Tuesday, August 04, 2009

ഇന്‍ഫോമാധ്യമം (007) - 24/9/2000

നാളെയുടെ ആവശ്യങ്ങള്‍ കണ്ടെത്തി മുന്നേറുക

കോര്‍ക്കറസ്
korkaras@gmail.com

ഇന്റര്‍നെറ്റ് യുഗത്തിലെ ബിസിനസ്സ് സംരംഭങ്ങളില്‍ മുഖ്യമായും പരിഗണിക്കേണ്ടത് നാളെയുടെ ആവശ്യങ്ങളാണ്. ടെക്നോളജിയുടെ വികസനത്തിനനുസരിച്ച് ആധുനിക മനുഷ്യന്റെ താല്‍പര്യങ്ങളില്‍ അതിവേഗം മാറ്റങ്ങള്‍ ദൃശ്യമാവുന്നു. പരമ്പരാഗത സാമ്പത്തിക ഘടനയില്‍ ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് തങ്ങളുടെ ആഭ്യന്തര വിപണിയില്‍ വിദേശ നിര്‍മ്മിത ഉല്‍പന്നങ്ങളുടെ വരവിന് തടയിടാനും പ്രാദേശിക ഉല്‍പന്നങ്ങള്‍ അതെത്ര ഗുണം കുറഞ്ഞതായിരുന്നാലും വിറ്റഴിക്കാനും ഏറെക്കുറെ സാധ്യമായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് യുഗത്തിലെ സാമ്പത്തിക ഘടന അതനുവദിക്കുകയില്ല. ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ പുതുയുഗത്തിലെ വ്യാപാര ബന്ധങ്ങള്‍ക്ക് അതിരുകളും പരിധികളും ഇല്ലാതാവുകയാണല്ലോ. എല്ലാവര്‍ക്കും എല്ലാ വിപണിയിലും മല്‍സരിക്കാനവസരമുണ്ട്. അര്‍ഹതയുള്ളത് മാത്രം അതിജയിക്കുന്നു. അല്ലാത്തവ പരാജയപ്പെടുന്നു.

വികസിത രാജ്യങ്ങളിലെ കുത്തക ത്സാപനങ്ങളോട് മല്‍സരിച്ച് നിലനില്‍പിനുള്ള അര്‍ഹത നേടുന്നതെങ്ങനെയാണെന്നതാണ് പ്രശ്നം. ടെക്നോളജിയെ ടെക്നോളജി കൊണ്ട് നേരിടലാണ് അര്‍ഹതക്കുള്ള ഏക മാര്‍ഗ്ഗം. വിദേശ കുത്തകകളുടെ കുത്തൊഴുക്കിന് തടയിടാനും സാമ്പത്തിക മേഖലയിലെ ആഗോളവല്‍ക്കരണത്തില്‍ ലോകത്തെ ഇതര ജനവിഭാഗത്തോടൊപ്പം മല്‍സരിക്കാനും ഈ ഒരൊറ്റ പോംവഴി മാത്രമേ നമ്മുടെ മുമ്പിലവശേഷിക്കുന്നുള്ളൂ.

നാളെയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പുതിയ ബിസിനസ്സ് സംരംഭങ്ങളില്‍ ബുദ്ധിയും വ്യയവും മുതലിറക്കാന്‍ നമുക്കും സാധ്യമാവണം. അവസരങ്ങളുടെ കവാടം എല്ലാവര്‍ക്ക് മുമ്പിലും തുറന്നിട്ടിരിക്കയാണ്. അത് പ്രയോജനപ്പെടുത്താന്‍ നാം മുന്നോട്ട് വരണമെന്നേയുള്ളൂ.

