Monday, July 28, 2008

ഇന്‍ഫോമാധ്യമം (368) - 21/07/2008

ബ്ലോഗ് സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍


മനോജ് കുമാര്‍ എ.പി.
manojap.nair@gmail.com


തങ്ങളുടെ ബ്ലോഗിന് കൂടുതല്‍ സന്ദര്‍ശകരുണ്ടാവണമെന്ന് എല്ലാ ബ്ലോഗര്‍മാരും ആഗ്രഹിക്കുന്നു. ബ്ലോഗിന്റെ വിജയം തന്നെ സന്ദര്‍ശകരുടെ ആധിക്യമനുസരിച്ചാണ്. കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന ബ്ലോഗ് പെട്ടെന്ന് ജനപ്രിയ ബ്ലോഗായി മാറുന്നു. ഈ രീതിയില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബ്ലോഗര്‍മാരെ സഹായിക്കുന്ന വെബ്സൈറ്റാണ് http://blogexplosion.com. സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം നമ്മുടെ ബ്ലോഗുകള്‍ ചേര്‍ത്ത് അവയുടെ ട്രാഫിക് കൂക്കിക്കൊടുക്കാം. സൈറ്റ് ഒരു സൌജന്യ ബ്ലോഗ് കൌണ്ടറും നല്‍കുന്നു. മറ്റുള്ളവരുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കുക വഴി കൂടുതല്‍ ട്രാഫിക് പോയിന്റുകള്‍ നേടാനും ഈ സൈറ്റ് സൌകര്യമൊരുക്കുന്നു.

ബ്ലോഗ് സൈറ്റുകളുടെ മാത്രമല്ല വെബ്സൈറ്റുകളുടെയും ട്രാഫിക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു വെബ്സൈറ്റാണ് http://squidoo.com. 'ലെന്‍സ്' എന്ന പേരില്‍ പുതിയൊരു സങ്കേതം തന്നെ സൈറ്റ് അവതരിപ്പിക്കുന്നുണ്ട്. 'ലെന്‍സ്' സൈറ്റില്‍ പോസ്റ്റ് ചെയ്യുന്ന വിഷയത്തെ സൂചിപ്പിക്കുന്നു. പോസ്റ്റില്‍ ഇതര സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍, ഫ്ലിക്കറില്‍ നിന്നുള്ള ചിത്രങ്ങള്‍, യൂട്യൂബ് വീഡിയോകള്‍, ആര്‍.എസ്.എസ്. ഫീഡുകള്‍ എന്നിവയും ചേര്‍ക്കാനാവും. ഈ ഇനത്തിലെത്തന്നെ സേവനങ്ങള്‍ നല്‍കുന്ന മറ്റൊരു വെബ്സൈറ്റാണ് http://yousaytoo.com. സന്ദര്‍ശകരുടെ എണ്ണം കൂട്ടാന്‍ ഈ സൈറ്റും ബ്ലോഗര്‍മാരെ സഹായിക്കുന്നു.
*****

