Monday, May 03, 2010

ഇന്‍ഫോമാധ്യമം (444) - 03/05/2010അശ്ലീലവൈറസ്
പണത്തിനായി ഉപയോക്താക്കളെ ഭീഷണിപ്പെടുത്തുന്നു!

ഭീഷണിപ്പെടുത്തി പണംപിടുങ്ങുന്ന അശ്ലീല വൈറസ് രംഗത്ത്. ജപ്പാനിലും യൂറോപ്പിലുമാണ് പുതിയ വൈറസ് ആക്രമണ ഭീഷണി നിലവിലുള്ളത്. രണ്ടിടത്തും ഭീഷണിയുടെ സ്വരത്തില്‍ വ്യത്യാസമുണ്ട്. ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ നിന്നാണ് ഇത് നെറ്റ് ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലെത്തുന്നത്. ജപ്പാനീസ് ട്രോജന്‍ ദശലക്ഷക്കിന് കമ്പ്യൂട്ടറുകളെ ഇതിനകം ബാധിച്ചുകഴിഞ്ഞു. 'വിന്നി' എന്ന ഫയല്‍ ഷെയറിംഗ് സര്‍വ്വീസ് ഉപയോഗിച്ചവര്‍ക്കാണ് ഉപദ്രവം ഏറെയുണ്ടായത്. ഇതുപയോഗിച്ച് 'ഹെന്റായ് ജനര്‍' എന്ന ഗെയിമിന്റെ അനധികൃത കോപ്പി നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തവര്‍ ഈ അശ്ലീലവൈറസിന്റെ കെണിയിലകപ്പെട്ടു. ആദ്യഘട്ടത്തില്‍ തന്നെ ഒറ്റയടിക്ക് 5500 പേരെയെങ്കിലും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് ജപ്പാനിലെ വെബ് സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രെന്‍ഡ് മൈക്രോ കമ്പനി നല്‍കുന്ന സൂചന.

ഗെയിം ഡൌണ്‍ലോഡ് ചെയ്യാന്‍ ചില വ്യക്തിഗത വിവരങ്ങള്‍ വെബ്സൈറ്റുകള്‍ ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ ഡൌണ്‍ലോഡ് ആകുന്നതോടൊപ്പം ഈ വൈറസും സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറുന്നു. കോപ്പിറൈറ്റ് ഇല്ലാത്ത ഗെയിം ഉപയോഗിക്കാനായി തുനിയുമ്പോള്‍ തന്നെ സ്ക്രീനില്‍ ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടും. കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി 1500 യെന്‍ അടക്കണമെന്നാകും സന്ദേശം. ഇല്ലെങ്കില്‍ നേരത്തെ നല്‍കിയ വിവരങ്ങളിലൂടെ നെറ്റ് ഉപയോക്താക്കളുടെ വെബ് ഹിസ്റ്ററി വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിയായി. മാന്യന്‍മാരുടെ വെബിലൂടെയുള്ള സഞ്ചാരം അശ്ലീലം തേടിയുള്ളതാണ്െ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ പലരും ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കും.

ജപ്പാനില്‍ ഇതാണ് രീതിയെങ്കില്‍ യൂറോപ്പില്‍ മറ്റൊരു പതിപ്പാണ്. ഭീഷണിയില്‍ ചില മാറ്റങ്ങളുണ്ട്. ഐ.സി.സി.പി എന്ന പേരില്‍ അറിയപ്പെടുന്ന കോപ്പിറൈറ്റ് ഫൌണ്ടേഷന്റെ പേരിലാണ് ഇവിടെ ഭീഷണി. ക്രെഡിറ്റ് കാര്‍ഡ് മുഖേന 400 അമേരിക്കന്‍ ഡോളര്‍ പിഴയടക്കാന്‍ ഉപയോക്താവിനോട് ആവശ്യപ്പെടുന്നു. പൈസ ഒടുക്കിയില്ലെങ്കില്‍ ചെലവേറിയ കോടതി വ്യവഹാരത്തെയും തുടര്‍ന്നുണ്ടാകുന്ന ജയില്‍വാസത്തെയും കുറിച്ചായിരിക്കും ഓര്‍മ്മപ്പെടുത്തല്‍. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ കൊടുത്താലോ അവര്‍ക്കാവശ്യമായ തുക എടുത്തശേഷം കാര്‍ഡിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്യും.

ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലും പ്രത്യക്ഷപ്പെട്ടേക്കാം. അത് ഒട്ടും ഗൌനിക്കാതെ ഉടന്‍ തന്നെ നല്ലൊരു ആന്റിമാല്‍വെയര്‍ സ്കാനറിന്റെ സഹായം തേടുതാണ് ഉചിതം. സ്കാനിംഗിലൂടെ വൈറസ്ബാധ ഒഴിവാക്കി കമ്പട്ടറിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക.
ടി.വി സിജു
tvsiju@gmail.com
*****

അറബിക് ഇ-ലൈബ്രറി

അമൂല്യമായ അനേകം ഗ്രന്ഥങ്ങള്‍ അറബി ഭാഷ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അറബി ഭാഷയിലെ മികച്ച ചരിത്ര ഗ്രന്ഥങ്ങള്‍, ഖുര്‍ആന്‍ വിജ്ഞാനം, ഹദീസ്, സാഹിത്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ നമുക്കു മുമ്പാകെ അവതരിപ്പിക്കുകയാണ് www.shamela.ws എന്ന വെബ്സൈറ്റ്. .pdf, .rar തുടങ്ങിയ ഫോര്‍മാറ്റുകളില്‍ ഇവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. വിവിധ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ഗ്രന്ഥകര്‍ത്താക്കളെയും പറ്റിയുള്ള വിശദമായ പഠനം സൈറ്റിന്റെ മറ്റൊരു പ്രത്യേകതയാണ്. പേര് അന്വര്‍ത്ഥമാക്കും വിധം സമ്പൂര്‍ണ്ണ ഇ^ലൈബ്രറി തന്നെയാണ് ഈ വെബ്സൈറ്റ്.

മറ്റൊരു ഓണ്‍ലൈന്‍ അറബിക് ലൈബ്രറിയാണ് www.almaktaba.com എന്ന വെബ് സൈറ്റ്.വിവിധ വിഷയങ്ങളിളെ അനേകം ഗ്രന്ഥങ്ങള്‍ സൈറ്റില്‍ നിന്ന് അനായാസം ലഭ്യമാകുന്നു.അറബിക് ഗ്രന്ഥങ്ങളുടെ മറ്റൊരു കലവറയാണ് www.almeshkat.net. സൈറ്റിന്റെ ഹോംപേജില്‍ കാണുന്ന അല്‍മക്തബ എന്ന ശീര്‍ഷകത്തില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ ലൈബ്രറി വിഭാഗത്തില്‍ എത്തിപ്പെടാം. നമുക്കാവശ്യമുള്ള കൃതികള്‍ .doc, .pdf ഫോര്‍മാറ്റുകളില്‍ ഡൌണ്‍ലോഡ് ചെയ്യാമെന്നതാണ് സെറ്റിന്റെ പ്രത്യേകത. ഇ^ബുക്സിന് പുറമെ അറബിക് ഓഡിയോ ലൈബ്രറി കൂടി സൌജന്യമായി ലഭ്യമാക്കാവുന്ന വെബ്സൈറ്റാണ് www.saaid.net. ഖുര്‍ആന്‍, ഹദീസ്, പ്രഭാഷണങ്ങള്‍ തുടങ്ങിയവ ഓഡിയോ ഫയല്‍ രൂപത്തില്‍ ലൈബ്രറിയില്‍ ഇടം പിടിച്ചിരിക്കുന്നു. വിവിധ വിഷയങ്ങളിലെ ആകര്‍ഷങ്ങളായ ഫ്ളാഷ് കാര്‍ഡുകളാണ് സൈറ്റിന്റെ മറ്റൊരു സവിശേഷത. ഇവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അറബ് ലോകത്തെ പ്രശസ്തമായ സൈറ്റുകളിലേക്ക് ലിങ്കുകള്‍ നല്‍കിയിരിക്കുന്നത് ഏറെ പ്രയോജനകരമാണ്. ഏറ്റവും പുതിയ പുസ്തങ്ങള്‍, സ്ത്രീകള്‍ക്കു മാത്രം, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും, പ്രവാചക കഥകള്‍, ലേഖനങ്ങള്‍ തുടങ്ങിയ ശീര്‍ഷകങ്ങളാല്‍ സമ്പമായ ഈ വെബ്സൈറ്റ് വിജ്ഞാന കുതുകികള്‍ക്ക് മുതല്‍കൂട്ടാവുമെന്നതില്‍ സംശയമില്ല.

