Monday, September 01, 2008

ഇന്‍ഫോമാധ്യമം (372) - 25/08/2008



'ഇന്‍ഫോമാധ്യമം' - ഐ.ടി @ സ്കൂള്‍
ഏകദിന ഐ.ടി. ശില്പശാല - മലപ്പുറം

'ഐടിയുടെ ദുരുപയോഗത്തിനെതിനെ ജാഗ്രത പാലിക്കണം'


മലപ്പുറംഃ വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ വിദ്യാഥികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ പറഞ്ഞു. 'ഇന്‍ഫോമാധ്യമവും' ഐ.ടി അറ്റ് സ്കൂളും ആര്‍.ഐ.ടി. കാഡ് സെന്ററുമായി സഹകരിച്ച് മലപ്പുറം ഗ്രേസ് ഓഡിറ്റോറിയത്തില്‍ നടത്തിയ ഏകദിന ഐ.ടി ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം. ഐ.ടി പാഠ്യപദ്ധതിയുടെ ഭാഗമായതാണ് വിദ്യാഭ്യാസ മേഖലയില്‍ അടുത്ത കാലത്തുണ്ടായ വിപ്ളവകരമായ മാറ്റം. ഇന്ന് വിവര സാങ്കേതിക വിദ്യയില്‍ ഏറ്റവും പുരോഗതി കൈവരിച്ച ജില്ലയായി മലപ്പുറം മാറി. സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അതിനുള്ള വിവിധ പരിപാടികള്‍ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

'ഇന്‍ഫോമാധ്യമം' എഡിറ്റര്‍ വി.കെ. അബ്ദു അധ്യക്ഷത വഹിച്ചു. ഐ.ടി. അറ്റ് സ്കൂള്‍ പ്രൊജക്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. മാധ്യമം മലപ്പുറം റസിഡണ്ട് മാനേജര്‍ മുഹമ്മദ് ശരീഫ് ചെറക്കല്‍, മലപ്പുറം നഗരസഭാ സെക്രട്ടരി പി.കെ. അനീസ്, ആര്‍.ഐ.ടി. കാഡ് സെന്റര്‍ ബിസിനസ് മാനേജര്‍ കെ.എ. റിയാസ് എന്നിവര്‍ സംസാരിച്ചു. ഐ.ടി. അറ്റ് സ്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ശങ്കരദാസ് സ്വാഗതവും മാധ്യമം മലപ്പുറം സര്‍ക്കുലേഷന്‍ മാനേജര്‍ എം. ഉസാമത്ത് നന്ദിയും പറഞ്ഞു.

'ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍' എന്ന വിഷയത്തില്‍ ഐ.ടി. അറ്റ് സ്കൂള്‍ മാസ്റ്റര്‍ ട്രെയ്നര്‍മാരായ കൃപാനന്ദ്്, കെ.പി. ശങ്കരദാസ്, കെ. ശബരീഷ് എന്നിവരും 'ഐ.ടി. മേഖലയിലെ പുതിയ പ്രവണതകള്‍ഃ ഒരു പഠനം' എന്ന വിഷയത്തില്‍ ഐ.ആര്‍.ടി. കാഡ് സെന്റര്‍ ടെക്നിക്കല്‍ കോ^ഓര്‍ഡിനേറ്റര്‍ അനൂപ് അരവിന്ദും 'ആനിമേഷന്‍ ഒരാമുഖം' എന്ന വിഷയത്തില്‍ ചിത്രകലാധ്യാപകന്‍ സി.പി. ഷാജിയും 'ഇന്റര്‍നെറ്റിന്റെ സാധ്യതകളും പരിമിതികളും' എന്ന വിഷയത്തില്‍ ഐ.ടി. അറ്റ് സ്കൂള്‍ ലീഡിംഗ് മാസ്റ്റര്‍ ട്രെയ്നര്‍ ആന്‍ഡ്രൂസ് മാത്യൂവും ക്ലാസെടുത്തു. മലപ്പും വിദ്യാഭ്യാസ ജില്ലയിലെ തിരഞ്ഞെടുത്ത പതിനഞ്ച് സ്കൂളിലെ വിദ്യാര്‍ഥികളും ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാരുമാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.
******