കമ്പ്യൂട്ടര്‍ പരിജാനത്തോടൊപ്പം ഒരല്‍പം സാഹസികതയും കൂടി കൈമുതലായുണ്ടെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് കൊച്ചു കുട്ടികള്‍ക്ക് പോലും പുതിയ സംരംഭങ്ങളുമായി മുന്നേറാനാവും. ആദ്യമായി ഈ രംഗം ഇത് വരെ തരണം ചെയ്ത ഘട്ടങ്ങളെസ്സംബന്ധിച്ച് വ്യക്തമായൊരു ധാരണയുണ്ടാക്കുക. നിലവില്‍ ഈ രംഗത്ത് നടക്കുന്ന പുരോഗതിയെക്കുറിച്ച് കിട്ടാവുന്നേടത്തോളം വസ്തുതകള്‍ ശേഖരിക്കുക. ലഭ്യമായ വസ്തുതകള്‍ വിശകലനത്തിന് വിധേയമാക്കി നാളെത്തെ ലോകത്തെസ്സംബന്ധിച്ച് നല്ലൊരു കാഴ്ചപ്പാടുണ്ടാക്കുക. സാമൂഹികം, സാമ്പത്തികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ രംഗങ്ങളില്‍ പുതുയുഗത്തിന്റെ ആവശ്യങ്ങളെന്തെല്ലാമായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടെത്തുക. ഇവ നിര്‍വഹിക്കാനാവശ്യമായ ടെക്നോളജി, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ ഏതെല്ലാമായിരിക്കുമെന്നും നിര്‍ണയിക്കുക. അവയുടെ പ്രാധാന്യവും പ്രാമുഖ്യവും കണക്കിലെടുത്ത് മുന്‍ഗണനാ ക്രമമനുസരിച്ച് ഒരു പട്ടിക തയ്യാറാക്കുക. തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ തനിക്ക് നിര്‍വഹിക്കാന്‍ സാധ്യമാവുന്ന ഏറ്റവും ലാഭകരമായ പദ്ധതി തെരഞ്ഞെടുത്ത് മുന്നേറുക. വിജയം സുനിശ്ചിതം.
*****

അതിര് വിടുന്ന ഇ-മെയില്‍ ദുരുപയോഗം

കെ.യു. ഇഖ്ബാല്‍
iqbal.ku@al-sawani.com

മനുഷ്യ പുരോഗതിയുടെ പ്രയാണത്തിന് പുറകില്‍ നന്മ നിറഞ്ഞ ഉദ്ദേശങ്ങളോടെ നടത്തിയ ഒരുപാട് പരീക്ഷണങ്ങളുണ്ട്. ശാസ്ത്രീയ നേട്ടങ്ങളുടെ പരമ്പര തന്നെയുണ്ട്. വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമങ്ങള്‍ക്ക് പുറകിലെ ലക്ഷ്യവും പുരോഗതിക്ക് വേഗം കൂട്ടല്‍ തന്നെയാണ്. വെടി മരുന്നിന്റെ കണ്ട് പിടുത്തത്തിന് വിപരീത ഫലമുണ്ടായത് പോലെ അപകടകരമായ രീതീയിലേക്ക് വിവര സാങ്കേതിക വിദ്യ നീങ്ങുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഇന്റര്‍നെറ്റിന്റെ അത്ഭുത ലോകത്ത് പതുങ്ങിയിരിക്കുന്ന തിന്മകളിലേക്കാണ് നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ പേരും നീങ്ങുന്നത്. വിജാനത്തിന്റെ വിശാല ലോകം തുറന്ന് തരുന്ന ഇന്റര്‍നെറ്റിനെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നവരെക്കാള്‍ അതിനെ ദുരുപയോഗപ്പെടുത്തുന്നവരാണ് എങ്ങും. അപഥ സഞ്ചാരത്തിന്റെ അപകടങ്ങളിലേക്ക് സൈബര്‍ പാതകളിലൂടെ യാത്ര ചെയ്യാനാണ് യുവ തലമുറക്ക് താല്‍പര്യം.

വാര്‍ത്താ വിതരണ രംഗത്ത് പുരോഗതിയുടെ വിസ്ഫോടനം സൃഷ്ടിച്ച ഇ-മെയിലിനുമുണ്ട് രണ്ട് മുഖങ്ങള്‍. ഇ^മെയില്‍ സംവിധാനം ഇന്ന് വന്‍ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. സ്വന്തം ഭാര്യാ സഹോദരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇ-മെയില്‍ സംവിധാനം ഉപയോഗിച്ച വിരുതനെ ദല്‍ഹി പോലീസ് കുടുക്കിയ വാര്‍ത്ത നാം മറന്നിട്ടില്ലല്ലോ.

