Wednesday, August 26, 2009

ഇന്‍ഫോമാധ്യമം (300) - 23/02/2007


ഇനി ലൈബ്രറിയും ഒരു ഡി.വി.ഡിയില്‍ ഒതുങ്ങും

ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സങ്കല്‍പിക്കുക. അലമാരയില്‍ ഭംഗിയായി അടുക്കിവച്ച ഇവ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി സി.ഡിയിലോ അല്ലെങ്കില്‍ ഡി.വി.ഡിയിലോ സൂക്ഷിക്കുകയാണെങ്കില്‍ എല്ലാ പുസ്തകങ്ങളും ഉള്‍ക്കൊള്ളാന്‍ എത്ര ഡിസ്ക്കുകള്‍ വേണ്ടിവരും? ഒന്ന് മതിയാവില്ല എന്ന് ഉത്തരം പറയാന്‍ എല്ലാവര്‍ക്കുമറിയാം. പിന്നെ എത്ര വേണ്ടിവരും? അത് പുസ്തകങ്ങളുടെ എണ്ണവും വലിപ്പവും അനുസരിച്ച് എന്നാവും നിങ്ങളുടെ ഉത്തരം. ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ ലൈബ്രറിയിലെ വിവരങ്ങള്‍ മൊത്തം ശേഖരിക്കാന്‍ വെറും ഒരു ഡി.വി.ഡി തന്നെ ധാരാളം! പുതുസാങ്കേതികവിദ്യ നല്‍കുന്ന സൂചന ഇതാണ്. പത്തും മുപ്പത്തിയാറും വാല്യങ്ങളുള്ള വിജ്ഞാനകോശങ്ങള്‍ ഒന്നോ രണ്ടോ സി.ഡിയില്‍ ഒതുങ്ങിയത് അക്കാലത്ത് വലിയ സംഭവമായിരുന്നു. വളരെ ജിജ്ഞാസയോടെയാണ് ഇക്കാര്യം നമ്മള്‍ ശ്രദ്ധിച്ചത്. വിജ്ഞാനകോശം മാത്രമല്ല ലൈബ്രറിയിലെ മൊത്തം പുസ്തകങ്ങള്‍ ഒരു ഡി.വി.ഡിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ മാത്രം പാകത്തില്‍ സാങ്കേതികവിദ്യ വളര്‍ന്നിരിക്കയാണ്. 3D ഡിജിറ്റല്‍ സ്റ്റോറേജ് സംവിധാനം എന്നറിയപ്പെടുന്ന ഈ പുതിയ ടെക്നോളജിക്ക് കരുത്തുപകരുന്നത് സെന്‍ട്രല്‍ ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി പ്രൊഫസര്‍ കെവിന്‍ ഡി. ബെല്‍ഫീല്‍ഡും സംഘവുമാണ്.

500 സിനിമകള്‍ വരെ സ്റ്റോര്‍ ചെയ്യാനാവുന്ന ഈ സാങ്കേതികവിദ്യയുടെ ശരിയായ പേര് Two Photon 3D Optical Data Storage എന്നാണ്. രണ്ട് വ്യത്യസ്ത തരംഗ ദൈര്‍ഘ്യമുള്ള ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് മള്‍ട്ടിപ്പിള്‍ ലെയറിലാണ് ഇതില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. മറ്റ് ഡിസ്ക്കുകളെ അപേക്ഷിച്ച് ഇതിന് വ്യക്തത കൂടുതലുണ്ടാകുമെന്ന് മാത്രമല്ല പോരായ്മകള്‍ കുറയുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. അമേരിക്ക, ബ്രിട്ടന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഇതിനുള്ള സാമ്പത്തിക, സാങ്കേതിക സഹായം ഒരുക്കുന്നുണ്ട്. ഡാറ്റാ സ്റ്റോറേജ് മേഖലയാകെ ഉറ്റുനോക്കുന്ന ഈ സാങ്കേതികവിദ്യയുടെ പാറ്റന്റിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. ഗവേഷണം പൂര്‍ത്തിയാവുമ്പോഴേക്കും ആയിരം ജിഗാബൈറ്റ് വരെ സ്റ്റോറേജ് ശേഷി ഈ ഡിസ്ക്കുകള്‍ കൈവരിക്കുമൊണ് കണക്കുകൂട്ടല്‍.

