
നിങ്ങളുടെ സ്വന്തം ബ്ലോഗ് സെര്‍വര്‍ നിര്‍മ്മിക്കാം
മനോജ് കുമാര്‍ എ.പി
jalakapazhuthiloode.blogspot.com
പി.എച്ച്.പി എന്ന കമ്പ്യൂട്ടര്‍ ഭാഷയുടെ സാന്നിധ്യം ഇന്റര്‍നെറ്റില്‍ ഒട്ടേറെ പുയിയ സേവനങ്ങളും സൌകര്യങ്ങളും കടന്നുവരാന്‍ സഹായകമായി. ജീവസ്സുറ്റ വെബ്പേജുകളുടെ നിര്‍മ്മാണത്തിന് സഹായകമായ കമ്പ്യൂട്ടര്‍ സ്ക്രിപ്റ്റിംഗ് ഭാഷയാണിത്. ഇന്ന് ഏറെ ജനപ്രീതി നേടി മുന്നേറുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കുകളും വെര്‍ച്വല്‍ ട്രൈനിംഗ് സൈറ്റുകളും ഈ ഭാഷയുടെ തണലിലാണ് വളര്‍ന്നുപടര്‍ന്നത്. പി.എച്ച്.പിയും അതോടൊപ്പം എസ്.ക്യൂ.എല്‍ എന്ന ഡാറ്റാ ബെയ്സ് മാനേജ്മെന്റ് സിസ്റ്റവും കോര്‍ത്തിണക്കി കേവലം കമ്പ്യൂട്ടറില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്ക് പോലും ഒരു കൊച്ചു വിക്കിപീഡിയയോ ബ്ലോഗര്‍ പോലുള്ള വന്‍കിട വെബ്സൈറ്റോ സ്വന്തമായി തുടങ്ങുന്നതിന് സാധ്യമാകും. നിങ്ങള്‍ സ്വന്തമായി രൂപകല്‍പന ചെയ്ത ഒരു ചെറിയ ബ്ലോഗ് സേവനം എങ്ങനെ സെര്‍വറില്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് മനസ്സിലാക്കുന്നത് രസാവഹമായിരിക്കും. ഇതിന്നായി ഒരു സെര്‍വറും ബ്ലോഗ് സോഫ്റ്റ്വെയറും ലഭ്യമാക്കേണ്ടതുണ്ട്. നെറ്റില്‍ അതും സൌജന്യമായിത്തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നു.
ബ്ലോഗ് സോഫ്റ്റ്വെയര്‍
ഈ രീതിയില്‍ സൌജന്യമായി ഉപയോഗിക്കാവുന്ന ബ്ലോഗ് സോഫ്റ്റ്വെയര്‍ വേര്‍ഡ്പ്രസ് (wordpress.org) സൈറ്റില്‍ ലഭ്യമാണ്. പ്രോഗ്രാമിംഗിലും ഡാറ്റാബെയ്സിലും കാര്യമായ പരിഞ്ജഞാനം ഇല്ലാത്തവരാണെങ്കില്‍ ഇതിന്റെ 'റീഡ് മി' ഫയല്‍ വായിച്ച് മുന്നോട്ടു പോകാം. പ്രോഗ്രാം സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യുന്നതിന് മുമ്പായി സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തു പരീക്ഷിക്കാവുന്നതാണ്. ഇതിന് വേണ്ടി ഒരു വെര്‍ച്വല്‍ സെര്‍വറായി നമ്മുടെ കമ്പ്യൂട്ടറിനെ മാറ്റേണ്ടതുണ്ട്. wampserver.com എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന 'വാംപ്സെര്‍വര്‍' (wampserver) എന്ന സോഫ്റ്റ്വെയറുപയോഗിച്ച് ഇത് നിഷ്പ്രയാസം സാധ്യമാക്കാവുന്നതാണ്. സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്ത ശേഷം നേരത്തെ നിര്‍മ്മിച്ച വേര്‍ഡ്പ്രസ് പ്രോഗ്രാം ഫയല്‍ ഇതിലേക്ക് പകര്‍ത്തുക. വാംപ്സെര്‍വറിന്റെ ഫയലുകള്‍ സാധാരണ ഗതിയില്‍ 'സി' ഡ്രൈവില്‍ സ്ഥലം പിടിച്ചിരിക്കും. തുടര്‍ന്ന് Wamp ഫോള്‍ഡറിലെ www എന്ന ഫോള്‍ഡറിലേക്ക് ഈ ഫയലുകള്‍ മാറ്റുക. ഇതോടെ സിസ്റ്റം ട്രേയില്‍ സെര്‍വറിന്റെ ഐക്കണ്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. ഇതില്‍ പി.എച്ച്.പി മാനേജര്‍, എസ്.ക്യൂ.എല്‍ ഡാറ്റാബെയ്സ് എന്നിവക്ക് പുറമെ 'ലോക്കല്‍ ഹോസ്റ്റും' കാണാവുന്നതാണ്. ഇതാണ് നമ്മുടെ ലോക്കല്‍ ഇന്റര്‍നെറ്റ്. ഇതില്‍ ക്ലിക്ക് ചെയ്തു വാംപ് പ്രോഗ്രാമിന്റെ പ്രധാന പേജിലെത്താം. ഈ പേജില്‍ പ്രത്യക്ഷമാകുന്ന വേര്‍ഡ്പ്രസ് എന്ന ഐക്കണിലൂടെ നമുക്ക് സൈറ്റ് നിര്‍മ്മാണം തുടങ്ങാം.
