ബ്ലോഗ് പരിചയം
വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com
കേരളാ ഫാര്‍മര്‍ ഓണ്‍ലൈന്‍
പ്രമുഖ മലയാളം ബ്ലോഗര്‍മാരുടെ ഒരു ലീസ്റ്റ് തയ്യാറാക്കുകയാണെങ്കില്‍ അതിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചേക്കാവുന്ന പേരാണ് 'കേരള ഫാര്‍മര്‍' എന്ന പേരിലറിയപ്പെടുന്ന ചന്ദ്രശേഖരന്‍ നായരുടേത്. കര്‍ഷകര്‍ക്കിടയിലെ ഐ.ടി. വിദഗ്ധന്‍, ഐ.ടി. വിദഗ്ധര്‍ക്കിടയിലെ കര്‍ഷകന്‍ എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. സാധാരണ ഒരു ബ്ലോഗര്‍ എന്നതിലുപരിയായി നീതി തേടുന്ന കര്‍ഷകന്റെ ശക്തനായ വക്താവെന്ന നിലക്കും അറിയപ്പെടുന്ന ഈ അമ്പത്തിഒമ്പതുകാരനായ വിമുക്ത ഭടന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ കുട്ടായ്മയിലെ സക്രിയ സാന്നിധ്യമായും തിളങ്ങുന്നു. എസ്.എസ്.എല്‍.സി വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള ഇദ്ദേഹം സാങ്കേതിക രംഗത്ത് ഔപചാരിക വിദ്യാഭ്യാസ യോഗ്യതയൊന്നും നേടിയിട്ടില്ലെങ്കിലും ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ വൈഭവത്തോടെയാണ് ഇന്റര്‍നെറ്റില്‍ ഇടപെടുന്നത്. സ്വപ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ഇദ്ദേഹം ബ്ലോഗ് ലോകത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. ''കമ്പ്യൂട്ടറില്‍ പ്രാഥമിക ജ്ഞാനം പോലും ഇല്ലാതിരുന്നിട്ടും ലോകമെമ്പാടുമുള്ള ഐ.ടി. വിദഗ്ധരുടെ സഹായത്താല്‍ ഇന്ന് സാമാന്യം ഭേദപ്പെട്ട ഒരു വെബ്സൈറ്റ് വരെ പരിപാലിക്കത്തക്ക യോഗ്യത നേടിയെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നെറ്റിലൂടെ ഒരു കൈ സഹായം ഇതര കര്‍ഷകരിലെത്തിക്കാന്‍ ബൂലോകരുടെയെല്ലാം സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു''. തന്റെ ബ്ലോഗിനെസ്സംബന്ധിച്ച് ചന്ദ്രശേഖരന്‍ നായരുടെ കാഴ്ചപ്പാട് ഇതാണ്.
വേര്‍ഡ്പ്രസ്സില്‍ (wordpress.com) ബ്ലോഗ് ചെയ്തിരുന്ന ഇദ്ദേഹം അടുത്ത കാലത്താണ് http://keralafarmeronline.com എന്ന ഡൊമൈന്‍ നെയിം സ്വന്തമാക്കിയത്. ഇവിടെ മലയാളത്തിനു പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പോസ്റ്റുകള്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റ് പോലുള്ള ഐ.ടി. കുത്തകകളുടെ കടുത്ത വിമര്‍ശകനും ബദല്‍ സംവിധാനമായ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ പ്രചാരകനുമായ ഇദ്ദേഹം വെബ്സൈറ്റ് രൂപകല്‍പന ചെയ്തതും കമ്പ്യൂട്ടറില്‍ സംവദിക്കുന്നതുമെല്ലാം ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റം ആധാരമാക്കിയാണ്. ഈ മേഖലയിലെ FSF, SMC, SPACE, iLUG തുടങ്ങിയ കൂട്ടായ്മകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്റെ ബ്ലോഗിലൂടെയും സ്വതന്ത്ര സോഫ്റ്റ്വെയര്‍ കുട്ടായ്മക്ക് കരുത്ത് പകരുന്നു.
