Tuesday, June 03, 2008

ഇന്‍ഫോമാധ്യമം (361) - 02/06/2008

ഐ.ടി വിദ്യാഭ്യാസവും ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസവും

ഏതാനും വര്‍ഷം മുമ്പ് ഹൈസ്കൂള്‍ തലത്തില്‍ നാം തുടക്കം കുറിച്ച ഐ.ടി. വിദ്യാഭ്യാസം ഇന്ന് ഏറെ വിപുലമായ തലത്തില്‍ ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസമെന്ന വിശാല മേഖലയിലേക്ക് കടന്നിരിക്കയാണ്. ഐ.ടി. അറ്റ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷയും നടന്നു. താമസിയാതെ അപ്പര്‍ പ്രൈമറി തലത്തിലും വിവര സാങ്കേതിക വിദ്യ പാഠ്യവിഷയമാക്കുകയാണ്. പൈലറ്റ് അടിസ്ഥാനത്തില്‍ ഏതാനും സ്കൂളുകളില്‍ പദ്ധതി നടപ്പാക്കിത്തുടങ്ങി. അധ്യാപന പരിശീലന കോഴ്സുകളില്‍ ഐ.ടി മുഖ്യ വിഷയമായി മാറി. കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് വലിയ പ്രാമുഖ്യം നല്‍കുന്നുണ്ട്.

ഹൈസ്കൂളുകളില്‍ നിലവിലെ ഐ.ടി. പഠനം പ്രാഥമിക കമ്പ്യൂട്ടര്‍ നൈപുണികളും ക്ലരിക്കല്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യതകളും ആര്‍ജ്ജിക്കുന്നതിനുമപ്പുറത്തേക്ക് കടക്കുന്നില്ലെന്നതാണ് വസ്തുത. വിവിധ വിഷയങ്ങളുടെ പാഠ്യപദ്ധതി രൂപകല്‍പനയില്‍ വിവര വിനിമയ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താല്‍ കഴിയേണ്ടതുണ്ട്. ഇത് വിദ്യാര്‍ഥിക്ക് ലഭിക്കുന്ന അറിവിന്റെയും കഴിവിന്റെയും ഗുണം വര്‍ദ്ധിപ്പിക്കുക മാത്രമല്ല പഠനാവശ്യത്തിനായി ഐ.ടി. പ്രയോജനപ്പെടുത്തുന്നതിനും അതുവഴി കമ്പ്യൂട്ടര്‍ നൈപുണികള്‍ വികസിപ്പിക്കുന്നതിനും പ്രയോജനപ്പെടുന്നു. അധ്യാപക ശാക്തീകരണത്തിനുള്ള മെച്ചപ്പെട്ട ഒരുപാധിയായും ഇത് മാറുന്നു. കുട്ടികളുടെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കാന്‍ അനുയോജ്യമായ സോഫ്റ്റ്വെയറുകള്‍ ആവശ്യമാണ്. ഇപ്പോള്‍ നാം ഇതിന്നായി പ്രധാനമായും ഓഫീസ് പാക്കേജുകളും ഗ്രാഫിക് സോഫ്റ്റ്വെയറുകളുമാണ് ഉപയോഗിക്കുന്നത്. തിരഞ്ഞെടുക്കുന്ന സോഫ്റ്റ്വെയറുകള്‍ അതത് വിഷയവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അധ്യാപകരുടെ താല്‍പര്യം വര്‍ധിക്കും. ഉദാഹരണമായി ഡോക്ടര്‍ ജിയോ എന്ന സോഫ്്റ്റ്വെയര്‍ ഉപയോഗിച്ചു പത്താം തരത്തിലെ ജ്യോമിതിതുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഫലപ്രദമായി വിനിമയം ചെയ്യാമെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണല്ലോ. ഗണിത ശാസ്ത്ര അധ്യാപകരോട് വേര്‍ഡ് പ്രോസസ്സര്‍ പഠിപ്പിക്കാന്‍ പറയുന്നതിനെക്കാള്‍ ഇത്തരം സോഫ്റ്റ്വെയറുകളുപയോഗിച്ച് ഗണിത പാഠങ്ങള്‍ പരിശീലിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നതായിരിക്കും ഉചിതം.

