Sunday, June 27, 2010

ഇന്‍ഫോമാധ്യമം (448) - 14/06/2010



ഫുട്ബാള്‍ ആരാധകരെയും വിടില്ല

ഫുട്ബാള്‍ ആരാധകര്‍ക്കും ഇനി രക്ഷയില്ല. സൌത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിനോടനുബന്ധിച്ച് 'വേള്‍ഡ്കപ്പ് ട്രാവല്‍ ഗൈഡ്' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഇ^മെയിലിലൂടെ പണം തട്ടിയെടുക്കാനാണ് സൈബര്‍ ക്രിമിനലുകളുടെ പദ്ധതി. ഇതിനുവേണ്ടി 'ഫിഫ വേള്‍ഡ് കപ്പ് 2010' എന്ന പേരില്‍ പ്രത്യേക ക്യാംപയിനും സൈബര്‍ ലോകത്ത് നടക്കുന്നുണ്ട്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നത് കമ്പ്യൂട്ടര്‍ സുരക്ഷാ രംഗത്തെ പ്രശസ്തരായ സിമാന്റക് കോര്‍പ്പറേഷനാണ്.

ലോകകപ്പ് വിവരങ്ങളുമായി എത്തുന്ന ഏതെങ്കിലും ഇ^മെയിലില്‍ ക്ലക്ക് ചെയ്യുന്നതോടെ കമ്പ്യൂട്ടറിലേക്ക് വൈറസുകള്‍ ഉള്‍പ്പെടെയുള്ള അപകടകാരികളായ പ്രോഗ്രാമുകള്‍ കയറിക്കൂടും. ഹാര്‍ഡ് ഡിസ്ക്കില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളും ക്രഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൌണ്ട് വിവരങ്ങളും പാസ്വേര്‍ഡുകളും മറ്റും ഈ വൈറസ് കള്ളന്‍മാര്‍ക്ക് ചോര്‍ത്തിക്കൊടുക്കും. അതോടൊപ്പം കമ്പ്യൂട്ടറില്‍ അതിസമര്‍ത്ഥമായി ഒളിക്കുകയും ചെയ്യും. ഫുട്ബാള്‍ ആരാധകര്‍ക്ക് സൌജന്യമായാണ് ട്രാവല്‍ ഗൈഡ് ഇ^മെയില്‍ വിലാസത്തില്‍ എത്തുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തിയ ലോകകപ്പ് യാത്രാ ഗൈഡ് താല്‍പര്യമുള്ളവര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഫോര്‍വേര്‍ഡ് ചെയ്തുകൊടുക്കണമെന്ന അഭ്യര്‍ഥനയും ഇ^മെയിലിലുണ്ട്.

മത്സരം തുടങ്ങുന്നതിനു മുമ്പുതന്നെ വാതുവയ്പ് സജീവമാകുന്ന ലോകകപ്പ് മത്സരങ്ങളില്‍ സൈബര്‍ ക്രിമിനലുകള്‍ നോട്ടമിട്ടിട്ടുള്ളതിലേറെയും ഇത്തരം ധനമോഹികളെയാണ്. കഴിഞ്ഞ ഒളിമ്പിക്സിലേതുപോലെ ഔദ്യോഗിക ടിക്കറ്റ് വില്പനാ സൈറ്റുകളുടെ മറപറ്റിയും തട്ടിപ്പ് നടത്താന്‍ പദ്ധതി ഒരുങ്ങിയിട്ടുണ്ടത്രെ. യഥാര്‍ഥമാണെന്നു കരുതി ഇത്തരം വെബ്സൈറ്റുകളില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല അവരുടെ ബാങ്ക് അക്കൌണ്ടിലോ ക്രെഡിറ്റ് കാര്‍ഡിലോ അവശേഷിക്കുന്ന പണവും കള്ളന്മാര്‍ നിമിഷങ്ങള്‍ക്കകം കാലിയാക്കും. വ്യാജ ടിക്കറ്റുകള്‍ നല്‍കുന്ന എട്ട് വ്യാജ വെബ്സൈറ്റുകളാണ് അന്ന് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് കണ്ടെത്തിയിരുന്നത്.

