Tuesday, December 15, 2009

ഇന്‍ഫോമാധ്യമം (426) - 23/11/2009



ലോകത്തെവിടേക്കും വിളിക്കാം... സൌജന്യമായി!

മൊബൈല്‍ ഫോണ്‍ വിപ്ലവം എങ്ങോട്ടാണ് പോകുന്നത്്? ആധുനിക വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ ഇന്ന് നമ്മെ പുതിയൊരു ലോകത്തിലൂടെയാണ് നയിച്ചുകൊണ്ടിരിക്കുന്നത്. അമ്പരപ്പിക്കുന്ന അതിന്റെ സംവിധാനങ്ങള്‍ മനുഷ്യനെ എങ്ങോട്ട് നയിക്കുന്നു എന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഈ മേഖലയില്‍ ലഭ്യമായ സൌകര്യങ്ങള്‍ക്ക് പരിമിതികളില്ലാത്തതിനാല്‍ ഇവ ഉണ്ടാക്കുന്ന സുരക്ഷാഭീഷണിയും ചില്ലറയല്ല. വാര്‍ത്താവിനിമയ ലോകത്തെ ഇത്തിരികുഞ്ഞനായ ഈ ഉപകരണം ആദ്യകാലങ്ങളില്‍ ഇന്‍കമിംഗിനും ഔട്ട്ഗോയിംഗിനും വന്‍തുക നല്‍കി വേണ്ടിയിരുന്നു ഒന്നുപയോഗിക്കാന്‍. എന്നാല്‍ ഇന്ന് ലോകത്തെവിടേക്കും ഏതാണ്ട് സൌജന്യമായി വിളക്കാന്‍ സാധിക്കുന്ന നിലയിലേക്കെത്തി. ഇതിന് ഒരുപരിധി വരെ ഇന്റര്‍നെറ്റ് സഹായകമായി വര്‍ത്തിക്കുന്നു.

സാറ്റലൈറ്റ് ഫോണ്‍ നിലവില്‍ വന്ന സമയത്ത് എസ്.ടി.ഡി, ഐ.എസ്.ഡി വേര്‍തിരിവുകളില്ലാതെ ഏതു കോളിനും ഒരേനിരക്ക് എന്ന സംവിധാനം നിലവില്‍ വന്നു. പക്ഷേ അന്ന് സര്‍വ്വീസ് നല്‍കിയിരുന്ന കമ്പനികള്‍ വന്‍ തുകയാണ് ഈടാക്കിയിരുന്നത്. അതിനാല്‍ ഈ ഫോണ്‍ ജനകീയമായില്ല. എന്നാല്‍ ഇന്ന് ഈ സൌകര്യം വളരെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ലഭ്യമാണ്. അതായത് ഇപ്പോള്‍ പല കോളുകളും ഇന്‍ര്‍നെറ്റ് വഴിയാണ് ലഭ്യമാകുത് എന്നര്‍ത്ഥം. അതുപോലെ ഇന്റര്‍നെറ്റ് എസ്.എം.എസ് സന്ദേശങ്ങളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നെറ്റ് ഉപയോഗിച്ചുള്ള ഇത്തരം സംവിധാനങ്ങളുടെ കുഴപ്പം നമ്മെ വിളിക്കുന്നയാളിന്റെയോ സന്ദേശം അയക്കുന്നയാളിന്റെയോ ശരിയായ വിവരങ്ങള്‍ നമുക്ക് ലഭക്കില്ല എന്നതാണ്.

ഇന്ന് ആഗോളാടിസ്ഥാനത്തില്‍ തന്നെ ചില കമ്പനികള്‍ പ്രത്യേകതരം സിം കാര്‍ഡുകള്‍ വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു. ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു കമ്പനിയുടെ സേവനം നമ്മുടെ നാട്ടിലും ലഭ്യമാണ്. സാറ്റലൈറ്റിന് പകരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ലോകത്തെങ്ങുമുള്ള മൊബൈല്‍ കമ്പനികളോട് സഹകരിച്ചാണ് ഇവര്‍ ആഗോളതലത്തില്‍ സേവനം നല്‍കുന്നത്. റോമിംഗ് ചാര്‍ജോ ഇന്‍കമിംഗ് ചാര്‍ജോ ഈടാക്കാതെ തന്നെ ലോകത്തെവിടെയും കൊണ്ടുനടക്കാന്‍ കഴിയുന്ന ഈ സിം കാര്‍ഡ് നമ്പര്‍ ലണ്ടന്‍ കോഡിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഏത് രാജ്യത്താണെങ്കിലും ഈ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. ഇതില്‍ നിന്ന് ഏത് നമ്പറിലേക്കുമുള്ള കോള്‍ ചിലവ് നിലവിലെ ഐ.എസ്.ഡി താരിഫിനെ അപേക്ഷിച്ച് നന്നേ കുറവാണ്. അതായത് ഏതാണ്ട് സൌജന്യം എന്നര്‍ഥം. ഈ കണക്ഷന്‍ സ്വന്തമാക്കാന്‍ ഐ.ഡി. പ്രൂഫ് ആയി നല്‍കേണ്ടത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡാണ്. ഇന്റര്‍നെറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ബില്ലടക്കുന്നതും മറ്റെല്ലാ ഇടപാടുകളും നെറ്റ് വഴി തന്നെ. ഈ സംവിധാനം വ്യാപകമാകുന്നതോടെ അന്താരാഷ്ട്ര മൊബൈല്‍ ഫോണ്‍ കോളുകള്‍ വളരെ ചിലവ് കുറഞ്ഞ നിലയിലേക്കെത്തും.

