Thursday, November 26, 2009

ഇന്‍ഫോ മാധ്യമം (425) - 16/11/2009





മഷിത്തണ്ട് - ഓണ്‍ലൈന്‍ മലയാളം നിഘണ്ടു

മലയാളത്തിന് ഇന്റര്‍നെറ്റിലൊരു സൌജന്യ ഓണ്‍ലൈന്‍ നിഘണ്ടു. മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം എന്നീ രീതികളില്‍ ലഭ്യമായ നിഘണ്ടുവില്‍ ഇപ്പോള്‍ അറുപത്തൊന്നായിരം മലയാളം പദങ്ങളും ഇരുപത്തേഴായിരം ഇംഗ്ലീഷ് പദങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളാണ് മലയാളം യൂണികോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. മാതൃഭാഷക്ക് വേണ്ടി നെറ്റില്‍ എന്തെങ്കലുമൊക്കെ ചെയ്യണമെന്ന താല്‍പര്യമാണ് ലാഭേഛയില്ലാത്ത ഈ പ്രവര്‍ത്തനത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇതിന്റെ വികസനത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന ജോജു ജോണ്‍ പറയുന്നു. നെറ്റിലെ മലയാളം ഉപയോഗം വര്‍ദ്ധിപ്പിക്കലും സൈറ്റ് ലക്ഷ്യമാക്കുന്നു. ഇരുപതിനായിരത്തോളം പദങ്ങള്‍ ഇവര്‍ തന്നെ കൂട്ടിച്ചേര്‍ത്ത് നെറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് തുടക്കം. സൈറ്റിന് സന്ദര്‍ശകര്‍ കൂടി വന്നപ്പോള്‍ ആവശ്യങ്ങളും വര്‍ദ്ധിച്ചു. തുടര്‍ന്ന് ഉപയോക്താക്കള്‍ തന്നെ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തു നിഘണ്ടു വിപുലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി രണ്ടായിരത്തഞ്ഞൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ മഷിത്തണ്ടിലേക്ക് പദങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിഘണ്ടു ഓണ്‍ലൈനായി മാത്രമേ ലഭ്യമാകൂ. ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയില്ല.

മലയാളത്തിന് ഓണ്‍ലൈന്‍ സ്പെല്‍ചെക്കറും ട്രാന്‍സ്ലേഷന്‍ സോഫ്റ്റ്വെയറും ക്രമപ്രകാരം അണിയറയില്‍ പുരോഗമിച്ചുവരികയാണ്. എട്ട് ലക്ഷം വാക്കുകളടങ്ങിയ പദശേഖരം നിര്‍മ്മിക്കാനാവുമെന്നാണ് പ്രതീക്ഷ. നിഘണ്ടുവില്‍ 'സാമ്യമുള്ള പദങ്ങള്‍' ഇപ്പോള്‍ തന്നെ പ്രദര്‍ശിപ്പിച്ചുവരുന്നുണ്ട്. ഇത് വികസിപ്പിക്കുന്നതോടെ സ്പെല്‍ ചെക്കര്‍ സംവിധാനമെന്ന ലക്ഷ്യം നേടാനാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സമ്പൂര്‍ണമായൊരു പദപ്രശ്ന കളരിയും മഷിത്തണ്ടിലൊരുക്കിയിരിക്കുന്നു. വ്യത്യസ്ത വിഷയങ്ങളിലും വലിപ്പത്തിലുമുള്ള പദപ്രശ്നങ്ങള്‍ കളിക്കാന്‍ മാത്രമല്ല പുതിയവ നിര്‍മ്മിക്കാനും ഇതില്‍ സൌകര്യമുണ്ട്. 1500 - 2000 പേര്‍ ദിനേന മഷിത്തണ്ട് ഉപയോഗിക്കുന്നുവെന്നാണ് ഗൂഗിളിന്റെ കണക്ക്. അഡ്രസ്സ്. http://dictionary.mashithantu.com/
*****