അഡോബിയുടെ അക്രോബാറ്റ് റീഡര്‍ വഴിയാണ് ഈ ആക്രമണങ്ങളിലധികവും പ്ളാന്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നവര്‍ അത് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നതാവും ഉചിതം.
ടി.വി. സിജു
tvsiju@gmail.com
*****

വെബ് കൌതുകങ്ങള്‍

വെറും അഞ്ചുവര്‍ഷം മുമ്പത്തെ ഏതെങ്കിലും ഒരു മൊബൈല്‍ ഫോണും അതിന്റെ ഇപ്പോഴത്തെ മോഡലുകളും ഒന്നു താരതമ്യം ചെയ്തുനോക്കൂ. ഇനി അടുത്ത അഞ്ചു വര്‍ഷമോ അമ്പതുവര്‍ഷമോ കഴിയുമ്പോള്‍ എന്തായിരിക്കും സ്ഥിതി? എന്തുമാത്രം വേഗതയിലാണ് ശാസ്ത്രവും സാങ്കേതിക വിദ്യകളും പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഭാവനയിലുദിക്കുന്ന ആശയങ്ങളൊക്കെ അദ്ഭുതകരമായ വേഗത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ദിനംപ്രതിയെന്നോണം കണ്ടുകൊണ്ടിരിക്കുന്നത്. അടുത്ത എണ്‍പത്തഞ്ചു വര്‍ഷത്തിലുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഭീമന്‍ ആകാശയാനമിതാ റിന്‍ഡി അല്ലെന്‍ഡ്രാ (Reindy Allendra) എന്ന ഡിസൈനര്‍ ഇപ്പോഴേ രൂപകല്‍പന ചെയ്ത് www.yankodesign.com എന്ന പ്രസിദ്ധ ഓണ്‍ലൈന്‍ ഡിസൈന്‍ മാഗസിനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. http://www.yankodesign.com/2009/10/14/thesprucewhale/ എന്ന ലിങ്കില്‍ ഇതു കാണാവുന്നതാണ്. ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു പ്രത്യേക മെറ്റീരിയലുപയോഗിച്ച് നിര്‍മിക്കപ്പെടുന്ന ഈ വിമാനത്തിന്റെ പേര് Spruce Whale എന്നായിരിക്കും. ആയിരത്തഞ്ഞൂറ് ആളുകളെക്കയറ്റി മണിക്കൂറില്‍ ആയിരം കിലോമീറ്റര്‍ വേഗത്തില്‍ ഇത് പറക്കുമെന്നാണ് പ്രതീക്ഷ. വെബ്സൈറ്റിലൂടെ അനാവരണം ചെയ്യപ്പെടുന്ന നവീനാശയങ്ങളില്‍ ഒന്നു മാത്രമാണ് ഈ സൂപ്പര്‍ വിമാനം. കൂടുതല്‍ രസകരമായ ആശയങ്ങളെക്കുറിച്ചറിയാനും നിങ്ങളുടേതായ ആശയങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ ശാസ്ത്ര ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ഈ സൈറ്റ് ഉപയോഗപ്പെടുത്താം.
പി.കെ.എ. റഷീദ്
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

