Tuesday, September 16, 2008

ഇന്‍ഫോമാധ്യമം (374) - 08/09/2008പുതിയ നെറ്റ് സൌകര്യങ്ങളുമായി 'ഡിഗ്സ്ബൈ'

മനോജ് കുമാര്‍ എ.പി.
manojap.nair@gmail.comനെറ്റ് ഉപയോക്താക്കള്‍ക്ക് ഇ-മെയിലും മെസ്സഞ്ചറും സോഷ്യല്‍ നെറ്റ്വര്‍ക്കുമെല്ലാം ഒരൊറ്റ സോഫ്റ്റ്വെയറിലൂടെ ആക്സസ് ചെയ്യാന്‍ സാധ്യമാകുന്നത് വലിയ സൌകര്യമായിരിക്കുമല്ലോ. http://digsby.com എന്ന വെബ്സൈറ്റാണ് ഈ സവിശേഷ മെസ്സഞ്ചര്‍ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ മിക്ക ഉപയോക്താക്കളും ചാറ്റിംഗിനും മറ്റുമായി യാഹൂ, എം.എസ്.എന്‍, ഗൂഗിള്‍ ടോക് തുടങ്ങിയ മെസ്സഞ്ചര്‍ പ്രോഗ്രാമുകളാണ് ആശ്രയിക്കുന്നത്. ഇതിനെല്ലാം വെവ്വേറെ സോഫ്റ്റ്വെയര്‍ ആവശ്യമാണ്. എന്നാല്‍ 'ഡിഗ്സ്ബൈ' മെസ്സഞ്ചര്‍ ഉപയോഗിച്ച് യാഹൂ, ഗൂഗിള്‍, എം.എസ്.എന്‍, ഗാബര്‍, ഐ.സി.ക്യൂ തുടങ്ങിയ പ്രമുഖ ചാറ്റിംഗ് സേവനങ്ങള്‍ ഒരൊറ്റ ജാലകത്തില്‍ തുറക്കാമെന്ന് മാത്രമല്ല പ്രമുഖ മെയില്‍ സര്‍വീസുകളും ഇതിലൂടെ ലഭ്യമാക്കാം. POP/IMAP ഇ^മെയില്‍ അക്കൌണ്ടുകള്‍ ഈ മെസ്സഞ്ചറിലൂടെ ആക്സസ് ചെയ്യാമെന്നതും ഇതിന്റെ സവിശേഷതയാണ്. പുതിയ മെയില്‍ അയക്കാനും സൌകര്യമുണ്ട്. തുടക്കത്തില്‍ തന്നെ മൈസ്പെയ്സ്, ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ചാറ്റ് ലീസ്റ്റിലെ കോണ്‍ടാക്റ്റ് അഡ്രസ്സുകളും ഗ്രൂപ്പുകളും മെര്‍ജ് ചെയ്യാനും ഇതില്‍ സൌകര്യമുണ്ട്. ശരാശരി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് വളരെ പ്രയോജനപ്രദമാണ് ഈ മെസ്സഞ്ചറിലെ സൌകര്യങ്ങള്‍.
*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com


സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലും സുഖശീതളിമയിലുമിരുന്നുകൊണ്ട് ഒരു ഗോളാന്തരയാത്രയായാലോ..! കമ്പ്യൂട്ടറിന്റെ മൌസിനാലും കീബോര്‍ഡിനാലും നിയന്ത്രിക്കപ്പെടുന്ന സാങ്കല്‍പിക ബഹിരാകാശ പേടകത്തിലിരുന്ന് 'അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമായ' ബ്രഹ്മാണ്ഡവിസ്തൃതിയിലൂടെ നിങ്ങള്‍ക്ക് ഒരുല്ലാസ യാത്ര നടത്താം. എങ്ങനെയാണെന്നല്ലേ. ഇന്റര്‍നെറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്ന അസ്ട്രോണമിക്ക് സോഫ്റ്റ്വെയറായ 'സെലസ്റ്റിയാ' ആണ് ഇത് സാധ്യമാക്കുന്നത്. നിങ്ങളുടെ ഡെസ്ക്ടോപ്പില്‍ ഈ സോഫ്റ്റ്വെയര്‍ ഒരു ത്രിമാന വെര്‍ച്ച്വല്‍ പ്രപഞ്ചമൊരുക്കുന്നു. മറ്റു പ്ലാനറ്റോറിയം സോഫ്റ്റ് വെയറുകളെപ്പോലെ സെലസ്റ്റിയ ഭൂമിയുടെ ഉപരിതലത്തില്‍നിന്നു മേല്‍പ്പോട്ടുനോക്കുമ്പോള്‍ കാണാനിടയുള്ള ദൃശ്യങ്ങള്‍ മാത്രമല്ല ലഭ്യമാക്കുന്നത്. പകരം കാഴ്ചക്കാര്‍ക്ക് ഭൂമിയില്‍നിന്ന് 'യാത്രയാരംഭിച്ച്' സൌരയൂഥത്തിലെ ഗ്രഹങ്ങളോരോന്നിനെയും അവയുടെ ഉപഗ്രഹങ്ങളെയും സന്ദര്‍ശിച്ചശേഷം ആകാശഗംഗയിലെ ഒരു ലക്ഷത്തോളം നക്ഷത്രങ്ങളിലേതിനെയും സന്ദര്‍ശിച്ച് വേണമെങ്കില്‍ ക്ഷീരപഥത്തിന് പുറത്തും യാത്ര തുടരാം. മൊത്തത്തിലൊരു യാത്രക്കു പകരം ചില പ്രത്യേക ഗ്രഹങ്ങളോ നക്ഷത്രങ്ങളോ മാത്രം ഇഷ്ടാനുസരണം തിരഞ്ഞടുത്ത് സന്ദര്‍ശിക്കണമെന്നു തോന്നുന്ന പക്ഷം അങ്ങനെയുമാവാം. സോഫ്റ്റ്വെയറിലെ സൂം സൌകര്യമുപയോഗിച്ച് ആകാശഗോളങ്ങളുടെ കോടിക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്നുള്ള ദൃശ്യങ്ങള്‍ മുതല്‍ ഏതാനും മീറ്ററുകള്‍ മാത്രം അകലെ നിന്നുള്ള ക്ലോസപ് ചിത്രങ്ങള്‍ വരെ ലഭ്യമാക്കാം. യാത്രക്കിടയില്‍ കാണുന്ന രസകരമായ ദൃശ്യങ്ങളേതെങ്കിലും ഇമേജ്/വീഡിയോ ക്യാപ്ച്ചര്‍ വഴി ഹാര്‍ഡ് ഡിസ്ക്കില്‍ സേവ് ചെയ്തുവെക്കാനുള്ള സംവിധാനവും ഈ സോഫ്റ്റ്വെയറിനോടൊപ്പമുണ്ട്.

ഇതര അസ്ട്രോണമി സോഫ്റ്റ് വെയറുകളിലൊന്നും കാണാത്ത എക്ലിപ്സ് ഫൈന്‍ഡര്‍ എന്ന ഓപ്ഷനാണ് സെലസ്റ്റിയയുടെ മറ്റൊരു സവിശേഷത. ഇതുപയോഗിച്ച് മുമ്പേ കഴിഞ്ഞുപോയ സൂര്യഗ്രഹണങ്ങളോ ചന്ദ്രഗ്രഹണങ്ങളോ പുനരാവിഷ്കരിച്ചു കാണുകയോ അടുത്തുവരാന്‍പോകുന്ന ഗ്രഹണങ്ങള്‍ പ്രവചിക്കുകയോ ചെയ്യാം. സമ്പൂര്‍ണ്ണ സൌജന്യ സോഫ്റ്റ്വെയറായ സെലസ്റ്റിയ shatters.net/celestia/index.html എന്ന സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
*****

സൌജന്യ എസ്.എം.എസ്.

അബ്ദുല്‍ മുനീര്‍ എസ്.