വാര്‍ത്തകള്‍, കൃഷി, ഗ്നൂ-ലിനക്സ്, പലവക, മന്ത്രിമാര്‍ക്കുള്ള കത്തുകള്‍, റബ്ബര്‍, വിവരാവകാശം, സഹായം, സാങ്കേതികം എന്നിങ്ങനെ വ്യത്യസ്തമായ പേജുകളിലാണ് ബ്ലോഗ് പോസ്റ്റുകള്‍ വിന്യസിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ റബ്ബര്‍ കൃഷിയെസ്സംബന്ധിച്ച സമസ്ത വിവരങ്ങളും വിവിധ രീതികളില്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. കര്‍ഷകന് റബ്ബര്‍ ടാപ്പിംഗിനിടയിലോ പാടത്ത് നിന്നോ ലഭിക്കുന്ന വിവരങ്ങള്‍ മുഴുക്കെ ഈ ബ്ലോഗിലൂടെ അറിയാന്‍ സാധിക്കും. 'എഴുതാനും വായിക്കാനും' എന്ന പേജില്‍ കമ്പ്യൂട്ടറില്‍ മലയാളം യൂണികോഡ് ഇന്‍സ്റ്റാള്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന രീതിയും മറ്റും വിശദമായി വിവരിക്കുന്നത് തുടക്കക്കാരായ ബ്ലോഗര്‍മാര്‍ക്ക് അങ്ങേയറ്റം പ്രയോജനപ്പെടും.
*****
മാഷ് അപ്പ് സൈറ്റുകള്‍
മനോജ് കുമാര്‍ എ.പി.
jalakapazhuthukaliloode.blogspot.com
മറ്റുള്ള സൈറ്റുകളില്‍ നിന്ന് ഡാറ്റ സ്വീകരിച്ച് പുതിയ വെബ്സൈറ്റുകളുണ്ടാക്കുന്നതിനാണ് മാഷ് അപ്പ് (Mash Up) എന്ന് പറയുന്നത്. സംഗീത ലോകത്ത് നിന്ന് കടമെടുത്തതാണ് ഈ പദം. നിലവിലെ ട്രാക്കുകളില്‍ നിന്ന് പുതിയൊരെണ്ണം മിക്സ് ചെയ്തെടുക്കുന്നതിനാണ് അവിടെ ഈ പദം ഉപയോഗിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കുള്ള ഗൂഗിള്‍ മാപ്പ് അപ്ലിക്കേഷനുകളാണ് മാഷ് അപ്പുകളുടെ ഉത്തമ മാതൃകകള്‍. ഡാറ്റകള്‍ എ.പി.ഐ ഇന്റര്‍ഫേസിന്റെയോ വെബ് ഫീഡുകള്‍, സ്ക്രീന്‍ സ്ക്രാപ്പിംഗ് എന്നിവയുടെയോ സഹായത്തോടെ ലഭ്യമാക്കുകയാണ് ഈ പുതിയ തലമുറ വെബ്സൈറ്റുകള്‍ ചെയ്യുന്നത്. അതേസമയം ഇതര സൈറ്റുകളില്‍ നിന്ന് എംബെഡഡ് ചെയ്ത വീഡിയോ ചേര്‍ക്കുന്നത് മാഷ് അപ്പായി കണക്കാക്കാനാവില്ല.