ഇതിന്റെ മുന്നോടിയായി ബ്ലോഗിലെ ഡാറ്റ സ്റ്റോര്‍ ചെയ്യുന്നതിനാവശ്യമായ എസ്.ക്യൂ.എല്‍ ഡാറ്റാ ബെയ്സും ഒരു യൂസര്‍ അക്കൌണ്ടും ഉണ്ടാക്കേണ്ടതുണ്ട്. തുടര്‍ന്ന് www ഫോള്‍ഡറിലുള്ള വേര്‍ഡ്പ്രസ് സോഫ്റ്റ്വെയര്‍ ഓപണ്‍ ചെയ്തു യൂസര്‍ നെയിമും പാസ്വേര്‍ഡും നല്‍കി ഈ ഡാറ്റാബെയ്സ് സ്റ്റോര്‍ ചെയ്യുക. ഇതുസംബന്ധിച്ച വിശദമായ വിവരണങ്ങള്‍ മുകളില്‍ സൂചിപ്പിച്ച Read Me ഫയലില്‍ ലഭ്യമാണ്. ഇനി ഡാറ്റാബെയ്സിന്റെ ഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ട് വേര്‍ഡ്പ്രസ് ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കാം. കൂടുതല്‍ ബ്ലോഗ് ടെംപ്ലേറ്റുകള്‍ ആവശ്യമാണെങ്കില്‍ wordpress.org സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഇത്തരത്തില്‍ നിങ്ങളുടെ താല്‍പര്യമനുസരിച്ച് വേര്‍ഡ്പ്രസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇന ഫയലുകള്‍ യഥാര്‍ഥ സെര്‍വറിലേക്ക് മാറ്റാവുന്നതാണ്.
സൌജന്യ സെര്‍വര്‍
പി.എച്ച്.പി, എസ്.ക്യൂ.എല്‍ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന സൌജന്യ ലിനക്സ് സെര്‍വറിന്റെ സഹായം ലഭ്യമാക്കാന്‍ 000webhost.com എന്ന വെബ്സൈറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്. സൈറ്റില്‍ രജിസ്ത്രേഷന്‍ പൂര്‍ണ്ണമായാല്‍ ഡാറ്റാബെയ്സ് നിര്‍മ്മിക്കാം. ഡാറ്റാബെയ്സിന്റെ പേരും പാസ്വേര്‍ഡും കോണ്‍ഫിഗര്‍ ഫയലില്‍ ചേര്‍ക്കാന്‍ മറക്കരുത്.
സൌജന്യമായി ലഭ്യമാക്കാവുന്ന മറ്റൊരു വെബ് സോഫ്റ്റ്വെയറാണ് 'വിക്കിപീഡിയ'യുടേതെന്ന് പലര്‍ക്കും അറിയില്ല. ഇതുപയോഗിച്ച് നിങ്ങള്‍ക്കും സ്വന്തവും സ്വതന്ത്രവുമായ വിജ്ഞാനകോശം നിര്‍മ്മിക്കാം. നെറ്റില്‍ അതിപ്രശസ്തമായ വിക്കിപീഡിയയുടെ നിര്‍മ്മാണത്തിനായി രൂപകല്‍പന ചെയ്ത ഈ സോഫ്റ്റ്വെയര്‍ www.wikimedia.org സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ഥികള്‍ക്ക് കൂട്ടുസംരംഭമെന്ന നിലക്ക് ഇത്തരത്തിലെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാവുന്നതാണ്. സൌജന്യ കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റമെന്ന നിലക്ക് ഏറെ പ്രശസ്തി നേടിയ 'ഡ്രുപല്‍' എന്ന സോഫ്റ്റ്വെയര്‍ drupal.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. പി.എച്ച്.പി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇതര സോഫ്റ്റ്വെയറുകളും ഈ രീതിയില്‍ സൌജന്യമായി ലഭ്യമാക്കാവുന്നതാണ്.