ഇന്റര്‍നെറ്റുപയോഗിച്ച് മൊബൈല്‍ ഫോണിലേക്ക് സൌജന്യമായി എസ്.എം.എസ്. അയക്കാവുന്ന കുടുതല്‍ സൈറ്റുകള്‍ നെറ്റില്‍ പ്രത്യക്ഷപ്പെടുകയാണ്. യാഹൂ, റഡിഫ് മെയില്‍ തുടങ്ങിയ പ്രമുഖ സൈറ്റുകളും ഇതിലുള്‍പ്പെടുന്നു. പല സൈറ്റുകളും സൌജന്യ എസ്.എം.എസ് സൌകര്യം നല്‍കുന്നതിനോടൊപ്പം തങ്ങളുടെ പരസ്യങ്ങള്‍ കുടി സന്ദേശങ്ങളിലുള്‍പ്പെടുത്തുന്നുവെന്നത് ഉപയോക്താക്കള്‍ക്ക് പ്രയാസമാകുന്നു. ഈ പരസ്യങ്ങള്‍ ആവശ്യമില്ലെങ്കില്‍ ഒഴിവാക്കുന്നതിനുള്ള ഏക മാര്‍ഗം നമുക്ക് അനുവദിച്ച 140 കാരക്റ്ററുകളും സന്ദേശത്തിനുപയോഗിക്കുക എന്നതാണ്. അതേസമയം നിങ്ങളുടെ സ്വന്തം മൊബൈല്‍ നമ്പറുപയോഗിച്ച് തന്നെ സന്ദേശമയക്കാന്‍ സൌകര്യം നല്‍കുന്ന വെബ്സൈറ്റുകളും രംഗത്തുണ്ട്. freesms8.com എന്ന വെബ്സൈറ്റ് ഈ ഇനത്തിലുള്ളതാണ്. ഇതുപയോഗിച്ച് ദിനേന അഞ്ച് സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് സൌജന്യമായി അയക്കാം. indyarocks.com, way2sms.com, sms100p.com, seasms.com, 160by2.com, youmint.shmyl.com തുടങ്ങിയ സൈറ്റുകളും ഈ ഇനത്തിലെ സേവനങ്ങള്‍ നല്‍കുന്നു.
*****

മൊബൈല്‍ ഫോണിന് റമദാന്‍ സോഫ്റ്റ്വെയര്‍

ഹാരിസ് വാണിമേല്‍
kpharis@maktoob.com


റമദാന്‍ വ്രതമനുഷ്ഠിക്കന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്കിതാ പ്രയോജനപ്രദമായൊരു സോഫ്റ്റ്വെയര്‍. നമസ്കാര സമയം അറിയിക്കുന്ന 'അദാന്‍ അലര്‍ട്ട്', ബാങ്ക്വിളി, വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ നമസ്കാര സമയത്തിന് പുറമെ നാലായിരത്തിലേറെ നഗരങ്ങളിലെ നമസ്കാര സമയം അറിയാനുള്ള സംവിധാനം, ഹിജറ കലണ്ടര്‍, ഖിബ്ലയുടെ ദിശ നിര്‍ണ്ണയിക്കാന്‍ സൌകര്യം, സുന്നത്ത് നമസ്കാരങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പ്രഭാതത്തിലെയും പ്രദോഷത്തിലെയുമുള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങിയവ ഈ സോഫ്റ്റ്വെയറിന്റെ ഉള്ളടക്കത്തില്‍ പെടുന്നു. ബാങ്ക്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'തസ്മിയ' കമ്പനിയാണ് സോഫ്റ്റ്വെയറിന്റെ നിര്‍മ്മാതാക്കള്‍. വിശുദ്ധ ഖുര്‍ആന്റെ സമ്പൂര്‍ണ്ണ മൊബൈല്‍ പതിപ്പും കമ്പനി പുറത്തിറക്കിയിരിക്കുന്നു. ഖുര്‍ആന്‍ അധ്യായങ്ങളും സൂക്തക്കങ്ങളും സെര്‍ച്ച് ചെയ്യാന്‍ സൌകര്യമുള്ള സോഫ്റ്റ്വെയറില്‍ ഉയര്‍ന്ന വ്യക്തതയില്‍ ഖുര്‍ആന്‍ പാരായണം കോള്‍ക്കാനും സൌകര്യമുണ്ട്. നമസ്കാര സമയം, ബാങ്ക് വിളി, വിശുദ്ധ ഖുര്‍ആന്‍ എന്നിയൊക്കെ ഉള്‍പ്പെടുത്തിയുള്ള ഈ സോഫ്റ്റ്വെയര്‍ ഇന്ത്യയിലെത്തന്നെ ആദ്യത്തെ ഇസ്ലാമിക മൊബൈല്‍ അപ്ളിക്കേഷനാണെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ മെമ്മറി ഉപയോഗം, പ്രവര്‍ത്തിപ്പിക്കാന്‍ ഏറെ എളുപ്പം തുടങ്ങിയ സവിശേഷതകളുള്ള സോഫ്റ്റ്വെയര്‍ ജാവാ എനാബിള്‍ഡായ എല്ലാ മൊബൈല്‍ സെറ്റുകളിലും പ്രവര്‍ത്തിക്കുന്നു. സോഫ്റ്റ്വെയര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.alazaan.com വെബ്സൈറ്റില്‍ ലഭ്യമാണ്.
*****