ഹംസ അഞ്ചുമുക്കില്‍
britco@britcoresearch.com
*****

മിസ്ഡ് കാളുകള്‍ നീരീക്ഷണത്തില്‍

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെസ്സംബന്ധിച്ചേടത്തോളം ഇപ്പോള്‍ ഒരു മിസ്ഡ് കാളെങ്കിലും ലഭിക്കാത്ത ദിവസം അപൂര്‍വമായിരിക്കും. ഈ മിസ്ഡ് കാളുകള്‍ ആരെങ്കിലും പിന്തുടര്‍ന്നാലോ. അതേ, ഇത്തരം കാളുകള്‍ നിരീക്ഷണ വിധേയമാക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തയ്യാറെടുക്കുയാണ്. ഭീകര പ്രവര്‍ത്തകര്‍ തങ്ങളുടെ ആശയവിനിമയ കോഡുകളായും സിഗ്നലുകളായും മിസ്ഡ് കോളുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണിത്.

നമ്മളില്‍ പലരും പലപ്പോഴും മിസ്ഡ് കാളുകള്‍ ചെയ്യാറുണ്ട്. ഈ കാളുകളുടെ എണ്ണം വളരെ അധികമായതിനാലും ഇതില്‍ നിന്ന് വരുമാനമില്ലാത്തതിനാലും നെറ്റ്വര്‍ക്ക് കമ്പനികള്‍ ഇവ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാറില്ല. എന്നാല്‍ ഇത്തരം കോളുകള്‍ ട്രാക്ക് ചെയ്യാന്‍ ഇനി പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് രഹസ്യാന്വേഷണ വിഭാഗം ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. രാജ്യത്തെ ആശയവിനിമയോപാധികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജി.എസ്.എം അസോസിയേഷനില്‍ നിന്നുള്ള അനുമതിയില്ലാതെ നിര്‍മ്മിക്കുന്ന സിം കാര്‍ഡുകള്‍ നിരോധിക്കാനും ആലോചനയുണ്ട്. കമ്മ്യൂണിക്കേഷന്‍ മേഖലയുടെ ദുരുപയോഗം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ദിലീപ് സേനാപതി
dileep.senapathy@gmail.com
*****

ഗൂഗിള്‍ - ബിംഗ് യുദ്ധം മുറുകുന്നു

സെര്‍ച്ച് എഞ്ചിനെന്നാല്‍ ഗൂഗിള്‍ എന്നാണ് മിക്കവരുടെയും ധാരണ. നെറ്റില്‍ അത്രമാത്രം സ്വാധീനമുറപ്പിച്ചിരിക്കയാണ് ഗൂഗിള്‍. എന്നാല്‍ ഗൂഗിളിന്റെ ഈ കുത്തക അവസനിപ്പിക്കാന്‍ തന്നെയാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ സെര്‍ച്ച് എഞ്ചിനായ ബിംഗുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ സ്ഥിതി ഏറെക്കുറെ സംഘര്‍ഷാവസ്ഥയിലെത്തി നില്‍ക്കുന്നു എന്നു വേണമെങ്കില്‍ പറയാം. നവംബറിലെ ആദ്യ ബുധനാഴ്ച് ബിംഗ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. 'വോള്‍ഫ്രാം ആല്‍ഫാ' വിജ്ഞാന കോശവുമായി കൈകോര്‍ത്ത് തിരച്ചില്‍ ഫലങ്ങള്‍ക്ക് കൂടുതല്‍ ആധികാരികത നല്‍കുമെന്നതായിരുന്നു ആദ്യത്തെ പ്രഖ്യാപനം. കൂടാതെ വ്യക്തികളെ തിരയാന്‍ ലോകത്തെ ഒന്നാം നമ്പര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റായ ഫെയ്സ്ബുക്കുമായി സഹകരിക്കുമെന്നതായിരുന്നു രണ്ടാമത്തേത്. ഈ രണ്ട് പ്രഖ്യാപനങ്ങളും ഗൂഗിളിന് നല്‍കിയത് കനത്ത പ്രഹരങ്ങളായിരുന്നു.

