സജീവമാകുന്ന വിഡിയോ ബ്ലോഗിംഗ്
ബ്ലോഗുകളില്‍ അക്ഷരങ്ങള്‍ക്ക് പകരം വീഡിയോ ഉപയോഗിക്കുമ്പോള്‍ അതിന് 'വ്ലോഗിംഗ്' എന്ന് പറയുന്നു. വീഡിയോ ബ്ലോഗിംഗിന്റെ ചുരുക്കരൂപമാണിത്. കാമറയോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ഒരു വീഡിയോ ഷൂട്ട് ചെയ്യുക, ആവശ്യമാണെങ്കില്‍ എഡിറ്റ് ചെയ്യുക, പിന്നിട് വീഡിയോ അപ്ലോഡിംഗ് സൈറ്റുകളായ യൂട്യൂബ്, ഗൂഗിള്‍ വീഡിയോ തുടങ്ങിയ ഏതെങ്കിലും വെബ്സൈറ്റുകളില്‍ പരസ്യപ്പെടുത്തുക. ഇത്രയും ചെയ്താല്‍ നിങ്ങളും വ്ലോഗറായി. പരിമിതമായ തോതില്‍ നടന്നിരുന്നു വീഡിയോ ബ്ലോഗിംഗ് രണ്ടുമൂന്ന് വര്‍ഷങ്ങളിലായി വ്യാപകവും സജീവവുമായിരിക്കയാണ്. വീഡിയോ കാമറകളും വീഡിയോ റിക്കാര്‍ഡിംഗ് സൌകര്യവുമുള്ള മൊബൈല്‍ഫോണുകളും വ്യാപകമായതായതാണ് കാരണം. മൈക്രോസോഫ്റ്റ് മൂവിമേക്കര്‍ പോലുള്ള സോഫ്റ്റ്വെയറുകള്‍ രംഗത്തെത്തിയയോടെ വീഡിയോ എഡിറ്റിംഗ് കൊച്ചു കുട്ടികള്‍ക്കുപോലും ചെയ്യാവുന്ന തരത്തില്‍ ലളിതമായിരിക്കയാണ്. ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണ്‍ മുഖേന ലഭിക്കുന്ന സൌകര്യങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കപ്പുറത്ത് അതിവിശാലമായൊരു ആവിഷ്കാര മേഖല തുറന്നു കിടപ്പുണ്ടെന്ന തിരിച്ചറിവുണ്ടെങ്കില്‍ വിങ്ങള്‍ക്കും വീഡിയോ ബ്ലോഗിംഗ് നല്ല രീതിയില്‍ പ്രയോജനപ്പെടുത്താനാവും. ഇതിന്റെ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്താനാവുക കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്. വാര്‍ത്ത, സംഗീതം, നൃത്തം, നിരൂപണം, ട്യൂട്ടോറിയലുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങിയവയാണ് വ്ലോഗിംഗ് രംഗത്ത് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചു മുന്നേറുന്നത്. ആരുടെയും അനുവാദത്തിനോ ഔദാര്യത്തിനോ കാത്തുനില്‍ക്കാതെ നിങ്ങള്‍ കണ്ട കാഴ്ചകള്‍ നേര്‍ക്കുനേരെ ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതിലൂടെ നിങ്ങള്‍ക്ക് സാധ്യമാകുന്നു.
വ്ലോഗിംഗിന് നിശ്ചിത നിയമങ്ങളൊന്നുമില്ല. ഏറ്റവും പ്രധാനം ഒരു ലക്ഷ്യവും ആശയവുമുണ്ടാവുക എന്നതാണ്. ആയിരക്കണക്കിന് വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയാത്തത് ഏതാനും നിമിഷങ്ങളിലെ വ്ലോഗ് കൊണ്ട് സാധ്യമാകും. ഇതാണ് വ്ലോഗിംഗിനെ വ്യത്യസ്തമാക്കുന്നത്. പ്രത്യേകിച്ച് വായനക്കാരെ അപേക്ഷിച്ച് പ്രേക്ഷകരുടെ എണ്ണം കൂടുകയാണല്ലോ. വ്ലോഗിനുള്ള ഈ മേന്മ പ്രേക്ഷകരെ പുതിയ അനുഭവങ്ങളിലേക്ക് നയിക്കുന്നു. വ്ലോഗ് പ്രയോജനപ്പെടുത്തുന്നതിന് വേഗതയുള്ള ഇന്റര്‍നെറ്റ് ആവശ്യമാണ്. വീഡിയോ അപ്ലോഡ് ചെയ്യാന്‍ സമയമെടുക്കുന്നതുപോലെ അത് പ്ലേ ചെയ്യിക്കാനും സമയമെടുക്കും. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നമ്മുടെ നാട്ടിലും സര്‍വസാധാരണമാവുകയാണ്. അതിനാല്‍ തന്നെ ഇനിയുള്ള കാലങ്ങളില്‍ വ്ലോഗിംഗിനുള്ള സാധ്യതകളും വര്‍ദ്ധിക്കുകയാണ്.