ഹാരിസ് വാണിമേല്‍
www.itarabic.blogspot.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

ഒഴിഞ്ഞ കുടം
http://sinusinumusthafa.blogspot.com/

ഇത് സിനു മുസ്തഫയുടെ ബ്ലോഗ്. ഭര്‍ത്താവിനോടൊപ്പം സൌദിയിലെ ജിദ്ദയില്‍ താമസിക്കുന്നു. സ്വദേശം മലപ്പുറം ജില്ലയിലെ കുന്നുംപുറം ചങ്ങാനി. 2009 ഒക്ടോബറില്‍ തുടങ്ങിയ ബ്ലോഗില്‍ പോസ്റ്റുകള്‍ കുറവാണ്. ഓര്‍മ്മകളും അനുഭവങ്ങളും രസകരമായി അവതരിപ്പിക്കുന്നുവെന്നതാണ് ബ്ലോഗിന്റെ സവിശേഷത. വീട്ടമ്മക്ക് ലഭിക്കുന്ന ഒഴിവു സമയത്ത് കുത്തിക്കുറിക്കുന്ന ഓര്‍മ്മക്കുറിപ്പുകളില്‍ നര്‍മ്മവും ഗുണപാഠങ്ങളുമുണ്ട്. പോസ്റ്റുകളെല്ലാം സാമാന്യ നിലവാരം പുലര്‍ത്തുന്നു. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ബ്ലോഗിന് എല്ലാവിധ ആശംസകളും നേരുന്നു.

കുടുക്ക
http://www.kudukkamol.blogspot.com/

ഞാന്‍ റോളി സൈമണ്‍. 'കുടുക്കമോള്‍' എന്ന പേരില്‍ എഴുതുകയും വരക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ജീവന്‍ ടി.വിയില്‍. ബ്ലോഗര്‍ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഇതര ബ്ലോഗുകളില്‍ നിന്ന് വ്യത്യസ്തമായി ആനിമേഷന്‍ ചിത്രങ്ങളാണ് ബ്ലോഗിലെ പോസ്റ്റുകള്‍. പിന്നെ ഏതാനും കൊച്ചു കവിതകളും. ഓരോ ചിത്രത്തിനും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അവക്ക് ആനിമേഷന്‍ കൂടി നല്‍കിയപ്പോള്‍ കൂടുതല്‍ ജീവത്താകുന്ന പ്രതീതി. ഉണ്ണികള്‍ക്ക്, കേരളപ്പിറവി, തിരഞ്ഞെടുപ്പ് വരുന്നൂ വീണ്ടും, ഗാന്ധിജി, സബര്‍മതി ദൂരെയാണ്... ഇനിയെന്നും, മഴ നനയുന്ന വീട് തുടങ്ങിയ പോസ്റ്റുകളൊക്കെ നന്നായിരിക്കുന്നു. സോഫിയ ബുക്സ് പ്രസിദ്ധീകരിച്ച ബ്ലോഗറുടെ ആദ്യ കവിതാ സമാഹാരമാണ് 'മഴ നനയുന്ന വീട്'.