മാഷ് അപ്പിന് പ്രധാനമായും മൂന്ന് രീതികളാണുള്ളത്. നിലവിലെ സൈറ്റിന്റെ എ.പി.ഐ, ആര്‍.എസ്.എസ് ഫീഡ്, ആറ്റം ഫീഡ് എന്നിവ ഉപയോഗപ്പെടുത്തി ഡാറ്റ ലഭ്യമാക്കുന്നതാണ് ഒന്നാമത്തേത്. ഇതിനെ കണ്ടന്റ് സര്‍വീസ് നല്‍കുന്ന സൈറ്റെന്ന് വിശേഷിപ്പിക്കാം. മാഷ് അപ്പിലൂടെ ഉണ്ടാക്കുന്ന പുതിയ ആപ്ലിക്കേഷന്‍ സൈറ്റുകളാണ് രണ്ടാമത്തേത്. ഇതിനെ മാഷ് അപ്പ് സൈറ്റെന്ന് വിളിക്കുന്നു. മൂന്നാമത്തേത് ക്ലയന്റ് വെബ് ബ്രൌസറാണ്. ക്ലയന്റ് സൈഡ് പ്രോഗ്രാമിംഗ് ഭാഷ ഉപയോഗപ്പെടുത്തിക്കൊണ്ട് ബ്രൌസറിലൂടെ ഈ സൈറ്റുകള്‍ കാണാനാവും.
ഈ മൂന്ന് രീതികളനുവര്‍ത്തിച്ച് തയ്യാറാക്കുന്ന മാഷ് അപ്പ് സൈറ്റുകളെ പൊതുവായി മൂന്നിനമായി വേര്‍തിരിക്കാം. കണ്‍സ്യൂമര്‍, ഡാറ്റാ, ബിനിസസ് എന്നിവയാണവ. ആദ്യത്തേത് ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയ വെബ്സൈറ്റുകള്‍ തയ്യാറാക്കുന്നു. ഡാറ്റാ മാഷ് അപ്പുകള്‍ ഒരേതരത്തിലുള്ള ഡാറ്റകള്‍ സ്വീകരിച്ച് അവയെ ഒന്നുകൂടി നല്ലരീതിയില്‍ അവതരിപ്പിക്കുന്നു. 'യാഹൂ പൈപ്സ്' ഇതാണ് ചെയ്യുന്നത്. ഫീഡുകള്‍ വിവിധ തരത്തിലുള്ള സൈറ്റുകളില്‍ നിന്ന് സ്വീകരിച്ച് ലഭ്യമാക്കിയിരിക്കുകയാണ് ഇതില്‍. ബിസിനസ് മാഷ് അപ്പ് മുകളില്‍ പരാമര്‍ശിച്ച രണ്ട് കാര്യങ്ങളും ഒരേസമയം ചെയ്യുന്ന സൈറ്റകളാണ്.
മാഷ് അപ്പുകള്‍ ഉപയോഗപ്പെടുത്തി നിരവധി പുതിയ വെബ് ആപ്ലിക്കേഷനുകള്‍ രംഗത്തെത്തുകയാണ്. ഇവയുടെ നിര്‍മ്മാണം അനായാസമാക്കുന്നതിന് ഓണ്‍ലൈന്‍ മാഷ് അപ്പ് എഡിറ്ററുകളും നിലവില്‍ വന്നു. ഗൂഗിളിന്റെ മാഷ് അപ്പും (google.mashup.com) മൈക്രോസോഫ്റ്റിന്റെ മാഷ് അപ്പും (http://popfly.com) ഈ ഇനത്തിലെ സേവനങ്ങള്‍ നല്‍കുന്നു.