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

സവിശേഷമായൊരു ടൂര്‍ബാര്‍

നിങ്ങളുടെ കമ്പ്യൂട്ടറില്‍തന്നെയുള്ള ഏതെങ്കിലും പ്രോഗ്രമുകളോ വെബ്സൈറ്റുകളിലൂടെ ലഭിക്കുന്ന പ്രത്യേക സേവനങ്ങളോ നേരിട്ടു തുറന്നു പ്രവര്‍ത്തനക്ഷമമാക്കാന്‍ സഹായകമാകത്തക്ക വിധം സ്ക്രീനില്‍ അടുക്കി വെച്ചിട്ടുള്ള ഐക്കണുകളുടെ നിരയാണ് ടൂള്‍ ബാറുകള്‍. ഉദാഹരണത്തിന് മിക്ക ബ്രൌസറുകളോടൊപ്പവും കാണുന്ന 'ഗൂഗിള്‍ ടൂള്‍ ബാറി'ന്റെ' പ്രവര്‍ത്തനം നോക്കൂ. അതില്‍കാണുന്ന കൊച്ചു ബോക്സില്‍ കീവേഡുകള്‍ കൊടുത്ത് എന്റര്‍ ചെയ്താല്‍ ഗൂഗിള്‍ സൈറ്റില്‍ കയറാതെത്തന്നെ സെര്‍ച്ച് റിസള്‍ട്ട് നമുക്കുമുന്നില്‍ തെളിഞ്ഞുവരുന്നു. എത്രയോ സമയലാഭമുണ്ടാക്കുന്ന ഇത്തരം ടൂള്‍ ബാറുകളിലധികവും ഗൂഗിള്‍ ബാറിലെപോലെത്തന്നെ ഒന്നിലധികം സേവനങ്ങള്‍ ഒരേസമയം നല്‍കാറില്ല. എന്നാല്‍ വെറും ഒന്നോ രണ്ടോ ക്ലിക്കുകളിലൂടെ അന്‍പതിലധികം സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കാന്‍ സഹായിക്കുന്ന അത്ഭുതകരമായ പ്രവര്‍ത്തനക്ഷമതയുള്ള ഒരു ടൂള്‍ ബാറാണ് 'എ^ടൂള്‍ബാര്‍ 3.01'. നിരവധി സെര്‍ച്ച് എഞ്ചിനുകളില്‍ ഒരേസമയം സെര്‍ച്ച് ചെയ്യാവുന്ന മെറ്റാസെര്‍ച്ച്, നിങ്ങളുടെ കമ്പ്യൂട്ടറില്‍തന്നെയുെള്ള ഫയലുകള്‍ തിരഞ്ഞുപിടിക്കാന്‍ ഡസ്ക്ടോപ്പ് സെര്‍ച്ച്, സ്പാം റിമൂവര്‍, ന്യൂസ് റീഡര്‍, വ്യത്യസ്ത് ഭാഷകള്‍ വിവര്‍ത്തനം ചെയ്യാനുള്ള സംവിധാനം, നിഘണ്ടു, വേള്‍ഡ് ക്ലോക്ക്, റിമൈന്റര്‍, കറന്‍സി കണ്‍വര്‍ട്ടര്‍, എസ്.എം.എസ്, പാസ്വേര്‍ഡ് മാനേജര്‍, കാലാവസ്ഥാ പ്രവചനം, സിസ്റ്റം ഇന്‍ഫോര്‍മേഷന്‍, പോപ്അപ് കില്ലര്‍, വാരഫലം, ബയോറിഥം, ഗെയിമുകള്‍, റാന്‍ഡം ഫോട്ടോ തുടങ്ങിയ സൌകര്യങ്ങള്‍ ഇത് നേരിട്ട് ലഭ്യമാക്കുന്ന സേവനങ്ങളില്‍ ചിലതു മാത്രം. കൂടാതെ നിരവധി നെറ്റ്വര്‍ക്ക് ടൂളുകളും യു.ആര്‍.എല്‍ ടൂളുകളും ഇതിലുണ്ട്. വിലയേറിയ സമയം ലാഭിക്കുതോടൊപ്പം കമ്പ്യൂട്ടറിന്റെ ഉപയോഗം വളരെ എളുപ്പത്തലാക്കാനും ഈ സൌജന്യ ടൂള്‍ബാര്‍ http://tinyurl.com/6kwmdl എന്ന ലിങ്കില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.
*****

ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

'കണ്ണൂരാന്റെ' കുത്തിക്കുറിക്കലും ചിത്രങ്ങളും


ബ്ലോഗ് വായനയും ബ്ലോഗെഴുത്തും ഹോബി... ഒപ്പം ബ്ലോഗ് ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിലകൊള്ളുകയും ചെയ്യുന്ന കണ്ണൂരാന്റെ ബ്ലോഗ് പേജുകള്‍ വിഷയ വിപുലതയും ആഖ്യാന ശൈലിയും കൊണ്ട് വേറിട്ടുനില്‍ക്കുന്നു. കേരള ബ്ലോഗ് അക്കാദമിയുടെ സജീവ പ്രവര്‍ത്തകനും ബ്ലോഗ് മാസ്റ്ററുമാണ് ഇദ്ദേഹം. 'കണ്ണൂരാന്റെ കുത്തിക്കുറിക്കലും ചിത്രങ്ങളും' എന്നാണ് ബ്ലോഗിന്റെ നയപ്രഖ്യാപനം. 'നിളയെ പരിചയപ്പെടാം' എന്ന പോസ്റ്റില്‍ കേരള സര്‍ക്കാന്‍ മുന്‍കൈയെടുത്ത് പുറത്തിറക്കിയ മലയാളം സോഫ്റ്റ്വെയറായ 'നിള'യെ പരിചയപ്പെടുത്തുന്നു. കേരള ബ്ലോഗ് അക്കാദമി വിവിധ ജില്ലകളില്‍ നടത്തിയ ബ്ലോഗ് ശില്പശാലകളുടെ അവലോകനവും എടുത്തു പറയേണ്ട കുറിപ്പുകളാണ്. www.kannuran.blogspot.com എന്നാണ് ബ്ലോഗ് വിലാസം. കണ്ണൂരാനെ ഒരു ബ്ലോഗര്‍ എന്നതിലുപരി ബ്ലോഗ് ആക്ടിവിസ്റ്റ് എന്ന് പരിചയപ്പെടുത്തുന്നതായിരിക്കും ഉചിതം. മലയാളം ബ്ലോഗര്‍മാരുടെ എഴുത്തുകള്‍ അടിച്ചുമാറ്റി പ്രസിദ്ധീകരിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്നവരോട് ഒപ്പം ചേരുന്നതില്‍ കണ്ണൂരാന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ബ്ലോഗുമായി ബന്ധപ്പെട്ട അനുഭവങ്ങളും അഭിപ്രായങ്ങളും ഇദ്ദേഹം 'കണ്ണൂരാന്‍' ശൈലിയില്‍ പങ്കുവെക്കുന്നുണ്ട്.

