Sunday, July 12, 2009

ഇന്‍ഫോമാധ്യമം (410) - 06/07/2009



ബുദ്ധിയുള്ള സെര്‍ച്ച് എഞ്ചിന്‍



ഇന്റര്‍നെറ്റിലെ നിലവിലെ സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മൈക്രോസോഫ്റ്റിന്റെ പുതിയ സെര്‍ച്ച് എഞ്ചിനായ ബിംഗ് (bing.com) കടന്നുവരുന്നത്. ഉപയോക്താവ് ഉദ്ദേശിക്കുന്നതും ആവശ്യപ്പെടുന്നതും മനസ്സിലാക്കി അതനുസരിച്ചുള്ള റിസള്‍ട്ട് നല്‍കാന്‍ ഇതിന് പ്രാപ്തിയുണ്ടെന്നാണ് കമ്പനി പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ Study, Bangalore എന്നിങ്ങനെ അലക്ഷ്യമായി രണ്ട് കീവേര്‍ഡ് നല്‍കിയെന്നിരിക്കട്ടെ. ഇതിലൂടെ നിങ്ങള്‍ ബാഗ്ലൂരില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെന്ന് മനസ്സിലാക്കി അവിടുത്തെ കോളേജുകളുടെയും യൂണിവേഴ്സിറ്റികളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാനപനങ്ങളുടെയും ലീസ്റ്റ് നിങ്ങള്‍ക്ക് ബിംഗ് നല്‍കുന്നു. ഇതിനോട് Management എന്ന് കൂട്ടിച്ചേര്‍ത്താല്‍ മാനേജ്മെന്റ് രംഗത്തെ പഠനത്തിന് സഹായകമായ ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ലഭിക്കുന്നു. ഈ രീതിയില്‍ Ayurveda treatment kerala എന്ന് നല്‍കിയാല്‍ നിങ്ങള്‍ കേരളത്തിലേക്ക് ആയുര്‍വേദ ചികില്‍സക്ക് പോകാനാഗ്രഹിക്കുന്ന രോഗിയാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച സ്ഥലങ്ങളും ആയുര്‍വേദ ചികില്‍സാ സൌകര്യങ്ങളും നിങ്ങളുടെ മുമ്പിലവതരിപ്പിക്കുന്നു. ഇതൊക്കെ കൃത്യമായി ലഭിക്കുമെന്ന് ഇതിനര്‍ഥമില്ല. ഏറെക്കുറെ ഈ രീതിയിലായിരിക്കും പുതിയ സെര്‍ച്ച് എഞ്ചിന്‍ അതിന്റെ റിസള്‍ട്ടുകള്‍ നല്‍കുന്നതത്രെ.

കീ വേര്‍ഡായി ഏതെങ്കിലും പദം നല്‍കി സെര്‍ച്ച് സെയ്യുമ്പോള്‍ ആ പദവും അതിന്റെ നാനാര്‍ഥങ്ങളും സമാന പദങ്ങളുമെല്ലാം അടിസ്ഥാനമാക്കിയുള്ള അതിവിപുലവുമായൊരു റിസള്‍ട്ടാണ് സാധാരണ ഗതിയില്‍ സെര്‍ച്ച് എഞ്ചിനുകളിലൂടെ ലഭിക്കുക. ആവശ്യത്തിലധികമുള്ള വിവരങ്ങളുടെ ഒരു വന്‍ ശേഖരമായിരിക്കും ഇതിലൂടെ ലഭ്യമാവുക എന്നതാണ് ഇതിന്റെ ന്യൂനത. അതിനാല്‍ തന്നെ ഇത്തരം സെര്‍ച്ച് പ്രക്രിയയിലൂടെ പലപ്പോഴും ഉപയോക്താവിന് തന്റെ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിച്ചെന്ന് വരില്ല. ഇതിന് പകരമായി കീ വേര്‍ഡായി നല്‍കിയ പദത്തിലൂടെ ഉപയോക്താവ് എന്താണ് ലക്ഷ്യമാക്കുന്നതെന്ന് കണ്ടെത്തി അതനുസരിച്ചുള്ള റിസള്‍ട്ട് നല്‍കുന്ന രീതിയാണ് ബിംഗ് സ്വീകരിച്ചിരിക്കുന്നത്. ഉപയോക്താവ് നല്‍കുന്ന പദങ്ങളും വാചകങ്ങളും മനസ്സിലാക്കാനുതകുന്ന അത്യാധുനിക ഭാഷാ സാങ്കേതിക വിദ്യ ഇതുള്‍ക്കൊള്ളുന്നുവെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. സെര്‍ച്ച് എഞ്ചിന്‍ എന്നതിന് പകരം 'ഡിസിഷന്‍ എഞ്ചിന്‍' എന്നാണ് കമ്പനി ഇതിനെ പരിചയപ്പെടുത്തുന്നത്. നിലവില്‍ ഈ രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ഗൂഗിള്‍, യാഹൂ തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളോട് മല്‍സരിക്കുക എന്നതും ബിംഗിന്റെ ലക്ഷ്യമാണ്. അമേരിക്കയില്‍ മാത്രം ഇന്റര്‍നെറ്റ് സെര്‍ച്ച് രംഗത്ത് ഗൂഗിളിന്റെ വിഹിതം 64 ശതമാനവും യാഹൂവിന്റെത് 20 ശതമാനവുമാണ്. മൈക്രോസോഫ്റ്റിന്റെ വിഹിതം വെറും 8.2 ശതമാനം മാത്രമാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമെന്ന നിലക്കും ബിംഗിനെ കാണുന്നവരുണ്ട്.