വിവര കൈമാറ്റത്തിന് മൈക്രോ ബ്ലോഗിംഗ്

ടി.കെ. ദീലീപ് കുമാര്‍, സേനാപതി
dileep.senapathy@gmail.com

ബ്ലോഗിംഗിന്റെ പുതിയ രൂപമാണ് മൈക്രോ ബ്ലോഗിംഗ്. പ്രത്യേകം സജ്ജമാക്കിയ വെബ്സൈറ്റുകളുടെ സഹായത്തോടെ പേഴ്സണല്‍ ബ്ലോഗിലേക്കോ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് മുഖേനയോ ചെറിയ സന്ദേശങ്ങള്‍ കൈമാറുന്ന രീതിയാണിത്. ബിസിനസ് മേഖലയിലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ വിവര കൈമാറ്റത്തിന് പുറമെ കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരസ്പരം ഏത് സമയത്തും ബന്ധപ്പെടാനും ഇതുപയോഗിക്കാം. സാധാരണഗതിയില്‍ 140 മുതല്‍ 200 വരെ അക്ഷരങ്ങളുള്ള തല്‍സമയ വിവര കൈമാറ്റമെന്നും ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ഇന്ത്യയില്‍ മൈക്രോ ബ്ലോഗിംഗ് സേവനം അവതരിപ്പിക്കപ്പെട്ടത് ആറ് മാസം മുമ്പാണ്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൈക്രോ ബ്ലോഗ് ഏത് സമയത്തും അപ്ഡേറ്റ് ചെയ്യാം. അപ്ഡേറ്റ് ചെയ്ത ഈ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും എവിടെയും എപ്പോഴും സ്വീകരിക്കാം. എസ്.എം.എസ് മുഖേന പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്യാം. മൈക്രോ ബ്ലോഗിംഗിന് ടെക്സ്റ്റ്, ഓഡിയോ, വീഡിയോ എന്നീ രൂപങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ചില സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഇപ്പോള്‍ ഈ സേവനം പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്, ബി.ബി.സി തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങളും മൈക്രോ ബ്ലോഗിംഗ് രംഗത്തേക്ക് കടന്നിരിക്കയാണ്. അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിത്തിന് വേണ്ടിയുള്ള മല്‍സരങ്ങളില്‍ ബറാക്ക് ഒബാമ മൈക്രോ ബ്ലോഗിംഗ് സംവിധാനത്തെ വന്‍തോതില്‍ ആശ്രയിച്ചിരുന്നു. Twitter, smsgupshup, vakow, yewoh, snockles, kwippy, MOBS, mytoday, funpiper തുടങ്ങിയവ ഇന്ത്യയിലെ പ്രധാന മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമുകളാണ്.
*****