അനധികൃത മൊബൈല്‍ ഫോണുകള്‍ക്ക് നിരോധം

നിയമ വിധേനയല്ലാത്ത മാര്‍ഗത്തിലൂടെ രാജ്യത്തെത്തുന്ന ഐ.എം.ഇ.ഐ (International Mobile Equipment Identity) കോഡുകളില്ലാത്ത മൊബൈല്‍ ഫോണുകള്‍ ഇനി നിശ്ചലമാവുകയാണ്. പ്രധാനമായും ചൈന, തായ്വാന്‍ രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന ഫോണുകളാണ് ഈ ഇനത്തില്‍ ഗ്രേ മാര്‍ക്കറ്റുകള്‍ വഴി ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. ഇത്തരം ഫോണുകള്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കും പിന്തുടരാന്‍ സാധ്യമാകാത്തത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ ഫോണുകള്‍ മോഷണം പോയാല്‍ കണ്ടെത്താനും സാധ്യമായിരുന്നില്ല. സാമൂഹ്യ വിരുദ്ധര്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും മറ്റും ഈ ഫോണുകള്‍ ഒരളവുവരെ സഹായകമായി വര്‍ത്തിച്ചിരുന്നുവെന്നതും വലിയ തലവേദന തന്നെയായിരുന്നു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം ഫോണുകള്‍ നിരോധിക്കാന്‍ ടെലികോം വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്റെ അപേക്ഷ പരിഗണിച്ച് ഡിസംബര്‍ ഒന്ന് വരെ അവധി നീട്ടുകയായിരുന്നു. ഡിസംബര്‍ ആദ്യത്തോടെ ഇപ്പോള്‍ നിരോധം പ്രാബല്യത്തില്‍ വരികയാണ്. ഇതുമുഖേന ഇന്ത്യയിലെ രണ്ടര കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ മാറ്റി പുതിയവ വാങ്ങുകയോ അതല്ലെങ്കില്‍ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഐ.എം.ഇ.ഐ നമ്പര്‍ കൂട്ടിച്ചേര്‍ത്ത് നിയമവിധേയമാക്കുകയോ ചെയ്യേണ്ടിവരും. അതേസമയം തങ്ങള്‍ക്ക് പെട്ടെന്ന് വലിയൊരു നഷ്ടം വരുത്തി വക്കുമെന്നതിനാല്‍ കാലാവധി അല്‍പം കൂടി നീട്ടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് സെല്ലുലാര്‍ ഓപറേറ്റര്‍മാര്‍.

ദിലീപ് സേനാപതി
dileep.senapathy@gmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

ബൂലോഗ കാരുണ്യം
http://boologakarunyam.blogspot.com/

മലയാളം ബ്ലോഗര്‍മാരുടെ ലോകമായ 'ബൂലോഗ'ത്തൊരു കാരുണ്യത്തിന്റെ സഹായഹസ്തം. അന്ധര്‍ക്ക്, അനാഥരായവര്‍ക്ക്, ബുദ്ധിവികാസം പ്രാപിക്കാത്തവര്‍ക്ക്, പ്രായമേറിയതിനാല്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട അശരണര്‍ക്ക് ഒരു തണല്‍. അതാണ് ബൂലോക കാരുണ്യം. മലയാളം ബ്ലോഗെഴുത്തുകാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ ഒത്തുകൂടിയിരിക്കയാണ്. ബ്ലോഗെഴുത്തുകാരിലെ അശരണരെ സഹായിക്കാനായി തുടക്കമിട്ട ഈ കൂട്ടായ്മ ബ്ലോഗിന് പുറത്തേക്കും തങ്ങളുടെ സഹായഹസ്തം നീട്ടുന്നുവെന്നത് സന്തോഷമുള്ള കാര്യമാണ്. എണ്‍പതിലധികം ബ്ലോഗര്‍മാര്‍ ഇതിനകം ബൂലോഗ കാരുണ്യത്തില്‍ അംഗങ്ങളായിരിക്കുന്നു.

