Tuesday, August 25, 2009

ഇന്‍ഫോമാധ്യമം (409) - 29/06/2009ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ജുനൈദ് ഇരുമ്പുഴി
junaidck07@gmail.com

ആകാശത്തിനു കീഴെയുള്ള വസ്തുക്കളൊക്കെ എങ്ങനെ പ്രവര്‍ത്തികുന്നു എന്നത് അതിശയകരം തന്നെ. എന്തും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു വിശദമാക്കാനുള്ള വെബ്സൈറ്റാണ് howstuffworks.com. വെറും വാചകക്കസര്‍ത്തു കൊണ്ട് കാര്യം പറയുക എന്നത് പഴയ കാര്യമാണല്ലോ. അതുകൊണ്ട് തന്നെ പുതിയ കാലത്തിന്റെ ഓഡിയോ വീഡിയോ സാങ്കേതിക വിദ്യകളൊക്കെ ഇവിടെ സമന്വയിപ്പിച്ചിരിക്കുന്നു. യന്ത്രങ്ങള്‍, വാഹനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി ഒട്ടുമിക്ക വസ്തുക്കളുടേയും പ്രവര്‍ത്തന രീതി ഇതിലുപ്പെടുത്തിയിരിക്കുന്നു. വെറും വസ്തുക്കളുടെ പ്രവര്‍ത്തന രീതി മാത്രമാണ് ഈ സൈറ്റില്‍ എന്നു കരുത്തിയവര്‍ക്ക് തെറ്റി. വിദ്യാര്‍ഥികള്‍ക്കും വിഞ്ജാനകുതുകികള്‍ക്കും ഒരു വലിയ നിധി ശേഖരമാണ് ഈ സൈറ്റ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യം, മൃഗങ്ങള്‍, വാഹനങ്ങള്‍, വീടും പരിസരവും, ധനം, ജനങ്ങള്‍, ശാസ്ത്രം എന്നു തുടങ്ങി സാഹസികം വരെ പ്രത്യേകം ഗ്രൂപ്പുകളാക്കി വേര്‍തിരിച്ചു കൊണ്ടാണ് സൈറ്റിലെ ഡാറ്റാ ശേഖരം ഒരുക്കിയിരിക്കുന്നത്.

1998-ലാണ് സൈറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റി പ്രോഫസര്‍ മാര്‍ഷല്‍ ബ്രയിന്‍ ആണ് ഇതിന്റെ ഉപജ്ഞാതാവ്. പിന്നീട് 2002^ല്‍ ഈ വെബ്ജാലകം കോണ്‍വെക്സ് ഗ്രൂപ്പ് സ്വന്തമാക്കി. തുടര്‍ന്ന് വന്‍ വികസനപ്രവര്‍ത്തനങ്ങളാണ് സൈറ്റില്‍ നടന്നത്. മനസ്സിലാക്കാന്‍ എത്ര പ്രയാസമുള്ള കാര്യവും വളരെ ലഘുവായി പരിചയപെടുത്താനാണ് തുടക്കം മുതല്‍ സൈറ്റ് ശ്രമിച്ചത്. തികച്ചും കുസൃതി എന്നു തോന്നാവുന്ന കൊച്ചു കാര്യങ്ങള്‍ വരെ 'ഹൌ സ്റ്റഫ് വര്‍ക്ക്സ്' വിശദമായി വിവരിക്കുന്നത് കാണം. ഒരുദാഹരണം നോക്കുക. പല പുസ്തകങ്ങളിലും കോപ്പിറൈറ്റ് പേജില്‍ 10 9 8 7 6 5 4 3 2 1 എന്നു രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഇതിന്റെ ആവശ്യകത എന്തെന്നു പലപ്പൊഴും നാമെല്ലാം ചിന്തിച്ച് കാണും. ഇത്തരത്തിലുള്ള പല ചെറിയ 'വലിയ' കാര്യങ്ങളും ഇവിടെ വിശദീകരിക്കപ്പെടുന്നു.