ഇതുപോലെ ഇതര വിഷയങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകളും കണ്ടെത്തുകയോ വികസിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്. അനുയോജ്യമെന്ന് കണ്ടെത്തിയ പാഠഭാഗങ്ങളുടെ വിനിമയത്തിന് ഇത്തരം സോഫ്റ്റ്വെയറുകള്‍ പ്രയോജനപ്പെടുന്ന വിധം അതത് വിഷയങ്ങളുടെ പാഠപുസ്തകങ്ങളിലാണ് ഇവ സംബന്ധിച്ച സൂചനകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഐ.ടിക്ക് വേണ്ടി പ്രത്യേകം പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിലുപരി ശ്രദ്ധചെലുത്തേണ്ടത് ഈ മേഖലയിലാണ്. ഈ ആവശ്യത്തിനായി മള്‍ട്ടിമീഡിയ സങ്കേതങ്ങളും കമ്പ്യൂട്ടര്‍ അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങളും പ്രത്യേകം രൂപകല്‍പന ചെയ്യേണ്ടിയിരിക്കുന്നു.

ജലീല്‍ വൈരങ്കോട്
tvjalee@gmail.com
=============


നിങ്ങള്‍ക്കും ബ്ലോഗ് നിര്‍മ്മിക്കാം ^ 2
(കഴിഞ്ഞ ലക്കം തുടര്‍ച്ച)

പലര്‍ക്കും മലയാളത്തില്‍ ടൈപ് ചെയ്യാന്‍ അറിയില്ല. അതേസമയം ഇംഗ്ലീഷ് കീ മാത്രം പരിചയമുള്ളവര്‍ക്കും മലയാളത്തില്‍ ബ്ലോഗ് ചെയ്യാന്‍ സാധ്യമാണ്. ഈ ആവശ്യത്തിനായി നിരവധി സോഫ്റ്റ്വെയറുകള്‍ നിലവിലുണ്ട്. പ്രധാനപ്പെട്ടവ താഴെ നല്‍കുന്നു.

1. Mozhi Keymap (Key lay out by Peringz)
http://prdownloads.sourceforge.net/varamozhi/mozhi_1.1.0.exe?download
2. Varamozhi (By Cibu.C.J)
http://malayalam.homelinux.net/malayalam/work/varamozhi/convert.php
3. Ilamozhi (By Deine) http://adeign.googlepages.com/ilamozhi.html
4. Malayalam Online (Beta) (By Peringz)http://peringz.googlepages.com/mozhi.htm
5. IndicTransileteration (By Google)
http://www.google.com/transliterate/indic/Malayalam
6. Type it (By Softpedia)
http://www.softpedia.com/get/Officetools/Texteditors/Typeit.shtml
7. Nila (By Centre for Linguistic Computing Keralam) http://www.clickeralam.org/
8. Aksharangal http://www.aksharangal.com

ഇവയില്‍ 1,2,6,7 എന്നിവ ഡൌണ്‍ലോഡ് ചെയ്ത ശേഷം ഇന്‍സ്റ്റാള്‍ ചെയ്താല്‍ 'മംഗ്ളീഷില്‍' ടൈപ് ചെയ്യാം. അതായത് blog എന്ന് ടൈപ് ചെയ്താല്‍ 'ബ്ലോഗ്' എന്ന് മലയാളത്തില്‍ ദൃശ്യമാകും (ഉദാ: kariI = കരി, kaRi = കറി). Ilamozhi, Malayalam Online, Google IndicTransileteration എന്നിവ ഡൌണ്‍ലോഡ് ചെയ്യാതെ തന്നെ ഓണ്‍ലൈനില്‍ ഉപയോഗിക്കാം. Type it, Nila എന്നിവ ഐ.എസ്.എം. കീബോര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്നവയാണ്. കൂടാതെ ASCI ഫോര്‍മാറ്റില്‍ ഐ.എസ്.എം. പോലുള്ള സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് ടൈപ് ചെയ്തവ യൂനീകോഡിലേക്ക് മാറ്റാനും ഈ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കാം. മലയാളം ടൈപിംഗ് അറിയില്ലെങ്കില്‍ Mozhi Keymap ഉപയോഗിക്കുന്നതായിരിക്കും നല്ലത്. Mozhi Keymap, Varamozhi എന്നിവ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് 'വക്കാരിമഷ്ട' എന്ന ബ്ലാാേഗര്‍ http://howtostartamalayalamblog.blogspot.com/ എന്ന പേജില്‍ വിവരിക്കുന്നുണ്ട്. Nila എങ്ങനെ ഇന്‍സ്റാള്‍ ചെയ്യാമെന്ന് http://kannuran.blogspot.com/2007/09/blogpost_5501.html എന്ന ബ്ലോഗിലും വിശദമായി പ്രതിപാദിക്കുന്നു.