മാഞ്ഞാലിനീയം
http://manjalyneeyam.blogspot.com/

സുഹൃത്തുക്കളുമായി അല്‍പം കൊച്ചുവര്‍ത്തമാനങ്ങള്‍ പറയാമല്ലോ എന്ന ഉദ്ദേശ്യം മാത്രമേ ഈ ബ്ലോഗിനുള്ളൂ. തമാശ, നടപ്പുവര്‍ത്തമാനം ഇവയൊക്കെയാണ് പോസ്റ്റുകള്‍. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ പ്രതികരണമറിയിക്കാന്‍ 'പാവം^ഞാന്‍' എന്ന പേരലറിയപ്പെടുന്ന ബ്ലോഗള്‍ ആവശ്യപ്പെടുന്നു. എന്നുവച്ച് ബ്ലോഗര്‍ അത്ര പാവമൊന്നുമല്ലെന്നാണ് ശത്രുക്കള്‍ പറയുന്നതത്രെ. അതായത് പോസ്റ്റുകളില്‍ ഒട്ടൊക്കെ കാമ്പുള്ളവയും കാണാം. അനാവശ്യ തല്ലുപിടിത്തം, വര്‍ഗീയത ഇവയൊക്കെ ബ്ലോഗില്‍ നിന്നൊഴിവാക്കയിരിക്കുന്നുവെന്നും ബ്ലോഗര്‍ പറയുന്നു.

ഡോട്ട്കോം @ വള്ളിക്കുന്ന്
http://vallikkunnu.blogspot.com/

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ ബഷീറിന്റെ ബ്ലോഗ്. ഇപ്പോള്‍ സൌദി അറേബ്യയില്‍ ട്രാന്‍സ്ലേറ്ററായി ജോലി ചെയ്യുന്നു. പച്ചപ്പാവമോ പരമ ദ്രോഹിയോ അല്ലത്രെ. അതേതായാലും സമകാലിക വിഷയങ്ങളിലൊക്കെ ബ്ലോഗര്‍ക്ക് നല്ല അവഗാഹമാണെന്ന് പോസ്റ്റുകള്‍ തെളിയിക്കുന്നു. ഡൊമൈന്‍ നാമങ്ങള്‍ ഇനി മലയാളത്തിലും, പോലീസോ പട്ടാളമോ വലുത്, മാദ്ധ്യമമോ മാധ്യമമോ ശരി, ഉന്ത്യാ വിഷന്‍ ചിരിക്കുന്നു; ഡോ. മുനീര്‍ കരയുന്നു എന്നിവയൊക്കെയാണ് പുതിയ പോസ്റ്റുകള്‍. ബ്ലോഗിന് ധാരാളം സന്ദര്‍ശകരുണ്ട്. ബ്ലോഗ് പിന്തുടരുന്നവരുടെ എണ്ണവും കുറവല്ല.

ഉപഭോക്താവ്
http://upabhokthavu.blogspot.com/

ഉപഭോക്താക്കള്‍ക്ക് സഹായകമായി ഒരു ബ്ലോഗ്. കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും അനഭവിച്ചറിഞ്ഞതും ശരിയെന്ന് വിശ്വസിക്കുന്നതുമായ ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചിടുകയാണ് മലയാളം ബ്ലോഗ് ലോകത്ത് അങ്കിള്‍ എന്നറിയപ്പെടുന്ന ചന്ദ്രകുമാര്‍. തിരുവനന്തപുരത്ത് വട്ടിയൂര്‍കാവില്‍ താമസം. സര്‍ക്കാരില്‍ പരാതിപ്പെടാന്‍, റെയില്‍ യാത്ര, വോട്ടര്‍ പട്ടിക, വിവരാവകാശ നിയമം തുടങ്ങിയ പ്രയോജനപ്രദമായ ധാരാളം പോസ്റ്റുകളാല്‍ സമ്പുഷ്ടമാണ് ബ്ലോഗ്. സര്‍ക്കാര്‍ കാര്യം എന്നൊരു ബ്ലോഗും അങ്കിള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