ദിവസവും പ്രത്യേകമായി പുതിയ ലേഖനങ്ങള്‍ ഹോം പേജില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്്. How എന്ന് തുടങ്ങുന്ന ഒരു തലക്കെട്ടും ലേഖനത്തിന്റെ ആദ്യഭാഗവുമാണ് ഹോം പോജിലുണ്ടായിരിക്കുക. ഒരു വലിയനിര സ്റ്റാഫ് ലേഖകരും എഡിറ്റര്‍മാരും സൈറ്റിനു വേണ്ടി ജോലി ചെയുന്നു. സൈറ്റിലൂടെ എല്ലാ ദിവസവും 'Survey Qustions' എന്ന പേരില്‍ അഭിപ്രായരൂപികരണം നടക്കുന്നു. സ്ഥിരമായി പൊതു വിജ്ഞാന ചോദ്യങ്ങളും തിരഞ്ഞെടുത്ത മഹദ്വചനങ്ങളും സൈറ്റില്‍ ക്രമീകരിക്കുന്നു. സൈറ്റിന്റെ വീഡിയോ വിഭാഗമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. നാം അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വളരെ വ്യക്തതയോടെ വിശദീകരിക്കുന്ന വീഡിയോ ചിത്രങ്ങളാണ് ഇതിലുള്‍പെടുത്തിയിരിക്കുന്നത്. ചരിത്ര സംഭവങ്ങളുടെ പഴയ ചിത്രങ്ങള്‍ മുതല്‍ പുതിയ ആനിമേഷന്‍ ചിത്രങ്ങള്‍ വരെ ഇവിടെ കാണാനാവും. വിഷയത്തിന്റെ വ്യാപ്തിക്കനുസരിച്ച് വീഡിയോ ചിത്രത്തിന്റെ വലിപ്പവും ക്രമീകരിക്കപ്പെടുന്നു.

വിവിധ ബ്ലോഗുകളിലും വെബ്സൈറ്റുകളിലും ഈ സൈറ്റിലേക്കുള്ള ലിങ്ക് ഉള്‍പ്പെടുത്തിയത് കാണാം. Pod Cast എന്ന പുതിയ സംവിധാനത്തിലൂടെയാണ് ഇതു നിര്‍വ്വഹിക്കപ്പെടുന്നത്. നെറ്റിന്റെ എല്ലാ മൂലകളിലും ഈ വെബ്സൈറ്റിന്റെ സ്വാധീനം ഉറപ്പാക്കുകയാണ് പോഡ് കാസ്റ്റുകള്‍ ചെയ്യുന്നത്. Stuff You Should Know (sysk) എന്നാണ് ഈ പോഡ് കാസ്റ്റുകള്‍ നല്‍കുന്ന സന്ദേശം. ദ്വൈവാര ക്രമത്തിലാണ് ഇത് പ്രസിധീകരിക്കുന്നത്. 2008^ലെ ഏറ്റവും നല്ല പോഡ് കാസ്റ്റിനുള്ള 'ഐ ടൂണ്‍' അവാര്‍ഡ് ഇത് നേടിയെടുത്ത്. വിത്യസ്ത വിഷയങ്ങളിലായി എട്ടോളം പോഡ് കാസ്റ്റുകള്‍ 'ഹൌ സ്റ്റഫ് വര്‍ക്ക്സ്' പുറത്തിറക്കുന്നുണ്ട്.
*****

മൊബൈല്‍ ഫോണ്‍ സുരക്ഷക്ക് സോഫ്റ്റ്വെയര്‍

ഹംസ അഞ്ചുമുക്കില്‍
hamza@britcoresearch.com
മൊബൈല്‍ ഫോണ്‍ ആവശ്യത്തിനോ ആര്‍ഭാടത്തിനോ പൊങ്ങച്ചത്തിനോ എന്തിന് വാങ്ങിയതായാലും അത് മോഷണം പോയാലുള്ള ബുദ്ധിമുട്ടും മാനസിക പ്രയാസങ്ങളും ആലോചിച്ചു നോക്കൂ. സാമ്പത്തിക നഷ്ടത്തേക്കാളുപരി അതിലുള്ള ഫോണ്‍ നമ്പര്‍, കലണ്ടര്‍, മെസ്സേജ് തുടങ്ങിയ വിലപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയെപ്പറ്റി ചിന്തിക്കുക തന്നെ പ്രയാസമാണ്. ആദ്യകാലങ്ങളില്‍ മൊബൈല്‍ ഫോണിന്റെ IMEI (Internal Mobilephone Equipment Identity) നമ്പര്‍ ഉപയോഗിച്ച് കളവുപോയ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യുതിനുള്ള സംവിധാനം സേവനദാതാക്കള്‍ നല്കിയിരുന്നു. എന്നാല്‍ ഇന്ന് ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള ബാഹുല്യം നിമിത്തം അങ്ങിനെയുള്ള സേവനങ്ങള്‍ നല്കുന്നത് എതാണ്ട് നിലച്ച മട്ടാണ്.