പെണ്‍കുട്ടികളുടെ ഇ-മെയില്‍ വിലാസങ്ങളാണ് കൂടുതലായും ദുരുപയോഗം പെയ്യപ്പെടുന്നത്. ഹോം പേജുകളില്‍ നിന്ന് കിട്ടുന്ന വിലാസങ്ങളിലേക്ക് ലൈംഗിക സാഹിത്യത്തിന്റെ മഹാ പ്രവാഹങ്ങള്‍ ഒഴുക്കി വിടുന്ന വിരുതന്‍മാര്‍ ധാരാളം. ഇയ്യിടെ ഞങ്ങള്‍ സുഹൃത്തുക്കള്‍ സ്ത്രീ നാമത്തില്‍ ഒരു ഇ^മെയില്‍ വിലാസമുണ്ടാക്കി. സൌഹൃദം അഭ്യര്‍ത്ഥിച്ച് കൊണ്ട് നൂറുക്കണക്കിന് ഇ^മെയില്‍ സന്ദേശങ്ങളാണ് ആ വിലാസത്തില്‍ എത്തിയത്. അതില്‍ ഒരു സന്ദേശത്തില്‍ നേരിട്ട് ലൈംഗിക ബന്ധത്തിനുള്ള ക്ഷണമായിരുന്നു. വിവാഹിതയായ സ്ത്രീയാണെങ്കിലേ ഇഷ്ടന് ബന്ധപ്പെടാന്‍ താല്‍പര്യമുള്ളൂവെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. വെര്‍ജിനായ പെണ്‍ കിടാങ്ങളെ കാമകേളി പഠിപ്പിച്ച് സമയം കളയാന്‍ അദ്ദേഹത്തിന് തീരെ താല്‍പര്യമില്ലത്രെ. അതാണ് വിവാഹിതകളെ ക്ഷണിച്ചത്.

നല്ല നിലയില്‍ തുടങ്ങുന്ന ചാറ്റിംഗ് പലപ്പോഴും എത്തിച്ചേരുന്നത് അരുതായ്മകളിലായിരിക്കും. വിജ്ഞാനം പങ്കുവെക്കുന്ന 'ചാറ്റിംഗും' ധാരാളമുണ്ട്. സിനിമാ താരങ്ങളുടെ വെബ് സൈറ്റുകളില്‍ അശ്ലീലത്തിന്റെ ആറാട്ട് തന്നെ കാണാം. എറണാകുളത്തെ പ്രശസ്തമായ ഒരു വനിതാ കലാലയത്തിലെ ആറേഴ് പെണ്‍ കിടാങ്ങളുടെ 'സെമി ന്യൂസ്' ഫോട്ടോകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയത് ഇ^മെയില്‍ വഴിയാണല്ലോ. മോര്‍ഫിംഗിലൂടെ ഏതെങ്കിലും ഒരു സ്ത്രീ നഗ്ന ശരീരത്തിന്റെ ഉടലില്‍ വിരോധമുള്ള ഒരു പെണ്ണിന്റെ തല ചേര്‍ത്ത് വെച്ച് പക പോക്കുന്നവര്‍ കമ്പ്യൂട്ടര്‍ വൈറസിന്റെ സ്രഷ്ടാക്കളെക്കാള്‍ അപകടകാരികളാണ്.
*****


ഇന്റര്‍നെറ്റും യുവ തലമുറയും

സ്വതന്ത്രമായ ആശയ വിനിമയത്തിന് കളമൊരുക്കുന്നുവെന്നത് ഇന്റര്‍നെറ്റിന്റെ മേന്മയാണെങ്കിലും പലപ്പോഴും അത് ദോഷ ഫലങ്ങളും ഉണ്ടാക്കിയേക്കാം. ഇന്റര്‍നെറ്റിന്റെ വ്യാപനത്തിനനുസരിച്ച് ഈ രംഗത്തെ കുറ്റ കൃത്യങ്ങളും വര്‍ദ്ധിക്കുകയാണ്. സൈബര്‍ ക്രൈം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി മാറിയിരിക്കയാണല്ലോ.