നബീല്‍ ബെദയില്‍
nabeelvk@gmail.com
*****
സ്ലൈഡുകള്‍ ബ്ലോഗിലുള്‍പ്പെടുത്താന്‍
നിങ്ങള്‍ തയ്യാറാക്കിയ ആകര്‍ഷകമായ ഒരു പ്രസന്റേഷന്‍ സ്ലൈഡ് നിങ്ങളുടെ ബ്ലോഗിലോ വെബ്പേജിലോ ഉള്‍പ്പെടുത്താന്‍ ആഗ്രഹമുണ്ടോ? ഒട്ടും വിഷമിക്കേണ്ട, സഹായ ഹസ്തവുമായി ഇതാ www.slideshare.net എന്ന വെബ്സൈറ്റ്. ppt, .pps,. pptx, .ppsx, .potx, .odp (open office) തുടങ്ങിയ ഫോര്‍മാറ്റുകളിലുള്ള പ്രസന്റേഷന്‍ ഫയലുകളും .doc, .docx, .xls(MS Office), .odt, .ods (Open Office) എന്നീ ഫോര്‍മാറ്റുകളിലുള്ള ഡോക്യുമെന്റ് ഫയലുകളും സൈറ്റില്‍ സൌജന്യമായി അപ്ലോഡ് ചെയ്തു ഷെയര്‍ ചെയ്യാന്‍ സാധിക്കും. സൈറ്റിലെ നിര്‍ദ്ദിഷ്ഠ സ്ഥാനത്ത് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന എംപഡഡ് കോഡ് (Embeded Code) കോപ്പി ചെയ്തു ബ്ലോഗില്‍ യഥാസ്ഥാനത്ത് പേസ്റ്റ് ചെയ്യുന്നതോടെ ഈ ഫയലുകള്‍ നമ്മുടെ ബ്ലോഗില്‍ വന്നുകഴിഞ്ഞു. വിന്‍ഡോസിനുപുറമെ ലിനക്സില്‍ തയ്യാറാക്കിയ സ്ലൈഡുകളും ഡൊക്യുമെന്റുകളും കൈമാറ്റം ചെയ്യാം എതന്നാണ് ഈ സൈറ്റിന്റെ മറ്റൊരു സവിശേഷത. ആകര്‍ഷമായ പ്രസന്റേഷന്‍ പ്രോഗ്രാമുകള്‍ കാണാനും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനും സൈറ്റ് സൌകര്യമൊരുക്കുന്നു. വെബ്സൈറ്റിലെ സേവനങ്ങള്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ലഭിക്കൂ. രജിസ്ട്രഷന് ഫീസോ പ്രത്യേക നിബന്ധനകളോ ഇല്ല. പ്രസന്റേഷനുകളും ഡൊക്യുമന്റുകളും ഷെയര്‍ ചെയ്യു ലോകത്ത ഏറ്റവും വലിയ കമ്യൂണിറ്റിയായ ഈ വെബ്സൈറ്റിനു പ്രതിമാസം 25 ദശലക്ഷം സന്ദര്‍ശകരുണ്ടെന്നാണ് കണക്ക്.
