോണ്‍ നമ്പറിലൂടെ തുടക്കമിട്ട സൌഹൃദ ബന്ധം. അത് ആത്മ ബന്ധമായി വളര്‍ന്നു. ഇപ്പോഴിതാ രാജേഷിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തിയിരിക്കുന്നുവത്രെ, മിനി. പരമ ദരിദ്രരായ അവരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തികം തന്നെ. 'ഈ കാര്യത്തില്‍ ഒരു ചെറിയ സഹായം നല്‍കാന്‍ നമുക്കാവില്ലേ...' ഉതാണ് ബ്ലോഗര്‍ ചോദിക്കുന്നത്. സ്വന്തം അവശത മറന്ന് സുഹൃത്തിനു വേണ്ടി സഹായാഭ്യര്‍ഥന നടത്തുന്ന ഹാറൂന്റെ ഈ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

തിര
http://subairnelliyote.blogspot.com/

ഖത്തറില്‍ ജോലി ചെയ്യുന്ന കുറ്റ്യാടി ചെറിയകുമ്പളം സ്വദേശി സുബൈറിന്റെ ബ്ലോഗാണ് തിര. തിരയെ സ്നേഹത്തോടെ നോക്കിയാല്‍ തോന്നും കടല്‍ സ്നേഹമാണെന്ന്.. ദു:ഖത്തോടെ നോക്കിയാല്‍ തോന്നും കടല്‍ ശോകമാണെന്ന്.. കോപത്തോടെ നോക്കിയാല്‍ തോന്നും കടല്‍ ക്ഷോഭിക്കുന്നുവെന്ന്... ശാന്തതയോടെ നോക്കിയാല്‍ തോന്നും കടല്‍ സമാധാനത്തിന്റെ പ്രതീകമാണെന്ന്... ആര്‍ക്കും എന്നെ എങ്ങനെ വേണമെങ്കിലും നോക്കിക്കാണാം. അതാണ് തിര. 2010 മാര്‍ച്ചില്‍ തുടങ്ങിയ ബ്ലോഗില്‍ പോസ്റ്റുകള്‍ കുറവാണ്. നല്ല പോസ്റ്റുകള്‍ വരട്ടെ സുബൈല്‍. ബ്ലോഗിന് ധാരാളം സന്ദര്‍ശകരുണ്ടായിക്കൊള്ളും. ആശംസകള്‍.

മിന്നാമിനുങ്ങ്
http://smileysdigital.blogspot.com/

മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായ അസിമോന്റെ ബ്ലോഗ്. കുവൈത്തില്‍ ജോലി ചെയ്യുന്നു. ഫോട്ടോഗ്രാഫി, കഥ, കവിത, ലൊക്കേഷന്‍ ന്യൂസ്, പാട്ട് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി ബ്ലോഗ് പോസ്റ്റുകള്‍ വേര്‍തിരിച്ചിരിക്കുന്നു. ഉള്ളടക്കത്തിന്റെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണെങ്കിലും ഒതുക്കമില്ലാത്ത പേജ് ലേഔട്ട് ബ്ലോഗിന്റെ എടുത്തുപറയത്തക്ക ന്യൂനത തന്നെയാണ്. ഗ്രാഫിക്സുകള്‍ കഴിയുന്നതും ഒഴിവാക്കുക. പ്രവാസ ജീവിതം ഒരു മെഴുകുതിരി പോലെയാണെന്നാണ് ബ്ലോഗറുടെ കാഴ്ചപ്പാട്. മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കുന്നതോടൊപ്പം അത് തനിയെ ഉരുകിത്തീരുന്നു. അസിമോനില്‍ നിന്ന് കൂടുതല്‍ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

തൃശãൂര്‍ വിശേഷങ്ങള്‍
http://thrissurviseshangal.blogspot.com/

പ്രയാണത്തിനിടയിലെ ചില ഏടുകളായിട്ട് മാത്രം തൃശãൂര്‍ വിശേഷങ്ങളെ കണക്കാക്കിയാല്‍ മതി. ജിദ്ദയില്‍ ജോലി ചെയ്യുന്ന രജിറാം തയ്യിലാണ് ബ്ലോഗര്‍. ബാല്യം മുതല്‍ നെട്ടോട്ടത്തിലായിരുന്നുവത്രെ. അധ്യാപകനായ അച്ഛന്റെ ജോലി സ്ഥലങ്ങളിലൂടെ. നിളാതീരത്തെ ചൊരി മണലില്‍ ഹരിശ്രീ കുറിച്ച്... തിരൂര്‍ കൂട്ടായിയില്‍. തിരുനാവായ നാവാമുകുന്ദാ ഹൈസ്കൂളില്‍, തൃശãൂരില്‍, മദിരാശിയില്‍, മുംബൈയില്‍, ദമ്മാമില്‍... പ്രയാണത്തിനിടെ ഒരുപാട് അനുഭവങ്ങള്‍.

പ്രണയ തൂവലുകള്‍
http://sabibava.blogspot.com/

കവിതകള്‍ക്കാണ് പ്രാമുഖ്യമെങ്കിലും കഥകളും ലേഖനങ്ങളും ബ്ലോഗിലുണ്ട്. 'പൊളിഞ്ഞുവീണ പളുങ്കുമണികള്‍' എന്ന കവിതയാണ് ഏറ്റവും പുതിയ പോസ്റ്റ്. കവിതകള്‍ സാമാന്യ നിലവാരം പുലര്‍ത്തുന്നു. പേജ് ലേഔട്ട് ഒട്ടും ആകര്‍ഷകമല്ലെന്നറിയിക്കട്ടെ. മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയായ സാബിറ സിദ്ദീഖാണ് ബ്ലോഗിണി. പതിനാറ് വര്‍ഷമായി സൌദിയിലാണ് താമസം. ദിനപത്രങ്ങളിലും ഇന്റര്‍നെറ്റ് മാഗസിനുകളിലുമായി തുടക്കമിട്ട എഴുത്ത് ഇപ്പോള്‍ ബ്ലോഗിലെത്തി വളരുകയാണ്. ഇനിയും ധാരാളം എഴുതുക. ബ്ലോഗിന് ഒരുപാട് സന്ദര്‍ശകരെ ലഭിച്ചുകൊള്ളും.

വി.കെ. അബ്ദു
vkabdu@gmail.com നേരുന്നു.
====================

2 comments:

  1. kamant malayalathil ezhuthan padippikkamo my e mail id noonushameed@gmail.com

    ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...