Tuesday, August 04, 2009

ഇന്‍ഫോമാധ്യമം (413) - 27/07/2009


ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തിളക്കവുമായി ഗൂഗിള്‍

ടി.വി.സിജു
tvsiju@gmail.com

എന്തിനും ഏതിനും ഉത്തരം ഞൊടിയിടയില്‍ ലഭിക്കുമെന്നതാണ് ഇന്റര്‍നെറ്റിന്റെ പ്രധാന മേന്മ. അതുകൊണ്ടുതന്നെ ഇന്ന് പലര്‍ക്കും ഇതിനെ പിരിഞ്ഞിരിക്കാന്‍ വയ്യെന്നായിട്ടുണ്ട്. ഇതിന്റെ അഡിക്റ്റുകളാകുന്നവരും നിരവധി. ഇന്റര്‍നെറ്റില്ലാതെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥയും നിലവിലുണ്ടെന്ന് ബ്രിട്ടണില്‍ നടത്തിയ സര്‍വ്വെ ഫലത്തിലൂടെ പുറത്തുവന്നു കഴിഞ്ഞു. ഇന്റര്‍നെറ്റ് എന്നാല്‍ അത് ഗൂഗിള്‍ എന്നാണ് ഇന്ന് പലരും കരുതുന്നത്. ഈയൊരു സാഹചര്യത്തിനിടയിലാണ് ഗൂഗിള്‍ പുതിയ ഓപ്പണ്‍ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി രംഗത്തെത്തുന്നത്. ഗൂഗിള്‍ ക്രോം ^ അതാണ് പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പേര്. തികച്ചും വെബ് അധിഷ്ഠിതമായിരിക്കും ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം. കൂടുതല്‍ നേരം വെബില്‍ ചെലവഴിക്കുന്നവരെ നോട്ടമിട്ടാണ് ഇത് തയ്യാറാവുന്നത്. സാധാരണ ഉപയോക്താവിന് വേണ്ടതും അതിലപ്പുറവും ചെയ്യാന്‍ ഇന്ന് വെബ് അധിഷ്ഠിത സംവിധാനത്തിന് കെല്പുണ്ട്. ഇതുതന്നെയാണ് ഗൂഗിള്‍ ചൂഷണം ചെയ്യാനൊരുങ്ങുന്നത്.

ക്രോമിന്റെ തിളക്കം

സെക്കന്റുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമാകുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം, അതാണ് ഗൂഗിളിന്റെ ലക്ഷ്യം. വേഗതയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ ഉപയോക്താക്കളെ കൈയിലെടുക്കാനാണ് ശ്രമം. ലാളിത്യവും സുരക്ഷതത്വവും ഇതിന്റെ മുഖമുദ്രയായിരിക്കും. സിസ്റ്റം ഓണ്‍ ചെയ്യുന്നതോടെ ക്രോം മിഴിതുറക്കുന്നതു വെബിലായിരിക്കും. കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനുള്ള അപ്ളിക്കേഷന്‍ സോഫ്റ്റ്വെയറൊന്നും ഇനി വന്‍ വിലകൊടുത്ത് വാങ്ങേണ്ടതില്ല. വെബിലൂടെ അതെല്ലാം ലഭ്യമാക്കാനാണ് നീക്കം. പുതിയ ഹാര്‍ഡ്വെയര്‍ സംവിധാനങ്ങള്‍ ചേര്‍ക്കണോ? തലപുണ്ണാക്കേണ്ട. ഇക്കാര്യത്തിനൊന്നും ഉപയോക്താക്കള്‍ കൂടുതല്‍ സമയം കമ്പ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്ന് മുഷിയേണ്ടതുമില്ല. വൈറസ് അപ്ഡേറ്റോ സോഫ്റ്റ്വെയര്‍ അപ്ഡേറ്റോ നടത്തിയില്ലെന്ന ഭയവും ഇനി വേണ്ട. ഇതെല്ലാം തങ്ങള്‍ക്ക് വിട്ടേക്കൂ എന്നാണ് ഗൂഗിള്‍ പറയുന്നത്. തങ്ങളുടെ ഔദ്യോഗിക ബ്ളോഗ് വഴി ഗൂഗിള്‍ നല്‍കുന്ന വിവരങ്ങളാണിത്.