കണ്ണൂര്‍കോട്ട - കടമ്മനിട്ട കവിതക്കൊരു ചിത്രഭാഷ്യം എന്ന പേജില്‍ പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണന് സമര്‍പ്പിച്ചിരിക്കുന്ന പോസ്റ്റ് വായിക്കാം. കടമ്മനിട്ടയുടെ കണ്ണൂര്‍ കോട്ടയില്‍ നിന്നുള്ള വരികള്‍ക്കൊപ്പം ഭംഗിയുള്ള ചിത്രങ്ങളും വായന ആനന്ദപ്രദമാക്കുന്നു. ഫോട്ടോ ബ്ലോഗ് പേജുകള്‍ കണ്ണൂരാന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. തെയ്യം അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങിന്റെ കാത്തിരിപ്പ് ദൃശ്യങ്ങള്‍ ആരെയും ആകര്‍കര്‍ഷിക്കാതിരിക്കില്ല. പെരളശേãരി അമ്പലം, നെല്ലിയാമ്പതിയിലേക്കൊരു യാത്ര, ദല്‍ഹിയിലെ പഴയ കൂട്ടുകാരുമൊത്തുള്ള യാത്ര തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നു. ബ്ലോഗില്‍ നിന്ന് അച്ചടി രൂപത്തിലേക്കിറങ്ങിവന്ന ആദ്യ പുസ്തകമായ സജീവ് എടത്താടന്‍ എന്ന 'വിശാല മനസ്ക്കന്റെ' കൊടകര പുരാണം വില്പന റിക്കാര്‍ഡ് ഭേദിക്കുന്നതില്‍ ആഹ്ളാദിക്കുന്ന കണ്ണൂരാനെയും മറ്റൊരു ബ്ലോഗ് പോസ്റ്റില്‍ വായിക്കാം.
*****