കാലം മായ്ച്ച കാല്‍പാടുകള്‍
http://mariyath.blogspot.com/

കഥയും കവിതയും ചിത്രരചനയും പെയിന്റിംഗുമെല്ലാം തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ചു അസാമാന്യ ധീരതയോടെ ജീവിതത്തെ നോക്കിക്കാണുന്ന നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനി മാരിയത്തിന്റെ ബ്ലോഗ്. ഏഴാം വയസ്സില്‍ പോളിയോ ബാധിച്ചു അരക്കുതാഴെ തളര്‍ന്ന മാരിയത്ത് എന്ന യുവതിക്ക് ഇപ്പോള്‍ വീല്‍ചെയറാണ് കൂട്ട്. പിന്നെ ബ്ലോഗിലെ സുഹൃത്തുക്കളും. 'കാലം മായ്ച്ച കാല്‍പാടുകള്‍' എന്ന തന്റെ അനുഭവക്കുറിപ്പുകള്‍ ഇതിനകം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. കഥകള്‍ക്കും വാര്‍ത്തകള്‍ക്കും ഡ്രോയിംഗിനും പെയിന്റിംഗിനുമെല്ലാം മാരിയത്തിന് പ്രത്യേകം ബ്ലോഗുകളുണ്ട്. 'ഇളംവെയിലില്‍ നേര്‍ത്ത കാറ്റിന്റെ തലോടലേറ്റ് നടന്നപ്പോള്‍ അതെന്റെ അവസാനത്തെ നടത്തമായിരുന്നുവെന്ന് ഞാനറിഞ്ഞില്ല. ഒടുവില്‍ അറിഞ്ഞു... ഒരുപാട് ഓടിക്കളിച്ച്, മുറ്റത്ത് മണ്ണില്‍ പൊതിഞ്ഞ എന്റെ കാല്‍പാടുകള്‍ കാലം മായ്ച്ചുകളഞ്ഞു എന്ന്....'. ജീവിതം തനിക്കു നല്‍കിയ വേദനയേറിയ അനുഭവങ്ങള്‍ ചെറുചിരിയോടെ നേരിട്ടുകൊണ്ടിരിക്കുന്ന മാരിയത്തിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

മോഹപ്പക്ഷി
http://santhatv.blogspot.com/

ശാന്ത കാവുമ്പായി എന്ന അധ്യാപികയുടെ ബ്ലോഗ്. ബ്ലോഗിണിയെസ്സംബന്ധിച്ചേടത്തോളം ജീവിതം ഒരു പോരാട്ടമായി മാറിയിരിക്കയാണത്രെ. മുങ്ങിത്താഴുമ്പോള്‍ കൈനീട്ടുന്ന കച്ചിത്തുരുമ്പിലെല്ലാം കയറിപ്പിടിച്ചു, പിടിവിടുമ്പോള്‍ വീണ്ടും മുങ്ങി, സ്നേഹനിരാസമെന്ന മരണത്തിലൂടെ പലവട്ടം കടന്ന്, ജീവിതത്തിന്റെ ചുഴികളില്‍ കറങ്ങിത്തിരിഞ്ഞ്... അതൊക്കെ ബ്ലോഗ് പോസ്റ്റുകളാക്കുകയാണ് ഈ ബ്ലോഗിണി. അതല്ലെങ്കില്‍ 'ആത്മാവിന്‍ നോവുകള്‍ സ്വപ്നങ്ങളായി മാറ്റുന്ന ഇന്ദ്രജാലക്കാരെന്‍ കൂട്ടുകാരക്ഷരങ്ങള്‍'. ഈ അക്ഷരങ്ങള്‍ മലയാളം യൂണികോഡിലാവുമ്പോള്‍ രാജ്യാതിര്‍ത്തികള്‍ ലംഘിച്ച് അവ നെറ്റിലൂടെ പാറിപ്പറക്കുകയാണ്്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍, അധ്യാപക ശാക്തീകരണവും അല്‍പം ലിംഗവിവേചന ചിന്തകളും തുടങ്ങിയവ പുതിയ പോസ്റ്റുകള്‍.

