Thursday, September 17, 2009

ഇന്‍ഫോമാധ്യമം (418) - 14/09/2009


സ്വന്തമായ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് നിര്‍മ്മിക്കാം


ഇന്റര്‍നെറ്റിലെ പുതിയ തരംഗമാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍. ഈ ഇനത്തിലെ അനേകം നെറ്റ്വര്‍ക്കുകള്‍ കൊണ്ട് സമ്പമാണ് സൈബര്‍ ലോകം. നിങ്ങള്‍ക്കും സ്വന്തമായൊരു സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ആയാലോ? അതായത് ഓര്‍ക്കൂട്ടില്‍ നിങ്ങളുടെ മെയില്‍ ഐഡി ഉപയോഗിച്ച് ഒരു പ്രൊഫൈല്‍ നിര്‍മ്മിക്കുന്നതിന് പകരം സ്വന്തമായി ഒരു ഓര്‍ക്കൂട്ട് വെബ്സൈറ്റ് തന്നെ നിര്‍മ്മിക്കാന്‍ സാധിച്ചാലോ. അത്തരത്തിലെ സംവിധാനങ്ങളും ഇന്നു ഇന്റര്‍നെറ്റ് ലോകത്ത് ലഭ്യമായിരിക്കുന്നു എന്നതാണ് വസ്തുത. അതും സൌജന്യമായി. www.ning.com എന്ന വെബ്സൈറ്റാണ് സൌജന്യ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ നമുക്ക് നല്‍കുന്നത്. സൈറ്റില്‍ സൈന്‍ അപ് ചെയ്യുന്നതോടെ പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ജോലി ആരംഭിക്കാനാവും. ആദ്യമായി നിങ്ങളുടെ സൈറ്റിനു ഒരു പേരുനല്‍കണം. പിന്നെ ലഭ്യമായ ഒരു യു.ആര്‍.എല്‍ തരപ്പെടുത്താം. തുടര്‍ന്ന് ലഭിക്കുന്ന പേജ് നിങ്ങള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സൈറ്റിന്റെ സ്വഭാവം നിര്‍ണയിക്കാനുള്ളതാണ്. ഇവിടെ സ്വകാര്യ/പൊതു വെബ് ജാലകമണോ നിര്‍മിക്കേണ്ടത് എന്നും സൈറ്റിനെ കുറിച്ചുള്ള പൊതു വിവരങ്ങളും നല്‍കണം. ഇതോടേ സൈറ്റ് നിര്‍മ്മാണത്തിന്റെ ആദ്യഭാഗം പിന്നിട്ടു കഴിഞ്ഞു.

ഇനി വേണ്ടത് നിങ്ങളുടെ സൈറ്റിനു ഒരു രൂപമാണ്. അതിനുള്ള പടികളാണ് നിംഗ് മാതൃസൈറ്റ് ഇനി കാണിച്ച് തരുന്നത്. എന്തൊക്കെ ചേരുവകളാണ് (Features) നിങ്ങളുടെ സൈറ്റിനാവശ്യമെന്നു തിരഞ്ഞെടുക്കലാണ് ആദ്യത്തെ ഘട്ടം. ഫോട്ടോകള്‍, ഫോറം, വീഡിയോ, ഗ്രൂപ്പുകള്‍, മ്യൂസിക് പ്ലേയര്‍ തുടങ്ങി അനവധി ഫീച്ചറുകള്‍ നിംഗ് നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഈ ചേരുവകള്‍ മതിയാവില്ല എന്നു വിചരിക്കുന്നവരുമുണ്ടാവാം. അവര്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ക്കാനായി വിഡ്ജറ്റുകള്‍ യഥേഷ്ടം ഉപയോഗിക്കാം. തിരഞ്ഞെടുത്ത ഫീച്ചറുകള്‍ പേജില്‍ എങ്ങിനെ ക്രമീകരിക്കണമെന്നതും ഇവിടെ വെച്ച് തീരുമാനിക്കാനാവും. അടുത്ത ഘട്ടത്തില്‍ നമ്മുടെ പേജിനു ഒരു ടെംബ്ലേറ്റ് നല്‍കാം. നിംഗ് തന്നെ വൈവിധ്യമാര്‍ന്ന ടെംബ്ലേറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നു. മാത്രമല്ല ആവശ്യമായ മാറ്റങ്ങള്‍ നല്‍കാനും സൌകര്യമുണ്ട്. പേജില്‍ ആവശ്യമായ ചിത്രങ്ങളും ലോഗോകളും നല്‍കാന്‍ ഇവിടുന്ന് സാധിക്കും. ടെംബ്ലേറ്റ് നല്‍കുന്നതോടേ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് പ്രവര്‍ത്തന സജ്ജമായി.

നിംഗിലെ ഒരോ നെറ്റ്വര്‍ക്കുകളും സമ്പൂര്‍ണ്ണവും മറ്റുള്ളവയില്‍ നിന്ന് സ്വതന്ത്രവുമാണ്. ഒരോ നെറ്റ്വര്‍ക്കിനും അതിന്റേത് മാത്രമായ അംഗങ്ങളാണുണ്ടാവുക. സേവനങ്ങളെല്ലാം സൌജന്യമായതു കൊണ്ടു പേജിന്റെ വലതു വശത്തായി നിംഗ് ഏതാനും പരസ്യങ്ങള്‍ പോസ്റ്റ് ചെയ്യും. മാസ വരിസംഖ്യ ഈടാക്കി കൂടുതല്‍ സൌകര്യങ്ങളുള്ള പ്രീമിയര്‍ സര്‍വീസും നിംഗ് നല്‍കുന്നുണ്ട്. പരസ്യമുക്തം, സ്വന്തമായ യു.ആര്‍.എല്‍, കൂടുതല്‍ ഫീച്ചറുകള്‍ തുടങ്ങിയവ ഇതിലൂടെ ലഭിക്കുന്ന സൌകര്യങ്ങളാണ്. ഇതര സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ പോലെ മെമ്പര്‍മാര്‍ക്ക് ഇവിടെയും സ്വന്തം പേജ് ലഭിക്കുന്നു. ചിത്രങ്ങള്‍, വീഡിയോകള്‍, ബ്ലോഗ് പോസ്റ്റുകള്‍, ചര്‍ച്ചാവിഷയങ്ങള്‍ തുടങ്ങിയവയൊക്കെ ഏതൊരു അംഗത്തിനും സൈറ്റിലേക്ക് സംഭാവന നല്‍കാം. മറ്റു അംഗങ്ങള്‍ക്ക് കമന്റ് എഴുതാനും കൂട്ടമായോ അല്ലാതെയോ ചാറ്റ് ചെയ്യാനുമൊക്കെ നിംഗ് അവസരം നല്‍കുന്നു.

ജുനൈദ് ഇരുമ്പുഴി
junaidck07@gmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

ഫിസിക്സ് വിദ്യാലയം
http://karipparasunils.blogspot.com/

മലയാളം മീഡിയം ഹൈസ്കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉദ്ദേശിച്ചുകൊണ്ടുള്ള ബ്ലോഗ്. ഫിസിക്സ് പഠനത്തെയും അധ്യാപനത്തെയും സഹായിക്കലാണ് ലക്ഷ്യം. ഈ ഇനത്തിലെ ധാരാളം ലേഖനങ്ങള്‍ ബ്ലോഗിലുള്‍പ്പെടുത്തിയിരിക്കുന്നു. ഈ മനോഹര ഭുമിയില്‍, ഭൂഗര്‍ഭ മഴവെള്ള സംഭരണി, ഓണാശംസകള്‍ 2009 തുടങ്ങിവയാണ് പുതിയ പോസ്റ്റുകള്‍. തൃശൂര്‍ പെരുങ്ങോട്ടുകര സ്വദേശിയും ഹൈസ്കൂള്‍ അധ്യാപകനുമായ കരിപ്പാറ സുനിലിന്റെ ഈ ബ്ലോഗ് സന്ദര്‍ശിക്കാന്‍ അദ്ദേഹം എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കേരള ഹഹഹ
http://keralahahaha.blogspot.com/

കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും ഒരപൂര്‍വ ശേഖരമാണ് ഈ ബ്ലോഗ്. നുറിലേറെ മലയാളി ബ്ലോഗര്‍മാരുടെ കാരിക്കേച്ചറുകള്‍ ഇതിന്റെ സവിശേഷതയാണ്. ആന സീരീസ്, പുലി സീരീസ്, വരയന്‍ പുലി സീരീസ്, ചെറായി എളുപ്പപ്പുലി, ലാത്തി എന്നിങ്ങനെ ഇവരെ വേര്‍തിരിച്ചിരിക്കുന്നു. വരയന്‍ പുലി സീരീസില്‍ തോമസ് ആന്റണി, ബി.എം. ഗഫൂര്‍, ടോംസ്, യേശുദാസന്‍, സുകുമാര്‍ എന്നിങ്ങനെ കാര്‍ട്ടൂണ്‍ ലോകത്തെ പതിനെട്ട് പുലികളെ വരച്ചവതരിപ്പിക്കുന്നു. കാര്‍ട്ടൂണിസ്റ്റ് സജീവാണ് ബ്ലോഗര്‍.
ദൃഷ്ടിദോഷം
http://dpkdrishtidosham.blogspot.com/

അശാന്തനായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ വ്യാകുല ചിന്തകളിലേക്ക് സ്വാഗതം. 'ആര്‍ഭാടത്തിനും ആഡംബരത്തിനും ജാതിമത ഭേദമില്ല. ആനന്ദത്തിന്റെ വഴികള്‍ക്കും അങ്ങനെത്തന്നെ. യഥാര്‍ഥ മതേതരത്വം മലയാളി കിറുകൃത്യമായി പാലിക്കുന്നത് ഇക്കാര്യങ്ങളിലാണ്'. ബിവറേജ് കോര്‍പ്പറേഷന്‍ കടകള്‍ക്ക് മുന്നില്‍ ഏകോദര സഹോദരന്‍മാരെപ്പോലെ ക്യൂ നില്‍ക്കുന്ന മലയാളിയുടെ അച്ചടക്കം പഠനവിഷമാക്കേണ്ടതാണെന്ന് ബ്ലോഗര്‍ പറയുന്നു. മലയാളിയുടെ വഴിവിട്ട പോക്കില്‍ ഇദ്ദേഹം അങ്ങേയറ്റം വേദനിക്കുകയും ചെയ്യുന്നു. തൃശൂര്‍ ഓള്‍ ഇന്ത്യാ റേഡിയോ നിലയത്തില്‍ പ്രോഗ്രാം എക്സിക്യൂട്ടീവായ ഡി. പ്രദീപ് കുമാറാണ് ബ്ലോഗര്‍.

മരുന്നറിവുകള്‍
http://marunnarivukal.blogspot.com/

ഫാര്‍മസിയില്‍ ബിരുദവും ഫാര്‍മസിക്കല്‍ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുവും നേടി ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഫാര്‍മക്കോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ലീനയുടെ ബ്ലോഗ്. നിര്‍ജലീകരണം, കുടവെള്ളം കുടിക്കാന്‍ അനുയോജ്യമോ?, ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും, സ്വയം ചികില്‍സ തുടങ്ങിയ ആരോഗ്യ രംഗവുമായ ബന്ധപ്പെട്ട പ്രയോജനപ്രദമായ ലേഖനങ്ങള്‍ ബ്ലോഗിലുള്‍പ്പെടുത്തിയിരിക്കുന്നു.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

പന്നിപ്പനി

പക്ഷിപ്പനി, ഡെങ്കിപ്പനി, തക്കാളിപ്പനി തുടങ്ങി മുമ്പൊന്നും കേള്‍ക്കാത്ത നിരവധി പനികളാല്‍ ആളുകള്‍ വശംകെട്ടിരിക്കുന്ന അവസ്ഥയാണല്ലോ ഇപ്പോള്‍. ഇത്തരം പനികളില്‍ മിക്കവയും മാരകമല്ലെന്നതാണ് വാസ്തവമെങ്കിലും അവയെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിധാരണകളും ശരിയായ ധാരണയുടെ അഭാവവുമാണ് ചിലപ്പോഴെങ്കിലും സംഗതികളെ കൂടുതല്‍ 'മാരക'മാക്കി മാറ്റുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പക്ഷേ ഏറ്റവും പുതിയ അവതാരമായ പന്നിപ്പനി വേണ്ടവിധം ശ്രദ്ധിക്കാത്ത പക്ഷം ശരിക്കും അപകടകാരിയാണെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ശരിയായ ബോധവല്‍ക്കരണം കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഈ വിഷയത്തെക്കുറിച്ച് സാധാരണ ജനങ്ങളും ചിക്ത്സകരുമെല്ലാം അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം വളരെ ആധികാരികമായ ഗവേഷണ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കുന്ന ഒരു സൈറ്റുണ്ട് ഇന്റര്‍നെറ്റില്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (Center for Disease Control and Prevention) ^ ന്റെ വകയായുള്ള http://www.cdc.gov/h1n1flu/. പന്നിപ്പനിയുണ്ടാക്കുന്ന H1N1 വൈറസിന്റെ നിര്‍വചനത്തിലും സവിശേഷതകളിലും തുടങ്ങി പനി ബാധിക്കാനിടയാകുന്ന സാഹചര്യങ്ങള്‍, ആദ്യ ലക്ഷണങ്ങള്‍, ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍, പ്രതിരോധ ചികിത്സാ നടപടികള്‍ തുടങ്ങി തുടരെത്തുടരെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഗവേഷണ റിപ്പോര്‍ട്ടുകളടക്കം സകല കാര്യങ്ങളും സൈറ്റില്‍ ചോദ്യോത്തര രൂപത്തില്‍ ലഭ്യമാണ്.

