Wednesday, May 28, 2008

ഇന്‍ഫോമാധ്യമം (360) 26/05/2008

നിങ്ങള്‍ക്കും ബ്ലോഗ് നിര്‍മ്മിക്കാം

മറ്റാരുടെയും അനുവാദമില്ലാതെ നിങ്ങള്‍ക്കിഷ്ടമുള്ള വിഷയം (വാര്‍ത്ത, കവിത, കഥ, ലേഖനം, ചിത്രം, കാര്‍ട്ടൂണ്‍, പാട്ട്, ഡോക്യുമെന്ററി, വീഡിയോ എന്നിങ്ങനെ എന്തുമാകട്ടെ) അവ ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന സൌജന്യ വെബ്പേജിലൂടെ സ്വതന്ത്രമായി പ്രസിദ്ധീകരിക്കുന്ന രീതിയാണ് ബ്ലോഗിംഗ്. ഇത്തരം വെബ്പേജിന് ബ്ലോഗ് എന്ന് പറയുന്നു. വായനക്കാരന് സ്വന്തം അഭിപ്രായമോ പ്രതികരണമോ അപ്പപ്പോള്‍ രേഖപ്പെടുത്താനും ചര്‍ച്ച നടത്താനും സാധിക്കുന്നു എന്നതാണ് ഇതര മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിനുള്ള സവിശേഷത. വരുംകാലങ്ങളിലെ ഏറ്റവും ശക്തിയേറിയ മാധ്യമം ബ്ലോഗ് തന്നെയായിരിക്കും എന്നതില്‍ സംശയമില്ല. ഇപ്പോള്‍ മലയാളത്തിലും നമുക്ക് ബ്ലോഗ് നിര്‍മ്മിക്കാം. ഇതിനു ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള ചിലവല്ലാതെ മറ്റൊന്നുമില്ലതാനും.
കമ്പ്യൂട്ടറിനെക്കുറിച്ചും ഇന്റര്‍നെറ്റിനെക്കുറിച്ചും പ്രാഥമിക വിവരമുള്ള ഏതൊരാള്‍ക്കും വളരെ എളുപ്പത്തിയ ബ്ലോഗ് തുടങ്ങാം. ബ്ലോഗ് തുടങ്ങുന്നതിന് ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടര്‍ അത്യാവശ്യമാണ്. സ്വന്തമായി കമ്പ്യൂട്ടറില്ലാത്തവര്‍ക്ക് ഇന്റര്‍നെറ്റ് കഫേകളോ മറ്റോ ആശ്രയിക്കാവുന്നതാണ്.
പരസ്പരം ബന്ധിക്കപ്പെട്ട മലയാളം ബ്ലോഗുകളുടെ വ്യൂഹമാണ് 'ബൂലോഗം'. ഒരു വിര്‍ച്വല്‍ കേരളം എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറിപ്പാര്‍ത്ത മലയാളികള്‍ ഇവിടെ സമ്മേളിക്കുന്നു. തങ്ങളുടെ ആശയങ്ങളും അനുഭവങ്ങളും സാഹിത്യ രചനകളും മറ്റും ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇത്തരം രചനകള്‍ അടിസ്ഥാനമാക്കി ബ്ലോഗില്‍ സജീവമായ ചര്‍ച്ച നടക്കുന്നു. അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും പങ്കുവെക്കുന്നു. മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരെ 'ബൂലോഗര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.