കമ്പ്യൂട്ടര്‍ മേഖലയില്‍ സാങ്കേതികവിദ്യകളുടെ വികസനവും മാറ്റങ്ങളും വളരെ പെട്ടൊണ് നടക്കുന്നത്. ഇന്ന് നിലവിലുള്ള സാങ്കേതികവിദ്യ നാളെ വെറും ഓര്‍മ്മ മാത്രമാവും. ഉയര്‍ന്ന സ്റ്റേറേജ് കപ്പാസിറ്റിയുമായി അടുത്ത കാലത്താണ് ബ്ളൂറേ ഡിസ്ക്ക് മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഒരൊറ്റ ലെയറില്‍ 25 ജിഗാബയ്റ്റും ഡബിള്‍ ലെയറില്‍ 50 ജിഗാബയ്റ്റും സ്റ്റോറേജ് ശേഷി നല്‍കുന്ന ഈ സാങ്കേതികവിദ്യയും ഒരുപക്ഷേ 3D ഡിജിറ്റല്‍ സ്റ്റോറേജിന്റെ കടന്നുവരവോടെ കാലഹരണപ്പെട്ടേക്കാം.
ടി.വി. സിജു
tvsiju@gmail.com
*****

സമുദ്ര വിസ്മയങ്ങള്‍ക്കായി ഒരു വെബ്സൈറ്റ്

ജീവിതത്തിലൊരിക്കലെങ്കിലും കടല്‍ കാണാന്‍ കൊതിക്കാത്തവരുണ്ടാവില്ല. അടുത്തറിഞ്ഞാല്‍ കരയെക്കാള്‍ നിഗൂഢവും വിസ്മയങ്ങളുടെ വന്‍ ശേഖരങ്ങളുമായ മഹാസമുദ്രങ്ങളെക്കുറിച്ചറിയേണ്ടതെല്ലാം ഒരൊറ്റ ക്ലിക്കിലൂടെ നല്‍കുകയാണ് www.marinebio.org എന്ന സൈററ്. നീലക്കടല്‍ പോലെത്തന്നെ മനോഹരമാണ് ടെക്സാസിലെ ഹൂസ്ററണ്‍ ആസ്ഥാനമായുള്ള സമുദ്ര ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സൈറ്റ്. സമുദ്രസംരക്ഷണവും പഠനഗവേഷണങ്ങളും പ്രോല്‍സാഹിപ്പിക്കുകയും സമുദ്ര സദാചാരം പ്രചരിപ്പിക്കുകയുമാണ് സൈററിന്റെ ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ പ്രയോജനകരമായ സൈറ്റില്‍ സൂക്ഷ്മജീവികളായ നാനോ പ്ലാംക്ടന്‍ മുതല്‍ ഭീമാകാരികളായ നീലത്തിമിംഗലങ്ങള്‍ വരെയുള്ളവയെക്കുറിച്ച് വിശദവും ആധികാരികവുമായ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. വ്യത്യസ്ത സ്പീഷിസുകളുടെ പേരുപയോഗിച്ച് സെര്‍ച്ച് ചെയ്താല്‍ അവയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങളും ചിത്രങ്ങളും ലഭിക്കും. സമുദ്ര ചരിത്രം, ടാക്സോണമി, സമുദ്ര രസതന്ത്രം, കടലിലെ കാടുകള്‍, കടലിലെ വര്‍ണ്ണ പ്രപഞ്ചം, പരിസ്ഥി പ്രശ്നങ്ങള്‍ എന്നീ വ്യത്യസ്ത തലക്കെട്ടുകളില്‍ കടലിനെക്കുറിച്ചറിയേണ്ടതെല്ലാം സൈററിലുണ്ട്. ജീവികളുടെ സ്വാഭാവിക പ്രകൃതി, ഭക്ഷണ രീതികള്‍, വര്‍ഗ്ഗ ചരിത്രം, വംശനാശ ഭീഷണി നേരിടുന്ന ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയൊക്കെ സൈററില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രഞ്ജര്‍ക്കും പരസ്പരം ആശയ വിനിമയം നടത്താനൂം സംശയ നിവാരണത്തിനും ഇന്ററാക്ടീവ് പ്ലാംക്ടണ്‍ ഫോറവും ഓണ്‍ലൈന്‍ ബുള്ളററിനും സൈററിലുണ്ട്. സമുദ്ര സംബന്ധമായ പഠനങ്ങള്‍ക്കുതകുന്ന കോഴ്സുകളും സ്ഥാപനങ്ങളും ഈ മേഖലയിലെ ജോലിസാധ്യതകളും സൈററില്‍ വിവരിക്കുന്നു. ടെക്സാസിലെ പരിസ്ഥിതി ശാസ്ത്രഞ്ജനായ ഡേവിഡ് കാം ബെല്ലാണ് സൈററിന്റെ സഥാപക എഡിററര്‍. മനോഹരമായ രൂപകല്‍പനയും കടലിന്റെ യഥാര്‍ഥ അനുഭൂതി പകരുന്ന ഫോട്ടോ ഗ്യാലറിയിലെ മനോഹര ചിത്രങ്ങളുമാണ് സൈററിന്റെ മറ്റൊരു ആകര്‍ഷണം.