അപ്ളിക്കേഷന്‍ ഡവലപ്പര്‍മാരുടെ പ്ളാറ്റ്ഫോമായ വെബിലാണ് ഗൂഗിളിന്റെയും കണ്ണ്. എല്ലാ വെബ് അപ്ളിക്കേഷനുകളും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിപ്പിക്കാന്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ സാധ്യമാകുമെന്നാണ് നിരീക്ഷണം. ഇതിലുപയോഗിക്കുന്ന വെബ് അധിഷ്ഠിത പ്രോഗ്രാമുകള്‍ വിന്‍ഡോസ്, ലിനക്സ് അടക്കമുള്ള മറ്റേത് സ്റ്റാന്‍ഡേര്‍ഡ് പ്ലാറ്റ്ഫോമിലും പ്രവര്‍ത്തിക്കുകയും ചെയ്യും. നെറ്റ്ബുക്കിനെയാണ് ക്രോം ആദ്യം ലക്ഷ്യമിടുന്നതെങ്കിലും നോട്ടം ഡെസ്ക്ക്ടോപ്പ് മേഖലയിലേക്ക് തന്നെയാണ്. സ്മാര്‍ട്ട് ഫോണുകള്‍ അടക്കമുള്ള പുതുതലമുറ ഫോണുകള്‍ ഉപയോഗിക്കുന്ന ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് വ്യത്യസ്തമായ പ്രോജക്ടാണിത്.
ഗൂഗിളും മൈക്രോസോഫ്റ്റും

മൈക്രോസോഫ്റ്റിനു നേരെ ഗൂഗിള്‍ തുറന്ന യുദ്ധം ആരംഭിച്ചിട്ട് കുറച്ച് മാസമേ ആവുന്നുള്ളൂ. അതിന്റെ മുന്നോടിയായിരുന്നു ഒമ്പതു മാസം മുമ്പ് ഗൂഗിള്‍ ക്രോം എന്ന പേരില്‍ ഇന്റര്‍നെറ്റ് ബ്രൌസര്‍ പുറത്തിറക്കിയത്. ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ മൂന്ന് കോടിയിലധികമാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരുന്നതും. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുള്ള ആദ്യത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ച ആപ്പിളിനെ മറികടന്ന് മൈക്രോസോഫ്റ്റ് വിന്‍ഡോസിലൂടെ വിപണി പിടിച്ചെടുത്തത് ചരിത്രമാണ്. വിശ്വാസ്യതയും ഡാറ്റാ സുരക്ഷയും സ്ഥിരതയും കൈമുതലാക്കിയ ഗ്നൂ ലിനക്സ് സങ്കേതങ്ങള്‍ സെര്‍വര്‍ വിപണിയില്‍ മൈക്രോസോഫ്റ്റിനെ പിന്നിലാക്കിയതും ആരും മറന്നുപോയിട്ടില്ല. ഇതിനൊക്കെ ഇടയിലേക്കാണ് ലോഹത്തിന്റെ തിളക്കവുമായി ഗൂഗിള്‍ ക്രോം വരുന്നത്. ഇതില്‍ ആരൊക്കെ തിളങ്ങും. ആരൊക്കെ 'ജാലിക' പൂട്ടും? കണ്ടറിയേണ്ടതു തന്നെ.

യാഹുവിനെ കൂട്ടുപിടിച്ച് ഗൂഗിളിനെ വെല്ലുവിളിക്കാന്‍ മൈക്രോസോഫ്റ്റ് നേരത്തെ ശ്രമിച്ചതാണ്. പക്ഷെ, ആ ശ്രമം വിജയിച്ചില്ല. ഏറെ വിജയ സാധ്യത മുന്നില്‍ കണ്ട് പുറത്തിറക്കിയ 'വിന്‍ഡോസ് വിസ്റ്റ' ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും വിപണിയില്‍ ശോഭിക്കാനായില്ല. അതിന്റെ ക്ഷീണം മാറ്റാനാണ് പോരായ്മകള്‍ പരിഹരിച്ച് 'വിന്‍ഡോസ് 7' എന്ന പുതിയൊരു ഓപ്പറേറ്റിംഗ് സിസ്റ്റം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ധ്രുതഗതിയില്‍ കാര്യങ്ങള്‍ നടന്നുവരുമ്പോഴാണ് മൈക്രോസോഫ്റ്റിനു മേല്‍ ഗൂഗിള്‍ അണുബോംബിട്ടു എന്ന രീതിയില്‍ സാങ്കേതിക ലോകത്ത് പ്രചാരം ലഭിച്ച പുതിയ തീരുമാനം സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ പ്രഖ്യാപിക്കുന്നത്. ബോംബ് പൊട്ടിയാലും ഇല്ലെങ്കിലും മൈക്രോസോഫ്റ്റ് ഗൂഗിള്‍ മത്സരം ഉപയോക്താക്കള്‍ക്ക് നല്‍കുന്നത് ഏറെ പ്രതീക്ഷകളാണ്.