കൂതറ
http://kooothara.blogspot.com/

ഹാശിം എന്നാണ് ബ്ലോഗറുടെ പേരെങ്കിലും 'കൂതറ' എന്ന പേരിലണ് ബൂലോഗത്ത് അറിയപ്പെടുന്നത്. കൂതറ എന്നാല്‍ തനി കൂതറ. എന്തും കൂതറ കണ്ണിലൂടെയേ നോക്കൂ. ഒരു സ്റ്റപ് കൂടി കയറാനുണ്ടത്രെ. അതാണ് കൂക്കൂതറ. സ്വദേശം മലപ്പുറം ജില്ലയിലെ എടയൂര്‍. സമൂഹ്യമനസ്സിനെ ബാധിച്ച വൈകൃതങ്ങളും വൈകല്യങ്ങളും വിമര്‍ശന ബുദ്ധിയോടെ കൈകാര്യം ചെയ്യുകയാണ് ബ്ലോഗര്‍. അത് പ്രതിഷേധമോ ആക്ഷേപഹാസ്യമോ നര്‍മ്മമോ ഒക്കെ ആവാം. ഏതായാലും പോസ്റ്റുകളെല്ലാം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. വികലാംഗരുടെ കുട്ടായ്മ സംഘടിപ്പിച്ച് വൈകല്യത്തെ പരിഹസിക്കുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് എഴുതിയ 'സ്റ്റേജ് കൈയ്യേറ്റം' എന്ന പുതിയ പോസ്റ്റ് ആരെയും ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. ആശംസകള്‍.

ശരീഫ് കൊട്ടാരക്കര
http://sheriffkottarakara.blogspot.com/

ബ്ലോഗിന്റെ പേരും ബ്ലോഗറുടെ പേരും ഒന്നു തന്നെ. വളരെ ഏറെ എഴുതി. കുറച്ചു മാത്രം വെളിച്ചം കണ്ടു. ഇപ്പോഴും എഴുത്ത് തുടരുന്നു. കാരണമുണ്ടത്രെ. തനിക്ക് എഴുതാതിരിക്കാനാവില്ലെന്നാണ് ബ്ലോഗര്‍ പറയുന്നത്. മനസ്സില്‍ ഇപ്പോഴും സ്വപ്നങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണെന്നും ബ്ലോഗര്‍ പറയുന്നു. ആ സ്വപ്നങ്ങള്‍ കഥകളായും ഓര്‍മ്മക്കുറിപ്പുകളായും പ്രതികരണങ്ങളായും നര്‍മ്മമായും പിന്നെ തരംതിരിക്കാനാവാത്ത 'പലവക'കളായും ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്നു. എഴുതുന്നത് മുഴുവന്‍ വെളിച്ചത്തേക്ക് കൊണ്ടുവരാനുള്ള പുതിയ മാധ്യമമായ ബ്ലോഗ്, മലയാളത്തില്‍ നന്നായി ഉപയോഗപ്പെടുത്തുന്നവരുടെ മുന്‍നിരയില്‍ ശരീഫ് കൊട്ടാരക്കരയുണ്ട്.