യാസിര്‍ ഫയാസ്
yasirfayas@gmail.com
*****

സ്ക്രോള്‍ ഡിസ്പ്ലേ മൊബൈലുകള്‍

ഇപ്പോള്‍ ഏറ്റവുമധികം പരീക്ഷണങ്ങളും വികസനങ്ങളും നടക്കുന്നത് മൊബൈല്‍ സാങ്കേതികവിദ്യാരംഗത്താണ്. മൊബൈല്‍ വിപണിയിലെ കുതിപ്പ് കണക്കിലെടുത്ത് വന്‍കിട കമ്പനികള്‍ വന്‍തുകയാണ് ഈ മേഖലയിലിറക്കുന്നത്. എന്തെല്ലാം സൌകര്യങ്ങള്‍ കൈപിടിയിലാക്കാം എന്ന ചിന്തയിലാണ് സാങ്കേതിക രംഗത്തെ പ്രമുഖര്‍. ഇനി സ്ക്രോള്‍ ചെയ്യാവുന്ന ഡിസ്പ്ലേയോടുകൂടിയ മൊബൈലുകളാണത്രെ ഇറങ്ങാന്‍ പോകുന്നത്. ഈ വര്‍ഷാവസാനം ഇറ്റലിയിലായിരിക്കും ഇത് ആദ്യമായി പുറത്തിറങ്ങുക. എല്‍.ഇ.ഡി ഡിസ്പ്ലേയുള്ള ഇതില്‍ നിരക്കിനീക്കാവുന്ന 12.7 സെന്റി മീറ്റര്‍ വലിപ്പമുള്ള സ്ക്രീനുണ്ടാകും. ഒരു പേപ്പര്‍ വായിക്കുന്നതുപോലെതന്നെ ഇതിന്റെ സ്ക്രീനില്‍ നിന്ന് വിവരങ്ങള്‍ വായിച്ചെടുക്കാമെന്നാണ് നിര്‍മാതാക്കളായ 'പോളിമര്‍ വിഷന്‍' പറയുന്നത്. മൊബൈലിന്റെ വിവരണം ലഭ്യമായ ഉടന്‍ തന്നെ ഇറ്റാലിയന്‍ ടെലികോം കമ്പനി ഇതിന്റെ വില്‍പന ഏറ്റെടുത്തിരിക്കയാണ്. ഫോണ്‍ വിളിക്കാന്‍ സാധ്യമാവില്ല എന്ന ന്യൂനതയുള്ള ഈ മൊബൈല്‍ ഫോണ്‍ മുഖേന വൈഫൈ തുടങ്ങിയ വയര്‍ലെസ് സേവനങ്ങളും ഇന്റര്‍നെറ്റും ലഭ്യമാകും. ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധികരണങ്ങളും ഇ^ബുക്കുകളും എവിടെവച്ചും വായിക്കാമെന്നതാണ് ഇതിന്റെ സവിശേഷത. ഭൂപടങ്ങളും ജി.പി.എസ്. സൌകര്യവും ഇതില്‍ വളരെ ഫലപ്രദമായി ഉപയോഗിക്കാനാവും. പാട്ടുകേള്‍ക്കാനും ഇതില്‍ സൌകര്യമുണ്ട്. എന്നാല്‍ കളറിന്റെ വിസ്മയലോകം തത്കാലം സാധ്യമല്ല. 16 ഗ്രേ ഷെയ്ഡുകളേ ഇതില്‍ ഇപ്പോള്‍ ലഭിക്കുകയുള്ളൂ. അടുത്ത പതിപ്പില്‍ കൂടുതല്‍ ഭേദഗതികള്‍ക്ക് ശ്രമിക്കുകയാണെന്നും ചലിക്കുന്ന ദൃശ്യങ്ങളും വര്‍ണ്ണസ്ക്രീനും ഉടനെ യാഥാര്‍ഥ്യമാക്കുമെന്നും നിര്‍മ്മാതാക്കള്‍ ഉറപ്പുനല്‍കുന്നു. പുതിയ ഉപകരണത്തില്‍ 4 ജിഗാബൈറ്റ് മെമ്മറിയും ഒരു മിനി യു.എസ്.ബി പോര്‍ട്ടും ഉണ്ട്. 10 ദിവസം വരെ ബാറ്ററി ചാര്‍ജ്ജ് നില്‍ക്കുമെന്നുമാണ് കമ്പനിയുടെ അവകാശം. ഫെബ്രുവരിയില്‍ ബാഴ്സിലോണയില്‍ നടക്കുന്ന മൂന്നാമത് ജി.എസ്.എം മൊബൈല്‍ കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ മൊബൈല്‍ ഉപകരണത്തിന്റെ വില ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