സെര്‍ച്ച് റിസള്‍ട്ടുകളെ ഉപയോക്താവിന്റെ ഉദ്ദേശ്യങ്ങളുമായി പരമാവധി അടുപ്പിക്കുന്നു, ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ആവശ്യത്തിന് മാത്രം നല്‍കുന്നു, കൂടുതല്‍ പദങ്ങള്‍ സെര്‍ച്ച് ബോക്സില്‍ നല്‍കുമ്പോള്‍ ഉദ്ദേശ്യവുമായി കൂടുതലടുപ്പിക്കുന്നു എന്നിവയൊക്കെ ബിംഗിന്റെ സവിശേഷതകളാണ്. 'ബിംഗ്' എന്ന പദം മണിമുഴക്കത്തെ സൂചിപ്പിക്കുന്നു. സമയം അറിയിക്കാനുള്ള മണിമുഴക്കം. ഉപയോക്താവ് ആവശ്യപ്പെടുന്നതെന്തെന്ന് മനസ്സിലാക്കി അതനുസരിച്ചുള്ള റിസള്‍ട്ട് കണ്ടെത്തി അറിയിക്കുന്നുവെന്നും ഈ പദത്തില്‍ സൂചനയുണ്ടെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

സെര്‍ച്ച് റിസള്‍ട്ട് പ്രത്യക്ഷമാക്കുന്ന രീതിയിലും പുതുമകളുണ്ട്. നേരത്തെ മൈക്രോസോഫ്റ്റ് വാങ്ങി സ്വന്തമാക്കിയ 'പവര്‍സെറ്റ് ' എന്ന സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുന്നത്. അതേസമയം ഷോപ്പിംഗ് ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ഈ സെര്‍ച്ച് എഞ്ചിന്‍ ഇനിയും ഒട്ടേറെ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. MSN Search^ലൂടെ തുടങ്ങി Windows Live Search^ലൂടെ വളര്‍ന്ന് Live Search^ലെത്തി നില്‍ക്കുന്ന മൈക്രോസോഫ്റ്റ് പുതുതായി പരിചയപ്പെടുത്തുന്ന നാലാമത്തെ സെര്‍ച്ച് നാമമാണ് Bing. നെറ്റ് ഉപയോക്താക്കള്‍ ഇതിനെ എങ്ങനെ വരവേല്‍ക്കുമെന്ന് കാത്തിരുന്നു കാണാം.
======

കമ്പ്യൂട്ടര്‍ വിശേഷങ്ങള്‍

സൂപ്പര്‍ കമ്പ്യൂട്ടര്‍



ലോകത്ത് ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടര്‍ ഏതാണ്? ഐ.ബി.എം. കമ്പനി നിര്‍മ്മിച്ച റോഡ്റണ്ണര്‍ (Roadrunner) തന്നെ. സംശയമില്ല. സെക്കന്റില്‍ ദശക്ഷം നൂറ് കോടി ഗണിതക്രിയകള്‍ ചെയ്യാന്‍ ഇതിന് ശേഷിയുണ്ടത്രെ. വേഗതയില്‍ ഇതിനെ കടത്തി വെട്ടാന്‍ ഇപ്പോള്‍ മറ്റൊരു കമ്പ്യൂട്ടറിനും സാധ്യമല്ല. പരസ്പരം ബന്ധിപ്പിച്ച 6948 എ.എം.ഡി ഡ്യുവല്‍ കോര്‍ പ്രോസസ്സറും 12960 ഐ.ബി.എം പവര്‍ എക്സെല്‍ പ്രോസസ്സറും ഇതുള്‍ക്കൊള്ളുന്നു. 577 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 288 ഉരുക്ക് കെയ്സുകളിലായി നിര്‍മ്മിച്ച ഇതിന്റെ ഭാരം 226000 കിലോഗ്രാമാണ്. ന്യൂ മെക്സിക്കോയിലെ Alamos National Laboratary^യില്‍ അമേരിക്കയുടെ ന്യൂക്ലിയര്‍ മിസൈല്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുപയോഗപ്പെടുത്തുന്നത്.