ഇന്‍ഫോ ക്വിസ്

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com


1. ഒരേസമയം രണ്ട് സിം കാര്‍ഡ് ഉപയോഗിക്കാവുന്ന തരത്തില്‍ 2008^ല്‍ സാംസംഗ് കമ്പനി പുറത്തിറക്കിയ മൊബൈല്‍ ഫോണ്‍?
2. മൊസില്ല ബ്രൌസറിന്റെ സോഴ്സ് കോഡ് ഉപയോഗിച്ച് ബ്ലോഗര്‍മാര്‍ക്കായി തയ്യാറാക്കിയ വെബ് ബ്രൌസര്‍ സംവിധാനം?
3. അനേകം തരം ഇന്റര്‍ഫേസുള്ള ഓപറേറ്റിംഗ് സിസ്റ്റം?
4. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന 20/20 റൂള്‍ എന്താണ്?
5. ഉപയോക്താവിന്റെ ആരോഗ്യ നില പരിശോധിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ നല്‍കാന്‍ കഴിവുള്ള മൌസിന്റെ പേര്?
6. രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത താലൂക്ക് ഓഫീസ്?
7. ജോണ്‍ ടക്കി എന്ന ഐ.ടി. ചിന്തകന്‍ 1957^ല്‍ ഉപയോഗിച്ചതും പിന്നീട് കമ്പ്യൂട്ടര്‍ രംഗത്ത് ഏറെ പ്രശസ്തി നേടിയതുമായ പദം?
8. കമ്പ്യൂട്ടര്‍ ഉപയോക്താവിനെ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കെര്‍ണലുമായി ബന്ധിപ്പിക്കുന്ന ഭാഗം?
9. മൌസ് ഉപയോഗിച്ച് എത്ര തവണ ക്ലിക് നടത്തിയെന്ന് ഡിസ്പ്ലേ ചെയ്യാന്‍ കഴിയുന്ന സംവിധാനത്തിന്റെ പേര്?
10. തമിഴ്നാട് സര്‍ക്കാര്‍ ഐ.ടി ദിനം ആചരിക്കുന്നത് ഏത് ദിവസം? ആരുടെ നാമധേയത്തിലാണിത്?

ഉത്തരം

1. SCH - W599
2. Flock (www.flock.com)
3. ഗ്നു/ലിനക്സ്
4. മോണിറ്ററില്‍ നിന്ന് 20 ഇഞ്ച് മാറിയുള്ള ഇരിപ്പും 20 മിനിറ്റ് കഴിയുമ്പോള്‍ കുറച്ച് സമയം കണ്ണിന് റെസ്റ്റ് കൊടുക്കുകയും ചെയ്യുന്ന രീതി.
5. ഹാര്‍ട്ട് ബീറ്റ് മൌസ്
6. ഒറ്റപ്പാലം
7. സോഫ്റ്റ്വെയര്‍
8. ഷെല്‍
9. ക്ലിക് കൌണ്‍ മൌസ്
10. ഡിസംബര്‍ 22, ശ്രീനിവാസ രാമാനുജന്‍
*****