ആശയവിനിമയത്തിനും ചര്‍ച്ചകള്‍ക്കും ചാറ്റിംഗിനും ഇത്തരത്തിലെ സോഫ്റ്റ്വെയറുകളുപയോഗിക്കാം. സ്കൂള്‍ മാഗസിനുകളുടെ ബ്ലോഗ് പതിപ്പ് തയ്യാറാക്കുന്നതിന് ഈ പുതിയ സങ്കേതം പ്രയോജനപ്പെടുത്താവുന്നതാണ്. ഡ്രുപല്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇത്തരത്തിലെ പതിനായിരക്കണക്കിന് സൈറ്റുകള്‍ നെറ്റില്‍ ഇതിനകം പ്രത്യക്ഷമായിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ ഐ.ടി മേഖലയിലെ പുതിയ സംരംഭങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ സാധ്യമാകുന്ന ഇതുപോലുള്ള ധാരാളം പുതിയ സങ്കേതങ്ങള്‍ നെറ്റില്‍ ലഭ്യമാണ്.
*****
കരുതിയിരിക്കുക, മൂന്നാം തലമുറ മൊബൈല്‍ ഫോണ്‍!
ദിലീപ് സേനാപതി
dileep.senapathy@gmail.com
ഫീല്‍ഡില്‍ പോയ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് പാര്‍ക്കില്‍ സമയം കളഞ്ഞാലോ? കോളേജില്‍ പോയ വിദ്യാര്‍ഥി തിയേറ്ററില്‍ കയറി സിനിമ കാണുന്നുവെങ്കിലോ? നിങ്ങള്‍ കണ്ണൂരിലായിരിക്കെ നിങ്ങളെ വിളിച്ച ഭാര്യയോട് ഞാന്‍ കൊല്ലത്താണെന്ന് കളവ് പറഞ്ഞാലോ? ഇനി ഇതൊന്നും നടക്കാന്‍ പോവുന്നില്ല. ഇത്തരം കള്ളത്തരങ്ങള്‍ എപ്പോഴും പിടിക്കപ്പെട്ടേക്കാം. ടെലി കമ്മ്യൂണിക്കേഷന്‍ മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാം തലമുറ (3G) മൊബൈല്‍ ഫോണിന്റെയും നെറ്റ്വര്‍ക്കിന്റെയും ആഗമനമാണ് ഈ അവസ്ഥയില്‍ നമ്മളെ എത്തിക്കുന്നത്. ഇന്ത്യയില്‍ വന്‍ നഗരങ്ങളില്‍ ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാര്‍ ഈ സേവനം തുടങ്ങിക്കഴിഞ്ഞു. അടുത്ത ഏതാനും വര്‍ഷങ്ങളിലായി നമ്മുടെ ഗ്രാമങ്ങളില്‍ വരെ '3ജി' സേവനം എത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
പുതിയ തലമുറ മൊബൈലിലെ ജി.പി.എസ് സൌകര്യമാണ് ഉപയോക്താവിന്റെ സ്ഥാന നിര്‍ണ്ണയത്തിന് സഹായിക്കുന്നത്. '3ജി' വരുന്നതോടെ നിലവിലെ എസ്.എം.എസ് സേവനം എം.എം.എസ്സായി മാറും. അതായത് 'മള്‍ട്ടിമീഡിയ മെസ്സേജിംഗ് സര്‍വീസ്'. എസ്.എം.എസ് അയക്കുന്നത് പോലെ ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവയൊക്കെ നിഷ്പ്രയാസം ആര്‍ക്കും കൈമാറാനാവും. മൊബൈലില്‍ ഇന്ന് കേള്‍ക്കുന്ന എം.പി 3 പാട്ടുകള്‍ക്ക് പകരം ടി.വി പരിപാടികളും ചാനലുകളും ലഭ്യമാക്കാം. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ട് മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇപ്പോള്‍ 8^9 മിനിറ്റ് സമയമെടുക്കുന്ന സ്ഥാനത്ത് മൂന്നാം തലമുറ മൊബൈലില്‍ 14^15 സെക്കന്റുകള്‍ മാത്രമേ എടുക്കൂ.