ഈ സഹചര്യത്തിലാണ് വിവിധ സോഫ്റ്റ്വെയര്‍ കമ്പനികള്‍ മൊബൈല്‍ ഫോണിന്റെ സുരക്ഷക്ക് വേണ്ടി പ്രത്യേക സോഫ്റ്റ്വെയറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഏതു ഹാന്‍ഡ്സെറ്റിനും പറ്റിയ രീതിയിലുള്ള സോഫ്റ്റ്വെയറുകള്‍ വിപണിയില്‍ ലഭ്യമാണ്. നിങ്ങളുടെ ഹാന്‍ഡ് സെറ്റ് എതായാലും അതിലെ വിവരങ്ങളുടെ സുരക്ഷ ആഗ്രഹിക്കുന്നുവെങ്കില്‍ അനുയോജ്യമായ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഈ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ രജിസട്രേഷന്‍ എന്ന നിലക്ക് ഒരു പ്രത്യേക രഹസ്യകോഡ് എന്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ ലഭ്യമാകുന്ന കൂപ്പണുകളില്‍ നിന്നാണ് ഈ കോഡ് ലഭിക്കുക. ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രം ലഭ്യമായ ഈ സംവിധാനം കേരളമുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളിലും ഉടനെ ലഭ്യമാകും. ഈ രീതിയില്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഹാന്‍ഡ്സെറ്റ് നഷ്ടപ്പെട്ടാല്‍ അത് ട്രാക്ക് ചെയ്യുതിനും വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിനും സംവിധാനങ്ങളുണ്ട്.

ഓരോ നിശ്ചിത സമയത്തിലും ഹാന്‍ഡ്സെറ്റ് എവിടെയാണ് എന്നത് സോഫ്റ്റ്വെയറില്‍ നല്‍കിയിട്ടുള്ള സെക്കന്‍ഡറി നമ്പറിലേക്ക് ലഭിച്ചുകൊണ്ടിരിക്കും. നഷ്ടപ്പെട്ട ഹാന്‍സെറ്റില്‍ നിന്ന് വിളിക്കുന്ന നമ്പറും അതിലേക്ക് വരുന്ന കാളുകളുടെ നമ്പറും ലഭ്യമാക്കാനും സോഫ്റ്റ്വെയറില്‍ സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഹാന്‍ഡ്സെറ്റില്‍ മറ്റൊരു 'സിം' കാര്‍ഡ് മാറ്റിയിടുകയാണെങ്കില്‍ ഉടനെ ഫോണിലുള്ള മെമ്മറി കാര്‍ഡിനെ ഈ സോഫ്റ്റ്വെയര്‍ ലോക്ക് ചെയ്യും. അതോടെ നഷ്ടപ്പെട്ട നിങ്ങളുടെ ഫോണ്‍ ഉപയോഗശൂന്യമായിത്തീരുന്നു. നെറ്റ്വര്‍ക്ക് കമ്പനികള്‍ തങ്ങളുടെ സെര്‍വറുകളിലേക്ക് നമ്മുടെ ഫോണിലെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഫോണിലെ ഡാറ്റയുടെ ഒരു ബാക്ക്അപ്പ് ഏത് സമയത്തും സെര്‍വറില്‍ ലഭ്യമാകുന്നു. ഓണ്‍ലൈന്‍ വഴി നിങ്ങളുടെ പാസ്വേര്‍ഡ് ഉപയോഗിച്ച് ഇത് ഹാന്‍ഡ്സെറ്റിലേക്ക് റീസ്റ്റോര്‍ ചെയ്യുകയും ആവാം. ഫോണിലെ GPRS ഇന്റര്‍നെറ്റ് കണക്ഷന്‍ വഴിയാണ് ഇത് സാധ്യമാകുന്നത്. മൊബൈല്‍ ഫോണിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച് സെര്‍വറിലെ വിവരങ്ങളിലും മാറ്റം വരുന്നു. ഈ ജോലിയും സോഫ്റ്റ്വെയര്‍ നിര്‍വിര്‍വ്വഹിക്കുന്നു. www.onwardmobility.com എന്ന വെബ്സൈറ്റില്‍ നിന്ന് സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
*****