വീട്ടിലെ കമ്പ്യൂട്ടര്‍ മൊബൈല്‍ ഫോണിലൂടെ

ടി.കെ. ദിലീപ് കുമാര്‍ സേനാപതി
dileep.senapathy@gamil.com


നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ജി.പി.ആര്‍.എസ് കണക്ഷനുണ്ടെങ്കില്‍ ഇനി അതൊരു പേഴ്സണല്‍ കമ്പ്യൂട്ടറാക്കി മാറ്റാം. ഇതിനുള്ള സൌകര്യമാണ് 'മോബിഫ്ലക്സി' (www.mobiflexi.com) വാഗ്ദാനം ചെയ്യുന്നത്. നിങ്ങള്‍ക്ക് അവിചാരിതമായി ഒരു മീറ്റിംഗില്‍ പങ്കെടുക്കണമെന്നിരിക്കട്ടെ, പവര്‍പോയിന്റ് പ്രസന്റേഷന്‍ വീട്ടിലെ കമ്പ്യൂട്ടറിലാണ് താനും. ഇവിടെ മോബിഫ്ലക്സി നിങ്ങളുടെ സഹായത്തിനെത്തുന്നു. നിങ്ങള്‍ എവിടെയാണെങ്കിലും വീട്ടിലെ കമ്പ്യൂട്ടറിലെ ഏത് ഫയലും നിങ്ങളുടെ മൊബൈല്‍ ഫോണിലെത്തിക്കാന്‍ ഇത് സൌകര്യമൊരുക്കുന്നു. ഈ സേവനം ലഭ്യമാക്കാന്‍ മോബിഫ്ലക്സി സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ ഉണ്ടാക്കണം. ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ പിന്നീട് ആവശ്യമുള്ളപ്പേഴെല്ലാം കമ്പ്യൂട്ടറിന്റെ ഡെസ്ക്ക്ടോപ് നിങ്ങളുടെ ഹാന്‍ഡ്സെറ്റില്‍ തെളിഞ്ഞുവരികയായി. വളരെ ലളിതമായി രീതിയില്‍ ഇതുപയോഗിക്കാം. സുഹൃത്തിന് ഒരു എക്സെല്‍ ഷീറ്റ് അയക്കണമെങ്കിലും ഈ സൌകര്യം പ്രയോജനപ്പെടുത്താം. ഫയലിന്റെ URL സഹിതം ഒരു എസ്.എം.എസ് സന്ദേശമയച്ചാല്‍ മതി. ശബ്ദം, ചിത്രം, വീഡിയോ എന്നിവയൊക്കെ മൊബൈലില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും ഇതു സഹായിക്കും. ഫോണില്‍ മെമ്മറി കുറവാണെങ്കില്‍ പോലും കമ്പ്യൂട്ടറില്‍ സൂക്ഷിച്ച സംഗീതവും മറ്റും മൊബൈല്‍ ഫോണിലൂടെ കേള്‍ക്കാം. പ്രിന്റിംഗ് ആവശ്യമുള്ള ഡോക്യുമെന്റുകളും ഇതുപോലെ കമ്പ്യൂട്ടറിലേക്കയക്കാവുന്നതാണ്. മൂന്നാം തലമുറ മൊബൈല്‍ ഫോണിന്റെ ഉപയോഗം വ്യാപകമാകുന്നതോടെ ഇന്ത്യയിലും ഈ സൌകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകും. മിക്ക നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാരും മോബിഫ്ലക്സി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്.
*****

ഇന്‍ഫോമാധ്യമം ബ്ലോഗ് സജീവമാകുന്നു

ഇന്‍ഫോമാധ്യമത്തിന്റെ ബ്ലോഗ് സന്ദര്‍ശിച്ച് വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായശങ്ങളും രേഖപ്പെടുത്തിയ രിയാസ് (digital-quest.blogspot.com), ആച്ചി (ashrafinal.blogspot.com), വല്ല്യമ്മായി (rehnaliyu.blogspot.com), ഫൈസല്‍ (pscquestion.blogspot.com), റഫീഖ് ബാബു (ormmacheppu.blogspot.com), യാസര്‍ കെ (yasark.wordpress.com), അത്ക്കന്‍ (mazhachellam.blogspot.com), ശെഫി (mazhathullikilukam.blogspot.com), ബഷീര്‍ കെ.എച്ച് (basheerkh.blogspot.com), റാഫേല്‍ (ashuspeak.blogspot.com) എന്നീ ബ്ലോഗര്‍മാര്‍ക്കെല്ലാം ഇത്തവണ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്. ബ്ലോഗ് കൂടുതല്‍ സജീവമാകുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. ദിനംപ്രതി നൂറുക്കണക്കിന് സന്ദര്‍ശകരാണ് ഇപ്പോള്‍ ബ്ലോഗിലെത്തുന്നത്. പോസ്റ്റ് ചെയ്യുന്ന കമന്റുകളും വര്‍ദ്ധിച്ചുവരികയാണ്. സന്ദര്‍ശകര്‍ക്കെല്ലാവര്‍ക്കും നന്ദി.
ബ്ലോഗ്ഃ infomadhyamam.blogspot.com
ഇ-മെയില്‍ഃ infonews@madhyamam.com
*****