പ്രമോദ് തോമസ്
pramod.pmd@gmail.com
*****

വെബ് കൌതുകങ്ങള്‍

മനോഹരങ്ങളായ വാള്‍പേപ്പറുകള്‍ക്ക്

സൌജന്യമായി വാള്‍ പേപ്പറുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്ന ചില സൈറ്റുകളെക്കുറിച്ച് നേരത്തേ ഈ കോളത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അവയില്‍നിന്നെല്ലാം വൈവിധ്യംകൊണ്ടും മികവുകൊണ്ടും വേറിട്ടു നില്‍ക്കുന്ന സൈറ്റാണ് www.caedes.net/. അതി മനോഹരങ്ങളായ വാള്‍പേപ്പറുകളുടെ വന്‍ശേഖരത്തിനു പുറമെ ഇമേജ് ഡിസൈനിംഗ് ഓണ്‍ലൈനായി പഠിപ്പിക്കുന്ന ട്യൂട്ടോറിയലുകള്‍കൂടി നല്‍കുന്നുണ്ടെതാണ് ഇതിന്റെ സവിശേഷത. ഡെസ്ക്ടോപ്പില്‍ എന്നുമെന്നും ഒരേതരത്തിലെ ഇമേജുകള്‍ കണ്ടുമടുത്തവര്‍ക്ക് പുതിയ ചിത്രങ്ങള്‍ ലഭിക്കുന്നതിനു പുറമെ പുതിയ ഡിസൈനുകള്‍ സ്വയം നിര്‍മ്മിച്ചു പരീക്ഷിക്കാമെന്നത് ഏറെ രസകരമായിരിക്കുമല്ലോ. ഭാവനാ സമ്പന്നരായ ചിത്രകാരന്മാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും ഡിസൈനര്‍മാരുടെയും ആഗോള കൂട്ടായ്മയായ CADES ആണ് ഈ സൈറ്റിന്റെ പ്രായോക്താക്കള്‍. തങ്ങളുടെ കലാസൃഷ്ടികള്‍ വാള്‍പേപ്പറുകളാക്കി ഇന്റര്‍നെറ്റിലൂടെ പങ്കുവക്കുന്നതോടൊപ്പം ആസ്വാദകര്‍ക്ക് സമര്‍പ്പിക്കുക കൂടിയാണ് സൈറ്റിന്റെ ലക്ഷ്യം. ഗാലറികളിലൂടെ ബ്രൌസ് ചെയ്യുന്നതോടൊപ്പം സൃഷ്ടികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്നതിനും കലാകാരന്മാരായ സന്ദര്‍ശകര്‍ക്ക് സ്വന്തം സൃഷ്ടികള്‍ സൈറ്റിന്റെ ശേഖരത്തിലേക്കു മുതല്‍കൂട്ടാക്കുന്നതിനും സൌകര്യമുണ്ട്. പക്ഷേ, എല്ലാ ഫീച്ചറുകളും ഉപയോഗപ്പെടുത്തണമെങ്കില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ യൂസര്‍നെയിമും പാസ്വേഡും ലഭ്യമാക്കണം. ഫ്രാക്ച്ചല്‍ സൃഷ്ടികള്‍, അബ്സ്ട്രാക്റ്റുകള്‍, 3D കമ്പ്യൂട്ടര്‍ ഇമേജുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ 800x600 മുതല്‍ 1600x1200 സൈസുകളിലുള്ള 12000^ത്തില്‍പ്പരം ഇമേജുകളാണ് ഇപ്പോള്‍ സൈറ്റിലുള്ളത്. ദിനംപ്രതി പുതിയവ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. സൈറ്റില്‍ ഇമേജുകളുടെ നിലനില്‍പ് ആസ്വാദകരുടെ അഭിപ്രായങ്ങളെ ആശ്രയിച്ചാകയാല്‍ അവയുടെ ഗുണനിലവാരം അപാരമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇംഗ്ലീഷ് ഭാഷയിലേക്കൊരു കവാടം