വാഹനങ്ങളില്‍ മാജിക് മിറര്‍ ഫോണ്‍

ഹംസ അഞ്ചുമുക്കില്‍
hamza@britco.co.in


വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ക്ക് ഫോണെടുക്കാതെ തന്നെ മറുപടി നല്‍കാന്‍ സൌകര്യമൊരുക്കുന്ന ബ്ലൂടൂത്ത് സംവിധാനം വിപണിയിലുണ്ട്. എന്നാല്‍ കാറിനകത്തുള്ള ബേക്ക്വ്യൂ മിറര്‍ തന്നെ ഒരു ഫോണ്‍ എന്ന നിലക്ക് പ്രവര്‍ത്തിച്ചാല്‍ അത് കൂടതല്‍ സൌകര്യമാവില്ലേ. ഈ ഇനത്തിലെ ബ്ലൂടൂത്ത് കിറ്റുകളും രംഗത്തെത്തി. നിങ്ങളുടെ ഫോണുമായി ഇത് കണറ്റ് ചെയ്താല്‍ പിന്നീട് വരുന്ന കോളുകളുടെ നമ്പര്‍ കണ്ണടയില്‍ തെളിയുകയും ഇതില്‍ തന്നെയുള്ള സ്പീക്കര്‍ വഴി ഹാന്റ് ഫ്രീയായി സംസാരിക്കുകയും ചെയ്യാം. മൈക്കും സ്പീക്കറുമൊക്കെ കണ്ണാടിയില്‍ തന്നെയുണ്ട്. ഇങ്ങനെ സംസാരിക്കുന്നതിനിടയില്‍ ഒരു ടെലിഫോണ്‍ നമ്പറോ മറ്റോ നമുക്കൊന്ന് എഴുതിവെക്കണമെന്ന് കരുതുക. അതിനും മാജിക് കണ്ണാടിയില്‍ മാര്‍ഗമുണ്ട്. വാഹനം നിര്‍ത്തി നോട്ട് ബുക്കെടുത്ത് എഴുതുന്നതിന് പകരം നമ്പര്‍ ഉച്ചരിക്കുമ്പോള്‍ തന്നെ അത് റിക്കാര്‍ഡ് ചെയ്യപ്പെടുകയായി. സൌകര്യം പോലെ ഇത് പിന്നീട് കേള്‍ക്കുകയോ എഴുതി വെക്കുകയോ ചെയ്യാവുന്നതാണ്. ഇനി നിങ്ങളുടെ ഫോണിലെ എം.പി.3 രൂപത്തിലുള്ള പാട്ടുകള്‍ വലിയ ശബ്ദത്തില്‍ കേള്‍ക്കണമെങ്കിലും ഈ അത്ഭുത കണ്ണാടിയില്‍ സംവിധാനമുണ്ട്. വാഹനത്തിലെ യാത്രക്കാര്‍ക്കെല്ലാം ഒരു കാര്‍ സ്റ്റീരിയോ പോലെ ഇത് കേള്‍ക്കാം. വാഹനങ്ങളില്‍ ബ്ലൂടൂത്ത് വഴി ഉടമയെ തിരിച്ചറിയാന്‍ കഴിയുന്ന സാങ്കേതികവിദ്യയും ചില കാറുകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാഹന മോഷണം തടയാന്‍ ഇത് ഫലപ്രദമാണ്.
*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