മാധ്യമം - ഒറീഗാ
ഡിജിറ്റല്‍ മീഡിയ കരിയര്‍ ക്യാമ്പ്


തൊഴിലില്ലായ്മ ഗുരുതര പ്രശ്നമായിരിക്കെ തന്നെ തൊഴിലവസരങ്ങള്‍ ധാരാളം നിലനില്‍ക്കുന്നു എന്നതാണ് നമ്മുടെ നമ്മുടെ നാടിന്റെ വിചിത്രമായ അവസ്ഥയെന്ന് കോഴിക്കോട് ഐ.ഐ.എമ്മിലെ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. ആവശ്യമുള്ള മേഖലയിലല്ല നമ്മുടെ വിദഗ്ധ തൊഴിലാളികള്‍ ഉള്ളത് എന്നതാണ് ഇതിനു കാരണം. തൊഴിലുണ്ട്, വിദഗ്ധരുണ്ട്, എന്നാല്‍ പറ്റിയേടത്ത് പറ്റിയവരില്ല. ഇതാണ് നമ്മുടെ അവസ്ഥ - അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മാധ്യമം ദിനപത്രവും ഒറീഗ കോളജ് ഓഫ് മീഡിയ സ്റ്റഡീസും സഹകരിച്ചു നടത്തുന്ന ദ്വിദിന ഡിജിറ്റല്‍ മീഡിയ കരിയര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പാരമൌണ്ട് ടവറില്‍ സംസാരിക്കുകയായിരുന്നു ഡോ. സജി ഗോപിനാഥ്. ഐ.ടി. പഠനത്തിന് ബാംഗ്്ളൂരിലേക്കും മുംബെയിലേക്കും പോകേണ്ട അവസ്ഥയിലാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍. ബുദ്ധിയും ഭാവനയും സര്‍ഗാത്മകതയും കൂടുതലുള്ള നമ്മുടെ കുട്ടികളെ ഇവിടെതന്നെ പിടിച്ചു നിര്‍ത്താന്‍ ഐ.ടി. സംരംഭങ്ങള്‍ വികസിപ്പിക്കണമെന്ന് ബന്ധപ്പെട്ടവരോട് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ മാധ്യമാം റസിഡണ്ട് മാനേജര്‍ ഇന്‍ ചാര്‍ജ്ജ് മുഹമ്മദ് ശരീഫ് ചിറക്കല്‍ സ്വാഗതം പറഞ്ഞു. അസി. എഡിറ്റര്‍ ടി.പി. ചെറൂപ്പ അധ്യക്ഷത വഹിച്ചു. ഒറീഗ മാനേജര്‍ നജീബ് കുറ്റിപ്പുറം, മാധ്യമം സര്‍ക്കുലേഷന്‍ മാനേജര്‍ ഇന്‍ ചാര്‍ജ്ജ് കെ.വി. മൊയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. ഒറീഗ സെന്റര്‍ തലവന്‍ പ്രകാശ് ബാബു നന്ദി പറഞ്ഞു.

====================

4 comments:

 1. New Issue of Info Madhyamam

  ReplyDelete
 2. Anonymous1:15 AM

  Check out http://mobilerobo.blogspot for latest mobile phone related news.

  ReplyDelete
 3. poor me11:53 AM

  Dear IM
  Glad to glance your blog.As usual a first time attempt By anews paper only to be followed by fellow news papers.pl write more items for beginners like me.i have just fathered a blog www.manjaly-halwa.blogspot.com please taste it make your valuable comments and register your sgns
  Regards Poor-Me

  ReplyDelete
 4. ഇന്ഫോ മാധ്യമം ബ്ളോഗ് നന്നാകുന്നുണ്ട്. വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ബ്ളാഗില്‍ കൊടുത്തിരിക്കുന്നതെല്ലാം. ഒരു പുതിയ ബ്ളോഗറെ സംബന്ധിച്ചിടത്തോളം ഇതു വളരെ ഉപകാരപ്രദമാണ്.
  എനിക്ക് ഒരു കാര്യം അറിയണമെന്നണ്ടായിരുന്നു. പുതിയ മലയാളം ബ്ളോഗുകളെക്കുറിച്ച് എവിടെ നിന്നുംഅറിയാന്‍ പറ്റും. പുതിയതായി ഉണ്ടാക്കുന്ന മലയാളം ബ്ളോഗുകളുടെ ലിസ്റ്റ് എവിടെ നിന്നും കിട്ടും എന്ന് എന്റെ ബ്ളോഗില്‍ ഒരു കമന്‍‍‍റായിട്ടു പോസ്റ്റ് ചെയ്യാമോ... പോസ്റ്റ് ചെയ്യും എനനു കരുതുന്നു..... കുട്ടപ്പായി... ഇന്‍‍ഫോ മാധ്യമത്തില്‍ തന്നെ പുതിയതും പഴയതുമായ എല്ലാ ബ്ളോഗുകളെയുംകുറിച്ച് അക്ഷരമാല ക്രമത്തില്‍ ഒരു ലിങ്ക് കൊടുത്താല്‍ അത് വളരെ ഉപകാരപ്രദമായിരിക്കും.

  ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...