
ഫയര്‍ഫോക്സിന് നുറ് കോടി ഡൌണ്‍ലോഡ്
ആഗോളവ്യാപകമായി ഇന്റന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വര്‍ദ്ധിച്ചുവരികയാണ്. അതോടൊപ്പം വെബ് ഇനേബിള്‍ഡ് രീതിയിലെ മൊബൈല്‍ ഫോണുകള്‍ എല്ലായിടത്തും ആധിപത്യം സ്ഥാപിക്കുന്നുമുണ്ട്. നമ്മുടെ വ്യക്തിപരമായ ചെയ്തികളും പ്രൊഫഷണല്‍ കാര്യങ്ങളും പലതും വെബിലേക്ക് ചേക്കേറിക്കഴിഞ്ഞു. ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ വെബ് ബ്രൌസര്‍ മാര്‍ക്കറ്റ് നാളത്തെ ബിസിനസ്സിന്റെ ചുക്കാന്‍പിടിക്കുന്ന നിലയിലേക്കാണ് കുതിക്കുന്നതെന്ന് മനസ്സിലാക്കാനാവും. അതുകൊണ്ടുതന്നെയാണ് ബ്രൌസര്‍ വിപണിയില്‍ മത്സരിക്കാന്‍ തയ്യാറായി പ്രമുഖന്മാര്‍ കൊമ്പുകോര്‍ത്തു തുടങ്ങിയതും.
തൊണ്ണൂറുകളില്‍ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ളോററും നെറ്റ്സ്കേപ്പ് നേവിഗേറ്ററും തമ്മില്‍ നടന്ന 'ബ്രൌസര്‍ യുദ്ധം' തിരിച്ചുവരുന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്. എതിരാളികളില്‍ മാറ്റമുണ്ടെന്നേയുള്ളൂ. മത്സരം മുമ്പത്തേക്കാള്‍ കടുത്തതും. ആപ്പിള്‍, മൈക്രോസോഫ്റ്റ്, മോസില്ല, ഗൂഗിള്‍, ഒപേര എന്നിവര്‍ക്കൊക്കെ ലോകം തന്നെ വിരല്‍തുമ്പിലെത്തിക്കുന്ന ഇന്റര്‍നെറ്റിലേക്കുള്ള കവാടത്തിന്റെ കാവല്‍ക്കാരാവണം. വിപണിയുടെ അറുപത് ശതമാനം കൈയ്യടക്കി മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ മുന്നിലാണെങ്കിലും അതിനെ കടത്തിവെട്ടാനാണ് രണ്ടാമനായ ഫയര്‍ഫോക്സ് കുതിക്കുന്നത്. ഇവരുടെ വിപണി വിഹിതം 31 ശതമാനമാണ്. മത്സരത്തിന് തയ്യാറായി തന്നെയാണ് ഗൂഗിള്‍ തങ്ങളുടെ ക്രോമിനെ ഇപ്പോള്‍ തൊടുത്തുവിട്ടിരിക്കുന്നത്. ആപ്പിള്‍ സഫാരി, ഒപേര എന്നീ ബ്രൌസറുകളുടെ വിപണി അഞ്ചു ശതമാനത്തില്‍ താഴെയാണ്. നേരത്തെ ഇന്റര്‍നെറ്റ് എക്സ്പ്ളോററും നെറ്റ്സ്കേപ് നേവിഗേറ്ററും തമ്മിലുണ്ടായ മത്സരമാണ് മൈക്രോസോഫ്റ്റിനെ ആന്റിട്രസ്റ്റ് കേസ്സുകളില്‍ കുടുക്കിയത്. ഇന്ന് ഇന്റര്‍നെറ്റ് എക്സ്പ്ളോററിനോടൊപ്പം മത്സരിക്കുന്നതില്‍ പ്രധാനപ്പെട്ടത് ഫയര്‍ഫോക്സും ഗൂഗിളിന്റെ ക്രോം ബ്രൌസറുമാണ്.