കേവലമൊരു നിഘണ്ടുവിന്റെ പരിധിയും കടന്ന് വേറെയും നിരവധി റഫറന്‍സ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റാണ് www.thefreedictionary.com/. ഇംഗ്ലീഷ് വാക്കുകളുടെ നിര്‍വ്വചനങ്ങള്‍ കണ്ടെത്തുക എന്ന സാധാരണ പ്രക്രിയക്കൊപ്പം ലോകഭാഷയിലെ പദങ്ങള്‍ക്ക് കാലദേശവ്യത്യാസങ്ങള്‍ക്കനുസരിച്ച് സംഭവിക്കാവുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാനും ഭാഷാ സ്നേഹികള്‍ക്ക് ഈ ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താം. പൊതുവായ നിഘണ്ടുവിനു പുറമെ Computing, Finance, Medical, Legal എന്നിങ്ങനെ വിഷയക്രമത്തില്‍ ഇനം തിരിച്ചവയും ഇതില്‍ കാണാം. Columbia Encyclopedia, Wikipedia എന്നീ വിജ്ഞാനകോശങ്ങളിലേക്കുള്ള നേരിട്ടുള്ള ലിങ്കുകളും സൈറ്റില്‍ കൊടുത്തിരിക്കുന്നു. പ്രാഥമികമായി ഒരു റഫറന്‍സ് സൈറ്റാണെങ്കിലും രസകരമായ മറ്റു പല ഇനങ്ങളും ഇതിലുണ്ട്. ഓരോ ദിവസവും മാറിവരുന്ന വാര്‍ത്താസംബന്ധിയായ ലേഖനങ്ങള്‍, പ്രശസ്തരുടെ പിറന്നാളുകള്‍, ജ്യോതിഷക്കുറിപ്പുകള്‍, ഗെയിമുകള്‍ എന്നിവക്ക് പുറമെ Word and Quotation of the Day, 'On This Day in History' തുടങ്ങിയവയും സൈറ്റിലെ വിഭവങ്ങളാണ്. എളുപ്പത്തില്‍ സ്വന്തമായി ഒരു ഹോംപേജുണ്ടാക്കാന്‍ സഹായിക്കുന്നുവെതാണ് ഈ സൈറ്റിന്റെ മറ്റൊരു പ്രത്യേകത. റെഡിമെയ്ഡായി ലഭിക്കുന്ന ഹോംപേജിലെ ഉള്ളടക്കത്തില്‍ ആവശ്യനുസരണം കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിമാറ്റലുകളോ നടത്തി വൃത്തിയായി എഡിറ്റു ചെയ്ത് സ്വന്തമാക്കാം. ഡ്രാഗ് & ഡ്രോപ്പ് സൌകര്യത്തോടുകൂടിയ ഈ സംവിധാനമുപയോഗിച്ച് നിങ്ങളുടെ ബുക്മാര്‍ക്കുകള്‍, സ്റ്റോക്ക് മാര്‍ക്കറ്റ് ട്രാക്കര്‍, RSS ഫീഡുകള്‍ തുടങ്ങിയവ വെബില്‍ എവിടെനിന്നു വേണമെങ്കിലും നിങ്ങളുടെ പേജിലേക്ക് യഥേഷ്ടം കൂട്ടിച്ചേര്‍ക്കാം.
റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

പാസ്പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി

പാസ്പോര്‍ട്ട് ഓഫീസുകളില്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. ഇന്ത്യയിലെ തിരഞ്ഞെടുത്ത പാസ്പോര്‍ട്ട് ഓഫീസുകളിലാണ് ഈ സൌകര്യം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരവും മലപ്പുറവും ഇതിലുള്‍പ്പെടുന്നു. http://passport.gov.in വെബ്സൈറ്റിലാണ് ഈ സേവനമൊരുക്കിയിരിക്കുന്നത്. വിശദ വിവരങ്ങളും സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സൈറ്റിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ക്ലിക് ചെയ്യുക. അതോടെ അപേക്ഷാഫോറവും പൂരിപ്പിക്കുന്നത് സംബന്ധിച്ച പൊതുവായ വിവരങ്ങളും സ്ക്രീനില്‍ പ്രത്യക്ഷമാകുന്നു. തുടര്‍ന്ന് അപേക്ഷകന് തന്റെ ജില്ല തിരഞ്ഞെടുക്കാം. ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നല്‍കിക്കഴിഞ്ഞാല്‍ റഫറന്‍സ് നമ്പറും പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നേരിട്ട് നല്‍കുന്നതിനുള്ള സാധ്യതാ തിയ്യതിയും കമ്പ്യൂട്ടറിലൂടെ ലഭിക്കുന്നു. നമുക്ക് സൌകര്യമായ മറ്റൊരു തിയ്യതി തിരഞ്ഞെടുക്കാനുള്ള സൌകര്യവും ഉണ്ട്. സമയവും തിയ്യതിയും തീരുമാനിച്ച ശേഷം അപേക്ഷാഫോറം പ്രിന്റ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയും രേഖകളുടെ ഒറിജിനലും നമുക്ക് ലഭിച്ച തിയ്യതിയില്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.