മലയാളം യൂനികോഡ്
ലോകത്തുള്ള എല്ലാ ഭാഷകളും ഇന്റര്‍നെറ്റിലൂടെ അനായാസം കൈകാര്യം ചെയ്യുന്നതിനായി പ്രമുഖ സോഫ്റ്റ്വെയര്‍, കമ്പ്യൂട്ടര്‍ കമ്പനികള്‍ ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് മലയാളം യൂനികോഡ് പേജും നിര്‍മ്മിച്ചത്. ഏകീകൃത കോഡ് നിലവില്‍ വന്നതോടെയാണ് ബ്ലോഗുകളും ജനകീയമായത്. ഗൂഗിള്‍, യാഹൂ, അള്‍ട്ടാവിസ്റ്റ തുടങ്ങിയ വിവിധ സെര്‍ച്ച് എഞ്ചിനുകളിലൂടെ മലയാളത്തിലും തിരച്ചില്‍ നടത്താന്‍ ഇപ്പോള്‍ സാധിക്കുന്നു. മലയാള ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും യൂനികോഡിലേക്ക് മാറിക്കൊണ്ടിരിക്കയാണ്. കൂടാതെ സൌജന്യ വിവര വിജ്ഞാനസ്രോതസ്സായവിക്കിപീഡിയയും മലയാളം യുനികോഡില്‍ ലഭ്യമാണ്.
കമ്പ്യൂട്ടറില്‍ മലയാളം ദൃശ്യമാകല്‍
മലയാളം യൂനികോഡ് ഫോണ്ട് ഉണ്ടെങ്കില്‍ ബ്ലോഗ് സൈറ്റുകളുടെ വെബ് വിലാസങ്ങള്‍ ടൈപ് ചെയ്താല്‍ മലയാളം കൃത്യമായി വായിക്കാന്‍ സാധിക്കും. ഈ ഫോണ്ട് ഇല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ കുറെ ചതുരങ്ങള്‍ മാത്രമേ ദൃശ്യമാകു. http://prdownloads.sourceforge.net/varamozhi/0.730.ttf?download എന്ന വിലാസം നിങ്ങളുടെ ബ്രൌസറില്‍ ടൈപ് ചെയ്താല്‍ 'AnjaliOld Lipi' ഫോണ്ട ഡൌണ്‍ലോഡ് ചെയ്യപ്പെടും. (വേറെയും യൂനിക്കോഡ് ഫോണ്ടുകള്‍ ലഭ്യമാണ്്)ഫോണ്ട് ഡെസ്ക് ടോപിലോ മറ്റേതെങ്കിലും ഫോള്‍ഡറിലോ ഡൌണ്‍ലോഡ് ചെയ്തശേഷം കമ്പ്യൂട്ടറിന്റെ 'ഫോണ്ട്സ്' എന്ന ഫോള്‍ഡറിലേക്ക് ചേര്‍ക്കണം. Start^Control Panel^Fonts^Add Font എന്ന രീതിയിലാണ് ഫോണ്ട് ചേര്‍ക്കേണ്ടത്. ഇതോടെ കൃത്യമായി മലയാളം ലിപി വായിക്കാന്‍ സാധിക്കും.
ഉപകാരപ്രദമായ സൈറ്റുകള്‍keralablogacadamy.blogspot.comepathram.com/home/boologam/Malayalam_Blog.htmhttp://www.ml.wikipedia.org/ sankethikam.blogspot.com/2007/06/5.html
(തുടരും)