ഡൌണ്‍ലോഡിന്റെ തിളക്കത്തില്‍ ഫയര്‍ഫോക്സ്
മത്സരം മുറുകുന്നതിനിടയിലാണ് ഓപ്പണ്‍സോഴ്സ് വെബ് ബ്രൌസറായ ഫയര്‍ഫോക്സിന്റെ ഡൌണ്‍ലോഡിംഗ് നൂറ് കോടി കവിഞ്ഞെന്ന വാര്‍ത്ത പുറത്തുവരുന്നത്. ആദ്യ പതിപ്പ് വിപണിയിലെത്തിയ ശേഷം ഇതുവരെയുള്ള ഡൌണ്‍ലോഡിംഗിന്റെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഫയര്‍ഫോക്സ് അധികൃതര്‍ ഡൌണ്‍ലോഡിംഗിനു വേണ്ടി മാത്രം ഒരു ദിവസം (ഡൌണ്‍ലോഡിംഗ് ഡേ) തന്നെ പ്രഖ്യാപിച്ചിരുന്നു. അന്ന് 24 മണിക്കൂറിനുള്ളില്‍ 80 ലക്ഷം തവണ ഇതിന്റെ ഇന്‍സ്റ്റലേഷന്‍ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടു. ഇതിനുശേഷമാണ് പുതിയ വേര്‍ഷന്‍ 3.5 രംഗത്തെത്തിയത്. നൂറു കോടി ഡൌണ്‍ലോഡുമായി മുന്‍പന്തിയിലെത്തിയ വിവരം ഫയര്‍ഫോക്സ് പ്രഖ്യാപിക്കുന്നത് ഇക്കഴിഞ്ഞ ജൂലായ് പത്തിനാണ്. ഇത് ഇന്റര്‍നെറ്റ് ബ്രൌസര്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ബ്രൌസറിന്റെ ഓട്ടോമാറ്റിക് അപ്ഡേറ്റുകള്‍ ഇതിലുള്‍പ്പെടുന്നില്ല.
ഇത് സംബന്ധമായി ഫയര്‍ ഫോക്സ് ഡയറക്ടര്‍ മൈക്ക് ബെല്‍സ്നര്‍ പറയുന്നത് ഇങ്ങനെയാണ്. '30 കോടി ഉപയോക്താക്കളാണ് ഫയര്‍ഫോക്സിന് ഇന്നുള്ളത്. കഴിഞ്ഞ വര്‍ഷം വരെ അത് 17.5 കോടിയായിരുന്നു. നൂറു കോടി ഡൌണ്‍ലോഡ് നടന്നിട്ടുണ്ടെന്ന് കരുതി അത്രയും ഉപയോക്താക്കളുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. എങ്കിലും വര്‍ദ്ധിച്ചുവരുന്ന ഉപയോക്താക്കളുടെ എണ്ണം പ്രതീക്ഷക്ക് വകനല്‍കുന്നതാണ്'. ഇന്റര്‍നെറ്റ് എക്സ്പ്ളോററിന്റെ എട്ടാം പതിപ്പ് വിപണിയിലെത്തി നാലു മാസം കഴിഞ്ഞിട്ടും 20 കോടി ആളുകള്‍ മാത്രമേ അത് ഡൌണ്‍ലോഡ് ചെയ്തിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഫയര്‍ഫോക്സ് വിപണിയില്‍ തീര്‍ക്കുന്നത് ചരിത്രം തന്നെയാണെന്ന് കമ്പനി അവകാശപ്പെടുന്നു.
മോസില്ല ഫൌണ്ടേഷന്‍ 2002-ലാണ് ആദ്യമായി ഫയര്‍ഫോക്സ് ബ്രൌസര്‍ പുറത്തിറക്കിയത്. ഇതിന്റെ മൂന്നാം പതിപ്പിന് ആദ്യ ദിവസത്തില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ഡൌണ്‍ലോഡിംഗിലൂടെ ഗിന്നസ് ബുക്കിലേക്ക് കയറാനും ഫയര്‍ഫോക്സിനായി. പുതിയ ബ്രൌസര്‍ പുറത്തിറക്കാനുള്ള മോസില്ലയുടെ ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്. അതിന്റെ ഡൌണ്‍ലോഡിംഗിനായി പുതിയ വെബ്സൈറ്റ് തന്നെ നിര്‍മ്മിക്കാനും പരിപാടിയുണ്ട്.
ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ 8.0 വേര്‍ഷന്‍ പുറത്തിറങ്ങി നാലു മാസത്തിനുള്ളില്‍ 20 കോടി തവണ ഡൌലോഡിംഗ് നടന്നെങ്കിലും കാര്യമായ അപ്ഡേറ്റുകളൊന്നും ഈ വേര്‍ഷനില്‍ മൈക്രോസോഫ്റ്റ് നടത്തിയിട്ടില്ല. അഞ്ചാം സ്ഥാനത്തുള്ള ഒപേരാ ബ്രൌസര്‍ 27 കോടി തവണ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 2003 മുതല്‍ കമ്പനിയുടെ മാത്രം സര്‍വ്വറുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തതിന്റെ കണക്കാണിത്. ആദ്യകാലങ്ങളില്‍ മുപ്പതിനായിരത്തിനും നാല്പതിനായിരത്തിനും ഇടയില്‍ ദിനംപ്രതി ഡൌണ്‍ലോഡുകള്‍ നടന്നു. പിന്നീട് ഇത് രണ്ട് ലക്ഷം വരെ എത്തി. മൊബൈല്‍ ഫോണുകള്‍ക്കുള്ള ബ്രൌസറായ ഒപേരാ മിനി പതിപ്പിന് ഇപ്പോള്‍ 50 കോടി ഉപയോക്താക്കളുണ്ടത്രെ.
ടി.വി. സിജു
tvsiju@gmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
'ബൂലോക' ഡയറക്ടറി
http://malayaliblogs.blogspot.com/
മലയാളം ബ്ലോഗിനൊരു ഡയറക്ടറി. സ്വന്തം യുക്തിക്കനുസരിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇഷ്ടപ്പെടുന്നു. ജാതി^മത^രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യന്‍ എന്നാണ് 'അജ്ഞാതന്‍' എന്ന തൂലികാ നാമം സ്വീകരിച്ച ബ്ലോഗര്‍ സ്വയം പരിചയപ്പെടുത്തുന്നത്. ഒട്ടേറെ മലയാളം ബ്ലോഗുകള്‍ പെറുക്കിയെടുത്ത് ഇതില്‍ അടുക്കി വെച്ചതായി കാണാം.
പരിണാമം
http://parinaamam.blogspot.com
ഇതൊരു യുദ്ധക്കളം. ചില അനീതികള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടാനുള്ള ചെറിയ ശ്രമം. കൂടെ നല്ല സംവാദങ്ങള്‍ക്ക് ഒരിടവും. പിന്നെ പരിണാമ സിദ്ധാന്തം പോലെ ചില അശാസ്ത്രീയ അന്ധവിശ്വാസങ്ങളെ കുഴിച്ചു മൂടാനുള്ള ശ്മശാനവും. യുക്തിവാദവും ദൈവവിശ്വാസവും മലയാളം ബ്ലോഗിലൂടെ ഇവിടെ ഏറ്റുമുട്ടുന്നു. ഫൈസല്‍ കൊണ്ടോട്ടിയാണ് ബ്ലോഗര്‍.