സോണിയുടെ 'വയോ'

തീരെ ചെറുതാണെങ്കിലും ഏറെ സവിശേഷതകളുള്ളതും അത്യാകര്‍ഷകവുമായ കൊച്ചു കമ്പ്യൂട്ടറാണ് സോണിയുടെ വയോ (Vaio). ഇന്റല്‍ ആറ്റം Z520 പ്രോസസ്സര്‍ ഘടിപ്പിച്ച ഇതിന്റെ വേഗത 1.33 ജിഗാഹെര്‍സാണ്. 2 ജിഗാബയ്റ്റ് മെമ്മറിയും 60 ജിഗാബയ്റ്റ് സംഭരണ ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക്കും ഇതുള്‍ക്കൊള്ളുന്നു. 8 ഇഞ്ച് സ്ക്രീന്‍, ബ്ലൂടൂത്ത്, വൈഫൈ വയര്‍ലെസ് കണക്ഷണുകള്‍, കാര്‍ഡ് റീഡര്‍ തുടങ്ങിയവയാണ് ഇതിന്റെ മറ്റു സവിശേഷതകള്‍. വിന്‍ഡോസ് വിസ്റ്റയില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ ബാറ്ററി ബാക്കപ് രണ്ടര മണിക്കുറില്‍ കൂടുതല്‍ ലഭിക്കില്ലെന്നതാണ് ഇതിന്റെ ഏക ന്യൂനതയായി എടുത്തുകാണിക്കുന്നത്.

ഐ ഫോണിന് പകരം തോഷിബ

ആപ്പിള്‍ കമ്പനി പുറത്തിറക്കിയ ഐ ഫോണിന്റെ പ്രതിയോഗികളുടെ കൂട്ടത്തിലേക്ക് തോഷിബയുടെ പുതിയ മൊബൈല്‍ ഫോണ്‍. 4.1 ഇഞ്ച് സ്ക്രീനുള്ള ഇതിന് ഐ ഫോണിനെ അപേക്ഷിച്ച് ഒട്ടേറെ സവിശേഷതകളുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കനം ഒരു സെന്റിമീറ്ററില്‍ കുറവ്. 3.2 മെഗാ പിക്സല്‍ കാമറ. ഇതിന്റെ പ്രോസസ്സറിന്റെ വേഗത 1GHz ആണെന്നത് മറ്റൊരു സവിശേഷത. അഡീഷണല്‍ മൈക്രോ എസ്.ഡി. കാര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്തു ഇതിന്റെ സംഭരണ ശേഷി 32 ജിഗാബയ്റ്റ് വര്‍ദ്ധിപ്പിക്കാനാവും. വിന്‍ഡോസ് മൊബൈല്‍ 6.1 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ഫോണിലെ വൈഫൈ കണക്ഷന്‍ പ്രയോജനപ്പെടുത്തി ഇന്റര്‍നെറ്റ് ലഭ്യമാക്കാനും സാധിക്കും.
==========
ഇന്‍ഫോ ക്വിസ്