പരിമിതികള്‍ കാണുമെങ്കിലും രണ്ടു ദശാബ്ദത്തിലേറെ പ്രവൃത്തി പരിചയമുള്ള മൈക്രോസോഫ്റ്റിനെ വെല്ലാന്‍ ഗൂഗിള്‍ ക്രോമിന് ചുരുങ്ങിയ വര്‍ഷങ്ങള്‍ മതിയാകുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. മൈക്രോസോഫ്റ്റും വിട്ടുകൊടുക്കുമെന്ന് തോന്നുന്നില്ല. ക്ളൌഡ് കമ്പ്യൂട്ടിംഗില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ആവുന്നതൊക്കെ പയറ്റാന്‍ അവരും തയ്യാര്‍. ഗൂഗിള്‍ ഡോക്സിന്റെ മാതൃകയില്‍ തങ്ങളുടെ ഓഫീസ് സോഫ്റ്റ്വെയറുകള്‍ തന്നെ ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനത്തിനും മൈക്രോസോഫ്റ്റ് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.
*****

'ഗൂഗോളവല്‍ക്കരണം' - നേട്ടം കമ്പ്യൂട്ടര്‍ ലോകത്തിന്

വി.കെ. ആദര്‍ശ്
adarshpillai@gmail.com

ഒമ്പത് മാസം മുമ്പ് ക്രോം വെബ് ബ്രൌസര്‍ ഗൂഗിള്‍ കുടുംബത്തില്‍ നിന്ന് ഇറക്കിയ കാലം മുതലോ അല്ലെങ്കില്‍ അതിന് മുമ്പ് തന്നെയോ ഗൂഗിള്‍ എന്ന 'വിസ്മയ' സ്ഥാപനത്തില്‍ നിന്ന് ലക്ഷണമൊത്ത ഒരു ഓപറേറ്റിംഗ് സിസ്റ്റം എത്തുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയായിരുന്നു. ഇതിന്റെ സാക്ഷാത്ക്കാരമെന്നോണം ഗൂഗിള്‍ തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ വരവ് പ്രഖ്യാപിച്ചുകഴിഞ്ഞു. മള്‍ട്ടി പ്രോസസ് വെബ് ബ്രൌസറായ ക്രോമിനെ രൂപപരിവര്‍ത്തനം നടത്തിയാണ് ഓപറേറ്റിംഗ് സിസ്റ്റമാക്കുന്നതെന്നാണ് വിപണി വര്‍ത്തമാനം. ഓപണ്‍ സോഴ്സ് അടിസ്ഥാനമാക്കിയാണ് ഇതിന്റെ കടന്നുവരവ്. അടുത്തവര്‍ഷം അവസാനത്തോടെ നെറ്റ്ബുക്കുകള്‍ക്ക് വേണ്ടിയായിരിക്കും പുതിയ താരം അവതരിക്കുക. കമ്പ്യൂട്ടറിന് പകരം വെബിലാവും അടിസ്ഥാന ഫയലുകള്‍ സൂക്ഷിക്കുക. അതായത് പരിമിതമായ ഓപറേറ്റിംഗ് സിസ്റ്റം ഫയലുകള്‍ മാത്രം നമ്മുടെ കമ്പ്യൂട്ടറിലും ബാക്കിയുള്ള ആപ്ലിക്കേഷന്‍ പാക്കേജുകള്‍ വെബിലും. ഗൂഗിള്‍ ഡോക്സ് എന്ന പേരില്‍ എം.എസ്. ഓഫീസിന് സമാനമായ സേവനങ്ങള്‍ ഇപ്പോള്‍ തന്നെ നെറ്റില്‍ ലഭ്യമാണല്ലോ. അതായത് യഥാര്‍ഥ വെല്ലുവിളി മൈക്രോസോഫ്റ്റിന് തന്നെ എന്നര്‍ഥം.