*****
കിബ്ല ലൊക്കേറ്റര്‍
ഗൂഗിള്‍ മാപ്സ് ഉപയോഗപ്പെടുത്തി 'മാഷ് അപ്പ്' രീതിയില്‍ നിര്‍മ്മിച്ച പുതിയ തലമുറ വെബ്സൈറ്റുകളില്‍ ഏറെ പ്രയോജനപ്പെടുത്താവുന്ന വെബ്സൈറ്റാണ് ഖിബ്ലയുടെ സ്ഥാനം നിര്‍ണ്ണയിക്കുന്ന ഖിബ്ല ലൊക്കേറ്റര്‍ (http://qiblalocator.com). വെബ്സൈറ്റില്‍ കാണുന്ന ഗൂഗിള്‍ മാപ്പില്‍ നിങ്ങളുടെ പട്ടണത്തിന്റെ പേര് രേഖപ്പെടുത്തിയാല്‍ കൃത്യമായി ഖിബ്ല നിര്‍ണ്ണയിക്കുന്ന നേര്‍രേഖ കാണാം. നിങ്ങളുടെ പ്രദേശത്തിന്റെയോ പള്ളയുടെയോ വീടിന്റെയോ അക്ഷാംശ, രേഖാംശാ രേഖകള്‍ സൂക്ഷമമായി അറിയുമെങ്കില്‍ കൃത്യമായ സ്ഥാന നിര്‍ണ്ണയം നടത്താം. മാപ്പ് രീതിയിലും സാറ്റലൈറ്റ് ചിത്രമായും മറ്റും സ്ഥലങ്ങള്‍ കാണാന്‍ ഗൂഗിള്‍ മാപ്സില്‍ സംവിധാനമുണ്ട്. നിങ്ങളുടെ കൈവശം ജി.പി.എസ് സംവിധാനമുള്ള മൊബൈല്‍ ഫോണുണ്ടെങ്കില്‍ ഏത് സ്ഥലത്തിന്റെയും അക്ഷംശ, രേഖാശാ രേഖകള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇതുപയോഗപ്പെടുത്തുകയാണെങ്കില്‍ ഖിബ്ല ലൊക്കേറ്റര്‍ വെബ് സൈറ്റുപയോഗിച്ച് ഏത് സ്ഥലത്തുനിന്നും ഖിബ്ലയുടെ കൃത്യമായ ദിശ നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നു.
*****
വെബ് കൌതുകങ്ങള്‍
ഫോക്സ്മെയില്‍
റയിസ്ല മര്‍യം
raizlamaryam@hotmail.com
ഓണ്‍ലൈനായിരിക്കുമ്പോള്‍ ഇ-മെയിലുകള്‍ മൊത്തമായി ഡൌണ്‍ലോഡു ചെയ്ത് സൌകര്യംപോലെ ഓഫ്ലൈനില്‍ വായിക്കുകയും മറുപടി തയാറാക്കുകയും ചെയ്യാന്‍ സഹായിക്കുന്ന പ്രോഗ്രാമുകളാണല്ലോ ഇ^മെയില്‍ ക്ലയന്റുകള്‍. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പം ലഭിക്കുന്ന 'ഔട്ടലുക്ക് എക്സ്പ്രസ്', പണം കൊടുത്തു വാങ്ങേണ്ട 'യുഡോറാ' തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ ഏറ്റവും പ്രചാരമുള്ള സോഫ്റ്റ്വെയറുകള്‍. എന്നാല്‍ വേഗതയിലും കാര്യക്ഷമതയിലും സുരക്ഷിത്വത്തിലും ഇവയെ കവച്ചുവെക്കുന്ന ഒന്നാന്തരമൊരു സോഫ്റ്റവെയറുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? 'ഫോക്സ്മെയില്‍' എന്നാണ് അതിന്റെ പേര്. ഹോട്ട്മെയില്‍, യാഹൂ, ജിമെയില്‍ തുടങ്ങിയ പ്രമുഖ ഇ^മെയില്‍ അക്കൌണ്ടുകളെല്ലാം ഇതില്‍ വളരെ എളുപ്പത്തില്‍ കോണ്‍ഫിഗര്‍ ചെയ്യാം. പ്ലെയിന്‍ ടെക്സ്റ്റായോ എച്ച്.ടി.എം.