ഹാരിസ് വാണിമേല്‍
www.itarabic.blogspot.com
*****
ഖുര്‍ആന് മലയാളം ഓണ്‍ലൈന്‍ പതിപ്പ്
വിഖ്യാത ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം കമ്പ്യൂട്ടര്‍ പതിപ്പ് ഇനി ഇന്റര്‍നെറ്റിലും ലഭ്യമാവുകയാണ്. http://thafheem.net എന്നാണ് സൈറ്റ് അഡ്രസ്സ്. കോഴിക്കോട് ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന 'ധര്‍മ്മധാര'യുടെ ആഭിമുഖ്യത്തില്‍ വികസിപ്പിക്കുകയും നേരത്തെ സി.ഡി, ഡി.വി.ഡി രൂപത്തില്‍ ലഭ്യമാക്കുകയും ചെയ്ത സോഫ്റ്റ്വെയര്‍ പതിപ്പിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതോടൊപ്പം ഏതാനും പുതിയ സേവനങ്ങള്‍ കുടി കുട്ടിച്ചേര്‍ത്തുകൊണ്ടാണ് വെബ് പതിപ്പ് കടന്നുവരുന്നത്. വിശുദ്ധ ഖുര്‍ആന്റെ നുറുക്കണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങളും വിവിധ ലോക ഭാഷകളിലേക്കുള്ള മൊഴിമാറ്റങ്ങളും വിവിധ രീതിയിലെ പാരായണങ്ങളും ഖുര്‍ആന്‍ വിജ്ഞാനങ്ങളും ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ ശേഖരങ്ങളും നെറ്റില്‍ ലഭ്യമാണ്. ഇക്കൂട്ടത്തില്‍ മലയാള ഭാഷക്ക് കാര്യമായ വിഹിതമുണ്ടായിരുന്നില്ലെന്നതാണ് സത്യം. ഈ വിടവ് നികത്താന്‍ തഫ്ഹീമുര്‍ ഖുര്‍ആന്റെ മലയാളം വെബ് എഡിഷന് ഏറെക്കുറെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം. ആകര്‍ഷകമായ മുഖപ്പേജ്, ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടന, എളുപ്പത്തില്‍ പരിശീലിക്കാവുന്ന ഉപയോഗക്രമം തുടങ്ങിയവയൊക്കെ ഇതിന്റെ സവിശേഷതകളാണ്.
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
കൂട്ടുകാരന്‍
http://hasufa.blogspot.com/
എടുത്തുപറയത്തക്ക സവിശേഷതകളൊന്നുമില്ലെന്ന് തുറന്നുപറയുന്ന മലപ്പുറം, പാലക്കാട് ജില്ലകളെ വേര്‍തിരിക്കുന്ന തൂതപ്പുഴയുടെ ഓരത്ത് വളര്‍ന്ന ഹംസയുടെ ബ്ലോഗ്. ജീവിത പ്രാരാബ്ധങ്ങള്‍ മുന്നില്‍ ഒരു ചോദ്യചിഹ്നമായപ്പോള്‍ ശരാശരി മലബാറുകാരനെപ്പോലെ അറബ് നാട്ടിലേക്ക്. അങ്ങനെ പതിനാറ് വര്‍ഷങ്ങള്‍. പ്രവാസിയായിട്ടാണെങ്കിലും ഞാനും നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരിക്കുന്നു എന്നറിയാന്‍ വേണ്ടിമാത്രം ഒരു ബ്ലോഗ്.... അങ്ങനെ ബ്ലോഗിലൂടെ ഹംസ തന്റെ സാന്നിധ്യം തെളിയിക്കുകയാണ്. 'ബാധ ഒഴിയാത്ത സുബൈദ' എന്ന നര്‍മ്മ കഥയുമായിട്ടാണ് ഇപ്പോഴത്തെ വരവ്. കഥ നന്നായിരിക്കുന്നു. 'പരിധിക്ക് പുറത്താണ്' അങ്ങനെത്തന്നെ. ആശംസകള്‍.
പ്രമോദ് തോമസ്
http://www.pramodthomas.com/
സാധാരണ മലയാളം ബ്ലോഗിന്റെ പരിധി കടന്ന് അല്‍പം വിപുലീകരിച്ച ഒരു വെബ്സൈറ്റ്. അതാണ് പ്രമോദ് തോമസ് എന്ന പത്രപ്രവര്‍ത്തകന്റെ ബ്ലോഗ്. മലയാളത്തിലും ഇംഗ്ലീഷിലുമായി രൂപകല്‍പ ചെയ്ത സൈറ്റിലെ വിഭവങ്ങള്‍ പുതിയ വാര്‍ത്തകള്‍, സിനിമാ നിരൂപണം, സാഹിത്യം, കവിത, സ്റ്റോക്ക് മാര്‍ക്കറ്റ് തുടങ്ങിയ വിഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. കവിതയും ബിസിനസ്, സിനിമ എന്നിവയുമായി ബന്ധപ്പെട്ട ലേഖനങ്ങളുമാണ് ബ്ലോഗറുടെ ഇഷ്ട വിഷയങ്ങള്‍. ഗോള്‍ഡ്മാന്‍ സാഷ്സ് ഇന്ത്യന്‍ വിപണിയെ വീഴ്ത്തി, ചാനല്‍ ദൈവങ്ങളേ സ്തുതി എന്നിവയാണ് പുതിയ പോസ്റ്റുകള്‍. സ്റ്റോക്ക് മാര്‍ക്കറ്റില്‍ താല്‍പര്യമുള്ളവര്‍ ഏറ്റവും പുതിയ വാര്‍ത്തകളറിയാണ്‍ ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നത് നന്നായിരിക്കും.