ഇന്‍ഫോ ക്വിസ്

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com

1. പാസ്പോര്‍ട്ട് സേവനത്തില്‍ പൂര്‍ണ്ണമായി ഇ^ഗവേണന്‍സ് നടപ്പിലാക്കിയ രാജ്യം?
2. ജിയോ ഐ^ഒന്ന് ഉപഗ്രഹം വഴി ഭൂമിയുടെ ചിത്രങ്ങളെടുത്ത് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനി?
3. കേരള വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി യു.പി ക്ലാസ്സുകളില്‍ ഐ.ടി പഠനം നടപ്പിക്കിയ വര്‍ഷം?
4. ഇംഗ്ലീഷ് ഭാഷയില്‍ പുതുതായി വന്നുചേരുന്ന പദപ്രയോഗങ്ങള്‍ കാറ്റഗറി തിരിച്ച് അക്ഷരമാലാ ക്രമത്തില്‍ കണ്ടുപിടിക്കാന്‍ സഹായകമായ വെബ്സൈറ്റ്?
5. വീഡിയോ ഡിസ്പ്ലേകളിലേക്ക് കൂടുതല്‍ ഡാറ്റ ചേര്‍ക്കുന്ന സാങ്കേതിക വിദ്യക്ക് പറയുന്ന പേര്?
6. അടുത്തിടെ സി.ഡി.എം.എം ടെക്നോളജിയില്‍ നിന്ന് ജി.എസ്.എമ്മിലേക്ക് മാറിയ മൊബൈല്‍ കമ്പനി?
7. MTNL ഡല്‍ഹിയില്‍ ആരംഭിച്ച 3G സേവനത്തിന്റെ പേര്?
8. ഉപകരണങ്ങളുടെ വിലകള്‍ താരതമ്യം ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്?
9. മൃഗങ്ങളെ ആസ്പദമാക്കിയുള്ള റൊബോട്ടുകളെക്കുറിച്ചുള്ള പഠനം?
10. കുട്ടികള്‍ക്ക് പേരിടാന്‍ പ്രയോജനപ്പെടുത്താവുന്ന വെബ്സൈറ്റ്?

ഉത്തരം

1. ഇന്ത്യ
2. ഗൂഗിള്‍
3. 2009
4. www.wprdspy.com
5. ഓഗ്മെന്റഡ് റിയാലിറ്റി
6. റിലയന്‍സ്
7. MTNL 3D JADOO
8. www.compareindia.com
9. ബയോ മോര്‍ഫിക്സ്
10. www.babynamesindia.ccom
*****

സൈറ്റ് സന്ദര്‍ശനത്തിന്

www.biography.com
ലോകത്തെ പ്രശസ്ത വ്യക്തിത്വങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്ക് സഹായകമായ വെബ്സൈറ്റാണ് www.biography.com. വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്രകളര്‍പ്പിച്ച പതിനായിരക്കണക്കിന് പ്രശസ്തരുടെ ജീവചരിത്രമാണ് സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെന്ന പോലെ വിജ്ഞാന കുതുകികള്‍ക്കും സൈറ്റ് പ്രയോജനപ്പെടും. വിജ്ഞാനത്തോടൊപ്പം വാര്‍ത്തകളും ധാരാളം വീഡിയോകളും ചിത്രങ്ങളും ഗെയിമുകളും മറ്റും ഉള്‍പ്പെടുത്തിയതിനാല്‍ സൈറ്റ് സന്ദര്‍ശനം ഒട്ടുംതന്നെ മടുപ്പുളവാക്കില്ല. സന്ദര്‍ശകര്‍ അന്വേഷിക്കുന്ന വ്യക്തിത്വങ്ങളെ പെട്ടെന്ന് കണ്ടുപിടിക്കാനുതകുന്ന രീതിയില്‍ പ്രത്യേക സെര്‍ച്ച് സംവിധാനം ഉള്‍പ്പെടുത്തിയതിന് പുറമെ തിയ്യതി അടിസ്ഥാനമാക്കി ഇന്ന് ആരുടെയെല്ലാം ജന്മദിനമാണ്, ഈ ദിവസം ആരെല്ലാം മരണപ്പെട്ടു തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താനും സൈറ്റില്‍ സൌകര്യമുണ്ട്.