തയ്യാറാക്കിയത്
കേരള ബ്ലോഗ് അക്കാദമി
keralablogacadamy@gmail.com
==========

ഇന്‍സ്റ്റന്റ് മണിഓര്‍ഡര്‍
ഇന്ത്യയിലെവിടെയും പത്തുമിനിറ്റിനുള്ളില്‍ പണം മേല്‍വിലാസക്കാരന്റെ കൈകളിലെത്തിക്കുന്നതിനു നമ്മുടെ തപാല്‍ വികുപ്പ് ആവിഷ്കരിച്ച പുതിയ സംവിധാനമാണ് ഇന്‍സ്റ്റന്റ് മണിഓര്‍ഡര്‍ (IMO). ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസില്‍ പണം അടച്ചാല്‍ മിനിറ്റുകള്‍ള്‍ക്കകം മേല്‍വിലാസക്കാരനു മറ്റേതെങ്കിലും ഹെഡ് പോസ്റ്റ്ഓഫീസില്‍നിന്നു തുക കൈപ്പറ്റാം. ഇന്‍സ്റ്റന്റ് മണിഓര്‍ഡറിലൂടെ പണം അടക്കുമ്പോള്‍ പോസ്റ്റ്ഓഫീസില്‍നിന്നു ലഭിക്കുന്ന 16 അക്ക രഹസ്യകോഡ് മേല്‍വിലാസക്കാരനെ അറിയിക്കുകയും ഈ രഹസ്യകോഡ് രേഖപ്പെടുത്തി പണം പിന്‍വലിക്കുതിനുള്ള ടി.എം.പി. ഫോം പൂരിപ്പിച്ചു വിലാസത്തില്‍ പറയുന്ന ഹെഡ് പോസ്റ്ഓഫീസില്‍ നല്‍കുകയും ചെയ്താല്‍ ഉടന്‍ പണം ലഭിക്കും. തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പോസ്റ്റ്ഓഫീസ് ഐഡന്റിറ്റി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി എന്തെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം. ടെലിഫോണോ എസ്.എം.എസോ വഴി പണം അയക്കുന്ന ആള്‍ വിലാസക്കാരനെ ഉടന്‍ രഹസ്യകോഡ് നമ്പര്‍ അറിയിക്കണം. 19,999 രൂപവരെ പണമായി ലഭിക്കും. തുക അതിനും മുകളിലാണെങ്കില്‍ ബാക്കി ചെക്കായി നല്‍കും. 1000 രൂപമുതല്‍ 50,000 രൂപ വരെ അയക്കാന്‍ 150 രൂപയാണ് സര്‍വീസ് ചാര്‍ജ്. തുടര്‍ന്നുള്ള ഓരോ 5000 രൂപക്കും 20 രൂപ വീതം അധികമായി നല്‍കണം. കേരളത്തില്‍മാത്രം 36^ഉം രാജ്യത്ത് ആകമാനം 431^ഉം ഹെഡ് പോസ്റ് ഓഫീസുകളില്‍ ഇന്‍സ്റ്റന്റ് മണിഓര്‍ഡര്‍ സംവിധാനം നിലവില്‍ വന്നിരിക്കുന്നു.

മധു ചെമ്പേരി
madhuchemberi@gmail.com
===========

ഐ.ക്യൂ പരീക്ഷിക്കാം
ഐ.ക്യൂ എന്താണെന്ന് നമുക്കറിയാം. നിങ്ങള്‍ എത്രമാത്രം സ്മാര്‍ട്ടാണെന്ന് മനസ്സിലാക്കാന്‍ ഈ 'ഇന്റലിജെന്റ് ക്വാലിറ്റി' ടെസ്റ്റ് പോലെ മറ്റൊന്നില്ല. ഇന്റര്‍നെറ്റില്‍ ഐ.ക്യൂ പരീക്ഷിക്കാനും വികസിപ്പിക്കാനും ഉതകുന്ന ഒട്ടേറെ വെബ്സൈറ്റുകളുണ്ട്. അതില്‍ മുഖ്യമായതാണ് http://www.allthetests.com/. മുവ്വായിരത്തിലധികം ക്വിസ് പ്രോഗ്രാമുകളുമായി ഈ സൈറ്റ് നിങ്ങളെ കാത്തിരിക്കുന്നു. സൈറ്റിലെ 'സ്കോര്‍ മി' ബട്ടണ്‍ ക്ലിക് ചെയ്യുന്നതോടെ നിങ്ങള്‍ക്ക് ഫലമറിയാം. ഈ ടെസ്റ്റിന്റെ ഉത്ഭവവും ചരിത്രവുമറിയാന്‍ http://www.audibloxzooo.com/ സൈറ്റ് സന്ദര്‍ശിക്കുക. അതേസമയം വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഐ.ക്യൂ സ്വയം പരീക്ഷിക്കാന്‍ ഇതാ മറ്റൊരു വെബ്സൈറ്റ്. funeducation.com. മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, അസസ്മെന്റ് ടെസ്റ്റ് എന്നിവയും സൈറ്റിലെ ഉപകാരപ്രദമായ സേവനങ്ങളാണ്.