വെബ്സൈറ്റുകളുടെ സ്ലൈഡ്ഷോ


കമ്പ്യൂട്ടറില്‍ സേവ്ചെയ്തതും അല്ലാത്തതുമായ സിനിമ കാണാനും പാട്ടു കേള്‍ക്കാനും വിന്‍ഡോസ് മീഡിയാ പ്ലേയര്‍, റിയല്‍ പ്ലേയര്‍, വിന്‍ആംപ് തുടങ്ങിയ പ്രോഗ്രാമുകള്‍ നാം ഉപയോഗിക്കാറുണ്ടല്ലോ. കാഴ്ചയില്‍ ഏതാണ്ട് ഈ പ്രോഗ്രാമുകള്‍ പോലുള്ള ഇന്റര്‍ഫെയിസോടും ബട്ടണുകളോടും കൂടിയ ഒരു സോഫ്റ്റ്വെയറാണ് പേജ് ക്യൂ. പക്ഷെ ഇവിടെയൊരു വ്യത്യാസമുണ്ട്. സിനിമക്കുപകരം വെബ്സൈറ്റുകള്‍ സ്ലൈഡ്ഷോ രൂപത്തില്‍ കാണാനും വേണ്ടിവന്നാല്‍ ഇ^മെയില്‍ വഴിയോ മറ്റോ ഷെയര്‍ ചെയ്യാനുമാണ് ഈ 'മീഡിയാ പ്ലേയര്‍' പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു വെബ്ബ്രൌസറും പ്ലേയര്‍ ടൂള്‍ബാറും കുടിച്ചേര്‍ന്ന ബാഹ്യഘടനയാണ് പേജ് ക്യൂവിന്റേതെന്നുപറയാം. ഇതുപയോഗിച്ച് നെറ്റില്‍ സര്‍ഫ് ചെയ്യുന്നതോടൊപ്പം പില്‍ക്കാലത്തെ ഉപയോഗത്തിനുവേണ്ടി സൈറ്റുകള്‍ Favorites Manager എന്ന ഫീച്ചറുപയോഗിച്ച് ഹാര്‍ഡ് ഡിസ്ക്കില്‍ സേവ്ചെയ്തു വെക്കാം. ഇപ്രകാരം സേവ് ചെയ്യുന്ന വെബ്പേജുകളുടെ ക്യൂ അഥവാ പ്ലേ ലിസ്റ്റ് വീഡിയോ പ്ലേയറിലെപോലെ ടൂള്‍ബാറിലെ റെക്കോര്‍ഡ്, പ്ലേ, പോസ്, സ്േറ്റോപ്പ്, റീവൈന്‍ഡ്, നെക്സ്റ്റ്്, പ്രീവിയസ് എന്നിങ്ങനെയുള്ള ബട്ടണുകളുപയോഗിച്ച് ആവശ്യാനുസൃതം നിയന്ത്രിക്കുകയും എഡിറ്റ് ചെയ്യുകയുമാവാം. പുറമെ നിലവിലുള്ള ഫാവറൈറ്റ് ഫോള്‍ഡറിലും ഹിസ്റ്ററി ഫോള്‍ഡറിലുമുള്ള വെബ്പേജുകള്‍ പേജ് ക്യൂവിലേയ്ക്ക് വളരെ എളുപ്പത്തില്‍ ഡ്രാഗ് ചെയ്തു കൂട്ടിച്ചേര്‍ക്കാനും സാധിക്കും. പ്ലേലിസ്റ്റ് ആല്‍ബങ്ങളിലെ ഇന്‍ഡക്സുപോലെ ഇത് പ്രവര്‍ത്തിക്കുന്നു. ഈ പ്രോഗ്രാമുപയോഗിച്ച് മറ്റാര്‍ക്കെങ്കിലും വെബ്ബിലൂടെ അയക്കപ്പെടുന്ന പേജുകള്‍ വായിക്കാന്‍ അവരുടെ കമ്പ്യൂട്ടറിലും ഇതേപ്രോഗ്രാം ആവശ്യമില്ലെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ പ്രത്യേകത. നെറ്റിലൂടെ ഗവേഷണ വിഭവങ്ങള്‍ ശേഖരിക്കുന്നവര്‍, വെബ് ഡിസൈനര്‍മാര്‍ തൂടങ്ങിയവര്‍ക്ക് തങ്ങളുടെ ഇഷ്ട പേജുകള്‍ വ്യവസ്ഥാപിതമായി വര്‍ഗ്ഗീകരിച്ച് ശേഖരിച്ചുവെക്കാനും പങ്കുവെക്കാനും ഉപയോഗിക്കാമെതിനുപുറമെ അധ്യാപകര്‍ക്കും ബിസിനസ്സുകാര്‍ക്കും പ്രസന്റേഷന്‍ സോഫ്റ്റ്വെയറായും പേജ്ക്യൂ ഉപയോഗിക്കാം. സോഫ്റ്റ് വെയറിന്റെ സൈജന്യ വേര്‍ഷന്‍ http://www.pageq.com/ വെബ്സൈറ്റിന്റെ http://www.pageq.com/downloads/download_homeV1R4.htm എന്ന ലിങ്കിലൂടെ നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാം.
*****

ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

ഗ്രാഫിക് ഡിസൈനിനൊരു ബ്ലോഗ്


ഡിജിറ്റല്‍ മാധ്യമത്തിലൂടെയുള്ള ഗ്രാഫിക് ഡിസൈനിംഗിന്റെ ബാല പാഠങ്ങള്‍, ഡിസൈനിംഗിന്റെ ചരിത്രം, തത്വങ്ങള്‍, ടിപ്സ് എന്നിങ്ങനെ ഗ്രാഫിക് ഡിസൈനുമായി ബന്ധപ്പെട്ട അറിവുകള്‍ തന്റെ ബ്ലോഗിലൂടെ പങ്കുവക്കുകയാണ് ടി.എം. സിയാദ്. എക്സക്ലൂസീവായി സ്വന്തം പേരില്‍ ഒരു ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് ഈ ബ്ലോഗര്‍ തന്റെ ആശയം പങ്കുവക്കുന്നത്. http://www.tmziyad.com/ എന്നാണ് ബ്ലോഗ് അഡ്രസ്സ്. ഗ്രാഫിക് ഡിസൈന്‍ എന്ന വിഷയത്തിന് പുറമെ ലേഖനം, കഥ^കവിത, അനുഭവം, നര്‍മ്മം, ടിപ്സ്^ട്രിക്, ചിന്ത, പടമിടം എന്നിങ്ങനെ വിവിധ തലക്കെട്ടുകളിലായി ഇവിടെ ബ്ലോഗ് പോസ്റ്റുകള്‍ നിരത്തിയിരിക്കുന്നു. ടിപ്സ്^ട്രിക് പേജിലെ ഫോട്ടോഷോപ്, ഫയര്‍ഫോക്സ് ബ്രൌസര്‍, അഡോബി ഇല്ലസ്ട്രേറ്റര്‍, സ്വര്‍ണ്ണ ലിപിയിലെങ്ങനെ എഴുതാം തുടങ്ങിയ പോസ്റ്റുകള്‍ ഏറെ ആകര്‍ഷകമായിരിക്കുന്നു. ലേഖനങ്ങള്‍ക്കെല്ലാം അകമ്പടിയായി ബന്ധപ്പെട്ട ആപ്ളിക്കേഷന്‍ ചെയ്യുന്നതിന്റെ സ്ക്രീന്‍ ഷോട്ട് ചിത്രങ്ങള്‍ ഉചിതമായ സ്ഥാനത്ത് നല്‍കിയത് പ്രായോഗിക പരിശീലനത്തിന് സഹായകമാകുന്നു. തന്റെ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ചിത്രങ്ങളാണ് പടമിടം എന്ന പേജില്‍ കൊടുത്തിരിക്കുന്നത്.
കുട്ടികള്‍ അക്ഷരം പഠിക്കുമ്പോള്‍ 'എ' ഫോര്‍ ആപ്പിള്‍ എന്നാണല്ലോ തുടങ്ങാറുള്ളത്. ഇവിടെ സിയാദും ഒരു ആപ്പിളിലാണ് ഡിജിറ്റല്‍ വരയുടെ ആദ്യപാഠം ആരംഭിക്കുന്നത്. 'ആപ്പിള്‍ വരക്കാം, ആപ്പിളേയ്...' എന്ന ഈ പോസ്റ്റ് കൌതുകമുണര്‍ത്തുന്നു. ബ്ലോഗിന്റെ ലാളിത്യ ഭംഗി മനസ്സിലാക്കാന്‍ ഈ ഒരൊറ്റ പോസ്റ്റ് മതി. ആപ്പിളിന്റെ ഘടന പെന്‍ ടൂളിന്റെ സഹായത്തോടെ വരക്കുന്നതെങ്ങനെ എന്ന വിവരണം തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ബ്ലോഗ് പോസ്റ്റുകളിലൊന്നാണ്. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുമായി സാധാരണക്കാര്‍ക്ക് ചങ്ങാത്തം കൂടാന്‍ ഇത്തരം ബ്ലോഗുകള്‍ ഉപകരിക്കും.
ഗ്രാഫിക് ഡിസൈന്‍ എന്ന പോജില്‍ ആമുഖവും നാല് അധ്യായങ്ങളും ഇതിനകം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ചിത്രം വരക്കുന്നവര്‍ക്കും ഡി.ടി.പി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സഹായകമായ രീതിയിലാണ് പോസ്റ്റുകള്‍ സംവിധാനിച്ചിരിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലെ പ്രസാധന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ ബ്ലോഗ് അങ്ങേയറ്റം പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല.
*****