സിയാദിന്റെ ബ്ലോഗ്
http://www.tmziyad.com/

ഏറെക്കുറെ സമ്പൂര്‍ണ്ണമെന്ന് പറയാവുന്നൊരു ബ്ലോഗ്. ലേഖനം, കഥ, കവിത, അനുഭവം, നര്‍മ്മം, ഗ്രാഫിക് ഡിസൈന്‍, ടിപ്സ്^ട്രിക്സ്, ചിന്ത, പടമിടം, എന്നിങ്ങനെ വ്യത്യസ്ത വിഭാഗമായി വിഭജിച്ചിരിക്കയാണ് ഈ ബ്ലോഗ്. ബ്ലോഗില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത് ഗ്രാഫിക് ഡിസൈന്‍ എന്ന വിഭാഗമാണ്. ഡിസൈനിംഗിന്റെ ബാല പാഠങ്ങള്‍, ചരിത്രം, തത്വങ്ങള്‍, ടിപ്സ് എന്നിങ്ങനെ ഡിസൈനുമായി ബന്ധപ്പെട്ട അറിവുകള്‍ ബ്ലോഗിലൂടെ പങ്കുവക്കുകയാണ് ബ്ലോഗര്‍. ചിത്രം വരക്കുന്നവര്‍ക്കും ഡി.ടി.പി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സഹായകമായ രീതിയിലാണ് ഈ വിഭാഗത്തിലെ പോസ്റ്റുകള്‍ സംവിധാനിച്ചിരിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലെ പ്രസാധന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ ബ്ലോഗ് അങ്ങേയറ്റം പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. സൌദിയില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിയായ ടി.എം. സിയാദാണ് ബ്ലോഗര്‍.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

ഇമേജ് സെര്‍ച്ച് രംഗത്ത് തികച്ചും നൂതനമായ രീതി ആവിഷ്കരിച്ച് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു സെര്‍ച്ച് എഞ്ചിനാണ് http://tineye.com/. സാധാരണ ഇമേജുകള്‍ക്കു വേണ്ടി തിരയുമ്പോള്‍ സെര്‍ച്ച് ബോക്സില്‍ കീ വേര്‍ഡുകള്‍ കൊടുത്ത് എന്റര്‍ ബട്ടണ്‍ അടിക്കുന്ന പതിവു രീതിയാണല്ലോ നാം പിന്‍തുടരാറുള്ളത്. എന്നാല്‍ ഈ സൈറ്റില്‍ കീ വേര്‍ഡുകള്‍ക്കു പകരം ഇമേജുകള്‍തന്നെ അപ്ലോഡ് ചെയ്ത് എന്റര്‍ ചെയ്യുന്നു. തുടര്‍ന്ന് നാം കൊടുത്ത ഇമേജിനോട് സാമ്യമുള്ള നിരവധി ഇമേജുകളുടെ തമ്പ്നെയില്‍ ചിത്രങ്ങള്‍ അവയുടെ വലുപ്പത്തെക്കുറിച്ചും വ്യക്തതയെക്കുറിച്ചുമുള്ള വിവരങ്ങള്‍ സഹിതം സ്ക്രീനില്‍ അണിനിരക്കുന്നതു കാണാം. അവയില്‍ നമ്മുടെ ആവശ്യത്തിനിണങ്ങുന്ന ഇമേജുകള്‍ ഏതാണെന്നു കണ്ടെത്തി ഡൌണ്‍ലോഡ് ചെയ്തെടുക്കാം. കീവേര്‍ഡിന് പകരം ഇമേജ് കൊടുത്ത് സമാനമായ മറ്റു ഇമേജുകള്‍ തിരഞ്ഞടുക്കുന്ന പ്രക്രയയാണ് ഈ സംവിധാനത്തിലൂടെ നടക്കുന്നതെന്നതിനാല്‍ ഇതൊരു 'Reverse Image Search Engine' ആണെന്നു പറയാം. റിസല്‍ട്ടായി ലഭിക്കുന്ന തമ്പ്നെയില്‍ ചിത്രങ്ങള്‍ വ്യക്തതയും വലുപ്പവുമനുസരിച്ച് ക്രമീകരിക്കുതിനുള്ള സൌകര്യവും ഈ സെര്‍ച്ച് എഞ്ചിന്‍ നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ നെറ്റില്‍ ലഭ്യമായ ഏതെങ്കിലും ഇമേജിന്റെ URL സെര്‍ച്ച് ബോക്സില്‍ പേസ്റ്റ് ചെയ്തും തിരച്ചില്‍ നടത്താം. ഇപ്പോള്‍ ബീറ്റാ സ്റ്റേജിലുള്ള ഇതിന്റെ ഫൈനല്‍ വേര്‍ഷന്‍ ഉടന്‍ ലഭ്യമാകുമെന്ന് പ്രായോജകര്‍ വാഗ്ദാനം ചെയ്യുന്നു.
റയിസ്ല മര്‍യം
raizlamaryam@hotmail.com
*****
===========================

No comments:

Post a Comment

സന്ദര്‍ശകര്‍ ഇതുവരെ...