ഉടനെത്തന്നെ ഗൂഗിള്‍ തിരിച്ചടിച്ചു. അങ്ങനെയാണ് കുട്ടികളുടെ വെബ് ഉപയോഗത്തില്‍ അശ്ലീലസൈറ്റുകള്‍ കടന്നുവരുന്നത് തടയാനുള്ള 'സെയ്ഫ് സെര്‍ച്ച്' ഓപ്ഷന്‍ ഗൂഗിള്‍ പുറത്തിറക്കിയത്. കൂടാതെ സെര്‍ച്ച് എഞ്ചിനില്‍ മൂവി ലീസ്റ്റിംഗ് പദ്ധതിക്കും ഗൂഗിള്‍ തൂടക്കമിട്ടു. തൊട്ടടുത്ത തിയേറ്ററില്‍ കളിക്കുന്ന സിനിമ ഇനി ഗൂഗിളില്‍ പരതാം. സിനിമയുടെ പേരോ തിയേറ്ററിന്റെ പേരോ അടിസ്ഥാനമാക്കി തിരച്ചില്‍ സാധ്യമാകും. നമ്മുടെ പ്രമുഖ നഗരങ്ങളിലെ തിയേറ്ററുകളുടെ വിവരങ്ങളൊക്കെ ഇതിനകം ഗൂഗിളില്‍ ഉള്‍പെടുത്തിക്കഴിഞ്ഞു. നെറ്റിലെ അശ്ലീലതയുടെ അതിപ്രസരത്തില്‍ നിന്ന് കുട്ടികളെയും കുടുംബത്തെയും സംരക്ഷിക്കാനാണ് ഗൂഗിള്‍ സെയ്ഫ് സെര്‍ച്ച് സംവിധാനം അവതരിപ്പിച്ചത്. ഇതുപയോഗിക്കുന്നതോടെ ഗൂഗിളിലെ തിരച്ചിലിനിടയില്‍ അശ്ലീല ഘടകങ്ങളുള്ള ഒരൊറ്റ ലിങ്കും ലഭ്യമാവില്ല. ഗൂഗിളില്‍ 'സൈന്‍ ഇന്‍' ചെയ്ത ശേഷം ഹോം പേജില്‍ കാണുന്ന സെറ്റിംഗ്സിലൂടെ സെയ്ഫ് സെര്‍ച്ച് സംവിധാനം പ്രവര്‍ത്തിപ്പിക്കാം. തുടര്‍ന്ന് തന്റെ അറിവോ അനുവാദമോ കൂടാതെ ഗൂഗിളില്‍ അശ്ലീല ലിങ്കുകള്‍ തെളിയില്ല.

കൃത്യമായ കണക്കുകള്‍ അടിസ്ഥാനമാക്കി സെര്‍ച്ച് റിസള്‍ട്ട് നല്‍കുന്ന (Computational Knowledge Engine) സംവിധാനമാണ് 'വോള്‍ഫ്രാം ആല്‍ഫാ' മുന്നോട്ടുവക്കുന്നത്. സെര്‍ച്ചിന് നല്‍കുന്ന ഏതു വിഷയവും കൃത്യമായി നിര്‍വചിക്കാന്‍ ഇതിലൂടെ ബിംഗിനു സാധ്യമാകും. കപ്പക്കിഴങ്ങ് (tapioca) എന്ന് ഈ സെച്ച് എഞ്ചിനില്‍ തിരഞ്ഞാല്‍ ഫലം രസകരമായിരിക്കും. കപ്പയിലടങ്ങിയ വിറ്റമിന്‍, ഫാറ്റ്, മറ്റു നൂട്രീഷനല്‍ ഗുണങ്ങള്‍ എന്നിവയൊക്കെ സംഖ്യാ വിവരണങ്ങളോടെ കൃത്യമായി നമുക്ക് ലഭിക്കും. ബുദ്ധിയുള്ള സെര്‍ച്ച് എഞ്ചിനെന്നാണ് ബിംഗ് അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ആവശ്യമായ സമയത്ത് മാത്രമേ വോള്‍ഫ്രാം ആല്‍ഫ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ ബിംഗ് ഉപയോഗിക്കൂ. മുഴുപേജ് കാലവസ്ഥാ ഫലങ്ങളും ക്യുക് പ്രിവ്യൂവും ബിംഗ് ആദ്യമേ ഉള്‍പെടുത്തിയ മറ്റു ആപ്ലിക്കേഷനുകളാണ്.