അതേസമയം പുതിയ ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ലിനക്സ് കേര്‍ണലില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ പ്രിന്റര്‍ പോലുള്ള അനുബന്ധ ഉപകരണങ്ങളുടെ നിര്‍മ്മാതാക്കള്‍ ഇനിമുതല്‍ ഡ്രൈവര്‍ ഫയലുകള്‍ വിന്‍ഡോസിന് പുറമെ ലിനക്സ് പ്ലാറ്റ്ഫോമിന് വേണ്ടിയും നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതരാകും. ഇത് പരോക്ഷമായി ഇതര ലിനക്സ് അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കും പൊതുവെ കമ്പ്യൂട്ടര്‍ ലോകത്തിനും ഗുണം ചെയ്യും. പൂര്‍ണ്ണമായും വെബ് അധിഷ്ഠിതമായി കമ്പ്യൂട്ടിംഗ് മാറുന്നതോടെ പുതിയ പതിപ്പുകള്‍ അപ്ഡേറ്റ് ചെയ്യാനും ആന്റിവൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോക്താക്കള്‍ ഓടേണ്ടതില്ല. ഇതെല്ലാം കേന്ദ്രീകൃതമായി ഗൂഗിള്‍ നോക്കിക്കൊള്ളും. സാധാരണ ഇ-മെയില്‍ ആശയത്തെ ജിമെയില്‍ എങ്ങനെയാണ് അടിമുടി മാറ്റിമറിച്ചുവെന്നതിന് സമീപകാല ചരിത്രം സാക്ഷി. ഗൂഗിള്‍ പ്രേമികളിപ്പോള്‍ ഇ-മെയില്‍ വിലാസം എന്നതിപകരം ജിമെയില്‍ വിലാസം എന്നാണെഴുതുന്നത്. ലോകം 'ഇ'^മയത്തിനു പകരം 'ജി'-മയമായിത്തീരുകയാണ്. കമ്പ്യൂട്ടര്‍ ലോകത്തെ പുതിയ വര്‍ത്തമാനങ്ങള്‍ 'ഗൂഗോളവല്‍ക്കരണ'ത്തെ ശരി വെക്കുന്ന തരത്തിലാണ് നീങ്ങുന്നത്.
*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

ഇമേജ് സെര്‍ച്ച്

ഗൂഗിള്‍, എം.എസ്.എന്‍, യാഹൂ തുടങ്ങിയ വമ്പന്മാരുടെ ഇമേജ് സെര്‍ച്ച് എഞ്ചിനുകള്‍ മുതല്‍ താരതമ്യേന അപ്രശസ്തങ്ങളെങ്കിലും ചില പ്രത്യേക രീതിയിലെ ആവശ്യക്കാരെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായ സ്പെഷ്യലൈസ്ഡ് സെര്‍ച്ച് എഞ്ചിനുകള്‍ വരെ വൈവിധ്യമേറിയ നിരവധി സെര്‍ച്ച് എഞ്ചിനുകളെക്കുറിച്ച് മുന്‍ കാലങ്ങളില്‍ ഈ പംക്തിയില്‍ പരാമര്‍ശിച്ചിരുന്നത് വായനക്കാര്‍ മറന്നുകാണില്ലല്ലോ. അവക്കൊന്നുമില്ലാത്ത, എന്നാല്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെ ആഗ്രഹിക്കാനിടയുള്ള ചില സവിശേഷതകളോടു കൂടിയ ഒരു ഇമേജ് സെര്‍ച്ച് എഞ്ചിനാണ് ഈ ആഴ്ച പരിചയപ്പെടുത്തുന്നത് - 'മള്‍ട്ടി കളര്‍ സെര്‍ച്ച് ലാബ്' എന്ന പേരില്‍ അറിയപ്പെടുന്ന http://labs.ideeinc.com/multicolr/#colors=271f90,000000;.