കരിമ്പനക്കാറ്റ്
http://sumeshkodunthirapully.blogspot.com/

എങ്ങുനിന്നോ ചുരം കടന്നെത്തി എങ്ങോട്ടോ പോകുന്ന കരിമ്പനക്കാറ്റ്. പാലക്കാട് സ്വദേശി സുമേഷ് മേനോനാണ് ബ്ലോഗര്‍. പറയാന്‍ മാത്രം ഒന്നുമില്ലെന്നേ!! ഇപ്പോള്‍ അബൂദബിയില്‍ ജോലി ചെയ്യുന്നു. ബ്ലോഗെഴുത്തെന്നാല്‍ കീബോര്‍ഡ് തല്ലിപ്പൊളിക്കലാണ് സുമേഷിന്. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കേണ്ടേ... അതേതായാലും സുമേഷിന്റെ കുത്തിക്കുറിക്കലിന് നല്ല പ്രതികരണമാണ് സന്ദര്‍ശകര്‍ രേഖപ്പെടുത്തുന്നത്. പുതിയ പോസ്റ്റായ 'ഉണ്ണി ഉറങ്ങുകയാണെ'ന്ന കഥ നന്നായിരിക്കുന്നു. മായാവിയുടെ കമന്റ് കടമെടുക്കട്ടെ. 'സ്വന്തം ഉണ്ണിയുടെ കൊച്ചുവയര്‍ നിറക്കുവാന്‍ ഒരു പായ്ക്കപ്പുറം അധ്വാനിക്കേണ്ടി വരുന്ന അമ്മയുടെ നിസ്സഹായത. വളര്‍ന്നുവരുന്ന ആ കഞ്ഞിന്റെ അവസ്ഥ എത്ര ദയനീയമായിരിക്കും, ഒരുപക്ഷേ ഭീകരവും'. ബ്ലോഗില്‍ നവാഗതനാണ് സുമേഷ്. അതിനാല്‍ തന്നെ പോസ്റ്റുകള്‍ കുറവാണ്. സുമേഷ് ഇനിയും ധാരാളം എഴുതട്ടെ. ബ്ലോഗിന് ഭാവുകങ്ങള്‍ നേരുന്നു.

വി.കെ. അബ്ദു
vkabdu@gmail.com
*****

ഇന്‍ഫോ ക്വിസ്

1. ഡിജിറ്റല്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
2. 'സൈബര്‍ സ്പെയ്സ്' എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
3. ICQ എന്ന മെസഞ്ചര്‍ പ്രോഗ്രാം എന്ത് സൂചിപ്പിക്കുന്നു?
4. വിവരങ്ങള്‍ അയക്കുന്നതിനും റൌട്ടിംഗിനുമായി കസ്റ്റമൈസ് ചെയ്ത സോഫ്റ്റ്വെയറുകളും ഹാര്‍ഡ്വെയറുകളും സംയോജിക്കുന്ന നെറ്റ്വര്‍ക്കിംഗ് ഉപകരണം?
5. ഇന്റര്‍നെറ്റ് ടെലിഫോണിയോടൊപ്പം മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ സര്‍വീസുകളും ആപ്ളിക്കേഷനുകളും ഉപയോഗിക്കാവുന്ന ആപ്പിള്‍ കമ്പനിയുടെ ഐപാഡിനെപ്പോലുള്ള മറ്റൊരുപകരണം?
6. എല്‍.ജി. കമ്പനി പുറത്തിറക്കിയ നൂതന മൊബൈല്‍ ഫോണ്‍?
7. യൂട്യൂബ് പ്രവര്‍ത്തന സജ്ജമായ വര്‍ഷം?
8. വായിക്കാന്‍ പറ്റാതായ ടെക്സ്റ്റ് ഫയലുകളുടെ പേര്?
9. മീന്‍ പിടിത്തക്കാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ട വസ്ത്രം?
10. ഫോട്ടോ എഡിറ്റിംഗ് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായകമാവുന്ന വെബ്സൈറ്റ്?
ഉത്തരം

1. ബെല്‍ ലബോറട്ടറിയിലെ ഗവേഷകനായ ജോര്‍ജ്ജ് സ്റ്റിബിറ്റ്സ്
2. വില്ല്യം ഗിബ്സണ്‍
3. I Seek You
4. റൌട്ടര്‍
5. ഓപണ്‍ പീക് കമ്പനിയുടെ 'ഓപണ്‍ടാബ്ലറ്റ് 7'
6. എല്‍.ജി കുക്കി പെപ് GD510
7. 2005
8. സൈഫര്‍ ടെക്സ്റ്റ് (Cipher Text)
9. ഫിഷിംഗ് വെസ്റ്റ്
10. www.picnic.com

സമ്പാഃ ജലീല്‍ വൈരങ്കോട്
tvjaleel@gmail.com

=============================


No comments:

Post a Comment

സന്ദര്‍ശകര്‍ ഇതുവരെ...