എന്നാല്‍ ഇതിനൊക്കെ മുമ്പ് തന്നെ ഗൂഗിള്‍ ^ ബിംഗ് യുദ്ധം തുടങ്ങിയിരുന്നു. ഗൂഗിള്‍ മാപ്പിനു സമാനമായി ബിംഗ് മാപ്പ് അവതരിപ്പിച്ചു കൊണ്ടായിരുന്നു അത്. ഗൂഗിള്‍ ഇതിനോട് പ്രതികരിച്ചത് അമേരിക്കയിലെ അന്‍പത് സ്റ്റേറ്റുകളുടെയും തെരുവ് മാപ്പുകള്‍ തങ്ങളുടെ മാപ്പില്‍ ഉള്‍പെടുത്തിക്കൊണ്ടായിരുന്നു. ഇപ്പോള്‍ 3D മാപ്പും ബിംഗില്‍ ലഭ്യമാണ്. അതേസമയം തുല്യതയില്ലാത്ത നിരന്തര സേവനങ്ങളിലൂടെ നേടിയെടുത്ത കരുത്ത് ഇപ്പോളും ഗൂഗിളിനു കൂടുതല്‍ സ്വീകാര്യത നല്‍കുന്നുണ്ട്. പ്രാദേശികവല്‍ക്കരണത്തിലാണ് ഗൂഗിള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിംഗ് ആവട്ടെ ഗൂഗിളിന്റെ ദൌര്‍ബല്യം എവിടെയൊക്കെയെന്ന് തിരഞ്ഞുപിടിച്ച് പുത്തന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയുമാണ്. അതിനാല്‍ തന്നെ മത്സരം ഇനിയും രൂക്ഷമാകാനാണ് സാധ്യത. ഇന്റര്‍നെറ്റ് ലോകത്തിന് ഇത് വന്‍ നേട്ടങ്ങള്‍ കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാം.

ജുനൈദ് ഇരുമ്പുഴി
junaidck07@gmail.com
*****

വെബ് കൌതുകങ്ങള്‍

സ്വതന്ത്രമായി പാട്ട് കേള്‍ക്കാനും വീഡിയോ കാണാനും ഐപോഡ് ഉപയോഗിക്കുഞ്ഞന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണല്ലോ. പാട്ട് പോലെത്തന്നെ യൂട്യൂബ്, വീഡിയോജഗ് പോലുള്ള അതിപ്രശസ്ത സൈറ്റുകളില്‍നിന്ന് ഇഷ്ടം പോലെ വീഡിയോ ക്ലിപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം. എന്നാല്‍ ഡൌണ്‍ലോഡ് ചെയ്യുന്ന വീഡിയോ ഫയലുകളെല്ലാം നിങ്ങളുടെ ഐപോഡ് സപ്പോര്‍ട്ട് ചെയ്തുകൊള്ളണമെന്നില്ല. ഈ പ്രശ്നത്തിനൊരു പരിഹാരമാണ് http://www.videora.com/enus/Converter/iPod/ എന്ന സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്ന സൌജന്യ സോഫ്റ്റ്വെയറായ 'വീഡിയോറാ ഐപോഡ് കണ്‍വെര്‍ട്ടര്‍' (Videora iPod Converter). ഇതുപയോഗിച്ച് നിലവിലെ ഏതു ഫോര്‍മാറ്റിലുള്ള വീഡിയോ ഫയലുകളും ഏതാനും ക്ലിക്കുകളിലൂടെ നിങ്ങളുടെ ഐപോഡിനിണങ്ങുന്ന MPEG4, H.264 പോലുള്ള ഫോര്‍മാറ്റുകളിലേക്ക് മാറ്റിയെടുക്കാം. മാത്രമല്ല നിങ്ങള്‍ക്കു സൌകര്യപ്രദമായ വലുപ്പത്തിലും റിസൊല്യൂഷനിലും ചിത്രത്തെ മാറ്റിയെടുക്കാനുള്ള സംവിധാനവും ഈ സോഫ്റ്റ്വെയറില്‍ ലഭ്യമാണ്.ഐപോഡിന്റെ പുതിയ അവതാരങ്ങളായ iPod touch, iPod nano, iPod classic തുടങ്ങിയവക്ക് പുറവമേ ഐഫോണുകള്‍ക്ക് വേണ്ടി വീഡിയോകള്‍ കണ്‍വെര്‍ട്ട് ചെയ്യുന്നതിനാവശ്യമായ പ്രത്യേക സൌകര്യവും സോഫ്റ്റ്വെയറിന്റെ ഏറ്റവും പുതിയ വേര്‍ഷനുകള്‍ നല്‍കുന്നുണ്ട്.
റയിസ്ല മര്‍യം
raizlamaryam@hotmail.com
============

No comments:

Post a Comment

സന്ദര്‍ശകര്‍ ഇതുവരെ...