അറിഞ്ഞോ കാര്യം
http://www.arinjokaaryam.blogspot.com/

മാധ്യമ പ്രവര്‍ത്തകരൊക്കെ ഇപ്പോള്‍ ബ്ലോഗിലും ഇടം തേടുകയാണ്. മാധ്യമം ദിനപത്രത്തില്‍ സബ് എഡിറ്ററായ നിധീഷ് നടേരിയാണ് ബ്ലോഗര്‍. ബ്ലോഗിലെ പോസ്റ്റുകള്‍ പരിശോധിക്കുമ്പോള്‍ 'അറിഞ്ഞോ കാര്യ'മെന്ന ബ്ലോഗ് നാമം അര്‍ഥവത്തായിത്തോന്നുന്നു. ദിനപത്രങ്ങളിലെ ഒരുപാട് വാര്‍ത്തകളും വിവരങ്ങളും നമ്മുടെ സജീവ ശ്രദ്ധയില്‍ പതിയേണ്ടതാണെങ്കിലും പലപ്പോഴും അതൊക്കെ അശ്രദ്ധമായി വായിച്ചു തള്ളുകയാണ് നമ്മുടെ പതിവ്. അത് ശാസ്ത്ര വിഷയമാകാം, ചരിത്രമാകാം, അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയങ്ങളാകാം. ഇത്തരം വാര്‍ത്തകളും വിവരങ്ങളും ഒന്നുകൂടി ഊന്നല്‍ നല്‍കിക്കൊണ്ട് നമ്മെ വായിപ്പിക്കാനുള്ള ശ്രമമാണ് ബ്ലോഗിലൂടെ നടക്കുന്നത്. നിധീഷിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

പൊടിക്കാറ്റ്
http://podikkat.blogspot.com/

അറിബക്കവിതകളുടെ ലോകത്തേക്ക് മലയാളത്തിന്റെ ഒരു കണ്ണാണ് ഈ ബ്ലോഗ്. ധാരാളം കവിതകളുടെ മലയാളം പരിഭാഷ ഇവിടെ വായിക്കാം. ഉള്ളടക്കത്തെ വിപ്ലവ ഗീതങ്ങള്‍, കീര്‍ത്തന കാവ്യങ്ങള്‍, ആക്ഷേപ ഹാസ്യങ്ങള്‍, പ്രേമ കാവ്യങ്ങള്‍, വിചിത്ര കവിതകള്‍, പ്രതിരോധ ഗീതങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. പ്രശസ്ത ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വീശിന്റെ 'മനുഷ്യനെക്കുറിച്ച്' എന്ന കവിതയുടെ വിവര്‍ത്തനമാണ് പുതിയ പോസ്റ്റ്. ഫൌസി ശദ്ദാദ്, ഡോ. അയ്മന്‍ അഹ്മദ് റഊഫ്, അദ്നാന്‍ അല്‍സായിഗ് തുടങ്ങിയ ഒട്ടേറെ കവികളുടെ സൃഷ്ടികള്‍ പൊടിക്കാറ്റില്‍ മലയാളത്തില്‍ നമുക്ക് ലഭിക്കുന്നു. 'കട്ടയാടന്‍' എന്ന തൂലികാകാരനാണ് ബ്ലോഗര്‍.

ഫോട്ടോ ബ്ലോഗ്
http://crestcreations.blogspot.com/

ബ്ലോഗിലെ വിഷയങ്ങള്‍ ടെക്സ്റ്റിന് പുറമെ കാര്‍ട്ടൂണ്‍, ഫോട്ടോ, വീഡിയോ രൂപങ്ങളിലെ പോസ്റ്റുകളായും പ്രത്യക്ഷപ്പെട്ടേക്കാം. വീഡിയോ ബ്ലോഗിന് 'വ്ലോഗിംഗ്' എന്നും പറയുന്നു. ഇവിടെ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ഒരു ഫോട്ടോ ബ്ലോഗാണ്. ബ്രയന്‍ എസ്. രാജ് എന്നാണ് ബ്ലോഗറുടെ പേര്. തിരുവനന്തപുരം സ്വദേശി. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നു. ഗ്രാഫിക് ഡിസൈനറുമാണ്. തിരഞ്ഞെടുത്ത സ്നാപ്പുകളാണ് ബ്ലോഗില്‍ കൊടുത്തിരിക്കുന്നത്. ഫോട്ടോകള്‍ക്കെല്ലാം മലയാളത്തില്‍ അടിക്കുറിപ്പ് കൂടി ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ബ്ലോഗിലെ നവാഗതനാണ് ബ്രയന്‍. ഗാഫിക് ഡിസൈനിംഗിലെ ഭേദപ്പെട്ട നിര്‍മ്മിതികളും ബ്ലോഗില്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. ഭാവുകങ്ങള്‍.
വി.കെ. അബ്ദു
vkabdu@gmail.com
===================


No comments:

Post a Comment

സന്ദര്‍ശകര്‍ ഇതുവരെ...