ആല്‍ത്തറ
http://aaltharablogs.blogspot.com/
എല്ലാവര്‍ക്കും ഓണാശംസകളര്‍പ്പിക്കുന്ന ഈ ബ്ലോഗ് ബൂലോകത്തെ ഏക ആല്‍ത്തറയാണെന്നാണ് അവകാശശപ്പടുന്നത്. വെറും ആശംസകള്‍ മാത്രമല്ല. ഓണാഘോഷത്തോടനുബന്ധിച്ച് നിത്യവും ഓരോ ചോദ്യമുഉണ്ട്. 'വാമന അവതാരത്തിന് ശേഷമാണ് പരശുരാമ അവതാരം. പരശുരാമന്‍ മഴു എറിഞ്ഞു കേരളം ഉണ്ടായി എന്ന് ഐതിഹ്യം. അപ്പോള്‍ മഹാബലി ഏത് രാജ്യത്തിലെ രാജാവായിരുന്നു?' അഞ്ചാമത്തെ ചോദ്യമിതാണ്. ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി. ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഒരുപാട് നിബന്ധനകളുണ്ട്. അവ അറിയാന്‍ ആല്‍ത്തറ സന്ദര്‍ശിക്കുക.
സന്ദേശം ബൂലോക മാസിക
http://snehasandesham.blogspot.com/
ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്നാണ് 'സന്ദേശം ബൂലോക മാസിക' ഉയര്‍ത്തിക്കാട്ടുന്ന സന്ദേശം. പുതിയ ലക്കത്തിലെ പനിയും പന്നിപ്പനിയും, നബിയുടെ ഹിജ്റ ബൈബിളില്‍, വീട് ^ അനുഗ്രഹവും ശാപവും, മാതൃഹൃദയം തുടങ്ങിയ പോസ്റ്റുകളൊക്കെ ഈ സന്ദേശം ഉള്‍ക്കൊള്ളുന്നവയാണ്. സക്കീര്‍ ഹുസൈന്‍ തുവ്വൂരാണ് എഡിറ്റര്‍. സലാഹുദ്ദീന്‍ ഇ.കെ സാങ്കേതിക സഹായം നല്‍കുന്നു.
ഇഷ്ടിക
http://mahircmr.blogspot.com/
മാസത്തില്‍ ഇറക്കുന്നത് മാസിക. വാരത്തില്‍ ഇറക്കുന്നത് വാരിക. ഇഷ്ടമുള്ളപ്പോള്‍ ഇറക്കുന്നത് ഇഷ്ടികയാണത്രെ. ഈ ഇഷ്ടികയുമായിട്ടാണ് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശി മാഹിര്‍ ബൂലോകത്ത് കടന്നുവരുന്നത്. ബ്ലോഗില്‍ പിച്ച വെക്കുന്നു. തട്ടി തള്ളിയിടാതെ കൈപിടച്ച് സഹായിക്കണേ എന്ന് മാഹിര്‍ അപേക്ഷിക്കുന്നു. നല്ല പോസ്റ്റുകളുമായി കടന്നുവരൂ. ഇഷ്ടികക്ക് ഒരുപാട് സന്ദര്‍ശകരുണ്ടാവും. ആശംസകള്‍.
വി.കെ. അബ്ദു
vkabdu@gmail.com
*****
വെബ് കൌതുകങ്ങള്‍
ഗോളാന്തരയാത്ര നടത്താനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ഇന്നേവരെ ചന്ദ്രനുമപ്പുറം എത്തിച്ചേരാന്‍ സാധ്യമായിട്ടില്ലെന്നു നമുക്കറിയാം. എന്നാല്‍ സൌരയൂഥത്തിലെ ഒട്ടുമിക്ക ഗ്രഹങ്ങളിലേക്കും മനുഷ്യരില്ലാത്ത പേടകങ്ങളയക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്നേറുന്നുണ്ട്. മനുഷ്യന് മുന്നോടിയായി യന്ത്രമനുഷ്യരെ അന്യ ഗ്രഹങ്ങളിലെത്തിച്ചുകൊണ്ട് ഗവേഷണ നിരീക്ഷണങ്ങള്‍ നടത്താനുള്ള അമേരിക്കന്‍ സ്പെയ്സ് ഏജന്‍സിയായ നാസയുടെ (NASA - National Aeronautics and Space Administration) ശ്രമങ്ങള്‍ അവയില്‍ ഏറെ ശ്രദ്ധേയമാണ്. അതേക്കുറിച്ചുള്ള പഴയതും ഏറ്റവും പുതിയവയുമടക്കമുള്ള സകല വിവരങ്ങള്‍ക്കും ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോ ദൃശ്യങ്ങള്‍ക്കും അവരുടെ ഗോളാന്തര യാത്രാ വിഭാഗമായ നാസാ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയുടെ വെബ്സൈറ്റായ www.jpl.nasa.gov സന്ദര്‍ശിക്കാം. കാസ്സിനി ബഹിരാകാശ ദൌത്യം പോലെ പ്രസിദ്ധമായ മനുഷ്യരെക്കയറ്റാത്ത ബഹിരാകാശ പേടകങ്ങളെക്കുറിച്ചും ബന്ധപ്പെട്ട ഗവേഷണ പുരോഗതികളെക്കുറിച്ചുമെല്ലാമുള്ള നിരവധി ലേഖനങ്ങള്‍ സൈറ്റില്‍ വായിക്കാം. സാങ്കേതിക പദപ്രയോഗങ്ങളുടെ അതിപ്രസരമില്ലാതെ സാമാന്യ ശാസ്ത്ര ബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയിലാണ് അവ എഴുതിയിട്ടുള്ളത് എന്നതിനാല്‍ ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല സാധാരണക്കാര്‍ക്കു പോലും അവ എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാം. ഉയര്‍ന്ന തലത്തിലുള്ള വായനക്കാരെ മാത്രം ഉദ്ദേശിച്ചലുള്ള വിഭവങ്ങള്‍ വേറെതന്നെ തരം തിരിച്ചു നല്‍കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവനവന്റെ അഭിരുചിക്കും മുന്നറിവിനും ഇണങ്ങുന്ന വിധം സൈറ്റിനെ ഉപയോഗപ്പെടുത്താം.
റയിസ്ല മര്‍യം
raizlamaryam@hotmail.com
*****
മദ്യത്തിനെതിരെ ഒരു ബ്ലാാേഗ്
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നിരവധി ജനകീയ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് കേരളം. കോഴിക്കോട് ജില്ലയിലെ വടകരയില്‍ തിരുവള്ളൂര്‍ പശ്ചാതലത്തില്‍ മദ്യത്തിനും മയക്ക്മരുന്നിനുമെതിരെ ഒരു സംഘം യുവാക്കളുടെ കൂട്ടായ്മയാണ് യുവശക്തി ജനകീയ മദ്യനിരോധന സമിതി. ഇതിന്റെ പ്രസിഡണ്ടായ സുമോദും കൂട്ടുകാരും തയ്യാറാക്കിയ ബ്ലോഗ് നാടെങ്ങുമുള്ള മദ്യനിരോധന സമിതികള്‍ക്ക് ആവേശം പകരുന്നതാണ്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദൂഷ്യഫലങ്ങള്‍ സവിസ്തരം പ്രദിപാദിക്കുന്ന നിരവധി പോസ്റ്റുകള്‍ ബ്ലോഗില്‍ മനോഹരമായി സംവിധാനിച്ചിരിക്കുന്നു. വാര്‍ത്താമാധ്യമങ്ങളിലൂടെ വെളിച്ചത്തു വന്ന മദ്യത്തിന്റെ അനേകം ദുരന്തകഥകള്‍ ബ്ലോഗില്‍ പുനര്‍വായനക്കായി ചേര്‍ത്തിരിക്കുന്നു. വീഡിയോ വിഭാഗത്തില്‍ വ്യാജ വാറ്റുകാര്‍ക്കെതിരെ നടത്തിയ ജനകീയ റൈഡുകളുടെയും മറ്റും ദൃശ്യങ്ങള്‍ കാണാം. സാമൂഹ തലത്തിലെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാധ്യമങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന് മികച്ച ഉദാഹരണമാണ് ഈ ബ്ലോഗ്. വിലാസം.
www.yuvasakthichaniyankadavu.blogspot.com
ഹാരിസ് വാണിമേല്‍
kpharis@maktoob.com
==============
No comments:
Post a Comment