മലയാളത്തില്‍ എങ്ങിനെ ബ്ലോഗ് തുടങ്ങാം

പേഴ്സണല്‍ വെബ് പേജുകള്‍ അഥവാ ബ്ലോഗുകള്‍ തികച്ചും സൌജന്യമായി ആര്‍ക്കും നിര്‍മ്മിക്കാവുന്നതാണ്. www.blogger.com, www.wordpress.com, www.blogsome.com തുടങ്ങിയ സൈറ്റുകള്‍ ഈ സൌകര്യം നല്‍കുന്നുണ്ട്. ഒരു ഇ^മെയില്‍ വിലാസം ഉണ്ടാക്കുന്നതിനെക്കാളും എളുപ്പത്തില്‍ ഇത് നിര്‍വഹിക്കനാവുമെന്നതാണ് വസ്തുത. മലയാളത്തില്‍ എങ്ങനെ ബ്ലോഗ് തുടങ്ങാം എന്നത് സംബന്ധിച്ച് നിരവധി ലേഖനങ്ങള്‍ (പോസ്റ്റുകള്‍) 'ബൂലോഗത്തില്‍' പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

http://ningalkkai.blogspot.com/2007/11/blogpost_6709.html
http://howtostartamalayalamblog.blogspot.com/
http://ashwameedham.blogspot.com/2006/07/blogpost_28.html
http://sankethikam.blogspot.com/2007/06/5.html

ബ്ലോഗ് നിര്‍മ്മിക്കുന്നതിന് സ്വന്തമായി ഇ^മെയില്‍ വിലാസം ഉണ്ടായിരിക്കണം. www.blogger.com എന്ന സൈറ്റിലാണ് കൂടുതല്‍ മലയാളം ബ്ലോഗുകളുള്ളത്. ഇത് ഗൂഗിളിന്റെ സൌജന്യ സേവനങ്ങളിലുള്‍പ്പെടുന്നു.

(തുടരും)

തയ്യാറാക്കിയത്

കേരള ബ്ലോഗ് അക്കാദമി
keralablogacadamy@gmail.com
============


ബയോസ് ഏജന്റ്

കമ്പ്യൂട്ടറിന്റെ ബയോസ് ഫീച്ചറുകളും സിസ്റ്റം സെറ്റിംഗുകളും അറിയാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയറാണ് 'ബയോസ് ഏജന്റ്'. ഇതുപയോഗിച്ച് ബയോസ് ഡേറ്റ്, മദര്‍ബോര്‍ഡ് OEM ഡാറ്റ, ബയോസ് ടൈപ്, സി.പി.യു. ഡാറ്റ, മദര്‍ബോര്‍ഡ് ചിപ്പ്സെറ്റ്, ബയോസ് ഐ.ഡി. സ്ട്രിംഗ്, സൂപ്പര്‍ ഇന്‍പുട്ട് ഔട്ട്പുട്ട് ഡാറ്റ, മെമ്മറി ഡാറ്റ എന്നിവ വേഗത്തില്‍ അറിയാനാവും. കമ്പ്യൂട്ടര്‍ അപ്ഗ്രേഡ് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം വിവരങ്ങള്‍ അറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഹാര്‍ഡ്വെയറുമായി ബന്ധപ്പെട്ട ജോലികളില്‍ ഇതിന്റെ സേവനം അങ്ങേയറ്റം പ്രയോജനപ്പെടുന്നു. www.unicore.com വെബ്സൈറ്റില്‍ നിന്ന് സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
==========