എ.പി. മനോജ്കുമാര്‍
manojap.nair@gmail.com
===========

വെബ് കൌതുകങ്ങള്‍
കൊച്ചുകുട്ടികള്‍ക്ക് ഇക്കാലത്ത് കമ്പ്യൂട്ടര്‍ ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമാണ്. അതുപോലെത്തന്നെ ഇന്ന് ലഭ്യമായതില്‍ ഏറ്റവും മികച്ച പഠനോപകരണം കൂടിയാണ് മള്‍ട്ടിമീഡിയ കമ്പ്യൂട്ടര്‍. രസകരമായ കളികളിലൂടെ കുട്ടികളെ അവരറിയാതെ വിവിധ വിഷയങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പഠിപ്പിക്കുന്ന എഡ്യൂടെയ്ന്‍മെന്റ് (Edutainment) എന്ന നൂതന അധ്യയന രീതിയും ഇന്ന് പുതുമയല്ല. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ധാരാളം എഡ്യൂടെയിന്‍മെന്റ് സീഡികള്‍ മാര്‍ക്കറ്റില്‍ ലഭ്യാണ്. അവക്കു പുറമെ ലക്ഷക്കണക്കിന് അത്തരം വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റിലും കാണാം. ഇന്റര്‍നെറ്റിലെ എഡ്യൂടെയിന്‍മെന്റ് സൈറ്റുകള്‍ പഠനകാര്യങ്ങളില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് കുട്ടികളെ ഇംഗ്ലീഷ് വായന അഭ്യസിപ്പിക്കുന്ന www.starfall.com/ എന്ന വെബ്സൈറ്റ്. മനോഹരമായി ഡിസൈന്‍ ചെയ്യപ്പെട്ട ഈ സൈറ്റില്‍ പൂര്‍ണ്ണമായും തുടക്കക്കാര്‍ക്കുവേണ്ടിയുള്ള ABC's എന്ന ലിങ്കില്‍ തുടങ്ങി Learn to Read, It's Fun to Read, I'm Reading എന്നിങ്ങനെ നാല് പ്രമുഖ വിഭാഗങ്ങളുണ്ട്. ഇതില്‍ I'm Reading എന്ന നാലാമത്തെ വിഭാഗം വിവിധ കാറ്റഗറികളായി ഇനംതിരിച്ചുവെച്ച ഇന്ററാക്ടീവ് ബുക്കുകളുടെ വലിയ ശേഖരമാണ്. കുട്ടിയുടെ പഠനനിലവാരമനുസരിച്ച് ഇഷ്ടമുള്ളവ തിരഞ്ഞെടുത്തു വായിക്കാം. വായനക്കിടയില്‍ ഏതെങ്കിലും വാക്കുകളുടെ ഉച്ഛാരണത്തിലോ മറ്റോ സംശയം തോന്നുന്ന പക്ഷം പ്രസ്തുത വാക്കില്‍ ക്ലിക് ചെയ്താല്‍ അതിന്റെ ഓഡിയോ ഫയലിലെത്തുന്നു. ഇത്തരം പുസ്തകങ്ങള്‍ക്കു പുറമെ കുട്ടികള്‍ക്ക് അക്ഷരങ്ങളുടെ ശബ്ദരൂപവും അവ ചേര്‍ന്ന് വാക്കുകള്‍ രൂപപ്പെടുമ്പോഴുണ്ടാകുന്ന വ്യതിയാനങ്ങളും വ്യക്തമാക്കുന്നവയടക്കം ധാരാളം ഇന്ററാക്ടീവ് പ്രക്രിയകളും സൈറ്റില്‍ ലഭ്യമാണ്.

റയിസ്ല മര്‍യം
raizlamaryam@hotmail.com
==========

2 comments:

  1. ഇന്‍ഫോ മാധ്യമം ബ്ലോഗ് വളരെ സമ്പന്നമാണ് . അറിവുകൊണ്ടും സാങ്കേതിക മികവുകൊണ്ടും........ മലയാളത്തില്‍ ഇത്തരം ബ്ലോഗുകള്‍ അപൂര്‍വമാണ് മാധ്യമത്തിന് അഭിനന്ദനങള്‍..... ലേ ഔട്ട് ഒന്നുകൂടെ മെച്ചപ്പെടുത്തിയാല്‍ വളരേ നന്നായിരിക്ക്കും

    ReplyDelete
  2. ഇന്‍ഫോ മാധ്യമത്തിണ്റ്റ പുതിയ പതിപ്പ്‌ കാണുന്നില്ലല്ലോ.. ഞങ്ങള്‍ കാത്തിരിക്കുകയാണ്‌..

    ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...