എല്‍ ആയോ സന്ദേശം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. മെസ്സേജ് ഡൌണ്‍ലോഡ് ചെയ്യാതെത്തന്നെ സെര്‍വറില്‍ നിന്ന് നേരിട്ട് വായിക്കാനും ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്യാനും സൌകര്യമുണ്ട്. ഔട്ട്ലുക്ക് എക്സ്പ്രസ്സിലെപോലെ ഡൌണ്‍ലോഡിംഗും അപ്ലോഡിംഗും ഇടമുറിഞ്ഞു പോകുന്ന പ്രശ്നമോ വൈറസ് ബാധയോ മിക്കവാറും ഇല്ലെന്നുതന്നെ പറയാം. ഓരോ അക്കൌണ്ടും പ്രത്യേകം പാസ്വേര്‍ഡുകളിട്ട് പൂട്ടി സ്വകാര്യത സംരക്ഷിക്കാം. സ്പാമുകളെ ഈ പ്രോഗ്രാം സ്വയം ഫില്‍ട്ടര്‍ ചെയ്ത് അവക്കുവേണ്ടി മാത്രമുള്ള ഫോള്‍ഡറിലേക്ക് അയച്ചുകൊള്ളും. ഔട്ട്ലുക്ക് പോലുള്ള മറ്റു ഇ^മെയില്‍ ക്ലയന്റുകളില്‍ നിന്ന് മെസ്സേജുകള്‍ ഇംപോര്‍ട്ട് ചെയ്യാനും സൌകര്യമുണ്ട്. മനോഹരമായ ഇന്റര്‍ഫെയ്സ് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. പരിപൂര്‍ണ്ണമായും സൌജന്യമായ ഈ കൊച്ചു പ്രോഗ്രാമിന്റെ ഇംഗ്ലീഷ് പതിപ്പ് http://www.brothersoft.com/foxmail27488.html എന്ന സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
*****
ഇന്‍ഫോ ക്വിസ്
ജലീല്‍ വൈരങ്കോട്
tvjaleel@gmail.com
1. കുട്ടികള്‍ക്കായി സിമൂര്‍ പാപ്പര്‍ട്ട് (Seymour Papert) വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ ഭാഷ?
2. ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (IBM) എന്ന പ്രശസ്ത കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയുടെ സ്ഥാപകന്‍?
3. ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം?
4. ആദ്യത്തെ മൈക്രോപ്രോസസ്സറായ ഇന്റല്‍ 4004 (1971) രൂപകല്‍പന ചെയ്തത് ആരെല്ലാം?
5. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ സൈബര്‍ ഫോറന്‍സിക് സോഫ്റ്റ്വെയര്‍?
6. വിന്‍ഡോസ് വിസ്റ്റയുടെ സോഴ്സ് കോഡ് എത്ര വരിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു?
7. പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്ന പദം ലോകത്തിന് സംഭാവന ചെയ്ത വ്യക്തി?
8. ലിനക്സിനെസ്സംബന്ധിച്ച് സമഗ്രമായ വിവരങ്ങളും ലിങ്കുകളും നല്‍കുന്ന പ്രമുഖ വെബ്സൈറ്റ്?
9. ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിലുപയോഗിക്കുന്ന 'GNOME' ഡെസ്ക്ക് ടോപ്പിന്റെ പൂര്‍ണ്ണ രൂപം?
10. പ്രശസ്ത ഗ്രാഫിക് സോഫ്റ്റ്വെയറായ XPaint ഡൌണ്‍ലോഡ് ചെയ്യുന്നതിന് സഹായകമായ വെബ്സൈറ്റ്?
ഉത്തരം
1. ലോഗോ (Logo)
2. ഹെര്‍മന്‍ ഹോളരിത്
3. ഡിസംബര്‍ 2
4. മാര്‍ഡിയന്‍ എഡ്വേര്‍ഡ് ടെഡ് ഹോഫ്, സ്റ്റാന്‍ലി മേസര്‍, ഫെഡറിക്കോ ഫാറ്റന്‍
5. സൈബര്‍ ചെക്ക് സ്യൂട്ട്
6. 5 കോടി
7. എഡ്വേര്‍ഡ് റോബര്‍ട്ട് എന്ന ജോര്‍ജ്ജിയന്‍ ഡോക്ടര്‍
8. http://linux.org
9. GNU NETWORK OBJECT MODEL ENVIRONMENT
10. http://packages.debian.org/unstable/graphics
====================
No comments:
Post a Comment