ടി.കെ. ദീലീപ്കുമാര്‍ സേനാപതി
senapathy_dileep@yahoo.com
*****

എച്ച്.പിയുടെ ടച്ച്സ്മാര്‍ട്ട് പി.സി

കമ്പ്യൂട്ടര്‍ പഠിതാക്കള്‍ക്ക് പലപ്പോഴും തുടക്കത്തില്‍ കല്ലുകടിയായി അനുഭവപ്പെടുന്ന ഒന്നാണ് കീബോര്‍ഡുകള്‍. ഒറ്റക്കൈ കൊണ്ട് ടൈപ് ചെയ്യുന്ന പലരെയും ഓഫീസുകളിലും മറ്റും കാണാം. ഏറെ മനുഷ്വാധ്വാനം പാഴാകുന്ന ഇത്തരം അവസ്ഥക്ക് പരിഹാരമായി ഒരു എ.ടി.എം മെഷീന്‍ പോലെയോ 'ടച്ച് സ്ക്രീന്‍' പോലെയോ ഉപയോഗിക്കാവുന്ന മൊബൈല്‍ സംവിധാനം വന്നാലോ?. ഹ്യുലെറ്റ് പക്കാര്‍ഡ് കുടുംബത്തില്‍ നിന്നാണ് ഈ പുതുമുഖത്തിന്റെ വരവ്. 'എച്ച്.പി. ടച്ച്സ്മാര്‍ട്ട് പി.സി' എന്ന് പേരിട്ടിരിക്കുന്ന ഇത് ഇക്കഴിഞ്ഞവാരം കൊറിയയില്‍ നടന്ന എച്ച്.പി. റീജിനല്‍ എക്സിബിഷനിലാണ് പുറത്തിറങ്ങിയത്. ടച്ച്സ്ക്രീനിന് പുറമേ റിമോട്ട് കണ്‍ട്രോള്‍ വഴിയും പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ഉപകരണത്തിന് 19 ഇഞ്ച് എല്‍.സി.ഡി ഫ്ലാറ്റ് സ്ക്രീനാണുള്ളത്. വിന്‍ഡോസ് വിസ്റ്റയുടെ വിപുലമായ സൌകര്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ പ്രയോജനപ്പെടുത്തുന്നതാകും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ഷോര്‍ട്ട്മെസ്സേജുകള്‍ എഴുതാനുള്ള സൌകര്യമാണ് ഇതിന്റെ മറ്റൊരു സവിശേഷത. സ്ക്രീനില്‍ വെറും വിരലുപയോഗിച്ച് എഴുതുന്ന ഈ സന്ദേശങ്ങള്‍ മറ്റൊരു 'പോയിന്റ് ആന്റ് ടച്ച് ഓപ്പറേഷന്‍' വഴി ഓഡിയോ രൂപത്തിലാക്കാം. വിസ്റ്റയുടെ സുരക്ഷിതത്വം പൂര്‍ണമായും പ്രയോജനപ്പെടുത്തുന്ന ഈ പുത്തന്‍കൂറ്റുകാരന് 320 ജിഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്കാണുള്ളത്. 2 ജിഗാബയ്റ്റ് മെമ്മറിയും ഡി.വി.ഡി റൈറ്ററുമുള്ള ഇതിന്റെ പിന്‍ഭാഗത്ത് ഫോട്ടോ പ്രിന്റര്‍ ഘടിപ്പിക്കാനുമാകും. ഇതുവഴി പി.സിയിലെ വൈദ്യുതിയുടെ സഹായത്തോടെ പ്രിന്ററും പ്രവര്‍ത്തിക്കുന്നു. മോണിറ്ററിന്റെ അടിയില്‍ കയറ്റിവെക്കാവുന്ന ഒരു കീബോര്‍ഡും ഇതിലുണ്ട്. വാട്ടര്‍^ടൈറ്റ് സീല്‍ഡ് കീബോര്‍ഡ് ആയതിനാല്‍ വേണമെങ്കില്‍ അടുക്കളയില്‍ വരെ ഇതുപയോഗിക്കാം. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യയടക്കം രാജ്യങ്ങളില്‍ വിപണിയിലെത്തുമെന്ന് കരുതുന്ന 'ടച്ച് സ്മാര്‍ട്ടിന്' 2500 ഡോളറാണ് വില.