നമുക്കിഷ്ടമുള്ള കളര്‍ കോമ്പിനേഷനുകളോട് കൂടിയ ചിത്രങ്ങള്‍ ഫ്ളിക്റി (Flickr)ന്റെ പത്തുകോടിയിലധികമുള്ള ഇമേജ് ശേഖരത്തില്‍ നിന്ന് വളരെ എളുപ്പത്തില്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്നു എന്നതാണ് ഈ സെര്‍ച്ച് എഞ്ചിന്റെ പ്രത്യേകത. മുഖപ്പെജിന്റെ വലതുഭാഗത്തു കാണുന്ന ചായപ്പലക (Colour Palette) യില്‍ ഏതു നിറത്തില്‍ ക്ലിക് ചെയ്താലും അതേ നിറത്തിലുള്ള കൂറേ ചിത്രങ്ങളുടെ തമ്പ്നെയില്‍ മാതൃകകള്‍ സ്ക്രീനില്‍ വരിവരിയായി അണിനിരക്കും. ആവശ്യമുള്ള തമ്പ്നെയിലില്‍ ക്ലിക് ചെയ്ത് പ്രിവ്യൂ കണ്ടശേഷം തൃപ്തികരമായവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ചായപ്പലകയില്‍ ലഭ്യമായ നൂറ്റിഇരുപത് നിറങ്ങളില്‍ ഒരേസമയം പത്തെണ്ണം വരെ തെരഞ്ഞെടുക്കന്‍ സാധിക്കുന്നു.
*****

2 comments:

  1. പ്രിയാ കൂട്ടരേ.തങ്ങളുടെ ബ്ളോഗ്‌ വളരെ നന്നായിരിക്കുന്നു. തങ്ങളെ സികളരി ബ്ളോഗ്‌ ജാലകത്തിലേക്ക്‌ ക്ഷണിക്കുന്നു.സികളരി ബ്ളോഗ്‌ ജാലകത്തില്‍ ഈ ബ്ളോഗ്‌ സമര്‍പ്പിക്കാവുന്നതാണ്‌.അതുവഴി തങ്ങളുടെ ബ്ളോഗിനു കൂടുതല്‍ സന്ദര്‍ശകരെയും ലഭിക്കും. സികളരിയുടെ മറ്റൊരു പ്രത്യേകതയാണ്‌ Ckalari Toolbar സികളരിയില്‍ സമര്‍പ്പിക്കുന്ന ബ്ളോഗുകളും വെബ്സൈറ്റുകളും ഈ Toolbarല്‍ ചേര്‍ക്കൂന്നതായിരിക്കും,അതുവഴി താങ്ങള്‍ക്ക്‌ പുതിയാ ബ്ളോഗുകളെ കുറിച്ച്‌ അറിവും തങ്ങളുടെ ബ്ളോഗിന്‌ കൂടുതല്‍ സന്ദര്‍ശകരെയും ലഭിക്കുന്നു ഈ Toolbarനു ഇപ്പോള്‍ പതിനായിരത്തിലധികം ഉപയോക്താക്കളുണ്ട്‌ So visit http://www.ckalari.com ,submit your Blog and Download our Toolbar

    ReplyDelete
  2. പ്രിയാ കൂട്ടരേ.തങ്ങളുടെ ബ്ളോഗ്‌ വളരെ നന്നായിരിക്കുന്നു. തങ്ങളെ സികളരി ബ്ളോഗ്‌ ജാലകത്തിലേക്ക്‌ ക്ഷണിക്കുന്നു.സികളരി ബ്ളോഗ്‌ ജാലകത്തില്‍ ഈ ബ്ളോഗ്‌ സമര്‍പ്പിക്കാവുന്നതാണ്‌.അതുവഴി തങ്ങളുടെ ബ്ളോഗിനു കൂടുതല്‍ സന്ദര്‍ശകരെയും ലഭിക്കും. സികളരിയുടെ മറ്റൊരു പ്രത്യേകതയാണ്‌ Ckalari Toolbar സികളരിയില്‍ സമര്‍പ്പിക്കുന്ന ബ്ളോഗുകളും വെബ്സൈറ്റുകളും ഈ Toolbarല്‍ ചേര്‍ക്കൂന്നതായിരിക്കും,അതുവഴി താങ്ങള്‍ക്ക്‌ പുതിയാ ബ്ളോഗുകളെ കുറിച്ച്‌ അറിവും തങ്ങളുടെ ബ്ളോഗിന്‌ കൂടുതല്‍ സന്ദര്‍ശകരെയും ലഭിക്കുന്നു ഈ Toolbarനു ഇപ്പോള്‍ പതിനായിരത്തിലധികം ഉപയോക്താക്കളുണ്ട്‌ So visit http://www.ckalari.com ,submit your Blog and Download our Toolbar

    ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...