പരസ്പരം കണ്ടുകൊണ്ട് സംസാരിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. തൊട്ടടുത്തിരുന്ന് സംസാരിക്കുന്നതുപോലെ അത്യധികം വ്യക്തതയോടെ സംസാരം ശ്രവിക്കുകയും ചെയ്യാം. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനവും ഇതൊരുക്കുന്നു. നിലവില്‍ ശബ്ദത്തിന് ഊന്നല്‍ നല്‍കുന്ന 2ജി, 2.5ജി സേവനങ്ങള്‍ കാഴ്ചവെക്കുന്ന മൊബൈലുകളെക്കാള്‍ ഒട്ടേറെ സവിശേഷതകളുമായിട്ടാണ് 3ജി കടന്നുവരുന്നത്.
*****
വെബ് കൌതുകങ്ങള്‍
ഇംഗ്ലീഷ് സംസാരിക്കാം
റയിസ്ല മര്‍യം
raizlamaryam@hotmail.com
'സ്പോക്കണ്‍ ഇംഗ്ലീഷ്' സേവനം നല്‍കുന്ന സ്ഥാപനക്കാരെ തട്ടിത്തടഞ്ഞ് വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ നമ്മുടെ നാട്ടില്‍. ക്ലാസ് തുടങ്ങി ആദ്യത്തെ അഞ്ചു മിനിറ്റു മുതല്‍തന്നെ ആരെയും ഇംഗ്ലീഷ് മണിമണിയായി സംസാരിച്ചു തുടങ്ങാന്‍ പ്രാപ്തരാക്കുന്ന നാടന്‍ ഇനങ്ങള്‍ മുതല്‍ മണിബാക്ക് ഗാരണ്ടിയോടെ ഈ 'മഹാരോഗത്തെ' രക്തത്തില്‍ ലയിപ്പിക്കുന്ന അല്‍പം കൂടിയ ഇനങ്ങള്‍ വരെ മാര്‍ക്കറ്റില്‍ സജീവമാണ്. പക്ഷേ ഇവരില്‍ മിക്കവരുടെയും ക്ലാസുകളില്‍ ഏതാനും ദിവസങ്ങള്‍ പോയിക്കഴിയുമ്പോഴാണ് പറ്റിയ അമളിയുടെ വ്യാപ്തി വ്യക്തമാവുക. ധനനഷ്ടം, മാനഹാനി ഇവ രണ്ടും കൂടിയാകുമ്പോള്‍ സംഗതി പുറത്തു പറയാതെ പലരും പിന്‍വാങ്ങും. എന്നാല്‍ ഈവക റിസ്കുകളൊന്നും കൂടാതെ, യാതൊരുവിധ പണച്ചെലവുമില്ലാതെ, സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ധാരാളം വെബ്സൈറ്റുകള്‍ നെറ്റില്‍ സെര്‍ച്ചു ചെയ്താല്‍ കാണാന്‍ കഴിയും. ആ വര്‍ഗത്തില്‍പെട്ട മികച്ച സൈറ്റുകളിലാാെണ് www.freeenglishnow.com. വിവിധ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കേണ്ട സംഭാഷണ ശകലങ്ങള്‍ കേട്ടും അവ ഉച്ചത്തില്‍ സ്വയം പറഞ്ഞുകൊണ്ടും പരിശീലിപ്പിക്കുന്ന അദ്ധ്യയന തന്ത്രമാണ് സമാന സ്വഭാവമുള്ള മറ്റു വെബ്സൈറ്റുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. ഓരോ പാഠഭാഗവും പലവുരു ആവര്‍ത്തിച്ച് ഹൃദിസ്ഥമാക്കിയ ശേഷം സ്ക്രീനില്‍ എഴുതിക്കാണിക്കുതു നോക്കാതെ പറഞ്ഞു ശീലിക്കാം. സംഭാഷണങ്ങളില്‍ അവശ്യം ആവശ്യമായ പദങ്ങളും അവയുടെ അര്‍ത്ഥങ്ങളുമെല്ലാം വിശദീകരിക്കുതോടൊപ്പം അവ വിവിധ സന്ദര്‍ഭങ്ങളില്‍ എപ്രകാരമാണ് ഉപയോഗിക്കേണ്ടതെതുമെല്ലാം സൈറ്റില്‍ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.
*****
No comments:
Post a Comment