ചരിത്രത്തിന്റെ താളുകളിലൂടെ

മനോജ് കുമാര്‍ എ.പി.
http://jalakapazhuthiloode.blogspot.com


ആധുനിക വിദ്യാഭ്യാസം വെറും സിലബസ്സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അറിയാനും കണ്ടെത്താനുമുള്ള കുട്ടികളുടെ ത്വരയെ അത് പരിപോഷിപ്പിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ കുട്ടികളെയും അധ്യാപകരെയും സഹായിക്കാന്‍ ധാരാളം വെബ്സൈറ്റുകള്‍ രംഗത്തുണ്ട്. ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പ്രയോജപ്പെടുത്താവുന്ന സൈറ്റുകളിലൊന്നാണ് http://www.civilwarhome.com/. അമേരിക്കന്‍ സിവില്‍ യുദ്ധത്തെക്കുറിച്ചുള്ള വിവരണമാണ് സൈറ്റിന്റെ ഉള്ളടക്കം. യുദ്ധത്തെക്കുറിച്ച് ആധുനിക ചരിത്രകാരന്‍മാരുടെ പഠനങ്ങളും യുദ്ധനായകന്‍മാരുടെ കുറിപ്പുകളും സൈറ്റിലുണ്ട്.
ലോകത്ത് സ്വാധീനം ചെലുത്തിയ ശാസ്ത്രജ്ഞനമാരുടെയും സാമ്പത്തിക വിദഗ്ധരുടെയും ജീവചരിത്രം ശേഖരിച്ചുവെച്ച ഒരു ലൈബ്രറിയാണ് www.blupete.com/index.htm. കുട്ടികളുടെ വായനയും പഠനവും സമ്പുഷ്ടമാക്കാന്‍ ഈ സൈറ്റ് പ്രയോജനപ്പെടും. ഹെറഡോട്ടസ് മുതല്‍ ആധുനിക ചരിത്രകാരന്‍മാരെ വരെ പരിചയപ്പെടുത്തുകയാണ് www.strangescience.com/bio എന്ന വെബ്സൈറ്റ്. ബഹിരാകാശ യാത്രികരുടെ ജീവചരിത്ര ശേഖരമാണ് www.Jsc.nasa.gov/Bios/cosmo.html എന്ന വെബ്സൈറ്റ് കാഴ്ചവെക്കുന്നത്. അമേരിക്കന്‍ ബഹിരാകാശ പര്യവേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന 'നാസ'യാണ് ഇതൊരുക്കിയിരിക്കുന്നത്.

===================================

5 comments:

  1. വിജ്ഞാനപ്രദമായ ബ്ലോഗുകള്‍ പരിജയപ്പെടുത്തുന്നതില്‍ നന്ദിയുണ്ട്,ആശംസകളോടെ..

    ReplyDelete
  2. ഇന്‍ഫോമാധ്യമത്തില്‍ എത്താന്‍ ഇത്തിരി വൈകി.
    വിജ്ഞാനത്തിന്റെ പുതിയ മേഖല തുറന്നു തന്നതിന് മാധ്യമത്തിന്നും അണിയറ ശില്‍പ്പികള്‍ക്കും അകമഴിഞ്ഞ ആശംസകള്‍. ഖത്തറില്‍ നിന്നും-cmshakeer@gmail.com

    ReplyDelete
  3. ഈ ലക്കം പ്രബോധനത്തില്‍ താങ്കളുടെ ലേഖനം വായിച്ചു. ബ്ലോഗിനെക്കുറിച്ച് പ്രബോധനം വായനക്കാര്‍ക്കും വിക്ഞാനപ്രദമാക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  4. ഞാന്‍ ഒരു മൈല്‍ ഇന്‍ഫോ മാധ്യമത്തിന്റെ email id ലേക്ക് അയച്ചിരുന്നു ..മറുപടി ഒന്നും കണ്ടില്ല.എന്റെ മൈല്‍ shabeeribm@gmail.com

    ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...