http://live.gph.gov.sa
പുണ്യനഗരിയായ മക്കയിലെ വിശുദ്ധ ഗേഹമായ കഅബാലയം ഏത്സമയത്തും ലൈവായി ദര്‍ശിക്കുക എന്നത് വിശ്വാസികള്‍ക്ക് ഏറെ അനുഭൂതി പകരുന്ന കാര്യമായിരിക്കും. അവിടെ അതാത് സമയത്ത് നടക്കുന്ന നമസ്ക്കാരങ്ങളും ജുമുഅ പ്രസംഗവും പ്രദക്ഷിണവും മറ്റും നീരീക്ഷിക്കാനും തിരക്ക് സംബന്ധിച്ച് മനസ്സിലാക്കാനും ഉപകരിക്കുന്നതോടൊപ്പം കഅബാലയത്തിന്റെ പരിപാലനം, പുതിയ പദ്ധതികള്‍ തുടങ്ങിയ ഒട്ടേറെ വിവരങ്ങളും സൈറ്റിലൂടെ ലഭ്യമാക്കാം.

http://www.soft4phone.com
മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഹാന്‍ഡ് സെറ്റിന് അനുയോജ്യമായ സോഫ്റ്റ്വെയര്‍ കണ്ടെത്താനും ഡൌണ്‍ലോഡ് ചെയ്തു പ്രവര്‍ത്തിപ്പിക്കാനും സഹായകമായ വെബ്സൈറ്റാണിത്. ലോകത്ത് ലഭ്യമാകുന്ന മിക്ക മൊബൈല്‍ ഫോണുകളെസ്സംബന്ധിച്ച വിവരങ്ങളും ഇതുള്‍ക്കൊള്ളുന്നു. പാരഗണ്‍ സോഫ്റ്റ്വെയര്‍ ഗ്രൂപ്പ് ഒരുക്കുന്ന ഈ സൈറ്റില്‍ പുതുതായി വിപണിയിലെത്തുന്ന മൊബൈല്‍ ഫോണ്‍ മോഡലുകള്‍ കണ്ടെത്താനും സൌകര്യമുണ്ട്.
=======

1 comment:

  1. ആകാശത്തിനു കീഴെയുള്ള വസ്തുക്കളൊക്കെ എങ്ങനെ പ്രവര്‍ത്തികുന്നു എന്നത് അതിശയകരം തന്നെ. എന്തും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു വിശദമാക്കാനുള്ള വെബ്സൈറ്റാണ് howstuffworks.com. വെറും വാചകക്കസര്‍ത്തു കൊണ്ട് കാര്യം പറയുക എന്നത് പഴയ കാര്യമാണല്ലോ. അതുകൊണ്ട് തന്നെ പുതിയ കാലത്തിന്റെ ഓഡിയോ വീഡിയോ സാങ്കേതിക വിദ്യകളൊക്കെ ഇവിടെ സമന്വയിപ്പിച്ചിരിക്കുന്നു. യന്ത്രങ്ങള്‍, വാഹനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി ഒട്ടുമിക്ക വസ്തുക്കളുടേയും പ്രവര്‍ത്തന രീതി ഇതിലുപ്പെടുത്തിയിരിക്കുന്നു. വെറും വസ്തുക്കളുടെ പ്രവര്‍ത്തന രീതി മാത്രമാണ് ഈ സൈറ്റില്‍ എന്നു കരുത്തിയവര്‍ക്ക് തെറ്റി. വിദ്യാര്‍ഥികള്‍ക്കും വിഞ്ജാനകുതുകികള്‍ക്കും ഒരു വലിയ നിധി ശേഖരമാണ് ഈ സൈറ്റ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യം, മൃഗങ്ങള്‍, വാഹനങ്ങള്‍, വീടും പരിസരവും, ധനം, ജനങ്ങള്‍, ശാസ്ത്രം എന്നു തുടങ്ങി സാഹസികം വരെ പ്രത്യേകം ഗ്രൂപ്പുകളാക്കി വേര്‍തിരിച്ചു കൊണ്ടാണ് സൈറ്റിലെ ഡാറ്റാ ശേഖരം ഒരുക്കിയിരിക്കുന്നത്.

    ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...