കൌമാര പ്രായക്കാരെയാണ് ഇത് ഏറെ സ്വാധീനിക്കുന്നത്. ഇവരെ വഴി തെറ്റിക്കാനാവശ്യമായ എല്ലായിനം വിഭവങ്ങളും ഇന്റര്‍നെറ്റില്‍ സുലഭമാണ്. കുത്തഴിഞ്ഞ ലൈംഗികത പ്രചരിപ്പിക്കന്ന സൈറ്റുകള്‍ അനുദിനം വര്‍ദ്ധിച്ച് വരുന്നു. മോഷണം, പിടിച്ച്പറി, അക്രമം തുടങ്ങിയ കുറ്റ കൃത്യങ്ങള്‍ പഠിപ്പിക്കാനും ഇന്റര്‍നെറ്റില്‍ പ്രത്യേകം സൈറ്റുകളുണ്ട്. ഇതിന് തടയിടാന്‍ അധികൃതര്‍ക്കാവുന്നില്ല. ചാറ്റ് റൂമുകളിലൂടെ അപരിചിതരുമായി സല്ലപിക്കുമ്പോള്‍ അവരില്‍ കുറ്റവാളികളും ദുഷ്ഠന്‍മാരുമുണ്ടായിരിക്കുമെന്നും ഓര്‍ക്കണം.

വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ഷനെടുക്കുന്ന രക്ഷിതാക്കളുടെ ഉത്തരവാദിത്തം വര്‍ദ്ധിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ പ്രയോജനപ്രദമായ ഉപയോഗം സംബന്ധിച്ച് തങ്ങളുടെ കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. അതേസമയം ഏറെ നേരത്തെ സ്വതന്ത്രമായ ഇന്റര്‍നെറ്റ് സെര്‍ഫിംഗിന് അവരെ ഒരക്കലും അനുവദിക്കരുത്. കഴിയുന്നേടത്തോളം കുട്ടികളുടെ കൂടെയിരുന്ന് അവര്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കുകയാണ് വേണ്ടത്. അതോടൊപ്പം അതിന്റെ ദുരുപയോഗം സംബന്ധിച്ച് സദാ ജാഗ്രത പുലര്‍ത്തുകയും വേണം
*****

അല്‍ വര്‍റാഖ്

അറബി ഭാഷയിലെ ക്ലാസിക് ഗ്രന്ധങ്ങള്‍ ലഭ്യമാക്കാന്‍ അല്‍ വര്‍റാഖ് (www.alwaraq.com) എന്ന സൈറ്റ് സന്ദര്‍ശിക്കുക. സാഹിത്യം, ചരിത്രം, ജീവ ചരിത്രം, യാത്രാ വിവരണം, ഖുര്‍ആന്‍ വിജാനം, ഹദീസ്്, ഇസ്ലാമിക കര്‍മ്മ ശാസ്ത്രം തുടങ്ങിയ നിരവധി വിഷയങ്ങളിലായി മുന്നൂറോളം ഗ്രന്ധങ്ങള്‍ ഇപ്പോള്‍ തന്നെ സൈറ്റിലൂടെ ലഭ്യമാക്കാം. പത്ത് ലക്ഷം പേജുകളുള്‍ക്കൊള്ളുന്ന ഗ്രന്ധ ശേഖരമെന്നാണ് സൈറ്റ് നിര്‍മ്മാതാക്കളവകാശപ്പെടുന്നത്. ആവശ്യമുള്ള പേജുകള്‍ സൌജന്യമായി ഡൌണ്‍ ലോഡ് ചെയ്യാനും സംവിധാനമുണ്ട്. രിയാദുസ്സാലിഹീന്‍, ഇഹ്യാ ഉലൂമുദ്ദീന്‍, തഫ്സീര്‍ ഖുര്‍ത്തുബി തുടങ്ങി കേരളത്തിലെ പള്ളി ദര്‍സുകളില്‍ പഠിപ്പിക്കുന്ന ദശക്കണക്കിന് ഗ്രന്ധങ്ങളും ഇതിലുള്‍പ്പെടുന്നു. കേരളീയര്‍ക്ക് പരിചിതമായ ഇബ്നു ബതൂത്തയുടെ യാത്രാ വിവരണവും സൈറ്റില്‍ ലഭ്യമാണ്. അബൂദാബിയിലെ കള്‍ച്ചറല്‍ കോംപ്ലക്സ് (www.cultural.org.ae) എന്ന സ്ഥാപനമാണ് ഏറെ പ്രയോജനപ്രദമായ ഈ സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സൈറ്റിലെ ഗ്രന്ധ ശേഖരങ്ങള്‍ ഇപ്പോഴും വിപുലീകരിച്ച് വരികയാണ്.
============

No comments:

Post a Comment

സന്ദര്‍ശകര്‍ ഇതുവരെ...