വെബ് കൌതുകങ്ങള്‍

പക്ഷി നിരീക്ഷണം

വിശ്രമവേളയില്‍ കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നിലിരുന്ന് അല്‍പം പക്ഷി നിരീക്ഷണമായാലോ..? http://percevia.duncraft.com/ എന്ന വെബ്സൈറ്റില്‍ കയറി നോക്കൂ. നൂറുകണക്കിന് പക്ഷി വര്‍ഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡാറ്റാബെയ്സിലൂടെ ആയാസരഹിതമായുള്ള ഈ വെര്‍ച്വല്‍ നിരീക്ഷണം ഏറെ രസകരവും വിജ്ഞാനപ്രദവുമായി നിങ്ങള്‍ക്ക് അനുഭവപ്പെടാതിരിക്കില്ല. പൂര്‍ണമായും ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഇതിന്റെ സെര്‍ച്ച് സംവിധാനത്തില്‍ നിങ്ങള്‍ തിരിച്ചറിയാനോ കണ്ടെത്താനോ ആഗ്രഹിക്കുന്ന പക്ഷിയുടെ പ്രത്യേകതകള്‍ക്കുമേല്‍ ക്ലിക് ചെയ്യുമ്പോള്‍ ഘട്ടം ഘട്ടമായി പ്രസ്തുത പക്ഷിയെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങളിലെത്തിച്ചേരുന്നു. ഭൂപ്രദേശം, രൂപം, നിറം, ചുണ്ടിന്റെ ആകൃതി, ചിറകിന്റെ വലുപ്പം, വാസസ്ഥലം, ഭക്ഷണരീതി എന്നിങ്ങനെ പൊതുവായ പ്രത്യേകതകള്‍ക്കു പുറമെ ഉടലിന്റെ പ്രത്യേക പാറ്റേണുകള്‍ (ഉദാ: തല, പുറഭാഗം, നെഞ്ച്, വയര്‍), തലയുടെ വിവധ ഭാഗങ്ങളുടെ നിറം ( ഉദാ: കണ്ണിന്റെ നിറം, നെറ്റിത്തടം, തലയിലെ അലങ്കാരത്തൂവലുകള്‍, പുറങ്കഴുത്ത്, തൊണ്ട), ശരീരത്തിന്റെ മൊത്തത്തിലുള്ള ആകൃതി, വലിപ്പം, മറ്റു ശരീരഭാഗങ്ങളുടെ നിറം എന്നീ പ്രത്യേകതകള്‍ക്കു പുറമെ പക്ഷിയുടെ പൂര്‍ണ്ണരൂപത്തിലുള്ള ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സെര്‍ച്ചിനും സൈറ്റില്‍ സംവിധാനമുണ്ട്. ഇനി നിങ്ങളുദ്ദേശിക്കുന്ന പക്ഷിയെ തിരിച്ചറിഞ്ഞു കഴിഞ്ഞാലോ; അതിനെക്കുച്ചുള്ള വിശദവിവരങ്ങളും ചിത്രങ്ങളുമടങ്ങിയ ഡാറ്റാശേഖരത്തിലേക്ക് ഏതാനും മൌസ് ക്ലിക്കുകളിലൂടെ എത്തിച്ചേരാം. ലീസ്റ്റ് ചെയ്യപ്പെട്ട എല്ലാ പക്ഷികളുടെയും കളനാദവും പാട്ടുകളും ഉള്‍ക്കൊണ്ട സൌണ്ട് ഫയലുകളാണ് സൈറ്റിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം. ഓരോന്നിനും പ്രത്യേകം പ്രത്യേകമുള്ള ലിങ്കുകളില്‍ ക്ലിക് ചെയ്ത് അവ ആസ്വദിക്കാം.

റയിസ്ല മര്‍യം
raizlamaryam@hotmail.com

No comments:

Post a Comment

സന്ദര്‍ശകര്‍ ഇതുവരെ...