അക്ഷരച്ചിന്തുകള്‍
http://www.vanithavedi.blogspot.com/
ഏത്തരം പുസ്തകങ്ങളും കൈയില്‍ കിട്ടിയാല്‍ വെറുതെ വിടാത്ത ഉമ്മുഅമ്മാറിന്റെ ബ്ലോഗ്. കവിതകളാണ് ബ്ലോഗിണിയുടെ ഇഷ്ട വിഷയം. മിനിക്കഥയും കൂട്ടത്തിലുണ്ട്. വിഷുക്കണി, കണ്ണ്, വിശുദ്ധി, പ്രവാസി, സ്ത്രീധനം തുടങ്ങിയവയാണ് പുതിയ പോസ്റ്റുകള്‍. മാറ്ററിനൊപ്പം കൊടുത്ത ചിത്രങ്ങളൊക്കെ ഔചിത്യപൂര്‍വം തിരഞ്ഞെടുത്തിരിക്കുന്നു. അര്‍ഥവത്തായ വരികള്‍, വിശുദ്ധം എന്നൊക്കെയാണ് കവിതകളെക്കുറിച്ചുള്ള കമന്റുകള്‍. ചിന്തിക്കുക, ചിന്ത പണയം വെക്കാതെ എന്നാണ് 'അക്ഷരച്ചിന്തുകള്‍' നല്‍കുന്നു സന്ദേശം.
വി.കെ. അബ്ദു
vkabdu@gmail.com
*****
വെബ് കൌതുകങ്ങള്‍
വീട്ടിലെ കമ്പ്യൂട്ടറില്‍ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും എന്തു ജോലിയും ചെയ്യാന്‍ സാധിക്കുമെന്നു വന്നാല്‍ അത് വലിയൊരു സൌകര്യമല്ലേ? ഇന്റര്‍നെറ്റും ബ്രോഡ്ബാന്റുമെല്ലാം സര്‍വസാധാരണമായ ഇക്കാലത്ത് www.teamviewer.com എന്ന സൈറ്റില്‍ കയറി വളരെ ചെറിയ ഒരു സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്താല്‍ അത് വളരെ എളുപ്പത്തില്‍ സാധ്യമാകും. ബന്ധപ്പെടാന്‍ ഏതു കമ്പ്യൂട്ടറാണോ നിങ്ങള്‍ ഉപയോഗിക്കുന്നത് ആ കമ്പ്യൂട്ടറിലും പ്രസ്തുത സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഇരു കമ്പ്യൂട്ടറും ഒരേസമയം നെറ്റുമായി കണക്റ്റ് ചെയ്ത് യൂസര്‍നെയ്മും പാസ്വേര്‍ഡും കൊടുത്തുകഴിഞ്ഞാല്‍ വീട്ടിലെ കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്പ് വളിപുള്ളി വ്യത്യാസമില്ലാതെ അതേപടി നിലവില്‍ നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യുട്ടറിന്റെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതു കാണാം. ഐ.പി. അഡ്രസ് പോലും ടൈപ് ചെയ്ത് ചേര്‍ക്കേണ്ട കാര്യമില്ല. നേരെ ഉപയോഗിച്ചു തുടങ്ങാം. ഇങ്ങനെ വീട്ടിലെ കമ്പ്യൂട്ടറുമായി മാത്രമല്ല നിങ്ങളുടെ ഓഫീസ് കമ്പ്യുട്ടറുമായോ സുഹൃത്തുക്കളുടെ കമ്പ്യുട്ടറുമായോ ലോകത്തിലെ മറ്റേതു കമ്പ്യൂട്ടറുകളുമായോ ഉടമകളുടെ സമ്മതമുണ്ടെങ്കില്‍ ഈ 'കമ്പ്യുട്ടര്‍' ഷെയറിംഗ് സംവിധാനമുപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ബന്ധപ്പടാം. അതുപോലെത്തന്നെ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ സമ്മതമുണ്ടെങ്കില്‍ തിരിച്ചുമാവാം. വ്യക്തിപരമായ ഉയോഗത്തിന് ഈ സൌകര്യം തീര്‍ത്തും സൌജന്യമായാണ് ഇപ്പോള്‍ നല്‍കി വരുന്നത്. ഇന്നുതന്നെ പരീക്ഷിച്ചുനോക്കൂ.
പി.കെ.എ. റഷീദ്
raizlamaryam@hotmail.com
======================
ബ്ലോഗര്‍മാരെ പരിചയപ്പെടുത്തുന്നതു നല്ലത്..
ReplyDelete'ഹംസ' എന്റെ 'കൂട്ടുകാരനാണ്'.
ഹസയുടെ കൂട്ടുകാരനെ(ബ്ലൊഗ്)
പരിചയപ്പെടുത്തിയതില്‍ സന്തോഷം...