ഫോട്ടോ സ്ലൈഡ് ഷോ

അബൂബന്ന തൊടുപുഴ
madinalighting@gmail.com

ഫോട്ടോഗ്രാഫി മിക്കവര്‍ക്കും ഹരമാണ്. ഫോട്ടോ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവുകയുമില്ല. പ്രത്യേകിച്ച് വിവാഹം,വിനോദം, വിശേഷ ദിവസങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി ഫോട്ടോ ആയി കാണുമ്പോള്‍ അതൊരനുഭൂതി തന്നെയയിരിക്കും. എന്നാല്‍ ഈ ഫോട്ടോകള്‍ ഒരു സ്ലൈഡ് ഷോ രൂപത്തില്‍ കാണുകയാണെങ്കിലോ, അതും ഒരു പ്രോഫഷണല്‍ സ്റൈലോട് കൂടി. അതിനുള്ള നല്ലൊരു സോഫ്റ്റ്വെയറാണു 'wedding album maker gold 2.91'. മ്യൂസിക്, വ്യത്യസ്ത രീതിയിലെ ട്രാന്‍സിഷന്‍, വിവിധ ഇഫെക്ടുകള്‍, സൂം തുടങ്ങിയ ആകര്‍ഷകമായ ഘടകങ്ങളൊക്കെ ഉള്‍പ്പെടുത്തി വളരെ എളുപ്പത്തിലും പെട്ടെന്നും ഫോട്ടോ ആല്‍ബം തയ്യാറാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സോഫ്റ്റ് വെയറിന്റെ പ്രത്യേകത. Organize photos, Choose menu, Burn dvd എന്നീ മൂന്ന് തലങ്ങളില്‍ തയ്യാറാക്കുന്ന ആല്‍ബം സിഡിയിലേക്കും ഡിവിഡിയിലേക്കും കോപ്പി ചെയ്ത് സൂക്ഷിക്കാനും സാധിക്കുന്നു. www.download3000.com/download_15425.html എന്ന ലിങ്കിലൂടെ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


===================

3 comments:

 1. Thanks to infomadhyamam for giving us useful information.Best wishes........

  ReplyDelete
 2. Anonymous12:03 PM

  വളരെയേറെ ഉപകാരപ്രതമായ പോസ്റ്റുകളാണ് ഇന്‍ഫോമാധ്യമം ഓരോ ആഴ്ചയിലും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്.
  ഇന്‍ഫോ ക്വിസ് പ്രസിദ്ധീകരിച്ച ജലീല്‍ ജലീല്‍ വൈരങ്കോട്,"മൊബൈല്‍ ഫോണിന് റമദാന്‍ സോഫ്റ്റ്വെയര്‍" എന്ന പോസ്റ്റ് പ്രസിദ്ധീകരിച്ച ഹാരിസ് വാണിമേല്‍, "സൌജന്യ എസ്.എം.എസ്." എന്ന പോസ്റ്റ് പ്രസിദ്ധീകരിച്ച അബ്ദുല്‍ മുനീര്‍ എസ്,"വെബ് കൌതുകങ്ങള്‍" എന്ന പോസ്റ്റ് പ്രസിദ്ധീകരിച്ച റയിസ്ല മര്‍യം,
  "പുതിയ നെറ്റ് സൌകര്യങ്ങളുമായി 'ഡിഗ്സ്ബൈ'" എന്ന പോസ്റ്റ് പ്രസിദ്ധീകരിച്ച മനോജ് കുമാര്‍ എ.പി. തുടങ്ങിയ എല്ലാവര്കും പ്രത്യകിച്ചും ഇന്‍ഫോമാധ്യമത്തിനും ഞാന്‍ നന്ദി അറിയിച്ചു കൊള്ളുന്നു.

  ReplyDelete
 3. Please publish following questions on next news paper. questions? which company introduce the first notebook pc? which type of files are deleted to recycle bin is it .exe,.sys,.amr,or all such deleted files? where is start menu situated is it in task bar, desktop or in my computer?

  ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...