കെ. റഫീഖ് മുഹമ്മദ്
rafeeq.muhammed@gmail.com \
*****

നെറ്റിലെ സയന്‍സ് ഫോറങ്ങള്‍

ചര്‍ച്ചകള്‍ക്കും ഡിബേറ്റുകള്‍ക്കുമായി ഇന്ന് ധാരാളം വെബ്ഫോറങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പരസ്പരം ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം നല്‍കാനുമാണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്്. ലോകത്തിന്റെ നാനാഭാഗത്തുള്ളവരുമായി അറിവ് പങ്കുവെക്കാനുള്ള വെബ് ടൂളുകളാണിവ. മിക്ക ഫോറങ്ങളിലെയും സേവനങ്ങള്‍ സൌജന്യമാണെന്നതാണ് ഇവയുടെ സവിശേഷത. സയന്‍സ് സംബന്ധമായ ചര്‍ച്ചകള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഫോറമാണ് http://thescienceforum.com. സയന്‍സിന്റെ എല്ലാ ശാഖകളും കെകാര്യം ചെയ്യുന്ന സൈറ്റ് സയന്‍സ് പ്രേമികളെ തൃപ്തിപ്പെടുത്താതിരിക്കില്ല. ചോദ്യങ്ങള്‍ക്ക് നിവരധി വീക്ഷണങ്ങളിലൂടെ പലരില്‍ നിന്നായി ഉത്തരം ലഭിക്കുമെന്നത് ഫോറത്തിന്റെ പ്രത്യേകതയാണ്. അതിവിപുലമായ തലത്തില്‍ സയന്‍സ് സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മറ്റൊരു വെബ്ഫോറമാണ് http://forum.bypography.com. സയന്‍സ് വിഷയങ്ങളില്‍ ധാരാളം ലേഖനങ്ങളും സൈറ്റില്‍ ലഭ്യമാണ്. സയന്‍സ് പ്രോജക്റ്റ്, ബുക്ക് റിവ്യൂ, ക്വിസ്, ചിത്രങ്ങളുള്‍ക്കൊണ്ട ഗാലറി എന്നിവയാണ് ഇതിന്റെ മറ്റ് സവിശേഷതകള്‍. ബയോകെമിസ്ട്രി, സെല്‍ബയോളജി, ഇമ്മ്യൂണോളജി, മൈക്രോബയോളജി, ബോട്ടണി തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫോറമാണ് http://protocol.online.org/fourm. സയന്‍സ്, മെഡിക്കല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമായിരിക്കും. സയന്‍സ് അഡ്വൈസറി ബോര്‍ഡിന്റെ വെബ്ഫോറമായ http://scienceboard.net ഈ മേഖലയിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഫോറത്തിന്റെ റിസര്‍ച്ച് വിഭാഗത്തില്‍ ബയോഇന്‍ഫര്‍മാറ്റിക്സ് മുതല്‍ ഡി.എന്‍.എ. വരെ ഗഹനമായ ചര്‍ച്ചക്ക് വിധേയമാക്കുന്നു. തമാശക്കും കവിതക്കും ഫോറത്തില്‍ ഇടമുണ്ടെന്നത് ഇതിന്റെ സവിശേഷതയാണ്. വര്‍ണ്ണശബളമെന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു സയന്‍സ് ഫോറമാണ് http://avsforum.com. ഭംഗിയായി ഡിസൈന്‍ ചെയ്ത സൈറ്റിലെ കലണ്ടറിന്റെ സഹായത്തോടെ അതത് തിയ്യതികളിലെ പോസ്റ്റുകള്‍ കാണാം.

എ.പി. മനോജ് കുമാര്‍
manojap.nair@gmail.com
=======================


1 comment:

  1. വളരെ അറിവുനല്‍കുന്ന ഈ വിവരങ്ങള്‍ക്ക് നന്ദി

    ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...