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com

1. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഗവേണ്‍സ് ഫോറത്തിന്റെ (IGF) മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം നടന്നതെവിടെ?
2. കേരളത്തില്‍ പുതുതായി രംഗത്തെത്തിയ മൊബൈല്‍ ഫോണ്‍ ഓപറേറ്ററിംഗ് കമ്പനിയായ എം.ടി.എസിന്റെ (MTS) പൂര്‍ണ്ണ രൂപം?
3. മലയാള സാഹിത്യ പ്രേമികള്‍ക്ക് വേണ്ടിയുള്ള ഒരു ഓണ്‍ലൈന്‍ മാസിക?
4. WAHO പൂര്‍ണ്ണ രുപം?
5. വായുവില്‍ കൈചലിപ്പിച്ച് സ്വിച്ചുകള്‍ ഓണ്‍ ചെയ്യുക/ഓഫ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിന്റെ പേര്?
6. അടുത്ത കാലത്ത് എത് മതനേതാവിന് വേണ്ടിയാണ് യൂട്യൂബ് പ്രത്യേകം ചാനല്‍ തുടങ്ങിയത്?
7. ഐ.ബി.എം കമ്പനി വികസിപ്പിച്ചെടുത്ത സൂപ്പര്‍ കമ്പ്യൂട്ടര്‍?
8. സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് രംഗത്തെ പഠനത്തിനായി മാത്രം ഇന്ത്യയില്‍ സ്ഥാപിതമായ സര്‍വ്വകലാശാല?
9. കുണ്ടറ ഐ.ടി പാര്‍ക്ക് എവിടെയാണ്?
10. ബി.എസ്.എന്‍.എല്‍ കമ്പനിയുടെ ചെയര്‍മാന്‍?

ഉത്തരം

1. ഹൈദ്രാബാദ്
2. Mobie Tele System
3. നാട്ടുപച്ച www.nattupacha.com
4. Work at Home opportunities
5. iPoint 3D
6. പോപ്പ് ബെനഡിക്ട് XVI
7. റോഡ് റണ്ണര്‍
8. എച്ച്.പി സോഫ്റ്റ്വെയര്‍ യൂണിവേഴ്സിറ്റി, ബാംഗ്ലൂര്‍
9. കെല്ലം
10. കുല്‍ദീപ് ഗോയല്‍
======
വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

മനുഷ്യശരീരത്തിലേക്കൊരു പര്യവേക്ഷണം

മനുഷ്യ ശരീരത്തിന്റെ ഘടനയും പ്രവര്‍ത്തന രീതികളും എക്കാലവും മനുഷ്യനെ വിസ്മയിപ്പിച്ചിട്ടുണ്ട്. ക്രിസ്തുവിന് 1600 വര്‍ഷങ്ങള്‍ക്കു മുമ്പ്തന്നെ ഈജിപ്തുകാര്‍ അതിനെക്കുറിച്ചു പഠനങ്ങള്‍ ആരംഭിച്ചിരുന്നുവത്രെ. നിങ്ങളൊരു അനാട്ടമി വിദ്യാര്‍ഥിയോ കേവല കൌതുകം കോണ്ടു മാത്രം മനുഷ്യശരീരത്തിന്റെ ഉള്ളറ രഹസ്യങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോ ആകട്ടെ, രണ്ടായാലും നിങ്ങളുടെ ജിജ്ഞാസ ശമിപ്പിക്കാന്‍ വേണ്ടിലധികം വിഭവങ്ങളൊരുക്കി കാത്തിരിക്കുന്ന വെബ്സൈറ്റാണ് www.winkingskull.com. നേവിഗേഷന്‍ പാനലിലെ വിവിധ ലിങ്കുകളില്‍ ക്ലിക് ചെയ്തുകൊണ്ട് ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളുടെ ഉള്ളറകളിലൂടെ നിങ്ങള്‍ക്ക് അതി വിശദമായിത്തന്നെ പര്യവേക്ഷണം നടത്താം. തല മുതല്‍ കാല്‍ വിരലുകള്‍ വരെ സകലമാന അവയവങ്ങളുടെയും ഘടനയും പ്രവര്‍ത്തനങ്ങളും വര്‍ണമനോഹരങ്ങളായ ഇമേജുകളുടെയും ഇന്ററാക്ടീവ് ഡയഗ്രങ്ങളുടെയും സഹായത്തോടെ സൈറ്റ് വിശദീകരിക്കുന്നു. ഓരോ ലേബലിലും പ്രത്യേകം ക്ലിക് ചെയ്തു മുന്നേറി പഠന വ്യാപ്തി ആവശ്യാനുസരണം കൂട്ടുകയോ കുറക്കുകയോ ചെയ്യാം. സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന പക്ഷം സ്വയം വിലയിരുത്തലിനാവശ്യമായ പരിശീലനങ്ങളടങ്ങിയ വിഭാഗത്തിലേക്ക് സൌജന്യമായി പ്രവേശനം ലഭിക്കും. തികഞ്ഞ പ്രൊഫഷണലുകള്‍ക്ക് അവരുടെ നിലവാരത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ പണംകൊടുത്തു വാങ്ങാവുന്ന സേവനങ്ങളും സൈറ്റില്‍ ലഭ്യമാണ്.
=========

No comments:

Post a Comment

സന്ദര്‍ശകര്‍ ഇതുവരെ...