റയിസ്ല മര്‍യം
raizlamaryam@hotmail.com
*****

'ഇനി വായന ഇ-വായന'

ബുക്ക് ഡിപ്പോയില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങുന്ന കാലം അസ്തമിക്കാറായി. അച്ചടി പുസ്തകങ്ങളെ ഇ-ബുക്കുകള്‍ കൈയടക്കുകയാണ്. കമ്പ്യൂട്ടര്‍ യുഗം നമുക്ക് മുന്നില്‍ പുതിയൊരു വായനാരീതിയാണ് തുറന്ന് തരുന്നത്. ഇവിടെ വായനക്കാരന്റെ ഇഷ്ടങ്ങള്‍ക്കാണ് മുന്‍തൂക്കം. വായനക്കിടയില്‍ വാക്കിന്റെ അര്‍ഥമോ പശ്ചാത്തമോ അറിയണമെങ്കില്‍ ഒരൊറ്റ മൌസ് ക്ലിക്കിന്റെ ആവശ്യം മാത്രം. വിജ്ഞാനത്തിന്റെ പുതുലോകമാണ് ഇ^വായന നമുക്ക് സമ്മാനിക്കുന്നത്. വിവര സാങ്കേതിക വിദ്യ വായനാരീതിയില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കുകയാണ് വി.കെ. ആദര്‍ശിന്റെ 'ഇനി വായന ഇ-വായന' എന്ന കൃതി. അച്ചടി പുസ്തകങ്ങളുടെ സ്ഥാനത്ത് ഇ-ബുക്ക് റീഡര്‍ തുറന്നു തരുന്ന വായനാ സാധ്യതകളും ബ്ലോഗ്, വിക്കിപീഡിയ, ഡിജിറ്റല്‍ ലൈബ്രറികള്‍ തുടങ്ങി ഇന്റര്‍നെറ്റില്‍ ലഭ്യമായ വിജ്േഞാന സ്രോതസ്സുകളും ഇതില്‍ പരിചയപ്പെടുത്തുന്നു. ഇലക്ട്രോണിക് യുഗത്തില്‍ വായനയുടെ ലോകത്തുണ്ടാവുന്ന മാറ്റങ്ങള്‍ സമഗ്രമായിത്തന്നെ ഇതില്‍ പരിശോധാനവിധേയമാക്കുന്നണ്ട്. ഇന്‍ഫോ മാധ്യമം ഉള്‍പ്പെടെയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിലെഴുതിയ ലേഖനങ്ങളുടെ സമഹാരമാണ് ഈ കൃതി. ഗ്രന്ഥകര്‍ത്താവ് ഇന്‍ഫോ മാധ്യമത്തില്‍ തുടര്‍ച്ചയായി എഴുതിയ ലേഖന പരമ്പരകള്‍ ഇ-മലിനീകരണം, വരൂ നമുക്ക് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും പരിചയപ്പെടാം തുടങ്ങിയ ടൈറ്റിലുകളില്‍ നേരത്തെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.സി. ബുക്സാണ് പ്രസാധകര്‍.
=========================

2 comments:

  1. സോഷ്യൽ നെറ്റ്‌ വർക്കിന്റെ ഒന്നു രണ്ടു ഉദാഹരണങ്ങൾ കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

    ReplyDelete
  2. Anonymous6:12 PM

    minimininarmam ല് ഒന്നും കാണാനില്ലല്ലോ

    ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...